എ. കെ രാമാനുജൻ. / Photo : Raghavendra Rao

നിശ്ചലചിത്രവും എ. കെ. രാമാനുജനും

മനുഷ്യവാസനയുടെ വർണരാജി

​ഇഷ്ടപ്പെടലിന്റെ ഏറ്റക്കുറച്ചിലുകൾ പല കാലത്തും പലതായി തുടരുന്നു എന്നതിനാൽ കവിതകളിലും അതിനൊരു കണിശമായ ഒരു പേരിലെത്താനാവില്ല. എങ്കിലും വായനയിൽ കൗതുകമുണ്ടാക്കിയ ഒരാളാണ് എ. കെ. രാമാനുജൻ.

ഴിഞ്ഞ ദിവസം വൈഗാ നദിക്കുകുറുകെയുള്ള പാലത്തിലൂടെ കടന്നുപോയിരുന്നു. വേനലിന്റെ വേവിൽ വെള്ളമെല്ലാം ഒഴിഞ്ഞുപോയിരിക്കുന്നത് കണ്ടു.

മധുരയിൽ ക്ഷേത്രങ്ങളുടെ അവയെ കുറിച്ച് പാടുന്ന കവികളുടെ നാട്ടിൽ എല്ലാ വേനലിലും ഒരു നദി വറ്റിവരണ്ട് നേർത്ത ചീളുപോലെ മണലിൽ ചുരുളും...(ഒരു നദി/ എ റിവർ )

എ. കെ. രാമാനുജന്റെ എ റിവർ എന്ന കവിത പെട്ടെന്ന് തലയിൽ തല്ലിക്കയറി.
പുഴ ഏറ്റവും മനോഹരമായൊഴുകുന്ന ഒരു നിമിഷത്തെക്കുറിച്ച് മാത്രമേ കവികളെല്ലാവരും പാടിയിട്ടുള്ളൂ എന്ന് രാമാനുജൻ അസ്വസ്ഥനാവുന്നുണ്ട് കവിതയിൽ. വറ്റിവരണ്ട വൈഗാ നദിയുടെ ചിത്രം എന്റെയുള്ളിൽ കിടന്നു, പ്രളയത്തിൽ ഉഗ്രശക്തിയിൽ കരയിലുള്ളതിനെ വാരിയെടുക്കുന്ന ഇതേ നദിയെക്കുറിച്ച് രാമാനുജൻ പറഞ്ഞതോർത്തപ്പോൾ അൽപം അമ്പരന്നു, അപ്പോഴേക്കും പാലം പിന്നിട്ട് ഞങ്ങളുടെ വണ്ടി മുന്നോട്ടുപോയി. ഏറ്റവും ഭംഗിയുള്ള, കാൽപനികമായ സന്ദർഭങ്ങളെക്കുറിച്ചുമാത്രം പാടുന്ന കവികളുടെ പാഴ്​വേലയെ രാമാനുജൻ ചോദ്യംചെയ്യുന്നതിലെ പ്രസക്തിയെക്കുറിച്ചോർത്തു പോയി.

ഇന്ത്യൻ പരിസരത്തോട് ഏറെ അടുത്തുനിന്നുമാത്രം ചിന്തിക്കുകയും എഴുതുകയും ചെയ്ത ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് എല്ലാക്കാലത്തും ഭാഷാശാസ്ത്രത്തിനും സംസ്‌കാരപഠനത്തിനും വലിയ സാധ്യത നൽകുന്നുണ്ട് എ. കെ. രാമാനുജൻ.

ആയിരം പേർ വായിക്കുമ്പോൾ ആയിരം പീലികളായി മാറുന്ന മാന്ത്രികത്തൂവലുകളാണ് കവിത. ഒരേ വാക്കുകളുടെ കാലിഡോസ്‌കോപ്പ് പ്രതിബിംബം പോലെ അത് തിരിഞ്ഞും മറിഞ്ഞും തമ്മിൽക്കുടുങ്ങിയും വ്യത്യസ്ത അർത്ഥവിതാനമൊരുക്കുന്നു. ഇഷ്ടപ്പെടലിന്റെ ഏറ്റക്കുറച്ചിലുകൾ പല കാലത്തും പലതായി തുടരുന്നു എന്നതിനാൽ കവിതകളിലും അതിനൊരു കണിശമായ പേരിലെത്താനാവില്ല. എങ്കിലും വായനയിൽ കൗതുകമുണ്ടാക്കിയ ഒരാളാണ് എ.കെ. രാമാനുജൻ. ഇന്ത്യൻ പരിസരത്തോട് ഏറെ അടുത്തുനിന്നുമാത്രം ചിന്തിക്കുകയും എഴുതുകയും ചെയ്ത ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് എല്ലാക്കാലത്തും ഭാഷാശാസ്ത്രത്തിനും സംസ്‌കാരപഠനത്തിനും വലിയ സാധ്യത നൽകുന്നുണ്ട് അദ്ദേഹം. കന്നഡയിലും തമിഴിലും ഇംഗ്ലീഷിലുമായി രാമാനുജൻ രചിച്ച ലേഖനങ്ങളും കവിതകളുമെല്ലാം ഇതിന്റെ ദൃഷ്ടാന്തമാണ്.

എ. കെ. രാമാനുജന്റെ  എ റിവർ എന്ന കവിത. / Photo : @InteriorLands, Twitter
എ. കെ. രാമാനുജന്റെ എ റിവർ എന്ന കവിത. / Photo : @InteriorLands, Twitter

ഇന്ത്യൻ സന്ദർഭത്തെക്കുറിച്ച് പഠിക്കാൻ ഏറ്റവും നന്നായി ഉപയോഗിക്കാനാവുന്നത് ഫോക്​ലോർ ആണെന്ന് രാമാനുജന്റെ രചനകളിൽ നിന്ന് മനസിലാവും. ദക്ഷിണേന്ത്യയിൽ നിന്ന്, പ്രത്യേകിച്ചും കന്നഡയിലെ നാടോടിക്കഥകൾ ശേഖരിച്ച് അതിനെ അപഗ്രഥിച്ച് അദ്ദേഹം മുന്നോട്ടുവെക്കുന്ന കണ്ടെത്തലുകൾ ഭാഷാശാസ്ത്രത്തെയും സംസ്‌കാരപഠനത്തെയും ഒരുപോലെ സഹായിക്കുന്നുണ്ട്. തന്റെ നാടിനെ, ഭാഷയെ, അതിലുൾച്ചേർക്കപ്പെട്ട സംസ്‌കാരത്തിന്റെ നേർത്ത കണ്ണികളെ, കുടുംബബന്ധത്തെ, പാരമ്പര്യത്തെ, വികാരങ്ങളുടെ തീവ്രതയെ, സുഖദുഃഖങ്ങളെ, പരിസ്ഥിതിയെ, മിത്തിനെ, വിശ്വാസങ്ങളെ, ദൈവസങ്കൽപത്തെ തുടങ്ങി ഒരാൾ അവരുടെ ജനനം മുതൽ കണ്ണിചേർക്കപ്പെടുന്ന ഏറ്റവും അടിസ്ഥാനപരമായ ജീവിതത്തിന്റെ ശൃംഖലയെ കവിതകളിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്ന രീതിയാണ് രാമാനുജന്റേത്. ഉത്തരാധുനിക ഇന്ത്യൻ കവിതയിൽ അദ്ദേഹത്തെ ശ്രദ്ധിക്കാതെ മുന്നോട്ടുപോകാനാവില്ല തന്നെ.

കുടുംബത്തെപ്പറ്റിയും അതിനകത്തെ സ്നേഹബലതന്ത്രങ്ങളെപ്പറ്റിയും അത് പരിപോഷിപ്പിക്കുന്ന സാംസ്‌കാരികചിഹ്നരൂപീകരണത്തെപ്പറ്റിയും നിരവധി കവിതകളിലും ലേഖനങ്ങളിലും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. മനുഷ്യജീവിതം ഒരു തുടർച്ചയാണെന്നും അത് പിൻതലമുറയിൽ നിന്ന് കൈക്കൊണ്ട സമ്മിശ്രഭാവമുള്ള മൂല്യങ്ങളും സ്മൃതികളും ചേർന്ന് രൂപപ്പെടുന്നതാണെന്നും അദ്ദേഹം പലപ്പോഴും പറയാൻ ശ്രമിക്കുന്നു. കണ്ണാടി നോക്കുമ്പോൾ തൊട്ട് മറ്റ് ബോധപൂർവമായ തെരഞ്ഞെടുപ്പുകളിൽ പോലും പൂർവകാലം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സാവധാനം പുതുക്കപ്പെടുന്ന നേരത്തും പഴയ ചിന്താപദ്ധതിയുടെ പ്രേതം എവിടെയോ പറ്റിപ്പിടിച്ചിരിക്കുന്നതായും അതിന്റെ വൈരുദ്ധ്യം നമ്മളെ സമ്മർദത്തിലാക്കുന്നതായും മനുഷ്യർക്ക് തോന്നുന്ന സന്ദർഭങ്ങളുണ്ടാവാം.

ചരിത്രപരമായി, കണ്ണാടിയിൽ പ്രതിബിംബം നോക്കാനുള്ള അവകാശം പോലും സാമൂഹ്യ- സാംസ്‌കാരിക നിലകളിലുള്ള ഒരാളുടെ നിലനിൽപ്പും സാന്നിധ്യം ഉറപ്പിക്കലുമാവുന്നു.

സങ്കടം വരുമ്പോൾ മിക്കവാറും കണ്ണാടി നോക്കിയിരുന്ന് കരയാറുണ്ട് ഞാൻ. അതിൽ കാണുന്നയാളെ പലപ്പോഴും പരിചയമേ തോന്നാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഞാനെവിടെ പോയി എന്നെല്ലാം ആലോചിച്ച് എന്നെ അന്വേഷിച്ചു കണ്ടുപിടിക്കാൻ പുറപ്പെടുന്ന അത്ഭുതലോകത്തെ ആലീസ് പോലെയാവുമ്പോൾ സെൽഫ് പോർട്രെയ്റ്റ് എന്ന കവിത ഓർക്കും. പഴയതിന്റെ തുടർച്ചയും, അത് ഉള്ളിലുണ്ടാക്കുന്ന ഹർഷവും ഇടർച്ചയും അനുതാപവും ഒക്കെ ആ കവിതയിലൂടെ അനുഭവിക്കാനാവും. തന്റെ സ്വത്വം എന്തെന്ന് തിരിച്ചറിയാൻ പ്രയാസപ്പെടുന്ന പുതുകാലത്തെ മനുഷ്യനായി കവി പ്രത്യക്ഷപ്പെടുന്നു. കണ്ണാടിയിൽ കാണുന്ന പ്രതിബിംബം ഒരു അപരിചിതന്റെതാണെന്ന തോന്നലിൽ നിർന്നിമേഷനായി നിൽക്കുന്ന അയാൾ പെട്ടെന്ന് അതിന്റെ വശത്ത് തന്റെ അച്ഛന്റെ കൈയ്യൊപ്പ് കാണുന്നതോടെ അൽപ്പമൊന്നമ്പരക്കുകയും ഒരുപക്ഷെ ആശ്വസിക്കുകയും ചെയ്യുന്നതായി വായനയിൽ അനുഭവപ്പെടുന്നു. എവിടെയോ താനുണ്ട് എന്ന തോന്നൽ അയാളിൽ ഉണ്ടാവുന്നതായി വരുന്നു. തന്റെ പ്രതിബിംബത്തിലൂടെ തന്നെത്തന്നെ കണ്ടെത്തി സ്നേഹിക്കാൻ വഴികൾ പഠിപ്പിക്കുന്ന ഡെറക് വാൽക്കോട്ടിന്റെ ലൗ ആഫ്റ്റർ ലൗ എന്ന കവിത തരുന്ന ഊർജത്തിന്റെ മറ്റൊരു വായന പോലെ മേൽപ്പറഞ്ഞ കവിത ഉള്ളിൽ തങ്ങിനിൽക്കുന്നു. ചരിത്രപരമായി, കണ്ണാടിയിൽ പ്രതിബിംബം നോക്കാനുള്ള അവകാശം പോലും സാമൂഹ്യ-സാംസ്‌കാരിക നിലകളിലുള്ള ഒരാളുടെ നിലനിൽപ്പും സാന്നിധ്യം ഉറപ്പിക്കലുമാവുന്നു. ഇത് കേവലം ഭൗതികാവസ്ഥയല്ല, മറിച്ച് സ്വത്വസംബന്ധിയും സാമൂഹ്യപ്രാധാന്യവുമുള്ള ചർച്ചകൂടിയാകുന്നുവെന്ന് ചുരുക്കം.

Photo :  A. K. Ramanujan, Fb Page
Photo : A. K. Ramanujan, Fb Page

അച്ഛന്റെയും അമ്മയുടെയും മുത്തച്ഛന്റെയും വരാനിരിക്കുന്ന തലമുറകളുടെയും അസ്തിത്വസംബന്ധിയായ വേരുകൾ തന്നിൽപ്പിണഞ്ഞുകിടക്കുന്നതായി കവി സദാ ബോധവാനാണ്. നാടുവിട്ട് ഷിക്കാഗോയിലെ നഗരവത്കൃത ജീവിതത്തിനകത്ത് പോലും ഓർമകളുടെയും അനുഭവങ്ങളുടെ ചെറിയ നീട്ടിവെക്കലുകളാണ് എക്​സ്​റ്റൻഡഡ് ഫാമിലി എന്ന കവിതയിൽ വായിച്ചെടുക്കാനാവുക. വീടിന്റെ മുറിയുടെ ജനാലയിൽ വന്നിരുന്ന കിളികളുടെ ഒച്ച ദൂരെ ഞാൻ പഠിക്കുന്ന കാമ്പസിലെമ്പാടും തിരഞ്ഞു നടക്കാറുള്ളതോർത്ത് ഊറിച്ചിരിക്കട്ടെ.

മിക്കപ്പോഴും അമൂർത്തവും അസ്പൃശ്യവുമായ സ്നേഹത്തിന്റെ ജലരേഖകളെപ്പറ്റി ഞാൻ ചിന്തിക്കാറുണ്ട്. പ്രണയവും സൗഹൃദവും വാത്സല്യവുമെല്ലാം ഏത് വിധേന അഴിച്ചെടുക്കുമെന്ന സന്ദേഹം വളരെ മുമ്പേ ഉള്ളിലുണ്ട്

പുതുതലമുറ കൈവരിക്കുന്ന മാനസികവും വൈജ്ഞാനികവുമായ അറിവ് അവരെ നിരന്തരം സന്ദേഹിയാക്കുന്നു. ഇക്കോളജി എന്ന കവിതയിൽ രണ്ട് തലമുറയുടെ വിശ്വാസസംഹിതകളുടെ വൈരുദ്ധ്യത്തെക്കുറിച്ചാണുള്ളത്. വായുവിലാകെ പൂമ്പൊടി പാറിച്ച് കാറ്റത്ത് പൂത്തുമലർന്ന ഒരു ചുവന്ന ചമ്പകമരത്തെപ്പറ്റി കവിയ്ക്ക് ഒട്ടുമേ തൃപ്തിയില്ല. അതിന്റെ മണമേറ്റ് അമ്മയ്ക്ക് മൈഗ്രേയ്ൻ വരുന്നത് അകറ്റാൻ മകൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആ മണം അകറ്റാൻ വാതിൽ കൊട്ടിയടച്ചിട്ടും കാര്യമില്ല, അത് വെട്ടിക്കളയുകയേ നിവൃത്തിയുള്ളൂ എന്നുവരുമ്പോൾ ആ മരം ഇവിടെ മുളച്ചുവന്നതിലെ ദൈവികപരിസരത്തെ അമ്മ പുകഴ്​ത്തുകയും മരം വെട്ടേണ്ടതില്ലെന്നും ആ മരം അനുഗ്രഹിച്ചുതരുന്ന സമ്പുഷ്ടിയും ഐശ്വര്യവുമാണ് മാറാത്ത തലവേദനയേക്കാൾ തനിക്ക് ആശ്വാസമെന്നും അവർ പറഞ്ഞുനിർത്തുന്നു.

കവി അകപ്പെടുന്ന വലിയ സംത്രാസം വായനക്കാരൻ നിർന്നിമേഷമായി കണ്ടുതീർക്കേണ്ടി വരുന്നുണ്ട്. മിക്കപ്പോഴും അമൂർത്തവും അസ്പൃശ്യവുമായ സ്നേഹത്തിന്റെ ജലരേഖകളെപ്പറ്റി ഞാൻ ചിന്തിക്കാറുണ്ട്. പ്രണയവും സൗഹൃദവും വാത്സല്യവുമെല്ലാം ഏത് വിധേന അഴിച്ചെടുക്കുമെന്ന സന്ദേഹം വളരെ മുമ്പേ ഉള്ളിലുണ്ട്. ഓർമയുടെ ഒരു ഞൊടികൊണ്ട് പെറ്റുപെരുകുന്ന സ്നേഹമോ സ്നേഹവിളംബമോ രേഖപ്പെടുത്തുന്നതാണ് സ്റ്റിൽ ലൈഫ് എന്ന കവിത. പെട്ടെന്നോർക്കുമ്പോൾ ഹെൻറി മറ്റീസോ സെസ്സാനോ വരച്ച ഏതെങ്കിലും ചിത്രം പൊടുന്നനെ മനസിൽ തെളിയും. അചേതനമായ വസ്തുക്കളെയാണ് ‘സ്റ്റിൽ ലൈഫ്’ എന്ന പ്രയോഗം കൊണ്ട് പൊതുവെ വിവക്ഷിക്കുന്നത്. അതേ നോട്ടത്തിൽ ആ കവിത പ്ലേറ്റിൽ പകുതി കഴിച്ചു ബാക്കിയാക്കിയിരിക്കുന്ന സാൻവിച്ചിന്റെ ചിത്രമായി മുന്നിൽ തെളിയാറുണ്ട്. ചെരിഞ്ഞുവീഴുന്ന സൂര്യപ്രകാശത്തിൽ പ്രതീക്ഷയോ നിരാശയോ നിരാലംബതയോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ഇളംമഞ്ഞ അവിടെയാകെ പരക്കുന്നതുപോലെ തോന്നും കവിത വായിക്കുമ്പോൾ.

എ. കെ. രാമാനുജൻ. / Wikimedia Commons
എ. കെ. രാമാനുജൻ. / Wikimedia Commons

ഉച്ചഭക്ഷണം കഴിഞ്ഞ് അവളെന്നെ വിട്ടുപോയതിനുശേഷം, ഞാൻ വായിച്ചു കുറച്ചുനേരം എന്നാൽ എനിക്ക് വീണ്ടും നോക്കണമെന്ന തോന്നലുണ്ടായി അവിടെ പാതി കഴിച്ചു ബാക്കിയാക്കിയ സാൻവിച്ച് റൊട്ടി ലെറ്റിയൂസും ഇറച്ചിയുടെ കഷ്ണവും എല്ലാം അവൾ കടിച്ചെടുത്തതിന്റെ ആകൃതിയിൽ.(നിശ്ചല ചിത്രം / സ്റ്റിൽ ലൈഫ് )

ആ ആകൃതിയിൽ, ഓർമയാകെ വട്ടം ചുറ്റുന്ന നിമിഷങ്ങളിൽ യുദ്ധവാർത്തകൾ കേൾക്കുന്നു. അവിടെയും രാമാനുജന്റെ കവിതകൾ കൂട്ടുവരുന്നു. ഹൗ കാൻ വൺ റൈറ്റ് എബൗട്ട് ബോസ്​നിയ എന്ന കവിതയിൽ നമ്മുടെ സുരക്ഷിതത്വത്തിന്റെ സ്ഥിരതയെപ്പറ്റി അദ്ദേഹം ചോദ്യമെറിഞ്ഞ് വായനക്കാരെ അസ്വസ്ഥപ്പെടുത്തുന്നു. പൊടുന്നനെ യൂട്യൂബിലെ വാർത്താലൈവുകളെ അടച്ചുവെച്ച് കാതടച്ചിരിക്കാൻ തോന്നുന്നു, അതു വെറുതെയാണെന്നറിയാമെങ്കിലും. ഭൂമിയിൽ കവിത വായിക്കുന്നവർ ചിലപ്പോൾ നിറയെ കലഹിക്കുന്നവരാകാം.​ ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കന്നി എം.

കവി, ചിത്രകാരി. ചാരനിറമുള്ളൊരാൾ ചുവന്ന പൊട്ട് കുത്തുന്നു എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments