വില്യം വേഡ്‌സ്‌വർത്ത് / Portrait by H. W. Pickersgill, Wikimedia Commons

വാക്കിന്റെ വില അഥവാ വേഡ്‌സ്‌ വർത്ത്

കോവിഡ്കാലത്ത് വേഡ്‌സ്‌വർത്തിനെ വീണ്ടും വായിക്കുമ്പോൾ

നിയൊരിക്കലും നമുക്ക് കാണാനോ അനുഭവിക്കാനോ കഴിയുമെന്ന് കരുതിയിട്ടില്ലായിരുന്ന തെളിഞ്ഞ ആകാശവും മലിനീകരണമുക്തമായ ജലസ്രോതസ്സുകളും ഈ മഹാമാരിക്കാലത്ത് സാധ്യമായി എന്നത് ഭൂമിയുടെ നിലനിൽപിനെക്കുറിച്ച് ആകുലപ്പെടുന്ന മുഴുവൻ മനുഷ്യരെയും മഹാമാരിയുടെ വ്യഥകൾക്കിടയിലും അകമേ സന്തോഷിപ്പിച്ചിരിക്കും.

സാഹിത്യാവിഷ്‌കാരങ്ങളിലും ഭാവികാല സിദ്ധാന്തരൂപീകരണത്തിലും നമ്മെ ഇന്ന് ഗ്രസിച്ചിരിക്കുന്ന ഈ മഹാമാരി പ്രകടമായ സ്വാധീനം ചെലുത്തുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇരുന്നൂറിലേറെ വർഷങ്ങൾക്കുമുമ്പേ, പ്രവചന സ്വഭാവത്തോടെ, മനുഷ്യപ്രവൃത്തിയുടെ ഫലം എന്താകും എന്ന ആശങ്ക പ്രകടിപ്പിച്ച കവിയാണ് വില്യം വേഡ്‌സ്‌വർത്ത്. വ്യാവസായിക വിപ്ലവത്തിന്റെയും മുതലാളിത്തത്തിന്റെയും പ്രാരംഭകാലത്തുതന്നെ ക്രാന്തദർശിയായ കവി ഈ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കവിയുടെ വാക്കിന്റെ വില നമ്മൾ തിരിച്ചറിയാതെ പോയി എന്ന തോന്നലാണ് വേഡ്‌സ്‌വർത്തിന്റെ കവിതകൾ വീണ്ടും വായിക്കാനെടുക്കുന്നവരിൽ സൃഷ്ടിക്കുന്നത്.

ലൈൻസ് റിട്ടൺ ഇൻ ഏർളി സ്​പ്രിങ്​

1798 ൽ പ്രസിദ്ധീകരിച്ച, കാൽപനിക കവിതയുടെ മാനിഫെസ്റ്റോയായി കണക്കാക്കുന്ന കാവ്യസമാഹാരമായ ‘ലിറിക്കൽ ബാലഡ്‌സിൽ' ഉൾപ്പെട്ട ലൈൻസ് റിട്ടൺ ഇൻ ഏർളി സ്​പ്രിങ്​ എന്ന കവിതയിൽ അദ്ദേഹം ദീർഘദർശനം ചെയ്യുന്നത് കാണുക.

I heard a thousand blended notes,While in a grove I sate reclined,In that sweet mood when pleasant thoughtsBring sad thoughts to the mind.To her fair works did Nature linkThe human soul that through me ran;And much it grieved my heart to thinkWhat man has made of man.

കവിതയ്ക്ക് നൽകിയ ശീർഷകത്തിൽ വസന്തഋതുവിന്റെ ആരംഭത്തിലാണ് ഈ കവിത എഴുതുന്നത് എന്ന് കവി വ്യക്തമാക്കിയിരിക്കുന്നു. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ഇംഗ്ലീഷ് ശൈത്യകാലം. മാർച്ചോടെ വസന്തം വരികയായി. ശൈത്യകാലം കഴിഞ്ഞ ഉടനെയാണ് വസന്തകാലം. ഷെല്ലിയുടെ കാവ്യശകലം If Winter comes, can Spring be far behind? ഇവിടെ ഓർക്കാം.

പി.ബി. ഷെല്ലി / Portrait by Alfred Clint

പടിഞ്ഞാറൻ നാടുകളിൽ ശൈത്യം ഒരുതരത്തിൽ മഹാമാരിക്കാലത്ത് നമ്മൾ അനുഭവിച്ച ലോക്ക്ഡൗണിന് തുല്യമാണ്. ആളുകൾ അവരുടെ വീടുകളിൽ അടച്ചിരുന്നു തീ കായും. മഞ്ഞുവീണ് പാതകൾ ഗതാഗതയോഗ്യമല്ലാതാവും. നീരൊഴുക്കുകൾ ഉറഞ്ഞ് നിശ്ചലമാകും. പക്ഷികൾ തണുപ്പുകുറഞ്ഞ നാടുകളിലേക്ക് ദേശാടനം ചെയ്യും. പ്രകൃതി നിശ്ചലവും നിശബ്ദവുമായി മാറും. വസന്തത്തിന്റെ ആരംഭമാസമായ (Early Spring) മാർച്ച് മാസത്തോടെ മഞ്ഞുപാളികൾ വകഞ്ഞുമാറ്റി സൂര്യൻ വീണ്ടും ഉദിക്കും. പാതകളിലെ മഞ്ഞ് ഉരുകിത്തുടങ്ങും, നിശ്ചലതയെ ഭഞ്ജിച്ച് ആളുകളും വാഹനങ്ങളും ചലിക്കാൻ തുടങ്ങും. നീരുറവകൾ അനക്കം വെക്കും. അവയുടെ കളകളാരവം വീണ്ടും ഉയരും. വൃക്ഷങ്ങളിലെ ഇലച്ചാർത്തുകൾ മഞ്ഞുപാളികൾ കുടഞ്ഞുകളഞ്ഞ് കാറ്റിൽ മർമരം തീർക്കും. ദേശാടനം ചെയ്ത പറവകൾ തിരിച്ചെത്തി ഗ്രാമവൃക്ഷങ്ങളിൽ ചേക്കേറി തങ്ങളുടെ കളകൂജനംകൊണ്ട് അന്തരീക്ഷം മുഖരിതമാക്കും. അതുകൊണ്ടാണ് ‘ലൈൻസ് റിട്ടൺ ഇൻ ഏർളി സ്​പ്രിങ്​' എന്ന കവിതയുടെ ആദ്യവരിയായി വേഡ്‌സ്‌വർത്ത് I heard a thousand blended notes, എന്ന് എഴുതുന്നത്.

വസന്താരംഭത്തിലെ കിളിപ്പാട്ടുകളും നീരൊഴുക്കിൻ നാദവും ഇലച്ചാർത്തുകളുടെ മർമ്മരവുമൊക്കെചേർന്ന ആയിരക്കണക്കായ ശബ്ദവീചികൾതീർക്കുന്ന സ്വരലയം ശൈത്യകാലത്തെ ദീർഘ നിശ്ശബ്ദത ഭഞ്ജിക്കുന്നത് നമുക്ക് അനുഭവവേദ്യമാകുന്നു. ‘സോളിറ്ററി റീപ്പർ' എന്ന കവിതയിലും ശൈത്യകാലത്തിന്റെ അന്ത്യവും വസന്തത്തിന്റെ ആരംഭവും കുറിക്കുന്ന കുയിലിന്റെ പാട്ട് നിശ്ശബ്ദതയെ ഭഞ്ജിച്ച് സ്‌കോട്ട്ലാന്റിന്റെ പടിഞ്ഞാറൻ തീരത്തെ വിദൂരദ്വീപായ ഹെബ്രിഡീസിൽ എത്തുന്നതിന്റെ ഹർഷോന്മാദം വേഡ്‌സ്‌വർത്ത് വർണിക്കുന്നുണ്ട്:

A voice so thrilling ne'er was heardIn spring-time from the Cuckoo-bird,Breaking the silence of the seasAmong the farthest Hebrides.

ഋതുസംക്രമണത്തിന്റെ എന്തെന്തുഭാവങ്ങളാണ് ‘ലൈൻസ് റിട്ടൺ ഇൻ ഏർളി സ്​പ്രിങ്​' എന്ന കവിതയുടെ ആദ്യവരിയിൽ ആറ്റിക്കുറുക്കി വച്ചിരിക്കുന്നത് എന്ന് നോക്കൂ! പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങളെ ഇങ്ങനെപിടിച്ചെടുക്കാൻ കഴിയുന്നവരാണ് യഥാർത്ഥ കാൽപനികർ. ‘പ്രപഞ്ച സത്തയുമായുള്ള ഏകത്വമാണ്'

1799-1808 കാലത്ത് വേഡ്‌സ്‌വർത്തും ഭാര്യയും താമസിച്ചിരുന്ന ഇംഗ്ലണ്ടിലെ ഗ്രാസ്മിയർ ഗ്രാമത്തിലെ ഡോവ് കോട്ടേജ്.

കാൽപനികതയുടെ മുഖമുദ്ര എന്ന് ഹൃദയകുമാരി ടീച്ചർ നിരീക്ഷിക്കുന്നുണ്ട്. Romantic Imagination (കാൽപ്പനിക ഭാവന) എന്ന തന്റെ പ്രശസ്ത ഗ്രന്ഥത്തിൽ സി. എം. ബൗറയും ഏതാണ്ട് ഇതേതരത്തിലുള്ള ഒരു നീരീക്ഷണം നടത്തുന്നുണ്ട്: "In nature all the Romantic poets found their initial inspiration. It was not everything to them, but they would have been nothing without it; for through it they found those exalting moments when they passed from sight to vision and pierced, as they thought, to the secrets of the universe.' പ്രകൃതിയുടെ നിതാന്ത വിസ്മയങ്ങളിലേക്കു കടക്കാനുള്ള ദാർശനിക ഔന്നത്യമാണ് ഓരോ പ്രകൃതി ദൃശ്യവും കാല്പനികർക്ക് നൽകുന്നത് എന്ന ഈ നിരീക്ഷണം മഹാമാരിയാനന്തര ജീവിതത്തിലും സാഹിത്യത്തിലും ഏറെ പ്രസക്തമാണ്.

‘ലൈൻസ് റിട്ടൺ ഇൻ ഏർളി സ്​പ്രിങ്​' ​​​​​​​ എന്ന കവിതയിൽ നമ്മൾ കാണുന്ന കവി ഒരു വള്ളിക്കുടിലിൽ വസന്തത്തിന്റെ വരവറിയിക്കുന്ന ശബ്ദങ്ങളുടെ സിംഫണിയിൽ സ്വയം മുഴുകിയിരിക്കുകയാണ്. പ്രകൃതിയിലെ എല്ലാ നല്ല സൃഷ്ടികളിലും മനുഷ്യരുടെ ആത്മാംശം കുടികൊള്ളുന്നു എന്നാണ് കവി കരുതുന്നത്. അതുകൊണ്ടുതന്നെ പ്രകൃതി അതിന്റെ വൈവിധ്യപൂർണവും ചേതോഹരവുമായ കാഴ്ചകളും ശബ്ദങ്ങളും ഗന്ധങ്ങളും രുചികളും സ്പർശങ്ങളും കൊണ്ട് മനുഷ്യരെ വിസ്മയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു. അത്തരം ഒരു ശബ്ദാനുഭവത്തിന്റെ ഊഷ്മളതയിൽ ആണ്ടിരിക്കുമ്പോഴും കവിയുടെ മനസ്സിലേക്ക് ദുഃഖകരമായ ചിന്തകൾ കടന്നുവരികയാണ്. മനുഷ്യർ തങ്ങളോടുതന്നെ ചെയ്യുന്ന കാര്യങ്ങളാണ് കവിയെ

ആകുലനാക്കുന്നത്. And much it grieved my heart to think / What man has made of man. മനുഷ്യർ മനുഷ്യരോട് ചെയ്യുന്ന, കവിയെ ആകുലനാക്കുന്ന, ആ കാര്യങ്ങൾ എന്താണെന്ന് വേഡ്‌സ്‌വർത്ത് പറയുന്നില്ല. മനുഷ്യരോട് സംസാരിക്കുന്ന മറ്റൊരു ഒരു മനുഷ്യൻ മാത്രമാണ് കവി (What is a Poet? He is a man speaking to men) എന്ന ഉയർന്ന ജനാധിപത്യ ബോധം അദ്ദേഹം പുലർത്തുന്നുണ്ട്. എങ്കിലും പ്രകൃതിയിൽ നിന്നകന്ന് ഭൗതിക നേട്ടങ്ങൾക്കും സുഖസൗകര്യങ്ങൾക്കും വേണ്ടി പരക്കം പായുന്ന മനുഷ്യരുടെ പ്രവൃത്തിയെ അദ്ദേഹത്തിന് അംഗീകരിക്കാൻ കഴിയില്ല. തനിക്കുചുറ്റും തുള്ളിച്ചാടുന്ന പക്ഷികളിലും നൃത്തം വെക്കുന്ന പൂക്കളിലും കാറ്റിലിളകുന്ന ഇലകളിലും തുടിച്ചുനിൽക്കുന്ന സന്തോഷം മനുഷ്യർക്ക് മാത്രം അന്യമാവുന്നതെന്തുകൊണ്ട് എന്ന് അദ്ദേഹം സങ്കടപ്പെടുന്നു. നിഷ്‌കളങ്കമായ ആനന്ദം എന്ന പ്രകൃതിയുടെ അടിസ്ഥാന ജീവിതപദ്ധതിയെ മനുഷ്യർ പലകാരണങ്ങളാലും കൈയ്യൊഴിയുന്നു. മനുഷ്യരുടെ ഈ മനോഭാവത്തിൽ ദുഃഖിക്കാൻ തനിക്ക് വേണ്ടത്ര കാരണങ്ങൾ ഇല്ലേ എന്ന ചോദ്യമാണ് കവിതയുടെ അവസാന വരിയിൽ വേഡ്‌സ്‌വർത്ത് ചോദിക്കുന്നത്.

കാല്പനികത നേരിടുന്ന വിമർശനങ്ങൾ

പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളുടെ വരവോടെ കാൽപനിക കവിത വലിയ

ബർട്ടോൾഡ് ബ്രഹ്ത്

വിമർശനങ്ങൾക്ക് വിധേയമായി. പിന്നീടുവന്ന ആധുനികത, ഉത്തരാധുനികത പ്രസ്ഥാനങ്ങളും കാല്പനികതാ വിമർശനത്തിൽ ഒരു മയവും വരുത്തിയില്ല. മനോരാജ്യചാരികളും, പ്രവൃത്തി വിമുഖരും, ദുഃഖോപാസകരും ആയ കാല്പനികർ യാഥാർത്ഥ്യത്തിൽനിന്ന് ഒഴിഞ്ഞു മാറുന്നവരാണെന്നും, ഗൃഹാതുരത മാത്രം വിളമ്പുന്ന കാൽപ്പനിക കവിത ക്രിട്ടിക്കൽ തിങ്കിംഗ് ശേഷി ഇല്ലാതാക്കുമെന്നും, അരാഷ്ട്രീയതയാണ് കാല്പനിക കവിതയുടെ മുഖമുദ്ര എന്നും വിമർശനങ്ങൾ ഉയർന്നു. ഫാസിസം പിടിമുറുക്കിയ ഒരുകാലത്ത് മരത്തെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകൃത്യവും അനീതിയെക്കുറിച്ച് നിശ്ശബ്ദതപാലിക്കലുമാണെന്ന് ബർട്ടോൾഡ് ബ്രഹ്ത് എഴുതി: Ah, what an age it is / When to speak of trees is almost a crime / For it is a kind of silence about injustice!' (Bertolt Brecht, To Posterity- 1939). വേഡ്‌സ്‌വർത്ത് അദ്ദേഹത്തിന്റെ പ്രശസ്തമായ ഇന്റിമേഷൻസ് ഓഡിൽ എഴുതുന്നത് കാണുക:

But there's a tree, of many, one,A single field which I have look'd upon,Both of them speak of something that is gone

ഫ്രഞ്ച് വിപ്ലവം പരാജയപ്പെട്ടപ്പോൾ ഒരു അലിഗറിയായി എഴുതപ്പെട്ട കവിതയാണ് ഇമ്മോർട്ടാലിറ്റി ഓഡ് എന്ന് വില്യം ഹാസ് ലിറ്റിനെ പോലുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെ വരുമ്പോൾ നെപ്പോളിയനും ഫ്രാൻസും ഈ അലിഗറിയിൽ നിന്ന് എടുത്തെഴുതിയ മുകളിലെ വരികളിലും നമുക്ക് കാണാം. സൂക്ഷ്മമായ രാഷ്ട്രീയം തങ്ങളുടെ കവിതകളിൽ സന്നിവേശിപ്പിക്കാൻ കാല്പനികർക്കു കഴിഞ്ഞിട്ടുണ്ടെന്ന് വേണം അനുമാനിക്കാൻ. പ്രത്യക്ഷ രാഷ്ട്രീയ പ്രഖാപനങ്ങളാവണം കവിത എന്ന പുരോഗമന സാഹിത്യ വാദഗതി ഇന്ന് അവർ തന്നെ കയ്യൊഴിഞ്ഞിരിക്കുകയാണല്ലൊ.

ഉത്തരാധുനികർ പ്രകൃതിയിൽ നിന്ന് സ്വന്തം ഉടലിലേക്കും ഉണ്മയിലേക്കും നോട്ടം പായിച്ചുകൊണ്ട് കവിതകൾ രചിച്ചും കാല്പനിക കവിതയ്ക്ക് പാരഡികൾ തീർത്തും മനുഷ്യനും പ്രകൃതിയും വിരുദ്ധദ്വന്ദങ്ങളിലാണെന്ന ധാരണ പ്രബലമാക്കി

ഭാവനയുടെ പട്ടം നിങ്ങൾ എത്ര ഉയരത്തിൽ വേണമെങ്കിലും പറത്തിക്കോളൂ. പട്ടത്തിനൊപ്പം നിങ്ങളുടെ കാലുകൾ ഭൂമിയിൽനിന്നു പൊങ്ങിപ്പോവാതിരിക്കട്ടെ എന്നമട്ടിലുള്ള കളിയാക്കലുകൾ കേരളത്തിലെ കാൽപ്പനിക കവികളും നേരിടേണ്ടി വന്നിട്ടുണ്ട്. തുടുവെള്ളാമ്പൽപ്പൊയ്കയല്ല ജീവിതത്തിന്റെ കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം' (യുഗപരിവർത്തനം) എന്ന മട്ടിലൊക്കെ വൈലോപ്പിള്ളിയെ പോലുള്ള കവികൾ പോലും കാല്പനികതയെ തള്ളിക്കളഞ്ഞിട്ടുണ്ട്. ആധുനികതയുടെ ഘട്ടത്തിൽ കാല്പനികത കവിതയിലെ ഒരു ഫാലസിയായിപ്പോലും പലപ്പോഴും കണക്കാക്കപ്പെട്ടു. ഉത്തരാധുനികർ പ്രകൃതിയിൽ നിന്ന് സ്വന്തം ഉടലിലേക്കും ഉണ്മയിലേക്കും നോട്ടം പായിച്ചുകൊണ്ട് കവിതകൾ രചിച്ചും കാല്പനിക കവിതയ്ക്ക് പാരഡികൾ തീർത്തും മനുഷ്യനും പ്രകൃതിയും വിരുദ്ധദ്വന്ദങ്ങളിലാണെന്ന ധാരണ പ്രബലമാക്കി. ഈ വിമർശനങ്ങൾക്കുള്ള ഒരു പ്രധാനകാരണം കാനോണിക്കൽ ടെക്സ്റ്റുകളായി കൊളോണിയൽ സിലബസിൽ ഇടം പിടിച്ച കാൽപനിക കവിതകൾ തന്നെയായിരുന്നു. കാൽപനിക കവിതയ്ക്ക് പാഠപുസ്തകങ്ങളിൽ ലഭിച്ച പ്രാമാണികത അതിനെതിരായ വിമർശനങ്ങളെയും സൃഷ്ടിച്ചു.

ഇംഗ്ലണ്ടിലെ സാസ്‌കാരിക ഭൂപടത്തിൽ കണ്ടുവരുന്ന സസ്യങ്ങളും വള്ളിച്ചെടികളും കോളനി രാജ്യങ്ങളിലെ പ്രൈമറി ക്ലാസുകളിലുൾപ്പടെ പടർന്നു പന്തലിക്കുകയും അവിടങ്ങളിലെ പറവകൾ അവയിൽ ചേക്കേറുകയും ചെയ്തു. ഡാഫൊഡിലും, പെരിവിങ്കിളും, പ്രിംറോസും, നൈറ്റിങ്കെയിലും, സ്‌കൈലാർക്കും കാല്പനികതയുടെ കാഹളമൂതി കോളനിരാജ്യങ്ങളിലെ ക്ലാസുമുറികളിൽ നിറഞ്ഞുനിന്നു.
സാഹിത്യനിരൂപണം ഉത്തരാധുനിക കാലത്ത് സാഹിത്യ സിദ്ധാന്തങ്ങൾക്ക് വഴിമാറിയതോടെ സാഹിത്യവായന പലതരം സിദ്ധാന്തങ്ങളുടെ പ്രയോഗഭൂമികയായിമാറി. എഴുത്തുകാരന്റെ ഉദ്ദേശ്യം (Authorial Intent) അപ്രസക്തമാവുകയും വായനക്കാരന്റെ വ്യാഖ്യാന സ്വാതന്ത്ര്യത്തിന്​പരിധിയില്ലാതാവുകയും ചെയ്തു. ഡീ കൺസ്ട്രക്ഷനും, ഫെമിനിസവും, മാർക്‌സിസവും, പോസ്റ്റ് കൊളോണിയലിസവും, ക്വീർ സിദ്ധാന്തങ്ങളും സാഹിത്യവായനയിൽ പ്രയോഗിക്കപ്പെട്ടു. കാല്പനിക കവിതകളുടെ വായനയിൽ ഞെട്ടിക്കുന്ന അർത്ഥവ്യതിയാനങ്ങളാണ് ഇതുവഴി സംഭവിച്ചത്.

1798ലെ വില്യം വേഡ്‌സ്‌വർത്ത്. ഈ സമയത്താണ് ആത്മകഥാംശമുള്ള The Prelude എഴുതാൻ തുടങ്ങിയത്. / Portrait by William Shuter

വേഡ്‌സ്‌വർത്തിന്റെ ‘സോളിറ്ററി റീപ്പർ' എന്ന കവിതയിൽ വയലിൽ കൊയ്ത്തുജോലിയിലേർപ്പെട്ട പെൺകുട്ടിയിലേക്ക്​ പുരുഷനോട്ടം (male gaze) പായിക്കുന്ന ഒരാളായി കവിയെ കാണാൻ ഈ വായന സ്വാതന്ത്ര്യം നൽകുന്നു. പ്രവൃത്തിയുടെ മാഹാത്മ്യം വിസ്മരിക്കുകയും പ്രവൃത്തിയുടെ കാഠിന്യം കുറയ്ക്കാനായി പാടുന്ന പാട്ടിൽ മാത്രം കേന്ദ്രീകരിക്കുകയും ചെയ്യുന്ന കവിയുടെ മനോഭാവം പ്രശ്‌നവത്കരിക്കപ്പെടുകയും ചെയ്യുന്നു. കവിയായ വേഡ്‌സ്‌വർത്ത് ആണ് യാഥാർത്ഥത്തിൽ കൊയ്ത്തുകാരൻ എന്നും അയാളാണ് പെൺകുട്ടിയുടെ പാട്ട്​കൊയ്​ത്​ വയലിൽനിന്ന്​ പോകുന്നത് (The music in my heart I bore,Long after it was heard no more.) എന്നും ടെറി ഈഗിൾടൺ അദ്ദേഹത്തിന്റെ How to Read a Poem എന്ന വിഖ്യാത പുസ്തകത്തിൽ പറയുന്നു. സോളിറ്ററി റീപ്പർ യഥാർത്ഥത്തിൽ സോളിറ്ററി റീഡറും ടെക്സ്റ്റും ആണെന്ന് ഇ.പി. രാജഗോപാലൻ നിരീക്ഷിക്കുന്നുണ്ട്. സ്‌കോട്ടിഷ് വകഭേദമായ ഗേലിക് ഭാഷയിൽ പാടുന്ന സോളിറ്ററി റീപ്പറിന്റെ പാട്ട് ടെക്സ്റ്റായും അത് കേട്ടുനിൽക്കുന്ന കവി സോളിറ്ററി റീഡറായും മാറുന്നു എന്നാണ് രാജഗോപാലൻ വാദിക്കുന്നത്. സാമൂഹ്യ ബന്ധങ്ങളില്ലാത്ത ഏകാകിയും പണ്ഡിതനുമായ കവിക്ക് ജനസാമാന്യത്തിന്റെ ഭാഷ അന്യമായതിനാലാണ് ആ പാട്ടുമനസ്സിലാവാതെപോയതെന്നും (Will no one tell me what she sings?) അദ്ദേഹം നിരീക്ഷിക്കുന്നു.

ഫാസിസത്തിനെതിരെയും വിപ്ലവത്തിന് വേണ്ടിയും കവിതകൾ എഴുതുന്നപോലെ പ്രകൃതിയെ സർവനാശത്തിലേക്ക് നയിക്കുന്ന പ്രവണതകൾക്കെതിരെയും കവിതകൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്

കാല്പനികതയുടെ പുതുകാല പ്രസക്തി

മനുഷ്യരാശിയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്ന ഇന്നത്തെ മുതലാളിത്ത വികസന സങ്കൽപ്പത്തിനുനേരെ പിടിച്ച കണ്ണാടിയാവുന്നുണ്ട് വേഡ്‌സ്‌വർത്ത് ഉൾപ്പടെയുള്ള കാൽപനികരുടെ കാവ്യലോകത്തിലേക്കുള്ള പുനർയാത്രകൾ. മഹാമാരിക്കാലവും പത്ത് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഭൗമ ഉച്ചകോടികളും ഭൂമിയുടെ നിലനിൽപിനെക്കുറിച്ചുള്ള ചിന്തകൾക്ക് ആഴത്തിൽ വേരോട്ടം ഉണ്ടാക്കിയിരിക്കുകയാണ്. പ്രകൃതിയിൽ ഒരു പുൽനാമ്പുപോലെ ലയിച്ചുചേരേണ്ടുന്ന ജൈവിക പ്രതിഭാസമാണ് മനുഷ്യൻ എന്ന പ്രകൃതിപാഠം ആഴത്തിൽ മനസ്സിലാക്കിയെങ്കിൽ മാത്രമേ ഈ ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് വരും കാലത്തും സാധ്യമാവുകയുള്ളു. ഈ ബോധം മനുഷ്യരിൽ സൃഷ്ടിക്കാൻ ചുമതലപ്പെട്ടവരിൽ മുൻനിരയിലാണ് കവികൾ. ഫാസിസത്തിനെതിരെയും വിപ്ലവത്തിന് വേണ്ടിയും കവിതകൾ എഴുതുന്നപോലെ പ്രകൃതിയെ സർവനാശത്തിലേക്ക് നയിക്കുന്ന പ്രവണതകൾക്കെതിരെയും കവിതകൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

1813-1850 കളിൽ ഈ വീട്ടിലാണ് വേഡ്‌സ്‌വർത്ത് ജീവിച്ചിരുന്നത്.

അസ്തിത്വവാദ ദർശനത്തിൽ അധിഷ്ഠിതമായ സാഹിത്യ സൃഷ്ടികളെ വിലയിരുത്തന്നതിൽ വലിയ പിഴവ് വരുത്തിയവരാണ് കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അമരക്കാർ. ‘...it is all the more clear what we have to accomplish at present: I am referring to ruthless criticism of all that exists.' എന്നുപറഞ്ഞ മാർക്‌സിന്റെ ദർശനംതന്നെയാണ് മറ്റൊരുതരത്തിൽ അസ്തിത്വവാദികളും ഉയർത്തിപ്പിടിക്കുന്നതെന്ന് അന്ന് അവർക്കു മനസ്സിലായില്ല. അലിയിനേഷനെക്കുറിച്ചുള്ള മാർക്‌സിന്റെയും അസ്തിത്വവാദികളുടെയും ദർശനങ്ങളെ സമരസപ്പെടുത്തി കൊണ്ടുപോകാനും അവർക്ക് കഴിഞ്ഞില്ല. കാല്പനികതാ വിമർശനത്തിലും ഈ വീഴ്ചകൾ അവർ ആവർത്തിക്കുകയാണ് ചെയ്യുന്നത്. ഭൂമിയിലേക്ക് കണ്ണുനട്ട് നടക്കുന്ന വേഡ്‌സ്‌വർത്തിയൻ ലീച്ച് ഗാദറർ ആയി മാറിക്കൊണ്ടിരിക്കുകയാണ് പ്രകൃതി ബോധമുള്ള മനുഷ്യരൊക്കെയും. പ്രകൃതി അതിന്റെ ചലനനിയമങ്ങളിൽ എപ്പോഴും പാലിക്കുന്ന ചാക്രിക സ്വഭാവം കവിതയുടെ വികാസപരിണാമങ്ങളിലും നിഴലിക്കുന്നതായി നമുക്ക് കാണാം. ക്ലാസിക്കൽ കാവ്യസങ്കല്പങ്ങൾ നിയോക്ലാസിക്കൽ കാലത്ത് തിരിച്ചുവന്നതുപോലെ മനുഷ്യന്റെ ആവാസ വ്യവസ്ഥ മുച്ചൂടും തകർന്നുകൊണ്ടിരിക്കുന്ന വർത്തമാനകാല ലോകസാഹചര്യത്തിൽ നിയോ റൊമാന്റിക് പ്രസ്ഥാനങ്ങൾ കവിതയിൽ ശക്തിപ്പെടുന്നതിന്റെ ആദ്യ സൂചനകൾ കണ്ടു തുടങ്ങിയിട്ടുണ്ട്. ഫ്രീ വേഴ്‌സിന്റെ മടുപ്പിക്കുന്ന ആവർത്തന സ്വഭാവം കവികളെ പദ്യത്തിലേക്കും താളത്തിലേക്കും വൃത്തത്തിലേക്കും തിരിച്ചുകൊണ്ടുപോവുന്നുണ്ട്. പ്രമേയ സ്വീകരണത്തിലും വേഡ്‌സ്‌വർത്ത് ഉൾപ്പെടെയുള്ള കാല്പനികകവികൾ പുതുകവികൾക്ക് മാതൃകയാണ്. ഹാരോൾഡ് ബ്ലൂം വേഡ്‌സ്‌വർത്തതിനെക്കുറിച്ച് പറഞ്ഞപോലെ, For Wordsworth, the earth is enough.

പുതുകവിതയും ഭൂമിയെ അതിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ട നിർണായക സന്ദർഭമാണ് ഈ മഹാമാരിക്കാലം എന്നല്ലേ വേഡ്‌സ്‌വർത്ത് നമ്മളെ ഓർമിപ്പിക്കുന്നത്?▮

Comments