മീന അലക്‌സാണ്ടർ

മീന അലക്‌സാണ്ടർ മലയാള കവിയോ?

​ഭാഷാ- ദേശ ബന്ധങ്ങളെക്കുറിച്ച് ഒരു പുനർവിചാരം

​ദേശാനുഭവങ്ങളുടെ വൈവിധ്യങ്ങളിലൂ​ടെ സഞ്ചരിച്ച്​, കേരള കവിത, മലയാള കവിത എന്നീ രണ്ടുതരം സങ്കല്പനങ്ങളെ അടിസ്​ഥാനമാക്കിയുള്ള ഒരു കവിതാപഗ്രഥനം

ലയാളവും കേരളവും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ കുഴപ്പിക്കുന്ന ഒന്നല്ല. കേരളം എന്നത് മലയാളത്തേക്കാൾ പുതുതാണ്. 1956 നവംബർ 1-ന് നിലവിൽവന്ന ഒന്ന്. മലയാളം അതിനും എത്രയോ നൂറ്റാണ്ടുകൾക്കുമുമ്പേ നിലവിൽവന്ന ഒന്ന്.
അതേസമയം, കേരളം എന്ന ദേശം മലയാളഭാഷയിൽ വളരെ മുമ്പുതന്നെ നിലവിൽവന്നിരുന്നു. കേരളോല്പത്തി അച്ചടിപുരണ്ടത് 1843-ലാണ് എന്ന് പറയുന്നു. അതിലും എത്രയോ മുമ്പ് അത് രചിക്കപ്പെട്ടിരിക്കണം. അതായത് കേരളം ഭൂമിശാസ്ത്രപരമായി നിലവിൽവന്നതിന് വളരെ മുമ്പുതന്നെ കേരളം ഭാഷയിൽ അതിന്റെ അസ്തിത്വം സ്ഥാപിച്ചിരുന്നു. എ.ഡി. 1625 മുതൽ മലയാളഭാഷ അതിന്റെ ആധുനികഘട്ടത്തിലേയ്ക്ക് കടന്നെന്നും ചരിത്രകാരർ പറയുന്നു. അതായത് കേരളം എന്ന ദേശം ഭാഷയ്ക്കകത്തും മലയാളം എന്ന ഭാഷ കേരളം എന്ന ദേശത്തിനകത്തും പകർന്നാട്ടം നടത്തുന്നതിന് ഒരു നീണ്ട ചരിത്രമുണ്ട്.

എന്നാൽ ഭാഷയും ദേശവും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നത് ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെയാണ്. തെലുങ്ക് ഭാഷ അടിസ്ഥാനപ്പെടുത്തിയുള്ള ആന്ധ്ര സംസ്ഥാനം ആവശ്യപ്പെട്ട് പോട്ടി ശ്രീരാമുലു നടത്തിയ 58 ദിവസത്തെ നിരാഹാരത്തിനൊടുവിൽ 1952 ഡിസംബർ 15-ന് അദ്ദേഹം അന്തരിച്ചു. ഇതേത്തുടർന്ന് അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന വിശാഖപട്ടണവും വിജയവാഡയും അടങ്ങുന്ന നിരവധി തെലുങ്കുഭാഷാ പ്രവിശ്യകളിൽ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായി. ഇതേത്തുടർന്ന് 1952 ഡിസംബർ 19-ന് തന്നെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റു മദ്രാസ് സംസ്ഥാനം വിഭജിച്ച് ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകരിക്കുന്നത് പ്രഖ്യാപിച്ചു. പിന്നീട് തെലുങ്കാന പ്രവിശ്യയിലെ തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങൾ കൂടി മദ്രാസ് പ്രവിശ്യയിലെ തെലുങ്ക് സംസാരിക്കുന്ന പ്രവിശ്യയോട് കൂട്ടിച്ചേർത്താണ് 1953 ഒക്ടോബർ ഒന്നിന് ആന്ധ്രപ്രദേശ് നിലവിൽവന്നത്. ഇന്ത്യയിലെ ആദ്യത്തെ ഭാഷാസംസ്ഥാനം. ഭാഷയും ദേശവും തമ്മിലുള്ള ഇന്ത്യൻ സാഹചര്യത്തിലെ ബന്ധം ഒരു പ്രത്യേക തരത്തിൽ അന്നുമുതൽ പുനർ നിർവചിക്കപ്പെടുകയായിരുന്നു.

പെൺകവിതയെക്കുറിച്ച് പഠിക്കുമ്പോൾ, പ്രത്യേകിച്ചും മലയാള പെൺകവിതയെക്കുറിച്ച് പഠിക്കുമ്പോൾ ദേശവും ഭാഷയും തമ്മിലുള്ള ബന്ധം വലിയതരത്തിൽ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നുണ്ട്.

കുറച്ചുകൂടി വിശദമാക്കാൻ, അതിനുമുമ്പുള്ള സ്ഥിതി ഒന്നുകൂടി പരിശോധിച്ചുനോക്കാം. 1953 ഒക്ടോബർ ഒന്നിനുമുമ്പുള്ള മദ്രാസ് സംസ്ഥാനത്തിന്റെ ഒരു ഭാഗമായിരുന്ന മലബാറിൽ മലയാളമായിരുന്നു സംസാരിച്ചിരുന്നത്. അതിന്റെ തന്നെ ഭാഗങ്ങളായിരുന്ന തീരദേശ ആന്ധ്രയും റായലസീമയും ഉൾപ്പെട്ട പ്രദേശങ്ങളിൽ തെലുങ്കും സൗത്ത് കാനറയും ബല്ലാരിയും ഉൾപ്പെട്ട പ്രദേശങ്ങളിൽ കന്നഡയും തുളുവും മദ്രാസും ചുറ്റുപാടും തമിഴും ആയിരുന്നു ഭാഷകൾ. പോട്ടി ശ്രീരാമലുവിന്റെ സമരവും മരണവും ദേശങ്ങളുടെ ഭാഷാബഹുസ്വരതയിൽ വമ്പിച്ച മാറ്റങ്ങൾ കൊണ്ടുവന്നു. സാഹിത്യചരിത്രം എന്ന അനുഭവമണ്ഡലത്തെ അതെങ്ങനെ സ്വാധീനിച്ചു എന്ന് നോക്കാം.

സുഗതകുമാരി

പെൺകവിതയെക്കുറിച്ച് പഠിക്കുമ്പോൾ, പ്രത്യേകിച്ചും മലയാള പെൺകവിതയെക്കുറിച്ച് പഠിക്കുമ്പോൾ ദേശവും ഭാഷയും തമ്മിലുള്ള ബന്ധം വലിയതരത്തിൽ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നുണ്ട്. സാഹിത്യത്തെ സ്വാധീനിക്കുന്നത് ദേശചരിത്രമോ ഭാഷാചരിത്രമോ എന്ന പ്രാഥമികചോദ്യം പലപ്പോഴും ഒഴിവാക്കപ്പെടുന്നു. അല്ലെങ്കിൽ ഭാഷാസംസ്ഥാന രൂപീകരണങ്ങൾക്ക് ശേഷം ഭാഷാചരിത്രത്തെ ഉപജീവിച്ച് മാത്രം നിൽക്കുന്ന ഒന്നാണ് സാഹിത്യചരിത്രം എന്ന് വിലയിരുത്തപ്പെടുന്നു. അതിനാൽ കേരളത്തിലെ പെൺകവിതയുടെ ചരിത്രം എന്നത് മൂന്നോ നാലോ തലമുറയുടെ കാര്യം മാത്രം ആയി ഒതുങ്ങുന്നു. അമ്പാടി ഇക്കാവമ്മയിലോ കടത്തനാട്ട് മാധവി അമ്മയിലോ സിസ്റ്റർ മേരി ബനീഞ്ജയിലോ തുടങ്ങി ബാലാമണിയമ്മയിലും സുഗതകുമാരിയിലും പക്വത പ്രാപിച്ച ഒന്നായി അത് മാറുന്നു. പൊതുകവിതാ ചരിത്രമാകട്ടെ തുഞ്ചത്ത് എഴുത്തച്ഛനിൽ നിന്ന് തുടങ്ങുന്ന ഒന്നായിത്തീരുന്നു. അതേസമയം ദേശത്തിന്റെ പൊതുചരിത്രം, ഒരുപക്ഷേ, ഇന്നത്തെ മൂന്നോ നാലോ ഭാഷകൾ പങ്കിടുന്നത് ഏതെങ്കിലും ഒരു ഭാഷയ്ക്ക് തീറെഴുതി കൊടുക്കുകയും ചെയ്യുന്നു.

കേരളകവിത എന്നത് അവ്വൈയാറിനെയും ഇളങ്കോ അടികളെയും മീനാ അലക്‌സാണ്ടറെയും പോലുള്ളവരെ മാത്രമല്ല എസ്. ചന്ദ്രമോഹനെയും ആദിത്യശങ്കറിനെയും പോലെ ഇംഗ്ലീഷിൽ എഴുതുന്ന മലയാളികളെയും ഉൾക്കൊള്ളിക്കാൻ പറ്റുന്ന ഒന്നാണ്

ഉദാഹരണമായി സംഘകാലം എന്ന് പൊതുവേ വിവക്ഷിക്കപ്പെടുന്നത് ക്രിസ്തുവിനുമുമ്പ് മൂന്നാം നൂറ്റാണ്ട് മുതൽ ക്രിസ്തുവിനുശേഷം മൂന്നാം നൂറ്റാണ്ട് വരെയുള്ള കാലം ആണ്. കാലഗണനയെക്കുറിച്ചുള്ള തർക്കങ്ങൾ ധാരാളം നിലനിൽക്കുന്നുണ്ടെന്നത് മറ്റൊരു കാര്യം. എന്നാൽ നമ്മുടെ സന്ദർഭത്തെ സംബന്ധിച്ചിടത്തോളം അത്തരം തർക്കങ്ങൾ ഉന്നയിക്കുന്ന സൂക്ഷ്മതകൾ വലുതായി ബാധിക്കാത്തതിനാൽ അത്തരം നിജസ്ഥിതിയന്വേഷണങ്ങളിലേയ്ക്ക് ഇതിനെ വ്യാപിപ്പിക്കുന്നില്ല. എന്തായാലും അക്കാലത്തെ സാഹിത്യം, സംഘം കവിതകൾ എന്ന പേരിൽ പ്രസിദ്ധമായ ഒന്ന് ഉണ്ടായത് ഏത് ദേശത്ത് നിന്നാണ് എന്ന് പരിശോധിക്കണം. തോൽക്കാപ്പിയവും മറ്റ് പ്രാചീനകൃതികളും ചൂണ്ടിക്കാണിക്കുന്നത് സംഘകാലകവിതകൾ ഉടലെടുത്ത ദേശം ഇന്നത്തെ തമിഴ്‌നാടും കേരളവും പോണ്ടിച്ചേരിയും ലക്ഷദ്വീപും ആന്ധ്രയുടെ തെക്കൻ പ്രദേശങ്ങളും ശ്രീലങ്കയും മാലദ്വീപിന്റെ ചില ഭാഗങ്ങളും ഉൾക്കൊണ്ടതാണ് എന്നാണ്. അതായത് ഇന്ന് തമിഴ് കവിതയുടെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രാചീന ഈടുവെയ്പായി കരുതുന്ന സംഘം കവിതകൾ യഥാർഥത്തിൽ കേരളത്തിന്റെയും പോണ്ടിച്ചേരിയുടെയും ലക്ഷദ്വീപിന്റെയും തെക്കനാന്ധ്രയുടെയുമൊക്കെ പൊതു ആസ്തിയാണ്. ഭാഷാ സംസ്ഥാനങ്ങളുടെ ഫലമായുണ്ടായ സാംസ്‌കാരികാസ്തികളുടെ വിഭജനത്തിൽ അവ തമിഴ്‌നാട് എന്ന ദേശത്തിന്റെയും തമിഴ് എന്ന ഭാഷയുടെയും മാത്രമായി. ഇതിന്റെ ഫലമായി 2381 കവിതകളും 473 കവികളും ഉൾപ്പെടുന്ന വലിയ ഒരു സാംസ്‌കാരികസമ്പത്ത് ഒരു വലിയ ഭൂമിശാസ്ത്രത്തിൽ നിന്നും പിൻവലിഞ്ഞ് 1956-ൽ മാത്രമുണ്ടായ മദ്രാസ് സംസ്ഥാനത്തിന്റെയും പിന്നീട് 1969-ൽ പുനർനാമകരണം ചെയ്ത തമിഴ്‌നാട് സംസ്ഥാനത്തിന്റെയും മാത്രമായി.

യഥാർഥത്തിൽ കേരളത്തിനുകൂടി അവകാശപ്പെട്ടതാണ് ആ പാരമ്പര്യം എന്ന നിലയിൽ മനസ്സിലാക്കിയാൽ നമ്മുടെ സാഹിത്യചരിത്രം എങ്ങനെ മാറിപ്പോകും എന്ന് പരിശോധിക്കുക കൗതുകകരമാണ്. 473 കവികളിൽ ഏറ്റവും ചുരുങ്ങിയത് 27 കവികൾ എങ്കിലും സ്ത്രീകളാണ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ചില ഗവേഷകർ 154 ആയി ആ എണ്ണം ഉയർത്തുന്നുണ്ട്. അവ്വൈയാർ, പൊൻമുടിയാർ, വെള്ളിവിട്ടിയർ, വെള്ളിവീഥിയർ എന്നിങ്ങനെ ആ സ്ത്രീകവികളുടെ പട്ടിക നീങ്ങുന്നു. അതിനുശേഷമുള്ള ഭക്തിപ്രസ്ഥാനത്തിന്റെ കഥ കൂടി നോക്കിയാൽ ആണ്ടാൾ പോലുള്ള കവികൾ കൂടി കേരളത്തിന്റെ പൊതുചരിത്രത്തിൽ വരുന്നു. ഇത് കേരളത്തിന്റെ പെൺകവി ചരിത്രത്തിന്റെ ശോഷണാവസ്ഥയെക്കുറിച്ചുള്ള പൊതുബോധത്തെ അസ്വസ്ഥപ്പെടുത്തുന്നു എന്നത് മാത്രമല്ല പ്രശ്‌നം. സാഹിത്യചരിത്രത്തിൽ നാം ഉപയോഗിക്കുന്ന പാശ്ചാത്യ ഉപാധികളെ ഒരുതരത്തിൽ പ്രശ്‌നവത്കരിക്കുകയും ചെയ്യും.

ഗബ്രിയേൽ ഗാർഷ്യാ മാർകേസ് / Photo: Wikimedia Commons

ഉദാഹരണത്തിന്, ലോകത്തെ പെൺകവിതകളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ പശ്ചാത്യരെ അപേക്ഷിച്ച് വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഇന്ത്യ. ലോകത്തിലെ തന്നെ ആദ്യ പെൺകവിത എന്നത് ബുദ്ധഭിക്ഷുണികൾ രചിച്ച ഥേരിഗാഥയാണെന്ന് പറയപ്പെടുന്നു. ഒരുപക്ഷെ ഇന്ത്യയിൽ വിവിധ കാലങ്ങളിൽ ഉണ്ടായിട്ടുള്ള എല്ലാ പ്രതിസംസ്‌കാര കവിതാ പ്രസ്ഥാനങ്ങളിലും സ്ത്രീപ്രാതിനിധ്യം ഗണ്യമായ തോതിൽ ഉണ്ടായിരുന്നു. ഥേരിഗാഥാ പ്രസ്ഥാനത്തിനുശേഷം വന്ന തെക്കനിന്ത്യയിലെ സംഘം കവിതാ പ്രസ്ഥാനമായാലും കർണാടകത്തിലെ വചനകവിതാ പ്രസ്ഥാനമായാലും ഇന്ത്യയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത കാലയളവുകളിൽ ഉടലെടുത്ത ഭക്തികവിതാ പ്രസ്ഥാനങ്ങളായാലും സ്ത്രീയുടെ വെറും പ്രാതിനിധ്യം കൊണ്ട് മാത്രമല്ല ശ്രദ്ധേയമായത്. അവയിൽ പല പ്രസ്ഥാനങ്ങളുടെയും മുഖ്യശബ്ദം സ്ത്രീകൾ ആയിരുന്നു എന്നതാണ് വാസ്തവം. എന്നാൽ ഭാഷാസംസ്ഥാന രൂപീകരണത്തിനുശേഷം ഈ പൊതു സാംസ്‌കാരിക ചരിത്രം ദേശചരിത്രം എന്നതിനേക്കാൾ ഭാഷാചരിത്രം മാത്രമായി കണക്കാക്കപ്പെട്ടു.

ഗബ്രിയേൽ ഗാർഷ്യാ മാർകേസ് നമുക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള വായനക്കാർക്ക് മുഴുവൻ കൊളംബിയൻ / ലാറ്റിനമേരിക്കൻ എഴുത്തുകാരനാണ്. ഷോർഷേ അമാദോ അതുപോലെത്തന്നെ ലോകർക്കെല്ലാം ബ്രസീലിയൻ / ലാറ്റിനമേരിക്കൻ എഴുത്തുകാരനാണ്.

പൊതുകവിതാ ചരിത്രത്തിലും ഈ പ്രശ്‌നത്തെ നാം അഭിമുഖീകരിക്കുന്നുണ്ട്. വ്യക്തിപരമായി ഉദാഹരിക്കുകയാണെങ്കിൽ ഞാൻ പിറന്ന വീട്ടിൽ നിന്നും രണ്ടോ മൂന്നോ കിലോമീറ്ററുകൾക്കപ്പുറം മാത്രമാണ് ഇളങ്കോ അടികൾ വസിച്ചിരുന്നത്. ചിലപ്പതികാരം എഴുതിയതും ഈ തൃക്കണാമതിലകത്ത് താമസിച്ചുതന്നെ എന്ന് ചരിത്രകാരർ പറയുന്നു. എന്നാൽ എപ്പോഴെങ്കിലും ഞാൻ ഉൾപ്പെടെയുള്ള കവികൾ എന്തെങ്കിലും സവിശേഷ ആവശ്യങ്ങൾക്കല്ലാതെ പൊതു പാരമ്പര്യത്തിന്റെ ഭാഗമായി ചിലപ്പതികാരത്തെയോ ഇളങ്കോ അടികളെയോ പരാമർശിക്കാറില്ല. എന്നാൽ ദൂരെ ദൂരെ ഇളങ്കോ അടികൾ ജീവിതം ചെലവഴിച്ച നാട്ടിൽ നിന്നും വളരെയകലെ മദ്രാസിലോ മധുരയിലോ ചിലപ്പതികാരത്തെക്കുറിച്ചുള്ള സെമിനാറുകളും സിംപോസിയങ്ങളും സാധാരണ കാര്യം മാത്രം. അതായത് ഇളങ്കോ അടികളും ചിലപ്പതികാരവും ഭാഷാപ്പിരിവുകൾക്കും ദേശപ്പിരിവുകൾക്കും ശേഷം സ്മരണയുടെ രൂപത്തിൽ തുടരുന്നത് ജന്മദേശം എന്ന് സൂക്ഷ്മമായി രേഖപ്പെടുത്താവുന്ന ഒരിടത്തേയല്ല.

ലോകത്തെല്ലായിടത്തും ഈ അവസ്ഥ തുടരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും അത്യാവശ്യമാണ്. ലോകമെമ്പാടും വായിക്കപ്പെട്ട കാഫ്കയുടെ കാര്യം ഉദാഹരണമായെടുക്കാം. ചെക്ക് സാഹിത്യകാരൻ എന്ന നിലയിലാണ് കാഫ്കയുടെ പ്രസക്തി. കാഫ്കയുടെ സ്മരണകൾ സന്ദർശിക്കാൻ നാം പോകേണ്ടയിടവും ചെക്ക് റിപ്പബ്ലിക്കാണ്. എന്നാൽ കാഫ്ക എഴുതിയതോ ജർമൻ ഭാഷയിലും. മറ്റൊരു പ്രവിശ്യയിൽ നിന്നുള്ള ഉദാഹരണങ്ങൾ കൂടി നമുക്ക് പരിശോധിക്കാം. ഗബ്രിയേൽ ഗാർഷ്യാ മാർകേസ് നമുക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള വായനക്കാർക്ക് മുഴുവൻ കൊളംബിയൻ / ലാറ്റിനമേരിക്കൻ എഴുത്തുകാരനാണ്. ഷോർഷേ അമാദോ അതുപോലെത്തന്നെ ലോകർക്കെല്ലാം ബ്രസീലിയൻ / ലാറ്റിനമേരിക്കൻ എഴുത്തുകാരനാണ്. അതായത് സ്പാനിഷ് ഭാഷയിൽ എഴുതിയ മാർക്കേസും പോർച്ചുഗീസ് ഭാഷയിലെഴുതിയ അമാദോയും ലാറ്റിനമേരിക്കൻ എഴുത്തുകാർ ആണ്. യഥാക്രമം സ്പാനിഷ് എഴുത്തുകാരനോ പോർച്ചുഗീസ് എഴുത്തുകാരനോ അല്ല. ഇക്കാര്യത്തിൽ നമുക്കൊരു തർക്കവും ഇല്ല. എന്നാൽ ഇളങ്കോ അടികളും അവ്വൈയാറും കേരളകവികൾ ആണോ എന്ന കാര്യത്തിൽ വലിയ തർക്കം നമുക്ക് ഉണ്ടുതാനും. അതായത് എഴുത്തിന്റെ ആഭ്യന്തര ചരിത്രത്തിലും എഴുത്തിന്റെ ദേശീയത നിർണയിക്കാൻ രണ്ടുതരം താപ്പുകൾ ആണ് നാം ഉപയോഗിക്കുന്നത് എന്നർഥം.

ഭാഷാ സംസ്ഥാനങ്ങൾക്ക് കാരണഭൂതനായ പോട്ടി ശ്രീരാമലുവിന്റെ നാടിനെ രണ്ടായ് പിളർന്നതോടെ ഭാഷാ സംസ്ഥാനം എന്ന അടിസ്ഥാന പരികല്പനയുടെ തകർച്ച ഒരു ഘട്ടം പിന്നിട്ടു എന്ന് മനസ്സിലാക്കാം. / Photo: Wikimedia Commons

അതിന്റെ കാരണം ഭാഷാസംസ്ഥാനങ്ങളുടെ രൂപീകരണമാണ് എന്ന് നമുക്ക് വാദിക്കാം. പക്ഷെ, 2000 നവംബർ മാസത്തിൽ ഇന്ത്യയിൽ പുതിയ മൂന്ന് സംസ്ഥാനങ്ങൾ നിലവിൽവന്നു. ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ് എന്നിവ ഉണ്ടായത് നിലവിലെ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളെ വിഭജിച്ചാണ്. അതായത് ഒരേ ഭാഷ സംസാരിക്കുന്ന പ്രവിശ്യകളുടെ വിഭജനമാണ് അക്കാലത്ത് നടന്നത്. അതോടെ ഭാഷാസംസ്ഥാനം എന്ന അടിസ്ഥാന പരികല്പന റദ്ദ് ചെയ്യപ്പെടുന്നതായി നാം കാണുന്നു. ഈ പ്രക്രിയയുടെ ഒരു പൂർത്തിയാകൽ നടക്കുന്നത് 2014-ൽ ആണ്. പോട്ടി ശ്രീരാമലു നിരാഹാരമിരുന്ന് യോജിപ്പിച്ച മദ്രാസ് സ്‌റ്റേറ്റിൽ ഉൾപ്പെട്ടിരുന്ന തീരദേശ ആന്ധ്രയും റായലസീമയും തെലങ്കാനാ പ്രവിശ്യയും വീണ്ടും രണ്ടായി. തെലങ്കാനയും ആന്ധ്രയും രണ്ട് സംസ്ഥാനങ്ങൾ ആയി. ഭാഷാ സംസ്ഥാനങ്ങൾക്ക് കാരണഭൂതനായ പോട്ടി ശ്രീരാമലുവിന്റെ നാടിനെ രണ്ടായ് പിളർന്നതോടെ ഭാഷാ സംസ്ഥാനം എന്ന അടിസ്ഥാന പരികല്പനയുടെ തകർച്ച ഒരു ഘട്ടം പിന്നിട്ടു എന്ന് മനസ്സിലാക്കാം.

അങ്ങനെ വീണ്ടും ഭൂപടങ്ങൾ മാറുമ്പോൾ ഒരു ഫെഡറൽ സംവിധാനത്തിനുള്ളിലെ സാഹിത്യ ചരിത്രം നാമെങ്ങനെയാണ് മാറ്റി എഴുതേണ്ടത്? മലയാളം എന്ന ഭാഷാ പരികല്പനയ്ക്കുള്ളിൽ നിന്ന് കേരളത്തിന്റെ സാഹിത്യചരിത്രം രേഖപ്പെടുത്താനാകുമോ? കേരളത്തിൽ വസിച്ച് സാഹിത്യരചന നടത്തിയ ഇളങ്കോ അടികൾ കേരള സാഹിത്യകാരനാകുമോ? മലയാളിയായി തുടർന്ന് കേരളത്തിൽ വസിച്ച് ഇംഗ്ലീഷിൽ സാഹിത്യരചന നടത്തുന്നവരെ നാം എന്താണ് വിളിക്കുക? പ്രത്യേകിച്ചും കേരളത്തിലെ ഭരണകൂടനയങ്ങൾ മിക്കവാറും എല്ലാ പഞ്ചായത്തിലും ഇംഗ്ലീഷ് പഠന മാധ്യമമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടോ മൂന്നോ പതിറ്റാണ്ടുകളായി സാധാരണ കാര്യമാകുകയും അവിടെ പഠിച്ച നിരവധി തലമുറകളുടെ പ്രതിനിധികൾ ഇംഗ്ലീഷിൽ സാഹിത്യമെഴുതിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ?

മീനയുടെ നിരവധി കവിതകളിൽ പ്രത്യക്ഷമാകുന്ന ബോംബെ തുറമുഖം ഇന്ത്യൻ ദേശരാഷ്ട്രത്തിനുള്ളിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം എന്ന നിലയ്ക്കല്ല പ്രത്യക്ഷപ്പെടുന്നത്. മറിച്ച് മലയാളി ചരിത്രത്തിലെ ഒരു ഘട്ടത്തിൽ സജീവമായി പ്രവർത്തിച്ച ഒരു തുറമുഖാനുഭവം എന്ന നിലയ്ക്കാണ്

ഉദാഹരണമായി മീന അലക്‌സാണ്ടർ എന്ന കവിയെ നമുക്ക് എടുക്കാം. 2018-ൽ അവർ നമ്മെ വിട്ടുപിരിഞ്ഞു. അമേരിക്കൻ കവി എന്നാണ് മീന അറിയപ്പെടുന്നത്. 1951-ൽ മലയാളികളായ എന്നാൽ കേരളത്തിന് പുറത്ത് അലഹാബാദിൽ ജോലി ചെയ്തിരുന്ന ജോർജിന്റെയും മേരി കുരുവിള അലക്‌സാണ്ടറുടെയും മകളായിട്ടാണ് മീന അലക്‌സാണ്ടർ എന്ന് പിൽക്കാലത്ത് പേര് സ്വീകരിച്ച മേരി എലിസബത്ത് അലക്‌സാണ്ടർ അലഹാബാദിൽ ജനിച്ചത്. 1950 കളിൽ കേരളത്തിന് പുറത്ത് എന്നാൽ ഇന്ത്യയ്ക്കകത്തുള്ള പ്രവാസം കേരളീയർക്ക് പരിചിതമായിരുന്നു. അതിനാൽ മീനയെപ്പോലെ കേരളത്തിനുപുറത്ത് പഠനവും തൊഴിലും ജീവിതവും കരുപ്പിടിപ്പിച്ച നിരവധി മലയാളികളെ നമുക്കറിയാം. അഞ്ച് വയസ്സാകുന്നതുവരെ മീനയുടെ വിദ്യാഭ്യാസം കേരളത്തിലും അലഹാബാദിലുമായാണ് നടന്നത്. എന്നാൽ അക്കാലത്ത് സ്വതന്ത്രമായ സുഡാനിലേയ്ക്ക് പിതാവ് ജീവിതാഭിവൃദ്ധി കൊതിച്ച് കപ്പൽ കയറിയപ്പോൾ കുടുംബവും അനുഗമിച്ചു. സുഡാനിലെ ഖാർത്തൂമിൽ വിദ്യാഭ്യാസം തുടരുന്നതിനിടയിൽ തിരുവല്ലയിലേയ്ക്ക് ഒഴിവുകാലങ്ങളിൽ മീന വരുമായിരുന്നു. ഗാന്ധിയെ വലുതായി ഇഷ്ടപ്പെട്ടിരുന്ന അമ്മയുടെ അച്ഛൻ തന്നെ പുസ്തകങ്ങളും ആശയങ്ങളുമായി അടുപ്പിച്ചതിനെക്കുറിച്ച് മീന സ്മരിക്കുന്നുണ്ട്.

മീന അലക്‌സാണ്ടർ / Photo: Wikimedia Commons

ഉപരിപഠനം മീന നടത്തിയത് അമേരിക്കയിലാണ്. അധ്യാപനജോലിയിൽ തുടർന്നതും അവിടെത്തന്നെ. മലയാളം നല്ലവണ്ണം സംസാരിച്ചിരുന്ന മീനയ്ക്ക് അത് എഴുതാൻ വശമില്ലായിരുന്നു എന്ന് പറയുന്നു. മീനയുടെ കവിതയെപ്പറ്റി നിരൂപണം നടത്തിയിട്ടുള്ള ഇന്ത്യൻ എഴുത്തുകാർ അവരുടെ കവിതകളിൽ മലയാളകവിതയുടെയും ഹിന്ദി കവിതയുടെയും സ്വാധീനം എടുത്തുകാണിക്കുന്നുണ്ട്. നമുക്ക് ചില കവിതകൾ പരിശോധിച്ചുനോക്കാം.

കൃഷ്ണ, 3.29 AM എന്ന കവിതയിൽ കൃഷ്ണന്റെ ഐതിഹ്യജീവിതവും തന്റെ ഐഹികജീവിതവും തമ്മിലുള്ള ഒരു സംയുക്ത ഗണം മീന കാണിച്ചുതരുന്നുണ്ട്. ഒരാൾ അവതാരങ്ങളിൽ നിന്ന് അവതാരങ്ങളിലേയ്ക്ക് നീങ്ങി ഓർമയുടെ ചുവടുപേറിയവൻ. മറ്റെയാൾ ദേശീയതകളിൽ നിന്ന് ദേശീയതകളിലേയ്ക്ക് ലോക ചരിത്ര സാഹചര്യങ്ങൾ ഒഴുക്കിക്കൊണ്ടുപോയവൾ. രണ്ടുപേർക്കും ഓർമകൾ വർത്തമാനത്തേക്കാൾ പ്രധാനപ്പെട്ടതാണ്.

You've lost one language, gained another, lost a third.There's nothing you'll inherit, neither per stirpes nor per capitaNo plot by the riverbank in your father's village of KozhencherryOr by the burning ghat in Varanasi.All you have is a writing hand smeared with ink and little bits of paperSwirling in a violent wind.

കവിതയുടെ ഒരേ ഒരു ഉറവിടം ഓർമയാണെന്ന് മീന ഉറപ്പിച്ചുപറയുന്നത് ഈ കവിതയിൽ മാത്രമല്ല. നിരവധി ഉദാഹരണങ്ങൾ നമുക്ക് മീനയുടെ കവിതയിൽ നിന്നും കിട്ടും. തന്റെ ദേശാന്തരീയ സ്വത്വത്തെ where do you come from? എന്ന കവിതയിൽ മീന വിവരിക്കുന്നത് നോക്കുക

ഞാൻ പാതാളദേശത്ത് നിന്ന്​ വരുന്നു എന്ന് തുടങ്ങുന്ന കവിതയിൽ ഇന്ത്യയിൽ നിന്നുള്ള തന്റെ യാത്രയെ ഗാന്ധിയുടെ ഓർമക്കുറിപ്പുമായി അവർ ബന്ധിപ്പിക്കുന്നു

The waves were dark in Bombay harbor,Gandhi wrote in his AutobiographyWriting too is an experiment with truth.​No one knows my name in Arabic means port.

മീന എന്ന വാക്ക് അറബിയിൽ തുറമുഖത്തെകുറിക്കുന്ന പദം ആണ് എന്നത് തനിക്ക് മാത്രമേ അറിയൂ എന്നവർ പറയുന്നു. തുറമുഖത്തിന്റെ ക്രിയാഥം പോക്കുവരവുകൾ ആണ്. ഒരു യാത്ര എല്ലാ തുറമുഖങ്ങളിലും കല്ലിച്ചുകിടപ്പുണ്ട്. തന്റെ സഞ്ചലിതാവസ്ഥയെ ഖരാവസ്ഥയിലേയ്ക്ക് വാക്കുകൾ ഉപയോഗിച്ച് രാസമാറ്റം ചെയ്യുന്ന പരീക്ഷണങ്ങൾ ആണ് മീനയുടെ കവിതകളുടെ ഒരു പ്രധാനപ്പെട്ട ഭാഗം എന്ന് ഇതൊക്കെ വഴി നമുക്ക് മനസ്സിലാക്കാം. മാത്രമല്ല തുറമുഖത്തിന്റെ സമയപ്രതലം എന്നത് ഒരു ദേശീയതയിൽ നിന്ന് മറ്റൊരു ദേശീയതയിലേയ്ക്കുള്ള സംക്രമണഘട്ടം കൂടിയാണ്.They made a port under my collar bone with a plastic tube that runs into a blood vessel.
ആ കവിതയിൽ മീന തന്റെ ശരീരത്തിന്റെ തുറമുഖ സ്വഭാവത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ഒരു പക്ഷെ പ്രവാസി മലയാളിയുടെ ചരിത്രത്തെ കവിതയിലെ ഈ വരി സ്വാംശീകരിക്കുന്നുണ്ട്.

മീനയുടെ നിരവധി കവിതകളിൽ പ്രത്യക്ഷമാകുന്ന ബോംബെ തുറമുഖം ഇന്ത്യൻ ദേശരാഷ്ട്രത്തിനുള്ളിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം എന്ന നിലയ്ക്കല്ല പ്രത്യക്ഷപ്പെടുന്നത്. മറിച്ച് മലയാളി ചരിത്രത്തിലെ ഒരു ഘട്ടത്തിൽ സജീവമായി പ്രവർത്തിച്ച ഒരു തുറമുഖാനുഭവം എന്ന നിലയ്ക്കാണ്. തുറമുഖം എന്നത് ഭൂമിശാസ്ത്രപരമായ, സ്ഥലപരമായ ഒരു ഏകകം അല്ല. മറിച്ച് അത് ഒരു പ്രത്യേക പ്രതലത്തിൽ നിന്ന് മറ്റൊരു പ്രതലത്തിലേയ്ക്ക് നമ്മെ കയറ്റിവെയ്ക്കുന്ന ഒരിടം ആണ്. നാം മാത്രമേ രണ്ടു പ്രതലത്തിലും പൊതുവായി ഉള്ളൂ. നമ്മെ നിർണയിക്കുന്ന സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ അക്ഷാംശ രേഖാംശങ്ങളും വെവ്വേറെയാകുന്നു. ഈ വിചിത്രാനുഭവത്തെ രേഖപ്പെടുത്താൻ പറ്റുന്ന ഒരേ ഒരു ഇടം കവിത മാത്രമാണ്. ചിലപ്പോഴെങ്കിലും. അവിടെ മാറിയ അളവുകോലുകളിൽ ഭാഷയും പെടും. പ്രവാസി പ്രവാസസ്ഥലത്തെ ഭാഷയെ കൈകാര്യം ചെയ്യുന്നത് അവിടത്തെ നിവാസികൾ ചെയ്യുംപോലെയല്ല. തത്കാലത്തേയ്ക്ക് അപ്രത്യക്ഷമായ തന്റെ ഭാഷയുടെ അക്ഷാംശരേഖാംശങ്ങളിലേയ്ക്ക് എത്തിച്ചേർന്നിടത്തെ ഭാഷയെ മാറ്റിയെടുക്കുകയാണ്. മീനയുടെ ഒരു കവിതയുടെ പേര് തറവാട് എന്നാണ്. മറ്റൊരു കവിതയുടെ പേര് ഉദിസ്ഥാനം എന്നും. മീന ചെന്നടിഞ്ഞ അമേരിക്കൻ നഗരങ്ങളിലെ പൗരരുടെ ഇംഗ്ലീഷ് കൊണ്ട് ഈ തലക്കെട്ടുകൾ ഉണ്ടാക്കാൻ പറ്റില്ല. മറിച്ച് തന്റെ ഭാഷയുടെ, മലയാളത്തിന്റെ, അക്ഷാംശരേഖാംശങ്ങളിലേയ്ക്ക് വരുന്ന ഒരിംഗ്ലീഷിന് മാത്രമേ ആ തലക്കെട്ടുകളെ ഉൾക്കൊള്ളാനുള്ള ശക്തി കിട്ടൂ.

മീനയുടെ നിരവധി കവിതകളിൽ പ്രത്യക്ഷമാകുന്ന ബോംബെ തുറമുഖം ഇന്ത്യൻ ദേശരാഷ്ട്രത്തിനുള്ളിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം എന്ന നിലയ്ക്കല്ല പ്രത്യക്ഷപ്പെടുന്നത്. മറിച്ച് മലയാളി ചരിത്രത്തിലെ ഒരു ഘട്ടത്തിൽ സജീവമായി പ്രവർത്തിച്ച ഒരു തുറമുഖാനുഭവം എന്ന നിലയ്ക്കാണ്. / Photo: Wikimedia Commons

നമുക്ക് ഈ ലേഖനത്തിന്റെ തലക്കെട്ടിലേയ്ക്ക് തിരിച്ചുവരാം.
മീന അലക്‌സാണ്ടർ മലയാള കവി ആണോ? പൗരത്വത്തെ സംബന്ധിച്ച സങ്കീർണമായ രാഷ്ട്രവ്യവഹാരങ്ങൾ ഉദ്ധരിച്ചല്ല ഈ പ്രശ്‌നത്തിന് പരിഹാരം തേടേണ്ടത്. ഒരുപക്ഷേ ഈ ചോദ്യം കമലാദാസ് മലയാള കവിയാണോ എന്ന മട്ടിൽ നീട്ടിയെടുക്കാനും കഴിയും. കേരള പരിസരങ്ങളുടെ കാഴ്ച മാത്രമല്ല, വിമർശനവും കാഴ്ചവെയ്ക്കുന്ന കവിതകൾ ധാരാളം ഈ രണ്ടുപേരുടെയും പക്കലുണ്ട്. എന്നാൽ മലയാള ലിപികളിൽ അല്ല അവ എഴുതപ്പെട്ടത് എന്നതുകൊണ്ട് ഭാഷാ സംസ്ഥാനം എന്ന സങ്കല്പത്തിന് കാര്യമായ പരിക്കുപറ്റി തുടങ്ങിയ ഇക്കാലത്ത് അവ വിദേശകവിതകൾ ആകുമോ? നമ്മുടെ ചരിത്രത്തിന്റെ പ്രത്യേക ദശയിൽ മലയാളഭാഷയേക്കാൾ എത്രയോ ശ്രദ്ധ ഒരു സമൂഹമെന്ന നിലയിൽ നാം ഇംഗ്ലീഷിന് കൊടുത്തിരിക്കുന്നു.

മീന അലക്‌സാണ്ടറെ മലയാള കവിയാക്കുന്നതിൽ നിന്നും ഇനിയും നേരിടുന്ന തടസം എന്ത് എന്ന ചോദ്യം വീണ്ടും ബാക്കിയാകുന്നുണ്ട്. ഇവിടെയാണ് കവിതയുടെ അടിത്തട്ടുഭാഷ എന്ന പരികല്പനയുടെ പ്രസക്തി.

അക്കാര്യം വിശദീകരിക്കാൻ ഒറ്റ ഉദാഹരണം കൂടി ചൂണ്ടിക്കാണിക്കട്ടെ. floccinaucinihilipilification എന്ന പദം ഒരു സന്ദർഭത്തിൽ ശശി തരൂർ പ്രയോഗിച്ചപ്പോൾ ചില ട്രോളുകളൊക്കെ വന്നെങ്കിലും അന്തംവിട്ട ആരാധനയാണ് അദ്ദേഹത്തിന്റെ നേർക്ക് മലയാളി മധ്യവർഗത്തിന് ഉണ്ടായത്. ഇംഗ്ലീഷ് ഭാഷയുടെ സാധാരണവിനിമയത്തിൽ വരാത്ത ഒരു പദമായിരുന്നു അത്. ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് വെറും പൊങ്ങച്ചം എന്ന നിലയിൽ അല്ലാതെ തന്നെ ഇംഗ്ലീഷ് മലയാളത്തിലെ അക്ഷാംശ രേഖാംശങ്ങളെ കൈയടക്കാൻ തുടങ്ങി എന്നും അത് പ്രവാസ രാജ്യത്തല്ല സംഭവിക്കുന്നതെന്നും സ്വദേശത്താണെന്നും മനസ്സിലാക്കാൻ നാം നിർബന്ധിതമാകുന്ന സാഹചര്യം നിലവിൽവന്നു എന്നാണ്. പഴയ സാമ്രാജ്യത്വ സിദ്ധാന്തം വെച്ച് ഇതിനെ നേരിടാനാകില്ല. തീർച്ചയായും ആഗോള മൂലധനത്തിന്റെ ഭാഷ നമ്മുടെ നാട്ടിൽ ഇംഗ്ലീഷ് ആണ് എന്നത് മാറ്റിവെയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും. ഈ കൗതുകത്തിന് തീർച്ചയായും ഒരു സർഗാത്മക സ്വഭാവം കൈവരിക്കാനാകും എന്നത് തീർച്ചയാണല്ലോ.

ശശി തരൂർ / Photo: Flickr

മീന അലക്‌സാണ്ടറെ മലയാള കവിയാക്കുന്നതിൽ നിന്നും ഇനിയും നേരിടുന്ന തടസം എന്ത് എന്ന ചോദ്യം വീണ്ടും ബാക്കിയാകുന്നുണ്ട്. ഇവിടെയാണ് കവിതയുടെ അടിത്തട്ടുഭാഷ (deep language) എന്ന പരികല്പനയുടെ പ്രസക്തി. ഇന്നത്തെ സാമൂഹിക പരിസ്ഥിതിയിൽ ഭാഷയും ദേശവും തമ്മിലുള്ള ബന്ധം നേർ അനുപാതത്തിൽ അല്ല സ്ഥിതിചെയ്യുന്നത്. മലയാളി എന്നുപറയുമ്പോൾ പ്രവാസിയാണോ നിവാസിയാണോ എന്ന് വർഗീകരിക്കേണ്ടത് അത്യാവശ്യമായി വരുന്ന തരത്തിൽ പ്രവാസത്തിന്റെ ദശാബ്ദങ്ങൾ നമ്മുടെ അനുഭവസ്ഥലിയിൽ ലയിച്ചുചേർന്നിരിക്കുന്നു. നിവാസിയുടെ കവിതയിൽ മേൽത്തട്ടുഭാഷയും അടിത്തട്ടുഭാഷയും ഒന്നുതന്നെ. എന്നാൽ പ്രവാസി മലയാളിയുടെ കവിതയിൽ അത് രണ്ടായി നിലനിന്നേക്കാം. മീനയുടെ കവിതകളിൽ മേൽത്തട്ടുഭാഷ മാത്രമാണ് ഇംഗ്ലീഷ്. അടിത്തട്ടുഭാഷ കേരളം എന്ന ദേശത്തിന്റെ സവിശേഷമായ പ്രവാസി അനുഭവം ആണ്. അതിനാൽ മലയാള കവിത എന്ന സംജ്ഞയെ സാംസ്‌കാരികമായി വ്യാപിപ്പിച്ചാൽ മീനയെ മലയാളകവിയായി പഠിക്കാൻ കഴിയും.

സംസ്‌കാരത്തിലെ ഈ സങ്കീർണതകളെ നേരിടാനുള്ള ഒരു പോംവഴി കേരള കവിത, മലയാള കവിത എന്നീ രണ്ടുതരം സങ്കല്പനങ്ങളെ കവിതാപഗ്രഥനത്തിന് ഉപയോഗിക്കുന്നതാണ് എന്നതും ചിന്തിക്കാവുന്നതാണ്. മലയാളകവിത എന്നാൽ മേൽത്തട്ടുഭാഷയും അടിത്തട്ടുഭാഷയും മലയാളമായി തന്നെ നിലനിൽക്കുന്നത്. അതേസമയം, കേരളകവിത എന്നത് അവ്വൈയാറിനെയും ഇളങ്കോ അടികളെയും മീനാ അലക്‌സാണ്ടറെയും പോലുള്ളവരെ മാത്രമല്ല എസ്. ചന്ദ്രമോഹനെയും ആദിത്യശങ്കറിനെയും പോലെ ഇംഗ്ലീഷിൽ എഴുതുന്ന മലയാളികളെയും ഉൾക്കൊള്ളിക്കാൻ പറ്റുന്ന ഒന്നാണ്. അവരുടെ മേൽത്തട്ടുഭാഷ മലയാളം അല്ല. അതേസമയം ദേശാനുഭവത്തിന്റെ അടിത്തട്ടുഭാഷ മലയാളം തന്നെ. ഇപ്പോൾ ഉരുവം കൊണ്ടിട്ടുള്ള ഗോത്രകവിതകളിലും മേൽത്തട്ടുഭാഷ മലയാളമല്ല, മലയാളം ലിപികളിലാണ് അവ എഴുതുന്നതെങ്കിലും. അതേസമയം, കേരളം എന്ന ദേശാനുഭവത്തിന്റെ വൈവിധ്യങ്ങൾ തന്നെയാണ് അവരുടെ അടിത്തട്ടുഭാഷ. അതുകൊണ്ട് മലയാളകവിത മാത്രമല്ല, കേരള കവിതയും നമ്മുടെ സാംസ്‌കാരിക ആസ്തി തന്നെയാണ്. ▮

(2022 ഏപ്രിൽ അഞ്ചിന് സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ കേന്ദ്രം സംഘടിപ്പിച്ച ദേശീയ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments