ഉള്ള്​ പരതുന്ന കവിത

ജസ്റ്റിന്‍ പി. ജയിംസിന്റെ കവിതകളുടെ വായന

വിതകളും അവ നിര്‍മിക്കുന്ന കാവ്യപാഠവും (അങ്ങനെയൊന്നുണ്ടെങ്കില്‍) പല മട്ടിലാണ് നിര്‍വചിക്കപ്പെടുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും. പ്രണയമെന്നും പ്രതീക്ഷയെന്നും ഭ്രാന്തെന്നും ഭ്രമകല്‍പ്പനയെന്നും വിലാപമെന്നും വിനോദമെന്നും ധ്യാനമെന്നും ധിക്കാരമെന്നും ചിന്തയെന്നും ചിതറലെന്നും മൗനമെന്നും അട്ടഹാസമെന്നും സാധാരണമെന്നും അസാധാരണമെന്നും സമഗ്രമെന്നും സംക്ഷിപ്തമെന്നും സാഹിത്യ തല്പരര്‍ നല്‍കിയിട്ടുള്ള വിശേഷണങ്ങള്‍ പലതാണ്. ഭാഷയുടെ വിനിമയ സാധ്യതകളെ, അവയുടെ മൂര്‍ച്ചയോടെ ഓരോ കവിയും ഉപയോഗിക്കുന്നു. ലോകവ്യവഹാരങ്ങളോടും തന്നോടുതന്നെയും ഒരാള്‍ നടത്തുന്ന സത്യസന്ധവും സംവാദാത്മകവുമായ ഇടപെടലായി കവിത മാറുന്നു.

ഇവിടെ, ഒരു ഭാഷയിലെ വാക്കുകള്‍, അവയ്ക്ക് നല്‍കപ്പെട്ടിരിക്കുന്ന സവിശേഷാര്‍ത്ഥങ്ങളില്‍ നിന്നും കുതറിയോടാന്‍ വെമ്പുന്ന വായനാനുഭവമാണ് ജസ്റ്റിന്‍ പി. ജയിംസിന്റെ കവിതകള്‍ പകരുന്നത്. ചലനാത്മകമായ പരിസരം ഈ കവിതകളെ നൃത്തസന്നിഭമായൊരു ധ്യാനദീപ്തിയിലേയ്ക്ക് പുതുക്കുന്നു. ഒരേ സമയം ഭയപ്പെടുത്തുകയും മോഹിപ്പിക്കുകയും ചെയ്യുന്ന സൗന്ദര്യത്തെ ഇവ അഭിവാദ്യം ചെയ്യുന്നു.

കാണുന്ന കാഴ്ചകളിലും കേള്‍ക്കുന്ന ശബ്ദങ്ങളിലും അനുഭവിക്കുന്ന സ്പര്‍ശത്തിലും ശ്വസിക്കുന്ന ഗന്ധത്തിലും രുചിക്കുന്ന സ്വാദിലും ഇയാള്‍ സൂക്ഷ്മമാപിനി ഉപയോഗിച്ചുകൊണ്ട് കവിത അന്വേഷിക്കുന്നു.

‘രൂപാന്തരീകരണം അഥവാ ഡിഫറാന്‍സ് എന്നു പേരായ കവിത’ നോക്കൂ.

ഞായറുച്ചയുടെ ആലസ്യത്തില്‍
വെറുതെ അല്പനേരം കിടക്കാനൊരുങ്ങവെ
വെയിലിലുണ്ടോ
കുഞ്ഞു പൂച്ചപോലൊരു കവിതയെന്ന്
ഉള്ള് പരതുകയായിരുന്നു.

ഈ പരതലാണ് ജസ്റ്റിന്റെ കവിതകളുടെ സജീവത. കവിത കണ്ടെത്തിയാലോ, ‘സ്വകാര്യം’ എന്ന കവിതയിലെ,

ഞാനിന്നും
പാത്തുവെച്ചിട്ടുണ്ട്
കുളിമുറിയില്‍
പല നെറമുള്ള
സോപ്പുബാക്കികള്‍
ഒളിപ്പിക്കാനൊരു
പൊട്ടിയ കപ്പ്
എന്ന് സമാനചിത്തരെ ഹൃദയപൂര്‍വ്വം സംഭാഷണങ്ങള്‍ക്കായി ക്ഷണിക്കുന്നു. അതിജീവന സ്വഭാവമുള്ള രൂപകങ്ങള്‍ തിരയുമ്പോഴും അതേക്കുറിച്ചുള്ള ഉത്കണ്ഠകളും ഉപേക്ഷകളും കവിതയെ ഭരിക്കുന്നു. മരണം നിരാകരിക്കാനാകാത്ത ബോധ്യവും പ്രചോദനവുമായി ജസ്റ്റിന്റെ കവിതകളില്‍ അടയാളപ്പെടുന്നുണ്ട്. ആ യാഥാര്‍ഥ്യത്തെക്കുറിച്ച് ‘കണ്ടാല്‍ മിണ്ടണ്ട’ എന്ന കവിത വായനക്കാരന് മുന്നറിയിപ്പ് നല്‍കുന്നതിങ്ങനെയാണ്.

പാലം കേറുമ്പോ
പഴയൊരു
പച്ച റാലി സൈക്കിള്‍
തന്നത്താന്‍
വേച്ചുവേച്ച്
നടക്കുന്നത് കണ്ടാല്‍
നിങ്ങളതിനെ പിടിച്ചുനിര്‍ത്തി
കാര്യമന്വേഷിക്കാമ്പോകരുത്.
കൈവരിയില്‍
ചാരി നിര്‍ത്തി
പുഴയില്‍ ചാടിയ
ഉടമസ്ഥന്‍
ഇനിയും തിരിച്ചുവരാത്ത
സങ്കടത്തിലാണത്.
നിഗൂഢവും സങ്കീര്‍ണവുമായ ജീവിതാവസ്ഥകളെ അനാവരണം ചെയ്യാന്‍ കവിത വ്യഗ്രതപ്പെടുന്നതിനൊപ്പം രക്ഷാമാര്‍ഗ്ഗത്തെക്കുറിച്ച് നിസ്സഹായമായിട്ടെങ്കിലും ജാഗ്രത കാണിക്കുന്നതിന് വേറേയും ഉദാഹരണങ്ങള്‍ ഈ സമാഹാരത്തില്‍ കണ്ടെത്താനാകും.

ജീവിതമരണങ്ങള്‍
രണ്ട് 'പോക്ക്' കേസുകളാണ്
എന്ന് നിസ്സംശയം ‘പോക്ക്’ എന്ന കവിത സാക്ഷ്യപ്പെടുത്തുന്നു.

സ്ത്രീകളുടെ തിരസ്‌കൃതമായ ആന്തരികലോകത്തെ വരയ്ക്കുകയാണ് ‘അവള്'. നിറയെ ആണിക്കുഴികളുള്ള പരുക്കന്‍ ചുവരില്‍ തൂക്കിയിട്ട വാച്ചിന് ചുറ്റുമാണ് ‘അവള്’ ‘മൊകങ്ങള്‍’ വരയ്ക്കുന്നത്.

അവള് വരയ്ക്കാഞ്ഞാല്
ആ മുറിക്ക്
മേല്‍ക്കൂരയില്ല
എന്ന് കവിത പറയുന്നു.

ഒപ്പം,

ഓര്‍ക്കാപ്പൊറത്ത്
ഒരു പക്ഷേ
മൊളപൊട്ടാമവള്
നിങ്ങടെ മുറീലും
എന്ന് ഓര്‍മിപ്പിക്കുന്നു.

സ്ത്രീയുടെ ആത്മബോധത്തെ പ്രകൃതി, കാലം, സഹാനുഭൂതി, കാരുണ്യം, സ്‌നേഹം, പ്രതിരോധം എന്നിവയോട് ചേര്‍ത്തു വായിക്കൂ എന്ന് ഈ കവിത ആവശ്യപ്പെടുന്നു.

ജസ്റ്റിന്‍ പി. ജയിംസ്
ജസ്റ്റിന്‍ പി. ജയിംസ്

ഒരേസമയം തീര്‍ച്ചയിലേയ്ക്കും സന്ദേഹങ്ങളിലേയ്ക്കും തുറന്നുവച്ച ഇടമാണ് കവിത. നിയന്ത്രണങ്ങളില്ലാതെ ആര്‍ക്കും പെരുമാറാം. വന്നു പോകാം. അടയാളങ്ങള്‍ സൃഷ്ടിക്കാം. അതിന് അതിരില്ലാത്ത ഭാവന വേണ്ടി വന്നേക്കും. സ്വാതന്ത്ര്യം, പാരതന്ത്ര്യം, നീതി, അനീതി, സ്ഥലം, കാലം, ഉണ്മ, നിദ്ര, അറിവ്, അജ്ഞത എന്നിങ്ങനെ അനേകം കാര്യങ്ങള്‍ കവിതയിലേയ്ക്ക് വരുന്നു. ചിലപ്പോഴെങ്കിലും അവ വിപരീതാര്‍ത്ഥങ്ങളിലേയ്ക്ക് മോചിപ്പിക്കപ്പെടുന്നു.

പാഷന്‍ ഫ്രൂട്ട് എന്ന കവിത അത്തരമൊരു തുറസ്സാണ്.

ഫ്ലാഷ്​ബാക്കില്‍ അപ്പാപ്പന്‍,
നേരംവെളുത്താ വയ്യോളം
ഒരേയിരുപ്പാണ്
മുറ്റത്തെ പാഷന്‍ ഫ്രൂട്ട്
പന്തലിലേക്കും നോക്കി.
വികൃതികള്‍ തല്ലിക്കൊഴിച്ച
പാഷന്‍ ഫ്രൂട്ട് വള്ളികണക്ക്
തിണ്ണയില്‍.
എന്ന് വായിക്കുമ്പോള്‍ കവിത ഏകാന്തവും വിരസവുമായ വാര്‍ദ്ധക്യത്തെ വൃഥാ നോക്കി നില്‍ക്കുകയാണ്.

പക്ഷേ, ‘മരിച്ചതില്‍പ്പിന്നെയാണ് അപ്പാപ്പനിങ്ങനെ’ എന്നോര്‍ക്കുമ്പോള്‍ ആഖ്യാനകേന്ദ്രത്തിന്റെ ഭൗതികയാഥാര്‍ഥ്യങ്ങള്‍ക്ക് ഉലച്ചില്‍ സംഭവിക്കുന്നു. മരണം ഒറ്റച്ചവിട്ടിന് ആത്മീയമായ ആദര്‍ശങ്ങളുടെ വാതില്‍ തുറക്കുന്നു. ഭാഷയില്‍ കവിതയുടെ ഇടം കൂടുതല്‍ തുറന്നതാകുന്നു.

നിറങ്ങള്‍ക്ക് ജസ്റ്റിന്‍ നല്‍കുന്ന അര്‍ത്ഥ വ്യാപ്തി ലളിതവും അഗാധവും പ്രാഥമികവുമാണ്. ഒരു കവിതയില്‍, ‘കടുംനീല സ്വാതന്ത്ര്യത്തിന്റെ നിറമാണ്’ എന്ന് ജസ്റ്റിന്‍ കുറിയ്ക്കുന്നു. ‘ചോരനെറമുള്ള മണ്ണിന്റെ കുഴിമാടം’, ‘എല്ലാ പകലും അപഹരിക്കുന്ന പച്ച’ എന്നിങ്ങനെയും ചില കവിതകളിലുണ്ട്.

നിലവിലെ രാഷ്ട്രീയവ്യവസ്ഥയ്ക്കുള്ളില്‍ കിടപ്പാടം നഷ്‌പ്പെടുന്നവര്‍ എന്നല്ല, രാജ്യം തന്നെ നഷ്ടമായവരെയാണ് ഈ കവി അടയാളപ്പെടുത്തുന്നത്. ഒരുനാള്‍ പൊടുന്നനെയങ്ങ് മാഞ്ഞുപോകുന്ന സ്ഥലവും മനുഷ്യരും ചരിത്രം ഏതു യുക്തിയാലാണ് രേഖപ്പെടുത്തുക എന്ന ചോദ്യം കവിതയില്‍ ഉയരുന്നു.

ഇല്ലാതാകുന്ന സ്വപരിസരത്തെ ഓര്‍മ്മയില്‍ വീണ്ടെടുക്കാനും കടന്നു കയറ്റങ്ങളെ ഭാഷകൊണ്ട് പ്രതിരോധിക്കാനുമുള്ള ശ്രമം ‘എലിപ്പെയ്ത്ത്’ എന്ന കവിതയില്‍ കാണാം:

ഭൂപടച്ചാര്‍ട്ട് നിവര്‍ത്തീപ്പോ
ഇന്ത്യയില്ല
ഇന്ത്യന്‍ തുള മിച്ചം.
ഇന്ത്യന്‍ മുറിവിലൂടെ
താഴേക്കു നോക്കിയപ്പോ
അലമാരക്കടീന്ന്
എലി വന്നെത്തിനോക്കി.
‘നടന്നുനടന്ന്
കാലൊടിഞ്ഞൂ മാഷെ
വെശപ്പിനു പണ്ടേ കണ്ണും
മൂക്കുമൊന്നും ഇല്ലല്ലോ
ഒരു ഭൂപടമല്ലേ സാരോല്ല
ഇന്ത്യേടെ തരിപോലും
നമ്മക്കൊന്നും കിട്ടില്ലല്ലോ’

ഈ വിധമാണ് പരിഹാസദ്യോതകമായ ആ ലാവണ്യയുക്തി.

‘ജീവിതത്തിന്റെ പരപ്പ് ഭൂമിയുടെ
ആഴംകൊണ്ടളക്കണം’, ‘മരണത്തിന്റെ പരപ്പ് ആകാശത്തിന്റെ ആഴംകൊണ്ടളക്കണം’ എന്നെല്ലാം പറയുമ്പോഴും,

ആകാശമൊരു തോന്നലെന്ന്
വീറുകാട്ടും ശാസ്ത്രം.
മരണമൊരു മായയെന്ന്
മതം പൊട്ടും
എന്ന്, ഇഹത്തിലും പരത്തിലും ഗതികിട്ടാതെ മനുഷ്യര്‍ഈ കവിതകളില്‍ സന്ദേഹികളായി തുടരുന്നു.

പെന്‍സിലെഴുത്തുകള്‍-
പോലാണു
ചില
വീണ്ടുവിചാരങ്ങള്‍.
പെന്‍സിലുകൊണ്ടെ-
ഴുതുകയും
പെന്‍സിലുകൊണ്ട്
തിരുത്തുകയും
ശേഷം,
- ‘തിരുത്ത്’ മാത്രം
മായ്ക്കാനൊരു ശ്രമവും!
എന്നാണ് ‘തിരുത്തേണ്ടതില്ല’ എന്ന കവിത ജീവിതത്തിനു നല്‍കുന്ന വ്യാഖ്യാനം.

പ്രകൃതിയും അവയിലെ ഋതുഭേദങ്ങളും മനുഷ്യര്‍ സൂക്ഷിക്കുന്ന ഓര്‍മകളും മറ്റിതര ജീവികളും ഇടകലരുമ്പോള്‍ സംഭവിക്കുന്ന നിറം മാറ്റമാണ് ഈ കവിതകളുടെ ജീവന്‍. സമകാലീന കവിതകളോട് അവ ചേര്‍ന്നു നില്‍ക്കുന്നു. സ്വയം നവീകരിക്കാനുള്ള സ്വഭാവമാണ് വായനക്കാരന് അവയിലുള്ള പ്രതീക്ഷ.

ജസ്റ്റിന്റെ വരികള്‍ തന്നെ എഴുതി ഈ കുറിപ്പ് അവസാനിപ്പിയ്ക്കട്ടെ:

കവിയുടെ പരപ്പിനെ
കവിതയുടെ
ആഴംകൊണ്ടളക്കണം.
അതില്‍
വീണുപോകുന്നവര്‍ക്ക്
ഒരു കൈ സഹായമായി
ഞാനിവിടിരിക്കുന്നു.

ഇതില്‍ ‘ഞാന്‍’ ‘എന്നെ’യും ‘നിന്നെ’യും അന്വേഷിക്കുന്ന ‘ഞാന്‍’ ആണ്.

Comments