ഗഫൂർ കരുവണ്ണൂർ

ഈ കാട്ടാളനിൽ പൂത്തുനിൽക്കുന്നു,
നമ്മിൽനിന്നൂർന്നുപോയ ജൈവലോകങ്ങൾ

ആധുനികതയോടെ ഉയർന്നുവന്ന മനുഷ്യസങ്കല്പങ്ങളുടെ മറുവിമർശനങ്ങൾ ആധുനികതാപ്രസ്ഥാനം തന്നെ ഉയർത്തിനിർത്തിയിട്ടുണ്ട്. നഗരമനുഷ്യൻ പരിഷ്‌കൃതൻ, കിരാതൻ അപരിഷ്‌കൃതൻ എന്ന വ്യാജദ്വന്ദ്വത്തെ കടമ്മനിട്ടയെ പോലുള്ളവർ അക്കാലത്തുതന്നെ രോഷജനകമായി തിരുത്തി എഴുതുന്നുണ്ട്. 2020 സെപ്തംബർ 23 ന് ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ച ഗഫൂർ കരുവണ്ണൂരിന്റെ ‘വെള്ളം’ എന്ന കവിതയുടെ വായന.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവിചാരങ്ങൾക്ക് ഇപ്പോൾ ബഹുസ്വരങ്ങളുടെ ലീനധ്വനികളാണുള്ളത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മാനുഷികമായ അകലങ്ങളെ തിരിച്ചറിയാത്ത മതാത്മകവും ഏകാത്മകവുമായ ലോകവീക്ഷണമാണ് അതിൽ ഒന്നാമത്തേത്. കലർപ്പില്ലാത്തതും കർതൃത്വമില്ലാത്തതുമായ ജഡവസ്തു കണക്കെ പ്രകൃതിയെ സമീപിക്കുന്ന കേവലമായ മുഗ്ധസങ്കല്പമാണ് രണ്ടാമത്തേത്. പ്രകൃതിയുടെ നിസ്സാരതയ്ക്കു മുകളിൽ മനുഷ്യാധ്വാനത്തിന്റെ മഹനീയത സ്ഥാപിക്കുന്ന അതിമാനുഷികത്വത്തിന്റെ ആധുനികമായ വാഴ്ത്തലുകളാണ് പ്രബലമായ മറ്റൊരു ചിന്ത.

പാരിസ്ഥിതികാവബോധമായി പരിണമിക്കുന്ന പ്രകൃതിയുടെ പ്രതിരോധ മൂല്യമാണ് പൊതുവെ പ്രചാരത്തിലിരിക്കുന്ന പരിസ്ഥിതിരാഷ്ട്രീയം. ഇങ്ങനെ പലമാനങ്ങളിൽ ബഹുമുഖമായി ചൂഴ്​ന്നുനിൽക്കുന്ന ഒരു ലാവണ്യഭൂമികയിൽ നിന്നുകൊണ്ടാണ് നമുക്ക് ഗഫൂർ കരുവണ്ണൂരിന്റെ വെള്ളം എന്ന കവിതയെ വായിക്കേണ്ടിവരുന്നത്.

ആധുനികതയോടെ ദൃഢീകരിക്കപ്പെട്ട മാനവികതയുടെ അത്യാഘോഷങ്ങളും മനുഷ്യനു കീഴ്‌പ്പെടുത്താനും പ്രയോജനപ്പെടുത്താനുമുള്ള ചരക്കുമാത്രമാണ് പ്രകൃതി എന്ന മൂലധനാഭിമുഖമായ അധീശബോധവും നമ്മുടെ സാമൂഹിക സൗന്ദര്യവിചാരങ്ങളിൽ തിടംവെച്ചുനിൽക്കുന്ന ചിന്തയാണ്. പ്രകൃതിക്കുമുമ്പിൽ നിസ്സാരമാണ് മനുഷ്യാസ്തിത്വമെന്ന കാഴ്ചപ്പാടും അനുഭൂതിയുടെ ലോകത്ത് ഏറെ ശക്തമാണ്. മനുഷ്യന്റെയും മൂലധനത്തിന്റെയും ദുരമൂത്ത അതിക്രമങ്ങളാൽ നാശോന്മുഖമായി കൊണ്ടിരിക്കുന്ന പ്രകൃതിയെക്കുറിച്ചുള്ള ഉൽകണ്ഠകൾ ഒരു രാഷ്ട്രീയ ജാഗ്രതയായി ഇന്ന് ഉണർന്നു നിൽക്കുന്നു എന്നത് പ്രത്യാശാഭരിതമായ ഒരു യാഥാർത്ഥ്യമത്രേ. പ്രകൃതിയെ പരിചരിക്കുകയും മെരുക്കിയെടുക്കുകയും ചെയ്യേണ്ടതിന്റെ ഉപയുക്തതാമൂല്യവും അതിനെ ആധാരമാക്കുന്ന പ്രകൃതി -പുരുഷ പാരസ്പര്യ ഭാവവും ഇന്നും സ്വാധീനത്തോടെ നിൽക്കുന്ന ഒരു സൗന്ദര്യസങ്കല്പം കൂടിയാവുന്നു. പാരിസ്ഥിതികാവബോധമായി പരിണമിക്കുന്ന പ്രകൃതിയുടെ പ്രതിരോധ മൂല്യമാണ് പൊതുവെ പ്രചാരത്തിലിരിക്കുന്ന പരിസ്ഥിതിരാഷ്ട്രീയം. ഇങ്ങനെ പലമാനങ്ങളിൽ ബഹുമുഖമായി ചൂഴ്​ന്നുനിൽക്കുന്ന ഒരു ലാവണ്യഭൂമികയിൽ നിന്നുകൊണ്ടാണ് നമുക്ക് ഗഫൂർ കരുവണ്ണൂരിന്റെ വെള്ളം എന്ന കവിതയെ വായിക്കേണ്ടിവരുന്നത്. അപ്പോൾ തെളിഞ്ഞൂറിവരുന്ന ഭാവമണ്ഡലങ്ങളെയും ബന്ധവിന്യാസങ്ങളെയും അന്വേഷിക്കുകയാണിവിടെ.

ആധുനികതയോടെ ഉയർന്നുവന്ന മനുഷ്യസങ്കല്പങ്ങളുടെ മറുവിമർശനങ്ങൾ ആധുനികതാ (modernism) പ്രസ്ഥാനം തന്നെ ഉയർത്തിനിർത്തിയിട്ടുണ്ട്. നഗരമനുഷ്യൻ പരിഷ്‌കൃതൻ, കിരാതൻ അപരിഷ്‌കൃതൻ എന്ന വ്യാജദ്വന്ദ്വത്തെ കടമ്മനിട്ടയെ പോലുള്ളവർ അക്കാലത്തുതന്നെ രോഷജനകമായി തിരുത്തി എഴുതുന്നുണ്ട്.

കടമ്മനിട്ട

കടമ്മനിട്ടയുടെ കാട്ടാളൻ, കുറത്തി, കിരാതവൃത്തം എന്നീ കവിതകളിൽ ആധുനികത നിർമിച്ച വ്യാജ മാനവീയ സങ്കല്പങ്ങൾ വിചാ ചെയ്യപ്പെടുന്നു. പരിഷ്‌കാരം രൂപപ്പെടുത്തിയ നന്മതിന്മകളുടെ ദ്വന്ദ്വലോകങ്ങളെ അത് തിരസ്‌ക്കരിക്കുന്നു. മനുഷ്യനു പകരംനിൽക്കുന്ന കാട്ടാളനെയും കാട്ടാളത്തിയെയും സത്യത്തിന്റെ പന്തം കൊണ്ടുയർത്തിയ വെളിച്ചത്തിൽ നാം കണ്ടുമുട്ടുന്നു. മനുഷ്യത്വത്തേക്കാൾ മികച്ച മൂല്യബോധത്തോടെയാണ് നാം അവരെ കവിതകളിൽ ദർശിക്കുന്നത്. ‘മലഞ്ചൂരൽ മടയിൽ നിന്നെത്തുന്ന കുറത്തി’ ആധുനികമായ അധികാരഗർവിനെ ചോദ്യം ചെയ്യുന്ന കറുപ്പിന്റെ കരുത്താണ്. ‘കാട്ടുകിഴങ്ങിൻ മൂട്ടിൽ മുളച്ച’ കാട്ടാളൻ നാഗരികത ചുട്ടെരിച്ച നീറ്റലിൽ പുതിയ മോഹലോകത്തെക്കുറിച്ചുള്ള ശുഭകാമിയാണ്. നാഗരിക മനുഷ്യർ നിർമ്മിക്കുന്ന യന്ത്രാർപ്പിതലോകമല്ല അവന്റെ സ്വപ്നങ്ങളിൽ തുളുമ്പുന്നത്. നഗരവാസിയുടെ പൗരബോധത്തെ പിന്നിലാക്കുന്നതാണ് കടമ്മനിട്ടയുടെ കിരാതന്റെ ജൈവബോധം. അത് പ്രകൃതിയും മനുഷ്യനും തമ്മിൽ നിർമ്മിക്കുന്നത് പരസ്പരം കർത്തൃത്ത്വമുള്ളൊരു ലോകത്തെയാണ്. നന്മ നിറഞ്ഞ മനുഷ്യത്വത്തിന്റെ വിപരീതമല്ല കാട്ടാളത്തം. കാടിന്റെ ഉൺമയായി കത്തിനിൽക്കുന്ന ജൈവ ജീവിതത്തിന്റെ ജ്വലനമത്രേ.

കാടുപൂക്കുന്ന, കാട്ടാറു നുകരുന്ന കാട്ടാളനെ നാം ഗഫൂർ കരുവണ്ണൂരിന്റെ കവിതയിലും കണ്ടുമുട്ടുന്നു. ആധുനികതയോടെ നമ്മളിൽ നിന്ന് ഊർന്നുപോയ ജൈവലോകങ്ങൾ ഈ കാട്ടാളനിൽ പുത്തുനിൽക്കുന്നു. മലകളെ, കുന്നുകളെ, പുഴകളെ, കിളികളെ, വെള്ളത്തെ എല്ലാം ആദിമമായ രുചിയോടെയാണ് ഈ കാട്ടാളൻ നുകരുന്നത്.

മലഞ്ചെരിവിലായിരുന്നു വീട് മറ്റൊരു ചെരിവിലൊരു തോട് ഒരിക്കലും മാറാത്ത ദാഹമായിരുന്നു. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കണം കുടിച്ചു കഴിയുമ്പോൾ പാറമേൽ താളം പിടിച്ചൊഴുകുന്ന ഒരരുവി കാടും കടന്ന് കിളികളോട് കളകളം പറഞ്ഞ് എന്റെ സിരകളിലൂടെ ആഴ്ന്നാഴ്ന്ന് പോകുന്നു. ഓരോതവണ വെള്ളം കുടിക്കുമ്പോഴും മല തഴുകി ഒഴുകിയെത്തിയ ഒരു തണുത്ത കാറ്റ് എന്നെ പുണരുന്നു. വെള്ളം കുടിച്ച് കയ്യുയർത്തി എഴുന്നേറ്റ് നിൽക്കും ഞാനൊരു സടകുടഞ്ഞെഴുന്നേറ്റ കാട്ടാറു പോലെ. നടന്നു പോകുന്നൊരു കാടുപോലെ. ചില നേരങ്ങളിൽ ഉറവ ഉണർന്നെഴുന്നേറ്റതു പോലെ. കാലത്തെഴുന്നേറ്റ് വെള്ളം കുടിച്ചപ്പോൾ ചെവിയിൽ നിന്നും ഒരു ജലപ്പക്ഷി പറന്നുപോയി. എന്നെ കാട്ടാളനെന്ന് വിളിക്കുന്നതിൽ എന്തുണ്ട് തെറ്റ്?

പ്രകൃതിയുടെ ചോരയാണ് വെള്ളം എന്ന് ബഷീർ പറയുന്നുണ്ട്. ഇവിടെ കാട്ടാളൻ പ്രകൃതി തന്നെയാണ്. ഈ വെള്ളം അയാളുടെ ചോരയും. പ്രകൃതി മുഴുവനായും സാന്ദ്രമായി ഖനീഭവിച്ച് നിൽപ്പുണ്ട് ഇയാളിൽ. പാറമേൽ താളം പിടിച്ചൊഴുകുന്ന ഒരരുവി കാടും കടന്ന് കിളികളോട് കളകളം പറഞ്ഞ് അയാളുടെ സിരകളിലൂടെ ആഴ്ന്നാഴ്ന്ന് പോകുന്നുണ്ട്.

വൈക്കം മുഹമ്മദ്​ ബഷീർ / Photo: Punalur Rajan

ഓരോതവണ വെള്ളം കുടിക്കുമ്പോഴും മല തഴുകി ഒഴുകിയെത്തിയ ഒരു തണുത്ത കാറ്റ് അയാളെ പുണരുന്നുണ്ട്. വെള്ളം കുടിച്ച് കയ്യുയർത്തി ഒരു കാട്ടാറു പോലെ അയാൾ സടകുടഞ്ഞെഴുനേൽക്കുന്നു.

കാലത്തെഴുന്നേറ്റ് വെള്ളം കുടിച്ചപ്പോൾ ചെവിയിൽ നിന്നും ഒരു ജലപ്പക്ഷി പറന്നുപോകുന്നതു പോലെ.

ആധുനികത പ്രകൃതിക്കുമേൽ മനുഷ്യനെ പ്രതിഷ്ഠിക്കുമ്പോൾ ഗഫൂറിന്റെ കവിത മനുഷ്യനിൽ ലയിച്ചു നിൽക്കുന്ന ഒരു അപരഭാഗമായി പ്രകൃതിയെ കാണുന്നു. ‘ഭൂമി നമ്മുടേതല്ല നാം ഭൂമിയുടേതാണ്' എന്ന് ഒന്നര നൂറ്റാണ്ടു മുമ്പ് സിയാറ്റിൻ മൂപ്പൻ പറഞ്ഞ വാക്കുകൾ ഇവിടെയും മുഴങ്ങുന്നുണ്ട്. അതുകൊണ്ടാണ് പ്രകൃതിയെ നിറയെ ഉള്ളിൽവഹിക്കുന്ന ഒരു മനുഷ്യനെ നാം ഇവിടെ കണ്ടുമുട്ടുന്നത്.

വെള്ളം ബോട്ടിലിൽ, മണ്ണ് കവറിൽ , പൂവും കായയും കച്ചവടശാലയിൽ, കിളികളും പൂമ്പാറ്റകളും മൊബൈൽ ഫോണിൽ, പ്രഭാതവും ഉച്ചയും സന്ധ്യയും രജനിയും സ്‌ക്രീനനുഭൂതികൾ അങ്ങനെ സമ്പൂർണമായി പ്രകൃതിയിൽനിന്ന്​ അന്യവൽക്കരിക്കപ്പെടുന്നതിനെയാണ് നാം ആധുനികത, പരിഷ്‌ക്കാരം, വികസനം എന്നൊക്കെ വിളിച്ചുവരുന്നത്.

ഭൂമിയ്ക്കന്ന് മനുഷ്യൻ നൽകി പൂവുകൾ രോമാഞ്ചങ്ങൾ കാമുകരായ് സന്ധ്യകൾ കാറ്റൊരു പ്രേമഗായകനായ് ശാരദമേഘം ചാമരമായ് ചന്ദ്രിക ചന്ദനമായ് വാർമഴവില്ലിൻ വർണ്ണപുടവകൾ വാരിയുടുത്തു ഭൂമി അന്നു മനുഷ്യൻ തീർത്തു ഭൂമിയിൽ ആയിരം ഉജ്ജ്വല ശില്പങ്ങൾ
(‘ഭൂമി സനാഥയാണ്’​ / വയലാർ രാമവർമ)

വയലാർ രാമവർമ

എന്നിങ്ങനെ ഭൂമിയെ മനുഷ്യന് പുറത്തുനിർത്തുന്ന ആധുനികതയുടെ തിരുത്തി എഴുത്താണ് ഗഫൂർ കരുവണ്ണൂരും നിർവഹിക്കുന്നത്. ഈ പ്രകൃതിക്ക്, പ്രപഞ്ചത്തിന് ആകെ സൗന്ദര്യം വിതച്ചത് മനുഷ്യനാണ്, അവരുടെ കരുത്താണ്, കരവിരുതാണ്. അങ്ങനെ ഭൂമിയെ സനാഥമാക്കിയത് മനുഷ്യനാണെന്നാണ് ആധുനികതയുടെ സങ്കല്പമെങ്കിൽ ഗഫൂർ കരുവണ്ണൂരിന്റെ വെള്ളം, ഭൂമിയെ അനാഥമാക്കുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഹിംസാത്മകതയുടെ കൂടി പേരാണ് മനുഷ്യൻ എന്ന് നമ്മെ ഓർമപ്പെടുത്തുന്നു. ആധുനിക മനുഷ്യൻ വെള്ളത്തെ മലിനമാക്കുന്നു. ഒഴുക്കു തടഞ്ഞ് അതിനെ കുപ്പിയിൽ വിൽക്കുന്നു. ഭൂമിയെ റിയൽ എസ്​റ്റേറ്റാക്കുന്നു. വായുവിനെ വിഷവാതകമാക്കുന്നു. ‘ശ്വസിക്കാനുള്ള അവകാശത്തെ മരിക്കാനുള്ള അവകാശമാക്കി മാറ്റുന്നത്' ഈ പരിഷ്‌കൃതനാണ്.
അതുകൊണ്ടുതന്നെ, യൂറോപ്യൻ ആധുനികത നിർമിച്ച മനുഷ്യസങ്കല്പമല്ല, അതിനെ എതിരിടുന്ന ബദൽ സ്വത്വബോധമാണ് കാട്ടാളൻ. ‘ഭക്ഷണവും വിനോദവും ഗവേഷണവും പോലെ ക്രൂരതയും ആധുനിക മനുഷ്യന് ഒഴിച്ചു കൂടാൻ പറ്റാത്തതാക്കി മാറ്റിയിട്ടുണ്ട് ' എന്ന് ജൈവമനുഷ്യനിൽ ആനന്ദ് നിരീക്ഷിക്കുന്നുണ്ട്. അവിടെയാണ് ഈ കിരാതൻ കരുണയുടെ പൊരുളായി മാറുന്നത്.

സർവസന്നാഹങ്ങളുമുള്ള ഒരു നാഗരികതയെയാണ് പ്രാകൃതനായ വെറും കാട്ടാളൻ ചോദ്യം ചെയ്യുന്നത്. നഗരമാണ് വൈരൂപ്യത്തിന്റെ പേരെങ്കിൽ കാട്ടാളൻ സൗന്ദര്യത്തിന്റെ വിളിപ്പേരായിത്തീരുന്നു. നാഗരികതയുടെ അതിവ്യാപനം മനുഷ്യരെ പലവിധ പാലായനങ്ങൾക്കും ഇടവരുത്തുമ്പോൾ കാട്ടാളൻ ഉറച്ചുനിൽക്കുന്ന മനുഷ്യസ്വത്വത്തിന്റെ സ്ഥൈര്യത്തിന്റെ പേരായിത്തീരുന്നു.

നഗരമനുഷ്യൻ തനിക്ക് പുറത്തുനിർത്തുന്ന പ്രകൃതിയുടെ അമൃതധാരകൾ മുഴുവൻ ഉൾവഹിക്കുന്നവനാണ് ഇവിടെ കാട്ടാളൻ. വെറും ചരക്കും കർത്തൃ രഹിതവുമാണ് നഗരമനുഷ്യന് പ്രകൃതി. വെള്ളം, മണ്ണ്, പൂവ്, കായ, പൂമ്പാറ്റകൾ, കിളികൾ, മൃഗങ്ങൾ, ചെറു ജീവികൾ എന്നിവ ആധുനികർ തങ്ങൾക്ക് വാങ്ങാനുള്ള ചരക്കുകൾ മാത്രമാക്കി മാറ്റുന്നു. വെള്ളം ബോട്ടിലിൽ, മണ്ണ് കവറിൽ , പൂവും കായയും കച്ചവടശാലയിൽ, കിളികളും പൂമ്പാറ്റകളും മൊബൈൽ ഫോണിൽ, പ്രഭാതവും ഉച്ചയും സന്ധ്യയും രജനിയും സ്‌ക്രീനനുഭൂതികൾ അങ്ങനെ സമ്പൂർണമായി പ്രകൃതിയിൽനിന്ന്​ അന്യവൽക്കരിക്കപ്പെടുന്നതിനെയാണ് നാം ആധുനികത, പരിഷ്‌ക്കാരം, വികസനം എന്നൊക്കെ വിളിച്ചുവരുന്നത്. പക്ഷേ ഇതെല്ലാം ഉൺമയായുള്ള ഒരാളെ നാം കാട്ടാളൻ എന്നു വിളിക്കുന്നു.

ആധുനിക മനുഷ്യൻ വെള്ളത്തെ മലിനമാക്കുന്നു. ഒഴുക്കു തടഞ്ഞ് അതിനെ കുപ്പിയിൽ വിൽക്കുന്നു. / Photo: Unsplash

കാടും മലയും പുഴയും പക്ഷിയും കാറ്റും വെയിലും എന്നിലാവോളമുണ്ട്. ...................................................................... ............................................................... എന്നിലാ വോളമുണ്ട് വെള്ളം കിടപ്പുറപ്പാക്കിയിട്ടുണ്ടാറടിമണ്ണ്. മരിക്കാൻ നേരത്ത് കൊടുക്കുന്ന വെള്ളം കാടിനേയും പുഴയേയും ഉമ്മവെച്ചാശ്വസിച്ച് മണ്ണിലേക്ക് പോകാനായിരിക്കുമോ? അല്ലെങ്കിൽ മറ്റൊരു കാടായ് വളർന്ന് അരുവിയാവാനായിരിക്കുമോ?

അതുകൊണ്ടുതന്നെ അയാൾക്ക് മരണമില്ല. ആവിർഭാവവും വിലയനവും മാത്രമേയുള്ളൂ. മണ്ണും വെള്ളവും മരവും ചെടിയുമായിരുന്നു അയാൾ. ദേഹവും ദേഹിയും ഒന്നായിത്തീർന്ന അവസ്ഥ. നമ്മുടെ നാഗരികമോഹങ്ങൾക്കുമുകളിൽ ഒരുനാൾ കിരാതരായി മനുഷ്യർ ഭൂമിയെ പുറകോട്ടുതിരിക്കുമെന്ന പ്രതീക്ഷ. അവിടെ മുന്നോട്ടുനടക്കുക എന്നതിനർത്ഥം പിന്നോട്ടുകുതിക്കുക എന്നു കൂടിയായിത്തീരുന്നു. ആ വിധം ഗഫൂർ കരുവണ്ണൂരിന്റെ വെള്ളം എന്ന കവിത മാനവീയതയുടെ മറുഭാവനയായിത്തീരുന്നു. ▮


ദേവേശൻ പേരൂർ

എഴുത്തുകാരൻ, അധ്യാപകൻ. നീതിയോടെതിർപ്പിൻ വാഗ്ഭടാനന്ദൻ, മലയാളം നല്ല ഉത്തരങ്ങൾ, ഫാസിസത്തിനെതിരെ എം.എൻ. വിജയൻ (എഡിറ്റർ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments