ടി.എ ശശി

തീവണ്ടിയോടിക്കൊണ്ടിരിക്കുംപാത
മുറിച്ചുകടക്കും പോലെ

നവംബർ ഒന്നിന് രാവിലെ ഉറക്കത്തിൽ അബുദാബിയിലെ താമസസ്ഥലത്തുവെച്ച്​ മരിച്ച കവി ടി.എ. ശശിയുടെ കാവ്യജീവിതത്തിലൂടെ സഞ്ചരിക്കുകയാണ്​ സുഹൃത്ത്​ വി. മുസഫർ അഹമ്മദ്​

മുഖാമുഖം നിൽക്കുന്ന രണ്ടു കണ്ണാടികൾ.
അവയിലൊന്നിൽ മനുഷ്യ ശരീരം. മറ്റേതിൽ മരണവും.
ശരീരത്തിന്റെ ഇച്ഛകളും മരണത്തിന്റെ ജീർണതയും ഒരേ പോലെ പ്രതിബിംബിക്കപ്പെടുന്നു.
രണ്ടു കണ്ണാടികൾക്കിടയിൽ ഇടക്കിടെ ഒരു മ്യൂസിക്ക് കണ്ടക്ടറെപ്പോലെ കവി പ്രത്യക്ഷപ്പെടും. രണ്ടു കണ്ണാടികളിലേക്കും തന്നെ പ്രതിഫലിപ്പിക്കും.
കുറച്ചു സമയം മാത്രം...
കണ്ണാടിയിൽ പ്രതിഫലിപ്പിച്ചത് കുറച്ചു നാൾ കഴിയുമ്പോൾ വാക്കുകളാകും. മുഖാമുഖം നിൽക്കുന്ന കണ്ണാടികളിൽ പിന്നെ കാണുക വാക്കുകളാണ്.
കവി ഇടക്കാലം പിന്നിട്ട് വീണ്ടും അവക്കിടയിൽ വന്നു നിൽക്കും.
പുതിയ വാക്കുകൾ, കവിതകൾ അതേ കണ്ണാടിയിൽ നാം വായിച്ചു തുടങ്ങും.

ടി.എ.ശശിയുടെ അതിസൂക്ഷ്മമായ കാവ്യലോകത്തെക്കുറിച്ചോർക്കുമ്പോഴൊക്കെ ഇത്തരമൊരു വിചാരം, ദൃശ്യം ബോധത്തിലേക്ക് വരും. ജീവൻ നിലച്ചിട്ടും അനക്കം നിലക്കാത്ത വാലിലേക്ക് നോക്കിയിരുന്ന് ലോകത്തോട് സംസാരിക്കുകയായിരുന്നു ടി.എ. ശശി എന്ന കവി.

ഒരു പക്ഷെ ശശി വരച്ചിരുന്നെങ്കിൽ അയാളുടെ കവിതകളിൽ കാണുന്ന മരണത്തെ നോക്കിനിൽക്കുന്ന മനുഷ്യശരീരങ്ങളുടെ ഒരു പരമ്പര തന്നെ ക്യാൻവാസുകളിൽ സൃഷ്ടിക്കപ്പെടുമായിരുന്നു.

ഭൂതകാലം കൊണ്ട് കൊത്തേൽക്കാത്ത ഇടങ്ങളില്ല. ചത്തെന്നു വിചാരിക്കുമ്പോഴും അനങ്ങുന്ന നാഗവാലാകുന്നു ഭൂതകാലം; ഭൂതകാലത്തിനു നാഗപൂജ ചെയ്യുന്നു ഞാൻ.(നാഗപൂജ )

ശരീരം ശശിയുടെ മുഖ്യപ്രമേയമായിരുന്നു. തുടക്കം മുതൽ അതു കാണാം. ചിത്രകല പഠിച്ചെങ്കിലും അയാൾ ചിത്രകാരനാകാൻ ഒരർഥത്തിൽ ഭയന്നു. ഫൈൻആർട്‌സ് കോളേജിൽ സഹപാഠികളായിരുന്നവരിൽ പലരും നിത്യജീവിതത്തിനു വഴിയില്ലാതെ അനുഭവിച്ച സങ്കീർണതകൾ ശശിയെ ചിത്രകലയുമായി ജീവിക്കുക എന്ന സങ്കൽപ്പത്തിൽ നിന്നും പാടെ അകറ്റി. ഒരു പക്ഷെ ശശി വരച്ചിരുന്നെങ്കിൽ അയാളുടെ കവിതകളിൽ കാണുന്ന മരണത്തെ നോക്കിനിൽക്കുന്ന മനുഷ്യശരീരങ്ങളുടെ ഒരു പരമ്പര തന്നെ ക്യാൻവാസുകളിൽ സൃഷ്ടിക്കപ്പെടുമായിരുന്നു. മനുഷ്യശരീരത്തിന്റെ ഭാവനാദേശത്തിൽ വന്ന മാറ്റങ്ങളെ കുറച്ചു കാലം മുമ്പ് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി.

പണ്ടൊക്കെ തീവ്രവാദികൾ ഉടലിൽ നിന്ന് തലവെട്ടിയെടുക്കുമ്പോൾ ശങ്കിച്ചിരുന്നോ ദൈവത്തെ, പാപപരിഹാർഥം പുഴയിൽ മുങ്ങിയിരുന്നോ? പിന്നെപ്പിന്നെ എത്ര പെട്ടെന്നാണ് ഡിജിറ്റൽ റിവർ വന്നു പഴയതെല്ലാം ഒഴുക്കിയത്. ക്യാമ്പിലിരുന്ന് തീവ്രനാഥൻ പഠിപ്പിക്കുന്നു. ഉടലിനെ പടമായ് കാണുക ഡിജിറ്റൽ ബോഡിയായ്; പ്രസ്സ് വൺ തലയെടുക്കുന്നു പ്രസ്സ് ടു ബാക്കിയും ഡിലീറ്റഡ്. അവർ കൂട്ടംകൂടി ചിരിക്കുമ്പോൾ വായുവിൻ കണികക്കാട്ടിൽ അക്കങ്ങളില്ലാതെ ആത്മാക്കൾ(ഡിജിറ്റൽ ബോഡി )

ശരീരത്തിന്റെ ആനന്ദങ്ങളെ പകർത്താൻ ഈ കവി മടിച്ചു. എല്ലാ ആനന്ദങ്ങൾക്കും ശേഷം ഒരു നാൾ ജീർണിക്കേണ്ട മനുഷ്യശരീരം അയാളെ വേട്ടയാടി. ഭൂമിയിലെ അവസാനത്തെ മനുഷ്യനെ ആരു സംസ്കരിക്കും എന്ന ചോദ്യം ഈ കവിതകളിൽ ഉയർന്നു. ശരീരത്തിന്റെ സംസ്ക്കാര വിസ്തൃതിയിൽ നിന്നു കൊണ്ടു തന്നെ അതിന്റെ ജീർണ വ്യസനങ്ങളെ ആവിഷ്‌ക്കരിച്ച കവിയായിരുന്നു ശശി. മനസ്സുകൂടി പ്രവർത്തിക്കുന്ന മനുഷ്യ ശരീരം കൊണ്ട് മറ്റു വിതാനങ്ങളിലേക്കും അയാൾ വായനക്കാരെ കൊണ്ടു പോയി.

ടി.എ.ശശിയുടെ ഏക കവിതാ സമാഹാരം ചിരിച്ചോടും മൽസ്യങ്ങളേ! കവർ

ഏതൊരനുസരണക്കാരനും ഒരിക്കലെങ്കിലും കയറു പൊട്ടിക്കും. കടലെത്രകാലം മൽസ്യങ്ങൾക്കുവേണ്ടി തണുത്തു കിടക്കും ചൂടുവെള്ളത്തിലൊന്നു മേൽ കഴുകാൻ കടലും കൊതിക്കില്ലേ. പ്രളയത്തിൽ ചിരിച്ചോടും മൽസ്യങ്ങളെ നിങ്ങൾ എന്തു ചെയ്യും അപ്പോൾ?(ചിരിച്ചോടും മൽസ്യങ്ങളേ )

ജ്ഞാനോദയത്തെക്കുറിച്ച് നാട്ടാനയേയും കാട്ടാനയേയും കൂട്ടുപിടിച്ച് ശശി ചോദിച്ചു: കാട്ടാനയുടെ മുഖമല്ലെന്നു തോന്നുന്നു നാട്ടാനക്ക്. ഉള്ളിൽ കാടൊതുക്കുന്നതിനാൽ നാട്ടാനയോളം നിശ്ശബ്ദത ആർക്കുമില്ല. നാട്ടാനക്ക് ജ്ഞാനിയുടെ മുഖമുണ്ട്; കണ്ടതൊക്കെയും ഇനി കാണില്ലെന്ന് തോന്നുമ്പോൾ ജ്ഞാനോദയം വന്നതാണോ?(നാട്ടാന).

മറ്റു പ്രമേയങ്ങളെന്നു തോന്നിക്കുന്ന കവിതകളിലേക്ക് വായനക്കാരെ കൊണ്ടു പോയ ശേഷം തന്റെ കേന്ദ്രപ്രമേയത്തിലേക്ക് അയാൾ മടങ്ങിക്കൊണ്ടേയിരുന്നു. ഇതുപോലെ: ഒരു മരത്തിൽ നിന്ന് അനേകം ഇലകൾ പോലെ ഒരു മനുഷ്യനിൽ നിന്ന്​ എത്ര നാക്കുകളാണ്? അച്ചടക്കമില്ലായ്മയെ കുറിച്ച് കോപിക്കുമ്പോൾ അടിയന്തിരാവസ്ഥയെ സ്തുതിച്ച്​; രാജ്യം സേച്ഛാധിപത്യത്തിലേക്കെന്ന് സംശയം വരുമ്പോൾ എമർജൻസിപ്പിരിയഡിനെ ഓർമിപ്പിച്ച്​... ഇയാളിനി മരിക്കുമ്പോൾ നാക്കിനൊരു ജഡം എന്ന കണക്കിൽ എത്ര ജഡങ്ങളായിരിക്കും. ഏതേതിടങ്ങളിൽ എത്ര നേരങ്ങളിൽ സംസ്കരിക്കും ഇത്രയും?(ഒരാൾക്ക് എത്ര ജഡങ്ങളാണ്).
ശരീരവും അവയവങ്ങളും വെച്ചുള്ള സാംസ്ക്കാരിക പഠനം പോലുള്ള ഒന്നാണ് ഈ കവിത.

മറ്റൊരു കവിത ഇങ്ങനെ:ഇന്ദ്രിയങ്ങൾ ഇല്ലാതാകുന്ന നിമിഷമാണോ നിശ്ശബ്​ദത. രണ്ടു നിശ്ശബ്​ദതകൾ കൂട്ടിമുട്ടുമ്പോൾ രണ്ടു വിരൽത്തുമ്പുകൾ തൊട്ടു നിൽക്കും. വ്യാവസായികാടിസ്ഥാനത്തിൽ നിശ്ശബ്​ദതകൾ ഉൽപ്പാദിപ്പിച്ചെടുക്കുമ്പോൾ കമ്പോളത്തിൽ എന്തുമാത്രം വിരലുകൾ.(വിരലുകൾ).

ജീവിതം മുറിച്ചു കടക്കാൻ ശ്രമിക്കുന്ന പാതകളെ കവി ഇങ്ങനെ രേഖപ്പെടുത്തുന്നു:ചില നേരങ്ങളെ കടന്നു പോവുകയെന്നത് തീവണ്ടിയോടിക്കൊ- ണ്ടിരിക്കും പാതയെ മുറിച്ചു കടക്കും പോലെയാണ്. മുറിച്ചേ തീരൂ തിരിഞ്ഞു നോക്കുമ്പോൾ ചക്രപ്പാടുകൾ മുതുകിലില്ലെങ്കിലും രക്തത്തിലെന്തോ കുഴഞ്ഞു പിടിച്ച പോലെ എത്ര നേരങ്ങളെ ഒരാൾ ഇതു പോലെ ഒരേ നേരം എത്ര പാതകൾ നിന്റെ ജീവിതം പോലെ(നിന്നെപ്പോലെ).

അധികം ഇടവേളകളില്ലാതെ ശശി തന്റെ കേന്ദ്ര പ്രമേയത്തിലേക്ക് മടങ്ങിവരികയോ പുനഃസന്ദർശനം നടത്തുകയോ ചെയ്തുകൊണ്ടിരുന്നു:ശ്മശാനം കത്തിച്ച് വെളിച്ചമുണ്ടാക്കുന്ന ലോകമേ നിനക്കെന്നും പുതിയ വിറകുകൾ... ഒരിക്കൽ കത്തിയ വിറകു പിന്നെ വരുന്നതേയില്ല... നിനക്കു മാത്രം ചാർത്തപ്പെട്ടിരിക്കുന്നു ഈ കൗതുകം... കത്തി കത്തി നിത്യവുമാരൊക്കെയോ ആകാശം തുളച്ച് പിന്നെയും പിന്നെയും ഉയരങ്ങൾ കുഴിച്ചു പോകുന്നുണ്ട്... അവർ തീർക്കും കുഴികളിൽ നിന്നും വലിച്ചിടുന്നു മേഘങ്ങളെ എവിടെയൊക്കെ ചരിഞ്ഞിട്ടാലും തീരാത്തത്ര മേഘങ്ങളെ മേഘങ്ങളിൽ നോക്കി കൈപ്പാടുകൾ തിരയുന്നുമുണ്ട് ഭൂമിയിൽ നിന്നും ചിലർ.(ഭൂമിയിൽ നിന്നും ചിലർ)

കോവിഡ് എല്ലാ യാത്രാ വഴികളും അടച്ചിടുകയും പിന്നീട് പതുക്കെപ്പതുക്കെ തുറന്നു തുടങ്ങുകയും ചെയ്ത ആദ്യഘട്ടത്തിൽ ശശി നാട്ടിൽ വന്നിരുന്നു. നാട്ടിലേക്ക് അതിദീർഘമായ ഒരിടനാഴിയിലൂടെ നടന്നു വന്നതു പോലെ തോന്നിയെന്നാണ് ആ യാത്രയെക്കുറിച്ച് ഈ കവി സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത്.

ശശിയുടെ ഏക സമാഹാരം ‘ചിരിച്ചോടും മൽസ്യങ്ങളേ!’ ക്ക്​ കവി പി.എ. നാസിമുദ്ദീൻ എഴുതിയ അവതാരികയിലെ ഒരു നിരീക്ഷണം ഇങ്ങനെയാണ്: ‘‘മൃത്യുവിലേക്കും ജഢരൂപങ്ങളിലേക്കും മാത്രമല്ല ഈ കാവ്യലോകത്തിൽ മനുഷ്യരൂപങ്ങൾ സഞ്ചരിക്കുന്നത്. മരണാനന്തരവും അവ പുതിയ അസ്തിത്വ രൂപങ്ങൾ കൈക്കൊള്ളുന്നു.’’
ജീവിതത്തിനു തന്നെ മരണത്തിനു ശേഷമുണ്ടാകുന്ന മറ്റൊരു ജീവിതത്തെക്കുറിച്ചാണ് ഈ കവി അന്വേഷിച്ചു കൊണ്ടിരുന്നതെന്ന ഈ നിരീക്ഷണം ശശിയുടെ കവിതകളിലേക്കുള്ള ശരിയായ തുറസ്സുകളിലൊന്നാണ്.
നാസിമുദ്ദീൻ ശശിയുടെ കാവ്യലോകത്തെ ഇങ്ങനെക്കൂടി അവതരിപ്പിക്കുന്നു:‘‘താരള്യവും പേലവുമായ വികാരങ്ങൾക്കുപകരം ഒരു തരം നിസ്സംഗമായ പ്രബുദ്ധതയും, അലസമായ ലാളിത്യത്തിനു പകരം സങ്കീർണതയും ശബ്ദായമാനമായ പ്രകടനതകൾക്കു പകരം ഉൾവലിഞ്ഞു നിൽക്കുന്ന മൗനവും ഈ കവിതകൾ പ്രകടിപ്പിക്കുന്നു. ആഗോളവൽക്കരണവും ആസുരമായ സാങ്കേതിക വിദ്യയും അധികാരരൂപികളായ ഭരണകൂടങ്ങളുമൊക്കെ ജഡിക രൂപത്തിലേക്ക് മാറ്റിത്തീർത്ത വർത്തമാന കാല മനുഷ്യനാണ് ഈ കവിതകളുടെ മുഖ്യപ്രമേയം. തന്റെ സ്വത്വത്തിന്റെ സ്വച്ഛന്ദവും സ്വതന്ത്രവുമായ ആവിഷ്‌ക്കാരം സാധ്യമാകാതെ നിശ്ശബ്ദതകളിലേക്കും ഓർമകളുടെ ഭമായ അടരുകളിലേക്കും പിൻവലിയുന്ന അവന്റെ വിറയാർന്ന പാദമുദ്രകളായി ഈ കവിതകളെ നോക്കിക്കാണാം. നിശ്ശബ്ദത, ഓർമ, ജഡം, സർവ്വനാശത്തിന്റെ ഉദ്വേഗം എന്നിങ്ങനെ തന്റെ കാവ്യലോകത്തിന്റെ ആവർത്തിച്ചു വരുന്ന നാല് അടിസ്ഥാന ചിങ്ങളിലൂടെ സമകാലീന ജീവിതത്തിന്റെ രുഗ്ണമായ ഭീഷണാവസ്ഥ കവി വരച്ചിടുന്നു.’’

സമാഹാരത്തിനു ശേഷം വിവിധ പ്രസിദ്ധീകരണങ്ങളിലായി ശശി എഴുതിയ കവിതകൾ വായിക്കുമ്പോൾ ജഡം/ജീർണത എന്ന തന്റെ കേന്ദ്രപ്രമേയത്തിൽ സമ്പൂർണ്ണ അഭയം തേടിയ കവിയെ കാണാൻ കഴിയും. പല നിലയിൽ ഈ പരിശോധന ആവർത്തിച്ച് നടത്തുന്ന കവിതാവഴിയായി അതു നമ്മുടെ സാഹിത്യ ചരിത്രത്തിൽ നില നിൽക്കുന്നു/ പ്രവർത്തിക്കുന്നു.

കവിയുടെ നാടായ തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാല ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നവംബർ നാലിനു നടന്ന ടി.എ. ശശി അനുസ്മരണം.

ശശി നവംബർ ഒന്നിന് രാവിലെ ഉറക്കത്തിൽ അബുദാബിയിലെ താമസസ്ഥലത്തു നിന്നുമുണർന്നില്ല. 55-ാം വയസ്സിൽ ഈ ലോകം വിട്ടുപോയി. കോവിഡ് എല്ലാ യാത്രാ വഴികളും അടച്ചിടുകയും പിന്നീട് പതുക്കെപ്പതുക്കെ തുറന്നു തുടങ്ങുകയും ചെയ്ത ആദ്യഘട്ടത്തിൽ ശശി നാട്ടിൽ വന്നിരുന്നു. നാട്ടിലേക്ക് അതിദീർഘമായ ഒരിടനാഴിയിലൂടെ (ഇരുപുറവും ജനനവും മരണവും നടന്നു കൊണ്ടിരുന്ന) നടന്നു വന്നതു പോലെ തോന്നിയെന്നാണ് ആ യാത്രയെക്കുറിച്ച് ഈ കവി സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത്. ആ യാത്രയെക്കുറിച്ചുള്ള വിശദീകരിച്ചുള്ള പറച്ചിലിൽ മനുഷ്യവംശം ജഡത്വത്തിലേക്ക് പോവുകയാണെന്ന ഭീതി തന്നെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. ഇന്ന് ശശിയുടെ കവിതകൾ വായിക്കുമ്പോൾ ശരീരത്തെ വിട്ടൊഴിയുന്ന ആനന്ദത്തിന്റെ നിരവധി അധ്യായങ്ങളെ നാം അഭിമുഖീകരിക്കുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്തെയെങ്കിലും കേരളീയ മനുഷ്യജീവിതത്തിന്റെ പല തട്ടുകളിലായി വന്ന്​ ചേക്കേറിയ നിരവധി സങ്കീർണതകളെ നേരിടുകയായിരുന്നു ഈ കവി. പ്രാദേശികതയുടെ എല്ലാ അടയാളങ്ങളേയും ആഗോള- ഉപരിലോകവൽക്കരണം മൂടിക്കഴിഞ്ഞുവെന്ന തോന്നൽ ശക്തമായിരുന്ന കാലത്ത് സാങ്കേതിക തുറന്നു കൊടുത്ത ബ്ലോഗ് എന്ന പ്ലാറ്റ്ഫോമിലൂടെ (എരകപ്പുല്ല് എന്നായിരുന്നു ശശിയുടെ ബ്ലോഗിന്റെ പേര്) അയാൾ മറ്റു നിരവധി പേരെയെന്ന പോലെ മലയാളത്തിേന്റയും കവിതയുടേയും ഒരേ നിലയിൽ പ്രാദേശികവും അതോടൊപ്പം നിരവധി ലോകാംശങ്ങൾ ഉൾച്ചേരുകയും ചെയ്ത രചനകൾ സാധ്യമാക്കി. അതിദീർഘമായ കവിതകൾ എഴുതിയില്ല. മിക്കപ്പോഴും ചെറിയ ചെറിയ കവിതകൾ.
സാധാരണ ഗതിയിലും നീളം കൂടുതലുള്ള ഒരു കവിതയിൽ അയാൾ ഇങ്ങനെ എഴുതി:

പരാജയം ഒരു പാതയാണ് എവിടെ തീരുമെന്നറിയില്ല; വേറൊരു പാതയോടും ഉപമയുമില്ല. മാതൃരാജ്യത്തോ അയൽരാജ്യത്തോ തീവണ്ടിപ്പാത അവസാനിക്കുന്നു. പരാജിതരുടെ തീവണ്ടി അതിർത്തികൾ ഭേദിക്കുന്നു. ഒരു തീവണ്ടി മുറിയിലാണ് നിന്നെ അവസാനമായി കണ്ടത്. അതിൽപ്പിന്നെയാണ് എന്റെ തീവണ്ടിക്കും അതിർത്തിയില്ലാതായത്​. നിത്യവും തീവണ്ടിയിൽ പോകുന്ന നീ ഒരു ദിനം ഇറങ്ങുന്നേരം കാലുറയ്ക്കാതെ പ്ലാറ്റ്ഫോമിൽ വീണുരുണ്ട് നെഞ്ചുപാളി തകരും മരിക്കും. പരാജിതരുടെ തീവണ്ടിയിൽ നിത്യയാത്രികനാണ് ഞാനിപ്പോൾ ലോകം അടച്ചിട്ട മുറിയാണെങ്കിൽ എന്റെ തീവണ്ടി അതിലും നിൽക്കില്ല; പുതിയ മുറികളിലൂടെ പിന്നേയും ഓടും. തെന്നിമറയാതെ മരണമെത്താതെ പരാജിതരുടെ തീവണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു.

മലയാളിയുടെ തൊഴിൽ പ്രവാസത്തെ ഇവ്വിധം ആവിഷ്‌ക്കരിച്ച മറ്റു കവിതകൾ അധികമുണ്ടാകാനിടയില്ല. ജഡസമാനം എന്ന തുടർ ബിംബാവലി ശശിക്ക് ലഭിച്ചത് മരണമെത്താത്തിനാൽ പരാജിതരായി തന്നെ തുടർന്നു കൊണ്ടിരുന്നവരുടെ തീവണ്ടി മുറികളിൽ നിന്നായിരുന്നു.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments