പി. കുഞ്ഞിരാമൻ നായർ

പാറുക്കുട്ടിയുടെ കേസ്​
തോറ്റുപോയ കവി

കവിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന എല്ലാ സ്ത്രീകളും കവിയുടെ വിനീതവിധേയകളോ നിശ്ശബ്ദരോ ആയിരുന്നെങ്കിൽ പാറുക്കുട്ടി ടീച്ചർ വാക്കിലും നോക്കിലും കവിയോട് നേർക്കുനേരായിരുന്നു. കല്യാണമില്ലാക്കല്യാണക്കഥയിലെ വെറുമൊരു നായികമാത്രമാവാൻ അവരാഗ്രഹിച്ചില്ല.

തിരുവില്വാമല പ്രകൃതിയിൽ കവി തന്റെ പ്രണയം സമർപ്പിച്ചുവെങ്കിലും അവിടത്തെ ജീവിതം കവിയെ നിരന്തര സംഘർഷത്തിലേക്കാണ് കൊണ്ടുപോയത്. തിരുവില്വാമലയെന്നപോലെ ലക്കിടിയിലെ പ്രണയിനിയായ പാറുക്കുട്ടിയെയും കവി പ്രണയിച്ചു. പതിനാറുവർഷത്തോളം നീണ്ടുനിന്ന ബന്ധത്തിന്റെ നാൾവഴികളിൽ ഇണക്കത്തിന്റെയും പിണക്കത്തിന്റെ പലകാലങ്ങളുണ്ടായിരുന്നു. കവിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന എല്ലാ സ്ത്രീകളും കവിയുടെ വിനീതവിധേയകളോ നിശബ്ദരോ ആയിരുന്നെങ്കിൽ പാറുക്കുട്ടി ടീച്ചർ വാക്കിലും നോക്കിലും കവിയോട് നേർക്കുനേരായിരുന്നു. കല്യാണമില്ലാക്കല്യാണക്കഥയിലെ വെറുമൊരു നായിക മാത്രമാവാൻ അവരാഗ്രഹിച്ചില്ല. നിശ്ചയിച്ച കല്യാണദിവസം വരനെത്താതിരുന്ന വേദനയും അപമാനഭാരവും ഏറ്റുവാങ്ങി അവർ ജീവിച്ചു. ഒരുവർഷത്തിനുശേഷം കവി വീണ്ടുമെത്തി. ഒന്നിച്ചുള്ള ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ എല്ലാം ക്ഷമിച്ച് അവർ കവിയൊടൊപ്പമുള്ള കൂട്ടുജീവിതത്തിന് സമ്മതിച്ചു. എല്ലാറ്റിനുമൊടുവിൽ അവൾ കവിയെ തന്റേതുമാത്രമായി കാണാൻ ആഗ്രഹിച്ചു. അതിനുള്ള നിയമപരമായ സാധുതകളന്വേഷിക്കുകയും അതു സാധ്യമാക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്തു.

പാറുക്കുട്ടിയുടെ ആവശ്യം ആദ്യഭാര്യയായ കുഞ്ഞുലക്ഷ്മിയുമായുള്ള വിവാഹമോചനമായിരുന്നു. അതിന് കവിയെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഭാര്യയുമായുള്ള ബന്ധമുപേക്ഷിക്കാൻ അപേക്ഷിച്ചു, കരഞ്ഞു, വിലപിച്ചു, പൊട്ടിത്തെറിച്ചു, അകറ്റിനിർത്തി. കവിയോടുള്ള സ്നേഹമാണോ അവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചത്? ആലോചിച്ചുനോക്കിയാൽ ഓരോരുത്തർക്കും പലതരം ഉത്തരങ്ങളുണ്ടായിരിക്കും. പാറുക്കുട്ടിയെ സംബന്ധിച്ച് സ്നേഹം എന്നതിനേക്കാൾ സാമൂഹികമായ അംഗീകാരത്തിനുവേണ്ടിയുള്ള ഒരു സ്ത്രീയുടെ ആഗ്രഹമായിരുന്നു ഈ പരിശ്രമങ്ങളെല്ലാം.

ജീവിതയുദ്ധത്തിൽ അവരവരുടെ രക്ഷയ്ക്കുവേണ്ടിയുള്ള ഏറ്റുമുട്ടലിൽ പാറുക്കുട്ടി കവിക്കെതിരെ വക്കീൽനോട്ടീസയച്ചു. കേസ് ഫയൽ ചെയ്തു. കവിയിലുണ്ടായ തന്റെ മകൾക്ക് ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്.

ആദ്യഭാര്യക്കും മക്കൾക്കും കിട്ടുന്ന അംഗീകാരം തന്റെ കുഞ്ഞിനും തനിക്കും നിഷേധിക്കപ്പെടുന്നതിലുള്ള അമർഷം അവരെ അലട്ടിയിരുന്നു. ജീവിതയുദ്ധത്തിൽ അവരവരുടെ രക്ഷയ്ക്കുവേണ്ടിയുള്ള ഏറ്റുമുട്ടലിൽ അവർ കവിക്കെതിരെ വക്കീൽനോട്ടീസയച്ചു. കേസ് ഫയൽ ചെയ്തു. കവിയിലുണ്ടായ തന്റെ മകൾക്ക് ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. ഈ കേസുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ കവി താമസിച്ചിരുന്നത് പാലക്കാട് അശോക ടൂറിസ്റ്റ്ഹോമിലായിരുന്നു. അക്കാലത്ത് കവിയനുഭവിച്ച മാനസികസംഘർഷം നേരിട്ട് കണ്ടറിഞ്ഞ ഒരാൾ ആലങ്ങാട്ട് മുരളീധരനാണ്. ആ ദിവസങ്ങൾ അദ്ദേഹം ഓർമയിൽ നിന്ന് വീണ്ടെടുക്കുന്നു:

കവി പാലക്കാട്ടെ ഹോട്ടൽമുറിയിൽ ദുഃഖഭാരത്തോടെ ഇരുന്നു. കാര്യമെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറെ കാണാമെന്ന് പറഞ്ഞപ്പോൾ കവി പറഞ്ഞു, എടോ ശരീരത്തിനല്ല ഇപ്പോൾ അസുഖം മനസ്സിനാണ്.
അതിലപ്പുറം അദ്ദേഹം ഒന്നും പറഞ്ഞില്ല.
മിണ്ടാതെ പിന്നെയും കുറേനേരമിരുന്നു. തപാലിൽ വന്ന പത്രമാസികകളും കത്തുകളും ഒരിടത്ത് കിടക്കുന്നു. ഒന്നിന്റെ പോലും റാപ്പർ പൊട്ടിക്കുകയോ തുറന്നുനോക്കുകയോ ചെയ്തിട്ടില്ല. കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല. അതുകൊണ്ടുതന്നെ ഞാൻ അവിടെ നിന്ന് ഇറങ്ങാനൊരുങ്ങി.
ഇറങ്ങാൻ നേരം കവി പറഞ്ഞു, എടോ ഒരു കാര്യമുണ്ട്. താൻ നാളെ രാവിലെ ഒറ്റപ്പാലം വരെ ഒന്നു ചെല്ലണം. പറ്റുമോ?
കവിയോട് ഇല്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പോകാമെന്നു പറഞ്ഞു.
കവി കടലാസിൽ ഒരു കത്തെഴുതി തന്നു, അഡ്വ. ഗോവിന്ദമേനോൻ എന്ന മേൽവിലാസമെഴുതിയ ഒരു കത്ത്.
താൻ അങ്ങോട്ടു ചെല്ലൂ. ഉച്ചയോടെ ഞാനവിടെ എത്തുമെന്ന് പറയുകയും വേണം.
പിറ്റേന്നുരാവിലെ ഞാൻ ഒറ്റപ്പാലത്തുചെന്ന് വക്കീലിനെ കണ്ടു.
വക്കീൽ ചോദിച്ചു, കവി വരുമോ?

ആലങ്ങാട്ട് മുരളീധരൻ

എനിക്ക് അത്യാവശ്യം ചില തിരക്കുണ്ടായിരുന്നു. എന്നോട് പറഞ്ഞത് വക്കീലിനോട് ഏറ്റുപറഞ്ഞ് ഞാൻ പാലക്കാട്ടേക്ക് തിരിച്ചു. കവി ഉച്ചയ്ക്ക് വക്കീലിനെ കാണാൻ ചെല്ലുമെന്നുപറഞ്ഞതുകൊണ്ട് അന്ന് കുറച്ച് വൈകിയാണ് ഞാൻ അശോകയിലെത്തിയത്.
അവിടെ ചെന്നപ്പോൾ കവി മുറിയിൽ ഉറങ്ങിക്കിടക്കുന്നു.
ഞാൻ എൻക്വയറിയിൽ ചെന്നുചോദിച്ചു, കവി പുറത്തുപോയിരുന്നോ?
ഇല്ല. കവി എവിടെയും പോയിരുന്നില്ല.
കവി ഉണരുന്നതുവരെ ഞാൻ ആഴ്പ്പതിപ്പ് വായിച്ച് മുറിയിലിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അദ്ദേഹമുണർന്നു.
കവി ചോദിച്ചു, താൻ കത്തുകൊടുത്തില്ലേ?
കൊടുത്തു എന്ന് ഞാൻ പറഞ്ഞു.
അങ്ങ് പോയിരുന്നില്ലേ? ഞാൻ ചോദിച്ചു.
ഇല്ല. പോകാൻ കഴിഞ്ഞില്ല. ഇന്നലെ ഒരു പോള കണ്ണടച്ചില്ല. ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയി, കവി കട്ടിലിൽ ഇരുകൈകളും അമർത്തി തലതാഴ്ത്തിയിരുന്നു.

കവിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. അതോടൊപ്പം പതിവില്ലാത്ത ക്ഷീണഭാവം മുഖത്താകെ പ്രകടമായിരുന്നു.
ഞാൻ ചോദിച്ചു, എന്തുപറ്റി? നല്ല ക്ഷീണമുണ്ടല്ലോ?
കവി പറഞ്ഞു, എന്റെ അടുത്തിരിക്കണം.
ഞാൻ ഇരുന്നു. എന്റെ മുഖത്തേക്ക് ഉറ്റുനോക്കി കവി ചോദിച്ചു, എന്നെപ്പറ്റി എന്തറിയാം?
മുന്നും പിന്നുമില്ലാത്ത ഒരു ചോദ്യം. ഒറ്റവാക്കിൽ പൊടുന്നനെയൊരുത്തരം, അതെങ്ങനെ പറയും? ഞാൻ ഒന്നു പരുങ്ങി.

‘‘അവളുടെ ലോകം ഞാൻ മാത്രമാണെന്ന് എന്നോട് ആണയിട്ടുപറഞ്ഞു. ഒക്കെ വിശ്വസിച്ചു. പക്ഷെ ഇന്നവൾ ശീലാവതി ചമഞ്ഞ് കേസുകൊടുത്തിരിക്കുന്നു, എന്റെയും എന്റെ കൈവശമുള്ള എല്ലാറ്റിന്റെയും ഉമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാൻ’’

കവി പറഞ്ഞു, തനിക്ക് പറയാൻ പ്രയാസമാണ് അല്ലേ?
എന്നാൽ പറയാം. സ്ത്രീലമ്പടനും നാടുതെണ്ടിയും അഹങ്കാരിയുമാണ് ഞാൻ. അങ്ങനൊയൊക്കെയാണല്ലോ ഇന്നേവരെ എനിക്ക് കല്പിച്ചുതന്ന ബിരുദങ്ങൾ.
കാര്യം മനസ്സിലാകാതെ ഞാൻ കവിയെ മിഴിച്ചുനോക്കി. കവി തന്റെ ധർമസങ്കടത്തിന്റെ ചുമടിറക്കുന്നു. വേദനയുടെ അഗ്‌നിപർവതം കവിമനസ്സിൽ നിന്ന് ഉരുകിയൊലിച്ചുവരുന്നു.

കവി തുടർന്നു; ഇന്നേവരെയും ഒരാളെയും വഞ്ചിച്ചിട്ടില്ല. കൊടുക്കുകയല്ലാതെ ആരുടെയും ഒന്നും കവർന്നെടുത്തിട്ടുമില്ല. ചിലരോട് ഇഷ്ടം തോന്നി. അതു തുറന്നുപറഞ്ഞു. അവളുടെ ലോകം ഞാൻ മാത്രമാണെന്ന് എന്നോട് ആണയിട്ടുപറഞ്ഞു. ഒക്കെ വിശ്വസിച്ചു. പക്ഷെ ഇന്നവൾ ശീലാവതി ചമഞ്ഞ് കേസുകൊടുത്തിരിക്കുന്നു, എന്റെയും എന്റെ കൈവശമുള്ള എല്ലാറ്റിന്റെയും ഉമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാൻ. ഞാനെന്താ സ്ഥാവരജംഗമസ്വത്താണോ അവകാശം തീറുവാങ്ങാൻ.

തിരുവില്വാമലയിലെ പാറുക്കുട്ടി ടീച്ചർ.
കവിയുമായി വർഷങ്ങൾ നീണ്ട സ്നേഹബന്ധം പുലർത്തിയ പാറുക്കുട്ടി.
കവിയുടെ മകളായ ബാലാമണിയുടെ അമ്മയായ ടീച്ചർ ഒടുവിൽ കവിക്കെതിരെ കേസുകൊടുത്തു. അതിന്റെ നൂലാമാലകളിൽ കവി പെട്ടിരിക്കുന്ന കാര്യം അപ്പോഴാണ് എനിക്ക് മനസ്സിലായത്.

പി. കുഞ്ഞിരാമൻ നായർ

ചുമലിലിട്ട തോർത്തുകൊണ്ട് വായപൊത്തിപ്പിടിച്ച് കവി ഏങ്ങിയേങ്ങി കരഞ്ഞു. പ്രായംചെന്ന ഒരു മനുഷ്യൻ ഇത്തരത്തിൽ പൊട്ടിക്കരയുന്നത് ആദ്യമായി ഞാൻ കാണുകയായിരുന്നു. എന്തുപറഞ്ഞ് കവിയെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ പകച്ചുനിന്നു.

കവി പറഞ്ഞു, വക്കീലിനോട് എന്ത് പറയുമെന്നോർത്താണ് ഒറ്റപ്പാലത്ത് പോകാതിരുന്നത്. കേസ് ജയിക്കാൻ കുഞ്ഞ് എന്റേതല്ലെന്നു പറയണമെന്ന് വക്കീൽ പറയുന്നു. പലരും പറയുന്നു. അത് ഞാൻ പറയില്ല. കേസ് വക്കീല് വാദിക്കട്ടെ. അല്ലെങ്കിൽ ജീവിതത്തിൽ ഞാനെന്നും തോറ്റുപോവുന്നു. അത്രമാത്രം സ്നേഹം കൊടുത്തവരാണ് എന്നും എന്നെ തോൽപ്പിച്ചിട്ടുള്ളത്.

കവിയെ ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അദ്ദേഹത്തിന്റെ മനസ്സ് വേദനയുടെ പാരമ്യത്തിലായിരുന്നു.
കവി പറഞ്ഞു, മുരളി ഒരു കാര്യം കൂടി ചെയ്യണം. നാളെ തിരുവില്വാമലയ്ക്ക് ഒന്ന് പോകണം.
ഞാൻ കവിയുടെ മനഃശ്ശാന്തിക്കുവേണ്ടി ചെയ്യാൻ സാധിക്കുന്നതെന്തും ചെയ്യാൻ തയ്യാറായിരുന്നു. കവി ബാഗിൽ നിന്ന് ഒരു താക്കോൽക്കൂട്ടം എടുത്ത് എന്റെ കൈയിൽ തന്നു.
പോകാൻ നേരം പറഞ്ഞു, ബാങ്കിലേക്ക് ഒരു കത്തെഴുതിത്തരാം. മാനേജരെ ഇതുകാണിച്ചാൽ മതി.
കത്തെഴുതി: എന്റെ സ്വന്തം ആൾവശം 200 രൂപയുടെ ചെക്കയക്കുന്നു. ഈ ആൾ വശം പണം കൊടുത്തയക്കണം.

ഞാൻ തിരുവില്വാമലയ്ക്കു ചെന്നു. കവിയുടെ തലയണയുടെ അടിയിൽ വെച്ച ഒരു ചെക്കു ബുക്ക്. അതിൽനിന്ന് ഒരു ലീഫ് കീറിയെടുത്ത് ബാങ്കിൽ ചെന്ന് മാനേജരെ കണ്ട് പണം വാങ്ങി പാലക്കാട്ടേക്ക് തിരിച്ചു.

ജീവിതത്തിന്റെ കുരിശിൽ നിരന്തരം തറയ്ക്കപ്പെട്ട ഒരാളായിരുന്നു പി. കുഞ്ഞിരാമൻ നായർ. പാറുക്കുട്ടി ടീച്ചർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസ് കവിയെ അത്രമാത്രം അസ്വസ്ഥമാക്കിയിരുന്നു.

ഇരുനൂറു രൂപയുടെ പച്ചനോട്ട് കീശയിൽ കിടന്നു. എനിക്ക് തോന്നി, കൈയിൽ പണമില്ലാത്തതുകൊണ്ടായിരിക്കണം ഇന്നലെ വക്കീലിനെ കാണാൻ ചെല്ലാതിരുന്നത്. എത്ര കിട്ടിയാലും ഒറ്റ ദിവസം കൊടുത്തുതീർത്ത് സ്വസ്ഥതതേടുന്ന മനസ്സ്. വാരിക്കോരിക്കൊടുത്ത് ഭിക്ഷയാചിച്ചു നടക്കുന്ന ജീവിതവിധി. പണവും സ്നേഹവും പകുത്തുകൊടുത്ത് നിരന്തരം കഠിനശിക്ഷയേറ്റുവാങ്ങുന്ന പാവം ബലിയാട്. ഇതല്ലാതെ ഈ മനുഷ്യൻ മറ്റെന്താണ്?
ആലങ്ങാട്ട് മുരളീധരൻ ആ ദിവസത്തിന്റെ ഓർമകൾ പറഞ്ഞുനിർത്തുമ്പോൾ കണ്ണിൽ നനവുപൊടിയുന്നു. പോയകാലത്തിന്റെ അതിർവരമ്പുകളിൽ പി. എന്ന കാവ്യയാത്രികൻ മുന്നിൽ വന്നുനിൽക്കുന്നു.

ജീവിതത്തിന്റെ കുരിശിൽ നിരന്തരം തറയ്ക്കപ്പെട്ട ഒരാളായിരുന്നു പി. കുഞ്ഞിരാമൻ നായർ. പാറുക്കുട്ടി ടീച്ചർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസ് കവിയെ അത്രമാത്രം അസ്വസ്ഥമാക്കിയിരുന്നു. അതേപോലെ കവിയോടൊപ്പമുള്ള ജീവിതത്തിന്റെ സാധുതയില്ലായ്മയെച്ചൊല്ലി പാറുക്കുട്ടി ടീച്ചറും അസ്വസ്ഥയായിരുന്നു.

1966 കാലത്ത് കൊല്ലങ്കോട് സ്‌കൂളിൽ കവിയുടെ സഹപ്രവർത്തകനും സന്തതസഹചാരിയുമായിരുന്ന ഇയ്യങ്കോട് ശ്രീധരന് പാറുക്കുട്ടി ടീച്ചർ അയച്ച കത്തിൽ അവരുടെ ആകുലതയും ആത്മവേദനയും ഇപ്രകാരം എഴുതിയിട്ടുണ്ട്:
വേദനാജനകമായ ഒരെളിയ സംഗതി അങ്ങയുടെ മുമ്പിൽ വയ്ക്കുകയാണ്. എത്ര എളിയവളാണെങ്കിലും അദ്ദേഹവുമായുള്ള വേഴ്ചയിൽ കഴിയുന്ന ഈ എനിക്കും ഈ കുട്ടിക്കും ആ നാമധേയത്തിൽ അറിയപ്പെടുന്ന ഒന്നിലും അർഹത ഇല്ലെന്നുവരുമ്പോൾ ഇന്ന് ഞാൻ ലോകത്തിന്റെയും ലോകരുടെയും മുമ്പിൽ എത്ര ദുഷിച്ചവളാണ്? എന്റെ ഹൃദയം പൊട്ടിത്തകരുന്നു.

കുടുംബത്തിന്റെ ഭാഗമായി കവിയെ ലഭിക്കാത്തതിലും സാമൂഹിക അംഗീകാരം അനുവദിച്ചുതരാത്തതിലുമുള്ള മാനസികസംഘർമാണ് പാറുക്കുട്ടി ടീച്ചറെ അലട്ടിയിരുന്നത്. അവർ ഏറ്റുവാങ്ങിയ ജീവിതസംഘർഷങ്ങളത്രയും പലപ്പോഴായി കവിക്കു തന്നെ അവർ തിരിച്ചുകൊടുത്തു. അത് പിണക്കങ്ങളായും കേസായും ഒത്തുതീർപ്പായുമൊക്കെ പരിണമിച്ചു. നിയമം വിട്ടൊരു തെന്നൽ മാതിരിയായിരുന്നു കവി. അതുകൊണ്ടുതന്നെ കവിയെന്നും അവരുടെ ആഗ്രഹത്തിന് പുറത്തായിരുന്നു. കവിയുമായുള്ള ബന്ധത്തിന്റെ നിയമസാധുതയുണ്ടായിരുന്ന കുഞ്ഞിലക്ഷ്മിയോടും കവി കുടുംബസ്ഥന്റെ ഉത്തരവാദിത്തം കാണിച്ചില്ല. കവിക്കെന്നും പ്രിയപ്പെട്ട കവിതയ്ക്കുമാത്രം കവി പിടികൊടുത്തു. അവൾക്കുവേണ്ടി മാത്രം കവി ജീവിച്ചു. മറ്റുള്ളവർക്കെല്ലാം കവി എക്കാലത്തും ഒരു പിടികിട്ടാപ്പുള്ളിയായിരുന്നു. പ്രണയമധു കുടിച്ചുമദിച്ച രാപകലുകളുടെ മധുരോദാരമായ ഓർമകൾ മാത്രം കവി പ്രണയിനികൾക്കായി പകർന്നുകൊടുത്തു. അത് ഘനീഭവിച്ച അനുഭവത്തിന്റെ നീരാവിയിൽ കവിമനസ്സ് കാർമേഘാവൃതമാവുകയും യാത്രാപഥങ്ങളിൽ കവിതയുടെ മഴ പെയ്യിച്ച് മലയാളികളുടെ അനുഭവലോകത്തെ എന്നെന്നും ഘനസാന്ദ്രമാക്കുകയും ചെയ്തു.

ഇയ്യങ്കോട് ശ്രീധരൻ

എം. കൃഷ്​ണൻ നായരുടെ വീട്ടിലെത്തിയ പി.

നന്തപുരി. ഭരണസിരാകേന്ദ്രവും പത്മനാഭസ്വാമിയുടെ നഗരവുമായ തിരുവനന്തപുരം പി.യുടെ നിരന്തരമായ യാത്രാപഥങ്ങളിൽ പ്രധാനപ്പെട്ട ഒരു ഇടത്താവളമായിരുന്നു. തിരുവനന്തപുരത്ത് എത്തിയാൽ കവി സ്ഥിരമായി താമസിച്ചത് സി.പി. സത്രത്തിലായിരുന്നു. തമ്പാന്നൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള സി.പി. രാമസ്വാമി അയ്യരുടെ പേരിലുള്ള കെട്ടിടം. സി.പി. സത്രത്തിലെ 44ാം നമ്പർ മുറി പി. കുഞ്ഞിരാമൻ നായർ ഓർമകളുടെ ഒരൊറ്റ മുറിയായി പലരുടെയും മനസ്സിൽ ഇന്നും നിലകൊള്ളുന്നു. അത് പി.യുടെ ജീവിതത്തിന്റെയും കവിത യുടെയും ഏറ്റവും ഒടുവിൽ മരണത്തിന്റെയും കൂടി മുറിയായിത്തീർന്നു. തലമുതിർന്ന എഴുത്തുകാരുമായും രാഷ്​ട്രീയ, സാംസ്‌കാരിക പ്രവർത്തകരുമായും കവി അടുത്ത ബന്ധം പുലർത്തിയത് ഇവിടത്തെ സഹവാസകാലത്തായിരുന്നു. ശൂരനാട്ടു കുഞ്ഞൻപിള്ള, കൈനിക്കര കുമാരപ്പിള്ള, പത്മനാഭപ്പിള്ള, പി. ഭാസ്‌കരൻ, നാഗവള്ളി ആർ.എസ്.കുറുപ്പ്, ഒ.എൻ.വി, സുഗതകുമാരി, വയലാർ, എം.പി.അപ്പൻ തുടങ്ങിയവരുമായി തിരുവനന്തപുരത്തെ താമസക്കാലത്ത് കവി അടുത്ത ബന്ധം പുലർത്തി.

സെക്രട്ടറിയേറ്റിൽ നിന്ന് ഞങ്ങൾ ആസാദ് ഹോട്ടൽ ഗെയിറ്റ് ഭാഗത്തേക്ക് പോവുകയായിരുന്നു. പി.യെ കണ്ട് എം. കൃഷ്ണൻ നായർ റോഡ് മുറിച്ചുകടന്ന് ഞങ്ങളുടെ അടുത്തേക്കുവന്നു. അദ്ദേഹം കവിയോട് ഭവ്യതയോടെ ചോദിച്ചു, എന്നെ അറിയാമോ? സാഹിത്യവാരഫലം കൃഷ്ണൻ നായരാണ്.

പി.യുടെ തിരുവനന്തപുരം ബന്ധത്തിന് പതിറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. ഇക്കാലങ്ങളിൽ കവിയുടെ സഹായിയും സഹചാരിയുമായി ഒരാളുണ്ടായിരുന്നു. കണ്ണൂർ ചാലോട് സ്വദേശിയായ കെ.കെ. ഭരതൻ. കൂടാളി സ്‌കൂളിൽ കവിയുടെ ശിഷ്യൻ. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ. കവി അനന്തപുരിയിൽ എത്തുമ്പോഴൊക്കെ അവർ തമ്മിൽ കണ്ടു. ക്ലാസ് മുറിയിൽ മിഠായി മധുരം തന്ന ഗുരു. തലസ്ഥാനനഗരിയിൽ ശിഷ്യൻ കവിയുടെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയുമായി. കവി മാഷിന്റെ ആയിരക്കണക്കിന് ശിഷ്യപരമ്പരകളിൽ ഈയൊരാൾ മാത്രം മറ്റാരേക്കാളും സ്നേഹസൗഹൃദംകൊണ്ട് കവിമനസ്സിൽ ഹൃദയമുദ്ര പതിപ്പിച്ചു. കവിയോടൊപ്പം കഴിഞ്ഞതിന്റെ പതിറ്റാണ്ടുകൾ നീണ്ട കാലം ശിഷ്യനായ ഭരതൻ ഓർമ്മിക്കുന്നു:

ക്ലാസ് മുറിയിൽ കവിമാഷ് പഠിപ്പിച്ചത് കുറച്ചുകാലം മാത്രമായിരുന്നു. എല്ലാവരെയും പോലെ കവിയുടെ പതിനായിരക്കണക്കിന് ശിഷ്യന്മാരിൽ ഒരാൾ. പക്ഷെ ഭാഗ്യവശാൽ തിരുവനന്തപുരത്ത് വെച്ച് ഞങ്ങൾ തമ്മിൽ വീണ്ടും കണ്ടുമുട്ടി. പിന്നീട് അതൊരു തുടർക്കഥയായി. മരിക്കുന്നതുവരെ അറിഞ്ഞും അറിയാതെയും കവിയോടൊപ്പമുള്ള യാത്രകളിൽ ഞാനും പങ്കാളിയായിത്തീർന്നു.
കവിമാഷ് ആദ്യമൊക്കെ എന്തെങ്കിലും ആവശ്യങ്ങൾ നടപ്പിലായി കിട്ടാനായാണ് തിരുവനന്തപുരത്തെത്തിയത്. സെക്രട്ടറിയേറ്റിലായതുകൊണ്ട് കവിയെ സഹായിക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. അനന്തപുരിയിലെ സൗഹൃദങ്ങളും സൗകര്യങ്ങളും പി.യെ പലപ്പോഴും തിരുവനന്തപുരത്ത് എത്തിച്ചേരാൻ പ്രേരിപ്പിച്ചു. സി.പി. സത്രത്തിൽ മാസങ്ങളോളം താമസിച്ച് പുസ്തകപ്രസാധനവും എഴുത്തുമൊക്കെ നടത്തുന്ന തരത്തിലേക്ക് പിന്നെപ്പിന്നെ ഈ നഗരം കവിയുടെ ജീവിതത്തിന്റെ ഭാഗമായി. മന്ത്രിതലത്തിൽ ഏറ്റവും ഉയർന്നവരും സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുള്ളവരും വരെ ഇക്കാലങ്ങളിൽ പി.യുടെ ഏറ്റവും അടുത്തവരായി മാറി.

കവി തിരുവനന്തപുരത്തെത്തിയാൽ പരിചിതരായ ആരിൽ നിന്നെങ്കിലും വന്ന വിവരം അറിയാറുണ്ടായിരുന്നു. കവിമാഷെ കാണാൻ ഒന്നുകിൽ ഞാൻ സി.പി. സത്രത്തിലേക്ക് ചെല്ലും. ഞാൻ ചെന്നില്ലെങ്കിൽ കവി എന്നെത്തേടി സെക്രട്ടറിയേറ്റിൽ എത്തിച്ചേരുകയും ചെയ്യും.

ഒരു ദിവസം. സെക്രട്ടറിയേറ്റിൽ നിന്ന് ഞങ്ങൾ ആസാദ് ഹോട്ടൽ ഗെയിറ്റ് ഭാഗത്തേക്ക് പോവുകയായിരുന്നു. പി.യെ കണ്ട് എം. കൃഷ്ണൻ നായർ റോഡ് മുറിച്ചുകടന്ന് ഞങ്ങളുടെ അടുത്തേക്കുവന്നു. അദ്ദേഹം കവിയോട് ഭവ്യതയോടെ ചോദിച്ചു, എന്നെ അറിയാമോ? സാഹിത്യവാരഫലം കൃഷ്ണൻ നായരാണ്.

എം. കൃഷ്ണൻ നായർ / Photo: ml.sayahna.org

കവി അദ്ദേഹത്തെ ഒന്നുനോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ ധൃതിയിൽ നടന്നു. കൃഷ്ണൻ നായരുമായി എനിക്ക് നേരത്തെത്തന്നെ പരിചയമുണ്ടായിരുന്നു. കവി കുറച്ച് നടന്ന് എന്നെ കാത്തുനിന്നു. ഞാനും കൃഷ്ണൻ നായരും വേഗത്തിൽ നടന്ന് കവിയുടെ മുന്നിലെത്തി.
കൃഷ്ണൻ നായർ പറഞ്ഞു, വാരഫലം...
കവി പറഞ്ഞു, ഓ... ഓ... ഞാൻ വായിക്കാറുണ്ട്.

ഇത്രയും പറഞ്ഞശേഷം കവി പിന്നെയും ധൃതിയിൽ നടത്തം തുടർന്നു. ഞാനും കൃഷ്ണൻ നായരും വഴിവക്കിൽ പരസ്പരം മുഖം നോക്കി നിന്നു. കൃഷ്ണൻ നായർ അപമാനിതനായോ? ആയൊരു സംശയംകൊണ്ട് ഞാനദ്ദേഹത്തോട് ഉപചാരത്തോടെ സംസാരിച്ചുനിന്നു.
കൃഷ്ണൻ നായർ ആകാംക്ഷയോടെ എന്നോട് ചോദിച്ചു, കവി എത്ര ദിവസം ഇവിടെയുണ്ടാകും?
രണ്ട് ദിവസം.
ഒരു കാര്യം പറഞ്ഞാൽ നടക്കുമോ?
ഞാൻ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി.
കവിയെ കൂട്ടി നാളെ എന്റെ വീടുവരെ ഒന്നു വരാമോ?
എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഒരു നിമിഷം ഞാൻ കുഴങ്ങി. കവിയെ കൊണ്ടുപോകണം. കവി സമ്മതിക്കണം. കവി സമ്മതിക്കുമോ? അറിയില്ല.
എങ്കിലും ഞാൻ പറഞ്ഞു, വരാം.
എപ്പോൾ?
രാവിലെ പത്തുമണിയോടടുപ്പിച്ച്.

ഞാൻ കൃഷ്ണൻ നായരോട് യാത്രപറഞ്ഞ് കവിയോടൊപ്പമെത്താൻ വേഗത്തിൽ നടന്നു. അടുത്തെത്തിയപ്പോൾ കിതച്ചുകൊണ്ട് ഞാൻ പറഞ്ഞു, ആളുകൾക്ക് കവിയെ എത്രവലിയ കാര്യമാണ്.
എന്താണ് കാര്യം?
കൃഷ്ണൻ നായർ കവിയെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കവി ചോദിച്ചു, ആര് എന്നെയോ?
അതെ.
എന്നിട്ട് നീയെന്തു പറഞ്ഞു?
വരുമെന്ന് പറഞ്ഞു.
നീ അതിന് സമ്മതിച്ചുവല്ലേ?
സമ്മതിച്ചു.
കവി നടത്തം നിർത്തി എന്നെയൊന്നു നോക്കി. എന്നിട്ട് വീണ്ടും ചോദിച്ചു, നീ സമ്മതിച്ചു അല്ലേ?
സമ്മതിച്ചു.

കവിയുടെ ചുണ്ടിൽ ചെറിയൊരു മന്ദഹാസം പടർന്നു.
നീ സമ്മതിച്ചതല്ലേ. എന്നാ നമുക്ക് പോവാം. അതുകേട്ടപ്പോൾ എനിക്ക് സമാധാനമായി. ഗുരുവിനെ ഞാനൊന്നു തൊഴുതു. ട്രിവാൻഡ്രം ഹോട്ടലിൽ നിന്ന് ചായ കുടിച്ച് അന്നേ ദിവസം ഞങ്ങൾ പിരിഞ്ഞു.

പിറ്റേന്ന് കാലത്ത് ഞാൻ സത്രത്തിൽ ചെന്ന് കവിമാഷെയും കൂട്ടി കൃഷ്ണൻ നായരുടെ ശാസ്തമംഗലത്തുള്ള വീട്ടിലേക്ക് തിരിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നപ്പോൾ വീട്ടുമുറ്റത്ത് കുറെപ്പേർ നിൽക്കുന്നു. എന്താണ് കാര്യമെന്ന് പെട്ടെന്ന് മനസ്സിലായില്ല. എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ? അല്ലെങ്കിൽ വീട് മാറിപ്പോയോ? അങ്ങനെ സംശയിച്ച് നിൽക്കുന്നതിനിടയിൽ കൃഷ്ണൻ നായർ ഞങ്ങളെ കണ്ട് ഓടിവന്ന് സ്വീകരിച്ചു. വീട്ടുപടിക്കൽ അദ്ദേഹത്തിന്റെ ഭാര്യ ഒന്നരയും മുണ്ടുമുടുത്ത് തനി കേരളീയവേഷത്തിൽ വന്നുനിന്നു. അവിടെ കൂടിച്ചേർന്ന ആളുകളെല്ലാം കവിയെ വണങ്ങി. പക്ഷെ ഉപചാരമര്യാദകളൊന്നും കാണിക്കാതെ കവി നടന്നു. ധൃതിയിൽ അകത്തേക്ക് കയറി.

കൃഷ്ണൻ നായർ പി.യുടെ പഴയ പുസ്തകങ്ങളിലൊന്നെടുത്ത് കവിയെ കാണിച്ചു. കവി അത് വാങ്ങി നോക്കി. കവിയുടെ എല്ലാ കവിതകളും സൂക്ഷ്മമായി വായിക്കുന്ന അനുഭവത്തിന്റെ സന്തോഷം കൃഷ്ണൻ നായർ പ്രകടിപ്പിക്കുന്നു.

കൃഷ്ണൻ നായർ കവിയെ അദ്ദേഹത്തിന്റെ പുസ്തകമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പുസ്തകം നിറച്ച അലമാരകൾ. അതിലടുക്കിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ. ഈ ചെറിയ മനുഷ്യൻ ഇതത്രയും വായിച്ചാണ് സാഹിത്യത്തിന്റെ വാരഫലം എഴുതിക്കൊണ്ടിരിക്കുന്നത്. അതദ്ദേഹത്തിന്റെ എഴുത്തുമുറിയും കൂടിയായിരുന്നു. അത്ഭുതത്തോടെ ഞാനദ്ദേഹത്തിന്റെ പുസ്തകപ്രപഞ്ചം കണ്ടു.

കൃഷ്ണൻ നായർ പി.യുടെ പഴയ പുസ്തകങ്ങളിലൊന്നെടുത്ത് കവിയെ കാണിച്ചു. കവി അത് വാങ്ങി നോക്കി. കവിയുടെ എല്ലാ കവിതകളും സൂക്ഷ്മമായി വായിക്കുന്ന അനുഭവത്തിന്റെ സന്തോഷം കൃഷ്ണൻ നായർ പ്രകടിപ്പിക്കുന്നു. അതിനിടയിൽ കവി ആദ്യകാലത്തെഴുതിയ ഒരു പുസ്തകമെടുത്ത് അതിലെ ചില വരികൾ വായിക്കാൻ തുടങ്ങി.
അതുകേട്ട് തൊഴുതുകൊണ്ട് കവി പറഞ്ഞു, ങ്ഹാ. കേട്ടു. രക്ഷിക്കണം, രക്ഷിക്കണം.
വരികൾ ഇനിയും ചൊല്ലേണ്ടതില്ല എന്നാവാം കവി ഉദ്ദേശിച്ചത്. കൃഷ്ണൻ നായർക്ക് അത് മനസ്സിലായോ എന്തോ. എന്തായാലും അദ്ദേഹം പുസ്തകമടച്ചുവെച്ചു.

പലഹാരങ്ങൾ കൊണ്ടുവെച്ചു. കവിയും ഞാനും കഴിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പുറത്ത് കൂടിനിന്നവരിൽ പലരും കവിയെ പരിചയപ്പെടാനായി അകത്തേക്ക് കയറിവന്നു. സ്‌കൂൾ, കോളേജ് അധ്യാപകർ, കവിയുടെ കടുത്ത ആരാധകർ തുടങ്ങിയവരൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. കവി അവരെ ഒന്നു നോക്കി എന്നല്ലാതെ വേണ്ടവിധത്തിൽ സംസാരിച്ചില്ല.

ഞാൻ കൃഷ്ണൻ നായരോട് സ്വകാര്യമായി പറഞ്ഞു, കവിയെയും കൂട്ടി പുറത്ത് ചെല്ലാം. എല്ലാവരും കൂടി ഇവിടെ വന്ന് നിൽക്കുന്നതിനേക്കാൾ അതാവും നല്ലത്. അദ്ദേഹത്തിനും കവിയുടെ പ്രകൃതം അറിയാമായിരുന്നു. അതുകൊണ്ടുതന്നെ വീട്ടുമുറ്റത്തെ മരച്ചുവട്ടിൽ ഞങ്ങൾ നിന്നു. കൂടിനിന്നവരിൽ ചിലർ കവിയോട് സംസാരിച്ചു. ചിലർ ഒന്നും ചോദിക്കാതെ കവി പറയുന്നത് കേൾക്കാൻവേണ്ടി മാത്രം ചുറ്റും കൂടി. കുറച്ചുസമയമങ്ങനെ കടന്നുപോയി.
അവിടെ നിന്ന് യാത്രപറഞ്ഞ് ഇറങ്ങാൻ നേരം കൃഷ്ണൻ നായരുടെ മകൾ ഓടിവന്നു. അവൾ ചിരിച്ചുകൊണ്ട് കവിയുടെ മുന്നിൽനിന്നു. മാവിൻച്ചുവട്ടിൽ വെച്ച് അവൾ ഓട്ടോഗ്രാഫിനുവേണ്ടി കൈയിൽ കരുതിയ ഒരു പുസ്തകം കവിയുടെ നേരെ നീട്ടി. കവി അവളെ നോക്കി ചിരിച്ചു, പേര് ചോദിച്ചു.
ബാഗിൽ നിന്ന് ബ്രൗൺ നിറത്തിലുള്ള ഒരു മഷിപ്പേനയെടുത്ത് ഒന്നാലോചിച്ചു. ശൂന്യതയിലേക്ക് ഒന്ന് കണ്ണോടിച്ച ശേഷം കവി അതിലൊരു താളിൽ എഴുതി.
ഞാൻ അടുത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓട്ടോഗ്രാഫിൽ വരികളായി വാർന്നുവീഴുന്നതെന്താണെന്ന് എത്തിനോക്കി. കവി പുസ്തകം തിരിച്ചുനൽകി. കുനെകുനെ എഴുതിയ വരികൾ തപ്പിത്തടഞ്ഞു അവൾ വായിച്ചു. ഹൃദയസ്മിതത്തോടെ കവിയെ നോക്കി. നന്ദി പറഞ്ഞു.

തിരിച്ചുനടക്കുമ്പോൾ ഞാൻ കവിയോട് പറഞ്ഞു.
ആ പെൺകുട്ടി ഇന്ന് ഉറങ്ങുമോ എന്തോ?
ഒന്നു മൂളിക്കൊണ്ട് കവി എന്നെയൊന്ന് തറപ്പിച്ചുനോക്കി. എന്നിട്ട് എന്നോട് ചോദിച്ചു, അപ്പോ ഞാനെഴുതിയത് നീ കണ്ടോ?
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, കണ്ടു.
പഹയൻ, ഞാനെഴുതിയത് ശരിയായില്ലെന്നുണ്ടോ?
ഇല്ല. തെറ്റൊന്നുമില്ല.

കല്യാണപ്രായമായ ഒരു പെണ്ണിന് എഴുതിക്കൊടുക്കേണ്ടത് ഇതുതന്നെയല്ലേ?
അതെ. അത് നന്നായി.
ഞങ്ങൾ സത്രത്തിലേക്ക് നടന്നു. കവി ഓട്ടോഗ്രാഫിൽ എഴുതിക്കൊടുത്ത വരികൾ ഞാൻ മറന്നു. ‘വരണമാല്യവുമായ് ഒരുവൻ നിന്നെത്തേടി വരും’ എന്നർഥം വരുന്ന നാലുവരികളായിരുന്നു അത്.

കാലം എത്രയോ കടന്നുപോയി. പിന്നീടൊരിക്കൽ കൃഷ്ണൻ നായർ മലയാളനാടിൽ എഴുതിയത് വായിച്ചു. കവി അദ്ദേഹത്തിന്റെ വീട്ടിൽ വന്നതും മകളുടെ ഓട്ടോഗ്രാഫിൽ എഴുതിക്കൊടുത്തതുമായ കാര്യങ്ങൾ. കവിയുടെ ആശംസ ഫലിച്ചു. രണ്ടുമാസത്തിനകം മകളുടെ വിവാഹം കഴിഞ്ഞു. അന്നത് വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. കവി ഇക്കാര്യം വല്ലതും അറിഞ്ഞിരുന്നോ ആവോ? ▮

(തുടരും)


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments