ആസാദ്.

ഉടലായിരിക്കാതെ
ഉടലായിരിക്കുന്ന പോലെ

ആസാദിൻ്റെ ‘ആണതിരും പെൺകതകും’ എന്ന കവിതാപുസ്തകം വായിക്കുന്നു, ദേവേശൻ പേരൂർ.

"അധികാരം എല്ലായിടത്തുമുണ്ട്; അത് എല്ലാത്തിനെയും ഉൾക്കൊള്ളുന്നതുകൊണ്ടല്ല, മറിച്ച് അത് എല്ലായിടത്തുനിന്നും ഉത്ഭവിക്കുന്നതുകൊണ്ടാണ്."
- ഫുക്കോ.

ടലായിത്തീരുന്ന പ്രത്യക്ഷഭാവവും ഉൺമയായി അനുഭവിക്കുന്ന പരോക്ഷ സാന്നിധ്യവും തമ്മിലുള്ള സംഘർഷങ്ങളെ അത്രമേൽ ശക്തമായി ആവിഷ്കരിക്കുന്നവയാണ് ആസാദിൻ്റെ കവിതകൾ.

തത്വചിന്ത മനുഷ്യഉടലിനെ തുച്ഛമാക്കുമ്പോൾ ആത്മാവിലൂടെ എത്രയെത്ര അതീതയാത്രകൾ നടത്തിയാലും നമ്മുടെ ആലോചനകളും അനുഭവങ്ങളും ഉൺമയ്ക്കപ്പുറത്ത് ഉടലെന്ന യാഥാർത്ഥ്യത്തെയാണ് തൊട്ടുനിൽക്കുന്നത് എന്ന് ആസാദ് അറിയുന്നു. ഉടലിൻ്റെ മേധാശക്തിയും അതിൽ കുടികൊള്ളുന്ന അധികാരോർജവും ഇവിടെ കവിതയായ് ഉയിരെടുക്കുകയാണ്.

മനുഷ്യർ ഉടൽ തന്നെ. മനുഷ്യാസ്തിത്വത്തിൻ്റെ പ്രത്യക്ഷാസ്പദം ശരീരമല്ലാതെ മറ്റെന്ത്? വിപ്ലവങ്ങൾ, നവോത്ഥാനങ്ങൾ, പീഡനങ്ങൾ, മർദ്ദനങ്ങൾ, മാറ്റിനിർത്തലുകൾ തുടങ്ങി എല്ലാവിധ ജീവിതവ്യവഹാരങ്ങളെയും ചൂഴ്ന്നുനിൽക്കുന്ന ഉടൽസ്വരൂപമാണ് മനുഷ്യർ. സ്വാതന്ത്ര്യം, നീതി, തുല്യത, തുടങ്ങിയ സമഭാവനാസങ്കല്പങ്ങളെല്ലാം ഉടൽസ്വരൂപങ്ങളെയാണ് തൊട്ടുതൊട്ടെണ്ണുന്നത്.

"ഉലകിനു വേറൊരു സത്തയില്ല" എന്ന് ഗുരു പറയുന്നുണ്ട്. അപ്പോഴും സാമൂഹിക പരിഷ്‌കരണത്തിൻ്റെ ഭാവനാലോകങ്ങളിലേയ്ക്ക് ഗുരുവിനെ നയിച്ചത് ഉടലായിരിക്കുന്ന മനുഷ്യാസ്തിത്വമത്രേ. രാഷ്ട്രീയ അധികാരവും അതിൻ്റെ ഉടൽസ്വരൂപത്തെയാണ് രാഷ്ട്രമായി പരിവർത്തിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രാധികാരത്തിൽനിന്ന് ഭിന്നമായ ഒരു പൗരശരീരത്തെ സങ്കല്പിക്കുക നമുക്ക് അസാധ്യമായിരിക്കും.

ഉടലിൻമേലുള്ള ഈ നോട്ടത്തിൻ്റെ വിവിധ കോണുകൾ ഏകീഭവിക്കുന്ന കാഴ്ചകളുടെ തുടർച്ചകളാണ് ആസാദിൻ്റെ കവിതകൾ.

ആദ്യ കവിതാസമാഹാരത്തിന്റെ പേരുതന്നെ 'ഉടലഴിക്കുമ്പോൾ' എന്നായിരുന്നു. അക്കവിതകളെ നിരീക്ഷിച്ചുകൊണ്ട് പി. എം. ഗിരീഷ് എഴുതുന്നുണ്ട്; "ഉടൽ അറിവ് ആഘോഷമാക്കുകയാണ് ആസാദ്. രതിയുടെയും രുചിയുടെയും രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പ്രതിരോധത്തിന്റെയും ആവിഷ്കാരങ്ങളായി ഉടൽ കവിതകളിൽ നിറയുന്നു’’.

രാഷ്ട്രവും സമൂഹവും കുടുംബവും വ്യക്തിയു മൊക്കെയായി പുലരുന്ന മനുഷ്യാസ്തിത്വത്തിൻ്റെ ഭിന്നസ്ഥലികളിലെല്ലാം അവർ പെരുമാറുന്നത് ഉടലുകൊണ്ടാണ്. അധികാരമുള്ളവരും ഇല്ലാത്തവരും ആകുന്നത്, നിറമുള്ളവരും നിറമില്ലാത്തവരുമാകുന്നത് ഉടലധികാരമല്ലാതെ മറ്റൊന്നല്ല. അധികാരം ഭരണകൂടത്തിൽമാത്രം നിക്ഷിപ്തമായി നിൽക്കുന്ന ഒന്നല്ല. അത് എല്ലായിപ്പോഴും എവിടെയും ഉണ്ട് എന്ന് ഫുക്കോ പറയുന്നു.

 ഉടലിൻ്റെ മേധാശക്തിയും അതിൽ കുടികൊള്ളുന്ന അധികാരോർജവും ഇവിടെ കവിതയായ് ഉയിരെടുക്കുകയാണ്.
ഉടലിൻ്റെ മേധാശക്തിയും അതിൽ കുടികൊള്ളുന്ന അധികാരോർജവും ഇവിടെ കവിതയായ് ഉയിരെടുക്കുകയാണ്.

‘‘Power is everywhere; not because it embraces everything, but because it comes from everywhere." (അധികാരം എല്ലായിടത്തുമുണ്ട്; അത് എല്ലാത്തിനെയും ഉൾക്കൊള്ളുന്നതുകൊണ്ടല്ല, മറിച്ച് അത് എല്ലായിടത്തുനിന്നും ഉത്ഭവിക്കുന്നതുകൊണ്ടാണ്.) അത് ഏറ്റവും സാന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഇടം ഉടൽതന്നെ.

ഉടലിൻ്റെ സൂക്ഷ്മവഴികളിലിറങ്ങിനടക്കുന്ന ഒരു രാഷ്ട്രീയാന്വേഷിയെ ആസാദിൻ്റെ കവിതകളിൽ കാണാം. രാഷ്ട്രീയമായ ഒരു ഉടൽബോധമാണ് ഒരു ജ്ഞാനം പോലെ വാക്കുകളിൽ നിറയുന്നത്. ‘ആണതിരും പെൺകതകും’ ഈ സഞ്ചാര ദീപ്തിയിലെ ഒരു പ്രഭാനാളമത്രേ.

വെളിച്ചം സത്തയെങ്കിൽ
അതിനിരിക്കാൻ ഇരുട്ടുവേണം
ആത്മത്തിന് ഉടൽപീഠം
അരൂപിയായ ഒരു ഞാൻ
എന്നെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
(ഉൺമ)

എല്ലാറ്റിൻ്റെയും ആരൂഢം ഉടൽ തന്നെ എന്നുറപ്പിക്കുന്നു. ഉൺമയെ വെളിച്ചമായി സങ്കല്പിക്കുമ്പോൾ അതിൻ്റെ ആരുഢസ്ഥാനം ഇരുട്ടാണ്. വെളിച്ചം ഉൺമയെങ്കിൽ ഇരുട്ട് ഉടൽ. തത്ത്വജ്ഞാനികൾ ഇരുട്ടും വെളിച്ചവുമായി സങ്കല്പിച്ച ഈ ആത്മഭാവനകളെ ആസാദും കവിത കൊണ്ട് സ്പർശിക്കുന്നുണ്ട്. അവിടെ ചേർച്ചയും ഇടർച്ചയുമുണ്ട്. വെളിച്ചം, സത്ത, ആത്‌മം, അരൂപി എന്നെല്ലാമുള്ള പദവിന്യാസങ്ങളുപയോഗിച്ച് അദ്വൈത ഭാവനയുമായി സംവദിക്കാനുള്ള ഒരു ശ്രമം ഈ കവിതകൾ നിർവഹിക്കുന്നുണ്ട്. ആത്മത്തിൻ്റെ പ്രശോഭയോട് ഉടലിൻ്റെ തമോലോകം കലഹിക്കുന്നു.

ഉടലേയുള്ളു ഭയം
പിന്നെ കടൽ
പിടിതരാതങ്ങനെ കിടക്കും
എങ്ങുതൊട്ടാലും തിരയിളക്കം
പതുക്കെ പതുക്കെ
അതങ്ങ് ക്ഷോഭിച്ചുവരും
തൊട്ടവനെ വിഴുങ്ങും.
(വിശുദ്ധ യുദ്ധം).

പലരും ആത്മത്തെ ഭയക്കുന്നു. അരൂപിയായ ആത്മത്തെ. അത് ആത്മാവു കൂടിയാകുന്നു. ഏതോ കുടത്തിൽ ഏതോ കാഞ്ഞിരമരത്തിൽ ഭയപ്പാടോടെ തളയ്ക്ക പ്പെടേണ്ട ഒരാത്മാവ്.

ഇവിടെ ഉടൽ തന്നെ ഭയവും ഉന്മാദവും. ഉടൽ കടൽ തന്നെയെന്നു കവി.
‘ഉടലേയുള്ളൂ ഭയം പിന്നെ കടൽ’ (വിശുദ്ധ യുദ്ധം). വെള്ളത്തിലെ തിരമാലകളാണ് ഉടലലെന്ന് ഗുരു. ‘ജഡമിതു സർവ്വമനിത്യമാം ജലത്തിൻ വടിവിനെ വിട്ടു തരംഗമന്യമാമോ?’ എന്ന് ഗുരു ചോദിക്കുന്നുണ്ട്. ഗുരുവിനും ഉടൽ കടൽ തന്നെ. അതിലേയ്ക്ക് നീന്തിയാൽ ആർക്കും കരയെത്താൻ കഴിയുകയുണ്ടാവില്ല. അതുകൊണ്ടാവണം "പെൺകുട്ടികളോട് കയർക്കരുത്"(വിശുദ്ധ യുദ്ധം) എന്ന് കവി മുന്നറിയിപ്പു നൽകുന്നത്. ഉടൽ കൊണ്ട് പൊതുബോധം ദമനം ചെയ്ത പെൺകുട്ടികൾ അതേ ഉടലുകൊണ്ടുതന്നെ ഉയിർത്തെഴുന്നേൽക്കുന്നു. ജൂലിയ ക്രിസ്റ്റീവ പറയുന്നുണ്ട്, സമൂഹം മാറ്റിനിർത്തുന്ന അതേ ഉടൽകൊണ്ടാണ് പെണ്ണുങ്ങൾ തങ്ങളുടെ അസ്തിത്വം പണിയുന്നത് എന്ന്. അബ്ജക്ഷൻ' (Abjection) എന്ന ആശയത്തിലൂടെയാണ് ക്രിസ്റ്റീവ ഇത് അവതരിപ്പിക്കുന്നത്. എന്താണോ സ്ത്രീകളെ അടിച്ചമർത്തിയത് അതേ കാര്യങ്ങൾ കൊണ്ടുതന്നെ അവർ ഇപ്പോൾ ലോകത്തെ കീഴടക്കുന്നു.

ഉടലായിരിക്കാതെ ഉടലായിരിക്കുന്നതുപോലെ, ആണായിരിക്കെ ആണായിരിക്കാത്ത ഒരു അസ്തിത്വം ആസാദിൻ്റെ കവിതകൾക്കുണ്ട്. കവിതയിൽ ആസാദ് തൻ്റെ ലിംഗപ്പെരുമയെ തകർക്കുന്നു. ബഹുലൈംഗികതയുടെ അസ്തിത്വമാണയാൾക്ക്. തനിക്ക് എല്ലാതരം വിമോചനമോഹങ്ങളോടും ഐക്യപ്പെടാൻ പൗരുഷത്തിൻ്റെ മേധാശക്തി തടസ്സമാണെന്ന് അയാൾ തിരിച്ചറിയുന്നു. എല്ലാപതിതരിലും അയാളുണ്ട്. പൊരുതിയും ഇഴുകിയും.

ആസാദ്. ഉടലായിരിക്കാതെ ഉടലായിരിക്കുന്നതുപോലെ, ആണായിരിക്കെ ആണായിരിക്കാത്ത ഒരു അസ്തിത്വം ആസാദിൻ്റെ കവിതകൾക്കുണ്ട്. കവിതയിൽ ആസാദ് തൻ്റെ ലിംഗപ്പെരുമയെ തകർക്കുന്നു.
ആസാദ്. ഉടലായിരിക്കാതെ ഉടലായിരിക്കുന്നതുപോലെ, ആണായിരിക്കെ ആണായിരിക്കാത്ത ഒരു അസ്തിത്വം ആസാദിൻ്റെ കവിതകൾക്കുണ്ട്. കവിതയിൽ ആസാദ് തൻ്റെ ലിംഗപ്പെരുമയെ തകർക്കുന്നു.

ഏതു വേഷത്തിലും
ഒളിച്ചിരിപ്പുണ്ടൊരാൺ പൊലിമ
ഏതുടലിലും അമർന്നിരിപ്പു-
ണ്ടൊരു പുല്ലിംഗം
എന്ന ബോധ്യം അയാളെ തൻ്റെ ഉടലിനെ ഭഗ്നമാക്കാൻ പ്രേരിപ്പിക്കുന്നു. കവിതയിൽ അവൻ അവളായ് പൊലിയുന്നു. ചിലനേരങ്ങളിൽ പലരായ്. വിമോചിപ്പിക്കപ്പെട്ട എല്ലാ റിപ്പബ്ലിക്കുകളിലും ലിംഗപ്പെരുമകൾ മാത്രമേ കാണുന്നുള്ളൂ എന്ന അസ്വാസ്ഥ്യം പെരുകുന്നു. അതുകൊണ്ടു കവി തൻ്റെ ഉടലിനെ ബലി നൽകുന്നു.

രാത്രി അടുക്കളമിഴിതോരാതെ
യിരുട്ടു തണുപ്പുകളിട്ടു കുറുക്കി
കോപ്പയിലാക്കിയതല്ലേ ഞാനേ
കണ്ണേ യാഞ്ഞുവലിച്ചു കുടിച്ചോളൂ ഒറ്റവലിക്കേയുള്ളു കഷായം
നിന്നുൾകീടങ്ങളൊടുങ്ങട്ടെ
(ഞാനും ഞാനേ )

ഉടൽ തന്നെയാണയാൾക്ക് വാക്കും.
ഭാഷയിൽ ഞാൻ വ്യായാമം ചെയ്യുന്നു.
ഭാഷയാണ് എൻ്റെ ശരീരം.
രാവിലെ ഞാനെൻ്റെ ഭാഷയെ പത്മാസനത്തിലിരുത്തുന്നു.
പലമട്ടു വളയ്ക്കുന്നു നിവർത്തുന്നു,
ശ്വാസമെടുത്തു വിയർപ്പിക്കുന്നു.

ശരീരമെന്ന ബഹുത്വവും പ്രപഞ്ചമെന്ന ഏകത്വവും തമ്മിലുള്ള സംഘർഷങ്ങൾക്കു പല കവിതകളും സാക്ഷ്യം വഹിക്കുന്നു.
കൺതടങ്ങളിലേയ്ക്ക് മഞ്ഞുനദികളെ വിട്ട് (‘കാരണം ഞാനല്ല’) പ്രപഞ്ചം ബഹുത്വത്തെ തൻ്റെ ഏകത്വത്തിൽ ലയിപ്പിക്കുന്നു. അപ്പോൾ അത് "ഏകദേശത്തിൻ്റെ ശാന്തിയിലേക്ക് / ഏകഭാഷയുടെ ഈണത്തിലേക്ക് / ഏക സൂര്യൻ്റെ അനുഗ്രഹത്തിലേക്ക്" (‘കാരണം ഞാനല്ല’) വിലയം കൊള്ളുകയും ചെയ്യുന്നു. സംഘർഷങ്ങളുടെ കോളിളക്കങ്ങളിൽ അയാൾ ശാന്തതയുടെ ദ്വീപു തേടുന്നു" പോകാമൽപ്പം ശാന്തത കിട്ടുമിടത്തിൽ" (‘വ്യായാമം’) എന്നാഗ്രഹിക്കുന്നു. കലഹിക്കുന്ന തീൻമേശകളിൽനിന്ന് ആരാണ് തൻ്റെ ശാന്ത ദ്വീപ് പകുത്തെടുത്തത് (‘ഇരിപ്പിടം’) എന്നും ചോദിക്കുന്നു.

സമഗ്രമായ ഒരു ഉടലനുഭവത്തെ പല പ്രകാരത്തിൽ കവിതയിൽ വിന്യസിക്കുന്നു. ചേർത്തും വിടർത്തിയും, ഒന്നായും പലതായും സ്വരൂപിയായും അരൂപിയായും, ദൃശ്യമായും അദൃശ്യമായും കവിതയിലങ്ങനെ പലഉടലുകൾ നൃത്തം ചെയ്യുന്നു.

വികസനം ( Development) ഭീമാകാരമായ ഒരു ഉടൽ സാന്നിധ്യമാണ്. അവിടെ നിസ്സാരങ്ങളെ മുഴുവനും സംഹരിക്കുന്ന വികസനത്തിൻ്റെ യന്ത്രശക്തിക്കു മുമ്പിൽ കുമ്പിടുന്ന മനുഷ്യപ്പുഴുക്കളായി പൗരശരീരം പരിണമിക്കുന്നു. മനുഷ്യരല്ലാ ജീവികളൊക്കെയും അദൃശ്യമാക്കപ്പെടുന്നു. അതിനു മുമ്പിൽ ബഹുസ്വരതകൾ കെട്ടടങ്ങുന്നു. വികസനവാദികളും വികസന വിരുദ്ധരുമായി മാനവരാശി പിളരുന്നു. സൗകര്യങ്ങൾ കൊണ്ടു പെരുക്കപ്പെട്ട് പെരുക്കപ്പെട്ട് യുക്തിചിന്തയുടെ പെരുമാർകൾ വിപുലശരീരം കാട്ടി നിൽക്കുന്നു.

വളവു നീർത്തുകയാണ്
വികസനം
വയലുകൾ മൂടിപ്പണിയുന്ന പട്ടണം
വേഗമേറുമ്പോ-
ളകംപുറം കാണില്ല
വേഗപാതയിൽ
കാഴ്ചകൾ നിൽക്കില്ല.

വളവു നീർത്തുന്ന വികസനം എന്നാൽ വളഞ്ഞിരിക്കുന്ന തൃണജീവിതങ്ങളെ കാണുന്നേയില്ല. ഭീമാകാരമായ പുരുഷാകാരമായി വികസനം ഉടൽപൂണ്ട് നിൽക്കുന്നുണ്ട്. മനുഷ്യർക്കുവേണ്ടിയുള്ള വികസനത്തിൽ മനുഷ്യർ തന്നെ നിഷ്കാസിതരാവുന്നു. അതിൽ മാഞ്ഞുപോകുന്ന തെന്തൊക്കെയാണെന്നു നോക്കൂ. കുന്നുമാകാശവും കെട്ടുപിണയുന്ന ഗൂഢ വേഴ്ചകൾ, പുൽക്കുടിൽ തേടും പതംഗചിത്രങ്ങൾ, കാട്ടരുവികൾ വാറ്റുമുഷ്ണത്തിന്റെ മധുര പാനകലഹരിയോളങ്ങൾ, വേച്ചുപോകുന്ന വേർപ്പും മുടന്തുമായി അജപാലകർ പാടി നേർപ്പിച്ച പാട്ടുകൾ, മിന്നാമിനുങ്ങുകളുടെ മിന്നലുകൾ. "വാഴക്കുല വെട്ടിപ്പോയോൻ പുത്തൻ പൂണൂലിലിറങ്ങിടാം" (‘മൂലമ്പള്ളിക്കാരൻ’) എന്ന മുന്നറിയിപ്പും ആധിയും കവിത പങ്കുവെയ്ക്കുന്നു.

വികസനം എല്ലാറ്റിനെയും അധികാരത്തിൻ്റെതാക്കി മാറ്റും. ജനാധികാരത്തിൽനിന്ന് രാഷ്ട്രീയാധികാരത്തിലേയ്ക്ക് വിഭവങ്ങളുടെ ഉടമസ്ഥതയെ അത് കൈമാറ്റം ചെയ്യുന്നു. വെള്ളം, മണ്ണ്, മഴ, കടൽ, തീരം, ആകാശം എല്ലാറ്റിനും മനുഷ്യർക്കുള്ള സഹജാധികാരങ്ങളിൽനിന്ന് തട്ടിപ്പറിക്കുന്ന ബഹുരാഷ്ട്ര മോഹങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് കവിതയിൽനിന്നുയരുന്നത്.
"പൊതുവിഭവങ്ങളെല്ലാം അവരു, ടേത്
ഭൂമിയും ആകാശവും അവരുടേത്
അവരോ എല്ലാവരുടേതും".
(സ്തുതി )

വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിൻ്റെ ആനന്ദമാണ് ജീവിതമെന്നുള്ള പുതിയ അർത്ഥങ്ങൾ വികസനം തുന്നിച്ചേർക്കുന്നു. ‘വാങ്ങിടാം വെയിൽനാളം’ (‘വാങ്ങുവിൻ വെയിൽനാളം’) ‘വിറ്റിടാം കടൽത്തിര’ (വില്പന)- അങ്ങനെ ഉപഭോഗത്തിൻ്റെ അന്തമായ ഒരു വിഹായസ്സ് വികസനസങ്കല്പങ്ങൾ തുറന്നു വെക്കുന്നു. മധ്യവർഗമോഹങ്ങളായി അത് പൂത്തുലയുന്നു. ഉപഭോഗതൃഷ്ണയുടെ ഗന്ധമൊന്നുലാവുന്നു പ്രാണഹിർവാണപ്രദം എന്ന് കേരളത്തിൻ്റെ മധ്യവർഗബോധം ഈണമിട്ടു തുടങ്ങിയതിലാണ് കവിത ഇടപെടുന്നത്.

ആസാദിൻ്റെ കവിതകൾ ആത്മത്തിൽ നിന്നും അപരത്വത്തിലേയ്ക്ക് പരിവർത്തിക്കപ്പെടുന്ന കവിതകളാണ്. തൻ്റെ സ്വന്തം എന്ന ആത്മഭാവത്തിൽനിന്ന് ജനങ്ങളുടെ സ്വന്തം എന്ന അപരത്വത്തിലേയ്ക്ക് കവിത കടക്കുന്നു. അത് സെൽഫിൻ്റെ കവിതകളല്ലാതായിത്തീരുന്നു.

ആസാദിൻ്റെ കവിതകൾ  ആത്മത്തിൽ നിന്നും അപരത്വത്തിലേയ്ക്ക് പരിവർത്തിക്കപ്പെടുന്ന കവിതകളാണ്.
ആസാദിൻ്റെ കവിതകൾ ആത്മത്തിൽ നിന്നും അപരത്വത്തിലേയ്ക്ക് പരിവർത്തിക്കപ്പെടുന്ന കവിതകളാണ്.

ജനകീയ കവിതയുടെ സവിശേഷതകളെ കുറിച്ച് ഴീൽദെല്യൂസ് പറയുന്നുണ്ട്. കവിത ഒരാൾ എഴുതുന്ന കവിതയല്ല, മറിച്ച് അത് ആയിത്തീരുകയാണ്. കലക്ടീവ് അസംബ്ലേജ് (Collective assamblge) എന്ന് ദെല്യൂയൂസ് പറയും. ഒരു രചന രൂപപ്പെടുന്നത് അത് കവിയിൽ നിന്ന് മാത്രമല്ല. കവി അതിനുപയോഗിക്കുന്ന വാക്കുകൾ, കവി ഉപയോഗിക്കുന്ന ഭാവനകൾ, കവിതയെഴുതുന്ന സന്ദർഭത്തിൻ്റെ പ്രവാഹം, അനുവാചകർ. ഇങ്ങനെ ധാരാളം ഘടകങ്ങൾ ഒത്തു ചേർന്നാണ് ഒരു കവിത രൂപപ്പെടുന്നത്. എഴുതുന്നതല്ല കവിത, രൂപപ്പെടുന്നതാണ് എന്നു വരുന്നു. അപ്പോൾ എഴുത്തുകാരൻ്റെ / കാരിയുടെ കർതൃത്വം മാത്രമല്ല കവിതയിൽ ഉൾച്ചേരുന്നത്, വായനക്കാരുടെ കർതൃത്വം കൂടി അതിൽ നിലീനമാകുന്നു. മാത്രമല്ല ഒരു മൈനോറിറ്റേറിയൻ ഭാഷ കൂടി അപ്പോൾ രൂപപ്പെട്ടുവരുന്നുണ്ട് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ആ നിലയിൽ ജനകീയ കവിതയായി പ്രവർത്തിക്കുന്ന രാഷ്ട്രീയമായ ഊർജം സംഭരിച്ചുവെച്ചിട്ടുള്ള കവിതകളാണ് ആസാദിൻ്റെ കവിതകൾ പൊതുവെയും, ‘ആണതിരും പെൺകതകും’ എന്ന കവിതാ സമാഹാരം വിശേഷിച്ചും.


Summary: Dr Azad's poetry Anathirum Penkathirum, Devesan Perur writes a review about the book.


ദേവേശൻ പേരൂർ

എഴുത്തുകാരൻ, അധ്യാപകൻ. നീതിയോടെതിർപ്പിൻ വാഗ്ഭടാനന്ദൻ, മലയാളം നല്ല ഉത്തരങ്ങൾ, ഫാസിസത്തിനെതിരെ എം.എൻ. വിജയൻ (എഡിറ്റർ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments