പി.എൻ. ഗോപീകൃഷ്ണൻ

കടലിനും മത്സ്യത്തിനും രണ്ട് വാക്കുകൾ ഉണ്ടെന്ന് കുട്ടികൾക്കറിയില്ല

നിശ്ശബ്ദതയിലേക്ക് മുങ്ങിപ്പോകുമായിരുന്ന ഒരു കവിയേയും കവിതയേയും വീണ്ടെടുക്കുന്ന പുസ്തകമാണിത്. നാളെ കൂടുതൽ കൂടുതൽ വായിക്കപ്പെടുന്ന പുസ്തകം- ഗോപാൽ ഹൊണ്ണാൽഗരൈ എന്ന കവിയെയും കവിതകളെയും വായിക്കുന്നു

ഗോപാൽ ഹൊണ്ണാൽഗെരെയുടെ കവിതാസമാഹാരമാണ് കൈയ്യിൽ. The Collected Poems of Gopal Honnalgere. ഈ സമാഹാരത്തിന്റെ പിന്നിലുള്ള മലയാളി ബന്ധം ആദ്യമേ വ്യക്തമാക്കട്ടെ. ഇത് ഒരു ആമുഖക്കുറിപ്പോടെ എഡിറ്റ് ചെയ്തത് മലയാള കവി കെ.എ.ജയശീലൻ ആണ്. "ഗോപാലിനെ ഓർക്കുമ്പോൾ' എന്ന പിൻകുറിപ്പെഴുതിയത് വിമർശകനും കവിയുമായ ഡോ. ഇ.വി.രാമകൃഷ്ണൻ. പുറംചട്ടയിലെ മൂന്ന് അഭിപ്രായപ്രകടനങ്ങളിൽ ഒന്ന് കവി കെ. സച്ചിദാനന്ദന്റേതാണ്.

ഇനി പുതുതായൊന്നും വാഗ്ദാനം ചെയ്യാനില്ലാത്തപോലെ ഈ പുസ്തകം കൈയ്യിലിരിക്കുന്നു. കാരണം ഗോപാൽ 2003ൽ മരിച്ചുപോയി. കവിത കൊണ്ട് ഒരു ജീവിതനേട്ടവും ആർജ്ജിക്കാതെ. ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള "ജ്ഞാനാശ്രമ' എന്ന് പേരുള്ള വൃദ്ധസദനത്തിലായിരുന്നു, അയാളുടെ അവസാനദിവസങ്ങൾ. ഒരു പക്ഷെ, അങ്ങനെ പറഞ്ഞു കൂടാ. ആധുനിക മരണങ്ങൾ ഭൂരിഭാഗവും സംഭവിക്കുന്നത് ആശുപത്രികളിൽ വെച്ചാകയാൽ, നാം കുറേക്കൂടി വസ്തുനിഷ്ഠരാകുകയാണെങ്കിൽ, ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പേരറിയാത്ത, പേരില്ലാത്ത, ഒരു അക്കം കൊണ്ട് സ്വയം അടയാളപ്പെടുത്തിയ ഒരു മുറിയിൽ വെച്ചാണ് ഗോപാൽ മരിച്ചത്. നിസ്വനായി. ബന്ധുക്കളുടെ കരുണയുടെ കിടക്കയിൽ കിടന്ന്.

ഗോപാലിനെ തൊണ്ണൂറുകളുടെ രണ്ടാം പകുതിമുതൽ എനിക്കറിയാമായിരുന്നു. നേരിട്ടല്ല. കവി ജയശീലൻ വഴി. അക്കാലത്ത് CIEFL ൽ ( Central Institute of English and Foreign Languages, Hyderabad ) അധ്യാപകനായ ജയശീലൻ എല്ലാക്കൊല്ലവും നവംബറിലും ഏപ്രിൽ - മെയിലും അവധിക്കാലം ചെലവിടാൻ തന്റെ പെരിങ്ങോട്ടുകരയിലെ വസതിയിലേക്ക് വരുമായിരുന്നു. നവംബറിൽ ഒറ്റയ്ക്ക്. ഏപ്രിൽ - മെയിൽ CIEFL ൽ തന്നെ അധ്യാപികയും ഭാര്യയുമായ അമൃതിനേയും കൂട്ടി. ആ മാസങ്ങളിൽ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകൾ ഇടയ്ക്കിടെ നടക്കുമായിരുന്നു. തൃശ്ശൂരിൽ ജയശീലന്റെ സുഹൃത്ത് കെ.ജി.എസ് ആയിരുന്നു. അതുകൊണ്ട് കെ.ജി.എസിന്റെ വീട്ടിൽവെച്ചും കൂടിക്കാഴ്ചകൾ ഉണ്ടായി. കെ.ജി.എസിന്റെ സമകാലീന കവിതയിൽ നീണ്ട ഇടവേളക്കുശേഷമുള്ള ജയശീലന്റെ കവിതകൾ പ്രത്യക്ഷപ്പെട്ട സമയം കൂടിയായിരുന്നു അത്.

ഈ കൂടിക്കാഴ്ചകളിലൊക്കെ, പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, കവിതയായിരുന്നു മുഖ്യ സംഭാഷണ വിഷയം. അതുകൊണ്ടുതന്നെ ഗോപാൽ ഞങ്ങൾക്കിടയിൽ ഇടക്കിടെ വന്നിരിക്കുമായിരുന്നു. ഗോപാൽ ജയശീലന്റെ പ്രിയപ്പെട്ട സുഹൃത്തും പ്രിയപ്പെട്ട കവിയും ആയിരുന്നു. ജയശീലനാണ് ഗോപാലിന്റെ കവിതാ സമാഹാരങ്ങൾ എനിക്കുതന്നത്. ഒട്ടും ആർഭാടമുള്ള ഉൽപന്നങ്ങൾ ആയിരുന്നില്ല അവ. മറിച്ച് , നിഷേധാത്മകമായ ഒരു സൗന്ദര്യത്തിന്റെ പ്രകടനങ്ങൾ ആയാണ് ആ പുസ്തകത്തിന്റെ കെട്ടുമട്ടുകൾ നിശ്ചയിച്ചിരുന്നത്. ബാദൽ സർക്കാർ ഒക്കെ പറഞ്ഞിരുന്ന ദരിദ്ര നാടകവേദി പോലെ ഒരു ദരിദ്ര കവിതാ വേദിയായിട്ടാണ് ആ പുസ്തകങ്ങൾ കാണപ്പെട്ടത്. വളരെ മെലിഞ്ഞ്, പത്തോ പതിനഞ്ചോ മാത്രം കവിതകൾ കൊള്ളുന്നത്. വൈക്കോൽക്കടലാസിന്റെ ചട്ടയിൽ മിക്കവാറും ഗോപാലിന്റെ തന്നെ കുത്തി വരകൾ ആയിരുന്നു അവയുടെ പുറംചട്ട. പുത്തനായി എന്തോ അതിലുണ്ട് എന്ന് നമ്മെ ആകർഷിക്കുന്നവ. ഓർക്കണം, അച്ചുനിരത്തിയടിക്കുന്ന കാലമായിരുന്നു അത്. ജയശീലൻ വഴി എനിക്കുകിട്ടിയ പുസ്തകങ്ങൾ Zen Tree and the Wild Innocents , Nudist Camp , The Fifth എന്നിവയായിരുന്നു. അവയുടെ പ്രകാശനസ്ഥാപനങ്ങളുടെ പേരുകളും രസകരമായിരുന്നു. ആദ്യത്തേത് Gray Books . രണ്ടും മൂന്നും Release Publications ഉം Broomstick Publications ഉം. ഇപ്പോൾ ജയശീലൻ സമാഹൃതകൃതികൾക്കെഴുതിയ അവതാരിക വായിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നു, അതെല്ലാം ഗോപാൽ തന്നെ അടിച്ചിറക്കിയവയാണ്. അവസാന കാലത്ത് സമാഹൃതകൃതികൾ ഇറക്കാൻ പദ്ധതിയിട്ട് ഒരു നോട്ടീസും ഗോപാൽ ഇറക്കിയിരുന്നു. അതിന് പണം സമാഹരിക്കാൻ സുഹൃത്തുക്കൾക്കെല്ലാം ആ നോട്ടീസ് അയച്ചു കൊടുത്തെങ്കിലും അത് നടന്നില്ല.

ഗോപാലിന്റെ ജീവിതത്തെപ്പറ്റി ജയശീലനും ഇ.വി.രാമകൃഷ്ണനും എഴുതുന്നുണ്ട്. ഒന്നും മുഴുമിപ്പിക്കാതെ വിടുന്ന അയാളുടെ പ്രകൃതത്തെപ്പറ്റിയും. ഡിഗ്രി എടുത്തോ എന്ന് സംശയം. ശാന്തിനികേതനിലെ കലാപഠനവും CIEFL ലെ പഠനവും മുഴുമിപ്പിച്ചില്ല. പിന്നീട് അംഗീകൃതമല്ലാത്ത വിദ്യാലയങ്ങളിൽ കുട്ടികൾക്ക് ചിത്രകലയും ഇംഗ്ലീഷും പഠിപ്പിച്ച് കഴിഞ്ഞുകൂടി. ഒരിടത്തും രണ്ടുവർഷത്തിൽ കൂടുതൽ നിന്നില്ല. അതിനിടയിൽ കുടുംബവുമായി പിരിഞ്ഞു. പറക്കമുറ്റുംമുമ്പേ മകൻ ധന്വിത് ഒരു അപകടത്തിൽ പെട്ടുമരിച്ചു. അറുപത് വയസ്സാകും മുമ്പേ ബന്ധുക്കളിൽ ഒരാളുടെ കാരുണ്യത്തിൽ വൃദ്ധസദനത്തിലെത്തി. മരണം നേരത്തേ സൂചിപ്പിച്ചല്ലോ. അതിന് മുമ്പേ തന്നെ കവിതകൾ പ്രകാശിപ്പിക്കുന്നതിൽ നിന്ന് പിൻവാങ്ങി. എഴുത്തിൽ നിന്നല്ല. എഴുതുന്ന കവിതകൾ സുഹൃത്തുക്കൾക്കയയ്ക്കുന്ന കത്തുകളുടെ കൂട്ടത്തിൽ ഉൾക്കൊള്ളിച്ചു.

ജയശീലനും ഇ.വി.രാമകൃഷ്ണനും സൂചിപ്പിക്കുന്ന പോലെ ആ കവിതകൾ അക്കാലത്തെ ഇന്ത്യൻ - ഇംഗ്ലീഷ് കവിതകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. പ്രത്യേകിച്ചും നിസിം എസെക്കിലും കൂട്ടരും പ്രകാശിപ്പിച്ചിരുന്ന ബോംബെ സ്‌കൂളിന്റെ കവിതകളിൽ നിന്ന്. അതിനാൽ അന്വേഷിച്ചു പുറപ്പെടുന്ന ആസ്വാദകർക്ക് മുമ്പിലല്ലാതെ അയാൾ വെളിപ്പെട്ടില്ല. അയാൾക്ക് ജീവിച്ചിരിക്കുമ്പോൾ കിട്ടിയ ഏക അംഗീകാരം സി.ഡി. നരസിംഹയ്യ എഡിറ്റ് ചെയ്ത കോമൺവെൽത്ത് രാജ്യങ്ങളിലെ കവികൾ എഴുതിയ കവിതാസമാഹാരത്തിൽ അയാളുടെ കവിതകൾ ഉൾപ്പെടുത്തി എന്നതുമാത്രമാണ്. മരണശേഷം ജീത്ത് തയ്യിൽ എഡിറ്റ് ചെയ്ത 60 ഇന്ത്യൻ കവികൾ എന്ന സമാഹാരത്തിലും അദ്ദേഹത്തിന്റെ ചില കവിതകൾ ഉൾപ്പെട്ടു.

പറഞ്ഞുവരുന്നത് ഈ പുസ്തകത്തിന്റെ ചരിത്രപ്രാധാന്യത്തെപ്പറ്റിയാണ്. ആരും മിണ്ടിയില്ലെങ്കിൽ ഏതാനും വർഷങ്ങൾകൊണ്ട് നിശ്ശബ്ദതയിലേക്ക് മുങ്ങിപ്പോകുമായിരുന്ന ഒരു കവിയേയും കവിതയേയും വീണ്ടെടുക്കുന്ന പുസ്തകമാണിത്. നാളെ കൂടുതൽ കൂടുതൽ വായിക്കപ്പെടുന്ന പുസ്തകം. ചെറുപുസ്തകങ്ങളിലും സുഹൃത്തുക്കൾക്കെഴുതിയ കത്തുകളിലും ഡയറികളിലുമായി ചിതറിക്കിടന്നിരുന്ന കവിതകളെ ഒരു പുസ്തകത്തിലേക്ക് ചേർത്തുവെക്കുക ഇന്നത്തെ തിരക്കുഭാവിക്കുന്ന ജീവിതത്തിൽ എളുപ്പമല്ല തന്നെ. പ്രത്യേകിച്ചും സ്വയം പ്രചോദനത്താലും സുഹൃദ്ബന്ധത്തിന്റെ തീക്ഷ്ണതയാലും അത് സംഭവിക്കുമ്പോൾ, അതിന്റെ മൂല്യം കൂടുന്നു. കെ.എ. ജയശീലന് ബഹുമാനത്തോടുകൂടിയ അഭിവാദ്യം ഈ പുസ്തകത്തിലേക്ക് കടക്കും മുമ്പേ അതിന്റെ പേരിൽ നൽകേണ്ടതുണ്ട്.

ജയശീലന്റെ കൈയ്യിൽ നിന്ന് ഗോപാലിന്റെ ആദ്യകാല സമാഹരങ്ങൾ കൈപ്പറ്റിയ കാലത്തുതന്നെ അതിലെ ചില കവിതകൾ ഞാൻ തർജ്ജമ ചെയ്തിരുന്നു. കവിതക്കൊടി എന്നുപേരുള്ള എന്റെ ബ്ലോഗിൽ അവ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് സമകാലീന കവിതക്കുവേണ്ടി ഗോപാലിന്റെ കവിതകൾ തർജ്ജമ ചെയ്യാനുള്ള ശ്രമം കെ.ജി.എസും ജയശീലനും ചേർന്ന് നടത്തിയിരുന്നു. കുറേ കവിതകൾ അവർ തർജ്ജമ ചെയ്തിരുന്നു എന്നാണറിവ്. പക്ഷേ, അവ വെളിച്ചം കണ്ടില്ല.

ഗോപാൽ ഹൊണ്ണാൽഗെരെ

ഗോപാലിന്റെ കവിതകൾ പൊതുവേ ഇന്ത്യൻ ഇംഗ്ലീഷ് കവിതകൾ പങ്കുവെക്കുന്ന "പരിഷ്‌കൃത സ്വഭാവത്തിൽ ' നിന്ന് വ്യത്യസ്തമാണെന്ന് പറഞ്ഞല്ലോ. അകത്തും പുറത്തും അവ ഇന്ത്യൻ കവിതകൾ ആയിരുന്നു. ആ അർത്ഥത്തിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ എഴുതപ്പെട്ട ആധുനിക കവിതകളുമായാണ് അവക്ക് ബന്ധം കൂടുതൽ. എന്നുപറഞ്ഞാൽ ഇംഗ്ലീഷ് എന്ന ആഗോള ഭാഷയെ തന്റെ സാഹചര്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അതിനെ ഒരു ഇന്ത്യൻ ഭാഷയായി പരുവപ്പെടുത്തുക എന്നതായിരുന്നു ഗോപാൽ അനുഷ്ഠിച്ച ഒരു കാര്യം. ആ അർത്ഥത്തിൽ തന്റെ കാലത്തെ പ്രധാനപ്പെട്ട സാമ്രാജ്യത്വവിരുദ്ധ കവിയായിരുന്നു ഗോപാൽ. ഹൊണ്ണൽഗെരെ എന്ന സ്ഥലനാമം തന്റെ പേരിനോട് ചേർത്തുവെച്ച പോലെ ഗോപാൽ, ഇംഗ്ലീഷിനെ ഇന്ത്യൻ ഭാഷാഭൂപടത്തിലേക്ക് ചേർത്തുവെച്ചു. മാതൃഭാഷയായിരുന്ന കന്നഡത്തിലായിരുന്നു തന്റെ എഴുത്തെങ്കിൽപ്പോലും, കവിതകളുടെ സ്വഭാവത്തിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാകില്ലെന്ന് ഗോപാൽ പറഞ്ഞതിനെ ഇ.വി.രാമകൃഷ്ണൻ ഉദ്ധരിക്കുന്നുണ്ട്.

മികച്ച ലാറ്റിനമേരിക്കൻ സംവിധായകനായിരുന്ന ഗ്ലോബർ റോഷ യൂറോപ്പിന്റെ കലയെ നോക്കി ഇങ്ങനെ പറയുകയുണ്ടായി: "ഞങ്ങൾക്ക് നിങ്ങളുടെ ആധുനികത കൊണ്ട് ഒന്നും ചെയ്യാനില്ല’. അമ്മട്ടിലല്ലെങ്കിലും ഗോപാലും ആഗോള ആംഗലേയത്തോട് എന്തോ പറയുന്നുണ്ട്. ഒരു പക്ഷേ, Indian Culture : An End of the Century View എന്ന തന്റെ ലേഖനത്തിൽ അനന്തമൂർത്തി ചൂണ്ടിക്കാണിക്കുന്ന പോലൊന്ന്. നമ്മുടെ പാരമ്പര്യത്തെ നമ്മുടെ അവസ്ഥയിൽ നിന്ന് ആക്രമിക്കുമ്പോൾ യൂറോപ്യൻ യുക്തിപരതയുടെ വക്താവായി കാണപ്പെടുന്ന നമ്മൾ, യൂറോപ്പിനോട് പ്രതികരിക്കുമ്പോൾ നമ്മുടെ തന്നെ പാരമ്പര്യങ്ങളിലെ വിമത സ്വഭാവമാണ് സ്വീകരിക്കുന്നത്. ഗോപാലിന്റെ കാര്യത്തിൽ കവിത ഇന്ത്യനും ഭാഷ യൂറോപ്യനും എന്ന മട്ടിൽ ഓരോ കവിതയ്ക്കുള്ളിലും ഈ പ്രശ്നം അതിന്റെ സാന്നിദ്ധ്യം അറിയിക്കുന്നു. യൂറോ - ആംഗ്ലിക്കൻ കവിത അതിന്റെ ആധുനിക ദശയിൽ പലപ്പോഴും തള്ളിക്കളഞ്ഞ ആഖ്യാന സ്വഭാവം ഗോപാലിൽ അതു കൊണ്ടു തന്നെ ധാരാളം കാണാം. കഥകൾ കേട്ടു വളർന്ന ബാല്യത്തിന്റെ സമൃദ്ധി അനുഭവിയ്ക്കുന്ന ഒരു ഇന്ത്യാക്കാരന് / കാരിയ്ക്ക് മാത്രം സാധിക്കുന്ന വിധം. ഗോപാലിന്റെ കവിതയ്ക്ക് കുതിപ്പ് നൽകുന്ന ആന്തരികശക്തി ഇതാണ് താനും. 2000 ത്തിന്റെ ആദ്യവർഷങ്ങളിലൊന്നിൽ കവി കെ.എ. ജയശീലനുമായി ഈ ലേഖകൻ നടത്തിയ അഭിമുഖസംഭാഷണത്തിൽ ഗോപാലിനെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം ഒന്ന് എടുത്തെഴുതട്ടെ .ഗോപാലിന്റെ കവിതയുടെ ചില ഉള്ളറകൾ പരിചയപ്പെടാൻ അത് ഉപകരിച്ചേക്കും

പി.എൻ.ഗോപീകൃഷ്ണൻ: രചനാതന്ത്രം എന്ന് വിളിക്കാവുന്ന ചില ആവർത്തനങ്ങൾ, ചില പ്രത്യേക മെനയലുകൾ, ഇവയെപ്പറ്റി പറയാമോ? ഉദാഹരണത്തിന് "ചെമ്പോത്തിന്റെ പറത്ത'ത്തിൽ

പോകുമീപ്പക്ഷിയ്ക്ക് പേരെന്ത്, പേരെന്ത് പേരെന്ത്? പേരെന്ത്?

എന്നും

"സീതാഫൽമണ്ടി'യിൽ

സൗന്ദര്യം വി - ടർച്ചയാണ് കണ്ണിന്റെ തു - ടർച്ചയാണ് ചിത്തിന്റെ വി- ടർച്ചയാണ് സൗന്ദര്യം

എന്നും.

കെ.എ.ജയശീലൻ: സീതാഫൽമണ്ടിയിലെ വരികളെക്കുറിച്ച് പറയാം. അതിൽ അവ്യവസ്ഥീകരിക്കപ്പെട്ട ഒരു രീതിയുണ്ട്. എങ്ങനെയാണ് അന്വയിക്കുക എന്ന പ്രശ്‌നമുണ്ടതിൽ. ഉദാഹരണമായി "തുടർച്ചയാണ് ചിത്തിന്റെ' എന്നാണോ അതോ "ചിത്തിന്റെ വിടർച്ചയാണ് ' എന്നാണോ? അത് ഞാൻ കരുതിക്കൂട്ടി ചെയ്തതാണ്. ആ രീതി ഗോപാൽ ഹൊണ്ണൽഗെരേയുടെ കവിതയിൽ നിന്ന് കട്ടെടുത്തതാണ്. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കക്കുക എന്നത് വ്രതമാക്കിയവരാണ്. "ചുമരിന്മേൽ സ്‌കൂൾ പയ്യൻ മൂത്രം കൊണ്ട് 8 എഴുതി' എന്ന എന്റെ വരി ഗോപാൽ മോഷ്ടിച്ചിട്ടുണ്ട്. Syntax ambiguous ആക്കുക എന്ന രീതി ഗോപാലിനുമുണ്ട് .1

സാഹിത്യമോഷണത്തെക്കുറിച്ചുള്ള മലയാളിയുടെ സദാചാരബോധത്തെ മാറ്റിവെച്ച് പരിശോധിച്ചാൽ, കാവ്യലോകത്തെ ഒരു അഗാധസൗഹൃദത്തെപ്പറ്റിയുള്ള അറിവ് ഇതിൽനിന്ന് കിട്ടും. മൂത്രം കൊണ്ട് 8 എഴുതിയ വരിയുള്ള ജയശീലന്റെ കവിത ഇങ്ങനെ

സീതാഫൽമണ്ടി *

കെ.എ.ജയശീലൻ
മിഠായിക്കാ- രന്റെ വണ്ടി, റോട്ടുവക്കിൽ കച്ചവടം. നായ്ക്കൾ, പന്നി, സൈക്കിൾ, സൈക്കിൾ - റിക്ഷ, മൂന്നാം നമ്പർ ബസ്സ്. ലോക്കൽ പോകാൻ ഗേറ്റടച്ചു. "പരസ്യങ്ങൾ പാടില്ലാ'ത്ത ചുമരിന്മേൽ സ്‌കൂൾ പയ്യൻ മൂത്രം കൊണ്ട് "8' എഴുതി. വണ്ടിയുടെ കൂക്കു കേൾക്കാം. കേൾക്കൂ കേൾക്കൂ ! കാണൂ കാണൂ! സൗന്ദര്യം വി- ടർച്ചയാണ് കണ്ണിന്റെ തു- ടർച്ചയാണ് ചിത്തിന്റെ വി- ടർച്ചയാണ് സൗന്ദര്യം

(1975)

* ഹൈദരാബാദിലെ ഒരു സ്ഥലപ്പേര്

മാധ്യമം

ഗോപാൽ ഹൊണ്ണൽഗെരെദൈവം മരിച്ചു പള്ളിക്കൂടം മരിച്ചു മാധ്യമം തന്നെ സന്ദേശം "പരസ്യങ്ങൾ പാടില്ലാ'ത്ത ചുമരിന്മേൽ ഒരു കുട്ടി മുള്ളി അവന്റെ മൂത്രം കൊണ്ട് 8 എഴുതുന്നു

(വിവ: പി. എൻ. ഗോപീകൃഷ്ണൻ)

ഒറ്റനോട്ടത്തിൽ അറിയാം, ഒരേ വരികൾ പങ്കിടുന്ന രണ്ട് കവിതകൾ ആണവ. അതേസമയം ഒരേ സ്രോതസ്സിൽ നിന്ന് കോരിയെടുത്തവയും. രണ്ടിലും ഒരു പൗരസ്ത്യത ആണ്ടുകിടപ്പുണ്ട്. ആ പൗരസ്ത്യത യാഥാസ്ഥിതികമായ ഒന്നല്ല. നമുക്കുമാത്രം സൃഷ്ടിക്കാൻ കഴിയുന്ന ആധുനികത ആണത്. ഗോപാലിന്റെ കവിതയിൽ ആദ്യത്തെ മൂന്നുവരികൾ നീഷേയേയും ഇവാൻ ഇല്ലിച്ചിനേയും മാർഷൽ മക് ലൂഹനേയും ഓർമിപ്പിക്കുന്നു. അതോടൊപ്പം, അവ മൂത്രപ്പുരഗ്രാഫിറ്റികളും ആണ്. യൂറോപ്യൻ മൂത്രപ്പുരകളിലെ ഗ്രാഫിറ്റികൾ. മാർഷൽ മക്ലൂഹന്റെ പ്രസിദ്ധമായ പുസ്തകനാമം മൂത്രപ്പുരഗ്രാഫിറ്റിയായി പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് ഗോപാലിന്റെ ജംപ് കട്ട് ഇന്ത്യൻ മൂത്രപ്പുരയിൽ - അത് പുര തന്നെ ആകണം എന്നില്ല; മൂത്രമൊഴിക്കുന്നിടം മൂത്രപ്പുര എന്ന് പരിഗണിച്ചാൽ - ഒരു കുട്ടി മൂത്രം കൊണ്ട് 8 എഴുതുന്ന ഇടത്താണ്. ഒരിടത്തുനിന്ന് തുടങ്ങി വേറെ ഒരിടത്ത് അവസാനിക്കുന്ന ഗോപാലിന്റെ കവിതയുടെ ശാഖോപശാഖാസ്വഭാവം ജയശീലൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. പുളിഭൂതം (The Tamarind Ghost) എന്ന കവിതയിൽ. ഭഗവദ്ഗീത കമ്പോടുകമ്പ് അറിയാവുന്ന തന്റെ അമ്മൂമ്മയ്ക്ക് അവരുടെ ഭർത്താവിൽ നിന്ന് മിക്കവാറും കാമസൂത്രത്തിൽ വിവരിക്കുന്ന മൂന്നുതരത്തിലുള്ള ദംശനം ഏറ്റിട്ടുണ്ടാകാം എന്ന മട്ടിൽ ആരംഭിയ്ക്കുന്ന കവിത അമ്മൂമ്മയെ വിട്ട് അമ്മൂമ്മയുടെ ഭർത്താവിന്റെ പിന്നാലെ പായുന്നു. അയാൾ സെൻട്രൽ സെക്രട്ടറിയേറ്റിൽ അയാളുടെ മേലാവിയേക്കാളും നന്നായി ആംഗലേയത്തിൽ കത്തുകൾ എഴുതുന്ന ആളാണ്. എന്നാൽ അയാൾക്ക് സാങ്കൽപികഭൂത ഭവനങ്ങളിൽ യഥാതഥ ഭൂതങ്ങൾ വസിക്കുന്നുണ്ടോ എന്നതിനെപ്പറ്റി അറിയില്ല.

കെ.എ ജയശീലൻ, Photo:wikimedia.commons

അവ ഇടക്കിടെ തന്റെ അമ്മയേയും ഭാര്യയേയും ആവേശിക്കാറുണ്ടെന്നും അപ്പോഴൊക്കെ ഒരേ പുരുഷനുമേലുള്ള അവകാശക്കൂടുതലിനായി അവർ പരസ്പരം കടിച്ചുകീറാറുണ്ടെന്നും അയാൾക്കറിഞ്ഞുകൂടാ. വീണ്ടും അമ്മൂമ്മയിലെത്തുന്നു കവിത. അമ്മൂമ്മ പറയുന്നത് ഭൂതങ്ങൾ സാധാരണ വസിക്കുന്നത് പുളിമരങ്ങളിൽ ആണെന്നും അവ സ്ത്രീകളെ ആവേശിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള ഭൂതോച്ചാടകൻ അവയെ ഒഴിപ്പിക്കാനായി പുളിങ്കമ്പ് (ഞങ്ങളുടെ നാട്ടിൽ പുളിവാറ് എന്ന് പറയും ) കൊണ്ട് ആ സ്ത്രീകളുടെ ദേഹത്ത് അടിയ്ക്കും. അപ്പോൾ ഭൂതം തന്റെ മരപ്രഭവത്തെപ്പറ്റി ഓർക്കുകയും സ്ത്രീയെ വിടുകയും ചെയ്യും. പക്ഷെ, തന്റെ ആദ്യത്തെ മരുമകളുടെ കാര്യത്തിൽ ഭൂതം പുളിമരത്തെ ഓർക്കാൻ ആവശ്യപ്പെട്ടത് പുളികൊണ്ടുണ്ടാക്കിയ ചട്ണിയാണ് എന്ന് അമ്മൂമ്മ പറയുന്നു. ഒരു ജാർ നിറയെ പുളിച്ചട്ണി അത് കഴിക്കുകയും ചെയ്തു. രണ്ടാമതായി അമ്മൂമ്മയുടെ മകനോട് അതാവശ്യപ്പെട്ടത് അവളെ ഒരു തമിഴ് സിനിമ കാണാൻ കൊണ്ടുപോവാനാണ്. അതിൽ ഒരു തമിഴ് പെൺകുട്ടി തന്റെ ഭർത്താവിനെ രാജു എന്ന ഓമനപ്പേര് വിളിയ്ക്കുകയും മുതിർന്നവരുടെ മുന്നിൽ വെച്ചുപോലും പരസ്യമായി ലജ്ജാലേശമില്ലാതെ അയാളുടെ കൈ പിടിയ്ക്കുകയും ചെയ്യുന്നു.

ജയശീലൻ ഈ കവിതയെ കാണുന്നത് ഒരു പ്രത്യേക സാമൂഹികവർഗ്ഗത്തിൽ പെട്ട സ്ത്രീകളുടെ ലൈംഗികമായ അടിച്ചമർത്തലിനെപ്പറ്റിയും, തീർച്ചയായും ആ അടിച്ചമർത്തലിന്റെ പ്രകാശനത്തെപ്പറ്റിയും ഉള്ള കവിതയായിട്ടാണ്. എന്നാൽ ഈ കവിത "ഇരിയ്ക്കുന്നത്' കുറേക്കൂടി മൂർത്തമായ, തമിഴ് ബ്രാഹ്മണ സ്ത്രീകളുടെ ഇടത്തിലാണെന്നും. എന്നാൽ ഉള്ളടക്കത്തിൽ എന്നതിനേക്കാൾ ജയശീലൻ ഊന്നുന്നത് അതിന്റെ ഘടനയിൽ ആണ്. സാധാരണ ഒരു കേന്ദ്രവിഷയത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ആഖ്യാന സ്വഭാവത്തെ തകർത്തെറിഞ്ഞ് നേർരേഖയിലുള്ള ഒരു ആഖ്യാനത്തിലേയ്ക്ക് മാറുക എന്ന കൃത്യമാണ് ഈ കവിതയിൽ ആധുനികത കൊണ്ടുവന്നത് എന്നാണ് ജയശീലൻ പറയുന്നത്. ഭഗവദ്ഗീതയിൽനിന്ന് തുടങ്ങി തമിഴ് സിനിമയിൽ അവസാനിക്കുന്ന ആഖ്യാനം. അത് ഒരു അയഞ്ഞ ആഖ്യാനഘടന കവിതക്ക് നൽകുന്നുണ്ട്. (യഥാർത്ഥത്തിൽ ഈ കവിത വളരെ മുറുക്കം ഉള്ളതാണ്. തലക്കെട്ടടക്കം 56 വരികൾ മാത്രമേ മൂന്നു തലമുറയുടെ കഥ പറയുന്ന ഇതിൽ ഉള്ളൂ). പോൾ ക്ലീയുടെ വരകളെ കവിതയിലാക്കിയ പോലെ. ക്ലീ ഒരിക്കൽ തന്റെ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞു. "ഞാൻ ഒരു വര വരയ്ക്കുന്നു. ആ വര നടക്കാനിറങ്ങുന്നു'

ജയശീലൻ അവലംബിച്ച മനഃശാസ്ത്ര സിദ്ധാന്തങ്ങളെ മാറ്റിവെച്ച് നമുക്ക് ഈ കവിതയെ പരിശോധിക്കാം. ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിന്റെ ഉൾക്കഥയാണത്. എന്നാൽ ഈ ഉൾക്കഥ നടക്കുന്നത് ഒരു പ്രത്യേക ചരിത്രഘട്ടത്തിലാണ്. അയഞ്ഞത് എന്ന് തോന്നുന്ന ഇതിന്റെ ഘടനയെ നിർണ്ണയിക്കുന്നത് ഈ ചരിത്രഘട്ടം ആണ്. അധ്യാത്മികതയെ പരസ്യമായും ഭൗതികതയെ രഹസ്യമായും ഉപയോഗിക്കുന്ന അമ്മൂമ്മയുടെ കാലം മുതൽ പരസ്യമായി ഭർത്താവിന്റെ കൈപിടിക്കാൻ വെമ്പുന്ന മരുമകളുടെ കാലം വരെയുള്ള അബോധം ഇതിലുണ്ട്. ഇംഗ്ലീഷും ഭൂതവും ഉച്ചാടകനും സെൻട്രൽ സെക്രട്ടറിയേറ്റും തമിഴ് സിനിമയും വരുന്ന ഈ കവിതയെ ആന്തരിക വിമർശനത്തിന്റെ വലിയ പ്രകടനം ആയി കണക്കാക്കാം. ആ ആന്തര വിമർശനം ഭഗവദ്ഗീതയേയും ഭൂതങ്ങളേയും മാത്രമല്ല നേരിടുന്നത്. തന്റെ മേലാവിയേക്കാളും നല്ല ആംഗലേയം എഴുതുന്ന കൊളോണിയൽ പ്രജയെക്കൂടിയാണ്. ഇങ്ങനെ വിമർശനത്തിന്റെ ധാരയും ഹാസ്യവും കൊണ്ട് കെട്ടിപ്പൊക്കിയ ഈ കവിതയിൽ ഭൂതം പ്രത്യക്ഷപ്പെടുന്നത് ആധുനികതയുടെ പ്രതിനിധി കൂടിയായിട്ടാണ്. പുളിവാറിന് പകരം അത് പുളിംചട്‌നിയെ സ്ഥാപിക്കുന്നു. സിനിമ കാണാൻ ആവശ്യപ്പെടുന്നു. യഥാർത്ഥത്തിൽ കവിത ചെയ്യേണ്ടത് ഈ ആന്തര വിമർശനത്തിന്റെ സാധ്യത ഏറ്റെടുക്കുകയാണ് എന്ന് കവി പറഞ്ഞു വെയ്ക്കുന്നു.

എ.കെ. രാമാനുജൻ, തന്റെ മൈസൂർ കുട്ടിക്കാലത്തെക്കുറിച്ചെഴുതുമ്പോൾ മൂന്നു ഭാഷകളെക്കുറിച്ചോർക്കുന്നുണ്ട്. തന്റെ വീടിന്റെ മുകൾനിലയിൽ ഗണിത ശാസ്ത്രജ്ഞനായിരുന്ന അച്ഛൻ ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. താഴെ അടുക്കളയിൽ അമ്മ തമിഴും. നിരത്തിലെ ഭാഷ കന്നഡ. അങ്ങനെ മുകൾ നിലയിൽ നിന്ന് നിരത്തിലെത്തുമ്പോഴേക്ക് മൂന്നു ഭാഷകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നു . ഗോപാലിന്റെ കവിതയിലും നാലുഭാഷകൾ കാണാം. ഭഗവദ് ഗീതയിലേയും കാമശാസ്ത്രത്തിലേയും സംസ്‌കൃതം. സെൻട്രൽ സെക്രട്ടറിയേറ്റിലെ ഇംഗ്ലീഷ്. ഉച്ചാടകന്റെ മലയാളം. സിനിമയിലെ തമിഴ്. അങ്ങനെ 56 ചെറുവരികൾ അടുക്കി വെച്ച ഒരു കവിതയിൽ ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സാധ്യതകളും കൂടി ഈ കവിത കാണിച്ചുതരുന്നുണ്ട്. അതിൽ അമ്മൂമ്മയുടെ ഭർത്താവിനെ ഭരിക്കുന്ന ഭാഷ ഇംഗ്ലീഷ് ആണ്. അമ്മൂമ്മയെ സംസ്‌കൃതവും. ഉച്ചാടകനിലെത്തുമ്പോൾ മലയാളം പോലൊരു പ്രാദേശിക ഭാഷപോലും മേലാളഭാഷയാകുന്നു. സിനിമ പോലെ കുറേക്കൂടി മതേതരമായ വ്യവഹാരത്തിൽ എത്തുമ്പോഴാണ് സമകാലീന മാനസിക വ്യാപാരങ്ങളെ പ്രതിഫലിക്കാനുള്ള ഒരു ഭാഷ നമുക്കടുത്തെത്തുന്നത്. എന്നാൽ തെളിച്ചു പറയാത്ത ഒരു ഭാഷയാണ് യഥാർത്ഥത്തിൽ ഈ കവിതയുടെ കാതൽ. ഭൂതഭാഷ ആണത്. അതിനാൽ ഭൂതഭാഷയെക്കുറിച്ചുള്ള ഒരു പ്രബന്ധം കൂടിയാണിത്. അതാണ് സ്വാതന്ത്ര്യത്തിന്റെ ഭാഷ. ആന്തരിക വിമർശനത്തിന്റെ ഭാഷയും അതുതന്നെ.

ഗോപാലിന്റെ ആദ്യകാല കവിതകളുടെ ഒരു ധാര ഇങ്ങനെ സ്വന്തം പരിസരങ്ങളുടെ ആന്തരിക വിമർശനം എന്ന നിലയിലാണ്. അതിലൊന്നും ഭൂതവും ദേശവും കാൽപനിക ഗൃഹാതുരഭംഗിയോടെ പ്രത്യക്ഷപ്പെടുന്നില്ല. അതേസമയം നഗരമാകട്ടെ സങ്കീർണ്ണവുമാണ്. ദി നാഷണൽ ഹൈവേ എന്ന കവിതയിൽ എങ്ങനെയാണ് ദേശീയപാത ഗ്രാമജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കുന്നത് എന്നത് ഹാസ്യരൂപേണ വിവരിക്കുന്നു. ചത്ത ആടിനെ ദേശീയപാതയിൽ കൊണ്ടിട്ട്, ആ പിണത്തിലൂടെ കയറിപ്പോകുന്ന ലോറിയെ തടുത്തുനിർത്തി പണം പിടുങ്ങുകയാണ് ഗ്രാമീണർ. എന്നാൽ ലോറിക്കാരാകട്ടെ കൊടുത്ത പണത്തിന്റെ ഇരട്ടിക്കിരട്ടി, അവിടെ നിന്നും മുളയും കൊട്ടയും മീനും തുച്ഛവിലക്ക് വാങ്ങി വസൂലാക്കുന്നു. ലൈംഗികമായും അവരെ അവർ ചൂഷണം ചെയ്യുന്നു. അങ്ങനെ ചൂഷണത്തിന്റെ ഒരു വല ഗ്രാമ നഗരങ്ങളെ എങ്ങനെ വലയം ചെയ്തു എന്നും അത് ഗ്രാമ, നഗരങ്ങളെ വികസനത്തിന്റെ ഭൂപടത്തിൽ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നും ഗോപാൽ കാണിച്ചു തരുന്നു. ഇതിന്റെ ഘടനയാകട്ടെ ഹരികഥയോട് ചേർന്നു നിൽക്കുന്നതാണ്.

പുത്തൻ ദേശീയപാത ആദിവാസിയൂരിലൂടെ മൂർഖനെപ്പോൽ വളഞ്ഞുപുളഞ്ഞു പോകുന്നു

എന്ന വരികളുടെ 6 തവണകളിലുള്ള ആവർത്തനങ്ങളിലൂടെയാണ് കവിത മുഴുമിപ്പിക്കുന്നത്. ഈ കവിത ആധുനികമാകുന്നത് കൃത്യമായ വർഗ്ഗങ്ങളേയും അവർ തമ്മിലുള്ള സംഘർഷങ്ങളേയുമല്ല അടയാളപ്പെടുത്തുന്നത് എന്നതുകൊണ്ട് കൂടിയുമാണ്. ഗ്രാമത്തിലെ ആദിവാസികൾ മുഴുവൻ നിസ്വരായ കൃഷിക്കാരാണ്. ലോറി ഡ്രൈവർമാരാകട്ടെ, തൊഴിലാളിവർഗ പ്രതിനിധികളും. അവർ തമ്മിൽ ഐക്യപ്പെടുകയല്ല ചെയ്യുന്നത്. മറിച്ച് രണ്ടുകൂട്ടരും ലുംപനുകളായി സ്വാഭാവികവൽക്കരിക്കപ്പെടുകയാണ്. ആദിവാസിക്ക് ആദിവാസിയുടെ ലാഭം. ലോറിക്കാർക്ക് അവരുടെ ലാഭം. രണ്ടും ചൂഷണത്തിൽ നിന്നുതന്നെ. ഇവ തമ്മിലുള്ള വ്യത്യാസം പണത്തിന്റെ തോതിനെക്കുറിച്ചുള്ള അവരുടെ സങ്കൽപനങ്ങളിലാണ് ഇരിക്കുന്നത്. ആദിവാസിക്ക് ആ തോത് അവരുടെ ജീവിതാവശ്യങ്ങളിൽ ഒതുങ്ങുന്നു. ലുംപൻ തൊഴിലാളിക്കാകട്ടെ അതിന്റെ തോത് നിർണയിക്കുന്നത് നാഗരികസൗകര്യങ്ങളുടെ ജീവിതമാണ്. അങ്ങനെ ജീവിതത്തിന്റെ സ്വാഭാവികമായ ചൈതന്യങ്ങളെക്കൂടി, പരിസ്ഥിതിയെ മാത്രമല്ല, വികസനം ഊറ്റിക്കളയുന്നു എന്ന് വളരെ മുമ്പേ കണ്ട ഒരാളാണ് ഗോപാൽ. ആ ഡ്രൈവർ വെറും ഒരു രാത്രി ആദിവാസി ഗ്രാമത്തിൽ വിളയാടി മടങ്ങുന്നതിന്റെ ദൃശ്യം ഗോപാൽ എഴുതിയിടുന്നത് ഇങ്ങനെ:

രാവിലെ ഡ്രൈവർ വിലപേശുന്നു, വാങ്ങുന്നു മുളകൾ, കൊട്ടകൾ, മീനും പിന്നെ ഒരിക്കലും വരാത്ത ബസ്സും നോക്കി മാഞ്ചോട്ടിൽ കാക്കും നാല്പതു മനുഷ്യരെ തലയ്ക്കമ്പത് തുട്ടും വാങ്ങി അടുത്ത ഊരിലേയ്ക്ക് കുത്തിനിറച്ച് ഓടിക്കുമ്പോൾ പൊടുന്നനെ മുളയിൽ നിന്ന്, കൊട്ടയിൽ നിന്ന് മീനിൽ നിന്ന് കിട്ടും ലാഭം കണക്കുകൂട്ടി (അത് ആട്ടിൻകുട്ടിയ്ക്കും കള്ളിനും പെണ്ണിനും ചെലവാക്കിയതിലും കൂടുതൽ ) സന്തുഷ്ടി നിറച്ച് തുടകൾ ചൊറിഞ്ഞ് ഗിയർ മാറ്റുന്നു സിഗരറ്റ് കൊളുത്തുന്നു ഹോൺ മുഴക്കുന്നു പോം ... പോം ... പോം...

ഈ കവിത എഴുതപ്പെട്ടിട്ടുള്ളത് വർത്തമാനകാലത്തിലാണ് എന്നത് പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. എപ്പോൾ വായിക്കുമ്പോഴും സമകാലീനമാകുന്ന മട്ടിൽ. വായനക്കാരൻ / കാരിക്ക് നല്കുന്ന സാക്ഷിത്വവും ശ്രദ്ധേയമാണ്. പഴയകാല കഥപറച്ചിലുകാരിൽ നിന്ന് ധാരാളമെടുക്കുമ്പോഴും ഇത് പഴങ്കഥയല്ല എന്ന് ഗോപാൽ ഉറപ്പിക്കുന്നുണ്ട്. പുതിയ കഥയുടെ കാഴ്ചക്കാരും കൂടിയാണ് വായനക്കാർ എന്നവണ്ണം തിരക്കഥാരൂപത്തിലാണ് ഇതിന്റെ രചനയെന്ന് മേൽ ഉദ്ധരിച്ച ഭാഗം വ്യക്തമാക്കുന്നുണ്ട്.

സെൻബുദ്ധിസത്തിന്റെ രീതി ഉപയോഗിച്ചുള്ള കഥനവും അപഗ്രഥനവും ഗോപാലിന്റെ കാവ്യരീതികളെ വികസിപ്പിച്ചിട്ടുള്ളതിന് നിരവധി ഉദാഹരണങ്ങൾ കവിതകളിൽ കണ്ടെത്താം. ദി സെൻ ആൻസേഴ്‌സ്, എ സെൻ മോങ്ക് ടെൽസ് എബൗട്ട് റിയ ലൈസേഷൻ അറ്റ് ദി ബ്രേക്ക് ഫാസ്റ്റ് ടേബിൾ, സെൻ ട്രീ തുടങ്ങി സെൻ എന്ന് തലക്കെട്ടിൽ ഉപയോഗിച്ചിട്ടുള്ള കവിതകൾ ധാരാളം. അത് മാത്രമല്ല എ ടോസ്റ്റ് വിത്ത് കർമ്മ, ഏൻ അൺ ബിലീവബിൾ സ്റ്റോറി എബൗട്ട് ബിലീഫ്, ക്രിസ്റ്റ്യനിങ്ങ് ദി ബോഡി, ദി സെക്കന്റ് ക്രൂസിഫിക്കേഷൻ, പദ്മപാണി അറ്റ് അജന്ത കേവ്‌സ്, ക്രിസ്റ്റ്യനിങ്ങ്, ഹനുമാൻ ജി , ദി താവോ ഓഫ് ദി ബ്രൂംസ്റ്റിക്ക്, ബനാറസ്, ബോഡീസ് കംപോണെന്റ്‌സ് / എ ഹിന്ദു മെഡിറ്റേറ്റ്‌സ് അപ്പോൺ ഹിസ് ബോഡി, സെയിന്റ്‌സ് ആൻഡ് ചിൽഡ്രൻ, ചൈതന്യ അറ്റ് പുരി, പ്രേയർ ടു ശ്രീ രംഗനാഥ, ടു മൈ ഗോഡ, പ്രേയർ ഇൻ എ ഡെസർട്ടഡ് ചർച്ച്, റിസറക്ഷൻ ഇൻ ദി ഗ്രാസ്സ്, ടീച്ചിങ്ങ് റിലീജിയൻ വിത്ത് കളേഴ്‌സ് എന്നിങ്ങനെ മതവുമായി ബന്ധപ്പെട്ട, പലപ്പോഴും മതങ്ങളുടെ ദാർശനിക വശവുമായി ബന്ധപ്പെട്ട, നിരവധി കവിതകൾ തന്റെ കാവ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഗോപാൽ എഴുതിയിട്ടുണ്ട്. അവയിൽ പലതും ഹാസ്യോത്പാദന കവിതകളും ആണ്. "ചുണ്ടിന്റെ കോണിലൊരു പരിഹാസമുദ്ര നീ കാണും ' എന്ന മട്ടിലെഴുതപ്പെട്ട കവിതകൾ തൊട്ട് ഒരു പുഞ്ചിരിയിലേക്ക് നമ്മെ ഉയർത്തിവെക്കുന്നവരെ ഇമ്മട്ടിലുള്ള കവിതകളിൽ കാണാം. ഇതിനൊരു ഉദാഹരണമാണ് "കഴുതകൾ' എന്ന കവിത. "ഇതൊരു പക്ഷേ, ഐതിഹ്യമാകാം' എന്ന വരിയിൽ തുടങ്ങുന്ന കവിതയിൽ പേരറിയാത്ത ടിബറ്റൻ കവി കവിതകൾ എഴുതിക്കൂട്ടുന്നു. 89 വയസ്സായപ്പോൾ, കണ്ണാടി പോലെ തിളങ്ങുന്ന മൊട്ടത്തലയുമായി മരണത്തിലേക്ക് പോകുമ്പോൾ, മൂന്ന് കഴുതയുടെ പുറത്തേറ്റാൻ മാത്രം കവിതകൾ അയാൾ എഴുതിക്കഴിഞ്ഞിരുന്നു ( Three donkey loads of the poem എന്ന് ഗോപാൽ ). ഒരു ബുദ്ധാലയത്തിന് അവ കൊടുക്കാം എന്ന് കരുതി മൂന്ന് കഴുതകളെ വാടകയ്‌ക്കെടുത്ത് അവയുടെ പുറത്ത് കവിതച്ചാക്കുകൾ വെച്ചുകെട്ടി അയാൾ യാത്രയാരംഭിയ്ക്കുകയാണ്. ദൈവം പോലും വിറങ്ങലിക്കുന്ന മഞ്ഞു കാലമായിരുന്നു. വയസ്സൻ വിറയ്ക്കാൻ തുടങ്ങി. സഹിക്കവയ്യാതായപ്പോൾ ഒരു കവിതക്കെട്ടെടുത്ത് അയാൾ തീയിട്ട് കാഞ്ഞു. തണുപ്പകറ്റി. വീണ്ടും യാത്ര തുടരുമ്പോൾ ഒരു വിചാരം അയാളെ ഗ്രസിച്ചു. അയാളുടെ ഒരു കവിതയിലെ കഴുതകളെപ്പോലെ ഈ കഴുതകളും വിറയ്ക്കുകയായിരുന്നു. മറ്റ് രണ്ട് കവിതക്കെട്ടുകളും കത്തിച്ച് അയാൾ കഴുതകളെ നിർബന്ധിതമായി തീക്കായിച്ചു. മൂന്നു കഴുതകളും തീയ്ക്ക് ചുറ്റും ത്രിത്വം ചമച്ചു നിന്നു.

വിമർശകർ പറയുന്നു ഭാവിതലമുറ കണ്ടെടുത്ത അയാളുടെ കവിതയുടെ കത്തിപ്പോകാത്ത ഒരു വരി മതിയായിരുന്നു അയാളുടെ കാഴ്ചപ്പാട് മുഴുവൻ വ്യക്തമാക്കാൻ നിങ്ങൾ സഞ്ചരിച്ച കഴുതയെ നിങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു

ഒരു പക്ഷെ, കവിതയെക്കുറിച്ചുള്ള ഗോപാലിന്റെ നിർവ്വചനവും അതാകാം. ഒരിക്കലും പിടികിട്ടാത്ത ഒന്നും എന്നാൽ നിരന്തരം ഉപയോഗിക്കുന്ന ഒന്നുമായി ഭാഷയെ കവിത മാറ്റുന്നു. യാഥാർത്ഥ്യം എന്ന് കാലാകാലങ്ങളായി നമ്മൾ ഉറപ്പിച്ചതിനെപ്പോലും കവിത ഇളക്കി മാറ്റുന്നു. ഭാഷയെ ഒരിടത്തും ഉറപ്പിക്കാൻ സമ്മതിക്കാതിരിക്കുന്നത് കവിതയാണെന്ന് ഗോപാലിന്റെ കവിത വായിക്കുമ്പോൾ നമുക്ക് തോന്നും. അമ്മ എന്നൊരു കവിതയുണ്ട് ഗോപാലിന്റെ. ശ്രദ്ധിക്കണം, Mother എന്നല്ല കവിതയുടെ പേര്. Amma എന്ന് തന്നെയാണ്. അതിന്റെ പൂർണവിവർത്തനം താഴെക്കൊടുക്കുന്നു:

അമ്മ

നമ്മുടെ എല്ലുകൾ കോച്ചുമ്പോൾ കിടക്കയിൽ ചുരുണ്ടുകൂടി നാം മുരളുന്നു അമ്മാ... അമ്മാ അപ്പോൾ വേറെ എവിടെയോ നിന്ന് നമ്മുടെ അമ്മമാരും അമ്മാ ... അമ്മാ എന്ന് മുരളുന്നത് നാം കേൾക്കുന്നു അത് പോലെ അമ്മൂമ്മമാരും അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ

നമുക്കെല്ലാവർക്കും ഒരേ ഒരു മഹാ മഹാ മാതാമഹിയേ ഉള്ളു. അവരും മുരളുകയാണ് അതുകൊണ്ടാണ് സീത ഇനിയും വേദന സഹിക്കില്ലെന്നായപ്പോൾ മണ്ണിനോട് ചേർന്നത്

ഈ കവിത വായിക്കും വരെ, വേദനിക്കുമ്പോൾ വിളിച്ചു കരഞ്ഞിരുന്നത് സ്വന്തം അമ്മയെ ആയിരുന്നു എന്നാണ് നാം കരുതിയിരുന്നത്. ഏറ്റവും ചുരുങ്ങിയത് ഞാനെങ്കിലും അങ്ങനെ കരുതിയിരുന്നു. എന്നാൽ ആ വിളി വേദനയകറ്റാനുള്ള ഭാഷയുടെ മന്ത്രവാദ ചികിത്സയാണ് എന്ന് ഗോപാൽ ബോധ്യപ്പെടുത്തി തരുന്നു. ആ വിളി ഉൾക്കൊള്ളുന്ന ഭാഷ പൊട്ടിമുളച്ചതാകട്ടെ മണ്ണിൽ നിന്നും. ഒരു സസ്യത്തെപ്പോലെ അവസാനം മണ്ണിലേയ്ക്ക് തളർന്നുവീണ സീതയുടെ ബിംബം വരുന്നതോടെ ഇന്ത്യയുടെ മനസ്സിൽ ഉറച്ച സീതാ ബിംബത്തിനും ഇളക്കം തട്ടുന്നു.

ഈ സീത പത്‌നിയല്ല. അമ്മയാണ്. മേഘനാഥ് സാഹ സീതയെപ്പറ്റി എഴുതിയ കുറിപ്പിൽ സീതയുടെ മാനസികബലത്തെ കാണിക്കാനായി അവർ ഗർഭത്തെ എങ്ങനെ നിയന്ത്രിച്ചു എന്നത് ഉദാഹരിക്കുന്നുണ്ട്. ആദ്യവർഷങ്ങളിൽ അയോധ്യയിൽ രാമനൊത്ത് കഴിയുന്ന കാലത്തോ, വനവാസകാലത്തോ സീത ഗർഭം ധരിക്കുന്നില്ല. അതായത്, വിവാഹം കഴിഞ്ഞ് ഏതാണ്ട് 25 വർഷങ്ങൾക്ക് ശേഷമാണ് സീത ലവകുശന്മാരെ ഗർഭം ധരിക്കുന്നത്. എന്നു പറഞ്ഞാൽ രാമൻ രാവണനെ പരാജയപ്പെടുത്തി തിരിച്ചെത്തി അയോധ്യയുടെ രാജസ്ഥാനം ഏറ്റെടുത്തതിനുശേഷം.

സുരക്ഷിതമായ ഒരു ജീവിത സാഹചര്യം ഉറപ്പിച്ചതിനുശേഷം മാത്രമേ ഗർഭം ധരിക്കാൻ സീത തീരുമാനിക്കുന്നുള്ളു. അത്രക്കും കരുതലുള്ള അമ്മയെ മറന്നുവെച്ചുകൊണ്ടാണ് നാം സീതയെ നിതാന്തപത്‌നിയാക്കിയത്. ഗോപാൽ ഈ കവിതയിൽ നീക്കുന്നത് രണ്ട് ഉറച്ചുപോയ കല്ലുകളെ ആണെന്ന് പറയാം. ഒന്ന്, നമ്മുടെ മനസ്സിൽ ഉറച്ചുപോയ അമ്മ ബിംബത്തെ. രണ്ടാമതായി സീതാ ബിംബത്തെ. നാമെല്ലാം സീതയുടെ മക്കളാണ് എന്ന് മാത്രമല്ല, ഗോപാൽ പറയുന്നത്. നമ്മുടെ അമ്മമാരും അമ്മൂമ്മമാരും മുതു മുതു മുത്തശ്ശിമാരും സീതയുടെ മക്കൾ ആണെന്നാണ്. സീതയാകട്ടെ മണ്ണിന്റെ മകളും. മണ്ണിന്റെ മക്കൾ എന്ന ശൈലിയെ ഭാഷാപരമായി അഴിച്ചഴിച്ചെടുക്കുകയാണ് ഗോപാൽ ചെയ്യുന്നത്. എന്നാൽ ചില കവിതകളിൽ ഈ അഴിച്ചെടുക്കുന്ന ഭാഗം നമുക്കു വിട്ടുതരുന്നു. "ചെയ്യാം ,ചെയ്യരുത്' എന്ന കവിത ഇങ്ങനെ:

സെൻ ബുദ്ധാലയത്തിന്റെ മതിലിലെ വലിയ പോസ്റ്റർ പറയുന്നു "ദയവായി പരസ്യം പതിയ്ക്കരുത്'

ആദ്യകാല കവിതകളിൽ ഗോപാലിന്റെ നിരന്തരമാവർത്തിക്കുന്ന കാവ്യപ്രമേയം നഗരം ആണ്. നഗരത്തിന്റെ ചലനങ്ങളേക്കാൾ അതിന്റെ വെറുങ്ങലിപ്പുകൾ ആണ് ഗോപാലിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

പാർക്കുകളിൽ കൂട്ടിലാക്കപ്പെട്ട മരങ്ങൾ വസന്തത്തിലെ നിശ്ചല പുഷ്പം മൃഗശാലയിൽ തടവിലാക്കപ്പെട്ട മയിലിന് നാലു പിടകൾ കൂടെയുണ്ട് എങ്കിലും അവൻ പീലി വിടർത്തുന്നു, നൃത്തം ചെയ്യുന്നു ഇണയ്ക്ക് വേണ്ടി കാത്തിരിയ്ക്കുന്നു.

നഗരകവിതകളിൽ പെടുത്താവുന്ന മറ്റൊന്ന് താഴെക്കൊടുക്കുന്നു

അങ്ങ് അത് ചെയ്യും

മഴ പെയ്യും കടുവകളുടേയും മയിലുകളുടേയും ആനകളുടേയും സിംഹങ്ങളുടേയും ആകൃതിയിൽ മുറിക്കപ്പെട്ട് പാർക്കിൽ നിൽക്കുന്ന ചെടികൾക്കുമേൽ. മഴ പെയ്യും മഴ പെയ്യും ചെടികൾ വീണ്ടും ചെടികൾ ആയിത്തീരും.

പ്രാകൃതവും സാംസ്‌ക്കാരികവുമായ ചോദനകളെ ഇങ്ങനെ എതിർനിർത്തുന്ന സ്ഥലമായിട്ടാണ് നഗരം പലപ്പോഴും ഗോപാലിന്റെ കവിതയിൽ വരുന്നത്. നഗരത്തിലെ തോട്ടക്കാർ യഥാർത്ഥത്തിൽ മഴയോടും കൂടിയാണ് പൊരുതുന്നത്. നഗരത്തിലെ കച്ചവടവും കുടുംബ ജീവിതവും ഉദ്യാനങ്ങളും മൃഗശാലകളും യന്ത്രങ്ങളും മാത്രമല്ല ഗോപാലിന് കാവ്യ വിഷയമാകുന്നത്. അധ്യാപനം പോലുള്ള പ്രത്യയശാസ്ത്ര ഉപാധികൾ കൂടിയാണ്. നിരന്തരം ഒരേ ദിശയിൽ ആവർത്തിക്കപ്പെടുന്ന ആശയം പ്രത്യയശാസ്ത്രത്തെ ഉല്പാദിപ്പിക്കുകയും നിലനിർത്തുകയും മാത്രമല്ല, അതിനെ ശിക്ഷാവിധിയാക്കി മാറ്റുകയും ചെയ്യുന്നു. ഇക്കാര്യം ഗോപാലിന് ഇഷ്ടമുള്ള സ്വർഗ്ഗ , നരക ഭാവനകളുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ താഴെപ്പറയുന്ന കവിത കിട്ടും.

വിരസതയുടെ ലംഘനം

നരകത്തിലെ മേത്തൻ മണിയ്ക്കുപോലും ചിരിയ്ക്കുന്ന മുഖമാണ്. അതിന്റെ കൈകൾ സമയത്തോടൊപ്പം അവിരാമം ചലിച്ചുകൊണ്ടിരിക്കുന്നു. നാലുമണിയ്ക്ക് വാർഡൻ പറയുന്നു: കുട്ടികളേ, നരകം വിട്ടിരിയ്ക്കുന്നു. നിങ്ങൾക്ക് വീട്ടിൽ പോകാം.കളിയ്ക്കാം.

പക്ഷേ, ഇതെന്തൊരു നരകമാണ്. ""രാമൻ നല്ലൊരു കുട്ടിയാണ് രാമൻ നല്ലൊരു കുട്ടിയാണ് രാമൻ നല്ലൊരു കുട്ടിയാണ്...'' ഞാൻ വീണ്ടും വീണ്ടും വീണ്ടും എഴുതേണ്ടിയിരിക്കുന്നു കോപ്പിപ്പുസ്തകത്തിൽ അതേ വാചകം. മാഷിന് ഒരു കലാകാരന്റെ മുഖമുണ്ട്. മാഷിന് ഹിറ്റ്‌ലർമീശയുണ്ട്. ഞാൻ കോപ്പി എഴുതാറില്ല. ചില ദിവസം മാഷ് എന്റെ ചെവികളെ ഇടത്തോട്ട് തിരിയ്ക്കും. ചില ദിവസം വലത്തോട്ട്. ചില ദിവസം എന്റെ ഇടത്തേ ചെവി വലത്തോട്ടും വലത്തേ ചെവി ഇടത്തോട്ടും.

ഞാൻ കോപ്പി എഴുതാറില്ല. ഓരോ ദിവസവും ഒരു വേദനയെങ്കിലും വ്യത്യസ്തമായി ഞാൻ അനുഭവിക്കട്ടെ.

വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന നവോത്ഥാനത്തിന്റെ കേന്ദ്രവാക്യം, കെട്ടിടങ്ങളും ക്ലാസ് മുറികളും ഹിറ്റ്‌ലർ മീശയുള്ള കലാകാരന്മാരായ മാഷമ്മാരും കൈയ്യടക്കുകയും കുറ്റത്തിന്റേയും ശിക്ഷയുടേയും നിരന്തര ആവർത്തനങ്ങളിലൂടെ പ്രത്യയശാസ്ത്ര ഉപാധിയും ആയിത്തീരുന്ന കാലത്തെ സ്‌കൂൾ കാഴ്ച ഇതിലും മനോഹരമായി പറയാനില്ല. ഏകതാനമായ ശിക്ഷയുടെ വിരസതയിൽ നിന്ന് കുട്ടി രക്ഷപ്പെടുന്നത് പ്രത്യയശാസ്ത്ര നിർമ്മിതിയെ നിരാകരിച്ചാണ്. രണ്ട് ഹൈക്കുകൾ എന്ന കവിതയിലെ ആദ്യ ഖണ്ഡികയും മറ്റൊരു തരത്തിൽ ഈ ശിക്ഷകമാഷിനെ കാണിച്ചുതരുന്നു.

കുട്ടികളേക്കാൾ വലിയ ഒച്ച ഉണ്ടാക്കി സ്‌കൂൾ മാഷ് അട്ടഹസിച്ചു. "മിണ്ടാതിരിയ്ക്കൂ .. മിണ്ടാതിരിയ്ക്കൂ ..മിണ്ടാതിരിക്കൂ'

ശിക്ഷകൻ ശിക്ഷകനാകുന്നത് ഒരേ അധികാരം ദുർവിനിയോഗം ചെയ്യാനുള്ള സ്വാതന്ത്ര്യം ആർജ്ജിച്ചു കൊണ്ട് കൂടിയാണ്. മിണ്ടൽ എന്ന സംസ്‌കാരത്തിന്റെയും മാനവികതയുടേയും ആദ്യ പ്രകടനങ്ങൾ കുട്ടികളിൽ നിന്ന് കവർന്നെടുക്കപ്പെടുകയാണ്. അധ്യാപനം എന്ന പ്രക്രിയയെ നമ്മളിൽ സമൂഹം വിക്ഷേപിച്ചിരിക്കുന്ന ചിത്രണത്തിനെ മറിച്ചിടുകയാണ് ഗോപാൽ ഇവിടെ ചെയ്യുന്നത്. അറിവിന്റെ വിതരണം നടത്തുന്ന ആളല്ല അധ്യാപകൻ. ക്ലാസ്സ് മുറിയിൽ അരങ്ങേറുന്നതും അതല്ല. ക്ലാസ്സ് മുറികൾ ഒരുറപ്പാണ് ഭരണകൂടത്തിന് നൽകുന്നത്. സ്വാതന്ത്ര്യവാഞ്ഛയെ മുച്ചൂടും കവർന്നെടുക്കുന്നതിലൂടെ ഒരു കുട്ടിയെ പ്രജയാക്കി മാറ്റുക എന്ന പ്രവൃത്തി നിരന്തരമായ ആവർത്തനങ്ങളിലൂടെ അവിടെ നടപ്പാക്കും. ഒരു റിങ്ങ് മാസ്റ്ററിൽ നിന്ന് അധ്യാപകനിലേയ്ക്കുള്ള ദൂരം അയാൾ കൈകാര്യം ചെയ്യുന്നത് മൃഗങ്ങളെയല്ല എന്ന് മാത്രമാണ്.

ആശയങ്ങളുടെ ലോകത്തേക്കാൾ ഗോപാലിന് പ്രിയപ്പെട്ട ഒരിടം ആശയത്തിന്റെ ജനനം, മരണം, വിതരണം തുടങ്ങിയ കാര്യങ്ങളെ നിരീക്ഷിക്കുക എന്നാണ്. അതിനാൽ വികാരം, ചിന്ത തുടങ്ങിയ മനുഷ്യോള്ളടക്കത്തിന്റെ പ്രധാനപ്പെട്ട അംശങ്ങളെ അതിൽത്തന്നെ പൊലിപ്പിച്ചല്ല ഗോപാൽ കാവ്യാനുഭവം ആക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ കൊണ്ട് നിർത്തിയാണ്. താഴെക്കൊടുക്കുന്ന കവിതകൾ അതിന് ഉദാഹരണങ്ങൾ ആണ്.

ആപ്പിൾക്കാതലിലെ മരണം

അങ്ങനെ, ഒരു രാത്രിയിൽ മരണമെന്നു പേരുള്ള ഒരു രാത്രിപ്പാറ്റ പച്ച ആപ്പിളിന്റെ കാതലിലേയ്ക്ക് ഒരു തുരങ്കം കുഴിച്ചു. അതിന്റെ വിത്തുകളെത്തിന്ന് പകരം രണ്ടു മുട്ടകളിട്ട് പറന്നുപോയി.

ഇങ്ങനെ, പഴയ ആദം ചുവന്നുപഴുത്ത ആപ്പിൾ രണ്ടായി മുറിച്ചപ്പോൾ പ്രിയപ്പെട്ട ഹവ്വയുടെ കണ്ണുകൾ പോലെ കറുത്ത രണ്ടു രാത്രിപ്പാറ്റകൾ പറന്നുപോകുന്നതു കണ്ടു. അത്ഭുതപ്പെട്ട്, അയാൾ ചോദിച്ചു.

""എങ്ങനെ ഈ പാറ്റകൾ ആപ്പിൾക്കാതലിൽ കടന്നു? ഒരു ദ്വാരം പോലും നിർമ്മിക്കാതെ?

നമ്മുടെ തലയിൽ പൊടുന്നനെ കടന്നെത്തുന്ന ആലോചനകൾ പോലെ.''

ഉത്ക്കടവികാരത്തിന്റെ രണ്ടു മുഖങ്ങൾ

എന്റെ പാദങ്ങൾക്കടിയിൽ ഒരു മണ്ണിര എവിടെ നിന്ന് എവിടെയ്‌ക്കെന്നില്ലാതെ മണ്ണിലൂടെ അതിന്റെ വഴി തേടുന്നു. എന്റെ തലയ്ക്കു മുകളിൽ ചെറിയ ചാരനിറമുള്ള ഓരോന്നും 25ഗ്രാം തൂക്കം വരുന്ന ചില പ്രത്യേക ദേശാടനപ്പക്ഷികൾ (അവയുടെ പേർ ഞാനോർക്കുന്നില്ല) 3000മൈലുകളുടെ ഒറ്റപ്പറത്തത്തിനു ശേഷം 13ഗ്രാം മാത്രം തൂക്കമായി ലക്ഷ്യത്തിലെത്തുന്നു.

അവസാനകവിതകളിൽ എത്തുമ്പോൾ അനുഭവങ്ങളെ കുറേക്കൂടി സമീപദൃശ്യത്തിൽ പരിശോധിക്കുന്ന രീതി ഗോപാലിൽ സാന്ദ്രമാകുന്നു. അവസാന കവിതകൾ സുഹൃത്തുക്കൾക്കയച്ച കത്തുകളുടെ ഭാഗമായിരുന്നു എന്ന് നേരത്തെ പറഞ്ഞല്ലോ. അവയിൽ പ്രധാനപ്പെട്ട ഒന്ന് 1994 ൽ 8 വയസ്സുള്ള മകൻ ധന്വിത് പട്യാലയിൽ വെച്ച് ഒരു അപകടത്തിൽ മരിച്ചപ്പോൾ എഴുതിയ കവിതയാണ്.

അനുശോചനം

ചിലർ കാട്ടുപൂച്ചകളാൽ ഭക്ഷിക്കപ്പെടുന്നു ചിലർ ചീറ്റുന്ന പാമ്പുകളാൽ വിഴുങ്ങപ്പെടുന്നു ചിലവ കരുത്തരായ പരാദങ്ങളാൽ പുറത്താക്കപ്പെടുന്നു ചിലത് കൂടുതൽ വലിയ പക്ഷികളാൽ മരണത്തിലേയ്ക്ക് കൊത്തിയെടുക്കപ്പെടുന്നു
പട്ടിണിയാൽ, രോഗങ്ങളാൽ ശരിയായ കൂട് ഇല്ലാത്തതിനാൽ, ആത്മഹത്യാ പ്രവണതകൊണ്ട്, സ്വന്തം നിഴലാൽ കൊത്തിയെടുക്കപ്പെട്ട്, തെറ്റായി നയിക്കപ്പെട്ട കുടിയേറ്റങ്ങളാൽ, അവിചാരിത ഋതുക്കളാൽ, മാരക കാലാവസ്ഥയാൽ, അല്ലെങ്കിൽ പോറ്റമ്മ ഏതെങ്കിലും കൊടുങ്കാറ്റിൽ വഴിതെറ്റി നഷ്ടപ്പെട്ടതിനാൽ മറ്റു ചിലർ രേഖപ്പെടുത്തപ്പെടാതെ മരിക്കുന്നു

ചിലർ തീർച്ചയായും, മനുഷ്യരുടെ ദുഷിപ്പിക്കലുകളാൽ, പരദ്രോഹ പ്രവണതയാൽ അല്ലെങ്കിൽ പാത്രങ്ങൾക്ക് വേണ്ടി കൊല്ലപ്പെടുന്നു

പക്ഷെ, ചില പക്ഷിക്കുഞ്ഞുങ്ങൾ പറക്കമുറ്റും മുമ്പേ കൂട്ടിന് പുറത്തേയ്ക്ക് എടുത്തുചാടുന്നു ഒന്നും, ഒന്നും അവരെ രക്ഷിക്കാൻ എത്തുന്നില്ല

ഭൂമി പോലും

വെളിച്ചം പോലും

പകൽ വെളിച്ചത്തിൽ ഭൂമിയെക്കാണാൻവേണ്ടി അവയെ പുറത്തിറക്കിവിട്ട അതേ ജിജ്ഞാസ പോലും

വേദന, ഭാഷയുടെ ദ്രവ സ്വഭാവത്തിൽ വെച്ചാണ് പൊതുവേ കവിതയിൽ കൈകാര്യം ചെയ്യുന്നതെങ്കിൽ, ഇവിടെ അത് ഭാഷയുടെ ഖര സ്വഭാവത്തിൽ വെച്ചാണ് കൈകാര്യം ചെയ്യുന്നത്. മരവിപ്പിച്ച ഭാഷയുടെ ഒരു കോച്ചൽ വരികളിൽ എമ്പാടും ഉണ്ട്. പൊടുന്നനെയുള്ള മരണം പോലെ അതിവേഗത്തിലുള്ള ഒരു ചലനം അതിന്റെ ആഴം നഷ്ടപ്പെടാതെ തന്നെ ഫ്രീസ് ചെയ്തു നിർത്തുന്ന ഒരു രചനാരീതി ഇതിൽ കാണാം. റോഡപകടം പോലെ പുത്തനായ ഒരു മരണത്തെ പറക്കമുറ്റാത്ത കിളിക്കുഞ്ഞിന്റെ വീഴ്ച പോലെ പ്രാചീനമായ ഒന്നായി ചേർത്തു നിർത്തുക വഴി മരണത്തിന്റെ ഒരു ആർക്കൈവ് ആയി കവിത മാറുന്നു. ആ ആർക്കൈവിലെ സന്ദർശകർ ആയി വായനക്കാരും ഗൈഡ് ആയി കവിയും മാറുന്നു.

ഭാഷകൊണ്ട് ഇൻസ്റ്റലേഷനുകൾ സൃഷ്ടിക്കുന്ന രീതി അവസാനകാല കവിതകളിൽ ഗോപാൽ സമൃദ്ധമായി ഉപയോഗിക്കുന്നത് കാണാം. ആദ്യകാല കവിതകളിലെ വിശദീകരണ സ്വഭാവവും തത്വശാസ്ത്രത്തിന്റെ തലത്തിലേയ്ക്കുള്ള ആഭിമുഖ്യവും അവസാനകാല കവിതകളിൽ കുറഞ്ഞു കുറഞ്ഞു വരുന്നു. ഭാഷയുടെ സകലമാന സാധ്യതകളും ഉപയോഗിച്ചുള്ള ഇൻസ്റ്റലേഷനുകൾ ഉണ്ടാക്കുന്നത് വഴി ഗോപാലിന്റെ കവിതയ്ക്ക് പണ്ടേ ഉണ്ടായിരുന്ന ദൃശ്യപരത ഒന്നുകൂടി വർധിക്കുന്നു. ദി ബൈസിക്കിൾ എന്ന കവിതയിൽ സൈക്കിളുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ ഇൻസ്റ്റലേഷൻ ധാരാളം കാണാം. ചെറുപ്പത്തിൽ അച്ഛന്റെ ഓഫീസ് സൈക്കിൾ ഒളിച്ചു ചവിട്ടുന്ന കവിതാനായകന് മേൽ ലോറി തട്ടുന്നു. മുറിഞ്ഞ മുട്ടും കേടായ സൈക്കിളുമായി തിരിച്ചെത്തുന്ന കുട്ടിയ്ക്ക് ശകാരം കിട്ടുന്നെങ്കിലും മെട്രിക്കുലേഷൻ ഒന്നാം സ്ഥാനത്തോടെ ജയിച്ചപ്പോൾ അതേ അച്ഛൻ സൈക്കിൾ വാങ്ങിക്കൊടുക്കുന്നു. അതിൽ ബാലൻസ് ചെയ്ത് ജീവിതത്തിലൂടെ സൈക്കിൾ ഓടിയ്ക്കുന്ന നായകന് കിട്ടുന്ന ഉപദേശം ഇടത്തോട്ട് ചെരിഞ്ഞു വീണാൽ പ്രാരാബ്ധങ്ങൾ തകർത്തുകളയും എന്നാണ്. അയാൾ സൈക്കിളിൽ നിന്ന് വീണില്ല. അല്ലെങ്കിൽ ഭാഗികമായേ വീണുള്ളു. അയാളുടെ കോളേജ് മേറ്റ് വാസു ആകട്ടെ വലത്തോട്ട് കരേറുകയും രാജ്യത്തെ നിയന്ത്രിക്കുന്ന എട്ടുപേരിൽ ഒരാളായിത്തീരുകയും ചെയ്തു. വാസു അന്നേരം എന്ത് ചെയ്യുകയായിരിക്കും എന്ന വിചാരം അയാളെ വാസുവിന് അടുത്തെത്തിയ്ക്കുന്നു. അയാൾ എയർകണ്ടീഷൻഡ് റൂമിൽ ഉറപ്പിച്ച വ്യായാമത്തിനുള്ള ഒരു സൈക്കിൾ ഓടിക്കുകയാണ്. ഒരിടത്തും എത്തിക്കാത്ത സൈക്കിൾ.

വാസു കുടിച്ചിട്ടുണ്ടോ? വാസു സന്തോഷവാനല്ലേ? വാസു വീഴ്ചയെ പേടിക്കുന്നോ?

എന്ന് അവസാനിക്കുന്ന ഈ കവിതയിൽ ഭാഷകൊണ്ട് നിർമ്മിച്ച പല തരം സൈക്കിളുകളെ കാണാം. ഇങ്ങനെ അടിമുടി സൈക്കിളുകൾ നിറഞ്ഞ മറ്റൊരു കവിത ഇന്ത്യൻ ഭാഷയിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് കെ.ജി.എസിന്റെ കഴുതകളായി നടിക്കേണ്ടി വന്ന കുതിരകൾ ആണ്. ഗോപാലിന്റെ ഈ കവിതയിൽ ഉപരിവർഗത്തിൽ വിലസുന്ന വാസുവിനെക്കുറിച്ച് അധോതല മധ്യവർഗത്തിലെ നായകൻ ആലോചിക്കുമ്പോൾ അയാളെ വാസുവിന്റെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നതു പോലും ചവിട്ടാൻ ആളില്ലാത്ത സൈക്കിൾ ആണ്.

ഗോപാലിന്റെ ഒരു കവിതയിൽ (A Sea Fable) കടലിനും മീനിനും രണ്ട് വ്യത്യസ്ത വാക്കുകൾ ഭാഷയിലുണ്ട് എന്നറിയാത്ത കുട്ടി ഒരു സുവർണ്ണ മീനെ കടലിൽ നിന്നും പിടിച്ച ശേഷം അച്ഛനോട് പറയുന്നു. " ഞാൻ കടലിനെ പിടിച്ചു. ' അത്തരമൊരു അവകാശവാദത്തിന് ഒരിക്കലും ഗോപാൽ മുതിർന്നില്ല. അയാളായി തുടർന്നു. ഗോപാലിന്റെ ജീവിതം ഏതോ തരത്തിൽ വാൻഗോഗിനെ ഓർമ്മിപ്പിക്കുന്നു. സൃഷ്ടികളുടെ ഉജ്ജ്വലത ആവശ്യത്തിന് ഭൗതിക സാഹചര്യങ്ങളുടെ പ്രയോജനത്തിന് ഉപയുക്തപ്പെടുത്താൻ കഴിയാത്ത കനത്ത സർഗ്ഗാത്മക വ്യക്തിത്വത്തെ. അതേ സമയം പിൽക്കാലത്ത് വാൻഗോഗ് ചിത്രങ്ങളെ ലോകത്തിന്റെ കണ്ണിൽ നിന്നും മായ്ക്കാൻ പറ്റാത്ത വിധം അനശ്വരപ്പെടുത്തിയ ഒരു മരണാനനന്തര സാംസ്‌ക്കാരിക ദൗത്യമെങ്കിലും ഇന്ത്യയിലെ സഹൃദയരിൽ നിന്നും ആ കവിത കാത്തിരിയ്ക്കുന്നു. ▮


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments