സേതു

മനുഷ്യരെക്കുറിച്ചുള്ളഅതീത യാഥാർഥ്യങ്ങൾ

സേതുവിന്റെ ‘മൂന്നാം ലോകത്തെ പക്ഷികൾ', ‘എന്റെ പ്രിയപ്പെട്ട കഥകൾ' എന്നീ സമാഹാരങ്ങളിലെ കഥകളുടെ വായന.

ഭ്രമാത്മകതയുടെ(Fantasy) മായികക്കാഴ്ചകളാണ് സേതുവിന്റെ കഥാലോകം നമുക്കുമുന്നിൽ തുറന്നിടുന്നത്. ഫാന്റസിയുടെ പരിലാളനകൾ പല തലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് സേതുവിന്റെ കഥകളിൽ. മായക്കാഴ്ചകളുടെ അയുക്തികമായ ഒരു ലോകം ചമയ്ക്കുകയല്ല സേതു ചെയ്യുന്നത്. സുഭഗമായ ആഖ്യാനത്തിന്റെ പിൻബലം കൂടിയുണ്ട് ആ കഥകൾക്ക്. വിശാലവും വ്യതിരിക്തവുമാണ് ആ കഥാലോകം. അനുവാചകരെ പിടിച്ചിരുത്തുന്ന ചടുലമായ ആഖ്യാനമാണ് സേതുവിന്റെ ഭൂരിഭാഗം കഥകൾക്കുമുള്ളത്. ‘മൂന്നാം ലോകത്തെ പക്ഷികൾ', ‘എന്റെ പ്രിയപ്പെട്ട കഥകൾ' എന്നീ സമാഹാരങ്ങളിലെ കഥകളിലൂടെ ഒരു യാത്ര നടത്തുമ്പോൾ അദ്ദേഹത്തിന്റെ കഥകളുടെ സാമാന്യസ്വഭാവം അനാവൃതമാകും.

‘നിന്റെയൊക്കെ തന്തമാര് ചെയ്തിട്ടില്ല ഇങ്ങനെ' എന്ന് ‘വിചാരണ’ എന്ന കഥയിൽ മൂപ്പൻ ആക്രോശിക്കുമ്പോൾ ‘എങ്കിൽ ഞങ്ങൾ തന്തയ്ക്ക് പിറക്കാത്തവർ' എന്നാണ് നാട്ടുകാർ നൽകുന്ന മറുപടി.

കാഴ്ചയുടെ രൂപകങ്ങൾ (Visual metaphors) സൗന്ദര്യാത്മകഭാവം കൈവരിക്കുന്നുണ്ട് സേതുവിന്റെ പല കഥകളിലും. ആഖ്യാനത്തിൽ ഉൾച്ചേർത്ത രൂപകങ്ങൾ കഥകളെ വ്യാഖ്യാനത്തിന്റെ അനന്ത സീമകളിലേക്കുയർത്തുന്നു. ചടുലമായ ആഖ്യാനരീതി കൈക്കൊള്ളുമ്പോൾ നാടകീയ പിരിമുറുക്കവും അനുഭവപ്പെടുന്നു. ആഖ്യാനത്തിന്റെ ഭാരരഹിതമായ ചിറകുകളിലേറി അനന്തവിഹായസ്സിലേക്ക് വെറുതെ പറന്നുയരുന്നവയല്ല മിക്ക കഥകളും. വ്യത്യസ്ത ആശയങ്ങളാൽ സമ്പന്നമാണ് അവ. അമൂർത്താശയങ്ങളുടെ വ്യക്തിവൽക്കരണം (Personification) സേതുവിന്റെ കഥകളുടെ മുഖമുദ്രയാണ്. ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ സസൂക്ഷ്മം വായിച്ചെടുക്കുകയാണ് അത്തരം കഥകളിലൂടെ സേതു ചെയ്യുന്നത്.

തിരഞ്ഞെടുത്ത ഏതാനും കഥകളുടെ വിശദവായനയിലൂടെ സേതുവിന്റെ കഥകളുടെ സൗന്ദര്യതലങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കാം.

‘മൂന്നാം ലോകത്തെ പക്ഷികൾ' എന്ന സമാഹാരത്തിലെ ‘വിചാരണ' എന്ന കഥ ചടുല ആഖ്യാനം കൊണ്ടും ഭ്രമകൽപ്പനകളുടെ വൈചിത്യ്രം കൊണ്ടും ശ്രദ്ധേയമാണ്. കണ്ണൻകുട്ടി മൂപ്പൻ എന്ന അതീതയാഥാർത്ഥ്യത്തെ തേടിയുള്ള ഒരു സംഘം ആളുകളുടെ വരവ് ചിത്രീകരിച്ചാണ് കഥയുടെ തുടക്കം. ‘മിഥുനത്തിലെ കറുത്തവാവിന്റെയന്ന് ഒരു നട്ടപ്പാതിരയ്ക്കാണല്ലോ ഞങ്ങൾ കണ്ണൻകുട്ടിമൂപ്പന്റെ​​​​​​​ വാതിലിൽ മുട്ടുന്നത്' എന്ന ആരംഭവാക്യം തന്നെ കഥയിൽ അരങ്ങേറാൻ പോകുന്ന നാടകീയ സംഭവങ്ങളുടെ സൂചന നൽകുന്നു. മിഥുനത്തിലെ കറുത്ത വാവ് സൂചിപ്പിക്കുന്ന അന്ധകാരത്തിന്റെ ആൾരൂപമാർന്ന കഥാപാത്രമാണ് കണ്ണൻകുട്ടിമൂപ്പൻ. സകല തിന്മകളും സാന്ദ്രീകരിച്ച രൂപം.

മൂപ്പന്റെ താമസസ്ഥലവും അതിന്റെ ചുറ്റുവട്ടവും ഏതോ പ്രേതലോകത്തെ അനുസ്മരിപ്പിക്കുന്നവയാണ്. നാലു ചുറ്റിലുമുള്ള കരിങ്കൽമതിലുകൾ, മീശക്കൊമ്പൻമാരായ തടിമാടൻമാർ, എരുമയുടെ വലുപ്പമുള്ള നായ്ക്കൾ, മൂപ്പന്റെ ജഡയിൽനിന്നിറങ്ങിവരുന്ന ഇഴജീവികളായ ഭൂതഗണങ്ങൾ എന്നിങ്ങനെ ഭ്രമകൽപ്പനയുടെ മായാലോകം കൂടി തീർക്കുന്നുണ്ട് കഥയുടെ ആരംഭത്തിൽതന്നെ. കണ്ണൻകുട്ടി മൂപ്പൻ എന്ന അപ്രാപ്യമായ ലക്ഷ്യത്തെ വേധിക്കാനുള്ള പുറപ്പാടിലാണ് ഒരുസംഘം ആളുകൾ. എല്ലാം ചുട്ടെരിക്കാൻ കെൽപ്പുള്ള പന്തങ്ങളും കൈയ്യിലേന്തിയാണ് അവരുടെ വരവ്. കരിങ്കൽമതിലുകളെ, മീശക്കൊമ്പൻമാരെ, കൂറ്റൻനായ്ക്കളെ, എന്തിന് അദൃശ്യരായ ഭൂതഗണങ്ങളെക്കൂടി മറികടന്ന് തന്റെ മുറ്റത്തെത്തിയ ആ പന്തങ്ങളെക്കണ്ട് മൂപ്പൻ ആശ്ചര്യം കൊള്ളുന്നു. അധികാരത്തേയും തിന്മകളേയും ആവാഹിക്കുന്ന ഒരു രൂപമായി വർത്തിക്കുന്നു മൂപ്പൻ ഇവിടെ.

സേതു

പന്തങ്ങൾ കണ്ട് പേടിച്ച് ഒളിച്ചിരിക്കുന്നതിനുപകരം കനത്ത കാൽവെപ്പുകളോടെ അവരുടെ മുന്നിലേക്ക് വരികയാണ് മുപ്പൻ ചെയ്യുന്നത്. ആളുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട് ആ വരവ്. വന്നത് യഥാർത്ഥ മൂപ്പൻ തന്നെയാണോ അതോ അദ്ദേഹത്തിന്റെ മറ്റേതെങ്കിലും മായാരൂപമാണോ എന്നാണ് വന്നവർ സന്ദേഹിക്കുന്നത്. അത്രയും തീവെട്ടികൾ കണ്ടിട്ടും കുസലില്ലാതെയാണ് മൂപ്പൻ അവരെ നേരിടുന്നത്.

മൂപ്പന്റെ ഉച്ചിക്കുടുമ, കഴുത്തിലെ മൂന്നുമടക്കുള്ള പൊൻചങ്ങല, ചരടിൽ കോർത്ത പുലിനഖങ്ങൾ എന്നിവയെല്ലാം വെളിവാക്കുന്നത് മൂപ്പൻ അധികാരത്തിന്റെയും പിടിച്ചുപറിക്കലിന്റെയും സാന്ദ്രീകരിക്കപ്പെട്ട വീരാടരൂപം തന്നെയാണ്​ എന്നാണ്. തീവെട്ടികളുമായി വന്നവർ ദേശത്തിന്റെ മൂപ്പനെ ആദ്യമായി കാണുകയാണ്. അതും ഇത്ര അടുത്ത്. അപ്പോഴും ഒരു പ്രഹേളിക ബാക്കിയാവുന്നു. ഓരോ രാത്രിയിലും മൂപ്പൻമാർ ഓരോന്നുപോലിരിക്കുമേത്ര! അതിനാൽ അവർ അപ്പോൾ കാണുന്നത് മിഥുനത്തിലെ അമാവാസിരാവിലെ മൂപ്പൻ. കഥയുടെ സംഘർഷാത്മകത ഇതൾ വിരിയുകയാണ് പിന്നീട്. ഒറ്റ വാക്കിലൂടേയും വാക്യശകലങ്ങളിലൂടേയുമാണ് നാട്ടുകാരും മൂപ്പനും തമ്മിലുള്ള വിനിമയം നടക്കുന്നത്. മൂപ്പന്റെ ‘എന്തേ' എന്ന ചോദ്യത്തിൽ എല്ലാമുണ്ട്. തുടർന്നങ്ങോട്ട് രംഗം ചൂടുപിടിക്കുകയാണ്.
‘നിങ്ങളെങ്ങിനെ ഇതിനകത്ത്...? മൂപ്പന് വിശ്വാസമാകുന്നില്ല.
‘എല്ലാ മതിലുകളും കടന്ന്, എല്ലാ കാവൽക്കാരേയും എല്ലാ നായ്ക്കളേയും കടന്ന്; മൂപ്പെന്റ ഈനാമ്പേച്ചികളെ കണ്ണും വായും കെട്ടി തെക്കേ മൂലയിലൊതുക്കി...’
ഇങ്ങനെ ആഖ്യാനത്തിന്റെ ചടുലത കഥയുടെ നാടകീയതയ്ക്ക് ആക്കം കൂട്ടുകയാണ്.

തലമുറകളായി കൈമാറിവരുന്ന അധികാരസ്വരൂപങ്ങളുടെ സാമാന്യവത്കൃതരൂപമായി മൂപ്പൻ മാറുകയാണ്. അധികാരത്തിന്റെ കൊടുക്കൽ വാങ്ങലുകൾ മാത്രം കണിശതയോടേയും കൃത്യതയോടേയും നടക്കുന്നു. തനിക്കു വിധേയരായവരുടെ കാവലിലാണ് മൂപ്പൻമാർ കഴിഞ്ഞുപോരുന്നത്. ‘ഉണർന്ന നാട്ടുകാർക്കെന്ത് കാവൽ? കാവലുകൾ എപ്പോഴും മൂപ്പൻമാർക്ക്' എന്ന് നാട്ടുകൂട്ടം പറയുന്നിടത്ത് മുഖരിതമാവുന്നത് അധികാരത്തിന്റെ സർവവ്യാപിത്വം തന്നെയാണ്. വിധേയത്വത്തിന്റെ പകർച്ചകൾ വ്യകതമാക്കിത്തരുന്നുണ്ട് കഥാകൃത്ത്. ‘മൂപ്പന്റെ കാവൽ നാട്ടുകാരുടെ കാവൽ. മൂപ്പന്റെ പള്ളിയുറക്കം നാട്ടാരുടെ ഉറക്കം. അത് എത്രയോ നല്ലൊരു പഴക്കം' എന്നിടത്ത് നമുക്കത് മനസ്സിലാക്കാം.

ചടുലമായ ആഖ്യാനവും വാക്കുകളുടെ മൂർച്ചയേറിയ പ്രയോഗവും സാന്ദ്രീകരിക്കപ്പെട്ട പാത്രസൃഷ്ടിയും ‘വിചാരണ’ എന്ന കഥയെ മനോഹരമാക്കുന്നു. സമൂഹത്തിലെ കറുത്ത ശക്തികൾക്കെതിരെ ഉയർന്നുവരുന്ന പ്രതിരോധത്തെ പ്രതീകാത്മകമായി കഥ ആവിഷ്‌കരിക്കുന്നു

തലമുറകളുടെ ഈ വിധേയത്വം പുതുതലമുറയിൽ തകർന്നടിയുന്നുണ്ട്. പന്തങ്ങളായി അവർ മൂപ്പനെ തേടിവരുന്നത് അതുകൊണ്ടാണ്. ‘നിന്റെയൊക്കെ തന്തമാര് ചെയ്തിട്ടില്ല ഇങ്ങനെ' എന്ന് മൂപ്പൻ ആക്രോശിക്കുമ്പോൾ ‘എങ്കിൽ ഞങ്ങൾ തന്തയ്ക്ക് പിറക്കാത്തവർ' എന്നാണ് നാട്ടുകാർ നൽകുന്ന മറുപടി. വിചാരണയ്ക്കായി തന്റെ മുറ്റത്ത്​ വന്നുനിൽക്കുന്ന ജനസഞ്ചയത്തെ കണ്ട് മൂപ്പൻ ഭയചകിതനാവുകയാണ്. പകലിന്റെ മൂപ്പനെ അവർക്കാവശ്യമില്ല. വേണ്ടത് രാത്രിയുടെ മൂപ്പനെ. ചാമിയുടെ ശവമായും നായ്ക്കളുടെ കുരയായും കുറുക്കന്റെ ഓരിയായും മാറിമറിയുന്ന രാത്രിയുടെ മൂപ്പന്റെ രൂപത്തെയാണ് അവർക്ക് വിചാരണ ചെയ്യേണ്ടത്. കളിയും, തുണിയുരിയലും, തൊലിയുരിയലും പിന്നെ എല്ലുരിയലുമായി അതങ്ങനെ മുന്നേറും. ഭയന്ന മൂപ്പന്റെ വിളി തന്റെ കൈയ്യാളുകൾ കേൾക്കുന്നത് ആകാശത്തുനിന്നാണ്. പലപ്പോഴായി മൂപ്പൻ അയച്ചതാണവരെ. പന്തങ്ങളുടെ തള്ളിക്കയറ്റത്തിൽ മൂപ്പൻ നിലതെറ്റി മണലിലേക്ക് വീഴുന്നു. കഥയുടെ വീക്ഷണകോണിൽ പെ​ട്ടെന്നൊരു മാറ്റം സംഭവിക്കുന്നുണ്ട് ഇവിടെ. മൂപ്പന്റെ വിഷയാസക്തിക്കിരയായ ഒരുവളുടെ കണ്ണുകളിൽകൂടിയാണ് കഥ പിന്നീട് മുന്നോട്ടുപോകുന്നത്. അതാകട്ടെ കഥയുടെ സൗന്ദ്യര്യത്തിന് പ്രത്യേകിച്ചൊരു സംഭാവനയും നൽകുന്നില്ല. കഥയുടെ അതുവരെയുള്ള ചടുലമായ പ്രയാണത്തിന് ഭംഗം വരുത്തുകയാണ് ഈ മാറ്റം.

സമൂഹത്തിലെ കറുത്ത ശക്തികൾക്കെതിരെ ഉയർന്നുവരുന്ന പ്രതിരോധത്തെ പ്രതീകാത്മകമായി ആവിഷ്‌കരിക്കാൻ കഥാകൃത്ത് ഈ കഥയിലൂടെ ശ്രമിക്കുന്നുണ്ട്. ചടുലമായ ആഖ്യാനവും വാക്കുകളുടെ മൂർച്ചയേറിയ പ്രയോഗവും സാന്ദ്രീകരിക്കപ്പെട്ട പാത്രസൃഷ്ടിയും ഈ കഥയെ മനോഹരമാക്കുന്നു. കഥയുടെ അവസാനത്തിലെ വീക്ഷണകോണിന്റെ വേർപിരിയൽ അതുവരെയുള്ള ആഖ്യാനസൗന്ദര്യത്തെ അലോസരപ്പെടുത്തുന്നതുമായി.

രണ്ട്: ജീവിത വൈചിത്ര്യങ്ങളുടെ തുരുത്തുകൾ

പാരമ്പര്യത്തിന്റെയും അകർമണ്യതയുടേയും നിശ്ചലാവസ്ഥയിൽനിന്ന്​ വർത്തമാനകാലത്തിന്റെ കർമോത്സുകതയിലേക്ക് വഴിമാറാൻ വെമ്പുന്നവരുടെ കഥയാണ് ‘തുരുത്ത്'. നാലു പുഴകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന നാട്ടിൻപുറത്തെ ഒരുകൂട്ടം മനുഷ്യരാണ് ഈ കഥയിലെ കഥാപത്രങ്ങൾ. പാരമ്പര്യം സൃഷ്ടിച്ച ഒരു തരം തടവുജീവിതമാണ് തുരുത്ത് അവർക്ക് സമ്മാനിക്കുന്നത്. പുഴകടന്ന് പുറംലോകത്ത് എത്തുക എന്നത് നിഷിദ്ധമായ ആഗ്രഹമാണ് അവർക്ക്. ‘പൊതുവെ പുഴ കടന്ന് പോകുവാൻ മടിയുള്ളവരായിരുന്നല്ലോ ഞങ്ങളൊക്കെ' എന്ന പ്രസ്താവനയിൽ പാരമ്പര്യത്തിന്റെ തുരുത്തിൽനിന്ന് രക്ഷനേടാനുള്ള ഗ്രാമവാസികളുടെ വെമ്പൽ വായിച്ചെടുക്കാം. അക്കര കാണാനാവാത്ത
ഏതുപുഴയും ചെറുപ്പത്തോടുള്ള വെല്ലുവിളിയാണെന്ന് അവർക്ക് നന്നായി അറിയാം. പണ്ട് പുഴ കടക്കാൻ ശ്രമിച്ചവരെ പിടിച്ച് മുടി വടിച്ചുവിടുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു അവിടെ. അകർമണ്യതയുടെ തുരുത്തിൽ അവശേഷിച്ചുപോയ പിൻതമുറക്കാർ അമ്പലപ്പറമ്പുകളുടെ മതിലുകളിലും പുൽ
മൈതാനങ്ങളുടെ അതിരുകളിലും മറ്റും അവരുടെ ചെറുപ്പകാലം എരിച്ചുതീർത്തു.

സേതു

വിലക്കു ലംഘിച്ച് ആ തുരുത്തിൽനിന്നാദ്യമായി പുറത്തുപോയൊരാൾ മത്തായി ആയിരുന്നു. പുഴകടന്ന് പുറംലോകത്തുപോയ മത്തായി അഞ്ചാറുകൊല്ലം കഴിഞ്ഞ് തിരിച്ചുവരുന്നത് രണ്ട് കൂറ്റൻ ട്രങ്ക് പെട്ടികളുമായാണ്. ഭൗതികമായ വിജയത്തിന്റെ സൂചനയാണ് ഇത് നൽകുന്നത്. നിശ്ചലജീവിതം നയിക്കുന്ന തുരുത്തിൽനിന്ന്​പുറംലോകത്തെ ചലനാത്മകതയിലേക്കും അഭിവൃദ്ധിയിലേക്കും നടന്നടുക്കുവാൻ യുവാക്കൾക്ക് പ്രചോദനമായി മാറുന്നുണ്ട് മത്തായി. പഴയ മത്തായിയും പുതിയ മത്തായിയും തമ്മിലുള്ള വൈരുദ്ധ്യം തിരിച്ചറിയാനാവാത്ത ഒരു കീറാമുട്ടിയായി മാറുന്നുണ്ട് തുരുത്തിൽ. അതിനിടയ്ക്കാണ് ചെത്തുകാരൻ സദാനന്ദന്റെ മകൾ ഗോമതി തുരുത്തിൽനിന്ന് അപ്രത്യക്ഷയാവുന്നത്. പാരമ്പര്യമായി നെയ്ത്ത് ശീലമാക്കിയ ഗ്രാമവാസികൾക്കിടയിൽ ആദ്യമായി മിനുമിനുത്ത സാരികൾ നെയ്യാൻ തുടങ്ങിയത് ഗോമതിയായിരുന്നു. ഗോമതിയുടെ നൈപുണ്യവും അവളുടെ തിരോധാനവും തമ്മിൽ ചില ബന്ധമുണ്ടന്ന് മനസ്സിലാക്കാം.

തുരുത്തിലെ വ്യവസ്ഥാപിതാന്തരീക്ഷത്തേക്കാൾ പുറംലോകത്തിന്റെ ചടുലതയ്ക്കാണ് ഗോമതിമാരെ ആവശ്യമുള്ളത്. ഗോമതിക്കാണെങ്കിൽ സ്വപ്നം കാണുന്ന പതിവുണ്ടുതാനും. അവളുടെ സ്വപ്നങ്ങൾ സദാനന്ദനെ അലട്ടാതെയുമിരുന്നില്ല. അപ്പോൾ ഗോമതിയുടെ തിരോധാനം കാലം ആവശ്യപ്പെട്ടതുതന്നെ. ഗോമതി പുറപ്പെട്ടുപോയപ്പോഴാണ് ആദ്യമായി ആ തുരുത്തിൽ പൊലീസ്​ എത്തുന്നത്. സ്വതവേ സ്വച്ഛമായ തുരുത്തിന്റെ ഭൂമികയിലേക്ക് പൊലീസ്​ പ്രവേശിക്കുന്നത് ആ തുരുത്തിന്റെ ശാലീനതയ്ക്ക് ഭംഗം വരുത്തുന്നുണ്ട്. പുറംലോകത്തിന്റെ അധികാര സമവാക്യങ്ങൾ തുരുത്തിന്റെ നിഷ്‌കളങ്കതയെ മലീമസമാക്കാൻ പോന്നതാണ്. ‘ഭയം വേണ്ട! എല്ലാറ്റിനുമുണ്ട് വകുപ്പുകൾ. വകുപ്പുകൾ കാക്കാനാണ് പൊലീസ്' എന്ന് പ്രഖ്യാപിച്ചാണ്​ അവരുടെ വരവ്. പൊലീസ് തിരിച്ചുപോയതോടെ ഗോമതിയെക്കുറിച്ചുള്ള ഓർമകളും കൂടെപ്പോയി. പിന്നീടങ്ങോട്ട് തിരോധാനങ്ങളുടെ ഒരു തുടർച്ച തന്നെയായിരുന്നു. വേലായുധൻ നായരുടെ മകൾ രോഹിണി, മത്തായിയുടെ ഇളയ പെങ്ങൾ ലൂസി, അറവുകാരൻ ഐ​ദ്രോസിന്റെ മകൾ സൈനബ, പിന്നീട് പേരുതന്നെ അറിയാത്ത മൂന്ന് പെൺകിടാവുകൾ.

കളരിപ്പറമ്പിൽ സൈക്കിൾയജ്ഞം നടത്തുന്ന സോഡാക്കാരൻ ചെല്ലപ്പനുമുണ്ട് ചില വിചിത്രകാഴ്ചകൾ. മുട്ടറ്റം മുടിയുള്ള തൂവെള്ളവേഷണിഞ്ഞ നിലാവിനാൽ പൊതിഞ്ഞ ഒരു മോഹിനിയെയാണ് അയാൾ കാണുന്നത്.

സേതുവിന്റെ പതിവുശൈലിയായ ഫാന്റസിയുടെ മിന്നലാട്ടങ്ങൾ ഈ കഥയിലും കാണാം. സൈനബയുടെ തിരോധാനത്തിനും അവളുടെ ആട്ടിൻകുട്ടിയുടെ അപമൃത്യുവിനും ശേഷം ദൂരെയൊരു അമ്പലപ്പറമ്പിൽ രാത്രി കഥകളി കാണാൻപോയ രണ്ട് ചേട്ടാനിയൻമാർക്ക് ചില വിചിത്ര കാഴ്ചകളുണ്ടായി. കുന്നിൻചരിവിലെ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന കരിങ്കൽത്തൂണുകളുടെ മറവിൽ അവർ ഏതോ ചില വിചിത്രമായ നിഴലനക്കങ്ങൾ കാണുന്നു. പേടിച്ചരണ്ട അവർ അഞ്ചുനാൾ പനിച്ചു കിടന്നു. ചേട്ടാനിയൻമാരുടെ വിവരണത്തിൽനിന്നും കറുകറുത്ത രോമക്കെട്ടുകൾകൊണ്ട് മൂടിയ ഒരു പ്രാകൃതജീവി നട്ടപ്പാതിരയ്ക്ക് അതിന്റെ സഞ്ചാരം തുടങ്ങിയെന്ന് അവർക്ക് മനസ്സിലായി.

ഈ പ്രാകൃതരൂപം ഒരു ആർക്കിടൈപ്പ് (ആദിരൂപം) ആണ്. പാരമ്പര്യത്തിനെതിരെ ഉയരുന്ന വെല്ലുവിളികൾ, പരിചിത സാഹചര്യങ്ങൾ മാറിപ്പോകുന്നതിലുള്ള ഭയം, പുതുമയോടുള്ള മാനസിക അകൽച്ച എന്നിവ സാന്ദ്രീകരിച്ചുണ്ടായ ഭയത്തിന്റെ ആദിരൂപപരമായ പ്രത്യക്ഷീകരണമാണ് ആ വിചിത്രജന്തു. ഓരോ ഗ്രാമവാസിയുടേയും മനസ്സിലാണ് അത് കുടികൊള്ളുന്നത്. കളരിപ്പറമ്പിൽ സൈക്കിൾയജ്ഞം നടത്തുന്ന സോഡാക്കാരൻ ചെല്ലപ്പനുമുണ്ട് ചില വിചിത്രകാഴ്ചകൾ. മുട്ടറ്റം മുടിയുള്ള തൂവെള്ളവേഷണിഞ്ഞ നിലാവിനാൽ പൊതിഞ്ഞ ഒരു മോഹിനിയെയാണ് അയാൾ കാണുന്നത്. വീശിയടിച്ച കാറ്റിൽ ഏതൊക്കെയോ പെൺകുട്ടികളുടെ ഒറ്റപ്പെട്ട കരച്ചിലുകൾ ചെല്ലപ്പന് തെളിഞ്ഞുകേൾക്കായി. ഇങ്ങനെ ഭ്രമാത്മകതയുടേയും ചടുലമായ ആഖ്യാനത്തിന്റെയും പിൻബലത്തിൽ മനോഹരമായ ഒരു കഥാലോകം സൃഷ്ടിച്ചെടുക്കുകയാണ് ‘തുരുത്ത്' എന്ന കഥ.

മൂന്ന്​: ഒളിച്ചുകളികൾ

ബന്ധങ്ങളുടെ വ്യർത്ഥത വിളിച്ചോതുന്ന കഥയാണ് ‘രക്തബന്ധം'. രക്തദാതാവായ ശാന്തകുമാരന്റെ കഥയായി ഇത് പ്രത്യക്ഷത്തിൽ തോന്നാം. അനാഥനും ദീനാനുകമ്പയുള്ളവനുമായ ഒരു സർക്കാർ ജീവനക്കാരനാണ് ശാന്തകുമാരൻ. നഗരത്തിലെ രകതബാങ്കുകളിൽചെന്ന് ആവശ്യത്തിന് രക്തം നൽകുകയാണ് അയാളുടെ കർത്തവ്യം. അതുവഴി അനാഥനായ അയാൾക്ക് ധാരാളം ബന്ധുക്കൾ ഉണ്ടാകുന്നു. ‘ആരുമില്ലാതെ എവിടെയോ കിടന്നു വളർന്നവന് അല്ലാതെ എങ്ങനെ ഉണ്ടാവാനാണ് ഇത്രയും ബന്ധുക്കൾ’ എന്ന കഥാന്ത്യത്തിലെ വാക്യത്തിന് സദുദ്ദേശ്യത്തിേന്റയും ശുഭപ്രതീക്ഷയുടേയും ധ്വനികളുണ്ട്. പക്ഷേ കഥയുടെ ശരിയായ സന്ദേശത്തിന് എതിരുനിൽക്കുന്നതാണത്. തന്റെ വീട്ടുടമസ്ഥയായ ആന്റിയുടെ ഭർത്താവ് റോബർട്ടിന് രക്തം നൽകിക്കൊണ്ടാണ് ശാന്തകുമാരൻ രക്തദാനജീവിതം ആരംഭിക്കുന്നതുതന്നെ. രക്താർബുദബാധിതനായ റോബർട്ടിന് ഇടയ്ക്കിടെ രക്തം മാറ്റേണ്ട ആവശ്യമുണ്ടായിരുന്നു. അതും ലഭിക്കാൻ ബുദ്ധിമുട്ടുള്ള റെയർ ഗ്രൂപ്പ്. ശാന്തകുമാരൻ പലതവണയായി റോബർട്ടിന് രക്തം ദാനം ചെയ്തങ്കിലും അയാൾ മരണത്തിനു കീഴടങ്ങുന്നു. ശാന്തകുമാരന്റെ കണ്ണുകളിൽ രക്തക്കുറവിന്റേതായ ഒരു വൃത്തികെട്ട മഞ്ഞരാശിയുണ്ടന്ന് ആന്റി കണ്ടുപിടിക്കുന്നത് അതിനു ശേഷമാണ്. ഇങ്ങനെ രക്തം ദാനംചെയ്യരുതെന്ന് അവർ ശാന്തകുമാരനോട് ആവശ്യപ്പെടുന്നു. ‘ശാന്തകുമാരന്റെ നല്ല ചോര മുഴുവനും ഞങ്ങളെടുത്തു. ഇനി ബാക്കിയുള്ളവ നല്ല ചെറുപ്പത്തിനായിട്ട്...’ എന്ന് ആന്റി പറയുന്നുണ്ടെങ്കിലും ശാന്തകുമാരൻ അങ്ങനെ വിചാരിക്കുന്നില്ല.

ഫോയ്ഡോർ സൊളോഗബ്ബ് / Photo: Wikimedia Commons

നഗരത്തിലെ ശിശുപാലൻ ഡോക്ടറാണ് ശാന്തകുമാരന് ആദ്യമായി രകതദാനത്തിന് വിലക്കുകൽപ്പിക്കുന്നത്. പരിധിയിൽ കൂടുതൽ ദാനം ചെയ്ത് ശാന്തകുമാരൻ ഇനിയതിന് യോഗ്യനല്ലന്ന് ഡോക്ടർ ശഠിച്ചുപറയുന്നു. ഒരിക്കൽ ശിശുപാലൻ ഡോക്ടറുടെ ഭാര്യയുടെ പ്രസവസമയത്ത് രക്തം ദാനം ചെയ്തതും ശാന്തകുമാരൻ തന്നെ. ജീവിതത്തിലെ വിരോധാഭാസങ്ങളെ സൗന്ദര്യാത്മകമായി ചിത്രീകരിക്കുകയാണ് കഥാകൃത്ത്​ ഇവിടെ. ശാന്തകുമാരനിലെ രക്തദാതാവിനെ കണ്ടത്തുന്നത് ആന്റിയാണ്. തുടക്കത്തിൽ ശാന്തകുമാരന് സിറിഞ്ചും ആശുപത്രക്കട്ടിലും എല്ലാം പേടിയായിരുന്നു. പലപ്പോഴും ശാന്തകുമാരൻ മടിച്ചുനിന്നപ്പോഴൊക്കെ അവനെ എങ്ങനെയെങ്കിലും സമ്മതിപ്പിച്ചെടുക്കൽ ആന്റിയുടെ പണിയായിരുന്നു. അവർക്ക് എങ്ങനെയെങ്കിലും അവന്റെ ചോര വേണമായിരുന്നല്ലോ. ഇങ്ങനെ ഐറണിയുടെ വിളയാട്ടങ്ങൾ വേണ്ടുവോളമുണ്ട് ഈ കഥയിൽ.

സേതുവിന്റെ ‘ഗോപാലൻ' രൂപാന്തരണം വിഷയമാക്കുന്ന കഥയാണ്. മൂന്നുതരം രൂപാന്തരണമാണ് ഗോപാലന് സംഭവിക്കുന്നത്. ചാലിയൻ ഗോപാലനിൽനിന്ന് വാച്ച്മാൻ ഗോപാൽസിങ്, പിന്നീട്‌ പ്രൊഫസർ ഗോപാലൻ. ഒരേ സ്ഥലരാശിയിലല്ല ഇത് സംഭവിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

‘രക്തബന്ധം' അതിന്റെ വിരുദ്ധോക്തികളെയാണ് വെളിവാക്കുന്നത്. എന്നാൽ ബന്ധങ്ങളുടെ ദാർഢ്യം വെളിവാക്കുന്ന കഥകളും ലോകസാഹിത്യത്തിലുണ്ടായിട്ടുണ്ട്. ഫോയ്‌ഡോർ സൊളോഗബ്ബിന്റെ Hyde and Seek മികച്ച ഉദാഹരണമാണ്. അമ്മയും അരുമയായ കുഞ്ഞുമകളും തമ്മിലുള്ള ഹൃദയാവർജ്ജക ബന്ധത്തിന്റെ കഥയാണിത്​. ആന്റൺ ചെക്കോവിനൊപ്പം റഷ്യക്ക് പുറത്ത് അറിയപ്പെടുന്ന കഥാകാരനാണ് സൊളോഗബ്. സെറാഫിന അലക്​സാഡ്രോവ്​ന എന്ന ഇരുപതുകാരിയും ഏക മകൾ ലെലച്ച്കയും തമ്മിലെ അവാച്യമായ മാതൃ- ശിശുബന്ധമാണ്​ പ്രമേയം. സെറാഫിമയെ ഉത്തമ മാതാവായും ലെലെച്കയെ ഉത്തമ കുഞ്ഞുമായുമാണ് സൊളോഗബ് വരച്ചുകാട്ടുന്നത്. മകളോടുള്ള സ്​നേഹം ഭർത്താവായ മോഡിസ്റ്റോവിച്ചിനോടുള്ള സ്നേഹത്തിലും പരിഗണനയിലും വിള്ളൽ വീഴ്ത്തുന്നു. മോഡിസ്റ്റോവിച്ചുമായുള്ള അവളുടെ ബന്ധം ശിശിരതുല്യമെങ്കിൽ ലെലെച്ചകയുമായുള്ളത് വസന്തം തന്നെയാണ്. അമ്മയും മകളും വീട്ടിൽ പതിവായി ഒളിച്ചുകളിക്കാറുണ്ട്. ലെലച്ചകയുടെ ഇഷ്ടവിനോദമാണത്​. ജീവിതത്തിൽനിന്നുതന്നെയുള്ള ഒരുതരം ഒളിച്ചോട്ടമായി അത് മാറുന്നുണ്ട്. കഥയിൽ ലീനമായ ധ്വനിചിഹ്​നങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. സെറാഫിമയുടെ ജീവിതത്തിന്റെ സൗന്ദര്യവും സ്നേഹവും ഊർജവുമെല്ലാം മകളാണ്. വീട്ടിലെ വേലക്കാരി അഗാഫ്യ ഒളിച്ചുകളിക്കുന്നതിൽ നിന്ന്​ സെറാഫിമയെ വിലക്കുന്നുണ്ട്. കാരണം ഒളിക്കൽ എന്നത് മരണത്തിന്റെ സൂചനയായിട്ടാണ് അവൾ കരുതുന്നത്. വേലക്കാരിയുടെ അന്ധവിശ്വാസം സെറാഫിമ കണക്കിലെടുക്കുന്നില്ലെങ്കിലും ക്രമേണ അത് ആധിയായി അവളിൽ വളരുന്നു. ജ്വരബാധിതയായ ലെലച്ക കഥാന്ത്യത്തിൽ മരണത്തിനു കീഴടങ്ങുന്നു. മകളുടെ മരണം സെറാഫിമയെ മൃതപ്രായയാക്കുന്നു. ജീവിക്കുന്ന ശവശരീരമായി അവൾ മാറുന്നു. ഒരുതരം ഉഭയജീവിതമാണ്‌ ഈ കഥയിലെ അമ്മയും മകളും നയിക്കുന്നത്. ഒന്നിന്റെ അഭാവം മറ്റേതിന്റെ നിലനിൽപ്പിനെ അവതാളത്തിലാക്കുന്നു. സൊളോഗബ്ബിന്റെ Beauty, The Earthly Earth തുടങ്ങിയ മറ്റ് കഥകളിലും മനുഷ്യബന്ധത്തിന്റെ ഇഴയടുപ്പം കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നതുകാണാം.

നാല്: മനുഷ്യരുടെ രൂപാന്തരങ്ങൾ

രൂപാന്തരണം സർഗസൃഷ്ടിക്കുള്ള വിഷയമായി സ്വീകരിച്ച് നമ്മെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് ഫ്രാൻസ് കാഫ്ക. അദ്ദേഹത്തിന്റെ Metamorphosis എന്ന ലഘുനേവൽ ഗ്രിഗർ സാംസ എന്ന യുവ മാനേജർക്ക് പൊടുന്നനെ സംഭവിക്കുന്ന രൂപാന്തരണമാണ് ചർച്ച ചെയ്യുന്നത്. തലേദിവസം ഉറങ്ങാൻ കിടന്ന ഗ്രിഗർ പിറ്റേന്ന് താനൊരു കീടമായി രൂപാന്തരം പ്രാപിച്ചതായി തിരിച്ചറിയുന്നു. തന്റെയുള്ളിലെ ഏകാകിത്വവും, ഏകാധിപതിയായ പിതാവിനോടുള്ള പ്രതികാരവാഞ്​ചയും പരാജയബോധവും എല്ലാം കൂടി സാമൂഹികമായ ഒരുതരം ഒറ്റപ്പെടലിന് ഗ്രഗറിനെ വിധേയനാക്കുകയും തന്റെ കീടജന്മത്തിന്​ കാരണമായിത്തീരുകയും ചെയ്യുന്നു. കീടമായിത്തീർന്നശേഷവും ഗ്രിഗർ പരിസരത്തോട് ക്രിയാത്മകമായി പ്രതികരിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഗ്രിഗറിന്റേത് അപൂർണമായ രൂപാന്തരണമാണന്ന് മിഖായേൽ ബക്തി​ൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഫ്രാൻസ് കാഫ്ക / Photo: Wikimedia Commons

സേതുവിന്റെ ‘ഗോപാലൻ' (‘എന്റെ പ്രിയപ്പെട്ട കഥകൾ’) രൂപാന്തരണം വിഷയമാക്കുന്ന കഥയാണ്. മോതിരത്തിൽക്കൂടി കടന്നുപോകുംവിധം അത്രയേറെ നേർമയാർന്ന മുണ്ടുകൾ നെയ്‌തെടുത്ത ആദിചാലിയന്റെ പിൻമുറക്കാരനാണ് ഗോപാലൻ. തനിക്കുമാത്രമറിയാവുന്ന വിദ്യ താനറിയാതെ ഗോപ്യമായി പഠിച്ചതിനാൽ സവർണനായ ഗുരു ആദിചാലിയന്റെ മൂന്നു വിരലുകൾ ഗുരുദക്ഷിണയായി ആവശ്യപ്പെടുന്നു. ഇങ്ങനെ ആദ്യ വഞ്ചനയുടെ അമർഷവും ഉള്ളിൽപ്പേറി നടക്കുന്നവനാണ് ചാലിയൻ ഗോപാലൻ.

മൂന്നുതരം രൂപാന്തരണമാണ് ഗോപാലന് സംഭവിക്കുന്നത്. ചാലിയൻ ഗോപാലനിൽനിന്ന് വാച്ച്മാൻ ഗോപാൽസിങ്, പിന്നീട്‌ പ്രൊഫസർ ഗോപാലൻ. ഒരേ സ്ഥലരാശിയിലല്ല ഇത് സംഭവിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ചേന്ദമംഗലത്ത് കരിമ്പാടം പാലത്തിനടുത്താണ് ചാലിയൻ ഗോപാലൻ. പിന്നീട് ഗോപാലനെ നമ്മൾ കാണുന്നത് പഞ്ചാബിലാണ്. ഗോപാലന്റെ മറ്റൊരു വേഷപ്പകർച്ച വേറൊരു മഹാനഗരത്തിൽ- പ്രൊഫസർ ഗോപാലനായി. ഇങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത ഉണ്മയോടുകൂടിയ കഥാപാത്രമായി പരിലസിക്കുന്നു ഗോപാലൻ.

അടുക്കുന്തോറും അകന്നുപോകുന്ന സത്യമാണ് ഗോപാലൻ. ഗോപാലെന്റ രൂപാന്തരണം പൂർണമല്ല. ഗ്രഗറിനു സംഭവിച്ചതുപോലെ ആന്തരികവുമല്ല. ബാഹ്യമായ ഒരുതരം പകർന്നാട്ടമാണത്. മൂന്നു ഗോപാലനെയും ബന്ധിപ്പിക്കുന്ന ഒരു മഞ്ഞരാശിയുണ്ട്. കഥ പറയുന്ന സേതുവിനെ മഞ്ഞപ്പിത്തമായി ആവേശിക്കുന്നതും ഈ മഞ്ഞരാശിയാണ്. വീക്ഷണകോണിന്റെ വൈകല്യം നിമിത്തമാണോ ഗോപാലനെ പല വേഷത്തിൽ കാണുന്നത് എന്നത് ഒരു പ്രശ്‌നമായി കഥയിൽ അവശേഷിക്കുന്നു. ‘ഗോപാലാ, മറ്റേതിനേയും പോലെ നീയുമൊരു സത്യമാണ്. ഒന്നായ നിന്നെ മൂന്നായിക്കണ്ട് അജ്ഞതയുടെ തൊണ്ട് പൊട്ടിക്കാൻ നടന്ന ഞാനെരു വിഡ്ഢി' എന്ന സേതുവിന്റെ പരിതാപത്തിലാണ് കഥ അവസാനിക്കുന്നത്.

കഥ പറച്ചിലുകാരന്റെ അജ്ഞതയും ഗോപാലൻ എന്ന ഉണ്മയും തമ്മിലുള്ള വൈരുദ്ധ്യം ഇവിടെ കാണാം. ഗോപാലന്റെ രൂപാന്തരണം സ്വച്ഛമെന്നു കരുതുന്ന ജീവിതത്തിനുനേരെ ഉയരുന്ന വെല്ലുവിളിയാണ്. സ്വന്തമായി ഉണ്ടെന്നുകരുതുന്ന വ്യക്തിത്വത്തിന്റെ നിരാസമാണ് രൂപാന്തരണത്തിലൂടെ ഗോപാലനിൽ സംഭവിക്കുന്നത്. ഗോപാലൻ എന്നതുതന്നെയും കഥ പറയുന്ന സേതുവിന്റെ കാഴ്ചയുമായി ബന്ധപ്പെട്ട പ്രഹേളികയാണ്. ഇങ്ങനെ പല വിതാനത്തിൽ സഞ്ചരിക്കുന്ന കഥയാണ് ഗോപാലൻ.

അഞ്ച്: മനുഷ്യവികാരങ്ങളുടെ മണം

അമർത്തിവെക്കപ്പെട്ട വികാരങ്ങളുടെ തീക്ഷ്ണമായ ആവിഷ്‌കാരമാണ് വേനൽ എന്ന കഥ. വിപരീത ധ്വനികളാൽ സമ്പുഷ്ടമാണ് ഈ കഥ. ഭർത്താവിന്റെ വരവുകാത്ത് വിരഹത്താൽ വേവുന്ന മനസ്സുമായി കഴിയുന്നവളാണ് കഥാനായിക. സായംസന്ധ്യയിൽ വീട്ടിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ ഒരവധൂതനും അവനോട് വീട്ടുകാരിക്കു തോന്നുന്ന സമ്മിശ്ര വികാരങ്ങളുമാണ് പ്രമേയം. ആകെപ്പാടെ മുഷിഞ്ഞുനാറുന്ന വേഷമാണ് അവന്റേത്. വരാന്തയിൽ അവനിരിക്കുന്നതു കണ്ട്, ‘നീയിതേവരെ പോയില്ലേ' എന്ന വീട്ടുകാരിയുടെ ചോദ്യത്തിൽ ഉയർന്നു നിൽക്കുന്ന സന്ദേഹമുണ്ട്. കുട്ടികളും താനും മാത്രമുള്ള വീട്ടിൽ ആണുങ്ങൾ ഇല്ലാത്ത നേരത്ത് ഒരപരിചിതന്റെ സാന്നിദ്ധ്യമുണ്ടാക്കുന്ന അസ്വസ്ഥത അതിൽ നിഴലിച്ചുനിൽക്കുന്നുണ്ട്. സ്ത്രീയുടെ സഹജമായ അനുകമ്പ അവനോട് കൂടുതൽ കാര്യങ്ങൾ തിരക്കാൻ അവരെ പ്രേരിപ്പിക്കുന്നു. അവന്റെ പേരും നാടും അവർ അന്വേഷിക്കുന്നു. വീട്ടിൽനിന്ന്​ ഒളിച്ചോടിപ്പോന്നതാണോ എന്നും തിരക്കുന്നു. മീനച്ചൂടിൽ അവർ ഉരുകിയൊലിക്കുകയാണ്. ‘കാര്യമൊക്കെ ശരി തന്നെ. നീയിങ്ങനെ ഇവിടെ കുത്തിയിരിക്കുന്നത് എനിക്ക് പോക്കണംകേടാണ്. ‘കുട്ട്യോൾടെ അച്ഛൻ അടുത്തമാസം അവധിക്കുവരും' എന്നവർ അവനോട് പറയുന്നു. വന്യതയാർന്ന ഒരു പുരുഷന്റെ സാമീപ്യം അവരിൽ ഒരുതരം അസ്വാസ്ഥ്യം സൃഷ്ടിക്കുന്നുണ്ട്. തന്റെ അഭ്യർത്ഥന അവൻ ഗൗനിക്കുന്നില്ലന്ന് കണ്ടപ്പോൾ വണ്ടിക്കൂലിക്ക് കാശില്ലെങ്കിൽ തരാമെന്നും ബീഡിക്കുറ്റി മുറ്റത്തിടരുതെന്നും അവർ അവനോടുപറയുന്നു. ‘മുഷ്‌ക്ക് കാട്ടാനുള്ള ഭാവാന്ന് വെച്ചാ ഞാൻ തെക്കേന്ന് അച്ച്വോട്ടനെ വിളിക്കും' എന്നവർ ഭീഷണിപ്പെടുത്തുന്നു.

തീക്ഷ്​ണ ഗന്ധം കാമവികാരങ്ങളെ ഉണർത്തിവിടാൻ പര്യാപ്തമാണെന്ന ഫ്രോയിഡിയൻ മനഃശ്ശാസ്ത്രനിഗമനങ്ങൾ സേതുവിന്റെ ചില കഥകൾ ഓർമപ്പെടുത്തുന്നു. /Photo: Wikimedia Commons

വീട്ടുകാരിയുടെ അഭ്യർത്ഥനകളുടേയും ഭീഷണിയുടേയും വിപരീതധ്വനികൾ പിന്നീടാണ് കഥയിൽ വെളിപ്പെടുന്നത്. അവർ ചിമ്മിനിവിളക്ക് ഉയർത്തിനോക്കി അവന്റെ മുഖം ശരിക്കുമൊന്നു കാണവേ അവന്റെ പാട കെട്ടിയ കണ്ണുകളിൽ തന്റെ കണ്ണ് കൊരുക്കുന്നു. അതവരിൽ ഒരുതരം വികാരവിക്ഷോഭം സൃഷ്ടിക്കുന്നു. സൂക്ഷ്മതലത്തിലെ ഈ ഭാവമാറ്റം അതീവ കൃത്യതയോടെയാണ് കഥാകൃത്ത് ആവിഷ്‌കരക്കുന്നത്. തന്റെ മുഖത്ത് എന്തോ ഇഴയുന്നതായി അവർക്ക് തോന്നി. കാമാർത്ഥമായ അവന്റെ കണ്ണുകൾ തന്നെയാണത്. അതവരെ പരവശപ്പെടുത്തുന്നു. അവർ പെ​ട്ടെന്ന് മേൽമുണ്ട് പിടിച്ച് നേരെയിട്ടു. മുണ്ടിന്റെ കോന്തല കൊണ്ട് വിയർപ്പൊപ്പി. അവനോടുള്ള അവരുടെ പെരുമാറ്റത്തിൽ പെ​ട്ടെന്നാണ് ഒരു തിരിവ് സംഭവിക്കുന്നത്.

‘ങാ, പിന്നെ നേരം ഇത്രയായില്ലേ, വേണമെങ്കില് ഈ വരാന്തയിൽ കിടന്നോ. വെളുക്കുന്നതിനുമുമ്പ് എറങ്ങിയാൽ മതി. ആരെങ്കിലും ചോയിച്ചാ ഞാൻ കണ്ടില്ലെന്ന് പറഞ്ഞേക്കാം' എന്നിടത്ത് അത് വ്യകതമാണ്. നാളേറെയായി പരിലാളനകൾ ലഭിക്കാത്ത തന്റെ കാമനകളുടെ നിശ്ശബ്ദനിലവിളി അവരുടെ വാക്കുകളിൽ നിഴലിച്ചുനിൽക്കുന്നുണ്ട്. അന്തരീക്ഷത്തിൽ കുട്ടികളുടെ കൂർക്കംവലിയും പഴുത്തു ചീയുന്ന പറങ്കിമാങ്ങളുടെ ഗന്ധവും മുറ്റിനിൽക്കുന്നു. തീക്ഷ്​ണ ഗന്ധം കാമവികാരങ്ങളെ ഉണർത്തിവിടാൻ പര്യാപ്തമാണെന്ന ഫ്രോയിഡിയൻ മനഃശ്ശാസ്ത്രനിഗമനങ്ങൾ ഇവിടെ ഓർക്കേണ്ടതുണ്ട്. പീന്നീടവർ ഭക്ഷണം കൊടുക്കാൻ അവനെ പടിഞ്ഞാറെപ്പുറത്തേക്കു വിളിക്കുന്നു. എങ്കിലും പടിഞ്ഞാറെപ്പുറത്തെ തിണ്ണയിലിരുന്നാൽ ആരെങ്കിലും കാണുമെന്ന് സന്ദേഹിച്ച് അകത്തേക്കു ക്ഷണിക്കുന്നു. ഇങ്ങനെ പടിപടിയായാണ് വന്യതയാർന്ന ആ പുരുഷസാന്നിധ്യത്തോട് അവർ സമരസപ്പെടുന്നത്. അകത്തേക്കുവന്ന അവന് കുട്ട്യോൾടെ അച്​ഛന്റെ ഫോട്ടോ കാണിച്ചുകൊടുക്കുന്നു. ‘വാ, നേരം ഒരുപാടായി. എനിക്ക് ഉറക്കം വരുന്നു' എന്ന അവരുടെ പറച്ചിലിൽ അവനോടുള്ള അവരുടെ സൗഹൃദമനോഭാവം നിഴലിക്കുന്നുണ്ട്. ചോറിന് കൂട്ടാൻ കറിയില്ലെങ്കിലും മോരും കാന്താരിമുളകും തരാമെന്ന് അവർ പറയുന്നു. ‘കുട്ട്യോൾടെ അച്ഛന് മോരും കാന്താരിമുളകും ചമ്മന്തീംണ്ടെങ്കിൽ പിന്നീടൊന്നും വേണ്ട' എന്നു പറയുമ്പോൾ പ്രാകൃതനായ അതിഥിയെ തന്റെ ഭർത്താവിന്റെ സ്ഥാനത്ത് കാണാനുള്ള ഒരാന്തരിക പ്രേരണ അവരിലുണ്ടന്ന് നാമറിയുന്നു. ഇണ ചേരാൻ പരസ്പരം കടിച്ചുകീറുന്ന പൂച്ചകളുടെ സാന്നിധ്യം സൂചിപ്പിച്ചുകൊണ്ടാണ് സ്ത്രീയുടെ മാനസികവ്യാപാരങ്ങൾക്ക് മൂർത്തത കൈവരിക്കാൻ കഥാകൃത്ത് ശ്രമിക്കുന്നത്. വികാരങ്ങളുടെ തിരയിളക്കങ്ങൾ മീനച്ചൂടെന്ന രൂപകത്തിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്നുണ്ടിവിടെ. അതിഥിയാകട്ടെ അവരുടെ മാനസികാവസ്ഥ മനസ്സിലാകാത്ത ജഡത്വത്തിലാണ് നിലകൊള്ളുന്നത്. മുറ്റത്തേക്കിറങ്ങി ഉറക്കെ ഒച്ചയുണ്ടാക്കി കാറിത്തുപ്പിക്കൊണ്ട് അവൻ നടന്നകലുമ്പോൾ, അവൻ പോകുന്നത് ആരെങ്കിലും കണ്ടുകാണുമോ എന്നവർ സന്ദേഹിക്കുന്നു. മനുഷ്യവികാരങ്ങളുടെ സൂക്ഷ്മമായ ആവിഷ്‌കാരത്താൽ ശ്രദ്ധേയമാണ് ഈ കഥ. വിപരീതങ്ങളായ ധ്വനിചിഹ്നങ്ങളാൽ അമർത്തിവെക്കപ്പെട്ട വികാരങ്ങളുടെ തിരതള്ളലുകൾ സമർത്ഥമായി ചിത്രീകരിക്കപ്പെടുന്നു. ഗന്ധങ്ങളും ശബ്ദങ്ങളും മനുഷ്യനിൽ കാമവികാരം ഉണർത്തുമെന്ന യുങ്ങിന്റെ മനഃശ്ശാസ്ത്രസങ്കൽപങ്ങൾക്ക് ദൃഷ്ടാന്തം കൂടിയാണ്​ ഈ കഥ.

കാലത്തിന്റെ ഗതിവിഗതികൾക്കുമുമ്പിൽ പകച്ചുനിൽക്കുന്ന മനുഷ്യന്റെ സാമാന്യരൂപമാണ് ‘സമയം’ എന്ന കഥയിലെ ആന്റപ്പൻ. കാലത്തിനെ മെരുക്കാനുള്ള മനുഷ്യന്റെ ശക്തിഹീനതയിൽനിന്നാണ് ആൻറപ്പന്റെ ഭയം ഉരുവം കൊള്ളുന്നത്.

ആറ്: കാലത്തിനുമുന്നിലെ മനുഷ്യപ്പകപ്പുകൾ

കാലം ഒരു രൂപകമാക്കിക്കൊണ്ട് വൃദ്ധമനസ്സിന്റെ വേവലാതികളും മരണഭയവും ചിത്രീകരിക്കുന്ന കഥയാണ് ‘സമയം'. വൃദ്ധനായ അച്​ഛന്റെ ഒരു പഴയ ക്ലോക്കും, അത് ഇടയ്ക്കിടെ പണിമുടക്കുമ്പോൾ നന്നാക്കാൻ നടക്കുന്ന മകനും പിന്നെയൊരു ക്ലോക്ക് മെക്കാനിക്ക് ആന്റപ്പനുമാണ് മുഖ്യ കഥാപാത്രങ്ങൾ. ക്ലോക്കും വൃദ്ധനും തമ്മിലൊരു ആത്മബന്ധമുണ്ട്. കഴിഞ്ഞുപോയ തന്റെ കാലത്തേയും ഇനി ജീവിതത്തിൽ ബാക്കിനിൽക്കുന്ന കാലത്തേയും ഓർമിപ്പിക്കുന്ന രൂപകമായാണ് ക്ലോക്ക് കഥയിൽ പ്രവർത്തിക്കുന്നത്. ക്ലോക്കിന്റെ ഇടയ്ക്കുള്ള പണിമുടക്ക് വൃദ്ധനെ ഏറെ അസ്വസ്ഥനാക്കുന്നു. ക്ലോക്കിനൊപ്പമാണ് അയാളുടെ ജീവിതവും. ക്ലോക്ക് നിലക്കുന്നത് തന്റെ ജീവിതത്തിന്റെ അവസാനമായാണ് വൃദ്ധന് അനുഭവപ്പെടുന്നത്. പണ്ടെങ്ങാൻ വടക്കെവിടെയോ ജോലിയിലിരുന്നപ്പോൾ കൊണ്ടുവന്നതാണ് ആ ക്ലോക്ക്. അത് റിപ്പയർ ചെയ്യാൻ ആന്റപ്പനു മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ ഇപ്പോൾ ആന്റപ്പനും ഭയമാണ് ആ ക്ലോക്കിനെ. മകൻ തകരാറിലായ ക്ലോക്കുമായെത്തുമ്പോൾ ആന്റപ്പൻ ഒരുതരം ഭയപ്പാടോടെ ഒഴിഞ്ഞുമാറുകയാണ്. കാലത്തിന്റെ ഗതിവിഗതികൾക്കുമുമ്പിൽ പകച്ചുനിൽക്കുന്ന മനുഷ്യന്റെ സാമാന്യരൂപമാണ് ആന്റപ്പൻ. കാലത്തിനെ മെരുക്കാനുള്ള മനുഷ്യന്റെ ശക്തിഹീനതയിൽനിന്നാണ് ആൻറപ്പന്റെ ഭയം ഉരുവം കൊള്ളുന്നത്.

കാലം ഒരു രൂപകമാക്കിക്കൊണ്ട് വൃദ്ധമനസ്സിന്റെ വേവലാതികളും മരണഭയവും ചിത്രീകരിക്കുന്ന കഥയാണ് ‘സമയം'.

ഏറ്റവും അവസാനമായി ക്ലോക്ക് നന്നാക്കാൻ വൃദ്ധന്റെ മകൻ എത്തിയപ്പോൾ ആന്റപ്പൻ നിസ്സഹായനായി അത് നിരസിക്കുകയാണ്. സമയം നേരെയാക്കാൻ ആൻറപ്പനും വയ്യാണ്ടായിരിക്കുന്നു. ‘എത്ര നാളായി ഇപ്പണി തൊടങ്ങിയിട്ട്... സമയത്തെ ഒന്നു തൊട്ടു എന്ന അഹങ്കാരമായിരുന്നു ആദ്യമൊക്കെ. പിന്നെപ്പിന്നെ അതിനെ കൈകാര്യം ചെയ്യാന്ന് വെച്ചാലുള്ള ബാധ്യത പറഞ്ഞൊപ്പിക്കാൻ വയ്യാതായിരിക്കണു' എന്നാണ് ആന്റപ്പന്റെ പരിദേവനം. ക്ലോക്കിന്റെ നിശ്ചലത സമയവുമായുള്ള തന്റെ ബന്ധത്തെ അറുത്തുകളയുന്നു എന്ന് വൃദ്ധൻ അറിയുന്നു. ആസന്നമായ മരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ് അത്. തന്റെ ജീവിതം ഇരുട്ടിലേക്ക് മറയുന്നതായി വൃദ്ധന് തോന്നുന്നു. ക്ലോക്ക് റിപ്പയർ ചെയ്യാനാവാതെ ആന്റപ്പൻ മടക്കിയപ്പോൾ ‘ശര്യാണ്, എല്ലാവർക്കും മടുക്കും ഒരൂസംന്ന് ഓർക്കേണ്ടതായിരുന്നു ഞാൻ' എന്ന് വൃദ്ധൻ പരിതപിക്കുന്നു. ആ ക്ലോക്കിന്റെ സ്ഥാനത്ത് മറ്റൊരു ക്ലോക്ക് വേണ്ടെന്ന് വൃദ്ധൻ ശഠിക്കുന്നു. സമയത്തെ മാറ്റി പ്രതിഷ്ഠിക്കുക വയ്യല്ലോ. ‘ആദിയും അന്തവുമില്ലാത്ത ഒഴുകിപ്പോകണ ഈ സമയത്തെ തടഞ്ഞുനിർത്താൻ നമ്മളാരും കൂട്ട്യാൽ കൂടില്ലല്ലോ' എന്ന് വൃദ്ധൻ പറയുന്നുണ്ട്. കാലത്തെ വെല്ലാൻ കാലത്തിനല്ലാതെ മറ്റൊന്നിനും സാധിക്കില്ല.

ഒ. ഹെൻറിയുടെ The Last Leaf (1907) എന്ന കഥയിലെ ജോൺസി എന്ന പെൺകുട്ടിയുടെ മാനസികാവസ്ഥയും ‘സമയ'ത്തിലെ വൃദ്ധന്റെ മാനസികാവസ്ഥയും തമ്മിൽ ചില സമാനതകൾ കാണാം. വാഷിങ്ടൺ ചത്വരത്തിലെ ഗ്രീനിച്ച് തെരുവിലെ ഒരു മൂന്നുനിലകെട്ടിടത്തിലെ അന്തേവാസികളാണ് കാലിഫോർണിയക്കാരി ജോൺസിയും മെയ്‌നയിൽനിന്നുവന്ന സ്യൂവും. രണ്ടുപേരും ചിത്രകാരികൾ. നേപ്പിൾസ് ഉൾക്കടലിനെ താൻ ഒരിക്കൽ വരയ്ക്കും എന്ന് ജോൺസി ഇടയ്ക്കിടെ പറയാറുണ്ട്. ദൗർഭാഗ്യമെന്നുപറയട്ടെ, ആയിടയ്ക്ക് പൊട്ടിപ്പുറപ്പെട്ട ന്യുമോണിയ മഹാമാരി ജോൺസിയേയും പിടികൂടുന്നു. ദുർബലയായ ജോൺസി രോഗത്തെ അതിജീവിക്കുകയില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിച്ചുപോകുമെന്നും ഡോക്ടർ സ്യൂവിനോട് പറയുന്നു. തന്റെ മുറിയിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കികിടക്കുന്ന ജോൺസി അവിടെ ഒരു മരത്തിന്റെ ഇലകൾ ഓരോന്നോരോന്നായി കൊഴിഞ്ഞുവീഴുന്നതു കാണുന്നു. ആ മരത്തിലെ അവസാനത്തെ ഇല വീഴുന്ന ദിവസം താനും ഈ ലോകത്തുനിന്നും പോകുമെന്ന് ജോൺസി സ്യൂവിനോട് പറയുന്നു. അതേ കെട്ടിടത്തിലെ താഴത്തെ മുറിയിൽ താമസിക്കുന്ന മറ്റൊരു ചിത്രകാരൻ കൂടിയുണ്ട്, ബെർമൻ. അറുപതു വയസ്സ് പിന്നിട്ട അദ്ദേഹം ഇതുവരെയായി ഒരു മാസ്റ്റർപീസ് വരച്ചിട്ടില്ല. പരാജിതനും ദരിദ്രനുമായ ആ ചിത്രകാരനും മരിക്കുന്നതിനുമുമ്പ് താൻ ഒരു മാസ്റ്റർപീസ് വരയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോൺസിയുടെ നില കണ്ട് പരിഭ്രാന്തയായ സ്യൂ ബെർമന്റെ സഹായം തേടുന്നു. ജോൺസിയുടെ ജീവൻ രക്ഷിക്കാൻ ബർമൻ അവളുടെ ജനാലയ്ക്കരികിൽ ഒരു ഇലയുടെ ചിത്രം പെയിൻറ്​ ചെയ്ത് വെക്കുന്നു. തലേദിവസത്തെ കാറ്റിലും മഴയിലും മരത്തിലെ അവസാനത്തെ ഇലയും പൊഴിഞ്ഞുപോയിട്ടുണ്ടാകുമെന്നും തനിക്ക് അത് കാണണമെന്നും ജോൺസി സ്യൂവിനോടു പറയുന്നു. എന്നാൽ അവൾ കാണുന്നത് ബർമൻ വരച്ച ഇലയുടെ ചിത്രമാണ്. ഇത് അവളിൽ പ്രത്യാശ വളർത്തുന്നു. പതിയെ അവൾ രോഗമുകതയാവുന്നു. ബർമനാകട്ടെ കാറ്റും മഴയുംകൊണ്ട് ചിത്രം വരച്ചതിനാൽ ന്യൂമോണിയ ബാധിച്ച് മരിച്ചുപോകുന്നു. തന്റെ മാസ്റ്റർപീസായ ആ ഇലയുടെ ചിത്രമാണ് ജോൺസിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്.

ജീവിതത്തിൽ ദുരിതങ്ങൾ മാത്രം കൂട്ടായ കാന്താഭായി വിധിയ്ക്കുമുമ്പിൽ നിസ്സംഗയാണ്. കൂടിച്ചേരലുകളും നഷ്ടപ്പെടലുകളും ഒരുപോലെയാണവർക്ക്. ബഹുശ്ശതം വരുന്ന ഗ്രാമീണ സ്ത്രീകളുടെ ഛായ പേറുന്ന കഥാപാത്രം.

കൊഴിയാൻ ബാക്കിയായ ഇല ജോൺസിയുടെ ജീവിതത്തിൽ പ്രത്യാശ നിറയ്ക്കുകയും അവൾ ജീവിതത്തിലേക്ക് തിരികെ വരികയും ചെയ്യുന്നു. ക്ലോക്കിലെ സൂചിയുടെ ചലനം തന്റെ ജീവിതത്തിന്റെ ചലനമായി കരുതുന്ന വൃദ്ധൻ അത് നിലയ്ക്കുമ്പോൾ മരണഭയമുള്ളവനായി തീരുന്നു. എങ്കിലും കാലഗതി തടയാൻ മനുഷ്യൻ അശക്തനാണന്ന് വൃദ്ധൻ തിരിച്ചറിയുന്നു. കാലത്തിന്റെ ഒഴുക്കിനനുസരിച്ച് ഒഴുകുകയും ഒഴുക്ക് നിൽക്കുമ്പോൾ തന്റെ ജീവിതം അവസാനിക്കുമെന്നും വൃദ്ധൻ തിരിച്ചറിയുന്നു. പ്രത്യാശയുടെ രണ്ടുതരം വകഭേദങ്ങളെയാണ് ഒ. ഹെന്റിയും സേതുവും ചിത്രീകരിക്കുന്നത്.

ഏഴ്: സ്​ത്രീയുടെ പരകായപ്രവേശങ്ങൾ

ആകസ്മികമായി വന്നുചേരുന്ന ദുരന്തങ്ങൾക്കുമുമ്പിൽ വിറങ്ങലിച്ചുനിൽക്കുന്ന ഏതാനും മനുഷ്യരുടെ കഥയാണ് ‘കാന്താഭായി കരയുന്നില്ല'. പട്ടണത്തിൽ ജോലി ചെയ്യുന്ന ‘ഞാൻ' ആണ് ആഖ്യാതാവ്. ഭാര്യ വിലാസിനിയും, മകൻ അപ്പുവുമടങ്ങുന്ന കുടുംബത്തിലെ വേലക്കാരിയാണ് കാന്താഭായി. അവരുടെ മകൻ അവിനാശ്. ആണ്ടുനേർച്ചയുടെ ഒരു രാവിൽ സഹപ്രവർത്തകൻ കുൽക്കർണിയുടെ നിർബന്ധത്തിനുവഴങ്ങി കുട്ടികളേയും കൂട്ടി കടപ്പുറത്ത് ആഘോഷത്തിന് പോവുകയാണ് ആഖ്യാതാവ്. അപ്പുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അവിനാശ് അവരുടെ കൂടെപ്പോകുന്നത്. കാറിന്റെ മുൻസീറ്റിൽതന്നെ അവൻ ഇരിക്കുകയും ചെയ്തു. ആഘോഷം കഴിഞ്ഞ് തിരിച്ചുവരുന്ന വഴി അവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെവന്ന മറ്റൊരു കാറിടിക്കുകയും ആ അപകടത്തിൽ അവിനാശ് മരിച്ചുപോവുകയും ചെയ്യുന്നു.

ഒ. ഹെൻറി/ Photo: Wikimedia Commons

ആഖ്യാനത്തിലെ തന്റെ പതിവുശൈലിയായ നാടകീയത നിലനിർത്തുന്ന കഥയാണിത്​. ‘ഒന്നാന്തി പുറത്തിറങ്ങാറില്ല ഞാൻ. ഒന്നാന്തിയെ പേടിയാണെനിക്ക്. മുൻപിൻ നോക്കാനില്ലാത്ത അഹങ്കാരമാണ് ഒന്നാന്തിക്ക്. അതുകൊണ്ടാവാം, ആരോടും ചോദിക്കാതെ, ആരോടും പറയാതെ ഒരു ഒന്നാന്തി അവിനാശിനെ തട്ടിക്കൊണ്ടുപോയത്' എന്നിങ്ങനെ സംഭ്രമവും നാടകീയതയും മുറ്റിനിൽക്കുന്ന ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. വേലയ്ക്കുവരുന്ന കാന്താഭായിയോട് പതിവ് കൊച്ചമ്മനയം തന്നെയാണ് വിലാസിനി കാണിക്കുന്നത്. മകന്റെ ആകസ്മിക മരണം ഏൽപ്പിച്ച ആഘാതത്തിൽനിന്ന്​ കരകയറാനാവാതെ മൗനത്തിലേക്കും തന്റെ അധികരിച്ച പ്രവൃത്തിയിലേക്കും വീഴുന്ന കാന്താഭായിയുടെ ആർദ്ര രൂപത്തോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നുണ്ട് വിലാസിനി. ‘അവളൊന്ന് നെലോളിച്ചാൽ മത്യായിരുന്നു. മിണ്ട്യാൽ മത്യായിരുന്നു' എന്ന് ഇടയ്ക്കിടെ വിലാസിനി പരിതപിക്കുന്നുണ്ട്.

കാലം ഒരു രൂപകമാക്കിക്കൊണ്ട് വൃദ്ധമനസ്സിന്റെ വേവലാതികളും മരണഭയവും ചിത്രീകരിക്കുന്ന കഥയാണ് ‘സമയം'. കഴിഞ്ഞുപോയ തന്റെ കാലത്തേയും ഇനി ജീവിതത്തിൽ ബാക്കിനിൽക്കുന്ന കാലത്തേയും ഓർമിപ്പിക്കുന്ന രൂപകമായാണ് ക്ലോക്ക് കഥയിൽ പ്രവർത്തിക്കുന്നത്.

വിലാസിനിയെ ആശ്വസിപ്പിക്കാൻ ടെന്നിസണിന്റെ കവിത ഉദാഹരിച്ച ആഖ്യാതാവിനോട് ഈർഷ്യയോടുകൂടി ‘മണ്ണാങ്കട്ട, ഒരാൾക്ക് കവിത പറയാൻ കണ്ട നേരം' എന്ന് മുരളുകയാണ് വിലാസിനി ചെയ്യുന്നത്. തന്റെ നിർബന്ധത്തിനു വഴങ്ങിയാണല്ലോ അവിനാശ് കൂടെ വന്നതെന്ന മനസ്താപം ആഖ്യാതാവിനെ അലട്ടുന്നുണ്ട്. അപ്പുവും അവനും തമ്മിൽ നിലനിൽക്കുന്നത് സഹോദര സ്നേഹം തന്നെയാണ്. അവിനാശ് മരിച്ചുപോയശേഷം അപ്പു സ്കൂളിൽ പോവാതായി. ഏറെ നിർബന്ധത്തിനു വഴങ്ങിയാണ് പിന്നീട് അവൻ പരീക്ഷ എഴുതാനെങ്കിലും സ്കൂളിൽ പോവുന്നത്.

ജീവിതത്തിൽ ദുരിതങ്ങൾ മാത്രം കൂട്ടായ കാന്താഭായി വിധിയ്ക്കുമുമ്പിൽ നിസ്സംഗയാണ്. കൂടിച്ചേരലുകളും നഷ്ടപ്പെടലുകളും ഒരുപോലെയാണവർക്ക്. ബഹുശ്ശതം വരുന്ന ഗ്രാമീണ സ്ത്രീകളുടെ ഛായ പേറുന്ന കഥാപാത്രം. വിധിയ്ക്കുമുമ്പിൽ മൗനം കൊണ്ട് മറ തീർത്താണ് അവർ പ്രതിരോധം ചമയ്ക്കുന്നത്. ജോലിക്കു വരാതായതിനെതുടർന്ന് കാന്താഭായിയെ തിരഞ്ഞ് വിലാസിനിയും കുടുംബവും ചേരിയിൽ അന്വേഷിച്ചു ചെല്ലുന്നുണ്ട്. അത്തരം ഒരു കഥാപാത്രത്തിന് അനുഗുണമായ പതിവന്തരീക്ഷം തന്നെയാണ് ഇവിടെ സേതു ഒരുക്കിയിരിക്കുന്നത്. ചേരിയിൽ ചെന്നിട്ടും അവർക്ക് കാന്താബായിയെ കാണാൻ കഴിഞ്ഞില്ല. വീട്ടുജോലിക്ക് അവരിനി വരുന്നില്ലെന്നും പകരം കെട്ടിടം പണിക്ക് പോകുമായിരിക്കുമെന്നും അറിയാനേ അവർക്ക് സാധിച്ചുള്ളൂ. ഒടുവിൽ അവിനാശിന്റെ ഒരു കുപ്പായം വീട്ടിൽനിന്ന്​ കണ്ടെടുത്തപ്പോൾ അവന്റെ അദൃശ്യ സാന്നിധ്യം തിരിച്ചറിഞ്ഞ വിലാസിനി തേങ്ങിതേങ്ങി കരയുന്നു. കാന്താഭായിയുടെ ഒരു പരകായപ്രവേശം വിലാസിനിയിലൂടെ സംഭവിക്കുകയാണ് ഇവിടെ. മനുഷ്യഹൃദയങ്ങളുടെ ആർദ്രമായ ആവിഷ്‌കാരം ചടുലമായ ആഖ്യാനത്തോടെ മനോഹരമായി അവതരിപ്പിക്കുന്ന കഥയാണ് ‘കാന്താഭായി കരയുന്നില്ല'.


ഡോ. സജീവ് പി.പി.

എഴുത്തുകാരൻ. റബർ ബോർഡിൽ ജോലി​​ ചെയ്യുന്നു. Realism as Narrative Strategy: A Study of Vikram Seth's Novels എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments