ഒരു തകരച്ചെണ്ടയുടെ ഓർമ

“If Jesus had been a hunchback, they could hardly have nailed him to the cross.”― Günter Grass, The Tin Drum

വിടെയോ ചില്ല് പൊട്ടുന്ന ഒച്ച കേൾക്കുക: ഒരു വിൻഡോ, ഒരു ഗ്ലാസ്‌ ഡോർ, അല്ലെങ്കിൽ നോക്കി ഇരിക്കെ മേശപ്പുറത്തെ ഗ്ലാസ്‌ ജാർ, ആദ്യം താഴ്ന്ന ഇരമ്പലിൽ ഒരു വര വീഴ്ത്തുന്നു. പിന്നെ പൊട്ടുന്നു.

നീളുന്ന നിശബ്ദത കണ്ടുപിടിക്കുന്ന ഒച്ചയാണ് ഇത്.
എന്തെങ്കിലും ഒന്ന് പൊട്ടണം എന്ന് തോന്നുക.
എന്നാൽ, അങ്ങനെ ഒന്നും സംഭവിക്കുന്നില്ല. എവിടെയും. നിശബ്ദത പെരുമാറ്റത്തിന്റെ പെരുക്കമാവുമ്പോൾ ഒന്നും അനങ്ങില്ല, നമ്മുടെ ചലനങ്ങൾ പോലും അപ്പോൾ നിശബ്ദതയുടെ പെരുക്കമാവുന്നു. ഉറുമ്പുകളുടെ മാർച്ച് കണ്ടിട്ടില്ലെ? മൗനത്തിന്റെ താഴ്നിലത്തിലൂടെ- അതുപോലെ.

ഇങ്ങനെ ഒന്നും സംഭവിക്കാതെ സമയം വന്നു നിറയാൻ തുടങ്ങിയ ഒരു പകലാണ് വീണ്ടും ഞാൻ ആ കുട്ടിയെ ഓർത്തത്: തന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ വയസ്സിൽ വളരുന്നത് നിർത്തിയ, ശിഷ്ട ജീവിതം ഒരു കുള്ളനായി ജീവിക്കാൻ തിരഞ്ഞെടുത്ത, പ്രകൃത്യാതീത കഴിവുകളുള്ള ഓസ്ക്കാറിനെ - Oskar Matzerath - അഥവാ വീണ മാലാഖയെ. അവൻ എന്നെ നോക്കി ചിരിച്ചു.
പിന്നെ മടിയിൽ വെച്ച തന്റെ ഡ്രമ്മിൽ പതിയെ താളം പിടിച്ചു.

ഗുന്തർ ഗ്രാസ്
ഗുന്തർ ഗ്രാസ്

അൻപത്തിയൊമ്പത് വർഷം പഴക്കമുള്ള ആ നോവൽ, The Tin Drum ഇപ്പോൾ ഒന്നുകൂടി വായിക്കാൻ ഞാൻ അലമാരിയിൽ നിന്നും എടുത്തു.
ഓസ്കാറിന്റെ മുത്തശ്ശിയുടെ കഥ ഒരൊറ്റ ഇരുപ്പിൽ വായിച്ചു. ഗുന്തർ ഗ്രാസ്സ് പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളാവാൻ ഒരുപക്ഷെ ഈ നോവൽ മതിയാകും.
ഒരിക്കലും ആശ്രയിക്കാൻ പറ്റാത്ത ഒരു ആഖ്യാതാവ്, അങ്ങനെയാണ് നോവലിലെ ഈ കഥാപാത്രത്തെ, ഓസ്കാറിനെ വിശേഷിപ്പിച്ചിട്ടുള്ളത്: The ultimate unreliable narrator.
ഇപ്പോൾ വായിക്കുമ്പൊഴും ഈ ആഖ്യാനം എന്നെ കൊതിപ്പിക്കുന്നു.

ഗ്രാസ്‌ ആകട്ടെ തന്റെ എഴുത്തിനെയും ജീവിതത്തെയും പലപ്പോഴും ഒരു പൊളിറ്റിക്കൽ ആക്ടിവിസം പോലെയായിരുന്നു സമീപിച്ചത്. അതേസമയം ‘സോഷ്യൽ റിയലിസ’ത്തെ വെറുക്കുകയും ചെയ്തു

മനുഷ്യരുടെ ജീവത്തായ ആവശ്യം, അസംബന്ധമായ ഒരു ജീവിതത്തെ നിറവോടെ കൊണ്ടുനടക്കുക എന്നതാണ്‌. അഥവാ ജീവിതത്തെ കഥയാക്കുക എന്നതാണ്‌. അങ്ങനെകൂടിയാണ് ഒരു തുറമുഖ നഗരം (Danzig) ഒരു രാജ്യവും പിന്നീട് ഒരു ലോകവുമായി ഈ നോവലിൽ മാറുന്നത്. തന്റെ ചെറിയ ഒരു മുരൾച്ചയിലൂടെ അധ്യാപികയുടെ കണ്ണടച്ചില്ലിൽ പൊട്ടൽ വീഴ്ത്തുന്ന കുഞ്ഞു ഓസ്‌കാർ തിരിഞ്ഞുനോക്കുന്നത് നമ്മളെത്തന്നെയാണ് എന്ന് തോന്നും. ഒരാൾക്കും വിട്ടുകൊടുക്കില്ല എന്ന നിശ്ചയത്തിൽ, തന്റെ മടിയിൽ മുറുക്കി പിടിച്ചിരിക്കുന്ന ഡ്രമ്മുമായി ഇരിക്കുന്ന കുഞ്ഞു ഓസ്കാർ, ലോകത്തെ എക്കാലത്തെയ്ക്കുമുള്ള വിമതനായിരുന്നു. അവൻ ഒന്ന് കരഞ്ഞാൽ ജനലുകളുടെ ചില്ലുകൾ പൊട്ടുന്നു. നാം സൂക്ഷിച്ച നിശബ്ദതയുടെ സ്വത്തുക്കൾ തകരുന്നു.

നിർഭാഗ്യകരമായ ഒരു കാലത്തെ പ്രതിരോധിക്കുകയായിരുന്നു ഈ കഥാപാത്രവും, നോവലും, അതിന്റെ എഴുത്തുകാരനും. രണ്ട്‌ മഹായുദ്ധങ്ങൾക്കു ശേഷമുള്ള ജർമനി, നാസികളുടെ ജർമനി, ജനാധിപത്യം ആഗ്രഹിക്കുന്ന ജർമൻ ജീവിതം, തുടങ്ങിയവ സ്വാംശീകരിച്ച ഇരുപതാം നൂറ്റാണ്ടിന്റെ തന്നെ ജീവിതമായിരുന്നു ഈ നോവൽ എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഗ്രാസ്‌ ആകട്ടെ തന്റെ എഴുത്തിനെയും ജീവിതത്തെയും പലപ്പോഴും ഒരു പൊളിറ്റിക്കൽ ആക്ടിവിസം പോലെയായിരുന്നു സമീപിച്ചത്. അതേസമയം ‘സോഷ്യൽ റിയലിസ’ത്തെ വെറുക്കുകയും ചെയ്തു.

ദ ടിൻ ഡ്രമിന്റെ ചലച്ചിത്രാവിഷ്‌കാരത്തിൽ ഓസ്‌കാറിനെ അവതരിപ്പിച്ചത് ഡേവിഡ് ബെന്നന്റ് എന്ന സ്വിസ് അഭിനേതാവാണ്. 1979 ൽ പുറത്തിറങ്ങിയ സിനിമ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടി.
ദ ടിൻ ഡ്രമിന്റെ ചലച്ചിത്രാവിഷ്‌കാരത്തിൽ ഓസ്‌കാറിനെ അവതരിപ്പിച്ചത് ഡേവിഡ് ബെന്നന്റ് എന്ന സ്വിസ് അഭിനേതാവാണ്. 1979 ൽ പുറത്തിറങ്ങിയ സിനിമ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടി.

ഏതാണ്ട് അൻപത്തിരണ്ടു വർഷം മുമ്പ് ഗുന്തർ ഗ്രാസ്‌ ബെൽഗ്രേഡിൽ നടന്ന എഴുത്തുകാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ""ഞാൻ നേരെ ചൊവ്വേ പറയാം, ഞാൻ വിപ്ലവത്തിനെതിരാണ്. എല്ലായ്പ്പോഴും അതിന്റെ പേരിൽ ചെയ്യേണ്ട ത്യാഗത്തെ ഞാൻ വെറുക്കുന്നു. അതിന്റെ അതിമാനുഷിക ലക്ഷ്യങ്ങളെ ഞാൻ വെറുക്കുന്നു, അതിന്റെ കേവല ആവശ്യങ്ങൾ, അതിന്റെ മനുഷ്യത്വരഹിതമായ അസഹിഷ്ണുത, അതിന്റെ യാന്ത്രികത എന്നെ ഭയപ്പെടുത്തുന്നു, അതിനു മറുമരുന്നായി ഒരു പ്രതിവിപ്ലവം സ്ഥിരമായി കണ്ടുപിടിക്കേണ്ടി വരുന്നു.''

സാഹിത്യവും വിപ്ലവവും, അതായിരുന്നു അന്ന് ഗുന്തർ ഗ്രാസിന്റെ പ്രഭാഷണ വിഷയം. ഒരു അതിഭാഷകന്റെ കളിക്കുതിരയുടെ അമറൽ എന്നും തന്റെ പ്രഭാഷണത്തിന് അദ്ദേഹം തലക്കെട്ട് നൽകിയിരുന്നു. റഷ്യൻ വിപ്ലവത്തിനും ചൈനീസ്‌ വിപ്ലവത്തിനും മാതൃകകളായി ഭരണകൂടങ്ങൾ കിഴക്കും പടിഞ്ഞാറും രാജ്യങ്ങളിൽ സ്ഥാപിക്കപ്പെടുന്നതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഈ പ്രഭാഷണം. അതുകൊണ്ടുതന്നെ വിപ്ലവത്തെ തിരസ്ക്കരിക്കുന്ന ഗ്രാസ്സിന്റെ നിലപാട്,‌ തീർച്ചയായും അക്കാലത്ത് ഒരു പിന്തിരിപ്പന്റെതായിട്ടായിരിക്കും വിപ്ലവവൃത്തങ്ങളിലും അതിന്റെ ചങ്ങാത്ത പരിസരങ്ങളിലും സ്വീകരിക്കപ്പെട്ടിരിക്കുക. വിപ്ലവത്തെയും വിപ്ലവത്തിന്റെ കാരണങ്ങളെയും വെറുക്കുന്നു എന്നു മാത്രമല്ല ഗ്രാസ്സ് പറഞ്ഞത്. താനാരാണെന്ന് കൂടി അദ്ദേഹം ഈ പ്രഭാഷണത്തിൽ പ്രഖ്യാപിക്കുന്നുണ്ട്: വിപ്ലവത്തിന്റെ വക്താക്കൾക്കിടയ്ക്ക് ആവോളം സഹിഷ്ണുത പുലർത്തുന്ന അതിഥിയാണ്‌ ഞാൻ. ഞാനൊരു റിവിഷനിസ്റ്റും, അതിലുപരി ഒരു സോഷ്യൽ ഡെമോക്രാറ്റും ആണ്.

വർഷങ്ങൾക്കു മുമ്പ് ഇവിടെ, കുവൈത്തിൽ, ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു ജർമ്മൻ സുഹൃത്തിനോട് ഞാൻ ഗുന്തർ ഗ്രാസിനെ പറ്റി പറയുമ്പോൾ അയാൾ ചിരിക്കും. ഇന്ത്യക്കാരനായതു കൊണ്ടുകൂടിയാണ് നിനക്ക് ഗ്രാസ്സിനെ ഇഷ്ടം എന്ന് പറയും. അയാൾ ജർമ്മനും ഇന്ത്യനുമായിരുന്നല്ലോ എന്ന് ഗ്രാസ്സിന്റെ കൽക്കത്ത പ്രണയത്തെക്കുറിച്ച് കളിയാക്കി പറയും. പിന്നീടൊരിക്കൽ ഇവിടെ നിന്നും ജോലി മതിയാക്കി ജർമ്മൻ സുഹൃത്ത്‌ അയാളുടെ നാട്ടിലേക്ക് തിരിച്ചു പോയി. മാസങ്ങൾക്ക് ശേഷം ഗുന്തർ ഗ്രാസിന്റെ മൂന്നാല് പുസ്തകങ്ങൾ എനിക്ക് അയച്ചുതന്നുകൊണ്ട് അയാൾ എഴുതി: ""ഇത് നമ്മുടെ സൗഹൃദത്തിന്റെ ഓർമ്മയ്ക്ക് ഇരിക്കട്ടെ. നിന്റെ പ്രിയപ്പെട്ട എഴുത്തുകാരനുമല്ലേ.. തീർച്ചയായും, ഇപ്പോഴും എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാൾ ഗുന്തർ ഗ്രാസ്‌ തന്നെ.''

യൂറോപ്പിലും ഏഷ്യയിലും മാറി മാറി താമസിച്ചിരുന്ന ഗുന്തർ ഗ്രാസിന്റെ എഴുത്തിന്റെ പൊതുപ്രകൃതത്തെപ്പറ്റി രസകരമായ ഒരു നിരീക്ഷണം സൽമാൻ റുഷ്ദി നടത്തിയിരുന്നു. ഒരു emigrant നെ പോലെയാണ് ഗുന്തർ ഗ്രാസ്‌ എഴുതുന്നത് എന്നായിരുന്നു റുഷ്ദി പറഞ്ഞത്. ആ എഴുത്തിൽ രാജ്യം എന്ന സങ്കൽപം ഒരേസമയം വിട്ടുപോന്നതും ഓർമിക്കുന്നതുമായ കരയായിരുന്നു. ലോകത്തിന്റെ ഇളകുന്ന ഒരു പ്രതിബിംബവുമായിരുന്നു ആ കര. ▮


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments