കവിതയോടുള്ള ആഭിമുഖ്യം കവിയുടെ ഏതെങ്കിലുമൊരു പാരമ്പര്യവുമായി ബന്ധപ്പെടുത്തി നമ്മൾ ആലോചിക്കുന്നു: കുടുംബത്തിന്റെ, മുൻ കവികളുടെ സ്വാധീനങ്ങളുടെ, ജീവിക്കുന്ന കാലത്തിന്റെ എന്നിങ്ങനെ. അങ്ങനെ, കവിതയുടെ ജീവചരിത്രത്തിനുവേണ്ടി ചില പാരമ്പര്യങ്ങളെ നമ്മൾ ചിലപ്പോൾ, ഒരുപക്ഷെ എപ്പോഴും, കവിയിലോ കവിതയിലോ കണ്ടുമുട്ടുന്നു. ഇതെല്ലാം പ്രധാനങ്ങൾ തന്നെയാണ്. എന്നാൽ, കവി ‘‘പണിയെടുക്കുന്ന ഭാഷയെപ്രതി’’ ഇതിനെപ്പറ്റി ആലോചിക്കുമ്പോൾ വേറെയും വഴികൾ തെളിയുന്നു. അങ്ങനെയാണ്, ഒരിക്കൽ, ട്രൂ കോപ്പി വെബ്സീനിൽ പ്രസിദ്ധീകരിച്ച അനിത തമ്പിയുടെ ‘ഭരണഘടനയ്ക്ക് ഒരടിക്കുറിപ്പ്' എന്ന കവിത ഞാൻ വായിക്കുന്നത്: തൊട്ടുമുമ്പേ കഴിഞ്ഞ ഒരു ദിവസം നീണ്ടുനിൽക്കുന്ന ഓർമയായി കവിതയിലേയ്ക്ക് കലരുകയായിരുന്നു.
ഒരു വേർപെടൽ അനിതയുടെ കവിതകളിൽ കാണാനുമാകും. അതിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്ന്, ആധുനികതയുടെ പ്രമുഖങ്ങളായ വിഷയങ്ങൾ, നിറച്ചാർത്തോടെ നിന്ന രാഷ്ട്രീയ നിലപാടുകൾ, ബോധപൂർവ്വം ഒഴിവാക്കി എന്നതുമായിരിക്കും.
വാക്കുകളുടെ കലർപ്പിൽ നിന്ന് ഒരാൾ തന്റെ ഭാഷയിലേയ്ക്കും ഉണ്മയിലേയ്ക്കും വീണ്ടെടുക്കുന്നപോലെ ഈ കവിത രണ്ടോ മൂന്നോ പ്രാവശ്യം ഞാൻ വായിച്ചു. ‘ഭരണഘടന' എന്ന പദം ഒരു ‘രാഷ്ട്രീയസന്ദർഭ'മായി ഈ കവിതയുടെ പശ്ചാത്തലത്തിൽ നിൽക്കുന്നത് ഒരേസമയം കവിതയും ഓർമയുമായാണ് എന്ന് വിചാരിച്ചു. മാസങ്ങൾക്കുമുമ്പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ പലയിടങ്ങളിലും ഉണ്ടായ വിദ്യാർഥിപ്രക്ഷോഭത്തിന്റെ അലയുയർത്തിയ ‘സ്വാതന്ത്ര്യം' (ആസാദി) എന്ന പദം ജീവിതത്തോളവും കവിതയോളവും പോന്ന ആവശ്യമായി അപ്പോഴും കേൾക്കുന്നുമുണ്ടായിരുന്നു. അഥവാ, രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും സമകാലികമാക്കുന്ന, ഔദ്യോഗികാധികാരത്തിനുപുറത്ത് പ്രത്യക്ഷപ്പെടുകയും നിൽക്കുകയും ചെയ്യുന്ന, ഒരു രാഷ്ട്രീയശക്തി ആ പ്രക്ഷോഭത്തിനുണ്ടായിരുന്നു. ഇന്ത്യൻ ‘ഭരണഘടനയുടെ ആമുഖ'മായിരുന്നു യുവാക്കൾ തെരുവിലും കലാലയങ്ങളിലും അക്കാലത്ത് അവതരിപ്പിച്ചത്. അനിത തമ്പിയുടെ കവിത ആമുഖമായല്ല, അടിക്കുറിപ്പായാണ് ഈ ഓർമയെ സന്ദർശിച്ചത്.
ഞാൻ വിചാരിച്ചു.
കവിത ഓർമയുടെ പ്രവർത്തിസ്ഥലം തന്നെ.
ഞാൻ വിചാരിച്ചു. എല്ലാ ഓർമകളും ഭാവനയുടെ അവസരങ്ങളുമാകുന്നു എന്നും.
ഞാനൊരിലയാണെന്നിരിക്കട്ടെ 2 എന്റെ പുഴുവിനെയൂട്ടും3 പോലെ എളുപ്പമല്ല എനിക്കെന്റെ പൂവിനെയുണർത്താൻ. 4,5,6
ഇങ്ങനെ എഴുതിയ മൂന്നുവരികൾക്കുശേഷമാണ് ബാക്കിയുള്ള വരികൾ അടിക്കുറിപ്പുകളായി ഈ കവിതയിൽ വരുന്നത്. കവിതയിൽ 1, 2, 3, 4, 5, 6 എന്ന് അക്കമിട്ട് എഴുതിയ വരികൾ ഈ മൂന്നുവരികളുടെയും കവിതയുടെ പേരിന്റെയും ‘വിശദീകരണ'മാണ്. പരിചയമുള്ള വാക്കുകൾ, പരിചിതമായ സന്ദർഭങ്ങൾ, എന്നാൽ ഇവയൊക്ക അപരിചിതമാക്കപ്പെടുന്ന ഒരു ക്രമം കവിത നൽകുന്നു. എങ്കിൽ ഈ അപരിചിതത്വത്തെ, ആ അകലത്തെ പറയുകയാണ് പിന്നെ.
‘ഭരണഘടനയ്ക്ക് ഒരടിക്കുറിപ്പ്' എന്ന കവിതയുടെ പേരിലെ, ‘ഭരണഘടന' എന്ന വാക്കിനാണ് ആദ്യത്തെ അടിക്കുറിപ്പ്. അതിങ്ങനെയാണ്: ‘ഭ, ഘ, ഘ യോട് ചേർന്നു വരുന്ന ട എന്നീ ശബ്ദങ്ങളാൽ ഗരിമയുള്ള വാക്ക് എന്ന നിലയിൽ ഭരണഘടന എന്നെഴുതി എന്നു മാത്രം. മറ്റ് പല ഘടനകൾക്കും ഈ അടിക്കുറിപ്പ് യോജിച്ചെന്നുവരും.'
നേരിട്ടല്ല, പരോക്ഷവുമായല്ല ഗരിമയുള്ള ഈ വാക്ക്, ‘ഭരണഘടന', കവിതയിൽ പ്രവർത്തിക്കുന്നത്. പകരം, നമ്മൾ ഓർക്കുന്ന, നമ്മെ ചിട്ടപ്പെടുത്തുന്ന പല ഘടനകൾക്കും അത് യോജിക്കുമെന്ന് സൂചിപ്പിക്കുന്നു.
ജീവിതത്തെ പരിഷ്‌കൃതവും സമകാലികവുമാക്കുന്ന ഒരു സ്വഭാവത്തിലേക്ക് പൗരജീവിതത്തിന്റെ പ്രവേശം ‘ഭരണഘടന' എന്ന പദം വാഗ്ദാനം ചെയ്യുന്നു. അനിത പറയുന്നത് ആ പദത്തിലെ ചില അക്ഷരങ്ങളെപ്പറ്റിയാണ്. ഭ, ഘ, ഘ യോട് ചേർന്നു വരുന്ന ട എന്നീ ശബ്ദങ്ങളാൽ ഗരിമയുള്ള ഒരു വാക്ക്, അത്രമാത്രം. മറ്റൊന്നുമല്ല. മറ്റൊന്നുമില്ല എന്നുമാത്രമല്ല, അത്രമാത്രമേ ഈ വരിയിലുള്ളൂ എന്നാണ് അവർ പറയുന്നത്. എന്നാൽ, ഒച്ചയിൽ തനിയെ തനിയെ സ്വതന്ത്രമാകുന്ന അക്ഷരങ്ങൾ ഒരു വാക്കിനെയും ഒരു സന്ദർഭത്തെയും ആവിഷ്‌ക്കരിക്കുന്നത് വായനയുടെ അവകാശമായി ഉറപ്പുവരുത്തുകയും ചെയ്തിരിക്കുന്നു.
കവിതയിൽ ഇതെനിക്കിഷ്ടമായ നിമിഷമാണ്. എന്തെന്നാൽ, ‘ഉറപ്പുവരുത്തുക' (ensure) എന്ന പദം നമ്മുടെ സാമൂഹ്യബന്ധങ്ങളെ പലപ്പോഴും നിർവചിക്കുന്ന ക്രിയാപദം കൂടിയാണ്. അത്രയും നല്ല രാഷ്ട്രീയമാണത്. കവിതയുടെ തലക്കെട്ടിലും ആദ്യത്തെ അടിക്കുറിപ്പിലും ധ്വനിയായി ഇത് ‘ഉറപ്പുവരുത്തി'യിരിക്കുന്നു.
മലയാള കവിതയിൽ പ്രബലമായിരുന്ന ‘ആധുനികത'യുടെ വിവിധ നിറവേറലുകൾക്കുശേഷമാണ് അനിത തമ്പിയുടെ കവിതകൾ നമ്മൾ വായിക്കാൻ തുടങ്ങുന്നത്.
കവിതയുടെ ആദ്യത്തെ വരിയ്ക്കാണ് ( ‘ഞാനൊരിലയാണെന്നിരിക്കട്ടെ') രണ്ടാമത്തെ അടിക്കുറിപ്പ്. അത് ‘ഞാൻ' ആരാണ് എന്ന് സങ്കൽപ്പിക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ, ഈ കവിതയിൽ, ‘ഒരു ഇല' എന്നിരിക്കട്ടെ എന്നാണ് പറയുന്നത്: ‘ഞാൻ എന്നു വച്ചാൽ ഞാൻ മാത്രം, ഈ രാജ്യത്തെ മുഴുവൻ പൗരർ എന്നർത്ഥമില്ല, എന്റെ തലമുറ എന്നർത്ഥമില്ല, ലിംഗപദവിയിലോ മതവിശ്വാസത്തിലോ സ്വഭാവത്തിലോ തൊഴിലിലോ ജീവിക്കുന്ന പ്രദേശത്തിലോ എന്നെപ്പോലെയുള്ളവർ എന്നും അർത്ഥമില്ല. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, അന്തസ്സ്, നീതി എന്നിങ്ങനെയുള്ള ആഗ്രഹങ്ങളോടുകൂടിയ ഞാൻ എന്നും അർത്ഥമില്ല. എല്ലാം അംഗീകരിച്ച്, നിയമമാക്കി, സ്വയം സമർപ്പിച്ച്, പാലിച്ചു പോരുന്ന ഞാൻ. വെറും ഞാൻ.' ഇതാണ് ആ അടിക്കുറിപ്പ്. തന്നെ ആവിഷ്‌കരിക്കുന്ന, തന്റെ മുഴുവൻ പ്രകാശനത്തെ സാധ്യമാക്കുന്ന, തന്റെ ചൈതന്യത്തെ പ്രകടിപ്പിക്കുന്ന, തന്റെ അന്ത്യത്തെ മുമ്പേ കാണുന്ന വിനീതമായ ഒരു ജന്മം ‘ഇല' എന്ന രൂപകത്തിലൂടെ ഈ അടിക്കുറിപ്പ് കണ്ടെത്തുന്നു. അല്ലെങ്കിൽ, നാം കരുതുന്ന പോലെ ആ പദം, ‘ഭരണഘടന' നമ്മുടെ ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും മുങ്ങിക്കിടക്കുന്ന ഒന്നാണ്: ഒരലയിൽ, ഓരോളത്തിൽ, ഒരു ഇലയുടെ ഒഴുക്ക് കണ്ടാലായി.
പൗരജീവിതത്തിലെ അപരിചിതത്വത്തിന്റെ നിമിഷങ്ങൾ കൂടിയാണത്.
കവിതയിലെ മൂന്നാമത്തെ അടിക്കുറിപ്പ് എന്റെ ഇതുവരെയുമുള്ള വാദങ്ങളെ (അറിവിനെ) അസംബന്ധമെന്ന് വരുത്തുന്നു. കവിതയിൽ രാഷ്ട്രീയമില്ല, കവിത മാത്രമേയുള്ളൂ എന്ന് വരുത്തുന്നു. "എന്റെ പുഴു', എന്നാൽ എന്താണ്, അതിന്റെ ജന്മമെന്താണ് എന്നാണ് ഈ വരികൾ:
‘‘എന്റെ പുഴു, എന്റെ പുഴു, എന്റെ മാത്രം പുഴു. കവിത വായിക്കുമ്പോൾ ഇല്ലാത്ത നാനാർത്ഥം തേടേണ്ട കാര്യമില്ല. മാത്രമല്ല അത്തരം ശീലങ്ങൾ മാറ്റുന്നത് നല്ലതുമാണ്. വാസ്തവത്തിൽ അടിക്കുറിപ്പുകളുടെ ധർമ്മം ഉള്ള അർത്ഥം വെളിവാക്കുകയല്ല, ദുരർത്ഥ, അനർത്ഥ സാധ്യതകൾക്ക് തടയിടുകയാണ്.''
അത്രയും വിനീതമായ ഒരു ജീവിതത്തിന്റെ സ്വാതന്ത്ര്യത്തെ തടയിടുന്ന ഏതൊരു നിയമത്തെയും ഏതൊരു വ്യാഖ്യാനത്തെയും ഈ അടിക്കുറിപ്പ് ഉലയ്ക്കുന്നു. മറ്റൊരർത്ഥത്തിൽ, ജീവിതത്തിന്, അതുകൊണ്ടുതന്നെ കവിതയ്ക്കും, അനർഹമായ പദവിയൊ ജീവിതമോ വാഗ്ദാനം ചെയ്യുന്ന എന്തും ഈ ‘പുഴു' എന്ന പദം, ഒരു ‘സത്യാഗ്രഹി'യുടെ ഓർമയിൽ, നിരാകരിക്കുന്നു.
(അതിനാൽ, എന്റെ ഈ വ്യാഖ്യാനത്തെയും കവിത നിരാകരിക്കുന്നു).
പിന്നെ വരുന്ന വരികളിലും ഇതുതന്നെ ആവർത്തിക്കുന്നു. പക്ഷെ, ‘ഞാൻ' എന്ന സംജ്ഞയെ ഒരു ‘ഇടം' എന്നതിലേക്ക് ഉയർത്തിവെയ്ക്കുന്നു. മലയാള കവിതയിൽ വളരെ അപൂർവമായ ഒരു സന്ദർഭമാണത്. എന്തെന്നാൽ, കവിതയിലെ എല്ലാ വാക്കുകളെയും ഈ ‘ഞാൻ' അവയുടെ സ്വച്ഛന്ദമായ നിറവിലേക്ക് പടർത്തിയിരിക്കുന്നു.
‘‘എന്റെ പൂവെന്നാൽ എന്നോടു ചേർന്ന് ഒന്നോ പലതോ കുലകുലയായോ മൊട്ടിട്ട് വിടർന്ന് കൊഴിയുന്ന എന്റെ മാത്രം പൂവ്. അഴുകി മണ്ണോട് ചേരുന്നത്. അത് വിശേഷാൽ സൗന്ദര്യത്തിന്റെയോ പ്രതീക്ഷയുടെയോ നശ്വരതയുടെ പോലുമോ പ്രതീകമല്ല. വെറും ഒരു പൂവ് മാത്രം.''
‘‘എന്റെ ജാതി, എന്റെ മരം, എന്റെ മണ്ണ്, എന്റെ ഞരമ്പിലോടുന്ന നീര്, മുറിഞ്ഞാൽ ഒലിക്കുന്ന ചറം, എങ്ങനെ വീണാലും എന്നെ കീറാനുള്ള മുള്ള്, എന്റെ കൂറ് തുടങ്ങി ആലോചിക്കാനുള്ള വിഷയങ്ങൾ പലതുണ്ട്. വിസ്താരഭയത്താൽ അവയിലേക്ക് കടക്കുന്നില്ല. വിസ്താരഭയത്താൽ മാത്രം.''
വീണ്ടും കവിതയുടെ ആദ്യത്തെ മൂന്നുവരിയിലേക്ക് അവസാനത്തെ അടിക്കുറിപ്പിൽ കവിത എത്തുന്നത് വേറെയൊരു സാധ്യത കൂടി പറഞ്ഞുകൊണ്ടാണ്. ഇത്, കവിതയുടെ ഏത് വായനയെയും അസ്ഥിരപ്പെടുത്തുന്ന ഒരു ‘കാലഭ്രംശം' കവിതക്ക് സമ്മാനിക്കുന്നു.
‘ഇനി അഥവാ ഞാനൊരു ഇലയല്ല എന്നിരിക്കട്ടെ, അപ്പോഴും എന്റെ പുഴുവിനെയൂട്ടും പോലെ എളുപ്പമല്ല എനിക്കെന്റെ പൂവിനെയുണർത്താൻ.'
മലയാള കവിതയിൽ പ്രബലമായിരുന്ന ‘ആധുനികത'യുടെ വിവിധ നിറവേറലുകൾക്കുശേഷമാണ് അനിത തമ്പിയുടെ കവിതകൾ നമ്മൾ വായിക്കാൻ തുടങ്ങുന്നത്. അക്കാലത്തെ ചെറിയൊരു സംഘം കവികൾക്കുമൊപ്പം. കവിതയിലെ ആധുനികതയ്ക്കും അതിന് തൊട്ടുപിറകെ വന്ന ‘രാഷ്ട്രീയ-ആധുനികത'യ്ക്കും ശേഷമായിരുന്നു അത്. എന്നാൽ, ഇവയിൽനിന്ന് തീർച്ചയായും ഒരു വേർപെടൽ അനിതയുടെ കവിതകളിൽ കാണാനുമാകും. അതിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്ന്, ആധുനികതയുടെ പ്രമുഖങ്ങളായ വിഷയങ്ങൾ, നിറച്ചാർത്തോടെ നിന്ന രാഷ്ട്രീയ നിലപാടുകൾ, ബോധപൂർവ്വം ഒഴിവാക്കി എന്നതുമായിരിക്കും.
ലോകത്തോടും ദിവസത്തോടും ദിനേന പ്രതികരിച്ചു മുന്നേറുന്ന നമ്മുടെതന്നെ അസ്തിത്വമായി, (അത്രയുമല്ലെങ്കിൽ നമ്മുടെതന്നെ അപര ജീവിതമായി) രാഷ്ട്രീയത്തെ കാണൽ കവിതയ്ക്ക് പുതിയതല്ല. എന്നാൽ ശില്പവിഷയകമായ ആവിഷ്‌ക്കരണമായി (Artistic Expression) രാഷ്ട്രീയം കവിതയിൽ മാറുന്ന സന്ദർഭം ഒരു കവിതയ്ക്കും ആ മാധ്യമത്തിനും ഉണ്ടാക്കുന്ന ‘ഉയരം' എന്നും പ്രധാനമായിരുന്നു: ‘പ്രചാരണ കവിത'യിൽ നിന്ന് ‘രാഷ്ട്രീയ കവിത' വേർപെടുന്ന സന്ദർഭവും അതായിരുന്നു. നല്ല കവിത, നല്ല രാഷ്ട്രീയ കവിത കൂടിയാകുന്ന നിമിഷമാണത്. അനിത തമ്പിയുടെ ഈ കവിത അങ്ങനെയൊരു അവസരമാകുന്നു. ▮
വെബ്സീൻ 31ാം പാക്കറ്റിൽ പ്രസിദ്ധീകരിച്ച അനിത തമ്പിയുടെ കവിത:
ഭരണഘടനയ്ക്ക്1 ഒരടിക്കുറിപ്പ്
ഞാനൊരിലയാണെന്നിരിക്കട്ടെ 2
എന്റെ പുഴുവിനെയൂട്ടും3 പോലെ എളുപ്പമല്ല
എനിക്കെന്റെ പൂവിനെയുണർത്താൻ.
1. ഭ, ഘ, ഘ യോട് ചേർന്നു വരുന്ന ട എന്നീ ശബ്ദങ്ങളാൽ ഗരിമയുള്ള വാക്ക് എന്ന നിലയിൽ ഭരണഘടന എന്നെഴുതി എന്നു മാത്രം. മറ്റ് പല ഘടനകൾക്കും ഈ അടിക്കുറിപ്പ് യോജിച്ചെന്നുവരും.
2. ഞാൻ എന്നു വച്ചാൽ ഞാൻ മാത്രം, ഈ രാജ്യത്തെ മുഴുവൻ പൗരർ എന്നർത്ഥമില്ല, എന്റെ തലമുറ എന്നർത്ഥമില്ല, ലിംഗപദവിയിലോ മതവിശ്വാസത്തിലോ സ്വഭാവത്തിലോ തൊഴിലിലോ ജീവിക്കുന്ന പ്രദേശത്തിലോ എന്നെപ്പോലെയുള്ളവർ എന്നും അർത്ഥമില്ല. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, അന്തസ്സ്, നീതി എന്നിങ്ങനെയുള്ള ആഗ്രഹങ്ങളോടുകൂടിയ ഞാൻ എന്നും അർത്ഥമില്ല. എല്ലാം അംഗീകരിച്ച്, നിയമമാക്കി, സ്വയം സമർപ്പിച്ച്, പാലിച്ചു പോരുന്ന ഞാൻ. വെറും ഞാൻ.
3. എന്റെ പുഴു, എന്റെ പുഴു, എന്റെ മാത്രം പുഴു. കവിത വായിക്കുമ്പോൾ ഇല്ലാത്ത നാനാർത്ഥം തേടേണ്ട കാര്യമില്ല. മാത്രമല്ല അത്തരം ശീലങ്ങൾ മാറ്റുന്നത് നല്ലതുമാണ്. വാസ്തവത്തിൽ അടിക്കുറിപ്പുകളുടെ ധർമ്മം ഉള്ള അർത്ഥം വെളിവാക്കുകയല്ല, ദുരർത്ഥ, അനർത്ഥ സാധ്യതകൾക്ക് തടയിടുകയാണ്.
4. എന്റെ പൂവെന്നാൽ എന്നോടു ചേർന്ന് ഒന്നോ പലതോ കുലകുലയായോ മൊട്ടിട്ട് വിടർന്ന് കൊഴിയുന്ന എന്റെ മാത്രം പൂവ്. അഴുകി മണ്ണോട് ചേരുന്നത്. അത് വിശേഷാൽ സൗന്ദര്യത്തിന്റെയോ പ്രതീക്ഷയുടെയോ നശ്വരതയുടെ പോലുമോ പ്രതീകമല്ല. വെറും ഒരു പൂവ് മാത്രം.
5. എന്റെ ജാതി, എന്റെ മരം, എന്റെ മണ്ണ്, എന്റെ ഞരമ്പിലോടുന്ന നീര്, മുറിഞ്ഞാൽ ഒലിക്കുന്ന ചറം, എങ്ങനെ വീണാലും എന്നെ കീറാനുള്ള മുള്ള്, എന്റെ കൂറ് തുടങ്ങി ആലോചിക്കാനുള്ള വിഷയങ്ങൾ പലതുണ്ട്. വിസ്താരഭയത്താൽ അവയിലേക്ക് കടക്കുന്നില്ല. വിസ്താരഭയത്താൽ മാത്രം.
6. ഇനി അഥവാ ഞാനൊരു ഇലയല്ല എന്നിരിക്കട്ടെ, അപ്പോഴും എന്റെ പുഴുവിനെയൂട്ടും പോലെ എളുപ്പമല്ല എനിക്കെന്റെ പൂവിനെയുണർത്താൻ.
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.