എം.ആർ. രേണുകുമാർ

ജോസഫ് കവിതകൾചെയ്യുന്നത്

​സവിശേഷമായ സാമൂഹ്യ അനുഭവത്തെ/ഇടത്തെ മലയാളകവിതയിൽ സൂക്ഷ്മരാഷ്ട്രീയ ഉള്ളടക്കത്തോടെ പാരമ്പര്യേതരമായി അവതരിപ്പിക്കുക മാത്രമല്ല ജോസഫ് കവിതകൾ ചെയ്തത്. കേരളീയ പൊതുമണ്ഡലത്തെ ഒരുപരിധിവരെ ഭാവുകത്വപരമായി ജനാധിപത്യവൽക്കരിക്കുക കൂടിയായിരുന്നു.

തൊണ്ണൂറുകളുടെ അവസാനത്തോടെ കവിതയെഴുത്തിൽ സജീവമാവുമ്പോഴാണ് അവിടെ നേരത്തെയുണ്ടായിരുന്ന എസ്. ജോസഫുമായും അദ്ദേഹത്തിന്റെ കവിതകളുമായും ഞാൻ പരിചയത്തിലാകുന്നത്. എന്റെ മനസ്സിലെ പ്രമുഖ ദലിത് കവികളായ ജി. ശശി മധുരവേലി, സണ്ണി കവിക്കാട് എന്നിവരോട് ചേർത്തുവായിക്കാൻ പാകത്തിൽ കാമ്പുള്ള ഒരു കവിയെക്കൂടി കിട്ടിയതിൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നി. ഈ ലഭ്യതയിൽ സമാനമായ മാനസികാവസ്ഥ പങ്കുവെച്ച എം.ബി. മനോജുമായി ഒരിക്കൽ ജോസഫിനെ കാണാൻ പട്ടിത്താനത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ശശി, സണ്ണി കവിക്കാട്, ജോസഫ് എന്നിവരുടെ കവിതകൾക്കൊപ്പം എന്റേയും മനോജിന്റേയും കവിതകൾകൂടി ചേർത്ത് ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാനായിരുന്നു ആ യാത്ര. പക്ഷേ അദ്ദേഹത്തെ അന്നുകാണാൻ കഴിഞ്ഞില്ല, പകരം അദ്ദേഹത്തിന്റെ അമ്മയെ (‘ധ്വനി' എന്ന കവിതയിലെ ‘പോക്കെടമില്ലാത്ത അമ്മ'യെ) കണ്ട് കുശലം പറഞ്ഞു പിരിഞ്ഞു. തുടർന്ന് ഒരോരുത്തരുടേയും അഞ്ച് കവിതകൾ വീതം തെരഞ്ഞെടുത്ത് ഡി.ടി.പി എടുത്ത് മനോജിന്റെ മുൻകൈയിൽ വി.സി. ഹാരിസ് കൈകവശം പഠനമെഴുതാൻ കൊടുത്തുവെങ്കിലും പലതരം കാരണങ്ങളാൽ ആ പദ്ധതി പാതിവഴിയിൽ മുടങ്ങിപ്പോയി. ഹാരിസ് പഠനമെഴുതിയിരുന്നോ എന്ന് ഇപ്പോഴുമറിയില്ല. പുറത്തുവന്നിരുന്നെങ്കിൽ മലയാളത്തിലെ ദലിത് കവിതകളുടെ പ്രഥമ ആന്തോളജിയാകുമായിരുന്നു ആ പുസ്തകം. ജോസഫിലേക്ക് എത്തുന്നതിന് ഒരോർമ പങ്കുവെച്ചു എന്നേയുള്ളൂ.

എസ്.  ജോസഫ്, ജി. ശശി മധുരവേലി, എം. ആർ. രേണുകുമാർ, സണ്ണി കവിക്കാട്
എസ്. ജോസഫ്, ജി. ശശി മധുരവേലി, എം. ആർ. രേണുകുമാർ, സണ്ണി കവിക്കാട്

എസ്. ജോസഫ്​, വീരാൻ കുട്ടി, പി. രാമൻ

ഒറ്റവായനയിൽ സാധാരണവും ലളിതവുമായി തോന്നുന്നവയാണ് ജോസഫിന്റെ പല കവിതകളും. പക്ഷേ, അത്​ അതിന്റെ നിരവധിയായ ബാഹ്യലക്ഷണങ്ങളിൽ ചിലതുമാത്രമാണെന്ന് അവയുടെ ആവർത്തിച്ചുള്ള വായനകൾ ബോധ്യപ്പെടുത്തും. ജോസഫിന്റെ കവിതകളെ കുറിച്ചുള്ള ഈ അഭിപ്രായം ഏറെക്കുറെ ജോസഫ് എന്ന കവിക്കും ബാധകമാണെന്നുതോന്നുന്നു. പ്രകടമായ ലക്ഷണങ്ങൾക്കുപുറത്തേക്ക് നീളുന്ന ഒരു ലോകം കവിതകളിലെന്നപോലെ കവിയിലും ഉള്ളടങ്ങുന്നുവെന്ന് തോന്നിയിട്ടുണ്ട്.

വലിയ തോതിൽ വിറ്റുപോയില്ലെങ്കിലും പുതുമലയാളകവിതയിൽ പൊതുവിലും ദലിത് കവിതയിൽ വിശേഷിച്ചും ‘കറുത്തകല്ല്' ഭാഷാപരമായും ഭാവുകത്വപരമായും ഒരു വഴിത്തിരിവായിരുന്നു.

ജോസഫിന്റെ കവിതകളിലേക്കും ജോസഫിലേക്കും എതാണ്ട് ഒരേ കാലത്താണ് ഞാൻ അടുത്തുതുടങ്ങുന്നത്. ഒരു പരിധിവരെ എം.ബി. മനോജ് അതിനൊരു നിമിത്തമായിരുന്നു. ‘സ്‌കൂൾ ഓഫ് ലെറ്റേഴ്‌സി’ലെ വിദ്യാർത്ഥിയായിരുന്നതിനാൽ മാനോജിന് ജോസഫിനെ നേരത്തെ അറിയാമായിരുന്നു. കുറിച്ചി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ദലിത് വിമൻസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗത്തിലെ സജീവാംഗങ്ങളായിരുന്നു അക്കാലത്ത് ഞാനും മനോജും. ജോസഫിന്റെ ആദ്യ സമാഹാരമായ ‘കറുത്തകല്ല്' ഇക്കാലത്താണ് പുറത്തുവരുന്നത്. മനോജിന്റെ മുൻകൈയിൽ വിദ്യാർത്ഥികളുടെ ഒരുസംഘം ‘കറുത്ത കല്ലിന്റെ' പ്രസക്തിയും സാധ്യതയും പ്രസാധകരെ ബോധ്യപ്പെടുത്താൻ നടത്തിയ പരിശ്രമത്തിൽ ഞാനും പങ്കാളിയാകുന്നുണ്ട്. വലിയ തോതിൽ വിറ്റുപോയില്ലെങ്കിലും പുതുമലയാളകവിതയിൽ പൊതുവിലും ദലിത് കവിതയിൽ വിശേഷിച്ചും ‘കറുത്തകല്ല്' ഭാഷാപരമായും ഭാവുകത്വപരമായും ഒരു വഴിത്തിരിവായിരുന്നു. ജോസഫ് 1990 മുതലെഴുതിയ കവിതകളായിരുന്നു ഈ പുസ്തകത്തിലുണ്ടായിരുന്നത്. 2003 ലെ കനകശ്രീ പുരസ്‌കാരം ഈ പുസ്തകത്തിനാണ് ലഭിച്ചത്. ഇതിനെഴുതിയ ആമുഖത്തിൽ, ‘മുക്കുവരും കാട്ടിൽ വസിക്കുന്നവരും നാടോടികളും ദലിതരും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണെ'ന്നെഴുതി ജോസഫ് ‘പൊതു’വായിനിന്നത് എന്നെ രാഷ്ട്രീയമായി തെല്ല് നിരാശപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ കവിതകളെന്നെ രാഷ്ട്രീയപരമായും ഭാവുകത്വപരമായും നിരാശപ്പെടുത്തിയില്ല.

ജോസഫിന്റെ കവിതകളിലേക്കും ജോസഫിലേക്കും എതാണ്ട് ഒരേ കാലത്താണ് ഞാൻ അടുത്തുതുടങ്ങുന്നത്
ജോസഫിന്റെ കവിതകളിലേക്കും ജോസഫിലേക്കും എതാണ്ട് ഒരേ കാലത്താണ് ഞാൻ അടുത്തുതുടങ്ങുന്നത്

തൊണ്ണൂറുകളിലെ മുഖ്യധാരാ കവിതയുടെ സഹയാത്രികനായിരുന്നിട്ടും, അർഹത ഉണ്ടായിരുന്നിട്ടും അക്കാലത്ത് ജോസഫ് സാമൂഹ്യമായി പിന്തള്ളപ്പെടുകയും, അദ്ദേഹത്തിന്റെ കവിതകൾ ഭാവുകത്വപരമായി മനസ്സിലാക്കപ്പെടാതെയും പോയിട്ടുണ്ടെന്ന് കരുതുന്ന ഒരാളാണ് ഞാൻ. കെ.സി. നാരായണന്റെ പഠനത്തോടെ ആറ്റൂർ രവിവർമ്മ എഡിറ്റുചെയ്ത് 1999 ൽ പ്രസിദ്ധീകരിച്ച ‘പുതുമൊഴിവഴികൾ' എന്ന പുസ്തകത്തിൽ അക്കാലത്തെ യുവകവികൾക്കൊപ്പം ജോസഫ് ഉൾപ്പെടാതെ പോയതിനെ ഇതിനോടുചേർത്ത് പരിശോധിക്കാവുന്നതാണ്. 2000നുശേഷമുള്ള മലയാള കവിതയിൽ വ്യത്യസ്തനിലയിൽ ശ്രദ്ധിക്കപ്പെട്ട രണ്ടുകവികളായ എസ്. ജോസഫും വീരാൻ കുട്ടിയും ‘പുതുമൊഴിവഴികളിൽ' ഉൾപ്പെടാതെ പോയതിൽ സാമൂഹ്യവും ഭാവുകത്വപരവുമായ മാനദണ്ഡങ്ങൾ സാരമായ പങ്കുവഹിച്ചിരുന്നുവെന്ന് ന്യായമായും കരുതാം.

പുതുമലയാള കവിതയുടെ നിരവധിയായ ലക്ഷണങ്ങളിൽ ഒന്നുമാത്രമാണ് സൂക്ഷ്മത. സൂക്ഷ്മതയിലെ സാമൂഹ്യ- രാഷ്ട്രീയവും, സൗന്ദര്യശാസ്ത്രപരവും, സാംസ്‌കാരികവുമായ ഉള്ളടക്കമാണ് അതിനെ പ്രസക്തമാക്കുന്നത്.

ഇവരുടെ തലമുറയിൽ (കവിതയുടെ) പലതിനാലും അക്കാലത്ത് എന്നെ ആകർഷിച്ച കവികളിൽ പ്രധാനികൾ എസ്. ജോസഫും, വീരാൻകുട്ടിയും, പി. രാമനുമായിരുന്നു. എന്റെ കാവ്യഭാവുകത്വവുമായി നേരിട്ട് കമ്യൂണിക്കേറ്റ് ചെയ്യുന്നവയായിരുന്നു ഇവരുടെ ഭൂരിഭാഗം കവിതകളും. (മറ്റുള്ളവരുടെ കവിതകളിലേക്കുള്ള യാത്ര ആസ്വദിക്കാൻ കഴിയാതെ പോയത് എന്റെ പരിമിതികൊണ്ടുമാത്രമായിരുന്നുവെന്ന് പിന്നീടാണ് ബോധ്യപ്പെടുന്നത്). കവിതയ്ക്കായി തെരഞ്ഞെടുക്കുന്ന വിഷയത്തോട് ഇവർ പുലർത്തിയിരുന്ന സവിശേഷവും സൂക്ഷ്മവുമായ സമീപനമായിരുന്നിരിക്കണം ഇവരുടെ കവിതകളിലേക്ക് എന്നെ അടുപ്പിച്ചത്. വ്യത്യസ്തമായ അനുഭവതലത്തിലും, സാമൂഹ്യ- സാഹിത്യബോധത്തിലും അടിയുറച്ചുനിന്നുകൊണ്ടുതന്നെയായിരുന്നു സവിശേഷമായൊരു സൂക്ഷ്മതയിലേക്ക് ഇവർ ഒഴുകിയെത്തിയത്. എഴുത്തുകാരെന്ന നിലയ്ക്ക് ഇവർ ഒരു ‘പ്രസ്ഥാന'മായി മാറാതിരുന്നത് കവിതയേയും സാമൂഹിക- രാഷ്ട്രിയ അവസ്ഥയെയും കുറിച്ചും ഇവർ പുലർത്തിയ വ്യത്യസ്ത കാഴ്ചപ്പാടുകൾ കൊണ്ടായിരുന്നിരിക്കണം.

പക്ഷേ, വായനയിലുടെ കവിതകളെ ചേർത്തുവെക്കാൻ പാകത്തിൽ ചില ഇടങ്ങൾ ഇവർ കവിതകളിൽ അവശേഷിപ്പിച്ചിരുന്നു; കുറഞ്ഞപക്ഷം എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും. ഇത് എഴുത്തിലൂടെ സംഭവിക്കുന്ന കാര്യമാകില്ല, മറിച്ച് വായനയിലൂടെ സംഭവിക്കുന്നതാവാം. പുതുമലയാള കവിതയുടെ നിരവധിയായ ലക്ഷണങ്ങളിൽ ഒന്നുമാത്രമാണ് സൂക്ഷ്മത. സൂക്ഷ്മതയിലെ സാമൂഹ്യ- രാഷ്ട്രീയവും, സൗന്ദര്യശാസ്ത്രപരവും, സാംസ്‌കാരികവുമായ ഉള്ളടക്കവുമാണ് അതിനെ പ്രസക്തമാക്കുന്നത്. സൂക്ഷ്മതയെ മാത്രം മുൻനിർത്തി സൂചിത കവികളെ ഒരുകാലത്ത് ഞാൻ ചേർത്തുവെച്ച് വായിച്ചിരുന്നു. ഇവർക്കിടയിലെ വിവിധങ്ങളായ ചേരായ്കകൾ പിന്നീടാണ് എന്റെ വായനയിൽ ദൃഢപ്പെടുന്നത്.

വീരാൻകുട്ടി,  പി. രാമൻ
വീരാൻകുട്ടി, പി. രാമൻ

വ്യത്യസ്​തനായ ജോസഫ്​

സ്വത്വബോധത്തിലൂന്നിയ സാംസ്‌കാരികവും ഭാഷാപരവുമായ സൂക്ഷ്മതയും പുതുമയും എഴുത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കാൻ കഴിഞ്ഞുവെന്നതാണ് ഇവരിൽനിന്ന് ജോസഫിനെ വ്യത്യസ്തനാക്കുന്നത്. സ്വത്വബോധം സൂക്ഷിക്കുമ്പോഴും സമാന ജീവിതങ്ങൾക്കും ഇടകലർന്നൊഴുകാനുള്ള ഒരിടം ജോസഫ് തന്റെ കവിതകളിൽ കരുതിവെക്കുന്നുണ്ട്. ജനാധിപത്യപരവും നൈതികവും സാമൂഹികവുമായ വിഷയങ്ങളിൽ കൈകോർക്കുമ്പോഴും ജീവിതാനുഭവങ്ങൾ നിരന്തരം നൽകുന്ന തിരിച്ചറിവുകൾ സ്വത്വ-ആത്മപ്രകാശനങ്ങളായി കവിതകളിൽ സന്നിവേശിപ്പിക്കാൻ ജോസഫ് മടിക്കാറില്ല. വ്യതിരിക്തകളെ മറച്ചുപിടിച്ചുകൊണ്ടുള്ള ആധുനികതയുടെ കാലത്തെ ഐക്യപ്പെടലല്ല പുതിയകാലത്ത് സംഭവിക്കുന്നത്. എല്ലാ വ്യതിരിക്ത കർതൃത്വങ്ങൾക്കും ജനാധിപത്യപരമായ ഇടമൊരുക്കുന്ന കൂട്ടായ്മയുടെ സഹവർത്തിത്വമാണ് ജോസഫിന്റേതുൾപ്പെടെയുള്ള ദലിത് കവിതകൾ മുമ്പോട്ടുവെക്കുന്നത്. ആധുനികരെ പിൻപറ്റിക്കൊണ്ടുള്ള ബിംബാത്മക ഭാഷയോ, കർതൃകേന്ദ്രീകൃതമായ ആത്മഭാഷണങ്ങളോ കൊണ്ട് തന്റെ നാടൻ ‘കൊട്ട' (ജോസഫിന്റെ ഒരു കവിത) മെനയാനാവില്ലെന്ന് ജോസഫ് മനസിലാക്കിയിരുന്നുവെന്ന് അൻവർ അലി നിരീക്ഷിക്കുന്നത് അതുകൊണ്ടാണ്.

കട്ടൻ കുടിച്ച് മുറുക്കിച്ചുവപ്പിച്ച് ഒട്ടലും തേരും പിടിപോയ അരുവായും ചേർത്ത് അല്ലെങ്കിൽ വഴുകവള്ളിയും തേരും ചേർത്ത്, പാട്ടും ചേർത്ത് കൊട്ട കെട്ടുന്നു, അലക് പാകി പൊളിചുറ്റി ചവിട്ടിപ്പിടിച്ചു തുടങ്ങുമ്പോൾ അതൊരു കുഞ്ഞുസൂര്യനാണ്
(കൊട്ട)

ആധുനികതയുടെ യുക്തിയും ഭാവുകത്വവും തീർത്തൊഴിയാത്ത പൊതുബോധം പ്രബലമായി തുടരുന്നതുകൊണ്ടാണ് കവിതയിൽ ഉൾപ്പെടെയുള്ള സൂക്ഷ്മവും സ്വത്വാധിഷ്ഠിതവുമായ ഇടപെടലുകൾക്ക് ഇടം കിട്ടാതെ വരുന്നതും, ‘വിഭാഗീയ/വിഘടനവാദ'മെന്ന പഴി കേൾക്കേണ്ടിവരുന്നതും. സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളാൽ അസമത്വത്തിന്റേയും അസ്വാതന്ത്ര്യത്തിന്റേയും വിവിധങ്ങളായ തടവറയ്ക്കുള്ളിൽ അകപ്പെട്ടുപോയവർ സാതന്ത്ര്യത്തെക്കുറിച്ച് കവിതയെഴുതുമ്പോഴും വാദിക്കുമ്പോഴും എങ്ങനെയാണവർ വിഘടനവാദികളും തീവ്രവാദികളും രാജ്യദ്രോഹികളും ഒക്കെയാകുന്നത്. ഒരിക്കൽ ഗ്വാണ്ടനാമോയിലെ തടവുകാരനായിരുന്നതിനാൽ ഇബ്രാഹിം അൽറുബായിഷ് എന്ന കവിയുടെ ‘ഓഡ് ടു ദ സീ' എന്ന കവിത തീവ്രവാദബന്ധം ആരോപിച്ച് സിലബസിൽനിന്ന് ഒഴിവാക്കാൻ 2013 ൽ കേരളത്തിലെ ഒരു വൈസ് ചാൻസലർ തിട്ടൂരമിറക്കിയത് സൂചിത അധീശ്ശ പൊതുബോധത്തിന് ഉത്തമോദാഹരണമാണ്. പൊതുബോധമെന്ന ഭൂതത്തിന്റെ പിടിയിൽനിന്ന് കുതറുന്ന ഇടപെടലുകളെയൊക്കെ ഈവിധം മുദ്രയടിച്ച് ഒരു വഴിക്കാക്കുന്ന രീതിക്ക് ഭൂമിമലയാളത്തിൽ എത്രവേണമെങ്കിലും തെളിവുകളുണ്ട്. പൊതുബോധത്തിന്റെ/ യുക്തിയുടെ/ഭാവുകത്വത്തിന്റെ വിപരീത ദിശയിയിൽനിന്നാണ് ജോസഫിന്റെ കവിതകൾ ഉദിച്ചുവന്നത്. അതുകൊണ്ടാണ് ‘കവിതയുടെ പാരമ്പര്യം എനിക്കില്ലെന്ന്' അദ്ദേഹം ‘കറുത്ത കല്ലി'ന്റെ ആമുഖത്തിൽ എഴുതിയത്.

ജോസഫ് അനന്യമായ സൂക്ഷ്മതയുടെ കവിയാണ്. സൂക്ഷ്മതയിൽ ശ്രദ്ധിക്കുന്ന ഇതരകവികളുടേതിൽനിന്ന്​ സൗന്ദര്യശാസ്ത്രപരമായും ഭാവുകത്വപരമായും വേർപെട്ടും അകലത്തുമായാണ് ജോസഫ് നിലകൊള്ളുന്നത്. ഓരോ കവിതയിലും ഈ സൂക്ഷ്മത ഉടനീളം നിലനിർത്താൻ ഈ കവി ശ്രമിക്കാറില്ല. മറിച്ച്, എല്ലാ കവിതകളിലേയും ഒരു വരിയിലെങ്കിലും സൂക്ഷ്മവും അനന്യവുമായ ഒരു ‘തോണ്ടൽ' ജോസഫ് നടത്താറുണ്ട്. ഇതുകൊണ്ടാവാം ‘ജോസഫ് കവിത'യെ ഒരു ‘സൂക്ഷ്മഭൂപടരചന'യായി സജയ് കെ.വി നിരീക്ഷിക്കുന്നത്. സൂക്ഷ്മതയുടെ മിന്നാമിനുങ്ങുകൾ പാർക്കുന്നതായി എനിക്കുതോന്നിയ ജോസഫിന്റെ ചില കവിതാശകലങ്ങൾ ചുവടെ ചേർക്കുന്നു. ഇവ ‘കറുത്തകല്ല്', ‘മീൻകാരൻ', ‘ഐഡൻറിറ്റി കാർഡ്', 2012 ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ‘ഉപ്പന്റെ കൂവൽ വരയ്ക്കുന്നു' എന്നീ സമാഹാരങ്ങളിൽ നിന്നുള്ളവയാണ്.

അകലെനിന്നുള്ള ഒരോ ഇരമ്പലും അവളുടെ പുരികത്തിൽ പീലികളിൽ കാണാം
(പൂവരശിന്റെ ചോട്ടിൽ)

വിരലുകൊണ്ട് വായുവിലെഴുതുന്ന ഒരു വാക്ക് മേലുപൊള്ളിക്കുന്ന ഒച്ചയില്ലാത്ത ഒരടി അവനെ രക്ഷിക്കുമായിരുന്നു
(വാക്കുകൾ)

മുറ്റത്തൊരു ഉരലുണ്ട് മഴക്കാലമായാൽ അതിലുമുണ്ട് സൂര്യനും ചന്ദ്രനും
(കാറ്റാടി)

ചെമ്പൻ കുരുന്നിലകളുടെ റബ്ബർക്കാടുകൾക്കിടയിലൂടെ ഒരു മുഴുക്കുടിയൻ വഴിയുണ്ട്
(ഒരു കണ്ടുമുട്ടൽ)

അവിടന്ന് ചാര- ക്കുമ്പളവള്ളിപോൽ വഴി തേക്കുകാലിലെ വെട്ടത്തിൽ പിണഞ്ഞുകേറി പോകുന്നു
(വെളിച്ചം)

വെള്ളത്തിന്റെ അടിയിലൊരു പാറ പായലിൻ പച്ച പരൽമീനുകൾ പച്ചയ്ക്കുള്ളിൽ കേറുന്നു ഇറങ്ങുന്നു
(കുളം)

തടിചുമന്നു കൊണ്ടവന്റെ ചാച്ചൻ തടിപ്പാലം കടന്നപ്പോൾ താഴെ വെള്ളം വിളറി വെള്ളത്തിനുള്ളിലെ പാലവും പടർന്നുമാഞ്ഞു
(പാലങ്ങൾ പാളങ്ങൾ)

ഇയാളെ ചുഴലി ചുഴറ്റിയിട്ടു തലമുടിയിൽ വെള്ളം കളിക്കുന്നു വെള്ളത്തിലെ കൈതയില കുത്തിപ്പോറിക്കളിക്കുന്നു

തോടിന്റെ നിലച്ചുപോയ കോണിൽ വെള്ളത്തിപ്പാറ്റ കറങ്ങുന്നു
(മീൻകാരൻ)

പശുമേഞ്ഞ് മേഞ്ഞ് ചെളിയിൽ താഴുന്നു അതിൻ നിലവിളി കുമിളകളായി അവിടം പുൽമൂടിപ്പഴയതുപോലായി
(പശു)

നീലനിറത്തിലുള്ള വെള്ളത്തിൽ മകനെ ഇറുക്കിപ്പിടിച്ചു ചാടിത്താഴുമ്പോൾ എന്റെ മകനെ എന്നുവിളിച്ച് ആവന്റെ നാരങ്ങാ അല്ലി കണക്കുള്ള തലമുടിയിൽ അവൾ ഉമ്മവെച്ചിരിക്കണം
(ചിന്നച്ചേച്ചി)

അലക്കിന്റെ ഒച്ച പനവെട്ടുകാർ ഏറ്റുപിടിക്കുന്നു
(പല കവിതകൾ)

പാറപ്പുറങ്ങളിൽ പുള്ളിമാനുകളെ വരച്ചിട്ടിരിക്കുന്നു കാറ്റടിച്ചപ്പോൾ അവ ആടിത്തുടങ്ങി
(പുള്ളിമാനുകൾ)

കുളക്കരയിലെ ഇഞ്ചൻപുര ഒരു തുമ്പിക്കൈ നിറയെ വെള്ളമെടുത്ത് ചീറ്റിച്ചുകൊണ്ടിരുന്നു
(രണ്ട് കൊയ്ത്തുകൾ)

ദേഹമെമ്പാടും ചെതുമ്പൽക്കണ്ണുകളുള്ള കുറുവാപ്പരൽ മീൻ വെള്ളത്തിന് മീതേക്ക് തെറിക്കുന്നത് നോക്കി പൊന്തക്കാട്ടിൽ ഒരുത്തനിരുന്നു
(ഭയം എന്ന പെൺകുട്ടി)

മൗലികവും സവിശേഷവുമായ നോട്ടങ്ങളും കാഴ്ചപ്പാടുകളും ഭാവനകളും കൊണ്ടാണ് ജോസഫ് കവിതകളിൽ ഈ വിധം സൂക്ഷ്മതകൾ കരുതിവെക്കുന്നത്. കവിതയെക്കുറിച്ചും സൂക്ഷ്മതയെക്കുറിച്ചുമുള്ള എന്റെ ധാരണകളും ഇഷ്ടങ്ങളും അവയുടെ കണ്ടെത്തലുകളെ സ്വാധീനിക്കുന്നുണ്ടാവാം. കൊട്ട, കുടപ്പന, കുട ചൂടി മറഞ്ഞവൾ, പതിനാറ് കൊല്ലത്തിനുശേഷം, കളി, ചില ഇരുണ്ട ഇടങ്ങൾ, ധ്വനി, കട്ടക്കളങ്ങൾക്കപ്പുറം തുടങ്ങിയ പല ജോസഫ് കവിതകളോടും എനിക്ക് പ്രത്യേക അടുപ്പം തോന്നിയിട്ടുണ്ട്. ഈ അടുപ്പത്തിന്റെ മുഖ്യകാരണം, കവിതകളിൾ ജോസഫ് ആലേഖനം ചെയ്യുന്ന തനിമയും സാമൂഹ്യ- രാഷ്ട്രീയ ഉള്ളടക്കവുമുള്ള സൂക്ഷ്മതയുമാണ്. സൂക്ഷ്മതകൾ നിറച്ചുവെച്ച കവിതയാണ് ‘കട്ടക്കളങ്ങൾക്കപ്പുറം'. അത് മുഴുവനായും താഴെക്കൊടുക്കുന്നു.

കട്ടക്കളങ്ങൾക്കപ്പുറം കരിമ്പുപാടങ്ങൾക്കുമപ്പുറം കാട്ടുകോഴികൾ പാർക്കും തോട്ടരികിലെക്കാടും തോടിൻമീതേ പായും പാടവരമ്പും പിന്നിട്ടുപോയാൽ ഒട്ടൽക്കാടുകൾക്കപ്പുറം ഉപഷാപ്പിനുമപ്പുറം ചിത്രം വരച്ചുകഴിയുന്ന കൂട്ടുകാരന്റെ വീടുണ്ട്.

അവനുണ്ടച്ഛനുമമ്മയും അമ്മാവനും പെങ്ങളും വകേലൊരു പെങ്ങളാകയാൽ അവളിടയ്ക്കിടയ്ക്കു വന്ന് അവന്റെ വീട്ടിൽ പാർക്കുന്നു.

ഒറ്റമരത്തിൽ കയർ കെട്ടി ഊഞ്ഞാലാടുന്ന പെൺകുട്ടിയും ഒരേ മാളത്തിൽ കേറുന്ന എലിയുമതിന്റെ മരണവും പാത്രത്തിൽ വച്ചിരിക്കുന്ന ചുവന്ന രണ്ടു മുളകുകളും അവൻ വരച്ച ചിത്രങ്ങൾ വയനാടൻ ചിത്രങ്ങൾ

സ്വന്തം ജീവിതചിത്രങ്ങൾ അവനൊട്ടും വരച്ചില്ല അവൻ വരച്ചതു കണ്ടിട്ട് അതിനോടു കൂട്ടുകൂടീട്ട് ചൂളയ്ക്കു വച്ച കട്ടകൾ പുകകൊണ്ടൊരു മരം വരയ്ക്കുന്നു.

അതുകണ്ട് കരിമ്പുകളും ബ്രഷ് വെളുപ്പിൽ മുക്കി വരയ്ക്കുന്നു കാട്ടുകോഴികളും പെൻസിൽ കാലുകൊണ്ടു വരയ്ക്കുന്നു ഒട്ടൽക്കൂട്ടം കാറ്റിൽപ്പെട്ട് ഉപ്പന്റെ കൂവൽ വരയ്ക്കുന്നു.

പല ജോസഫ് കവിതകളോടും എനിക്ക് പ്രത്യേക അടുപ്പം തോന്നിയിട്ടുണ്ട്. ഈ അടുപ്പത്തിന്റെ മുഖ്യകാരണം, കവിതകളിൾ ജോസഫ് ആലേഖനം ചെയ്യുന്ന തനിമയും സാമൂഹ്യ- രാഷ്ട്രീയ ഉള്ളടക്കവുമുള്ള സൂക്ഷ്മതയാണ്.
പല ജോസഫ് കവിതകളോടും എനിക്ക് പ്രത്യേക അടുപ്പം തോന്നിയിട്ടുണ്ട്. ഈ അടുപ്പത്തിന്റെ മുഖ്യകാരണം, കവിതകളിൾ ജോസഫ് ആലേഖനം ചെയ്യുന്ന തനിമയും സാമൂഹ്യ- രാഷ്ട്രീയ ഉള്ളടക്കവുമുള്ള സൂക്ഷ്മതയാണ്.

​​​​​​​​ഒറ്റതിരിഞ്ഞിരുന്ന് മിനുങ്ങാതെ ഈ കവിതയിൽ സൂക്ഷ്മദൃശ്യങ്ങൾ അടുക്കടുക്കായി പ്രത്യക്ഷപ്പെടുന്നുണ്ട്. ‘കാഴ്ചകൾകൊണ്ടും കേൾവികൾകൊണ്ടുമാണ് ഈ കവിതകൾ എഴുതപ്പെട്ടിട്ടുള്ളത്. അലങ്കാരങ്ങൾകൊണ്ടോ കാവ്യതന്ത്രങ്ങൾ കൊണ്ടോ അല്ല. ദൃശ്യമാണതിന്റെ ആധാര'മെന്ന് പ്രദീപൻ പാമ്പിരിക്കുന്ന് എഴുതുന്നു. തന്റെ തന്നെ കവിതയുടെ ഭാവിയെക്കുറിച്ചുള്ള ആലോചനകൾ ചിത്രീകരിക്കുമ്പോഴും ജോസഫ് ‘പുതുകാലകവിത'യുടെ സവിശേഷതയായ സൂക്ഷ്മദൃശ്യതയെ കൈയ്യൊഴിയുന്നില്ല. ‘കവിതയുടെ വഴി' യെന്ന കവിതയിൽ ജോസഫ് ഇപ്രകാരമെഴുതുന്നു:

കട അടച്ചുകഴിഞ്ഞിട്ടും വഴിവിളക്കിന്റെ വെട്ടത്തിൽ കടത്തിണ്ണയിൽ നിൽക്കുന്നവനെപ്പോലെ പിന്നെയും ഞാനെന്റെ കവിതയിൽ തങ്ങിനിന്നേക്കാം
(കവിതയുടെ വഴി)

കവിതയിലെ ദലിത്​ ജീവിതം, അനുഭവം

ദലിത് ജീവിതവും അനുഭവവും അടർത്തിമാറ്റി പരിശോധിക്കാനാവാത്തവിധം ജോസഫിന്റെ കവിതകളിൽ ഇടകലർന്ന് വേരോടിയിട്ടുണ്ട്. എൺപതുകളുടെ രണ്ടാം പകുതിയിൽ സവിശേഷമായ പ്രത്യേകതകളോടെ പൊതുധാരയിൽനിന്ന് വേർപെടാൻ തുടങ്ങുകയും തൊണ്ണുറുകളിൽ മലയാള സാഹിത്യത്തിൽ ശ്രദ്ധേയമായ ഇടം നേടുകയും ചെയ്ത ദലിത് സാഹിത്യത്തിന് രണ്ടായിരത്തോടെ വൻകുതിപ്പ് സമ്മാനിച്ച കവികളിൽ പ്രമുഖനാണ് ജോസഫ്. ഇദ്ദേഹത്തിന്റെ ‘കറുത്ത കല്ല്' എന്ന കവിതാസമാഹാരം മലയാള ദലിത് സാഹിത്യചരിത്രത്തിലും ആത്മാഭിമാനത്തിലൂന്നിയ ദലിതരുടെ സാമൂഹ്യ ഇടപെടലുകളിലും നിർണായകമാവുകയായിരുന്നു. ഈ സമാഹാരത്തിലെ ‘കറുത്തകല്ല്' എന്ന കവിതയും ‘മേസ്തിരി' എന്ന കവിതയും മാത്രം മതിയായിരുന്നു മലയാള കവിതയിൽ ജോസഫിനെ അടയാളപ്പെടുത്താൻ. ‘രണ്ടായിരാമാണ്ടിൽ ഒരു ജോസഫ് കവിത പിറവികൊണ്ടു. ഇന്നത്തെ എസ്. ജോസഫിന്റെ തുടക്കമെന്ന് ഞാൻ വിശ്വസിക്കുന്ന കവിത' എന്ന് അൻവർ അലി ‘മേസ്തിരി' യെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ‘ഇന്നേവരെ അപരിചിതമായിരുന്ന മനുഷ്യ / പ്രകൃതി സാന്നിധ്യങ്ങളെ കവിതയ്ക്കുമാത്രം സാധ്യമാകുന്ന അനുഭവതീവ്രതയോടെ കവിതയിലേക്ക് ആനയിച്ചു എന്നതാണ് ഈ കവിയുടെ വ്യത്യസ്തതയ്ക്കുള്ള പ്രധാന കാരണം. അതാകട്ടെ പ്രാന്തവൽക്കരിക്കപ്പെട്ട് ചരിത്രത്തിന്റെ വർത്തമാന യാഥാർത്ഥ്യങ്ങളിൽനിന്ന് ആട്ടിയോടിക്കപ്പെട്ട ഒരു ജനപഥത്തിന്റെ ജീവിത മുദ്രകളാണ്' എന്ന് എൻ. ശശിധരൻ എഴുതിയിട്ടുണ്ട്. ‘മീൻകാരൻ’ എന്ന സമാഹാരത്തിലെ ‘മലയാള കവിതയ്ക്ക് ഒരു കത്ത്' എന്ന കവിത കുങ്കുമം വാരികയിൽ പ്രസിദ്ധീകരക്കപ്പെട്ട കാലത്തുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഈ കവിത ജോസഫ് എന്ന കവിയുടെ മാനിഫെസ്റ്റോയാണെന്നും, വരേണ്യവും പരിഷ്‌കൃതവും അലങ്കാരഭരിതവുമായ സമകാലിക കവിതയുടെ അസ്തിത്വപരമായ ആർഭാടങ്ങളിൽനിന്ന് കുതറിയോടാൻ ശ്രമിക്കുന്ന ഒരു കവിയുടെ സത്യവാങ്മൂലമാണെന്നും' എൻ. ശശിധരൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കവി സുഹൃത്തുക്കളായ അക്​ബർ, അൻവർ അലി, എ. അയ്യപ്പൻ, സെബാസ്​റ്റ്യൻ, ഡി. വിനയചന്ദ്രൻ, എസ്​. ജോസഫ്​, എസ്​. കണ്ണൻ തുടങ്ങിയവർ
കവി സുഹൃത്തുക്കളായ അക്​ബർ, അൻവർ അലി, എ. അയ്യപ്പൻ, സെബാസ്​റ്റ്യൻ, ഡി. വിനയചന്ദ്രൻ, എസ്​. ജോസഫ്​, എസ്​. കണ്ണൻ തുടങ്ങിയവർ

പാവങ്ങൾക്കിടയിൽ ഞാൻ കഴിയുന്നു അവരുടേതുപോലൊരു കുടിലിൽ കിട്ടുന്നതു തിന്നുന്നു ആളുകൾ എന്നെ പെറുക്കി എന്ന് വിളിക്കുന്നു വണ്ടിയിൽ എന്റെ ചാക്കുകെട്ട് കേറ്റില്ല

നിനക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ ഇവിടെ അതേയുള്ളൂ ഇഷ്ടമുള്ളതു പറയാം, ചെയ്യാം തോട്ടിൽപ്പോയി കുളിക്കാം പറമ്പിലെത്തുന്ന കരിയിലംപിടകളോടൊപ്പം തിണ്ണയിൽ തഴപ്പായിട്ടിരിക്കാം
(മലയാള കവിതയ്‌ക്കൊരു കത്ത്)

കീഴാളരുടേയും പുറന്തള്ളപ്പെട്ടവരുടേയും സാന്നിധ്യത്തെ കേവലമായ പ്രതിപാദ്യമായല്ല, അതിജീവനത്തിന്റെ പാഠങ്ങളായിട്ടാണ് ജോസഫിന്റെ കവിതകൾ ആവിഷ്‌കരിക്കുന്നതെന്ന് കെ. കെ. ബാബുരാജ് നിരീക്ഷിക്കുന്നു. ‘ഇടം' എന്ന കവിതയെ അതിജീവനത്തെപ്പറ്റിയുള്ള ഉള്ളുലയ്ക്കുന്ന സാക്ഷ്യപ്പെടുത്തൽ എന്നാണ് ബാബുരാജ് വിശേഷിപ്പിക്കുന്നത്.

പുഴുവിൽനിന്ന് മരപ്പൊത്തുകൾ എടുക്കല്ലേ മരപ്പൊത്തിൽനിന്ന് കിളികാണും മാനം എടുക്കല്ലേ

കാറ്റിൽനിന്ന് അകലങ്ങളെ അകലങ്ങളിൽനിന്ന് കക്കനീറ്റുമിടം കഴിഞ്ഞുള്ള തോടിന്റെ വക്കത്തെ അമ്മവീടിനെ
(ഇടം)

ദലിതരുടെ സവിശേഷവും അനന്യവുമായ ജീവിതാനുഭവങ്ങളെ ജോസഫ് തന്റെ പല കവിതകളിലും ആഴത്തിൽ കൊത്തിവെച്ചിട്ടുണ്ടെങ്കിലും ‘ഐഡന്റിറ്റി കാർഡ്' എന്ന സമാഹാരത്തിലെ ചില കവിതകളിൽ മാത്രമാണ് അൻവർ അലി സൂചിപ്പിക്കുന്നതുപോലെ ‘കീഴാള രാഷ്ട്രീയത്തിന്റെ വാചാല സൂചകങ്ങൾ' കാണാനാവുന്നത്. ‘കേരളീയ സമൂഹത്തിൽ ഇപ്പോഴും ഒരാളിൽ ജാതീയമായ ഒരു ഐഡൻറിറ്റി ഉണ്ട്. അന്വേഷിച്ചുചെന്നാൽ നിങ്ങൾ അതിൽ മുട്ടി സ്വയം അമ്പരക്കുകയോ അഭിമാനിക്കുകയോ ചെയ്യും. എന്നാൽ ദുഃഖിക്കേണ്ടിവരുന്നവരുടേതാണ് ഈ സമാഹാരത്തിന്റെ ശീർഷക' മെന്ന് പ്രദീപൻ പാമ്പിരിക്കുന്ന് അഭിപ്രായപ്പെടുന്നു. സൂക്ഷ്മതയുടെ മിന്നൽവെളിച്ചത്തിൽ ജോസഫിന്റെ കവിതകളിൽ തെളിഞ്ഞുകാണുന്നത് സാമൂഹ്യമായി ഒറ്റതിരിക്കപ്പെട്ടവരുടെ ജീവിതങ്ങളും അനുഭവചിത്രങ്ങളുമാണ്.
ഈ വിവിധം സാമൂഹ്യമായി ‘മുറിവേറ്റ' ജീവിതങ്ങൾ മുനിഞ്ഞുകത്തുന്ന കവിതകളിലെ ചിലവരികൾ ചുവടെ ചേർക്കുന്നു.

അവർ മുറ്റത്തുനിന്ന് തൊട്ടിയിൽ വെള്ളം കോരും ഞങ്ങൾ താഴെനിന്ന് കവുങ്ങുംപാളയിൽ കോരാം
(വെള്ളം)

ആഞ്ഞിലിയുടെ താഴെയായിരുന്നു അവൾ പിറന്ന ആനവായൻ പെര ഞാനവിടെപോയിട്ടുണ്ട് തെകത്തുകപ്പേം മൊളകുപൊട്ടിച്ചതും തിന്നിട്ടുണ്ട് പന്നിക്കുഞ്ഞുങ്ങൾ പെരയ്ക്കകം വഴി വാലാട്ടി കുണുങ്ങിയോടി, കപ്പമുട്ടികൾ എറിഞ്ഞുകൊടുത്തു
(ചിന്നച്ചേച്ചി)

ഞങ്ങൾ മന്ത്രവാദത്തിനും കുർബാനയ്ക്കുമിടേ കഴിഞ്ഞു മരിച്ചവരെ പള്ളീലടക്കി കാവിൽ കുടിയിരുത്തി
(ടോം)

ഒരു വീട്ടമ്മ മകനെ കുളിപ്പിക്കുന്നു നാടോടിപ്പയ്യനെ മഴ കുളിപ്പിക്കുന്നു ഒരു വീട്ടമ്മ മകനെ കുടചൂടിച്ച് പള്ളിക്കൂടത്തിലേക്ക് വിടുന്നു നാടോടിയായ അമ്മ മകനെ വെയിൽ ചൂടിച്ച് ജീവിതത്തിലേക്ക് വിടുന്നു
(നാടോടികളും വീട്ടുകാരും)

‘തൊണ്ണൂറുകളിലെ മലയാളകവിതയെ പുതുകവിതയായി പരിണമിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട പ്രേരകശക്തിയും രാസത്വരകവുമായി പ്രവർത്തിച്ചത് ദലിത് ഇടപെടലുകളാണെ'ന്ന് സന്തോഷ് മാനിച്ചേരി അഭിപ്രായപ്പെടുന്നു. ജോസഫിന്റെ കവിതകൾ ഇതിന്റെ മുൻപന്തിയിലുണ്ടായിരുന്നുവെന്നും, ഒരുതരം ജോസഫ് വൃത്തം എന്ന് വിശേഷിപ്പിക്കാവുന്ന മാനുഷിക സമീപനം പ്രസ്തുത കവിതകൾ സൃഷ്ടിച്ചുവെന്നും സന്തോഷ് തുടരുന്നു. പക്ഷേ, ജോസഫ് അടുത്തകാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ (https://kalamnews.in/interview-s.joseph-kala-savithri-sun-day-special) പറയുന്നത്, താൻ ‘ഗൗരവമായി എഴുതി തുടങ്ങുന്നത് തൊണ്ണൂറുകളിലാണെന്നും, അന്ന് ദലിത് സാഹിത്യം എന്നുള്ള അറിവൊന്നുമുണ്ടായിരുന്നില്ലെന്നും, 2005 ഒക്കെ ആകുമ്പോഴാണ് താൻ ദലിത് സാഹിത്യത്തിലേക്ക് വരുന്നത് എന്നുമാണ്.

പുതുമലയാള കവിതയിൽ ജോസഫ് സൃഷ്ടിച്ച പരിണാമത്തെ രാഷ്ട്രീയമായി അടയാളപ്പെടുത്താൻ നിരൂപകൻ ശ്രമിക്കുമ്പോൾ അതിനെ അസാധുവാക്കുന്ന പ്രസ്താവമാണ് കവി നടത്തുന്നത്. ഇതിനെ കവിയും കവിതയും തമ്മിലുള്ള ഉള്ളടക്കപരമായ അന്തരമായി മനസ്സിലാക്കാം. കവിതകളിൽനിന്ന് വായനക്കാർ വായിച്ചെടുക്കുന്ന രാഷ്ട്രീയത്തെ കവികൾ പിന്തുണയ്ക്കമെന്നോ അതിനോടൊപ്പം നിൽക്കണമെന്നോ ആർക്കും ശഠിക്കാനാവില്ല. ജോസഫും ജോസഫിന്റെ കവിതകളും വേർപിരിഞ്ഞൊഴുകുന്ന സന്ദർഭങ്ങളെ അപ്പാടെ വൈരുദ്ധ്യമായി കാണാൻ കഴിയാത്തതുപോലെതന്നെ, അങ്ങനെ ബോധ്യപ്പെടാനും വിലയിരുത്താനും ഇടതരുന്ന സന്ദർഭങ്ങളേയും അത്ര നിസാരമായി / നിഷ്‌കളങ്കമായി കാണാൻ കഴിയുകയില്ല. ഒരേ ദിശയിലല്ലെങ്കിലും തന്റെ കവിതകൾക്കുള്ളതുപോലെ അപ്രതീക്ഷിതമായ ഒരു ചലനാത്മകത അഥവാ ‘യൂടേൺ’ ജോസഫിനുമുണ്ട്. ജോസഫിന്റെ ഓരോ കാലത്തുമുള്ള പ്രതികരണങ്ങളിലും നിലപാടുകളിലും ഈ ചലനാത്മകതയുടെ അകംപുറം തെളിയാറുണ്ട്. വൃത്തത്തിനകത്ത് പരിശോധിച്ചാൽ ജോസഫ് പുറത്തായിരിക്കും; പുറത്തുനോക്കിയാൽ അകത്തും. ജോസഫ് എവിടെയാണെന്ന് ഒരു പിടികിട്ടായ്ക എപ്പോഴുമുണ്ട്; കവിതയിലായാലും ജീവിതത്തിലായാലും. ഈ ഒരു അനിർവ്വചനീയതയാവാം ജോസഫിലേക്കും അദ്ദേഹത്തിന്റെ കവിതകളിലേക്കും ആളെ കൂട്ടുന്നത്.

ജോസഫ് എവിടെയാണെന്ന് ഒരു പിടികിട്ടായ്ക എപ്പോഴുമുണ്ട്; കവിതയിലായാലും ജീവിതത്തിലായാലും. / ചിത്രീകരണം: ഇ വി അനിൽ
ജോസഫ് എവിടെയാണെന്ന് ഒരു പിടികിട്ടായ്ക എപ്പോഴുമുണ്ട്; കവിതയിലായാലും ജീവിതത്തിലായാലും. / ചിത്രീകരണം: ഇ വി അനിൽ

‘പുതിയ അവബോധമാണ് ജോസഫിന്റെ കവിതയുടെ ഉറവ'യെന്ന പ്രദീപൻ പാമ്പിരികുന്നിന്റെ നീരിക്ഷണം ശ്രദ്ധേയമാണ്. ഈ അവബോധം പുതിയൊരു കാലത്തിന്റെ സൃഷ്ടിയാണ്. അതിൽ സാഹിത്യബാഹ്യമായ അടരുകൾക്ക് നിർണായകസ്ഥാനമുണ്ട്. സ്വതന്ത്രമായ ചിന്തയും സ്വത്വാധിഷ്ഠിത സാമൂഹ്യവിശകലനങ്ങളും അതിന്റെ അവിഭാജ്യഘടകങ്ങളാണ്. പുതിയ കാലത്തെ എഴുത്തിൽ, കവിതകളിൽ ഇത് ബോധപൂർവമെന്നപോലെ അബോധപൂർവവും പ്രവർത്തിച്ചേക്കാം. ജോസഫിലെ ഭാഷാപരവും ഭാവുകത്വപരവുമായ മാറ്റങ്ങൾ അവബോധപരമായ മാറ്റങ്ങളുടെ തുടർച്ചയാണ്. പരമ്പരാഗത എഴുത്തുരീതികളിൽനിന്ന് അടർന്നുമാറി തന്റെയിടങ്ങളും തനിമയും പരിസരങ്ങളും പുതുമയോടെ ഭാഷയിൽ കൊണ്ടുവന്നതുകൊണ്ടാണ് രണ്ടായിരത്തിനുശേഷമുള്ള മലയാള കവിതയിലെ എറ്റവും മികച്ച കവികളിൽ ഒരാളാകാൻ എസ്. ജോസഫിന് കഴിഞ്ഞതെന്ന് തോന്നുന്നു. സവിശേഷമായ സാമൂഹ്യ അനുഭവത്തെ / ഇടത്തെ മലയാള കവിതയിൽ സൂക്ഷ്മരാഷ്ട്രീയ ഉള്ളടക്കത്തോടെ പാരമ്പര്യേതരമായി അവതരിപ്പിക്കുക മാത്രമല്ല ജോസഫ് കവിതകൾ ചെയ്തത്. കേരളീയ പൊതുമണ്ഡലത്തെ ഒരുപരിധിവരെ ഭാവുകത്വപരമായി ജനാധിപത്യവൽക്കരിക്കുക കൂടിയായിരുന്നു. ഒരേസമയം മലയാള കവിതയുടെ ഭാഷയേയും സമൂഹത്തിന്റെ ഭാവുകത്വത്തേയും ഗുണപരമായി സ്വാധീനിക്കാൻ ജോസഫ് കവിതകൾക്ക് കഴിഞ്ഞുവെന്ന് ചുരുക്കത്തിൽ പറയാവുന്നതാണ്. ▮


എം.ആർ. രേണുകുമാർ

കവി, ചിത്രകാരൻ, വിവർത്തകൻ. ഓഡിറ്റ് വകുപ്പിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ. ഞാറുകൾ- മലയാളത്തിലെ ദളിത്​ കഥകൾ, പച്ചക്കുപ്പി, വെഷക്കായ, മുഴുസൂര്യനാകാനുള്ള ശ്രമങ്ങൾ, കൊതിയൻ തുടങ്ങിയവ പ്രധാന കൃതികൾ.

Comments