പി.എ. നാസിമുദ്ദീൻ

എതിരവധൂതൻ

രാഷ്ടീയ മതവും മത രാഷ്ടീയവും ആത്മാനുഭൂതിയായ മതവിശ്വാസങ്ങളെ എങ്ങനെ അന്യവൽക്കരിക്കുന്നു എന്ന് നാം കവിതയിൽ കാണുന്നുണ്ട്. ഇവിടെയുമുണ്ട് കലയുടെയും സാഹിത്യത്തിന്റെയും ആത്മീയ അനുഭവത്തെ സാമൂഹികമായ സാഹോദര്യത്തിന്റെ സ്വരതാളമാക്കി മാറ്റുന്ന കവിവിദ്യ- പി.എ. നാസിമുദ്ദീന്റെ കവിതകളുടെ വായന

കാവ്യേതരമെന്നോ കാവ്യബാഹ്യമെന്നോ സമകാലിക കവിത കരുതിപ്പോരുന്ന അനുഭവപരമായ വിഷയ ലോകങ്ങളാണ് മതേതരത്വം, ജനാധിപത്യം, സമത്വം, സാഹോദര്യം, വർഗീയത, ഫാസിസം, സാമ്രാജ്യത്വം തുടങ്ങിയവ. അത്രയൊന്നും പഴയതല്ലാത്ത ഒരു ചരിത്രകാലത്ത് കവിതയുടെ ഊർജമായി പ്രവഹിച്ചുപോന്ന ആനുഭവിക ലോകമായിരുന്നു അതെന്ന് നാം പെട്ടെന്ന് മറന്നു കൂടാത്തതാണ്. കവിത ഏതെങ്കിലും സാമൂഹികാവശ്യങ്ങൾക്കുവേണ്ടിയുള്ള പ്രചാരണ ഉപാധിയാണ് എന്ന സങ്കൽപം നിലനിന്ന കാലമേ ആയിരുന്നില്ല അതെന്നുകൂടി നാമോർക്കണം. അക്കാലം കവികളുടെ ധ്യാനാത്മകവും അബോധാത്മകവുമായ ഒരു അനുഭൂതിവൃത്തി തന്നെയായിട്ടാണ് സർഗാത്മക കവിതകളെ കരുതിപ്പോന്നിരുന്നത്. അനന്യമായ അനുഭൂതിയുടെ ആവിഷ്‌ക്കാരം തന്നെയായിരുന്നു അവയും. ആ അനന്യതയും ആത്മചോദനയും ഏതോ ഒരു മഹാ അപരലോകവുമായി ഉൾച്ചേർന്ന് ഉണർന്നു പ്രവർത്തിച്ചു. അർത്ഥമറിയാത്ത കവിതകൾ പോലും അന്ന് ഉൾപുളകത്തോടെ ആളുകൾ നെഞ്ചേറ്റി.
കല കലയ്ക്കുവേണ്ടിയാണെന്ന ഓസ്‌കാർ വൈൽഡിന്റെ നിലപാടിനെ കേരളം കവിത കൊണ്ടു തന്നെയാണ് അക്കാലത്ത് എതിരിട്ടു പോന്നത്. ജീവിതത്തിൽനിന്നും ജീവിതത്തിനു വേണ്ടിയുണ്ടാകുന്നതാണ് കല എന്ന ഗാന്ധിജിയുടെ കലാസിദ്ധാന്തത്തെ കവിതയിൽ അവർ ഉയർത്തിപ്പിടിച്ചു. അത് കലാത്മകമായ ഒരപരാധമായിരുന്നില്ല.

കലയുടെയും സാഹിത്യത്തിന്റെയും ആത്മീയ അനുഭവത്തെ സാമൂഹികമായ സാഹോദര്യത്തിന്റെ സ്വരതാളമാക്കി മാറ്റുന്ന കവിവിദ്യയാണ്​ പി.എ. നാസിമുദ്ദീനിൽ കാണുന്നത്​

സ്‌പെയിനിൽ ഫ്രാങ്കോവിന്റെ ഫാസിസ്റ്റ് മുന്നേറ്റം ചെറുക്കാൻ സ്റ്റീഫൻ സ്‌പെന്റർ, ഓഡൻ തുടങ്ങിയ കവികൾ പടക്കളത്തിലേയ്ക്ക് പോയതിനെ അനുസ്മരിപ്പിച്ച് ഈ വിധം പുരോഗമന സാഹിത്യകാരൻമാരുടെ ധർമങ്ങളെ എ. ബാലകൃഷ്ണപ്പിള്ള സിദ്ധാന്തീകരിക്കുന്നുണ്ട്. മറ്റുള്ളവരെപ്പോലെ ടാഗോറൂം നൂൽനൂൽക്കണമെന്ന് ഗാന്ധിജി പറഞ്ഞതും എഴുത്തും അപരലോകവും തമ്മിൽ ഉൾച്ചേർന്നു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ്. ഒറ്റയൊറ്റ ആകുലികളിൽ അമർന്നിന്നിരുന്ന ആത്മാനുഭൂതി അപരത്വവുമായി ഏകീ ഭാവത്തിലാവുകയും ഏകജീവിതാനശ്വര ഗാനമായ ഒരു മഹാപ്രവാഹത്തിൽ അന്ന് വിലയിക്കുകയും ചെയ്തു.

ഹാ! പുഷ്പമേ എന്നു പാടിയ അതേ ഭാവനയ്ക്ക് ‘ഉണരിനുണരിനുള്ളിലാത്മ ശക്തി / പ്രണയമെഴും സഹജാതരേ ത്വരിപ്പിൻ / രണപടഹ മടിച്ചു ജാതി രക്ഷ- / സ്സണവൊരിടങ്ങളിലൊക്കെയെത്തി നേർപ്പിൻ ' എന്ന് ആഹ്വാനം ചെയ്യാൻ മടി തോന്നിയില്ല. അത് ആശാന്റെ കവിത്വത്തെ ഇകഴ്​ത്തിയുമില്ല. ‘ബന്ധുരക്കാഞ്ചനക്കൂട്ടിലാണെങ്കിലും / ബന്ധനം ബന്ധനം തന്നെ പാരിൽ ' എന്ന് വള്ളത്തോൾ പാടിയപ്പോൾ അത് വെറുമൊരു കിളിക്കൊഞ്ചലാകാതെ, ബ്രിട്ടീഷ് ആധിപത്യത്തിന്റെ നെടുവീർപ്പുകളിൽ അലിഞ്ഞു ചേർന്ന ഒന്നായി പരിണമിക്കുകയും ചെയ്തു. കവിയുടെ ധ്യാനാത്മകത ദേശീയസ്വാതന്ത്ര്യത്തിന്റെ സമരാവേശത്തിൽ വിലയിച്ചു.

എന്നാൽ പുതിയ കവിക്ക് ദേശീയമായ അഭിലാഷങ്ങളോ, വ്യാമുഗ്ധമായ സാമൂഹിക സ്വപ്നങ്ങളോയില്ല. അപരത്തിൽ നിന്നന്യമായ അനന്യതയിൽ ആമഗ്‌നമായി നിൽക്കുന്നതിലാണ് അവർക്ക് ആഹ്ലാദം. ഇവിടെയാണ് നാസിമുദ്ദീനെ പോലുള്ള കവികളെ നാം വേർതിരിച്ചു മനസ്സിലാക്കേണ്ടത്.
ഭ്രമാത്മകമായ അനുഭൂതിയുടെ കവിയാണ് പി.എ. നാസിമുദ്ദീൻ.

 പി.എ. നാസിമുദ്ദീൻ
പി.എ. നാസിമുദ്ദീൻ

‘നാടകത്തിന്റെ / പിൻഭാഗത്ത് / നടൻമാരെ കാത്തിരിക്കുന്ന/ കൂറ്റൻ കുപ്പായങ്ങൾ പോലെ / ശൂന്യത / ചൂഴ്ന്ന് നിൽക്കു' (ആത്മഹത്യ ചെയ്തവന്റെ ഫെയ്‌സ്ബുക്ക് പേജ്, മാധ്യമം വാർഷികപ്പതിപ്പ്- 2020) ന്നത് അയാൾ അറിയുന്നുണ്ട്. ഇത് സാധാരണമായ ഒരറിവോ അനുഭവലോകമോ അനുഭൂതിയോ അല്ല; ഒരു ജ്ഞാനമാണ്. ‘ഞാൻ ആദിയിലേയുണ്ട് / മനുഷ്യൻ പിറവിയെടുക്കും മുമ്പ് /കളിമണ്ണിലും കടലിലും / അവനെ കാത്തു കിടന്നു' (ശ്രീമാൻ ഭയവും ഞാനും, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്- 2020 മാർച്ച് 12) എന്ന വിധമുള്ള ഒരു ജ്ഞാനോദയം.

പക്ഷേ ആ ജ്ഞാനത്തിലുമുണ്ട് ഒരു വിജ്ഞാനം. ലോകത്തിന്റെ സംഘർഷങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ഹ്രസ്വമായ ജീവിതകാലം ഭയപ്പാടൊന്നുമില്ലാതെ ജീവിച്ചു തീർക്കുകയല്ല അതിന്റെ ലക്ഷ്യം. ഹിംസ ഒഴിവാക്കി മറ്റുള്ളവർ നമ്മോടു തിന്മ പ്രവർത്തിക്കുമ്പോഴും നന്മ മാത്രം പകരുന്ന ബുദ്ധജ്ഞാനവുമല്ലിത്. ഇത് ബോധത്തിൽ നിന്നുണ്ടാകുന്ന ജ്ഞാനമാണ്. ഒരിരുണ്ട കാലത്തിലാണ് ഞാൻ ജീവിക്കുന്നതെന്ന ബോധോദയം.

അതുകൊണ്ടു തന്നെ സാമൂഹികമായ നഷ്ടങ്ങളെക്കുറിച്ചുള്ള പിടച്ചിലുകളും വേപഥുക്കളും കൊണ്ട് നിറയുന്നുണ്ട് അയാൾക്ക് കവിതകൾ. ഏതോ ഒരു ഇല്ലായ്മയ്‌ക്കെതിരെയുള്ള പോർമുഖം അയാൾ കവിതയിൽ തുറക്കുന്നു. നമുക്കു നഷ്ടപ്പെട്ടുപോയ ആത്മീയാനുഭൂതിയിൽ ആമഗ്‌നനായിരിക്കുമ്പോൾ ഈ ലോകം എത്ര കുഴഞ്ഞുമറിഞ്ഞതാണെന്ന് അയാൾ അനുഭവിക്കുന്നുണ്ട്. ഒരെതിര വധൂതനായി കവിതയിൽ അയാൾ കത്തി നിൽക്കുന്നു.

അലക്കുകാർ ഒരു രൂപകമാണ്. അഴുക്കിനെ അലക്കി വെളുപ്പിക്കുന്നവർ. അവർ പ്രവാചകരാകാം തൊഴിലാളികളാകാം. ഇവിടെ പ്രവാചകർ തൊഴിലാളികളായിത്തീരുന്നു. അല്ലെങ്കിൽ തൊഴിലാളികൾ പ്രവാചകരായി മാറുന്നു.

മതാത്മകത അയാൾക്ക് ആചാരപരമല്ല, ആഴമേറിയ മനുഷ്യജ്ഞാനവും അനുകമ്പയുമാണത്. അതുകൊണ്ടുതന്നെ മതേതരത്വവും വ്യവസ്ഥാപിതമായ ആചാരാനുശീലനങ്ങൾക്കപ്പുറത്ത് മനുഷ്യർ ഒന്നായിത്തീരുന്നതിന്റെ സംഗീതാത്മകതയാണ് അയാൾക്ക് ജീവിതം. അനുഭൂതിയുടെ ആദ്യാനുരണനം സംഗീതമായതുകൊണ്ടാവാം മനുഷ്യർക്കിടയിലുണ്ടാകേണ്ട സ്വരൈക്യത്തെ സംഗീതവുമായാണ് നാസിമുദ്ദീൻ ഇണക്കിച്ചേർക്കുന്നത്. പ്രത്യക്ഷത്തിലും ആന്തരിക ശ്രുതിയിലും മനുഷ്യവംശത്തിലും കാവ്യവൃത്തിയിലും കവി സംഗീതം തിരയുന്നുണ്ട്. അത് യുഗ്മമല്ല യോഗമാണെന്ന് അയാൾക്കറിയാം.

മതേതരമായും മതവൈരമായും പിളർന്നു നിൽക്കുന്നതാണ് വർത്തമാന കേരളം. ഒരു ഭാഗത്ത് മതേതരമായ അനുസ്യൂതികൾ, മറുപുറത്തോ വൈരത്തിന്റെ വിപൽ പ്രവാഹങ്ങൾ. സംഗീതാത്മകമായ ഒരു ഭൂതവും കലഹധ്വനികളുതിർക്കുന്നൊരു വർത്തമാനവും. നാസിമുദ്ദീൻ ഈ അവസ്ഥകളെ അടയാളപ്പെടുത്തുന്നതു അലക്കുകാരുടെ ജീവിതം ആവിഷ്‌ക്കരിച്ചു കൊണ്ടാണ്. അലക്കുകാർ ഒരു രൂപകമാണ്. അഴുക്കിനെ അലക്കി വെളുപ്പിക്കുന്നവർ. അവർ പ്രവാചകരാകാം തൊഴിലാളികളാകാം. ഇവിടെ പ്രവാചകർ തൊഴിലാളികളായിത്തീരുന്നു. അല്ലെങ്കിൽ തൊഴിലാളികൾ പ്രവാചകരായി മാറുന്നു.

കെ. കേളപ്പന്റെയും അബ്ദുറഹിമാന്റെയും സ്‌നേഹത്തിന്റെ മൊഴികൾ കേട്ട് ബാബുരാജിന്റെ ഈണങ്ങൾ കേട്ട് ഞങ്ങൾ കോരിത്തരിക്കുമായിരുന്നു. ഇപ്പോഴിതാ നേതാക്കൾ കുഞ്ഞുങ്ങളിലേയ്ക്കും അമ്മമാരിലേക്കും നിരക്ഷരരിലേയ്ക്കും മതവൈരത്തിന്റെ വാഗ് വിഷം തളിക്കുമ്പോൾ സ്വാസ്ഥ്യം നഷ്ടപ്പെടുന്നു. മത ചിഹ്നങ്ങൾ കൊത്തിയ ആയോധന വസ്ത്രങ്ങളും കുമിഞ്ഞുകൂടുന്നു. സോപ്പു പതയിൽ വെച്ച് ആഞ്ഞടിക്കുമ്പോൾ നിരപരാധികളുടെ രക്തം ഞങ്ങളുടെ മേൽ കിനിഞ്ഞിറങ്ങുന്നു.
(മുതലക്കുളത്തെ അലക്കു കല്ലുകൾ, വാരാദ്യ മാധ്യമം, 2018 ഫെബ്രുവരി, 04)

ഇങ്ങനെ തൊഴിലാളിയുടെ ആത്മചരിതത്തിൽനിന്ന് തെറിച്ചു വീഴുന്നുണ്ട് മലയാളിയുടെ മാന്യതയുടെ മുഖാവരണങ്ങൾക്കു മുകളിൽ മതവൈരത്തിന്റെ ചേറിൻ പാടുകൾ. കേളപ്പന്റെയും മുഹമ്മദ് അബ്ദുറഹ്മാന്റെയും സ്‌നേഹവഴികൾക്കും ബാബുരാജിന്റെ ഗാനമൊഴികൾക്കും ഒരേ ഈണമായിരുന്നു. മനുഷ്യനെ ഒന്നാക്കി നിർത്തുന്ന സംഗീതാത്മകമായ ഒരു ബോധതലം മലയാളികൾക്കുണ്ടായിരുന്നു. പിന്നീട് മറുകൈവഴി മാനവികത ചിതറിത്തെറിച്ചു നിൽക്കുന്ന വൈരജീവിതത്തിന്റെ വിപൽ ഫലങ്ങളായി പരിണമിച്ചു നിൽക്കുന്നു. കവി ഇവിടെ ആകുലനാണ്.

ആചാരബദ്ധമായ മതജീവിതത്തിൽ നിന്ന് ആത്മീയ ചൈതന്യമായ മതജീവിതത്തെ തിരിച്ചുപിടിക്കുക മതവിശ്വാസികളുടെ മാത്രമല്ല മതേതരവാദികളുടെയും അടിയന്തര കടമയായി മാറിയിട്ടുണ്ട്.
കേരളം അകപ്പെട്ടആഴമേറിയ മതവൈരക്കാഴ്ചകളെ അതിന്റെ തീവ്രാനുഭവമാക്കി അവതരിപ്പിക്കുന്ന കവിതയാണ് ശയനം (മാധ്യമം വാർഷികപ്പതിപ്പ് 2014). മതവൈരത്തിന്റെ വിഷലിപ്തമായ ദുഗ്ധം നുകർന്ന് ഗർഭപാത്രത്തിലേയ്ക്ക് തിരിച്ചു മടങ്ങാൻ വെമ്പുന്ന ഒരു കുട്ടിയുണ്ട് ഈ കവിതയിൽ.

ഇൻക്യുബേറ്ററിന്റെ സമശീതോഷ്ണ സുഖത്തിൽ സുഷുപ്തിയിലായിരുന്ന ചോരപൈതലുകളിലൊരുവൻ പുറത്ത്, തിമർക്കുന്ന പ്രസംഗത്തിന്റെ ചീളുകൾ തെറിച്ചുവീണപ്പോൾ കണ്ണുതുറന്നു. പേരോ മതമോ ദേശമോ ഇല്ലാത്ത ഈ ശയനം എത്ര സുഖകരം ഹിന്ദുവെന്നും മുസ്ലീമെന്നും ‘അടിയെടാ..... ' എന്നും പിന്നെയും ചീളുകൾ ചിതറി വന്നു. ഉത്കണ്ഠയോടെ പൈതൽ ഗർഭപാത്രം പരതാൻ തുടങ്ങി

ഒരു ഭാഗത്ത് അസമിന്റെ സംഗീതം മറുഭാഗത്ത് അസമിന്റെ വിലാപം. ഈ ദ്വന്ദ്വങ്ങൾക്കിടയിൽ നിന്നുകൊണ്ട് നാസിമുദ്ദീൻ മതേതരത്തിന്റെ ഉൺമകളെ ദർശിക്കുന്നു
ഒരു ഭാഗത്ത് അസമിന്റെ സംഗീതം മറുഭാഗത്ത് അസമിന്റെ വിലാപം. ഈ ദ്വന്ദ്വങ്ങൾക്കിടയിൽ നിന്നുകൊണ്ട് നാസിമുദ്ദീൻ മതേതരത്തിന്റെ ഉൺമകളെ ദർശിക്കുന്നു

നവോത്ഥാന കേരളം അനന്തര കാലം എന്നിങ്ങനെ പിളർന്നു നിൽക്കുന്ന കാലമാപിനികളെ ഇവിടെ ഇൻക്വിബേറ്ററും പൊതുസ്ഥലവുമായി കവിത ആലേഖനം ചെയ്യുന്നു. ആധുനികതയും അതിന്റെ അമിത സാങ്കേതിക വിദ്യയും തീർത്ത അന്യവൽക്കരണത്തിന്റെ സ്വാഭാവിക പ്രതികരണമാണ് പുതിയ കവിതകളെന്നിരിക്കെ, ആധുനികതയുടെ പിൽക്കാലത്ത് പടർച്ചകളിൽ അലിഞ്ഞു ചേർന്ന സ്വത്വ വിദ്വേഷത്തിന്റെ കലുഷക്കടലിൽ ആധുനികത അതിന്റെ സാങ്കേതിക വിന്യാസങ്ങളെ സുഷുപ്തിയിലെങ്കിലും സുരക്ഷിത സ്ഥലമാക്കി മാറ്റുന്നുണ്ട്. ആധുനികതയുടെ മനുഷ്യ പരിചരണങ്ങളോട് പരാങ്മുഖമായി നിൽക്കുന്ന കവിയായിരുന്നിട്ടും പിൽക്കാല ആധുനികതയിൽ വേരാഴ്ത്തി നിൽക്കുന്ന അപരവിദ്വേഷത്തോട് കണക്ക് തീർക്കേണ്ടി വരുന്നൊരു കവിക്ക് ആധുനികത തന്നെ ആശ്രയമായിത്തീരുന്നു. ഇത് അപരിഹാര്യമായ ഒരു പ്രതിസന്ധി തന്നെയാവും. ആധുനികത മനുഷ്യപ്രകൃതിയെയും ജീവൽ പ്രകൃതിയെയും രണ്ടാക്കി മാറ്റുമ്പോൾ ‘അവിടുത്തെ മനുഷ്യർക്ക് /അവിടുത്തെ എല്ലാ /മനുഷ്യരെയുമറിയാം / ഇഴജന്തുക്കളെയുമറിയാം /എല്ലാ പക്ഷികൾക്കും /ഇഴജന്തുക്കൾക്കും / എല്ലാ മനുഷ്യരെയുമറിയാം' (പള്ളിക്കൽ ബസാർ, സമകാലിക മലയാളം, 2012 ഏപ്രിൽ 2) എന്നിങ്ങനെ ആധുനികത നിർമ്മിച്ച മാനവിക ഭാവുകത്വത്തെ അപര ഭാവന കൊണ്ട് ഒന്നാക്കി നിർത്തുകയാണ് കവി. കാരുണ്യത്തിന്റെ പക്ഷത്തുനിൽക്കുന്ന ഒരു മനുഷ്യന്, കവിക്ക് ഇങ്ങനെ ഒരാന്തോളനം ആവശ്യമായി വരുന്നു.

സ്വകാര്യത്തിലല്ല, സാമാന്യത്തിലാണ് താൻ ഊന്നുന്നതെന്നും വ്യക്തിയുടെ ‘മൂഡ'ല്ല, ലോകത്തിന്റെ ‘മൂഡാ'ണ് താൻ ആവിഷ്‌ക്കരിക്കാൻ പോകുന്നതെന്നും ബ്രഹ്തിനെ പോലെ നാസിമുദ്ദീനും മനസ്സിലാക്കുന്നുണ്ട്. അസമിന്റെ കരച്ചിൽ, പൗരത്വ പ്രശ്‌നം എന്നീ കവിതകൾക്ക് ഈ മൂഡുണ്ട്. സംഗീതത്തെയും സാഹോദര്യത്തെയും കൂട്ടിയിണക്കി പുതിയൊരു ഭാവലോകം കവി നിർമ്മിക്കുന്നു.

സംഗീതധാരയിൽ ക്ഷീണങ്ങൾ കഴുകി മുങ്ങിനിവരാൻ പരതുന്ന വിരലുകൾ തന്ത്രത്തിൽ പർവീണ പാടുന്നു പൂവിതൾ പോൽ മൃദുസ്വരത്തിൽ കുന്നുകളിൽ താഴ്വാരങ്ങളിൽ ഇടതൂർന്നു നിൽക്കും ദേവദാരുക്കളിൽ വിറയും കാറ്റിൻ നേർത്ത നിശ്വാസം ഭോർഗീതവും ബിഹുഗാനവും കിനാവായിറങ്ങും മണ്ണിൽ നിന്നുതിരും അലൗകിക ഗാനാലാപനം അടുത്ത മുറിയിൽ അപശ്രുതിയുതിർക്കുന്നു അസം കൂലിക്കാരന്റെ മൊബൈൽഭാഷണം വിങ്ങലുകൾ കരച്ചിലുകൾ പിടച്ചിലുകൾ പ്രാക്കുകൾ ഭയവിഭ്രാന്തി കലർന്ന കരൾക്കീറും പെരുക്കങ്ങൾ
(അസമിന്റെ കരച്ചിൽ, മാതൃഭൂമി ആഴ്ചപ്പതിപ്പ്- 2019 സപ്തംബർ 19)

ഒരു ഭാഗത്ത് അസമിന്റെ സംഗീതം മറുഭാഗത്ത് അസമിന്റെ വിലാപം. ഈ ദ്വന്ദ്വങ്ങൾക്കിടയിൽ നിന്നുകൊണ്ട് നാസിമുദ്ദീൻ മതേതരത്തിന്റെ ഉൺമകളെ ദർശിക്കുന്നു. വളരെ സാമാന്യമായ ഒരു ജീവിത സന്ദർഭത്തെ ചിത്രീകരിച്ച് സവിശേഷമായ ഒരു ജീവിതാനുഭവത്തെ ആവിഷ്‌ക്കരിക്കാനുള്ള ശ്രമങ്ങളാണ് കവി നടത്തുന്നത്.

പൗരത്വപ്രശ്‌നം ഒരു രാഷ്ടീയ വിഷയമാകുമ്പോൾ അതെങ്ങനെയാണ് കവിതയുടെ ഭാവുകത്വവുമായി പരിണമിക്കുന്നത് എന്ന് നമുക്കു കാണാൻ കഴിയുന്നുണ്ട്. പ്രത്യക്ഷപ്പെടുന്ന ജീവിത സാമാന്യത്തിനകത്തേയ്ക്കാണ് കവി ആഴത്തിൽ കുഴിച്ചു നോക്കുന്നത്. ജീവിതത്തിന്റെ അടിയിൽ പെറ്റുപെരുകുന്ന മനുഷ്യസ്പർദ്ധയുടെ വിത്തുകൾ അയാൾക്ക് കണ്ടെത്താൻ കഴിയുന്നു. ഇത് ഒരു അകവിതയാണെന്ന് സൗന്ദര്യ പക്ഷപാതികൾ പറയുമെങ്കിൽ താൻ അകവി തന്നെയെന്ന് ആർജവത്തോടെ നാസിമുദ്ദീന് പറയാൻ കഴിയും.

പൗരത്വപ്രശ്‌നം ഒരു രാഷ്ടീയ വിഷയമാകുമ്പോൾ അതെങ്ങനെയാണ് കവിതയുടെ ഭാവുകത്വവുമായി പരിണമിക്കുന്നത് എന്ന് നമുക്കു കാണാൻ കഴിയുന്നുണ്ട്.

പൗരത്വപ്രശ്‌നം എന്ന കവിതയിലെത്തുമ്പോഴേക്കും ഈ സാമാന്യ അനുഭവം തികഞ്ഞ രാഷ്ട്രീയ വിമർശനമായി പ്രവർത്തിക്കുന്നു. ഈ ഭാവത്തിലും ഇഴുകിച്ചേരുന്നുണ്ട് കലയും സാഹിത്യവും. മതേതരമായ ഒരു ഉൺമയെ സംസ്ഥാപിക്കുന്നതിൽ കലക്കും സാഹിത്യത്തിനുമുള്ള പങ്കിനെയാണ് കവി ഇവിടെ ഉയർത്തി നിർത്തുന്നത്. സൗന്ദര്യ ലോകം വറ്റിപ്പോകുന്ന ഒരു സമൂഹം എത്ര പെട്ടെന്നാണ് ഫാസിസ്റ്റായിത്തീരുന്നത് എന്ന് കവി മനസ്സിലാക്കുന്നു.

‘സൗന്ദര്യാത്മകതയുടെ മണ്ഡലത്തിൽ ആധുനീകരിക്കപ്പെടാത്ത ഒരു സമൂഹം മറ്റെല്ലാ തലത്തിലും ഭൗതികമായി വികസിച്ചാലും പിന്തിരിപ്പനായിരിക്കും. എന്നു മാത്രമല്ല അവികസിതമായ ഒരു സൗന്ദര്യബോധവും വികസിതമായ സാങ്കേതിക വിദ്യയും കൂടിച്ചേരുമ്പോൾ രൂപപ്പെടുന്നത് ഫാസിസമായിരിക്കും ' (ഡോ. പി. പവിത്രൻ).
ഈ നിലയിൽ നാസിമുദ്ദീൻ സൗന്ദര്യാത്മകതയെയും സാഹോദര്യത്തെയും കൂട്ടിയിണക്കുമ്പോൾ കവിതയും ജീവിതവും സ്വരൈക്യത്തിലാവുന്നു.

പ്രത്യക്ഷീകരിക്കപ്പെടുന്നതിന്റെ ആന്തരികമായ ശ്രുതിയിലാണ് കവിതയുടെ ജീവൻ. പൗരത്വപ്രശ്‌നം ഒരു രാഷ്ടീയ വിഷയമാകുമ്പോൾ അതെങ്ങനെയാണ് കവിതയുടെ ഭാവുകത്വവുമായി പരിണമിക്കുന്നത് എന്ന് നമുക്കു കാണാൻ കഴിയുന്നുണ്ട്. പ്രത്യക്ഷപ്പെടുന്ന ജീവിത സാമാന്യത്തിനകത്തേയ്ക്കാണ് കവി ആഴത്തിൽ കുഴിച്ചു നോക്കുന്നത്. ജീവിതത്തിന്റെ അടിയിൽ പെറ്റുപെരുകുന്ന മനുഷ്യസ്പർദ്ധയുടെ വിത്തുകൾ അയാൾക്ക് കണ്ടെത്താൻ കഴിയുന്നു. ഇത് ഒരു അകവിതയാണെന്ന് സൗന്ദര്യ പക്ഷപാതികൾ പറയുമെങ്കിൽ താൻ അകവി തന്നെയെന്ന് ആർജവത്തോടെ നാസിമുദ്ദീന് പറയാൻ കഴിയും. ധ്യാനാത്മകമായി അയാൾ അറിയുന്ന ജീവിതത്തിന്റെ പൊരുൾ മാത്രമല്ല കവിത. പ്രത്യക്ഷത്തിൽ താൻ ജീവിക്കുന്ന ലോകത്തിന്റെ സാമാന്യ അനുഭവങ്ങൾ തന്നെയാണ് അയാൾക്കത്. ഗ്രാംഷി സാമാന്യ വ്യവഹാരങ്ങളെയും കലാ സാഹിത്യങ്ങളെയും വിചാരണ വിചാരണക്കെടുക്കുന്നത് ഈ ദിശയിലാണ്.

അമ്പലത്തിലെ ചന്ദനവും ചേതൻ ഭഗത്തും അവളെനിക്ക് സമ്മാനിച്ച കാറ്റി പെറിയും രിഹാനയും കിം കി ഡുക്കും ഞങ്ങൾ ഗൂഗിൾ ഡ്രൈവിൽ കൈമാറി .................................. .................................. ഒരു ദിവസം അവൾ സ്വകാര്യം പറഞ്ഞു ഞങ്ങളുടെ ഗീതാ ക്ലാസിലും അമ്പലപ്പറമ്പിലും നിങ്ങളൊക്കെ രാജ്യദ്രോഹികളാണെന്നും വണ്ടി കയറ്റി വിടണമെന്നും ചില ഗൂഢാലോചനകൾ. പെട്ടെന്ന് അവളെന്നെ കെട്ടി വരിഞ്ഞു എന്റെ ഉപ്പൂപ്പ മരിക്കും മുമ്പ് അസ്മാഅ ചെയ്ത് കെട്ടിത്തന്ന ഏലസ് അവളുടെ കണ്ണീരാൽ നനഞ്ഞു ഞാൻ നോക്കിയപ്പോൾ നെഞ്ചിൽ പടരുന്ന നനവ് ഇന്ത്യയുടെ ഭൂപടം
(പൗരത്വപ്രശ്‌നം, ദേശാഭിമാനി വാരിക- 2020 ജനുവരി 5)

രാഷ്ടീയമതവും മതരാഷ്ടീയവും ആത്മാനുഭൂതിയായ മതവിശ്വാസങ്ങളെ എങ്ങനെ അന്യവൽക്കരിക്കുന്നു എന്ന് നാം കവിതയിൽ കാണുന്നുണ്ട്. ഇവിടെയുമുണ്ട് കലയുടെയും സാഹിത്യത്തിന്റെയും ആത്മീയ അനുഭവത്തെ സാമൂഹികമായ സാഹോദര്യത്തിന്റെ സ്വരതാളമാക്കി മാറ്റുന്ന കവിവിദ്യ.
ഈ മട്ടിൽ മനുഷ്യജ്ഞാനത്തെ, സാമൂഹികാനുഭവമായ ലോകബോധത്തെ കവിതയിലേക്ക് ആവാഹിക്കുന്ന വൈരുദ്ധ്യാത്മകമായ കലാപ്രവർത്തനമായി നാസിമുദ്ദീന് കവിതയെഴുത്തു മാറുന്നു. ▮


ദേവേശൻ പേരൂർ

എഴുത്തുകാരൻ, അധ്യാപകൻ. നീതിയോടെതിർപ്പിൻ വാഗ്ഭടാനന്ദൻ, മലയാളം നല്ല ഉത്തരങ്ങൾ, ഫാസിസത്തിനെതിരെ എം.എൻ. വിജയൻ (എഡിറ്റർ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments