സാഹിത്യവിമർശനം ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞ ജനുസാണ് എന്നാണ് പുതിയ പഠനങ്ങൾ മിക്കതും നമ്മോടു പറയാറുള്ളത്. ആ പറച്ചിൽ ഒരു പരിധിവരെ സാധുതയുള്ളതാണ് താനും. ഒരു പാഠത്തെ സാഹിത്യമാക്കുന്ന സവിശേഷ മൂല്യം അഥവാ സാഹിതീയത പ്രത്യയശാസ്ത്രപരമാണെന്ന തിരിച്ചറിവാണ് ആ പറച്ചിലിനു പുറകിലെ വെളിച്ചം. സ്വയമേവയല്ല ഒന്നും മൂല്യവത്താകുന്നതെന്നും നിലനിൽക്കുന്ന അധികാര ബലതന്ത്രങ്ങളുമായുള്ള സംവാദവിനിമയങ്ങളുടെ തരവും തോതുമാണ് മൂല്യത്തെ നിർണയിക്കുന്നതെന്നും സംസ്‌കാര വിമർശങ്ങൾ വെളിവാക്കിക്കഴിഞ്ഞു. കൃതിയുടെ സാഹിതീയതയിലൂന്നി അതിനെ വ്യാഖ്യാന-അപഗ്രഥന- ആസ്വാദന തലത്തിൽ വിശദീകരിക്കുന്ന സാഹിത്യവിമർശനം ഇനി സാധ്യമല്ലാതായി എന്നു പറയുന്നതിന്റെ താത്പര്യവും ആ വെളിച്ചമാണ്.
പക്ഷേ, മറുഭാഗത്ത് ഒരു സവിശേഷ യാഥാർത്ഥ്യത്തിന്റെ ഭാവപരമായ തലങ്ങൾ ഒട്ടും വിശദീകരിക്കാത്ത, അതിനു മുതിരാത്ത ഒന്നായി സംസ്‌കാര വിമർശം മാറിത്തീർന്ന ദുര്യോഗത്തിലേക്കു കൂടിയാണ് വിമർശന മണ്ഡലം എത്തിച്ചേർന്നത്. ‘സൗന്ദര്യാത്മകത' എന്ന സംവർഗത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ വേരുകളെ കാണാതെ പോവുകയും ഇവയെല്ലാം നിർമ്മിതികളാണെന്ന ഉത്തരാധുനിക വാദത്തിന് വലിയ മേൽക്കൈ കിട്ടുകയും ചെയ്തു. പാഠത്തെ സാമൂഹ്യയാഥാർത്ഥ്യത്തിന്റെ കേവല പ്രതിനിധാനമായി കാണുക, ഓരോ പാഠത്തിലെയും ‘വിരുദ്ധത'കളെ അപസർപ്പക രീതിയിൽ കണ്ടെത്തുക, അതിനെ മുൻനിർത്തി സിദ്ധാന്തവത്കരണത്തിലേർപ്പെടുക, ചരിത്രത്തിൽ ജീവിച്ച വ്യക്തികൾക്കും പാഠങ്ങൾക്കും ‘എത്ര തൂക്കത്തിൽ വിരുദ്ധത'യുണ്ട് എന്നു തിട്ടപ്പെടുത്തി ഒട്ടുപേര് (label) നൽകുക, ഏർപ്പെട്ടുനിൽക്കുന്ന ചാരിത്രവിരുദ്ധതയുടെ തോതും തരവുമറിയാതെ ഈ ഒട്ടുപേരുകൾക്ക് സ്ഥായിത്വം കല്പിക്കുക, തുടങ്ങിയ വൈകൃതങ്ങളായി മലയാള വിമർശനം ഏറെക്കുറെ മാറിത്തീർന്നു.
മരിച്ചു കഴിഞ്ഞ, അഥവാ പഴയതിൽ നിന്ന് തീർത്തും ഭിന്നമായ കാവ്യാലോചനകളുടെ പരിസരത്തുനിന്ന് കാവ്യവിമർശനത്തിന്റെ പുതിയൊരു രീതിശാസ്ത്രം സ്ഥാപിച്ചെടുക്കുന്നു എന്നതാണ് എൻ. അജയകുമാറിന്റെ വാക്കിലെ നേരങ്ങൾ എന്ന പഠനഗ്രന്ഥത്തിന്റെ മൗലിക പ്രസക്തി. ഒരു ഭാഗത്ത് ആ പഠനങ്ങൾ സാഹിത്യത്തിന്റെ സ്വയം സൂചകത്വത്തെയും ആഭ്യന്തരമായ വിശദീകരണശേഷിയെയും മാനിക്കുന്നുണ്ട്. ആ അർത്ഥത്തിൽ ഈ പഠനങ്ങളിൽ ‘സാഹിതീയത' കേവലമായ ഒരു നിർമിതിയല്ല. മറുഭാഗത്താവട്ടെ ഒരു സവിശേഷ ഇമേജറിയെ രൂപകത്തെ പദസംയുക്തത്തെ സാധ്യമാക്കുന്ന സാംസ്‌കാരിക ചരിത്രത്തെ സൂക്ഷ്മബുദ്ധ്യാ അനാവരണം ചെയ്യുന്നുമുണ്ട്. ഗ്രന്ഥാമുഖത്തിൽ അജയകുമാർ തന്നെ ചൂണ്ടിക്കാട്ടുന്ന ‘സാഹിത്യം ചരിത്രത്തിലും ചരിത്രം സാഹിത്യത്തിലും പ്രവർത്തിക്കുന്നതെങ്ങനെ' എന്ന വൈരുധ്യാത്മകമായ ആലോചന ഇങ്ങനെയാണദ്ദേഹം പ്രയുക്തമാക്കുന്നത്. നവചരിത്രവാദത്തിന്റെ ആശയങ്ങളാണ് ഈ അന്വേഷണങ്ങൾക്ക് നിദാനമെന്നത് തെറ്റിദ്ധാരണാജനകമായ വിലയിരുത്തലായിപ്പോകും. ചരിത്രം അല്ലെങ്കിൽ സാംസ്‌കാരിക ചരിത്രം ഒരു പാഠനിർമിതിയായി അജയകുമാർ കരുതുന്നേയില്ല. അവയിൽ നിന്നൊക്കെ ബഹുദൂരമകന്ന് സംസ്‌കാരവിമർശത്തിന്റെ നിലപാടുതറ കൈയൊഴിയാതെ എന്നാൽ കവിതയുടെ സ്വഭൗതികതയെ അംഗീകരിച്ചു കൊണ്ടു നടത്തപ്പെട്ട ആലോചനകളാണവ. നമ്മുടെ കാവ്യവിമർശന പാരമ്പര്യത്തിൽ ഒരു പുതിയ വഴി ഈ ഗ്രന്ഥം തുറക്കുന്നതങ്ങനെയാണ്. സംശയരഹിതമായും ആ ഗ്രന്ഥത്തിന് ലഭിക്കുന്ന സ്വീകാര്യത സാഹിത്യവിമർശനത്തിന് പുതിയ ഒരോജസ്സ് നൽകും.
മലയാള കവിതയുടെ ഒരു സമഗ്രചരിത്രം എഴുതാനുള്ള വിപുലമായ പ്രൊജക്ടാണ് അദ്ദേഹത്തിന്റേത് എന്നു തോന്നുന്നു. ആ വഴിയിൽ ഇനിയും പഠനങ്ങൾ വരാനുണ്ടായിരിക്കണം.
ഒന്ന്
മൂന്ന് ഭാഗങ്ങളായാണ് വാക്കിലെ നേരങ്ങൾ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യഭാഗം ആശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ, എൻ.വി, അയ്യപ്പപ്പണിക്കർ, ആറ്റൂർ, സച്ചിദാനന്ദൻ തുടങ്ങിയവരുടെ കവിതകളിലെ ചില വശങ്ങളെയും ആധുനികാനന്തര കവിതയുടെ ഭാഷയെയും മുൻനിർത്തിയുള്ള അന്വേഷണങ്ങളാണ്. രണ്ടാം ഭാഗം കാവ്യസാഹിത്യചരിത്രത്തിലെ പുറമ്പോക്കുകളായിപ്പോയ ഒരു ധാരയെ - പലപ്പോഴും ചിതറി നിന്ന ധാരകളെ - സ്ഥാനപ്പെടുത്താനുള്ള ശ്രമങ്ങളാണ്. മൂന്നാം ഭാഗത്ത് ഒറ്റക്കവിതകളെക്കുറിച്ചുള്ള താരതമ്യേന ചെറിയ പഠനങ്ങളും. പുസ്തകത്തിന്റെ ഈ സംവിധാന യുക്തി തന്നെ പരിഗണനാർഹമാണ്. മുഖ്യധാരാ / പാർശ്വധാരാ കാവ്യചരിത്രങ്ങളെ സമതുലതയോടെ വീക്ഷിക്കുന്നതോടൊപ്പം പ്രിയകവിതകളിൽ ചിലതിനെ വായിച്ചെടുക്കുകയും ചെയ്യുന്നു വാക്കിലെ നേരങ്ങൾ. എൻ. അജയകുമാറിന്റെ തന്നെ കവിതയുടെ വഴികൾ എന്ന ഗ്രന്ഥത്തിന്റെ തുടർച്ചയായി ഈ പുസ്തകത്തെ പരിഗണിക്കാം. മലയാള കവിതയുടെ ഒരു സമഗ്രചരിത്രം എഴുതാനുള്ള വിപുലമായ പ്രൊജക്ടാണ് അദ്ദേഹത്തിന്റേത് എന്നു തോന്നുന്നു. ആ വഴിയിൽ ഇനിയും പഠനങ്ങൾ വരാനുണ്ടായിരിക്കണം.
ഒന്നാം ഭാഗം, മുഖ്യധാരാ കവിതയുടെ ചില വശങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങളാണ്. ‘വശങ്ങൾ' എന്ന അജയകുമാറിന്റെ പ്രയോഗം സവിശേഷമായ അർത്ഥത്തിലാണ് പുസ്തകം ഉൾക്കൊള്ളുന്നത്. കൃതിയെ ഏകാത്മകമായ അർത്ഥോത്പാദന കേന്ദ്രമായി അദ്ദേഹം കണക്കു കൂട്ടുന്നില്ല. പുതിയ തുറക്കലുകളിലൂടെ അപരിചിതമായ അനുഭവസ്ഥലങ്ങളിലേക്ക് നയിക്കാൻ ശേഷിയുള്ള വാങ്മയമായാണ് ഈ ഗ്രന്ഥം കവിതയെ കണക്കാക്കുന്നത്. സാഹിത്യത്തിന്റെ സ്വതന്ത്ര്യനിലയാണ് ഈ തുറക്കലിനെ സാധ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. വശങ്ങളിലേക്ക് വ്യാപിക്കുന്ന തരംഗമായാണ് കവിത ഇവിടെ മനസിലാക്കപ്പെടുന്നത്.
ഭാഷാശാസ്ത്രത്തിൽ, ജലതരംഗങ്ങൾ പോലെ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ് ഭാഷാപരിണാമമെന്ന വിശദീകരണമാണ് തരംഗസിദ്ധാന്തം എന്ന് വിളിക്കപ്പെടാറ്. കുടുംബം, വൃക്ഷം തുടങ്ങിയ കേന്ദ്രത്തിൽ നിന്ന് രേഖീയമായി വികസിക്കുന്ന സങ്കല്പങ്ങളെ തിരുത്തിക്കൊണ്ടാണ് തരംഗമാതൃക അവതരിപ്പിക്കപ്പെട്ടത്. ദെല്യൂസിയൻ സങ്കല്പനമായ Rhizome മായി തരംഗമാതൃകയ്ക്ക് ഒരു ബന്ധമുണ്ട്. വാക്കിലെ നേരങ്ങളിലെ ‘വശ' ങ്ങളെക്കുറിച്ചുള്ള ആലോചനയും Rhizomatic ആണ് എന്നു പറയേണ്ടി വരും. കൃതിയുടെ കാലത്തിലൂടെയുള്ള രേഖീയമായ പരിണാമമല്ല അജയകുമാറിന്റെ താത്പര്യം. മറിച്ച് കൃതി നിശ്ചിത ചരിത്രസന്ദർഭത്തിൽ നിർമ്മിക്കുന്ന വ്യത്യസ്തവശങ്ങളിൽ നിന്ന് കാഴ്ച്ചയിൽ പെട്ട ഒന്നിനെ - അഥവാ ഒരു പാഠത്തെ - വിശദീകരിക്കലാണ്.
സാധാരണത്വത്തിന്റെ അസാധാരണത്വത്തിലേക്ക് പുതിയ കവിത ഭാഷയിലൂടെ എങ്ങനെ സഞ്ചരിക്കുന്നെന്നും വിനിമയത്തിന്റെ നേർരേഖ വിട്ട് അനുഭവത്തിന്റെ വശങ്ങളിലേക്ക് അതെങ്ങനെ നമ്മെ കൊണ്ടു പോകുന്നെന്നും പഠനം ചർച്ച ചെയ്യുന്നു.
‘കാൺക ഹ ഹ! ബന്ധവൈഭവം' എന്ന ശീർഷകത്തിലെഴുതിയ ആശാൻ കവിതയെക്കുറിച്ചുള്ള പഠനമാണ് ഈ ഭാഗത്തിലെ ആദ്യപഠനം. ബന്ധകല്പനകൾ ആശാൻ കവിതകളിൽ പ്രത്യക്ഷപ്പെടുന്നതെങ്ങനെ, അതിന്റെ സാംസ്‌കാരികവും കാവ്യശാസ്ത്രപരവുമായ അടിസ്ഥാനങ്ങളേവ എന്ന അന്വേഷണത്തിലാണ് ആ പഠനം മുഴുകുന്നത്. പരമ്പരാഗതവും ഔപചാരികവുമായ ബന്ധങ്ങളെ അത്ര മാനിക്കാതെ പുതിയതും ആഴമുള്ളതുമായ ബന്ധകല്പനകൾ ആശാനിൽ എന്തു കൊണ്ടു കടന്നു വരുന്നു. ആഗ്രഹിക്കാനും ആഗ്രഹിക്കപ്പെടാനും കഴിയുന്ന വ്യക്തിസ്ഥാനങ്ങൾ ആധുനിക കേരളത്തിൽ രൂപപ്പെട്ടു വരുന്നതിന്റെ കാവ്യരൂപപരമായ ആവിഷ്‌കാരമായാണ് ഈ ബന്ധകല്പനകളെ അജയകുമാർ കാണുന്നത്. ശ്രദ്ധാർഹമായ കാര്യം ആശാൻ കവിതകളുടെ പ്രമേയത്തെക്കാൾ കൂടുതൽ അതിന്റെ രൂപസവിശേഷത (സാമ്പ്രദായിക അർത്ഥത്തിലുള്ള ചട്ടത്തെയല്ല) കളിലാണ് പഠനം ഊന്നുന്നതെന്നതാണ്. ആശാൻ ഉപയോഗിക്കുന്ന സമസ്തപദങ്ങൾ, അവ നിർമിക്കുന്ന പുതിയ കാവ്യാനുഭൂതി, അതിനെ സാധ്യമാക്കുന്ന സാംസ്‌കാരിക പരിസരം എന്നിവയെല്ലാം സൂക്ഷ്മമായി അന്വേഷിക്കപ്പെടുന്നു. ചില പ്രയോഗങ്ങൾ ആശാൻ കവിതകളിലെ പാരഡൈം ആയി മാറുന്നതെങ്ങനെ എന്നതിനെക്കുറിച്ചും ആ ഭാഗം ചർച്ച ചെയ്യുന്നുണ്ട്. ചണ്ഡാലഭിക്ഷുകിയിലെ‘ഒറ്റമരക്കാട്' എന്ന പ്രയോഗം ഉദാഹരണമാണ്. ഒറ്റ, മരം, കാട് എന്നിവ ആ കവിതകളുടെ അനുഭവസ്ഥാനമായി മാറുന്നതെങ്ങനെ എന്ന ചർച്ച ഉദാഹരണമാണ്. ബന്ധങ്ങളിലൂടെ വിഭാവനം ചെയ്യപ്പെടുന്ന കർതൃസ്ഥാനം ആശാൻ കവിതകളുടെ അനുഭൂതിയെ നിർണയിക്കുന്നത്, വ്യാപക സ്വഭാവമുള്ള സൗഹൃദം, മൈത്രി തുടങ്ങിയ ദർശനങ്ങൾ പ്രത്യക്ഷത്തിലും സൂക്ഷ്മത്തിലും ഉള്ളടങ്ങിയിരിക്കുന്നത് എന്നിങ്ങനെ ആ ചർച്ച വികസിക്കുന്നത് കാണാം.
1913 ൽ എഴുതിയ ഗണപതി എന്ന അപ്രശസ്ത കാവ്യം മുതൽ അച്ഛനും മകളും വരെയുള്ള വള്ളത്തോളിന്റെ ആവിഷ്‌കാരങ്ങളെ ആധുനിക അണുകുടുംബ സങ്കല്പവുമായി ചേർത്തു വെച്ചു വായിക്കുന്ന ‘വള്ളത്തോൾക്കവിതയുടെ മനോഘടന' എന്ന പഠനമാണ് ഈ ഭാഗത്തെ മറ്റൊരു ശ്രദ്ധേയ അന്വേഷണം. ആ കവിതകളുടെ ഇതിവൃത്തസംവിധാനപരവും രചനാശില്പപരവുമായ സവിശേഷതകളും അവ പ്രവർത്തിക്കുന്ന പശ്ചാത്തലവുമാണ് പ്രസാദാത്മകതയും സൗന്ദര്യാഭിമുഖ്യവുമായി നാം മനസ്സിലാക്കിപ്പോന്നതെന്ന് അജയകുമാർ ഗവേഷണബുദ്ധ്യാ വിശദീകരിക്കുന്നു. അടുത്ത പഠനമായ ‘ചങ്ങമ്പുഴക്കവിതയും മലയാള ഭാവനയും' പഴമയിൽ നിന്നുള്ള വിഛേദം ചങ്ങമ്പുഴ എങ്ങനെ സാധ്യമാക്കുന്നു എന്നാണന്വേഷിക്കുന്നത്. അമൂർത്തത, മായികത, സംഗീതാത്മകത തുടങ്ങിയ ഏകഭാവകേന്ദ്രിതത്വം; ഭാവഗീതം പ്രധാന രൂപമാകുന്നത്; അനുഭൂതിപരമായി പുതിയ മേഖലകൾ ആവിഷ്‌കരിക്കപ്പെടുന്നത് തുടങ്ങിയ പ്രമേയങ്ങളിലേക്ക് ആ പഠനം വികസിക്കുന്നു. മുപ്പത് നാൽപ്പതുകളിലെ വ്യക്തികളുടെ ഭാവനാപരമായ ആവശ്യങ്ങളെ ചങ്ങമ്പുഴക്കവിത എങ്ങനെ നിറവേറ്റിയെന്ന് പഠനം പറഞ്ഞു വെക്കുന്നുണ്ട്. വൈലോപ്പിള്ളിക്കവിതയിലെ സസ്യജന്തുരാശി, എൻ.വി.യുടെ ദേശീയത തുടങ്ങിയ പഠനങ്ങളും സൂക്ഷ്മമായി വായിക്കപ്പെടേണ്ടതാണ്.
ശങ്കുണ്ണിനായർക്കു സമാനമായി കൃതിയിൽ അജയകുമാർ കെട്ടിയിടപ്പെടുന്നില്ല, മറിച്ച് കാവ്യഭാഷയുടെ പരിണാമത്തിൽ പാടുന്ന പിശാചിന്റെ ശില്പ-ഭാഷ-രൂപഘടന എങ്ങനെയൊരു തരംഗമാവുന്നു എന്ന വിശദീകരണത്തിലേക്കത് നീങ്ങുന്നു.
ഈ ഭാഗത്തെ മൗലികമായ മറ്റൊരു പഠനമാണ് ആധുനികാനന്തര കവിതയിലെ ഭാഷയെ സവിശേഷമായി ചർച്ചയ്ക്കെടുക്കുന്ന "തൂണിലും തുരുമ്പിലും' എന്ന പഠനം. ആധുനികാനന്തര കവിതയുടെ രൂപത്തെ -വിശിഷ്യാ ഭാഷാപരമായ സവിശേഷതകളെ - യാണ് ഈ പഠനം അന്വേഷിക്കുന്നത്. സാധാരണത്വത്തിന്റെ അസാധാരണത്വത്തിലേക്ക് പുതിയ കവിത ഭാഷയിലൂടെ എങ്ങനെ സഞ്ചരിക്കുന്നെന്നും വിനിമയത്തിന്റെ നേർരേഖ വിട്ട് അനുഭവത്തിന്റെ വശങ്ങളിലേക്ക് അതെങ്ങനെ നമ്മെ കൊണ്ടു പോകുന്നെന്നും പഠനം ചർച്ച ചെയ്യുന്നു. നൈമിഷികതയുടെ രേഖപ്പെടുത്തൽ (documentation of transience) എന്ന സമകാലിക കലാസങ്കേതം കവിതയെ നിർണയിക്കുന്നത് വ്യക്തിത്വത്തിന്റെ ശകലീകൃതാവസ്ഥയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന ദാർശനികമായ ഉൾക്കാഴ്ച ഈ പഠനത്തിൽ കാണാം. ദൈനംദിനഭാഷ (every day language) കാവ്യഭാഷയായി മാറുകയാണ് പുതിയ കവിതയിൽ സംഭവിക്കുന്നതെന്ന ധാരണയെ തന്നെ പിൻപറ്റി ഏതുതരത്തിലാണ് ഈ രൂപമാറ്റം സാധ്യമാകുന്നതെന്ന് അജയകുമാർ പറഞ്ഞു വെക്കുന്നു. പുതിയ കവിതയെക്കുറിച്ച് മലയാളത്തിലെഴുതപ്പെട്ട ആഴമേറിയ അന്വേഷണങ്ങളിലൊന്നായി ഈ പഠനം നിലകൊള്ളും.
രണ്ട്
പുസ്തകത്തിന്റെ രണ്ടാം ഭാഗം കാവ്യചരിത്രത്തിലെ പാർശ്വധാരകളെയാണ് വെളിച്ചപ്പെടുത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ സജീവമായിത്തീർന്ന മലയാള കവിതയിലെ കീഴാളധാരയിൽ നിന്നു തുടങ്ങി ദേശീയ പ്രസ്ഥാനം, കമ്യൂണിസ്റ്റ് പ്രസ്ഥാനം മുതലായ സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളോട് ഇടപെട്ടു വളർന്ന കവിതാധാരകളാണിവ. ഒന്ന് എന്നതിനെക്കാൾ ചിതറി നിൽക്കുന്നതും ചിലപ്പോൾ പിൻതുടർച്ചകൾ നഷ്ടപ്പെട്ടതുമായ അനേകം സ്‌കൂളുകളെയാണ് ഈ ഭാഗം പരിഗണിക്കുന്നത്. ആദ്യ ഭാഗത്ത് ചർച്ച ചെയ്ത കവിതകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ കവിതകളാണിവിടെ പഠിക്കപ്പെടുന്നത്. സാമൂഹ്യ-രാഷ്ട്രീയ പ്രതിരോധവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടു വന്നവയാണവ. മുഖ്യധാരാ സൗന്ദര്യ ചിന്തയിൽ കവിതയായി പരിഗണിക്കപ്പെടാതെ പോകുന്ന മിക്കപ്പോഴും ആശയപ്രചരണങ്ങൾ എന്നു മുദ്രകുത്തപ്പെട്ട ധാരകളെ, കവിതയുടെ തന്നെ അഭ്യന്തരയുക്തി ഉപയോഗിച്ച് സ്ഥാനപ്പെടുത്താനുള്ള ശ്രമങ്ങളാണിവ. അവയുടെ സാമൂഹ്യധർമത്തെ സുപ്രധാനമായി കാണുമ്പോഴും എങ്ങനെയാണവ കവിതയാവുന്നതെന്ന് അജയകുമാർ വിശദീകരിക്കുന്നുണ്ട്. സുപ്രധാനമായ ഒരു രാഷ്ട്രീയ കാഴ്ചയാണിത്. സൗന്ദര്യാത്മകത എന്ന സംവർഗത്തെ പുതുക്കിപ്പണിയാനും ‘കല' യുടെ നിർദ്ദിഷ്ട നിർവ്വചനങ്ങളെ പൊളിച്ചെടുക്കാനുമുള്ള ഈ ശ്രമം കൂട്ടായ പരിശ്രമത്തിലൂടെ പൂരിപ്പിക്കപ്പെടേണ്ടതുണ്ട്.
സാധുജനകവിത എന്ന പുതിയ സംജ്ഞയാൽ ഇരുപതാം നൂറ്റാണ്ട് തുടക്ക കാലത്തെ ദലിത് വാങ്മയങ്ങളെ, ബോധേശ്വരന്റെ കവിതകളിലൂടെ ദേശീയപ്രസ്ഥാനത്തിന്റെ പ്രചരണഗാനങ്ങളെ, പ്രേംജിയിലൂടെ പരിഷ്‌കരോണദ്യമ ആഖ്യാനങ്ങളെ, ചെറുകാടിലൂടെ കമ്യൂണിസ്റ്റ് സാമൂഹ്യ ഭാവനകളെ എല്ലാം കവിതയിലേക്ക് കൂട്ടിക്കൊണ്ടു വരുകയാണ് അജയകുമാർ. ശരൺകുമാർ ലിംബാളെയുടെ ‘കലാപരം' എന്ന സങ്കല്പത്തെയാണ് അദ്ദേഹം കൂട്ടുപിടിക്കുന്നത്. പുതിയ അനുഭവസ്ഥലങ്ങളിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന വാങ്മയങ്ങളെ കവിതയായി അദ്ദേഹം പരിഗണിക്കുന്നു. നിലവിലുള്ള കലാമാനദണ്ഡങ്ങളെ അനുസരിക്കുന്നുവോ എന്നതല്ല വശങ്ങളിലേക്ക് സഞ്ചരിക്കുന്നുവോ എന്നതാണ് കവിതയുടെ മാനദണ്ഡം. ആ അർത്ഥത്തിൽ കുറുമ്പൻ ദൈവത്താൽ ജന്മി പുരയിടങ്ങളിലെ മൺഭിത്തികളിൽ കോറിയിട്ട മുദ്രാവാക്യങ്ങൾ പോലും അജയകുമാറിൽ കവിതയായി മാറുന്നു. ഇവയുടെയൊന്നും സാമൂഹ്യധർമ്മങ്ങളിലല്ല, ഒരു വാങ്മയം എന്ന നിലയിലുള്ള കലാപരതയിലാണ് ആ പഠനം ഊന്നപ്പെടുന്നത് എന്നത് വളരെ പ്രധാനമാണ്. മുമ്പേ പറഞ്ഞതു പോലെ കവിതയെന്ന വ്യവഹാരത്തിന്റെ അഭ്യന്തര യുക്തികളുപയോഗിച്ച് ഇവയെ വിശകലനം ചെയ്യുകയാണ് അദ്ദേഹം ചെയ്യുന്നത്. അതിർത്തികളെ അസ്ഥിരപ്പെടുത്തുന്ന രാഷ്ട്രീയ പ്രവർത്തനമായി അതു മാറുന്നു എന്ന് സാരം.
പുസ്തകത്തിന്റെ മൂന്നാം ഭാഗം ഒറ്റക്കവിതാപഠനങ്ങളാണ്. പ്രത്യേകിച്ച് എടുത്തു പറയുന്നില്ലെങ്കിലും ഒരു കാവ്യാസ്വാദകൻ എന്ന നിലയിൽ അജയകുമാറിന് പ്രിയമേറിയ കവിതകളാവാം അവിടെ വായിക്കപ്പെടുന്നത്. എങ്കിലും കേവലമായ ആസ്വാദനപരതയിലേക്ക് വീഴാതിരിക്കാൻ അദ്ദേഹം ശ്രദ്ധ ചെലുത്തുന്നു. ചങ്ങമ്പുഴയുടെ പാടുന്ന പിശാചിനെക്കുറിച്ചുള്ള വായന ഉദാഹരിക്കാം. പല ചിത്രങ്ങൾ കൂടിച്ചേർന്ന് അവസ്ഥയുടെ വലിയ ചിത്രമാകുന്നതു പോലെയാണ് ആ കവിതയെന്ന് വിശദീകരിക്കപ്പെടുന്നു. വൈലോപ്പിള്ളിക്കവിയുടെ ശില്പഘടനയെക്കുറിച്ച് എം.പി.ശങ്കുണ്ണിനായർ നടത്തുന്ന നിരീക്ഷണത്തിന് സമാനമാണിത്. അതിൽ നിന്ന് അല്പം കൂടി മുൻപോട്ടു നടന്ന് ചിത്രസ്വഭാവത്തോടു പൊരുത്തപ്പെടുന്ന മട്ടിൽ മഞ്ജരി വൃത്തത്തെ ഗദ്യത്തിന്റെ വടിവിലേക്കു പാകപ്പെടുത്തുന്നതു കൂടി അജയകുമാർ ചൂണ്ടിക്കാട്ടുന്നു. ശങ്കുണ്ണിനായർക്കു സമാനമായി കൃതിയിൽ അജയകുമാർ കെട്ടിയിടപ്പെടുന്നില്ല, മറിച്ച് കാവ്യഭാഷയുടെ പരിണാമത്തിൽ പാടുന്ന പിശാചിന്റെ ശില്പ-ഭാഷ-രൂപഘടന എങ്ങനെയൊരു തരംഗമാവുന്നു എന്ന വിശദീകരണത്തിലേക്കത് നീങ്ങുന്നു. ആധുനികതാവാദ പ്രസ്ഥാനത്തിന്റെ നേർത്ത ഛായ പാടുന്ന പിശാചിൽ നിന്നദ്ദേഹം കണ്ടെടുക്കുന്നു.
മൂന്ന്
വാക്കിലെ നേരങ്ങൾ എന്ന ഗ്രന്ഥശീർഷകം കെ.ജി.എസി ന്റെ സമ്മാനമാണെന്ന് ആമുഖത്തിൽ നാം വായിക്കുന്നു. ധ്വനിസാന്ദ്രമായ ആ ശീർഷകം സൂചിപ്പിക്കുന്നതു പോലെ വാക്കും നേരവും തമ്മിലുള്ള അഥവാ കവിതയും ചരിത്രവും തമ്മിലുള്ള ബന്ധങ്ങളാണ് ഈ ഗ്രന്ഥം അന്വേഷിക്കുന്നത്. നേരം എന്ന പ്രയോഗം പഴയ രേഖീയമായ ചരിത്ര പരിണാമത്തെയല്ല സൂചിപ്പിക്കുന്നത്. സാമൂഹ്യചരിത്ര സന്ദർഭങ്ങളുടെ പ്രതിഫലനമായി കവിതയെക്കാണുന്ന കാഴ്ച മാറ്റി വെച്ചേ നമുക്കിതിലേക്ക് കടക്കാൻ പറ്റൂ. ചരിത്രം കവിതയിലേക്കു കടക്കുന്നത് ഒരു ഇമേജറിയായാവാം, രൂപത്തിലെ ശ്ലഥാവസ്ഥയിലൂടെയാവാം. ഒരുദാഹരണം മാത്രം ഗ്രന്ഥത്തിൽ നിന്നുദ്ധരിക്കട്ടെ. എൻ.വി.യുടെ ആഗസ്റ്റ് കാറ്റിൽ എന്ന കവിതയെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ അജയകുമാർ എഴുതുന്നു: ‘‘ഈ കവിതയുടെ ചടുലതയാർന്ന താളശില്പം സ്വാതന്ത്ര്യസമരത്തിന്റെ ആവേശത്തെയും പ്രസാദാത്മകവീക്ഷണത്തെയും നന്നായി സൂചിപ്പിക്കുന്നുണ്ട്. ഇടയ്ക്ക് ഒരീരടി മാത്രം ഈ പൊതുതാളത്തോടു ചേരാതെ തെറിച്ചു നിൽക്കുന്നു; ‘നിഷ്ഠൂരമാമൊരു കൈത്തോക്കന്നെൻ രാഷ്ട്രപിതാവിൻ നെഞ്ചിൽത്തുപ്പീ' ഇത് (താളത്തിലെ ശ്ലഥാവസ്ഥ) മനഃപൂർവ്വമായിരിക്കണം. കാരണം അത് ഇന്ത്യൻ ജീവിതത്തിലെ വലിയൊരു വൃത്തഭംഗമാണല്ലോ.’’
ആഴമേറിയ കാവ്യാനുശീലനവും സമകാലിക ജ്ഞാനശാസ്ത്രത്തിലുള്ള അവഗാഹവും ഒത്തിണങ്ങിയ ഒരാൾക്കു മാത്രം സാധ്യമാകുന്ന വഴിയാണിത്. അങ്ങേയറ്റം അധ്വാനമാവശ്യപ്പെടുന്ന ആ വഴിയിലൂടെ അനായാസം അജയകുമാർ നടന്നു നീങ്ങുന്നു.
‘വൃത്തഭംഗം' എന്ന കാവ്യദോഷം സാമൂഹ്യ ചരിത്രത്തിലെ വൃത്തഭംഗത്തിന്റെ ആവിഷ്‌കാരസ്ഥാനമായി മാറുന്നതെങ്ങനെ എന്ന ഈ ഹൃസ്വവിശദീകരണം കവിതയും ചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗ്രന്ഥം പുലർത്തുന്ന നിലപാടിന്റെ ഒരുദാഹരണം മാത്രമാണ്. സ്ഥലപരിമിതി മൂലം എടുത്തെഴുതാൻ സാധ്യമല്ലാത്ത മൗലികമായ ധാരാളം നിരീക്ഷണങ്ങളാൽ സമ്പന്നമാകുന്നു ഈ ഗ്രന്ഥം.
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ കാവ്യവിമർശനത്തിൽ രീതിശാസ്ത്രപരമായ വിച്ഛേദത്തിന് ഈ ഗ്രന്ഥം നാന്ദിയാവുന്നുണ്ട്. കവിതയുടെ ഭവശാസ്ത്രത്തെ അംഗീകരിച്ചും എന്നാൽ സത്താപരതയെ നിരാകരിച്ചും ചരിത്രത്തിലേക്ക് കവിത തുറക്കുന്നതെങ്ങനെ എന്ന് ഈ പഠനങ്ങൾ തെളിച്ചം തരുന്നു. ആഴമേറിയ കാവ്യാനുശീലനവും സമകാലിക ജ്ഞാനശാസ്ത്രത്തിലുള്ള അവഗാഹവും ഒത്തിണങ്ങിയ ഒരാൾക്കു മാത്രം സാധ്യമാകുന്ന വഴിയാണത്. അങ്ങേയറ്റം അധ്വാനമാവശ്യപ്പെടുന്ന ആ വഴിയിലൂടെ അനായാസം അജയകുമാർ നടന്നു നീങ്ങുന്നു. കവിതയെ ഇലയായും സാംസ്‌കാരിക ചരിത്രത്തെ കാടായും സങ്കൽപ്പിക്കാമെങ്കിൽ ഇലയെ നോക്കി കൊണ്ട് കാടിനെയും കാടിനെ നോക്കി കൊണ്ട് ഇലയെയും കാണുന്ന ഒരു പ്രവൃത്തിയാണത്. ആറ്റൂരിനെക്കുറിച്ചുള്ള പഠനത്തിന് അജയകുമാർ നൽകുന്ന ശീർഷകം ധ്വനിപ്പിക്കുന്നതു പോലെ നേർകാണലോടൊപ്പം നേര്കാണലുമായി അതു മാറുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.