ഇടശ്ശേരി ഗോവിന്ദൻ നായർ / ഫോട്ടോ: edasseri.org

പൂതപ്പാട്ട്, കാവിലെ പാട്ട്: അമ്മവിഗ്രഹത്തിലെ ആൺവാഴ്ച

പുരുഷാധിപത്യം കല്പിച്ചുകൂട്ടി വെച്ചുകെട്ടിയ മാതൃത്വം എന്ന മിത്തുമായി ബന്ധപ്പെട്ട സ്​ത്രീപക്ഷ വിശകലനങ്ങളുടെ അടിസ്​ഥാനത്തിൽ ഇടശ്ശേരിയുടെ പൂതപ്പാട്ട്​, കാവിലെ പാട്ട്​ എന്നീ കവിതകളുടെ ഒരു വിമർശന വായന

നെട്ടൂർ പെട്ടി, വളവര പെട്ടി എന്നീ ആന്റീക് (Antique) കരകൗശലങ്ങൾ പുതിയതായി ഉണ്ടാക്കി, വളരെ പണ്ടുണ്ടാക്കിയതാണെന്ന പഴക്കം വരുത്തുന്നതിനായി പുകയും കരിയും കൊള്ളിച്ച് "സൂത്രപ്പണി'കളുമൊക്കെ ചെയ്ത് വില്ക്കുന്നതു പോലത്തെ കവന വിരുതുള്ള കവിതകളാണ് പൂതപ്പാട്ടും കാവിലെ പാട്ടും.

നാട്ടിൽ പ്രചാരമുള്ള പഴങ്കഥകൾ കവിതകളാക്കിയതാണ് പൂതപ്പാട്ടും കാവിലെ പാട്ടും എന്നു തോന്നിപ്പിക്കുമെങ്കിലും അതല്ല സത്യം. തെക്കേ മലബാറിൽ മകരക്കൊയ്ത്തു കഴിഞ്ഞ് വീടുതോറും വരുന്ന "പൂതൻ' എന്ന നാടൻ വേഷവും, കാവിൽ പൂരത്തിന് വാളുകൊണ്ട് ശിരസ്സിൽ വെട്ടി ചോരയൊലിക്കുന്ന കോമരവും തന്റേതു മാത്രമായ പുരാവൃത്തം മെനയാൻ കവിക്കു കാരണമായി എന്ന്​ഇടശ്ശേരിയോടും അദ്ദേഹത്തിന്റെ നാടിനോടും അടുപ്പമുള്ളവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുമ്പ് കേട്ടുകേൾവിയില്ലാത്ത രണ്ടു "പുരാവൃത്ത'ങ്ങൾ സ്വയം കെട്ടിയുണ്ടാക്കാൻ ഇടശ്ശേരിയെ പ്രേരിപ്പിച്ചതെന്ത്? "മാതൃത്വ'ത്തെപ്പറ്റി അത്ര പരിചയമില്ലാത്ത ചില പുതിയ ബോധ്യങ്ങൾ നമ്മിൽ സംക്രമിപ്പിക്കുക എന്നതാകണം ഈ കാവ്യരചനകളുടെ രഹസ്യലക്ഷ്യം. അവ പഴങ്കഥയുടെ രൂപത്തിൽ പറഞ്ഞതാകട്ടെ മാതൃത്വത്തെപ്പറ്റിയുള്ള മിത്ത് വളരെ പുരാതനമായ സത്യമാണ് എന്നു വരുത്തുന്നതിനാണ്. ഒരേ ഇതിവൃത്തം തന്നെ ചില്ലറ വ്യത്യാസങ്ങളോടെ രണ്ടു തവണ പാടുന്നത് പഴയതെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഈ പുതുബോധ്യത്തെ നമ്മുടെ ഉള്ളിൽ അടിച്ചുറപ്പിക്കുന്നതിനുമാകുന്നു.

പൂതപ്പാട്ട്, കാവിലെ പാട്ട് എന്നീ കവിതകൾ തമ്മിൽ ഉള്ളടക്കത്തിലുള്ള ചേർച്ചയെപ്പറ്റി ഡോ. എം. ലീലാവതി, പ്രൊഫ. കെ.പി. ശങ്കരൻ, ഡോ. എം.ആർ. രാഘവവാര്യർ, ഡോ. പി. സോമൻ എന്നിങ്ങനെ പല നിരൂപകരും എഴുതിയിട്ടുണ്ട്. ആശയത്തിലെന്നപോലെ അവതരണത്തിലും കഥാപാത്രങ്ങൾ, വർണനകൾ ഇവയിലെല്ലാം ഏറി നിൽക്കുന്നതാണ് ഈ സാമ്യം. 1955 ൽ പുറത്തിറങ്ങിയ പൂതപ്പാട്ടിന്റെ തുടർച്ചയോ ആവർത്തനമോ ആണ് പത്തു വർഷത്തിനു ശേഷം പുറത്തുവന്ന (1966) കാവിലെ പാട്ട് എന്നു തോന്നിപ്പോകും. പറയന്റെ കുന്നിന്റെ അങ്ങേച്ചെരിവിലെ പാറക്കെട്ടിനടിയിലെ ആളെത്തീനിയായ അസത്തു പൂതം ആരെയും കൊല്ലാത്ത സ്നേഹമൂർത്തിയായി മാറിയതാണ് പൂതപ്പാട്ടിന്റെ കഥ. ക്രൂരയും കുപിതയും ചോര കൊണ്ടു തെച്ചിപ്പൂമാലയിടുന്നവളും അസുരന്മാരെ നിഗ്രഹിക്കുന്നവളുമായ കാവിലമ്മ "സുരഭിലപ്പൂവല്ലി' പോലെ എല്ലാവർക്കും കുളിർ തണലായ് മാറുന്നതാണ് കാവിലെ പാട്ടിലെ കഥ. രാത്രിയിൽ കുട്ടികളെ കേൾപ്പിക്കുന്ന മുത്തശ്ശിക്കഥകളത്രേ രണ്ടും.

അക്കഥകൾ പാടിപ്പാടി ശാന്ത നിശീഥത്തിൽ മക്കളെയുറക്കീടാറു - ണ്ടമ്മമാരീ നാട്ടിൽ! (കാവിലെ പാട്ട്)

ആറ്റിൻ വക്കത്തെ മാളികവീട്ടിലെ നങ്ങേലിയാണ് പൂതപ്പാട്ടിലെ മറ്റൊരു കഥാപാത്രം. ഇതേ പോലൊരമ്മ കാവിലെ പാട്ടിൽ കാവിനപ്പുറത്തെ നാലുകെട്ടിലുമുണ്ട്. പൂതവും കാളിയും ഒരുവശത്ത് അമാനുഷിക ശക്തിയായി നിൽക്കുമ്പോൾ, മറുവശത്ത് രണ്ട് മനുഷ്യ മാതാക്കളത്രേ നടുക്കു നിൽക്കുന്നത്. പൂതപ്പാട്ടിൽ, നങ്ങേലിക്ക് ആറ്റുനോറ്റുണ്ടായ ഉണ്ണിയാണെങ്കിൽ, ആ സ്ഥാനത്ത് കാവിലെ പാട്ടിലുള്ളത് നാലുകെട്ടിലെ അമ്മയുടെ സുകൃത പൂരമായ ഓമനക്കുമാരനും. രണ്ടു പേർക്കുമുണ്ട് സാമ്യം. പൊന്നുങ്കുടം പോലെയും പൂവമ്പഴം പോലെയുമാണ് ഉണ്ണി. കാഞ്ചന പ്രതിമപോലെ അഴകാണ് കുമാരന്. ഒരാൾ എഴുത്താണിയും ഓലയുമായി പഠിക്കാൻ പോകുന്നുവെങ്കിൽ, മറ്റേയാൾ കച്ചകെട്ടി കളി കഴിഞ്ഞു കളരിയിൽ നിന്നും തിരിച്ചു വീട്ടിലേയ്ക്കു വരുന്നുവെന്നേയുള്ളൂ.

പൂതപ്പാട്ടിന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രീകരണം / photo: edasseri.org

അമ്മമാർ മകനെ ഊട്ടുന്നതിന്റെ വിശദാംശങ്ങൾ രണ്ടു കവിതയിലുമുണ്ട്.

പൊടിയരിയാൽച്ചോറു വെച്ചു ചൂടു പാകമാക്കി - യുരുകിയ നെയ് കോരി വീഴ്ത്തി - സ്നിഗ്ധതരമാക്കി പലകറികൾ പാകമായൊ - രുക്കിയവനുണ്ണാൻ...

എന്ന് കാവിലെ പാട്ടിലും,

പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു പാവ കൊടുക്കുന്നു നങ്ങേലി കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ട് കാക്കേ പൂച്ചേ പാട്ടുകൾ പാടീട് മാനത്തമ്പിളി മാമനെക്കാട്ടീട്ട് മാമു കൊടുക്കുന്നു നങ്ങേലി

എന്നു പൂതപ്പാട്ടിലും എഴുതിയിട്ടുണ്ട്. ഒന്നിൽ ആറ്റുനോറ്റുണ്ടായതാണ് ഉണ്ണി. മറ്റേതിൽ ഏഴുകൊല്ലം നോൽമ്പെടുത്തുണ്ടായ കുട്ടിയും. ലാളനയും വേണ്ടുവോളം രണ്ടിലുമുണ്ട്. തങ്കക്കുടത്തിനെ താലോലം പാടി തങ്കക്കട്ടിലിൽ പട്ടുവിരിച്ച് തണുതണെ പൂന്തുട തട്ടിയുറക്കുന്ന നങ്ങേലി. "ഏഴുകൊല്ലം പാൽ കൊടുത്തെൻ മാറവനെ പോറ്റി'യെന്ന് പെറ്റതായ മറ്റേതിൽ.

ഒന്നാമത്തേതിൽ, ആറ്റിലൊലിച്ചെത്തും ആമ്പൽപ്പൂ പോലെ കുന്നിറങ്ങിവരുന്ന ഉണ്ണിയെ കണ്ടപ്പോൾ പൂതത്തിനുള്ളിൽ ഇക്കിളി തോന്നി. പൂതത്തിന് കോരിത്തരിക്കുന്നു. ബാലന്റെ വെളുത്തു ചുവന്ന് നീല ഞരമ്പോടുന്ന കവിളും എണ്ണയിട്ടുഴിഞ്ഞ് എരികനൽ പോലെ ഉച്ചവെയിലത്തു തിളങ്ങുന്ന ശരീരവും കണ്ടപ്പോൾ എല്ലാവരെയും പേടിപ്പിക്കുന്നവളായ കാളി അത്ഭുതപ്പെട്ടു പോയി. രണ്ടാമത്തേതിൽ, (ഉണ്ണികൾ രണ്ടും വെളുത്തു തുടുത്തവരാകുമ്പോൾ കാവിലെ ദേവി കരിങ്കാളിയും പൂതം കരിമ്പൂതവുമത്രേ) പൂതം ഉണ്ണിയെ സ്വന്തമാക്കുകയും, ഉണ്ണിയെ തേടി അമ്മ വരുമ്പോൾ പേടിപ്പിച്ചോടിക്കാൻ നോക്കുകയും, ഒടുവിൽ മാതൃസ്നേഹത്തിനു മുന്നിൽ പൂതം തോറ്റു മടങ്ങുകയും ചെയ്യുന്നു. അങ്ങനെ മനസ്സുമാറി, ഉണ്ണിയെ തേടി വർഷംതോറും മകരക്കൊയ്ത്തു കഴിഞ്ഞു, വീടുകളിൽ പൂതം വരുന്നു. കാളിയും ബാലകനെ വിട്ടു കൊടുക്കുന്നില്ല; നിന്റെ ചോര കൊണ്ട് എന്റെ ദാഹം തീർക്കാൻ പറഞ്ഞപ്പോൾ, അവൻ ഭയം ഏതുമില്ലാതെ, സ്വയം കഴുത്തറുത്ത് അതനുസരിക്കുന്നു. ഇവിടെയും മകനെ തേടി അമ്മ എത്തുന്നുണ്ട്. അമ്മയുടെ കരളലയിക്കുന്ന ചോദ്യത്തിൽ മനം നൊന്ത്, പ്രായശ്ചിത്തം എന്നവണ്ണം ദേവി സ്വന്തം നെറുകയിൽ വാളുകൊണ്ട് വെട്ടി ചോര ഒഴുക്കുന്നു.

രാത്രിയിൽ ആളുകളെ വഴിതെറ്റിക്കുന്ന യുവതിയായും ഉണ്ണിയുമായി പൂമാല കോർത്തു രസിക്കുന്ന പെൺകിടാവായും വേഷം മാറുന്നവളാണ് പൂതമെങ്കിൽ അതേപോലെ കാവിലെ കാളിയും കന്യകയാണ്. പ്രസവിക്കാത്തവളും പ്രസവിച്ചവളും തമ്മിലാണ് ഇരുകവിതയിലും സമരം. പെറ്റ വയറ്റിനെ വഞ്ചിക്കുന്നവൾ എന്നാണ് പൂതത്തെ നങ്ങേലി ശപിക്കാൻ തുനിഞ്ഞത്. ഇതേ അർത്ഥത്തിൽ

ദേവകന്യേ, നിന്നിലെന്തു ചാലനമുണ്ടാക്കി മാനവനെ പെറ്റവളെ - ന്നെങ്ങളറിവീല

എന്ന് മകൻ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖത്തിൽ സ്വയം നീറി നിൽക്കുന്ന കന്യകയായ അമാനുഷ ശക്തിയോട്, മനുഷ്യക്കുഞ്ഞിനെ പെറ്റ അമ്മക്കുവേണ്ടി കവി ചോദിക്കുന്നു.

ഭർത്താവിന്റെ ചിതയിൽ ഭാര്യയും ചാടി മരിക്കുന്ന ആത്മത്യാഗത്തെ അനാചാരമായി പലരും സമ്മതിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ സ്വന്തം സന്തതിക്കു വേണ്ടി ജീവിതം അപ്പാടെ പെണ്ണ് സമർപ്പിച്ചാൽ അത് അത്യുജ്ജല മാതൃകയായി നമ്മൾ വാഴ്ത്തുന്നു

പൂതപ്പാട്ടിൽ ഉണ്ണിയുമായി പൂമാല കോർത്തു രസിക്കുന്നവളായ പൂതം കാവിലെ പാട്ടിൽ അവന്റെ ചോര കുടിച്ചു ദാഹം തീർത്ത് ക്രൂരതയുടെ കൊടുമുടിയിൽ നിന്നലറുന്നു. പിന്നീടൊരിക്കലും ഉണ്ണിയെ കാണാനാവാതെ അവനെ തേടി വീടുതോറും കയറിയിറങ്ങി നമ്മുടെ സഹാതാപം നേടിയ പാവം പൂതം, മറ്റൊരു വിധത്തിൽ തന്റെ കടുംകൃത്യത്തിൽ നൊന്ത്, വാളുകൊണ്ട് സ്വന്തം തല വെട്ടുമ്പോൾ, അവളിൽ വന്ന മാറ്റത്തിൽ മനമലിഞ്ഞ് നമ്മളും കരുണ ചൊരിയുന്നു. പൂതം ഉണ്ണിയെ തട്ടിയെടുത്തത് ലാളിച്ചു വളർത്താനല്ലേ, സ്നേഹം കൊണ്ടല്ലേ, എന്നാർക്കെങ്കിലും സംശയമുണ്ടെങ്കിൽ അതു തീർക്കാനാണ് ഉണ്ണിയുടെ ചോര കുടിയ്ക്കുന്ന കന്യകയായ പൂതത്തെ കാവിലെ പാട്ടിലൂടെ അതേ പശ്ചാത്തലത്തിലും കഥാപാത്രങ്ങളിലും കൊണ്ടുവെച്ച് നമ്മുടെ സംശയം കവി തീർത്തു തന്നത്? പൂതപ്പാട്ടിൽ നങ്ങേലിയേക്കാൾ പൂതം നമ്മുടെ കരളലയിച്ചെങ്കിൽ, (ഒരു വിജയ കഥയല്ല ഇത്. അമ്മയോടുള്ള ആരാധനയിലല്ല; പൂതത്തിനോടുള്ള അനുകമ്പയിലാണ് ഈ കാവ്യം വിഹരിക്കുന്നത്- കല്പറ്റ നാരായണൻ) അതു വഴി അമ്മയ്ക്കു നിറം മങ്ങിയെങ്കിൽ അതിനുള്ള പ്രായച്ഛിത്തമാണ് കാവിലെ പാട്ട്. അഥവാ ഉണ്ണിയെ കവർന്ന പൂതത്തിനു കിട്ടിയ ശിക്ഷ പോരെന്ന് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ, അതൊരു കോമഡിയായി ഗൗരവം ചോർന്നെങ്കിൽ, പാപപരിഹാരാർത്ഥം പൂതം സ്വന്തം നെറ്റി വെട്ടിപ്പിളർക്കട്ടെ. അമ്മയോടു കളിച്ചാൽ ഇതാണ് ഭവിഷ്യത്ത്!

പ്രസവം കൈവിട്ട് ആണായി മാറുന്നതല്ല മോചനം, പകരം പുരുഷാധിപത്യം കല്പിച്ചു കൂട്ടി വെച്ചുകെട്ടിയ മാതൃത്വം എന്ന മിത്തിനെയാണ് തച്ചുതകർക്കേണ്ടതെന്ന് ഓഫ് വുമൻ ബോൺ (1973) എന്ന കൃതിയിൽ അഡ്രിയൻ റിച്ച് പറയുന്നുണ്ട്

""ക്രൗര്യത്തെ കാരുണ്യമാക്കി മാറ്റുന്ന ലൗകിക മാതാവിന്റെ ത്യാഗശക്തി''യാണ് പൂതപ്പാട്ടിൽ കാണുന്നതെന്ന് ഡോ.എം.ലീലാവതി പറയുന്നു. ""സുംഭനിസുംഭാദികളെ കൊന്നൊടുക്കിയ കൊടുംകാളി സുരഭിലപ്പൂവല്ലി ആയി മാറിയ പുരാവൃത്ത''മെന്നു കാവിലെ പാട്ടിനെ പറ്റി പ്രൊഫ. കെ.പി. ശങ്കരൻ എഴുതി. ""സർവ്വശക്തയായ അമ്മദൈവം പോലും "പെറ്റ' വയറുകൾക്ക് മുൻപിൽ അശക്തയായി തീരുന്നു എന്ന ഭൗതിക മാതൃസത്താ പ്രഘോഷണങ്ങളാണ് പൂതപ്പാട്ടും കാവിലെ പാട്ടും''- ( ഡോ. പി. സോമൻ). രണ്ടു കവിതയിലും മാതൃത്വം കാരണം പ്രാകൃതത്വത്തിൽ നിന്ന് സ്നേഹസൗമ്യതയിലേക്ക് പൂതവും കാളിയും മാറുന്നു എന്നു സാരം. ഇതിനപ്പുറം, മാതൃദായാ ക്രമത്തെ പിൻതള്ളി പിതൃദായാ ക്രമം മുന്നോട്ടു വരുന്ന ചരിത്ര സംക്രമണമായും പി.സോമൻ ഈ കവിതകളെ വിലയിരുത്തിയിട്ടുണ്ട്. അപ്പോഴും, എന്തുകൊണ്ട് അമ്മയും ഉണ്ണിയും തമ്മിലുള്ള ജൈവബന്ധം കവിതകളിൽ രണ്ടിലും അഴിച്ചെടുക്കാനാവാതെ ബാക്കി നിൽക്കുന്നു? എന്താണ് നമ്മുടെ കേരളത്തിൽ ഈ മാതൃഗാഥകൾക്കുള്ള കാലിക പ്രസക്തി? നമ്മുടെ ഏതേതു വൈകാരിക ബന്ധങ്ങളെയും, അവ പടരാൻ വിരിച്ച ഏതേതു വിചാരങ്ങളെയുമാണ് ഇവ പുന്നാരിക്കുന്നത്?

പുരുഷ നിർമ്മിത മാതൃത്വം

ഗ്രേസി എഴുതിയ ഗൗളിജന്മം എന്ന കഥയിൽ അപകടത്തിൽപ്പെട്ട് ആസന്നമരണനായി ആശുപത്രിയിൽ കിടക്കുന്ന ചെറുപ്പക്കാരൻ തന്റെ ഭാര്യയോടു പറയുന്നു; ""നീ നിന്റെ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിനെ നശിപ്പിക്കരുത്. എന്റെ ആത്മാവിനു മോക്ഷം കിട്ടണമെങ്കിൽ ആ കുഞ്ഞിനെ നീ വളർത്തണം.'' ഭർത്താവിന്റെ ചിതയിൽ ഭാര്യയും ചാടി മരിക്കുന്ന ആത്മത്യാഗത്തെ അനാചാരമായി പലരും സമ്മതിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ സ്വന്തം സന്തതിക്കു വേണ്ടി ജീവിതം അപ്പാടെ പെണ്ണ് സമർപ്പിച്ചാൽ അത് അത്യുജ്ജല മാതൃകയായി നമ്മൾ വാഴ്​ത്തുന്നു. മക്കൾക്കു വേണ്ടി സ്വന്തം ജീവൻ ത്യജിക്കുന്ന മാതാവ് ആണിനെയും പെണ്ണിനെയും ഒരേ പോലെ പുളകം കൊള്ളിക്കുമെങ്കിലും ഇത്തരം കഥകൾ പെൺ സൃഷ്ടികളല്ല; ആൺനിർമ്മിതികളാണ്.

സന്താനങ്ങളെ പ്രസവിക്കുന്നതും വളർത്തുന്നതുമാണ് പെൺ അടിമത്തത്തിന്റെ കാതൽ. സമൂഹം കൂടെക്കൂടെ പറയുന്ന പ്രസവത്തിന്റെ അനുഭൂതി പുരുഷാധിപത്യത്തിന്റെ മിത്ത് മാത്രമാണ്. ശരിക്കും ഗർഭധാരണം ക്രൂരമത്രേ. നല്ല ഭാഷയിൽ പറയുമ്പോൾ സ്വാഭാവികപ്രസവം അവശ്യവും സഹിക്കാവുന്നതുമാണ്.

പെൺജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം പ്രസവവും പോറ്റലും അതിനുവേണ്ടി സ്വയം ഉരുകിത്തീരലുമാണെന്നതത്രേ ഈ ആൺ കെട്ടുകഥയുടെ സൂത്രം. സ്ത്രീയുടെ വ്യക്തിത്വത്തെ മാതൃത്വത്തിലേയ്ക്കു മാത്രമായി വെട്ടി ഒതുക്കിയെടുക്കുകയും, അതിനെ മാത്രം അത്യുദാത്തമെന്നു പ്രകീർത്തിക്കുകയും വഴി, മാതാവായി മാത്രം ജീവിതം സമർപ്പിക്കാനുള്ള പുരുഷ വിദ്യാഭ്യാസമാണ് പെണ്ണിനു കിട്ടുന്നത്. അന്യജീവന് ഉതകുമ്പോൾ തന്നെ അവരവർക്കു വേണ്ടി കൂടി ജീവിക്കാനുള്ള അവകാശം ആണിനുള്ളത് പെണ്ണിനു നൽകുന്നില്ല എന്നതാണ് പുരുഷാധിപത്യത്തിന്റെ അനീതി. പ്രസവിക്കുന്നു എന്ന ഒറ്റക്കാരണത്താൽ പെണ്ണിനു നിഷേധിക്കപ്പെടുന്ന നീതിയാണിത്. ""ഞാൻ ആഞ്ഞൊന്നു ശ്രമിച്ചാൽ ഒമ്പതു മാസം നീ ചുമക്കും'' എന്ന് പൃഥ്വിരാജ് സിനിമയിൽ പെണ്ണിനെ ഭീഷണിപ്പെടുത്തുന്നതോർക്കുക. അതിനിന്ദ്യമായ ലിംഗ വിവേചനത്തിന്റെ സാമൂഹ്യമായ ദുർഗ്ഗന്ധത്തെ പെൺവർഗ്ഗം അറിയാതിരിക്കുന്നതിനുള്ള തന്ത്രസമുച്ചയമാണ് ത്യാഗത്തിന്റെ ശ്രീകോവിലിൽ അമ്മദൈവമായ സുരഭിലപ്പൂവല്ലിയായി പെണ്ണിനെ വിഗ്രഹവൽക്കരിക്കുന്നതിൽ പുരുഷാധിപതികൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. ""അമ്മയുടെ ശക്തിക്ക് രണ്ടു വശങ്ങളുണ്ട്: മനുഷ്യ ജീവനെ പേറുന്നതിനും പോറ്റുന്നതിനുമുള്ള ജീവശാസ്ത്രപരമായ കഴിവ് അഥവാ ശേഷിയാണ് ഒന്ന്. മറ്റൊന്നാകട്ടെ സ്ത്രീകൾ തങ്ങളെ നിയന്ത്രിക്കുകയും അതിക്രമിക്കുകയും ചെയ്യുമോ എന്ന പുരുഷഭീതി അഥവാ ദേവതാ രൂപത്തിലോ ആരാധനയായോ പുരുഷന്മാർ സ്ത്രീയിൽ വെച്ചുകെട്ടുന്ന മാന്ത്രിക ശക്തി'' എന്ന് ഇതേപ്പറ്റി അഡ്രിയൻ റിച്ച് (Adrienne Rich) പറയുന്നു.

സന്താനങ്ങളെ പ്രസവിക്കുന്നതും വളർത്തുന്നതുമാണ് പെൺ അടിമത്തത്തിന്റെ കാതലെന്നാണ് ഷൂലാഹ്മിത് ഫയ്സ്റ്റോണിൻറെ വിലയിരുത്തൽ / Photo: Wikimedia Commons, Michael Hardy

വിഗ്രഹവൽക്കരണത്തിന്റെ ദയാരഹിതമായ പുരുഷസൂക്തം തിരിച്ചറിയുമ്പോഴാണ്, പ്രസവത്തിന്റെ കുറ്റിയിൽ തങ്ങളെ കെട്ടിയിട്ടിരിക്കുന്നതിനാൽ, ലിംഗനീതി സാധ്യമാകണമെങ്കിൽ മാതൃത്വത്തിന്റെ നുകത്തിൽ നിന്നു തന്നെ തലയൂരണം എന്നു പെൺ പ്രതിഷേധം പൊട്ടിത്തെറിക്കുന്നത്. തങ്ങളെ വാനോളം പുകഴ്​ത്തി ദേവതാർച്ചന നടത്തി മാനുഷികമായ എല്ലാ സാധ്യതകളെയും വിലക്കുന്ന ഈ ആൺബോധ വ്യവസ്ഥയെ അതേ നിർദ്ദാക്ഷിണ്യത്തോടെ പെൺപക്ഷത്തു നിന്ന്​ഷൂലാഹ്മിത് ഫയ്സ്റ്റോൺ (Shulamith Firestone) കീറിമുറിക്കുകയും ചെയ്തു (സന്താനങ്ങളെ പ്രസവിക്കുന്നതും വളർത്തുന്നതുമാണ് പെൺ അടിമത്തത്തിന്റെ കാതൽ. സമൂഹം കൂടെക്കൂടെ പറയുന്ന പ്രസവത്തിന്റെ അനുഭൂതി പുരുഷാധിപത്യത്തിന്റെ മിത്ത് മാത്രമാണ്. ശരിക്കും ഗർഭധാരണം ക്രൂരമത്രേ. നല്ല ഭാഷയിൽ പറയുമ്പോൾ സ്വാഭാവികപ്രസവം അവശ്യവും സഹിക്കാവുന്നതുമാണ്. എന്നാൽ മോശമായി പറഞ്ഞാൽ അത് ഒരു മത്തങ്ങ വിസർജ്ജിക്കുന്നതു പോലെ തന്നെ). ഭാവിയിൽ, ശാസ്ത്ര സാങ്കേതികവിദ്യകൾ ഗർഭധാരണത്തിൽ നിന്നും പ്രസവത്തിൽ നിന്നും പെണ്ണിനെ മോചിപ്പിക്കുമ്പോൾ മാത്രമേ ലിംഗ വിവേചനം അവസാനിക്കൂ എന്നു കൂടി അവർ ആഗ്രഹിച്ചു.

ഈ സന്ദർഭത്തിൽ മാതൃത്വത്തെപ്പറ്റി കൂറേക്കൂടി മാനുഷികവും അടിപതറാത്തതുമായ സൂക്ഷ്മനിരീക്ഷണങ്ങൾ ഫെമിനിസത്തിനുള്ളിൽ നിന്നു തന്നെ ഉയർന്നു വരികയുണ്ടായി. പുതുജീവനെ പെറ്റിടാനുള്ള പെണ്ണിനു മാത്രമായ കഴിവിനെ, ആണിനോടുള്ള മത്സരത്തിൽ ഉപേക്ഷിക്കണം എന്ന വാദം പുരുഷാധിപത്യ വ്യവസ്ഥയിൽ സ്ത്രീകൾക്കുള്ള ഒരേയൊരു ശക്തിയെ കൈയൊഴിയണം എന്നു പറയുന്നതിനു തുല്യമാണെന്നവർ കണ്ടു. പ്രസവം കൈവിട്ട് ആണായി മാറുന്നതല്ല മോചനം, പകരം പുരുഷാധിപത്യം കല്പിച്ചു കൂട്ടി വെച്ചുകെട്ടിയ മാതൃത്വം എന്ന മിത്തിനെയാണ് തച്ചുതകർക്കേണ്ടതെന്ന് അഡ്രിയൻ റിച്ച് (Adrienne Rich) തന്റെ ഓഫ് വിമൻ ബോൺ (Of Woman Born, 1976) എന്ന കൃതിയിൽ തിരിച്ചറിയുന്നതങ്ങനെയാണ്. സന്താനോല്പാദന ശക്തിയിലൂടെ സ്ത്രീ ആർജ്ജിച്ചെടുക്കുന്ന മാതൃവൃത്തി (Mothering) എന്ന യാഥാർത്ഥ്യമാണ് സ്ത്രീക്കു പ്രധാനം. എന്നാൽ ഈ തായ് ബലത്തെ പുരുഷന്റെ നിയന്ത്രണത്തിലാക്കാൻ വേണ്ടി നിർമ്മിച്ച സ്ഥാപനം അഥവാ മിത്താണ് മാതൃത്വം (Motherhood) എന്നു അഡ്രിയൻ റിച്ച് മാതൃത്വത്തെയും മാതൃവൃത്തിയെയും വേർതിരിച്ചു മനസ്സിലാക്കി. പുരുഷാധിപത്യ മാതൃത്വം (patriarchal motherhood) പെൺ വിമോചനത്തിന്റെ തായ്‌വഴക്കത്തെ (mothering) നിർവീര്യമാക്കി തൽസ്ഥാനം കൈയടക്കിയിരിക്കുന്നു. സ്ത്രീയില്ലെങ്കിൽ തനിക്കു നിലനിൽപ്പില്ല എന്ന യാഥാർത്ഥ്യം, പുരുഷൻ അമ്മയിലൂടെ നന്നേ കുഞ്ഞിലേ തിരിച്ചറിയുന്നതിനാൽ, അതേ ഉല്പാദന ശേഷിയെ തന്നെ പെണ്ണിനെ അടക്കി നിർത്താനുള്ള ഭീഷണിയായും സ്തുതിയായും പ്രയോഗിക്കുന്നുവെന്ന് റിച്ച് കാണുന്നുണ്ട്. പെറ്റവയറിനെ മാത്രം പ്രകീർത്തിച്ചു കൊണ്ട് ബയോളജിക്കൽ അല്ലാത്ത എല്ലാ അമ്മമ്മാരെയും ഈ ആൺകോയ്മാ മാതൃത്വം അവഹേളിക്കുകയും പ്രസവിക്കാത്തവളിൽ അമ്മയില്ലെന്നു വരുത്തി തീർത്ത് അവരെയെല്ലാം "മച്ചികൾ' എന്ന അവലക്ഷണത്തിൽ പെടുത്തുകയും ചെയ്യുന്നു.

മാതൃവൃത്തി എന്നത്, പ്രവസിക്കുന്നതോടെ സ്ത്രീയിൽ മാത്രം തനിയെ മുളപൊട്ടി വളരുന്ന ജൈവ വിത്താണെന്ന പുരുഷ നിർമിത മിത്തിന്റെ കഴമ്പില്ലായ്മ സാറാ റഡിക് (Sara Ruddick) പൊട്ടിച്ചു കാട്ടുന്നുണ്ട്. സംരക്ഷണം, പോഷണം, പരിശീലനം എന്നീ തായ് ശേഷികൾ "തായ്മനന'ത്തിലൂടെ (Maternal thinking) ബോധപൂർവ്വമുള്ള പരിശീലനം വഴി അമ്മമാർ ആർജ്ജിച്ചെടുക്കുന്നതാണ്. അതുകൊണ്ടു തന്നെ പ്രസവിക്കുന്ന എല്ലാവരും ഈ തായ്ഗുണങ്ങളാൽ അനുഗ്രഹീതരുമല്ല. നല്ല അമ്മമാരിൽ നിന്ന്, ലിംഗവ്യത്യാസമില്ലാതെയും പ്രജനനശേഷി വേണ്ടാതെയും മനുഷ്യർക്കാർക്കും ശീലിച്ചെടുക്കാവുന്ന ഉത്തമ മാനുഷികഭാവങ്ങളുടെ പ്രയോഗ സിദ്ധിയത്രേ മാതൃവൃത്തി.

സാമൂഹ്യ മാതൃവൃത്തി (Social Mothering)

ആൺ നിർമിത മാതൃത്വവും പെൺ പിറന്ന തായ്‌വഴക്കവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ആധുനിക യൂറോ- അമേരിക്കൻ അണുകുടുംബ സമൂഹത്തിലെ മാതൃത്വവും ആഫ്രിക്കൻ - അമേരിക്കൻ സമൂഹത്തിലെ മാതൃവൃത്തിയും താരതമ്യം ചെയ്ത് അഡ്രിയൻ റിച്ച് വ്യക്തമാക്കുന്നുണ്ട്. നവലോക പാശ്ചാത്യ സമൂഹത്തിൽ ശിശുപരിപാലനം പെറ്റമ്മയിൽ മാത്രം ഒതുങ്ങുന്ന ഏകമാതൃത്വമത്രേ. പെറ്റമ്മയോളം വരില്ല മറ്റാരും എന്ന മുൻവിധിയിലാണ് അതിന്റെ വേര്. എന്നാൽ സ്വന്തം കുഞ്ഞിനോടുള്ള പെറ്റ വയറിന്റെ ഈ വിധ സങ്കുചിത മമതയിൽ ഒതുങ്ങുന്നല്ല ആഫ്രിക്കൻ തായ്ബോധം.

സാറാ റഡിക്

ഇതേപ്പറ്റി ഗ്ലോറിയ ഐ. ജോസഫ് പറയുന്നു; ""കറുത്ത വർഗക്കാരായ സ്ത്രീകൾക്ക് കുടുംബത്തിൽ നിർണായക പങ്കുണ്ട്. അവർ പെറ്റമ്മയുടെ സഹോദരിമാരാണോ അകന്ന ബന്ധുക്കളാണോ എന്നത് മിക്കവാറും പ്രധാനമല്ല. അവരെല്ലാം കറുത്തവർഗ്ഗക്കാരായ പെൺമക്കൾക്ക് എന്റെ സഹോദരി, എന്റെ അമ്മ, എന്റെ അമ്മായി, എന്റെ അമ്മൂമ്മ എന്നിങ്ങനെയാകും.' അവിടെ, തൻ കുഞ്ഞ് പൊൻകുഞ്ഞെന്ന സ്വകാര്യവൽക്കരണമില്ലാതെ, പലരുടെയും പരിലാളനയും പരിചരണവും ചേർന്ന സാമൂഹ്യ മാതൃവൃത്തിയാണുള്ളത് (Social Mothering). പെറ്റമ്മയ്ക്കു മുലപ്പാലില്ലെങ്കിൽ മറ്റമ്മമാരുടെ മുലകൾ ആ കുഞ്ഞുങ്ങൾക്കു വേണ്ടി ചുരക്കുമവിടെ. ഈ ആഫ്രിക്കൻ തായ്ശേഷി അവിടെ മാത്രം നിലനിൽക്കുന്നതല്ലെന്നും ഏറിയും കുറഞ്ഞും ഏഷ്യൻ സമൂഹങ്ങളിലും വേരോട്ടമുള്ളതാണെന്നും നമ്മെ ഓർമിപ്പിക്കുന്നതാണ് ജാതിമത വ്യത്യാസമില്ലാതെ പല അയൽപക്ക മാതാക്കളുടെയും മുല കുടിച്ചു വളർന്ന വൈക്കം മുഹമ്മദ് ബഷീർ ഓർമകൾ. പേറ്റുനോവറിയാത്ത പോറ്റമ്മമാരും മക്കളും തമ്മിൽ പെറ്റമ്മയേക്കാൾ അടുപ്പമുണ്ടവിടെ. വെറും പരിപോഷണത്തിൽ തീരുന്നതുമല്ല ഇത്തരം സമൂഹങ്ങളിലെ അമ്മത്തം. പരമ്പരാഗത അതിജീവനയറിവിന്റെ കറയറ്റ വാഹകരും നേർവഴികാട്ടികളും പ്രതിസന്ധി ഘട്ടങ്ങളിൽ നേതാക്കളുമാണവർ. ("ദാരി​ദ്ര്യത്തിന്റെയും വർണവെറിയുടെയും ചുറ്റുപാടിൽ വളർന്നു വരുന്നതിനാൽ കറുത്ത പെൺകിടാങ്ങൾ നന്നേ ചെറുപ്പത്തിലേ സാമൂഹ്യവൽക്കരിക്കപ്പെടുകയും കരുത്തുറ്റ സ്വാതന്ത്ര്യമുള്ളവരായി കുടുംബത്തിന്റെ നേതാവായിത്തീരുകയും ചെയ്യാം ... അമേരിക്കയിലെവിടെയും കറുത്ത വർഗ്ഗക്കാർക്കിടയിൽ അമ്മമാരിൽ നിന്ന് അതിജീവനത്തിന്റെയും നിലനില്പിന്റെയും മുന്നേറുന്നതിന്റെയും നിരവധി പാഠങ്ങൾ പെൺമക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഈ മനോഭാവം തലമുറകൾ സ്വാംശീകരിക്കുകയും പകരുകയും ചെയ്യുന്നു.'- ഗ്ലോറിയ ഐ. ജോസഫ്)

പഴയ ആസുരതയും പുതിയ ആര്യത്വവും

പൂതപ്പാട്ടിന്റെയും കാവിലെ പാട്ടിന്റെയും സംഘർഷ ഭൂമിയിൽ നാം അകപ്പെടുന്നത് പെറാത്ത വയറും പെറ്റവയറും തമ്മിൽ നമ്മുടെ പുതുകാലത്തിൽ അനിവാര്യമായും നടക്കുന്ന ഏറ്റുമുട്ടലിലാണ്. ഇത് പുരുഷാധിപത്യ മാതൃത്വവും പെൺ കേന്ദ്രിത മാതൃവൃത്തിയും നേർക്കുനേർ നിൽക്കുന്ന സമരാങ്കണം തന്നെ. കേവലമായ ബയോളജിക്കൽ ബന്ധത്തിൽ മാത്രം പഴുപ്പിച്ചെടുത്ത മാതൃ സ്നേഹത്യാഗങ്ങൾക്കും അതീതമായി അറിവും നെറിവും നേതൃബോധവും സ്ഥൈര്യവും രക്ഷയും ശിക്ഷയുമുള്ള ബഹുമുഖരൂപിയായ അമ്മത്തം എന്ന മൂന്നാം ലോക പ്രക്രിയയെ ആധുനിക പുരുഷാധിപത്യ മാതൃത്വമാകുന്ന യൂറോപ്യൻ - ബ്രാഹ്മണിക് മിശ്രണത്തിലേക്ക് ആവാഹിച്ച് നിർവീര്യമാക്കുമ്പോഴുള്ള മനഃസംഘർഷം രണ്ടു കവിതകളിലും കാണാം. കാരണം നമ്മുടെ സാമൂഹ്യഘടന പുതിയ ഉല്പാദന ബന്ധങ്ങൾക്കൊത്ത് അഴിച്ചു പണിതു കൊണ്ടിരിക്കുന്നു. സാമൂഹ്യ കൂട്ടായ്മകൾക്കു പകരം ഒറ്റയൊറ്റ കുടുംബങ്ങൾ എന്ന അടഞ്ഞ സ്വാശ്രിത മതിലുകളിലേയ്ക്ക് നാം അകന്നു പോകുന്നു.

ഗ്ലോറിയ ഐ. ജോസഫ്‌

ഈ ചുഴിഞ്ഞുനോട്ടം അധിക പ്രസംഗമായി തോന്നുന്നുവെങ്കിൽ കാവിലെ പാട്ടിനെപ്പറ്റി പ്രൊഫ. കെ.പി.ശങ്കരൻ ഇങ്ങനെയെഴുതാൻ കാരണമെന്താകും? ‘‘പ്രാകൃതവും ഭീഷണവും ആയിരുന്നില്ലേ നമ്മുടെ പ്രാചീന സംസ്കാരം? തൂക്കവും നിണവും മറ്റും നമുക്കു കൗതുകമുണർത്തുന്ന കലാ വിനോദങ്ങളയിരുന്നു! ആ കാലം കഴിഞ്ഞ് ആര്യസംസ്കാരവുമായി അനുരഞ്ജനത്തിലെത്തിയ ശേഷമല്ലേ നാം ആസുരവാസനകളൊട്ടൊക്കെ നിയന്ത്രിച്ചു സൗമ്യശീലരായി മാറിയത്? അങ്ങനെ നോക്കുമ്പോൾ, ഈയൊരു ദേവി നമ്മുടെ പരദേവതയായി മാറിയത് പല നിലയ്ക്കും അർഥഗർഭമത്രേ. അബോധമനസ്സിലെ അതീത സ്മൃതികളുണർത്തുക എന്നതു കവിയുടെ മാന്ത്രികസിദ്ധികളിൽ ഒന്നാണല്ലോ. ഇടശ്ശേരിയുടെ ഈ കാവിലെ പാട്ടിൽ മലയാളി അവന്റെ തനിമയും പഴമയും കണ്ടെത്താതിരിക്കയില്ല.''

സമൂഹത്തിൽ ബഹുഭൂരിപക്ഷം വരുന്ന നിസ്വരായ മനുഷ്യരെ ജാതിയുടെ പേരിൽ മൃഗങ്ങളോടെന്നതിലും മോശമായി ഇന്നും പെരുമാറുന്നതും, അന്നത്തെ അതേ ആര്യസംസ്കാരമായതിനാൽ, അത് സൗമ്യമാണെന്നു പറയാൻ പറ്റില്ലല്ലോ? ഈ ആര്യസംസ്ക്കാരത്തിൽ നിണമൊഴുക്കുന്ന മൃഗബലി നിർത്തിയതാകട്ടെ ബുദ്ധമതത്തെ കവച്ചുവെയ്ക്കുന്നതിനു വേണ്ടി മാത്രമായിരുന്നു. അങ്ങനെയെങ്കിൽ, ആര്യസംസ്കാരവുമായി അനുരഞ്ജനത്തിലായപ്പോൾ ഇല്ലാതായ "ആസുര വാസനകൾ' ഏതൊക്കെയാണ്? ബ്രാഹ്മണമതത്തിന്റെ പുരുഷാധിപത്യത്തിനു പുറത്ത്, അതിനു വിധേയമാകാതെ "പറയന്റെ കുന്നിന്റെ അങ്ങേച്ചെരിവിൽ' കഴിയുന്ന നാട്ടു സംസ്കാരത്തിലെ സാമൂഹ്യമായ മാതൃവൃത്തിയാണ് ഈ "ആസുര'വാസന. അതുതന്നെ പൂതവും കാളിയും. അതിനെ അവമതിക്കുന്നതിനുള്ള ന്യായീകരണമാണ് അത് പുറമ്പോക്കിലുള്ളതും കറുത്തതും ക്രൂരവും കുപിതവുമാണെന്നത്. പകരം മറ്റൊരു മാതൃക മുന്നോട്ടു വെയ്ക്കുന്നു. അതാകട്ടെ സൗമ്യവും ശാന്തവും വെളുത്തതും മാളികയും നാലുകെട്ടുമൊക്കെയാണ്. ഇവിടെയാണ് ആധുനിക യൂറോ- അമേരിക്കൻ ആണധികാര നിർമിതിയായ മാതൃത്വം പ്രാന്ത രാജ്യത്തെ അധീശ സമൂഹങ്ങളിലെ സമാന ഘടനയുള്ള പുരുഷാധിപത്യ മാതൃരൂപങ്ങളുമായി സംയോജിച്ച് കൂടുതൽ ദൃഢപ്പെടുന്നത്. എന്നു വെച്ചാൽ രണ്ടു തരം പുരുഷാധിപത്യ ഭാരങ്ങളുടെ അടിയിൽ കൂച്ചുവിലങ്ങാണ് നമുക്കുള്ളത്. എന്നാൽ ഇത്തരം കടുത്ത ഇരട്ടപ്പൂട്ടില്ലാത്ത യൂറോ-അമേരിക്കൻ നാടുകളിൽ പുരുഷാധികാര നിർമിത മാതൃത്വത്തെ ചോദ്യം ചെയ്യുക കുറേക്കൂടി എളുപ്പമാണ്. ഇവിടെയാകട്ടെ അത് മതവും മിത്തും വിശ്വാസവും ആചാരവും ഉച്ചനീചത്വവും ഒക്കെ ചേരുംപടി ചേർത്ത് നമ്മുടെ മജ്ജയും മാംസവും തന്നെയാക്കി മാറ്റിയ അധീശ സംസ്കാരമാണ്.

പൂതപ്പാട്ടിലും കാവിലെ പാട്ടിലും നമ്മൾ കാണുന്നത് കേരളത്തിൽ ആധുനിക കാലത്ത് പുരുഷാധികാരത്താൽ ബലപ്പെടുത്തിയ രണ്ടു മൂല്യങ്ങൾ (ബ്രാഹ്മണിസവും കോളനി മുതലാളിത്തവും) ഒന്നു ചേർന്ന് പുതിയ കേരളത്തിനു പാകമായ മാതൃത്വത്തെ ചിട്ടപ്പെടുത്തുന്നതാണ്

പുരുഷാധികാര മാതൃത്വത്തെ കൈയൊഴിഞ്ഞ് തൽസ്ഥാനത്ത് പെൺ കേന്ദ്രിതമായ തായ്‌വഴക്കത്തെ പുനഃസ്ഥാപിക്കുക എന്നാൽ സ്ത്രീയുടെ ആൺബന്ധനത്തിനു കാരണഭൂതമായ പ്രത്യുല്പാദന ശക്തിയെ തന്നെ വിമോചന ശക്തിയാക്കി പുരുഷാധികാരത്തിൽ നിന്ന്​ സ്വതന്ത്രമാക്കുക എന്നാണ്. ലിംഗവിവേചനത്തിന്റെ ദുശ്ശീലങ്ങൾ ഉൾപ്പെടെയുള്ള സാമൂഹ്യനീതികൾക്കെതിരെ നിലകൊളളുന്ന സന്തതികളെ വളർത്തിയെടുക്കുന്ന പെൺ രക്ഷാകർതൃത്ത്വത്വമാണത്. പോറ്റലിനെ അണുകുടുംബത്തിന്റെ അകങ്ങളിൽ മാത്രം കുടുക്കിയിടാതെ, സാമൂഹ്യ സുരക്ഷ അവതാളത്തിലാക്കുന്ന ആൺ ഭരണകൂടത്തിന്റെ അധികാര പ്രയോഗത്തിനെതിരെയുള്ള രാഷ്ട്രീയ പ്രവർത്തനമായി പെൺ രക്ഷാകർതൃത്വം മാറ്റുന്നു. മാതൃശക്തിയുടെ ആൺ സ്വകാര്യവൽക്കരണത്തിനു പകരം പെൺ സാമൂഹ്യവൽക്കരണം അവിടെ സംഭവിക്കുന്നു. ആൺ നിർമ്മിത മാതൃത്വത്തിന് സ്നേഹം, ത്യാഗം ഇത്യാദി കടമകൾ മാത്രമേയുള്ളുവെങ്കിൽ കടമയിൽ തന്നെ അവകാശവും ഉൾച്ചേർന്നതാണ് പെൺവാദപരമായ മാതൃവൃത്തി (Feminist Mothering). അത് സ്വകാര്യം, സാമൂഹ്യം എന്ന ആൺവേലി വേർതിരക്കലുകളും പൊളിച്ചിടുന്നു.

ഇന്ത്യയിൽ ബ്രാഹ്മണ്യത്തിന്റെ ആൺകോയ്മയിൽ നിന്ന്​അകന്നു കഴിഞ്ഞിരുന്ന സമൂഹങ്ങളിലെ പെൺ മാതൃവൃത്തിയെ അഭീഷ്ട വരദായിനിയായ ത്യാഗമൂർത്തിയാക്കി ബ്രാഹ്മണ്യ മേൽക്കോയ്മയിൽ കൊണ്ടുവരുന്ന പ്രക്രിയ കരിംകാളിയെ വെളുത്ത പാർവ്വതീദേവിയാക്കുന്നതിൽ കാണാം. കാടമ്പുഴ ഭഗവതിയും ചോറ്റാനിക്കര അമ്മയുമായി ഈ പെൺ കരിദേവത രൂപം മാറുമ്പോൾ രണ്ടു വിധത്തിൽ അത് സ്ത്രൈണ ശക്തിയെ ബ്രാഹ്മണ്യപുരുഷാധികാരത്തിന്റെ കാൽച്ചുവട്ടിൽ നിർത്തുന്നു. ഒന്ന്, ക്ഷിപ്ര പ്രസാദിനിയായി വഴിപാടുകൾക്കൊത്ത് ഭക്തരുടെ സ്വകാര്യാവശ്യങ്ങൾ(ശത്രു സംഹാര പൂജ) നിറവേറ്റുന്ന അമ്മയാകുന്നു. രണ്ട്, പുരുഷ നിർദ്ദേശങ്ങൾ പാലിച്ച്‌ യഥാർത്ഥ ജീവിതത്തിൽ അടുക്കളയിൽ നിന്നിറങ്ങി തൃശൂലവുമേന്തി ആചാര ലംഘകരെയും അന്യമതസ്ഥരെയും ഉന്മൂലനം ചെയ്യാൻ ഉറഞ്ഞു തുള്ളുന്നു. സംഘടിത ആൺമതത്തിലെ എല്ലാ ശാക്തേയാരാധനയിലും, മന്ത്രതന്ത്രങ്ങൾ കൊണ്ട് ചൊൽപ്പടിക്കു നിർത്തുന്ന പുരുഷ പൗരോഹിത്യത്തിന്റെ വിനീത വിധേയയാണ് അമ്മദൈവം. ആരാധ്യമെന്നു വിശേഷിപ്പിക്കുന്ന ഈ മാതൃബിംബം സ്ത്രീപദവിയുടെയും അവളോടുള്ള ആദരവിന്റെയും ഭയത്തിന്റെയും ആരാധനയുടെയും സമത്വത്തിന്റെയും സാമൂഹ്യ ചിഹ്നമായി നമ്മെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. Goddess worship is very much a part of the Patriarchal and casteist of Hinduism, masked as respect for women, എന്ന് സുനൈന ബോസ് (Sunaina Bose) ഇതേപ്പറ്റി പറയുന്നു. പെണ്ണിലെ ക്രൗര്യവും സൗമ്യതയും ആവശ്യാനുസരണം പുരുഷാധീശവ്യവസ്ഥക്ക് അതിവിദഗ്ധമായി യഥാർത്ഥ ജീവിതത്തിൽ ഉപയോഗപ്പെടുത്തി അവളിൽ വ്യാജ സ്വാതന്ത്ര്യ സംതൃപ്തി നിലനിർത്താനുള്ള മിത്താണ് ഈ മാതൃദേവതാ ബിംബം.

പൂതപ്പാട്ടിലും കാവിലെ പാട്ടിലും നമ്മൾ കാണുന്നത് കേരളത്തിൽ ആധുനിക കാലത്ത് പുരുഷാധികാരത്താൽ ബലപ്പെടുത്തിയ രണ്ടു മൂല്യങ്ങൾ (ബ്രാഹ്മണിസവും കോളനി മുതലാളിത്തവും) ഒന്നു ചേർന്ന് പുതിയ കേരളത്തിനു പാകമായ മാതൃത്വത്തെ ചിട്ടപ്പെടുത്തുന്നതാണ്. അത് പൂതത്തിൽ നിന്നും (അയൽപക്കം, കൂട്ടുകുടുംബത്തിലെ മറ്റ് അമ്മമാർ- അവിവാഹിതർ, വിധവകൾ, എന്നിങ്ങനെ) കുട്ടിയെ പോറ്റാനുള്ള അവകാശത്തെ ബയോളജിക്കൽ അണുകുടുംബ മാതാവ് പറിച്ചെടുക്കുന്നതത്രേ. പെറ്റമ്മയോളമാകില്ല മറ്റാരും എന്നു പുതിയ മിത്ത് നിർമ്മിക്കാൻ രണ്ടു കവിതകളിലും, ആറ്റുനോറ്റുണ്ടായതും ഭക്ഷണം കൊടുക്കുന്നതും എന്നുവേണ്ട മാതൃ ശിശു വൈകാരിക ദൃശ്യങ്ങൾ എല്ലാം കടുത്തനിറത്തിൽ എഴുതി വെച്ചിരിക്കുന്നു. അങ്ങനെ ഫുൾ ടൈം മാതൃത്വത്താൽ നമ്മെ രോമാഞ്ചം കൊള്ളിച്ച് ഇതര അമ്മമാരെ റദ്ദാക്കി, പെണ്ണിനെ കുട്ടിയെ കൊണ്ട് ബന്ധിക്കുകയും മാതൃത്വത്തെ അതി സ്വാർത്ഥ (സ്വകാര്യ) വൽക്കരിക്കുകയും ചെയ്യുന്നു. ഓരോരുത്തരും അവരവരുടെ മക്കൾക്കു വേണ്ടി മാത്രം ജീവിക്കുക എന്നതാണ് ഇവിടെ വേദമന്ത്രം. ഇത് നിർവഹിക്കുന്നതിനാകട്ടെ നാട്ടുമത സങ്കല്പങ്ങളെ സംഘടിത മതമിത്തുകൾ ഉപയോഗപ്പെടുത്തി അതിലേയ്ക്ക് നമ്മെ പരിവർത്തിപ്പിക്കുന്ന ബ്രാഹ്മണ്യ ഘടന ഉപയോഗിച്ചു കൊണ്ടാണ്. ഉണ്ണിയുടെ പൂവമ്പഴം പോലത്തെ ശരീരഭംഗിയിൽ കാളിയും പൂതവും ആകൃഷ്ടയായി അതുവഴി നാലുകെട്ടിലെ അമ്മയുടെ മുന്നിൽ കീഴടങ്ങുന്നു. ""ഞങ്ങളിലെ പെൺ മാതൃവൃത്തി എന്ന അപരിഷ്​കൃതത്വത്തെ കഴുകിക്കളത്ത് ഞങ്ങളെ നിങ്ങളെപ്പോൽ ആൺ അധികാരത്തിന്റെ പൂജാബിംബങ്ങളായ മാതൃദേവതയാക്കൂ'', എന്നാണവരുടെ അപേക്ഷ. സവർണ മാതാവ് അവരിലെ "പ്രാകൃതത്വ'ത്തെ സംസ്കരിച്ച് "ഗുണദായിനിയും സർവ്വശുഭകാരിണി'യുമാക്കി മാറ്റുന്നു.

സമയമായി സമയമായി തേരിറങ്ങുകംബേ സകല ലോകപാലനൈക സമയമതാലംബേ

എന്നപ്പോൾ പ്രകീർത്തിക്കപ്പെടുന്നു.

"അബോധ മനസ്സിലെ അതീത സ്മൃതികളുണർത്തുക എന്നതു കവിയുടെ മാന്ത്രിക സിദ്ധികളിൽ ഒന്നാ'ണെങ്കിൽ രണ്ടു തരം അതീത സ്മൃതികൾ ഈ പാട്ടുകൾ ഉണർത്തുണ്ട്.
1. പുരുഷാധിപത്യത്തിനു കീഴടങ്ങാത്ത തായ്‌വഴക്കത്തിന്റെ സാമൂഹ്യവും വ്യക്തിപരവുമായ അനുഭവ നഷ്ടമാണത് (പുരോഗതിയുടെ പക്ഷത്തുനിന്ന് നോക്കുമ്പോൾ അനിവാര്യവും പ്രകൃതിയുടെ പക്ഷത്തു നിന്ന് നോക്കുമ്പോൾ സങ്കടകരവുമായ ഒരു പതനം, എന്ന് കല്പറ്റ നാരായണൻ ഇതിലേയ്ക്കു കണ്ണുപായിക്കുന്നുണ്ടെങ്കിലും ആൺ നിർമിത മാതൃത്വത്തെ "പുരോഗതിയുടെ പക്ഷം' എന്നദ്ദേഹവും അറിയാതെ പുകഴ്ത്തി പോകുന്നു. ഈ കവിതകളെ മാതൃകേന്ദ്രിത സാമൂഹ്യ ഘടനയിൽ നിന്നുള്ള മാറ്റമായി നോക്കിയ പി. സോമനും, ആ അന്വേഷണത്തെ വളർത്താൻ പറ്റാതെ, ആണധികാര മാതൃത്വത്തിന്റെ മിത്തിൽ കുടുങ്ങി "പെറ്റമ്മമഹത്വഗീതങ്ങളെ'ന്ന് ഇവയെ വാഴ്ത്തുന്നു). അതുകൊണ്ടാണ് പൂതവും കാളിയും നമ്മുടെ മനസ്സിൽ നിന്നൊഴിഞ്ഞു പോകാതെ വിങ്ങലുണ്ടാക്കുന്നത്.
2. ആൺ- പെൺ ഉച്ചനീചത്വത്തിന്റെ പുതിയ കേരളീയ സവർണ സമൂഹം കൂടുതൽ മികവുറ്റതാണ് എന്ന മിഥ്യാബോധത്തിൽ നമുക്ക് പാർക്കേണ്ടതുണ്ട്. മകനു പകരം സ്വന്തം കണ്ണു ചൂഴ്​ന്നു നൽകുന്ന ത്യാഗപദവിയിൽ അവളെ അലങ്കരിച്ചു കൊണ്ടേ ഇതു സാധിക്കൂ. കേരളീയതയിലെ ബഹുവിധ സാംസ്കാരിക ബിംബങ്ങളും നിരത്തി രണ്ടു ലോകങ്ങളിലും (നഷ്ടത്തിലും നേട്ടത്തിലും) മാറി മാറി സഞ്ചരിക്കാൻ ഇടം ഒരുക്കുകയാണ് പൂതപ്പാട്ടും കാവിലെ പാട്ടും.

Reference​s1. Feminist Mothering, Andrea O'Reilly2. From motherhood to Mothering, Andrea O'Reilly3. Feminism and the Family, Michelle Budig4. Of woman born; Motherhood as Experience and Institution Adrienne Rich5.The Paradox Of Hindu Goddess Worship And Feminism, Sunaina Bose6. edasseri.org


അശോകകുമാർ വി.

അധ്യാപകൻ. സാഹിത്യം, പരിസ്​ഥിതി, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളിൽ എഴുതുന്നു.

Comments