അര്‍ഹതക്കനുസൃതമായ അംഗീകാരം ഒരാള്‍ക്ക് ലഭിക്കാതെ പോകാന്‍ നിരവധി കാരണങ്ങളുണ്ടാകാമെങ്കിലും ജാതിബന്ധങ്ങള്‍ പ്രബലമായ ഒരു സമൂഹത്തില്‍ അര്‍ഹതയെ അംഗീകാരമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ജാതിക്കുള്ള പങ്ക് നിര്‍ണായകമാണെന്ന് കാണാന്‍ കഴിയും. അര്‍ഹരെ അനര്‍ഹരാക്കുന്നതില്‍ മാത്രമല്ല അനര്‍ഹരെ അര്‍ഹരാക്കുന്നതിലും ജാതിയതിന്റെ ‘ധര്‍മം’ ഒളിഞ്ഞും തെളിഞ്ഞും നിര്‍വഹിക്കുന്നുണ്ട്. ജാതിയുടെ പ്രിവിലേജുകള്‍ പരമ്പരാഗതമായി കൈയാളുന്നവര്‍ക്കും, തിക്തഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ഇതില്‍ കാര്യമായ അസ്വഭാവികതയൊന്നും തോന്നാതെ ശ്രദ്ധിക്കുന്നതിലും കാലാനുസൃതമായ ജാഗ്രത ജാതി പുലര്‍ത്തിപ്പോരുന്നുണ്ട്. സാമൂഹ്യനീതിക്ക് തടയിടുന്ന പ്രതിയാണ് ജാതി എപ്പോഴും.
മികച്ച കവിയും പുല്ലാങ്കുഴല്‍ വാദകനും ആയിരുന്നെങ്കിലും സാമൂഹികമായ കാരണങ്ങളാല്‍ അര്‍ഹമായ അംഗീകാരവും പരിഗണനയും ലഭിക്കാതെപോയ കലാകാരനായിരുന്നു ബിനു എം. പള്ളിപ്പാട്. അദ്ദേഹത്തിന്റെ കാവ്യഇടപെടലുകളുടെ വൈവിധ്യത്തെ അല്പമെങ്കിലും സമാഹരിക്കാനുള്ള ശ്രമമാണ് ‘എല്ലാ ഋതുക്കളുടെയും കവി’ എന്ന പുസ്തകത്തിലൂടെ നടത്തുന്നത്. വൈകാരികതലം മടങ്ങുമ്പോള്‍ കാലഹരണപ്പെടാനിടയുള്ള ഒരു ഓര്‍മ്മപ്പുസ്തകമാകാതെ, ബിനുവിന്റെ കവിതകളുടെ വിവിധ ദിശകളില്‍ നിന്നുള്ള ഗൗരവമായ പഠനങ്ങള്‍ ഉള്‍പ്പെടുത്തി ഇങ്ങനെയൊന്ന് പ്രസിദ്ധീകരിക്കുന്നത് ബോധപൂര്‍വമാണ്. ക്യുവൈവ് ടെക്സ്റ്റിന്റെ പ്രസാധകനായ പ്രകാശ് രാമദാസും ഞാനും പലപ്പോഴായി നടത്തിയ ചര്‍ച്ചകളുടെയും പരിശ്രമങ്ങളുടെയും ഫലപ്രാപ്തിയാണ് ‘എല്ലാ ഋതുക്കളുടെയും കവി’ എന്ന പുസ്തകം.

മലയാളത്തിന്റെ പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ആര്‍ദ്രമായ നാലുവരി കവിതയിലൂടെയും ശ്രദ്ധേയമായ കുറിപ്പിലൂടെയും ബിനുവിനോടും ബിനുവിന്റെ കവിതകളോടുമുള്ള അടുപ്പവും സ്‌നേഹവും വെളിപ്പെടുത്തുന്നു എന്നത് ഈ പുസ്തകത്തെ ധന്യമാക്കുന്നു.
‘ഓര്‍ക്കാപ്പുറത്തു രാത്രിയായെന്നും
അവനെ കാണാതായെന്നും
ഇരുട്ടില്‍ എവിടെയോനിന്ന്
പുലിയുടെ മുരള്‍ച്ചയോടൊപ്പം
അവന്റെ ഓടക്കുഴലും മുഴങ്ങുന്നുവെന്ന്’
ചുള്ളിക്കാട് എഴുതുന്നു.
മലയാളകവിതയിലെ അനന്യവും അത്യപൂര്‍വവുമായ കാഴ്ചയായി ബിനുവിന്റെ കവിതകള്‍ എക്കാലവും നിലനില്‍ക്കുമെന്നും, കവിതയെന്ന നീതിബോധത്തെ, ജനാധിപത്യത്തെ പുതുകവിതയിലൂടെ ഊട്ടിയുറപ്പിക്കാന്‍ ബിനുവിന്റെ ഇടപെടലുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും നിരൂപകനായ ഡോ. പി.ആര്‍. ജയശീലന്‍ എഴുതുന്നു. സവര്‍ണ്ണാധികാരം നിര്‍ണ്ണായകമായ സാഹിത്യത്തിലെ ആധുനികതയോടുള്ള പ്രതിഷേധവും, കീഴാള / ദലിതെഴുത്തുകളിലെ അനാരോഗ്യ പ്രവണതകളോടുള്ള ആത്മവിമര്‍ശവുമായിരുന്നു ബിനു കവിതകളിലൂടെ നിര്‍വഹിച്ചിരുന്നതെന്ന് എഴുത്തുകാരനായ വി.വി. സ്വാമി സൂചിപ്പിക്കുന്നു. അടിയാള മനുഷ്യ ജീവിതക്കാഴ്ചകളില്‍നിന്ന് ആരംഭിക്കുകയും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും സങ്കീര്‍ണ്ണതകളിലേക്ക് വായനക്കാരെ നയിക്കുകയുമാണ് ബിനുവിന്റെ കവിതകള്‍ ചെയ്യുന്നതെന്ന് എഴുത്തുകാരനായ വി. മുസഫര്‍ അഹമ്മദ് രേഖപ്പെടുത്തുന്നു. അലഞ്ഞലഞ്ഞു കൊണ്ടേയിരിക്കുന്ന ഒരു സഞ്ചാരി അവതരിപ്പിക്കുന്ന സാക്ഷ്യകവിതകളാണ് (Witnessing Poetry) ബിനുവിന്റെതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ബിനുവിനെ ‘മേദുരശ്യാമകായനായ കവിമിത്രം’ എന്നാണ് നിരൂപകനായ സജയ് കെ.വി. വിശേഷിപ്പിക്കുന്നത്. പറക്കലിനായുള്ള ആഗ്രഹം ബിനുവിന്റെ കവിതകളുടെ ഉള്ളുരയാണെന്നും, അവയെ ചിത്രപ്പെടുത്താനുള്ള നിറങ്ങള്‍ കവിതയില്‍തിരയുകയാണ് ബിനുവെന്നും സജയ് തുടരുന്നു. കവിതയില്‍ മാത്രമല്ല ബിനു ജീവിക്കുന്നത്. മുളന്തണ്ടിലെ നേര്‍ത്ത സംഗീതത്തിലും ലോകസിനിമയുടെ മൈതാനങ്ങളിലും അയാള്‍ അലഞ്ഞുനടക്കുന്നു. അയാള്‍ വായിക്കുമ്പോള്‍ ചിലപ്പോള്‍ ഭാഷയുടെ അദൃശ്യതയില്‍ അപരിചിതമായ ഗന്ധങ്ങള്‍ പരക്കുന്നുവെന്ന് കവി ഡോ.രോഷ്‌നി സ്വപ്ന എഴുതുന്നു. തിരസ്‌കൃതരായ മനുഷ്യര്‍ തങ്ങളുടെ ഉടലിനെയും മണ്ണിനെയും വേര്‍പിരിക്കാനാവാതെ ഭൂമിയിലൂടെ നിശബ്ദം കടന്നുപോകുന്നത് രേഖപ്പെടുത്താനുള്ള ശ്രമമാണ് ബിനു കവിതകളില്‍ ചെയ്യുന്നതെന്ന് നോവലിസ്റ്റ് അജയ് പി. മങ്ങാട് അഭിപ്രായപ്പെടുന്നു.

പ്രാദേശികതയും ജൈവപ്രകൃതിയുടെ സൂക്ഷ്മാവിഷ്‌കാരവും പരിയമ്പുറങ്ങളുടെ മൂകതയും പുറന്തള്ളലും ശക്തമായി ആവിഷ്‌കരിക്കുന്ന കവിതകളിലൂടെ ബിനു കുട്ടനാടിനെയും തിരുവിതാംകൂറിനെയും കുറിച്ചുള്ള ഫ്യൂഡല്‍ ഗൃഹാതുര പ്രബലാഖ്യാനങ്ങളെ അലോസരപ്പെടുത്തിയെന്ന് അധ്യാപകനായ അജയ് ശേഖര്‍ എഴുതുന്നു. നിറം, ശബ്ദം, ആശയം, വസ്തുവിവരണം എന്നിങ്ങനെ ഭാഷകൊണ്ട് തീര്‍ക്കുന്ന ഒരു പ്രത്യേക മാന്ത്രികത ബിനുവിന്റെ രചനകളിലുണ്ടെന്ന് കവി എം.ബി. മനോജ് അഭിപ്രായപ്പെടുന്നു. ഹിംസാത്മക ലോകത്തെ വിവരിക്കാന്‍ ഹിംസാത്മകഭാഷയെ മാര്‍ഗ്ഗമായി മാത്രം ഉപയോഗിച്ച കവിയായിരുന്നു ബിനുവെന്ന് മനോജ് കൂട്ടിച്ചേര്‍ക്കുന്നു. അധീശമായ ലാവണ്യബോധം സൃഷ്ടിച്ചെടുത്ത സാഹിത്യചരിത്രത്തോടും രചനാസങ്കേതങ്ങളോടും സവിശേഷമായി കലഹിച്ചുകൊണ്ടാണ് ബിനുവിന്റെ കവിതകള്‍ സഞ്ചരിക്കുന്നതെന്നും, എന്നാല്‍ സഹോദര കവികളില്‍നിന്ന് അകന്നുമാറി തങ്ങളുടെ പൂര്‍വികരുടെ ചരിത്രവും അതിജീവനശ്രമങ്ങളും അടയാളപ്പെടുത്താനാണ് ബിനു ശ്രമിച്ചതെന്നും അധ്യാപകനായ സുരേഷ് പി.എസ്. കുറിയ്ക്കുന്നു.

നിറങ്ങളെയും കാഴ്ചകളെയും കവിത കെട്ടാനുള്ള നൂലായി കണ്ട കവി, കാവ്യജീവിതത്തിലുടനീളം ഇമേജുകളെ ധ്യാനിച്ച കവി, കാഴ്ചകളെ വാഗ്മയപ്പെടുത്തിയ കവി, ഭാഷയില്‍ ആദിദ്രാവിഡഗോത്ര തന്മയുടെ ചൂട്ടുകത്തിച്ച കവി, കവിതകളില്‍ ലാന്‍ഡ്‌സ്‌കേപ്പുകളാല്‍ കലയുടെയും ജീവിതത്തിന്റെയും സൂക്ഷമായ വെളിപാടുകള്‍ നിറച്ച കവി, എന്നിങ്ങനെ കവിയും ചിത്രകാരനുമായ സുധീഷ് കോട്ടേമ്പ്രം ബിനുനെ വിശേഷിപ്പിക്കുന്നു. തീഷ്ണമായതും ഏറെ തിരഞ്ഞാലും കാണാനാകാത്തതുമായ ജീവിതപരിസരങ്ങളാണ് ബിനുവിന്റെ കവിതകള്‍ പ്രതിനിധാനം ചെയ്യുന്നതെന്നും, വാക്കുകളെ കേവലമായി ചേര്‍ത്തുവെക്കുന്നതിന് പകരം സൂക്ഷ്മമായി യഥാസ്ഥാനത്ത് ഉറപ്പിച്ചുനിര്‍ത്തുകയാണെന്നും കവി ഇന്ദുലേഖ കെ. എഴുതുന്നു. കവിതയിലെ പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളായും, കാണലില്‍നിന്ന് രൂപമെടുക്കുന്ന ഇരുണ്ട തിളക്കമുള്ള കാവ്യഭാഷയായും, വായിക്കുംതോറും അനേകം അടരുകള്‍ വെളിപ്പെട്ടുവരുന്ന രാഷ്ട്രീയ ഉള്ളടക്കമുള്ള എഴുത്തുകളായും കവി എസ്. കലേഷ് ബിനുവിനെ അടയാളപ്പെടുത്തുന്നു.

പുതുകവിതയ്ക്കകത്ത് അടിത്തട്ട് മനുഷ്യരുടെ ഇരുണ്ട ഇടങ്ങളെ പ്രവേശിപ്പിക്കുകയും മലയാള കവിതയുടെ വരേണ്യമായ ശീലുകള്‍ക്കും ശീലങ്ങള്‍ക്കുംമേല്‍ ഇടര്‍ച്ചകളും കലര്‍പ്പുകളും ഉണ്ടാക്കുകയും ചെയ്ത കവികളില്‍ പ്രധാനിയാണ് ബിനുവെന്ന് എഴുത്തുകാരിയായ കലാചന്ദ്രന്‍ രേഖപ്പെടുത്തുന്നു. ബിനുവിന്റെ കവിതകളിലെ മനുഷ്യരെയും മരണങ്ങളെയും പ്രത്യേകം വായിച്ചെടുക്കുകയാണ് കഥാകൃത്ത് പ്രിന്‍സ് അയ്മനം തന്റെ കുറിപ്പിലൂടെ. ഒപ്പം ജീവിതത്തേക്കാളേറെ മരണങ്ങളെ നിര്‍ണയിക്കുന്നതില്‍ ബിനുവിന്റെ കവിതകളില്‍ സ്ഥലരാശി വഹിച്ച പങ്കിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. കറുത്തവരായി പൊതുസമൂഹം നിലനിര്‍ത്താന്‍ ആഗ്രഹിച്ചിരുന്ന മനുഷ്യരുടെ ഭൂതവര്‍ത്തമാനകാലങ്ങളുടെ സവിശേഷ ഭൂപടം തീര്‍ക്കാനാണ് തന്റെ കവിതകളിലൂടെ ബിനു ശ്രമിച്ചിരുന്നതെന്ന് ഗവേഷകനായ ടിനോ ഗ്രേസ് തോമസ് നിരീക്ഷിക്കുന്നു. കൃത്യമായ ലക്ഷ്യബോധമുള്ള ചിത്രഭാഷ സ്വായത്തമായ കവിയായിരുന്നു ബിനുവെന്ന് അടിവരയിടുകയും ചെയ്യുന്നു.
മലയാള കവിതയില്‍ വ്യത്യസ്തമായ ദേശവും ഭാവുകത്വവും ഇമേജറികളും അടയാളപ്പെടുത്തിയ കവിയായിരുന്നു ബിനു. രണ്ടായിരത്തിനുശേഷം പുതുമലയാളകവിത കൈവരിച്ച ജനാധിപത്യപരവും നൈതികവുമായ വെളിച്ചത്തില്‍ ബിനുവിന്റെ ഇടപെടലുകള്‍ക്ക് നിര്‍ണ്ണായക പങ്കാണുള്ളത്. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ബിനു കവിതകള്‍എഴുതുന്നുണ്ടെങ്കിലും രണ്ടായിരത്തിന്റെ പകുതിയോടെ മാധ്യമം ആഴ്ചപ്പതിപ്പില്‍ കവിതകള്‍ തുടര്‍ച്ചയായി വന്നുതുടങ്ങുന്നതോടെയാണ് മുഖ്യധാരയുടെ ശ്രദ്ധ ബിനുവിന് കിട്ടിത്തുടങ്ങുന്നത്. തുടര്‍ന്ന് 2009- ല്‍ ആദ്യസമാഹാരമായ ‘പാലറ്റ്’ ഫേബിയനും, 2013- ല്‍ രണ്ടാമത്തെ സമാഹാരമായ ‘അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍’ ഡി.സി ബുക്‌സും പ്രസിദ്ധീകരിച്ചു. ‘കുയില്‍ കുടി’ എന്ന മൂന്നാമത്തെ സമാഹാരം ഇറങ്ങാനിരിക്കെയാണ് ബിനുവിന്റെ ആകസ്മിക വേര്‍പാട്.
എം.ജി., കേരള, മദ്രാസ് സര്‍വകലാശാലകള്‍ ബിനുവിന്റെ കവിതകള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘Writing in the Dark’ (2008) എന്ന സമാഹാരത്തിലും, ‘The Oxford India Anthology of Malayalam Dalit Writing’ (2011) എന്ന ഗ്രന്ഥത്തിലും ബിനുവിന്റെ കവിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മികച്ച ഒറ്റക്കവിതയ്ക്കുള്ള 2022- ലെ മതിലകം കനിവ് പുരസ്‌കാരം ബിനുവിന്റെ ‘പാലുവം പെണ്ണ്’ എന്ന ദീര്‍ഘകവിതയ്ക്കാണ് ലഭിച്ചത്.

അസാധ്യകവിയായ ബിനു മറ്റ് പലതും കൂടിയായിരുന്നു. പുല്ലാങ്കുഴല്‍ വാദകനും, ചിത്രകല, സംഗീതം, സിനിമ തുടങ്ങിയ കലകളില്‍ സവിശേഷമായ അറിവുള്ള വ്യക്തിയുമായിരുന്നു. മനസിന്റെ അടിത്തട്ടിനെ തൊടുന്ന ഓര്‍മ്മക്കുറിപ്പുകളും യാത്രാക്കുറിപ്പുകളും, ലേഖനങ്ങളും ബിനു എഴുതിയിരുന്നു. ഗദ്യത്തിലുള്ള ഇടപെടലുകളുടെ ഉദാഹരണമെന്ന നിലയ്ക്ക് ഈ പുസ്തകത്തിന്റെ ഒടുക്കം അനുബന്ധമായി ബിനുവിന്റെ രണ്ടുകുറിപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യത്തേത് കെ.വി. സുരേഷ് കുമാറിന്റെ ‘ദൈവത്തിന് വംശനാശം’ എന്ന നോവലിനെഴുതിയ ആമുഖമാണ്. ഈ ആമുഖത്തിലൂടെ നോവലും നോവലിസ്റ്റും മാത്രമല്ല വെളിപ്പെട്ടത്. കവിയും കലാകാരനും കലാസ്വാദകനുമായി ബിനു രൂപപ്പെട്ടതിന്റെ നാള്‍വഴികള്‍ കൂടിയായിരുന്നു. ഒപ്പം തന്റെ സാമൂഹിക-രാഷ്ട്രീയ അവബോധത്തിലും, സൗന്ദര്യശാസ്ത്ര വീക്ഷണത്തിലും, ഭാവുകത്വ നിര്‍മിതിയിലും കാലാനുസൃതമായുണ്ടായ പരിണാമങ്ങളും ബിനു അടയാളപ്പെടുത്തുന്നു. രണ്ടാമത്തെ കുറിപ്പ് ‘വറ്റിപ്പോയ അച്ചന്‍കോവിലാറും പാലമരവും പരുന്തിന്റെ മൂന്ന് മുട്ടകളും’ എന്ന പുഴയനുഭവമാണ്. 2019- ലെ സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഈ അനുഭവക്കുറിപ്പും ബിനുവിനെ രൂപപ്പെടുത്തിയ പ്രാദേശിക തനിമകളുടെയും സവിശേഷ പരിസരങ്ങളുടെയും നേര്‍ച്ചിത്രമാകുന്നുണ്ട്.