സിവിക് ചന്ദ്രനും ബാലചന്ദ്രൻ ചുള്ളിക്കാടും, 1999 ലെ ചിത്രം

ആ പുലർച്ചയ്ക്കായിരിക്കണം അയാൾ വീടു വിട്ടിറങ്ങിയത്

കാവിരാഷ്ട്രീയം ചെങ്കോട്ടയിൽ കൊടിയുയർത്താനുള്ള ആത്മവിശ്വാസം നേടുമ്പോൾ ഹിന്ദുമതം ഉപേക്ഷിക്കുന്നതും അംബേദ്ക്കർ ചേർന്ന അതേ ബുദ്ധമതത്തിൽ ചേരുന്നതും മറ്റൊരു രാഷ്ട്രീയ പ്രസ്താവന തന്നെ.

ന്റെ കവിത - ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗസൽ

ഡിസംബർ മുപ്പത്തൊന്ന് രാത്രി സത്രത്തിൻ ഗാന ശാലയിൽ ഗുലാം അലി പാടുന്നു... എന്നാരംഭിക്കുന്ന ഗസൽ എന്ന കവിത മൂന്നര പതിറ്റാണ്ട് മുമ്പാണെഴുതപ്പെട്ടത്. കവി ബാലചന്ദ്രൻ ചുള്ളിക്കാടിനന്ന് വയസ് 27. അയാൾ അതിനു മുമ്പെഴുതിയ യാത്രാമൊഴി, മാപ്പുസാക്ഷി, അമാവാസി തുടങ്ങിയ കവിതകളുടെ തുടർച്ചയല്ല ഇക്കവിത. ഗസലിന്റെ തുടർച്ചയെന്നു തൊട്ടു പറയാവുന്ന മറ്റൊരു കവിത പിന്നീടും ബാലന്റേതായില്ല. പക്ഷേ ബാലന്റെ മാത്രമല്ല മലയാളത്തിലെത്തന്നെ മികച്ച കവിതകളിലൊന്നായി ഗസൽ വായനക്കാരോർക്കുന്നു.
വീണ്ടും വീണ്ടും വായിക്കുന്നു...

ഇലയുമത്താഴവും നേർത്ത കൺവിളക്കുമായി കാത്തിരിക്കുന്ന കുടുംബിനി, ദൈവത്തിന്റെ ചിത്രമില്ലാത്ത മുറി, മിഴിയുപ്പും മെഴുക്കും വാർന്നൊട്ടിയ തലയിണ, ഉള്ളിനീർ മണക്കുമൊരുടലിൻ വെക്ക... അയാൾ ഗുലാം അലിയുടെ ഗസൽകച്ചേരിക്കു ശേഷം തിരിച്ചുപോരുന്നു.

എത്രയുണ്ടിനിനേരം? അസ്തമിച്ചുവോ വർഷം? എപ്പൊഴോ പിൻഭിത്തിയിൽ ദ്വാരപാലകൻ വന്നു തൂക്കിയോ വീണ്ടും പുതുവർഷത്തിൽ കലണ്ടർ? അതല്ലോ നാളെയുടെ നരക പടം...

1984-ൽ ഇക്കവിത എഴുതുന്നതിന്റെ ആസന്ന പ്രകോപനം ഗുലാം അലി ഇന്ത്യയിൽ പാടാനെത്തിയ വിവാദ സന്ദർഭമായിരുന്നു. ഗുലാം അലിയെ മുംബൈയിൽ കാലു കുത്താനനുവദിക്കില്ലെന്ന് ശിവസേന.

അലിയും ഞാനും ഗാനശാലയും ദഹിക്കുന്നു ജ്വാലയിൽ ദഹിപ്പീല കലണ്ടർ കലണ്ടറിൽ കാപ്പിരിച്ചോര ചെണ്ട കൊട്ടുന്ന കൊലനിലം കാട്ടു രാത്രിയിലാദിവാസി തൻ കനലാട്ടം ദേവദാരുവിൻ കുരിശേന്തിയ നിരാലംബ ജ്ഞാതികളുടെ മഹാപ്രസ്ഥാനം...

കത്തുന്ന മധ്യ കിഴക്കനേഷ്യയിൽ നിന്നാണ് മഹാഗായകൻ വരുന്നത്. പുറത്തെ രാഷ്ട്രീയരാജകത്വത്തിന്നെതിരെ അകത്ത് മഹാ സംഗീതത്തിന്റെ ഒറ്റക്കൽ ഗോപുരം.

കലണ്ടറിൻ ജനലിൽകൂടിക്കാണാം സഹസ്രദിന ചക്രചാരിയായ് നെറ്റിക്കണ്ണിൽ ജ്വലിക്കുമാപൽ ദ്യുതിയോടെ ലോഹാന്ധ ഗർഭശ്രേണി നിറയെ ശവങ്ങളെ വഹിച്ച് നദികൾ തുരങ്കങ്ങൾ നാടുകൾ നഗരങ്ങൾ മൃൺമയ ശതാബ്ദങ്ങൾ ഭാഷകൾ സംസ്കാരങ്ങൾ പിന്നിട്ട് കൂകിപ്പായും തീവണ്ടി...

സർവം മൗനഗ്രസ്തവും നിശൂന്യവുമാവുന്ന, വിളക്കുകളെല്ലാം കെട്ട പാതയിലൂടെ ഇതുപോലൊരു പുലർച്ചയ്ക്കാവണം പണ്ട് സിദ്ധാർത്ഥൻ കൊട്ടാരം വിട്ടിറങ്ങിയത്. ഈ കവിത എഴുതുന്ന കാലത്ത് വിജയലക്ഷ്മി ഗർഭിണിയായിരുന്നെന്ന് ബാലനോർക്കുന്നു. അഞ്ചാറ് മാസത്തിനുള്ളിൽ പലതവണ വെട്ടിത്തിരുത്തി ചെറുതാക്കി അതിനിടയിൽ നാലഞ്ച് തവണയെങ്കിലും ഉപേക്ഷിക്കാനൊരുങ്ങിയ ഇക്കവിത കലാകൗമുദിയിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ബാലനെ വലിയൊരു കവിയായംഗീകരിക്കാൻ മലയാളം നിർബ്ബന്ധിതമായി.

പിന്നീട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞ് മാധവിക്കുട്ടിയുടെ മതംമാറ്റത്തെ തുടർന്നുണ്ടായ വിവാദ ദിവസങ്ങളിലാണ് കവി ബുദ്ധമതത്തിൽ ചേരുന്നത്. ഇതിനിടയിൽ മധ്യപൂർവേഷ്യൻ രാഷ്ട്രീയം കീഴ്​മേൽ മറിഞ്ഞിരുന്നു. ഇന്ത്യയിൽ തന്നെ ഹിന്ദുത്വ ശക്തികൾ അധികാരാരോഹണത്തിനൊരുങ്ങുകയായിരുന്നു. ഇസ്ലാമോഫോബിയയുടെ കൊടും ശീതക്കാറ്റ് വീശാൻ തുടങ്ങിയിരുന്നു.

മാധവിക്കുട്ടിയുടെയത്ര വിവാദമായില്ല ബാലന്റെ മതം മാറ്റം. എന്നാൽ അവരിരുവരുടേത് പരസ്പരം പൂരിപ്പിക്കുന്ന രാഷ്ടീയ പ്രസ്താവനകളായിരുന്നു. ഇസ്​ലാമോഫോബിയയുടെ കാലത്ത് ഇസ്​ലാമിൽ ചേരുന്നത് ഒരു രാഷ്ടീയ പ്രസ്താവനയാണല്ലോ. കാവിരാഷ്ട്രീയം ചെങ്കോട്ടയിൽ കൊടിയുയർത്താനുള്ള ആത്മവിശ്വാസം നേടുമ്പോൾ ഹിന്ദുമതം ഉപേക്ഷിക്കുന്നതും അംബേദ്ക്കർ ചേർന്ന അതേ ബുദ്ധമതത്തിൽ ചേരുന്നതും മറ്റൊരു രാഷ്ട്രീയ പ്രസ്താവന തന്നെ.
​കവിത കവിത മാത്രമല്ല രാഷ്ട്രീയം കൂടെയാകുന്നതിങ്ങനെയുമാവാം. ▮


സിവിക് ചന്ദ്രൻ

കവി, നാടകകൃത്ത്​, എഴുത്തുകാരൻ, ആക്ടിവിസ്റ്റ്. പാഠഭേദം മാസികയുടെ പത്രാധിപർ. ജനകീയ സംസ്‌കാരിക വേദിയുടെ സെക്രട്ടിയും അതി​ന്റെ മുഖപത്രമായ പ്രേരണയുടെ പത്രാധിപരും ആയിരുന്നു. തടവറക്കവിതകൾ, നിങ്ങളാ​​രെ കമ്യൂണിസ്​റ്റാക്കി (പ്രതിനാടകം), എഴുപതുകളിൽ സംഭവിച്ചത്,​ നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത് (നാടകം) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments