സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം
- ‘ഒരു ഉദ്ബോധനം’, കുമാരനാശാൻ.
സ്വതന്ത്രമായി പറക്കുകയും ഇണയിലലിഞ്ഞ് പാടുകയും ഉല്ലസിക്കുകയും ചെയ്യുന്ന പക്ഷികൾ, മുള പൊട്ടുകയും വളരുകയും പ്രകൃതിയായി വികസിക്കുകയും പൂവിടുകയും കനികളൊരുക്കുകയും ചെയ്യുന്ന സസ്യങ്ങൾ. എല്ലാ അതിർത്തികളെയും ഭേദിച്ചൊഴുകുന്ന കാറ്റും പുഴയും. സ്വാതന്ത്ര്യമെന്ന സങ്കല്പത്തിന്റെ പല മട്ടിലുള്ളതും ആനന്ദകരവുമായ ആവിഷ്ക്കാരങ്ങൾ ഇങ്ങനെ പലതും പ്രകൃതിയിലുണ്ട്. അതുകൊണ്ടുതന്നെ ‘സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്ന് മഹാകവി കുമാരനാശാൻ പാടുന്നത് പ്രകൃതിയുടെ സഹജഭാവത്തെക്കുറിച്ചാണെന്നർത്ഥം.
പ്രകൃതിജീവിയായ മനുഷ്യർക്കും ആനന്ദകരമായ സ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കാരങ്ങൾ കൊണ്ടു നടക്കാൻ കഴിയേണ്ടതാണ്. പക്ഷേ പല കാലങ്ങൾ പല മട്ടിൽ അവർക്കുമേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നു. പലതും ഇന്നും അതേ മട്ടിൽ നിലനിൽക്കുന്നു. യഥാർത്ഥത്തിൽ പ്രകൃതിക്ക് മറ്റുള്ളവയുമായി ചേർന്നുനിന്നുകൊണ്ടല്ലാതെ സ്വതന്ത്ര ഇച്ഛകളില്ല. പ്രകൃതിയുടെ മേലുള്ള മനുഷ്യരുടെ അമിത ഇടപെടൽ പ്രകൃതിയുടെ പാരസ്പര്യത്തെയും സ്വതന്ത്ര ഇച്ഛകളെയും തകരാറിലാക്കിയിട്ടുണ്ടെങ്കിലും പ്രകൃതിയിൽ പാരതന്ത്ര്യത്തിന്റെയോ അസമത്വത്തിന്റെയോ അപരവിദ്വേഷത്തിന്റെയോ ലാഞ്ഛന കാണാനേ കഴിയില്ല. പ്രകൃതിക്ക് സഹജമായുള്ള അനുക്ഷണ പരിണാമത്തിൽ പോലും പരസ്പരം ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. അവയ്ക്കിടയിൽ എപ്പോഴുമൊരു സഹോദരത്വഭാവവും സമതയും നിലനിൽക്കുന്നു.
എന്നാൽ സ്വാതന്ത്ര്യത്തിന്റെ അഥവാ ഇച്ഛാപൂർവമുള്ള ആവിഷ്ക്കാരത്തിന്റെ തലങ്ങളിൽ മനുഷ്യരുടെ നില തീർത്തും ഭിന്നമായതെങ്ങനെ? പ്രകൃതിയിൽനിന്ന് വ്യത്യസ്തമായി പാരതന്ത്ര്യം എന്ന വിപരീതം മനുഷ്യജീവിതത്തിലും ഭാഷയിലുമെല്ലാമുണ്ട്. അപരപ്രിയരായിരിക്കുക എന്ന സഹോദരത്വഭാവത്തിൽ നിന്നും മനുഷ്യർ അകന്നുപോയിട്ടുണ്ട്. സ്വതന്ത്രരായി ജനിക്കുന്ന മനുഷ്യർക്ക് പാരതന്ത്ര്യത്തിലും പരസ്പര വിദ്വേഷത്തിലും ജീവിച്ച് മരണം പ്രാപിക്കാനാണെന്നു തോന്നുന്നു നിയോഗം. മനുഷ്യർ പ്രകൃതിജീവിയാണെങ്കിലും പുതിയ പുതിയ ജ്ഞാന മേഖലകളിലേക്ക് അവർ കടന്നെത്തിയിട്ടുണ്ടെങ്കിലും മനുഷ്യേതര ജീവജാലങ്ങൾ അനുഭവിക്കുന്നത്ര പോലും സ്വാതന്ത്ര്യത്തിന്റെയും സമതയുടെയും സഹോദരത്വത്തിന്റെയും അമൃതത്തിലേക്കുയരാൻ കഴിയുന്നില്ലെന്നതാണ് പറയാൻ ഉദ്ദേശിക്കുന്നത്.
മനുഷ്യരെയാകെ മൂടിക്കളയുമെന്ന് തോന്നുമാറ് യുദ്ധങ്ങളും ഏകാധിപത്യ പ്രവണതകളും ഉയർന്നു വരുന്ന ഇന്നത്തെ സന്ദർഭത്തിൽ ഇക്കാര്യം കുറച്ചു കൂടി തെളിഞ്ഞു വരുന്നുണ്ട്. ശാസ്ത്രീയവും യുക്തിഭദ്രവുമായ അറിവുനേടി വിശേഷബുദ്ധി കൈവരിച്ച മനുഷ്യർക്ക് പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെപ്പോലെ ഇച്ഛാപൂർവ്വവും എന്നാൽ അപരപ്രിയമായും ജീവിക്കാനുള്ള ശേഷിയായിരിക്കുമോ ആദ്യം നഷ്ടപ്പെട്ടിട്ടുണ്ടാവുക. പ്രകൃതിയെ കണക്കാക്കതെയുളള വിടുതൽ ജീവിതം കൊണ്ടുകൂടിയായിരിക്കില്ലേ കൊറോണ പോലുള്ള മഹാമാരികൾ മനുഷ്യരെ വേട്ടയാടുന്നതും. മനുഷ്യർ സ്വാഭാവികമായ സ്വാതന്ത്ര്യബോധത്തിൽ നിന്നും അപരപ്രിയത്തിൽ നിന്നും പ്രകൃതിയിൽ നിന്നു തന്നെയും വേറിട്ടു പോകുന്നുവെന്ന് തിരച്ചറിഞ്ഞതിനാലായിരിക്കുമോ നമ്മുടെ പ്രവാചകൻമാരും ഗുരുക്കൻമാരും കവികളുമെല്ലാം മനുഷ്യരിൽ നിന്ന് കൈവിട്ടുപോയ സ്വാതന്ത്ര്യത്തെക്കുറിച്ചും അപരപ്രിയത്തെക്കുറിച്ചും പ്രകൃതിബോധത്തെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നത്? പല ഉത്തരങ്ങൾ കണ്ടെത്താവുന്ന ചോദ്യങ്ങളാണിതെല്ലാം.
നമ്മുടെ ആദികവിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ, രത്നാകരനായിരുന്ന കാലത്ത് സപ്തർഷികൾ ആദികവി വാത്മീകിയോടു ഉന്നയിച്ച ഒരു ചോദ്യം അപരത്വവുമായി ബന്ധപ്പെട്ടതു തന്നെയായിരുന്നല്ലോ. മറ്റുള്ളവരിൽ നിന്ന് യാതൊരു പ്രതിഫലവും നൽകാതെ വിഭവങ്ങൾ കൈവശപ്പെടുത്തുമ്പോൾ അത് ഓരോരുത്തരെയും എവിടെക്കൊണ്ടുചെന്നെത്തിക്കും എന്ന ചോദ്യം. ഋഷിമാർ വാത്മീകിയുടെ അകക്കണ്ണ് തുറപ്പിച്ചു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ചില വിഭവങ്ങൾ തന്നിലുമുണ്ടെന്ന് കവി തിരിച്ചറിഞ്ഞു. വിഭവങ്ങൾ എന്ത് എന്നതല്ല, ആദാനം ചെയ്യുന്നതു പോലെ പ്രദാനം ചെയ്യാനും മനുഷ്യർക്ക് പരസ്പരം കഴിയണം. അവിലുമാകാം, മലരുമാകാം, കാരുണ്യത്തിന്റെ കാവ്യവുമാകാം. ഋഷിമാരുടെ ആ ചോദ്യം ഒരു മനുഷ്യനെ ഋഷിയും കവിയുമാക്കിത്തീർത്തു. പ്രകൃതിയിൽ ലയിച്ചുനിന്ന് തന്റെ വിരുദ്ധഭാവത്തെ സ്വയം നിർവീര്യമാക്കുകയും തന്നിൽ നിന്ന് കൊഴിഞ്ഞുപോയ അപരപ്രിയം എന്ന സഹജഭാവം കൈവരിക്കുകയും ചെയ്യുന്നു വാത്മീകി. അതോടുകൂടി ക്രൗഞ്ചമിഥുനത്തിന്റെ ദുഃഖം കവിയുടെ ദുഃഖമായിത്തീരുന്നു. അപരരെക്കൂടി തന്നോടൊപ്പം കാണാനുള്ള ആദി കവിയുടെ ആ ഉൾക്കാഴ്ച കവികളിലും യഥാർത്ഥ ഗുരുക്കൻമാരിലും ഇപ്പോഴും തുടരുന്നു. ആ അർത്ഥത്തിൽ ഋഷിയല്ലാത്തവർ കവിയല്ലാതെയുമാകുന്നു.
ഓരോരുത്തരുടെയും ജീവിതം സ്വതന്ത്രമായിരിക്കുമ്പോൾ തന്നെ അപരപ്രിയമില്ലാതെ സ്വാതന്ത്ര്യം എന്ന ആശയം പ്രായോഗികമാവില്ല. സമതയും സഹോദരത്വവും ചേരാതെ അത് പൂർണമാവുകയുമില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചും അതിന്റെ പ്രതിസന്ധികളെക്കുറിച്ചുമെല്ലാം ഇങ്ങനെയുള്ള അസ്വസ്ഥതകളുടെ സന്ദർഭങ്ങളിലെല്ലാം മലയാളികൾക്ക് ഇന്ധനമായിത്തീരുന്ന വരികളാണ് മഹാകവി കുമാരനാശാന്റേത്. ഒരു നൂറ്റാണ്ടു മുമ്പാണ് ഒരു ഉദ്ബോധനം എന്ന കവിതയിൽ ആശാൻ സ്വാതന്ത്ര്യത്തെക്കുറിച്ച് മലയാളത്തിലുണ്ടായ എക്കാലത്തെയും ഗംഭീരമായ ‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്നു തുടങ്ങുന്ന വരികൾ എഴുതിയത്. ആശാനെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്നത് രാഷ്ട്രീയവും ദാർശനികവും സാംസ്ക്കാരികവും സാമൂഹികവുമായ സങ്കൽപമായിരുന്നു. അതോടൊപ്പം, പ്രധാനമായിരുന്നു സമതയും സഹോദരത്വവും.
ബ്രിട്ടീഷാധിപത്യത്തിന്റെ മഹാമാരിക്കാലമായ 1919 ലാണ് ഒരു ഉദ്ബോധനം വരുന്നത്. അപ്പോഴേക്കും ഇന്ത്യയുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ജനതയുടെ പ്രതീക്ഷകൾ അതിന്റെ യാഥാർത്ഥ്യത്തിലേക്കുള്ള വഴികൾ കണ്ടെത്തിക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം മഹാത്മഗാന്ധിയുടെ കൈകളിലെത്തിയതായിരുന്നു അതിലേറ്റവും പ്രധാനം. ഒരുതരത്തിലുള്ള അടിമത്തവും മനുഷ്യർക്ക് സഹിക്കാനാവുന്നതല്ല എന്ന ആശയത്തിന് വലിയ പ്രസക്തി ലഭ്യമായ സന്ദർഭം കൂടിയായിരുന്നു അത്. ഒരു ഉദ്ബോധനം വരുന്നതിനു മുമ്പ് 1908- ൽ ഒരു തീയക്കുട്ടിയുടെ വിചാരത്തിൽ രാഷ്ട്രീയസ്വാതന്ത്ര്യത്തെക്കാൾ പ്രധാനമാണ് സാമൂഹികമായ സ്വാതന്ത്ര്യമെന്ന് ആശാൻ എഴുതുന്നുണ്ട്. എല്ലാവർക്കും യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ മധു നുകരണമെങ്കിൽ പ്രകൃതി വിരുദ്ധവും മനുഷ്യവിരുദ്ധവുമായ ജാതിഭേദങ്ങളിൽ നിന്നുകൂടി മനുഷ്യർ മുക്തമായിരിക്കണം എന്ന കാര്യത്തിൽ ആശാന് ഒട്ടും സംശയമുണ്ടായിരുന്നില്ല. രാഷ്ട്രീയപ്രശ്നം എന്നതിനെക്കാൾ സാമൂഹികപ്രശ്നമെന്ന നിലയിലാണ് മനുഷ്യസ്വാതന്ത്ര്യത്തിന്റെ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കേണ്ടതെന്നർത്ഥം. രാഷ്ട്രീയ സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ അതെളുപ്പമാക്കുമെന്നും അദ്ദേഹം മുന്നിൽ കണ്ടിട്ടുണ്ടാവണം. അതുകൊണ്ടുതന്നെ താൻ ജീവിച്ച സാംസ്ക്കാരികാന്തരീക്ഷത്തിന്റെ സമ്മർദ്ദത്തിനകത്തിരുന്ന് ആശാൻ;
എന്തിന്നു ഭാരതധരേ! കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായെ,
ചിന്തിക്ക ജാതിമദിരാന്ധ, രടിച്ചു തമ്മി-
ലെന്തപ്പെടുംതനയ, രെന്തിനയേ! സ്വരാജ്യം?എന്നെഴുതുന്നു.
(ഒരു തീയക്കുട്ടിയുടെ വിചാരം).
ജാതിക്കോട്ടയിൽ നിന്ന് പുറത്തുകടക്കാനാവാത്ത കീഴാള ജനതയുടെ സാമൂഹികവിധി ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ പാരതന്ത്ര്യത്തെക്കാൾ എത്രയോ വിഹ്വലമാണ് എന്നു പറയുന്നതിൽ സ്വരാജ്യം എന്ന ആശയത്തെ ആശാൻ ക്രിട്ടിക്കായി സമീപിക്കുന്നതിന്റെ കാഴ്ച കൂടിയുണ്ട്. ഒരു ദശകത്തിനിപ്പുറത്ത് ഒരു ഉദ്ബോധനം എഴുതുമ്പോൾ രാഷ്ട്രീയവും ദാർശനികവും സാംസ്ക്കാരികവുമായ അർത്ഥങ്ങളിൽ സ്വാതന്ത്ര്യത്തിന് ആശാൻ ഭാഷ നൽകുന്നു. ചരിത്രത്തിന്റെ ആ ഘട്ടത്തിൽ ജാതിമേൽക്കോയ്മക്കെതിരെയും മനുഷ്യത്വ വിരുദ്ധമായ ജാതിയുടെ എല്ലാ ആശയങ്ങളെയും കീഴാളപക്ഷത്തു നിന്ന് ചോദ്യം ചെയ്യാൻ തുടങ്ങിയിരുന്നു. ഗുരുവിന്റെ ജാതിനിർണയം എന്ന കവിതയിലെ (ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്) പ്രമേയങ്ങൾക്കും പൊയ്കയിൽ അപ്പച്ചന്റെയും (കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി) അയ്യങ്കാളിയുടെയും (വില്ലുവണ്ടി യാത്ര) ആശയങ്ങൾക്കുമെല്ലാം വലിയ പ്രചാരണം കൈവന്നിരുന്നു. ആ ഘട്ടത്തിൽത്തന്നെയാണ് സ്വാതന്ത്ര്യത്തെയും സമതയെയും കുറിച്ചുള്ള പ്രമേയങ്ങൾ കുമാരനാശാൻ തന്റെ കവിതകളിലൂടെ അവതരിപ്പിക്കുന്നത്. "സൂര്യൻ കിഴക്കുദിക്കാറായ് സരഘാനിവഹങ്ങളേ, സ്വാതന്ത്ര്യമധു തേടീടാൻ സോത്സാഹമെഴുന്നേല്ക്കുവിൻ"- ഇങ്ങനെ സ്വാതന്ത്ര്യത്തിന്റെ നവോദയത്തെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് ഒരു ഉദ്ബോധനം എന്ന കവിത ആരംഭിക്കുന്നത്. സരഘാനിവഹങ്ങൾ അഥവാ തേനീച്ചക്കൂട്ടങ്ങളാണ് സ്വാതന്ത്ര്യമധു തേടി മുന്നിട്ടിറങ്ങുന്നത്. ‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്നതിലെ സ്നേഹം പോലെതന്നെ പ്രധാനമാണ് സ്വാതന്ത്ര്യവും. "തേനോളം സ്വാദ്യമായ് ലോകത്തെങ്ങുമില്ലാർക്കുമൊന്നുമേ’’ എന്ന്, സ്വാതന്ത്ര്യമധുവാണ് ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മധുരമെന്ന നിലയിൽ സാംസ്ക്കാരികമായി ആവിഷ്ക്കരിക്കുകയാണ് ആശാൻ; ‘സ്വാതന്ത്ര്യം തന്നെയമൃതം’ എന്ന് പിന്നീട് ദാർശനിക ഭാഷയിലും.
സ്വാതന്ത്ര്യഗാഥ എന്ന കവിതയിൽ ആ ദാർശനിക ഭാഷ സത്യം, സമത്വം, സ്നേഹം എന്നീ ആശയങ്ങളിലൂന്നി, ‘തങ്ങളിൽക്കൈകോർത്തു മോക്ഷസുഖാബ്ധിയിൽ മുങ്ങിക്കളിച്ചു പുളയ്ക്കുവാനും സത്യം ശ്വസിച്ചും സമത്വം കണ്ടും സ്നേഹ സത്തു നുകർന്നും കൃതാർത്ഥരായി സദ്ധർമത്തൂടെ നടക്കട്ടെ മാനവരിദ്ധര സ്വർഗ്ഗമായ്ത്തീർന്നിടട്ടെ’ എന്നിങ്ങനെ വികസിക്കുകയും ചെയ്യുന്നുണ്ട്. റൂസ്സോ പറഞ്ഞതുപോലെ, മനുഷ്യർ സ്വതന്ത്രരായി ജനിക്കുന്നു. എന്നാൽ പലതരം ചങ്ങലകളിൽ കുരുങ്ങിക്കിടക്കാനാണ് അവരുടെ വിധി. മതവും ജാതിയും ലിംഗവും ദേശവും രോഗവുമെല്ലാം കൂടുതൽ കൂടുതൽ മുറുകിക്കൊണ്ടിരിക്കുന്ന ചങ്ങലകൾ തന്നെ. അതിരുകളില്ലാത്ത പ്രകൃതിയുടെ പ്രത്യക്ഷാവസ്ഥയിൽ നിന്ന് മനുഷ്യർ ഒന്നും പഠിക്കുന്നില്ല. ചിറകൊതുക്കാതെ ദേശാന്തരഗമനം നടത്തുന്ന പക്ഷികൾ. ചില്ലകൾ നീട്ടിനീട്ടി അയൽക്കാരെ തൊട്ടുതൊട്ടുനിൽക്കുന്ന മരങ്ങൾ, എല്ലാ ഭേദങ്ങൾക്കു മുകളിലും പെയ്യുന്ന വർഷം. ഈ അനുഭവങ്ങളൊന്നും നല്ല ഗുരുവാകുന്നതേയില്ല. അവയ്ക്കിടയിലുള്ള സഹോദരഭാവത്തെയും സമത്വ ബോധത്തെയും വായിക്കാൻ എന്തുകൊണ്ടോ മനുഷ്യർക്കാവുന്നില്ല. ഇത് തിരിച്ചറിഞ്ഞതു കൊണ്ടാണെന്നു തോന്നുന്നു, 'ഒരു ദൂഷിതമായ ന്യായാസനം' എന്ന കവിതയിൽ ആശാൻ എഴുതുന്നുണ്ട്:
പാരിൽ സൂര്യ , പരത്തിടായ്ക കിരണം
നിഷ്പക്ഷപാതം ഭവാൻ
പോരും ചന്ദ്ര, പൊഴിഞ്ഞതാർക്കുമൊരുപോൽ
നീ പൂന്നിലാവെന്നുമേ
നേരായ് നിങ്ങൾ സമത്വധർമ്മമുപദേ-
ശിച്ചാലുമിച്ഛാശഠൻ
പാരം പണ്ഡിതമാനിയാണു നരനീ
പാഠങ്ങൾ തേടില്ലവൻ.
പ്രകൃതി സമതയുടെ കൈ നീട്ടികൊണ്ടേയിരിക്കുന്നു. മനുഷ്യരത് കാണുന്നേയില്ല, ആ ഭാഷ അവർക്ക് മനസ്സിലാകുന്നേയില്ല. താൻ എന്തുകൊണ്ടിങ്ങനെ പറയുന്നുവെന്ന് ചിന്തിക്കുന്നവരിലെങ്കിലും മറിച്ചൊരു ചിന്ത ഉദിക്കാമല്ലോ എന്നതായിരിക്കാം ആശാന്റെ ഈ വിരുദ്ധോക്തികൊണ്ടുള്ള വിവക്ഷ. എന്നാൽ മഹാകവിക്കുശേഷവും അറിവും അനുഭവവും ഉൾക്കൊള്ളാനുള്ള ശേഷി കൂടി വന്ന നൂറു വർഷങ്ങൾക്കിപ്പുറവും രോഗം കുറഞ്ഞിട്ടില്ല. തീയക്കുട്ടിയുടെ വിചാരത്തിൽ നിന്ന് ഒരു ഉദ്ബോധനമെന്ന കവിതയിലേക്കെത്തുമ്പോൾ രാഷ്ട്രീയസ്വാതന്ത്ര്യത്തോടൊപ്പം ജാതിയിൽ നിന്നുള്ള സ്വാതന്ത്ര്യവും ഇന്ത്യൻ ജനത കൈവരിക്കും എന്ന തോന്നൽ ആശാനുണ്ടായിരുന്നിരിക്കണം. പ്രത്യേകിച്ച്, കേരളത്തിൽ അന്നു സജീവമായ കീഴാളപക്ഷ നവോത്ഥാന ശ്രമങ്ങളുടെ കൂടി വെളിച്ചത്തിൽ. അതുകൊണ്ടായിരിക്കാം പ്രകടമായി ജാതി നിർമൂലനം എന്ന ആശയം ദ്യോതിപ്പിക്കാതെ, ഏതു പാരതന്ത്ര്യവും മനുഷ്യർക്ക് മൃതിയേക്കാൾ ഭയാനകമാണെന്ന് അദ്ദേഹം എഴുതുന്നത്. എന്നാൽ ജാതിബന്ധനങ്ങളിൽനിന്നുള്ള വിമോചനത്തെക്കുറിച്ച് മഹാകവിയുടെ സന്ദേഹവും ആകുലതയും തുടരുന്നുണ്ടായിരുന്നുവെന്നാണ് അതേകാലത്ത് തന്നെ (1919) എഴുതുന്ന സിംഹനാദം എന്ന കവിത വായിക്കുമ്പോൾ മനസ്സിലാവുക. സ്വാതന്ത്ര്യം എന്നതിനെക്കാൾ സമത എന്ന ആശയത്തിനാണ് ഈ കവിതയിൽ മുൻഗണന.
സമത സമതയെന്ന മന്ത്രരത്നം
സതതമിയന്ന മുഖത്തൊടും സധൈര്യം
അമരിനയി വിവേകനിത്യയന്ത്രം
വ്രതമൊടണഞ്ഞൊരു നെഞ്ചോടും ത്വരിപ്പിൻ.
എന്ന് സമത എന്ന സമത്വമന്ത്രം ഉയർത്താൻ യുവാക്കളെ പ്രേരിപ്പിക്കുന്നുണ്ട് കവി. സമത എന്ന ആശയം പ്രവർത്തിക്കാതെ സ്വാതന്ത്ര്യം പ്രവർത്തനക്ഷമമാവില്ല എന്നർത്ഥം.
"ഒരു രാജ്യവും മറ്റൊരു രാജ്യത്തിനുമേൽ ഭരണാധികാരം പ്രയോഗിക്കാൻ പാടില്ല എന്നതു പോലെത്തന്നെ പ്രധാനമാണ്, ഒരു വർഗ്ഗവും മറ്റൊരു വർഗത്തിനുമേൽ അധികാരം പ്രയോഗിക്കാൻ പാടില്ല എന്നതും’’ ഡോ. ബി.ആർ. അംബേദ്കർ (അംബേദ്കർ വിവ: Vol 37 P24 ) മുന്നോട്ടു വെക്കുന്ന ഈ ബോധമാണ് കവിയിലും കാണുന്നത്. ‘ജനാധിപത്യം വിജയകരമായി പ്രവർത്തിക്കണമെങ്കിൽ ആദ്യം ഉണ്ടാകേണ്ട ഉപാധി സമൂഹത്തിൽ അസമത്വം ഉണ്ടാകാൻ പാടില്ല’ എന്ന അംബേദ്കറിന്റെ ആശയങ്ങളെയും ഇവിടെ ഓർക്കാം. ഇന്ത്യയുടെ രാഷ്ട്രീയസ്വാതന്ത്ര്യം പ്രധാനമായിരുന്നെങ്കിലും സ്വതന്ത്രഇന്ത്യയെ നയിക്കുന്നവർ ഇന്ത്യയിലെ പ്രഭുവർഗമായ മേൽജാതിക്കാരായിരിക്കുമെന്നും ആ രാഷ്ട്രീയ ഘടനയിൽ കീഴാളവർഗ്ഗത്തിന്റെ സ്ഥാനം പുറത്തായിരിക്കാനിടയുണ്ടെന്നുള്ള ആലോചനകളും ആശാനെപ്പോലെയുള്ള കവികളുടെയും അംബേദ്ക്കറടക്കമുള്ള രാഷ്ട്രീയ ദാർശനികരുടെയും സ്വാതന്ത്ര്യത്തെക്കുറിച്ചും സമതയെക്കുറിച്ചുമുള്ള സന്ദേഹങ്ങളായിരുന്നു. ഈ ആശങ്കകളെ സാധൂകരിക്കുന്ന ദൃശ്യങ്ങൾ ഏറെയുണ്ടല്ലോ നമുക്കു ചുറ്റും. ഇന്ത്യ രാഷ്ട്രീയ സ്വാതന്ത്ര്യം നേടി. എന്നാൽ സാംസ്ക്കാരികവും സാമൂഹികവുമായ സ്വാതന്ത്ര്യത്തിന്റെ ആശയങ്ങളെക്കുറിച്ചുള്ള ഗുരുക്കരുടെയും കവികളുടെയും സ്വപ്നങ്ങളിൽ പലതും സ്വപ്നങ്ങളായിത്തന്നെത്തുടരുന്നു. ഇന്ത്യയിലെന്നല്ല ദൗർഭാഗ്യവശാൽ ലോകത്താകമാനം അസമത്വത്തിന്റെ പുതിയ മതിലുകൾ ഉയർന്നു കൊണ്ടിരിക്കുകയുമാണല്ലോ. സമതയും സ്വാതന്ത്ര്യവും സാഹോദര്യവും ചേർന്നു നിൽക്കേണ്ടതിന്റെ പാഠങ്ങൾ 'ഉദ്ബോധന'ത്തിൽ പ്രകൃതിയെ മുൻനിർത്തി ദാർശനികമായെഴുതുന്നുണ്ട് ആശാൻ:
തുല്യമായ് സർവസുമവും
തലോടി മണമാർന്നിതാ
പ്രഭാതവായു പോകുന്നു
പോവിൻ നിങ്ങളതേവഴി.
പുലർ തെന്നലിന്റെ സമതായർന്ന വഴിയാണ് യഥാർത്ഥ വഴി. നിലനിൽക്കുന്ന ചരിത്ര സന്ദർഭത്തിൽ ലഭ്യമായ ജീവിതസാഹചര്യങ്ങളും വിഭവങ്ങളും പ്രകൃതി വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമല്ലാതെ സകലതിനും തുല്യമായി പങ്കുവെച്ച് പോകേണ്ടതിനെക്കുറിച്ചാണ് പറയുന്നത്. വിജ്ഞാനവും കൃഷിയിടങ്ങളും പ്രകൃതിയിലെ മറ്റു വിഭവങ്ങളുമെല്ലാം സമതാഭാവത്തിൽ വിതരണം ചെയ്യപ്പെടുമ്പോൾ മാത്രമെ സ്വാതന്ത്ര്യം എന്ന ആശയവും പ്രസക്തമാവൂ. ഗാന്ധിജിയടക്കമുള്ള മഹാത്മാക്കൾ മുന്നോട്ടുവെച്ച ദർശനത്തിലേക്കു തന്നെയാണ് മഹാകവിയുടെയും നോട്ടം.
സ്വാതന്ത്ര്യവും സമതയും പരസ്പരം ബന്ധിതമാണെന്നതു പോലെത്തന്നെ പ്രധാനമാണ് ഇവയ്ക്കിടയിൽ പ്രവർത്തിക്കേണ്ട സാഹോദര്യം എന്ന ആശയവും.1907- ൽ വീണപൂവിൽ തന്നെ ആശാനിത് പറയുന്നുണ്ട്-
ഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ,
ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം. സഹോദരഭാവം ഒരു പരിധിവരെ മനുഷ്യർക്കിടയിലെ അകൽച്ചകളെ മായ്ച്ചുകളയും. അടുത്തുനിൽക്കുന്ന അനുജനെ സമത്വപൂർവം കാണാനുള്ള കണ്ണുകളതു നൽകും. സ്വാതന്ത്ര്യം ഓരോരുത്തരുടെയും ഇച്ഛ കൂടിയാണെന്നിരിക്കെ സഹോദരഭാവവും സമതാഭാവവും ആ ഇച്ഛയെ അനുകൂല ഭാവത്തിലേക്ക് സംസ്ക്കരിച്ചെടുക്കുന്നു. ഇവിടെ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യാനുള്ളതാണ് സ്വാതന്ത്ര്യം എന്ന ബോധം ഇല്ലാതാവുകയും ചെയ്യുന്നു. സിംഹനാദത്തിൽ:
നരനു നരനശുദ്ധവസ്തുപോലും
ധരയിൽ നടപ്പതു തീണ്ടലാണുപോലും
നരകമിവിടമാണു ഹന്ത! കഷ്ടം
ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?
എന്ന് ജാതിവ്യവസ്ഥ സൃഷ്ടിക്കുന്ന അസമത്വത്തിന്റെയും അപരവിദ്വേഷത്തിന്റെയും വൈതരണിയെക്കുറിച്ച് എഴുതുമ്പോൾ എല്ലാ അർത്ഥത്തിലുമുള്ള അടിമത്തത്തെയും ആശാനും എതിർക്കുകയായിരുന്നു. ചിന്താവിഷ്ടയായ സീതയിലേക്കെത്തുമ്പോൾ സ്വാതന്ത്ര്യത്തെക്കുറിച്ചും സമതയെക്കുറിച്ചുമുള്ള തന്റെ വിമർശനിരീക്ഷണം കൂടുതൽ വികസിക്കുകയും കരുത്തുറ്റതാവുകയും ചെയ്യുമ്പോഴാണ് മഹാകവി,
അരുതെന്തയി! വീണ്ടുമെത്തി ഞാൻ
തിരുമുമ്പിൽ തെളിവേകി ദേവിയായ്
മറുവീടണമെന്നു മന്നവൻ
മരുതുന്നോ? ശരി! പാവയോ ഇവൾ?
എന്ന് സീതയെക്കൊണ്ടു ചോദിപ്പിക്കുന്നത്.
അതായത്, മനുഷ്യരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്നത് ദേശസ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്നമല്ല. അടിസ്ഥാനപരമായി അത് അവരുടെ സ്വത്വപരമായ പ്രശ്നം കൂടിയാണ്. ഓരോ വ്യക്തിയെ സംബന്ധിച്ചും അവരുടെ വ്യക്തിമൂല്യത്തിന്റെ പ്രകാശനം പോലും സാധ്യമാകുന്നത് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ശേഷി കൈവരുമ്പോഴാണ്. ജാതി, മതം, ലിംഗം, ദേശം തുടങ്ങിയവ മനുഷ്യരിലുള്ള സ്വാതന്ത്ര്യത്തിന്റെയും സമതയുടെയും സഹോദരത്വത്തിന്റെയും സഹജഭാവത്തെത്തന്നെയാണ് പരിക്കേൽപിക്കുന്നത്. അധികാരം എന്ന വിശേഷ സ്വഭാവത്തിന്റെ പരിണിതഫലങ്ങളിലൊന്നു കൂടിയാണ് പാരതന്ത്ര്യം എന്ന അവസ്ഥ. മറ്റുള്ളവർക്കുമേൽ അധികാരം പ്രയോഗിക്കാൻ അവരുടെ സ്വാതന്ത്ര്യത്തെ കടിഞ്ഞാണിടാനാണ് അധികാരം എപ്പോഴും ശ്രമിക്കുക. അതോടുകൂടി മനുഷ്യർ സംഘർഷത്തിലാവുന്നു. ഓരോരുത്തരും ഓരോ രീതിയിലായിരിക്കും അതിനെ മറികടക്കാൻ ശ്രമിക്കുക. മറികടക്കാനുള്ള ശ്രമങ്ങൾ ചിലപ്പോൾ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിലാവുമ്പോൾ സമൂഹത്തിൽ ജാതീയവും വർഗ്ഗീയവുമായ സംഘർഷങ്ങളിലേക്കത് ചെന്നെത്തുകയും ചെയ്യും.
റൂസ്സോയുടെ ചങ്ങല എന്ന സങ്കൽപം പോലെ ആശാൻ 'ഭുജശാഖ' എന്നു പ്രയോഗിക്കുന്നുണ്ട് സീതയിൽ. ഈ ഭുജശാഖ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുമേൽ പ്രഹരമേൽപ്പിക്കുന്ന ഒന്നു മാത്രമല്ല. ബഹുഭൂരിപക്ഷം മനുഷ്യരുടെ ചുറ്റും വലയം ചെയ്യപ്പെട്ടിരിക്കുന്ന പാരതന്ത്ര്യത്തിന്റെ ഭുജശാഖ കൂടിയാണ്. കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നൊരു ചൊല്ലുതന്നെ ഈ ആശയത്തിൽ മലയാളം വരവുവെച്ചിട്ടുണ്ടല്ലോ. ഇങ്ങനെയുള്ള ബോധത്തിൽ അപരപ്രിയം എന്ന ആശയം പ്രവർത്തിക്കുകയേയില്ല. യുക്തിയോ നീതിയോ സമതയോ ജനാധിപത്യമോ അവയുടെ അടിസ്ഥാനത്തിലുള്ള ഭരണഘടനയോ വകവെച്ചു കിട്ടുകയുമില്ല. ഇന്ന് ലോകത്തുടനീളം നമ്മൾ കാണുന്നതുപോലെ അവരവരുടെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെ ഇച്ഛകളെ മാത്രം പൂർണക്രിയകളാക്കുക എന്ന കൈക്കരുത്തിന്റെ ന്യായം മാത്രമേ അവിടെ പ്രവർത്തിക്കൂ. സ്വതന്ത്രമായി ജീവിക്കുക എന്നതിന് തന്റെ ഇച്ഛകളിൽ ജീവിക്കുക എന്നൊരു അർത്ഥം കൂടിയുണ്ടല്ലോ. മനുഷ്യേതര ജീവജാലങ്ങൾ അവരുടെ ഇച്ഛാപൂർവ്വമുള്ള ജീവിതം ആഹാരത്തിന്റെ സന്ദർഭങ്ങളിലൊഴികെ അവയ്ക്ക് പരസ്പരം ഒരിക്കലും ബാധ്യതയാകുന്നില്ല.
ഉപദ്രവിക്കായുവിൻ പോ-
യൊരു ജന്തുവിനേയുമേ
അപായം തടയാൻ ഘോര-
ഹുങ്കാരം കൂട്ടി നിൽക്കുവിൻ.
എന്നിങ്ങനെ അപരർക്കുമേൽ കൈക്കരുത്തു കാട്ടാതെ സ്വാതന്ത്ര്യം നേടിയെടുക്കാനും സ്വതന്ത്രമായി കഴിയാനുമാണ് 'ഒരു ഉദ്ബോധനം' എന്ന കവിത തുടർന്നു പറയുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വേളയിൽ ഗാന്ധിജി കൈക്കൊള്ളുന്ന അഹിംസ സിദ്ധാന്തത്തിന്റെ ആവിഷ്ക്കാരം മറ്റൊരു തരത്തിൽ ആശാനിൽ കാവ്യരൂപമാർജ്ജിക്കുന്നു എന്നു പറയാം. ഹിംസ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നു. ഇങ്ങനെ പറയുമ്പോൾ തന്നെ ഭുജശാഖകളിൽ നിന്നും മോചനം ലഭിക്കുന്നതിന് മരണം വരെ ചിലപ്പോൾ പോരാടേണ്ടിവരുമെന്നു തിരിച്ചറിയുന്ന കവി, ‘മുറിവേൽപ്പിക്കിലും ധൂർത്തർ പത്രം ചുട്ടുകരിക്കിലും മുഷ്കിന്നു കീഴടങ്ങാതെ മരിപ്പോളം തടുക്കുവിൻ’ എന്നെഴുതുകയും ചെയ്യുന്നു. പാരതന്ത്ര്യം മാനികൾക്കു മൃതിയേക്കാൾ ഭയാനകമെങ്കിലും സ്വതന്ത്രമായി ജീവിക്കുന്നതിനു വേണ്ടി ജീവൻ കൊടുക്കേണ്ടിവരിക എന്നതിനോളം വലിയൊരു സങ്കടം മനഷ്യർക്ക് വരാനില്ല. പ്രത്യേകിച്ചും ഓരോ മനുഷ്യനും ഒരു ജീവിതമേയുള്ളൂ എന്നാലോചിക്കുമ്പോൾ. സ്വാതന്ത്ര്യം നിലനിൽക്കുമ്പോൾ മാത്രമെ ‘സ്വാതന്ത്ര്യം തന്നെയമൃതം’ എന്ന ജീവിതാവസ്ഥ കൈവരൂ.
തത്വചിന്തകർക്കും സാംസ്കാരിക പ്രവർത്തകർക്കും കവികൾക്കുമെല്ലാം ജീവൻ ത്യജിക്കേണ്ടി വരുന്നതിന്റെ പിന്നിലും സ്വതന്ത്രമായി ആവിഷ്ക്കരിക്കുന്നതിനെച്ചൊല്ലിയുള്ള ആശങ്കകൾ തന്നെ. ഒരു ദേശത്തിന്റെ പാരതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തെയും സാമൂഹിക സ്വാതന്ത്ര്യത്തെയും ഹനിക്കുമെന്നതു പോലെത്തന്നെ സ്വതന്ത്രമായൊരു ദേശവും അവയെ ഹനിച്ചേക്കും. പ്രത്യേകിച്ച്, ജാതി വ്യവസ്ഥപോലെയും മതവ്യവസ്ഥപോലെയുമുള്ള ഭരണഘടനാമൂല്യങ്ങൾ കൊണ്ടുനടക്കുക എന്നത് ഭരണാധികാരികൾക്ക് ബാധ്യതയാകുമ്പോൾ മിക്ക രാജ്യങ്ങളിലെയും ജനത ഇന്നിതനുഭവിക്കുന്നുണ്ട്. ജീവജാലങ്ങളിൽ ഏറ്റവുമധികം സംസ്ക്കരിക്കപ്പെട്ട മനുഷ്യന് അവരുടെ ഇച്ഛകളെയും സ്വാതന്ത്ര്യബോധത്തെയും അപരർക്കുകൂടി പ്രിയമാകുന്ന രീതിയിൽ പലപ്പോഴും ക്രമീകരിക്കേണ്ടിവരും. ഒരർത്ഥത്തിൽ അത് ക്രമീകരിക്കലല്ല, ചരിത്രത്തിലെ ഏതോ ഘട്ടത്തിൽ തന്റെ സഹജവാസനകളിൽ നിന്നും കൈവിട്ടുപോയ സമത, സഹോദരത്വം എന്നീ മൂല്യങ്ങളെ തിരിച്ചുപിടിക്കലാണെന്നും പറയാം. അഥവാ മനുഷ്യരെ സംബന്ധിച്ച് പ്രകൃതിയിൽ കാണുന്നതുപോലെ, അപരജീവിതത്തെക്കൂടി പരിഗണിച്ചു കൊണ്ടുമാത്രമെ തന്റെ സ്വതന്ത്ര ജീവിതം സാധ്യമാകൂ. സമതയില്യം സാഹോദര്യത്തിലുമാണ് സ്വാതന്ത്ര്യത്തിന്റെ പൂർണ്ണത. അപരരെ പരിഗണിക്കുക എന്നത് സഹജഭാവമായിരിക്കണമെന്നു കൂടിയാണതിന്റെ താൽപര്യം. അധികാരവർഗ്ഗം കൂടി ആ മട്ടിൽ ചിന്തിക്കുമ്പോഴേ ഈ ആശയത്തിന് പ്രസക്തിയുള്ളൂ. വിവേകശാലികളായ മനുഷ്യരോടാണ് മഹാകവിയുടെ ഈ ഉദ്ബോധനം. അവരിലാണ് ഏതു കാലത്തെയും കവികളുടെ പ്രതീക്ഷയും.