കുസ്മ പെട്രോവ് വോഡ്കിൻ വരച്ച അന്ന അഹ്​മത്തോവയുടെ പോർട്രയിറ്റ് / Photo : Wikimedia Commons

ജീവിതത്തിലേക്ക്​ ഭരണകൂടം അരിച്ചരിച്ചിറങ്ങുമ്പോൾ
​അന്ന അഹ്​മത്തോവയെ വായിക്കാം

പോപ്പുലർ ഫിക്ഷനും, മാർക്കറ്റിങ്ങ് തന്ത്രങ്ങളും അരങ്ങു ഭരിക്കുന്ന പുസ്തക വിപണിയിൽ അന്ന അഹ്​മത്തോവയ്ക്ക് പിടിച്ചു നിൽക്കാൻ പ്രയാസമാവും. അതു കൊണ്ടു തന്നെ അവർ കൂടുതൽ വായിക്കപ്പെടണം.

രു രാജ്യത്ത്​, പുഴയിലെ വെള്ളം ചുവന്നുതുടുത്തതാണെങ്കിൽ അവിടുത്തെ ഭരണകൂടം ആളുകളെ കൊന്നൊടുക്കുകയാണെന്നും, അഥവാ വെള്ളം കറുത്തു കലങ്ങിയതാണെങ്കിൽ അറിവിന്റെ ഉറവിടമായ പുസ്തകങ്ങൾ പുഴയിൽ എറിഞ്ഞു നശിപ്പിക്കുകയാണെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ഭരണകൂടം പുസ്തകങ്ങൾ നശിപ്പിക്കുമെന്ന് ഉറപ്പായപ്പോൾ രാജ്യത്തെ ഓരോ വ്യക്തിയും ഓരോ പുസ്തകം മനഃപാഠമാക്കിയ കഥയും എവിടെയോ വായിച്ചിട്ടുണ്ട്. എത്ര തച്ചുടയ്ക്കാൻ ശ്രമിച്ചാലും അക്ഷരങ്ങൾക്കു നാശമില്ലെന്ന് ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു.

എന്നാൽ ചോദ്യം ചെയ്യുന്നവർക്കു നേരെ നിറയൊഴിക്കാൻ മടിക്കാത്ത, അവരെ തുറങ്കലിലടയ്ക്കാൻ തയ്യാറാവുന്ന; അറിവിനു മുകളിൽ മിത്തിന്റെയും, ആൾദൈവ വചനങ്ങളുടെയും, അസത്യങ്ങളുടെയും കോട്ടകൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു ഭരണകൂടം രാജ്യം ഭരിക്കുമ്പോൾ വായനക്കാർ എന്തു ചെയ്യണം? അവർക്ക്​ കൂടുതൽ കൂടുതൽ ആവേശത്തോടെ വായിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. വെറുതെ വായിച്ചതു കൊണ്ടു മാത്രം കാര്യമില്ല. വായിച്ചത് പങ്കുവെയ്ക്കുകയും, മറ്റുള്ളവരെ വായിക്കാൻ പ്രേരിപ്പിക്കുകയും, വേണ്ടിവന്നാൽ വായിച്ചത് ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ മനസ്സിന്റെയാഴങ്ങളിൽ സൂക്ഷിച്ചു വെയ്ക്കുകയും വേണം. പൂക്കളെക്കുറിച്ചും പൂമ്പാറ്റകളെക്കുറിച്ചും മാത്രം വായിച്ചാൽ പോരാ. ഫാസിസ്റ്റ് ശക്തികളും, മതവെറിയൻമാരും പടച്ചുവിടുന്ന, മിത്തുകളെയും പുരാണങ്ങളെയും ചരിത്രത്തെയും വളച്ചൊടിച്ച് വികലമാക്കിയ സൃഷ്ടികളിൽ അഭിരമിച്ചിട്ടും കാര്യമില്ല. തിക്തമായ അനുഭവങ്ങളിൽ നിന്നും, ചെറുത്തുനിൽപ്പിൽ നിന്നും, പോരാട്ടവീര്യങ്ങളിൽ നിന്നും കടഞ്ഞെടുത്ത കൃതികൾ വായിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അത്തരമൊരു അനിവാര്യതയാണ് എന്നെ അന്ന അഹ്​മത്തോവയിൽ എത്തിച്ചത്.

അന്ന അഹ്​മത്തോവ ഭർത്താവ് നിക്കോളായ് ഗുമുല്യോവിനും മകൻ ലെവ് ഗുമുല്യോവിനുമൊപ്പം / Photo : Wikimedia Commons
അന്ന അഹ്​മത്തോവ ഭർത്താവ് നിക്കോളായ് ഗുമുല്യോവിനും മകൻ ലെവ് ഗുമുല്യോവിനുമൊപ്പം / Photo : Wikimedia Commons

ജീവിതകാലം മുഴുവൻ തിക്താനുഭവങ്ങളാൽ വേട്ടയാടപ്പെട്ടവരാണ് അന്ന അഹ്​മത്തോവ. ആദ്യ ഭർത്താവ് കവിയായിരുന്നു. വിവാഹജീവിതം നിരാശാജനകമായിരുന്നു. പിന്നീട് ആ ബന്ധം വേർപെട്ടെങ്കിലും, ഭരണകൂടം ശിക്ഷ നടപ്പാക്കി അദ്ദേഹത്തിനെ വധിച്ചത് അന്നയെ ആകെ ഉലച്ചു. അതിനിടയിൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികൾ. സർ ചക്രവർത്തിമാരുടെ സാമ്രാജ്യം തകർന്നെങ്കിലും പകരം വന്ന കമ്യൂണിസ്റ്റ് സംവിധാനം അന്നയ്ക്ക് ഒരു വിധത്തിലും സഹായകരമായിരുന്നില്ല. 1925 ൽ അവരുടെ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടു. താമസിയാതെ സ്റ്റാലിന്റെ ഉരുക്കുമുഷ്ടി അവർക്കു നേരെയും നീണ്ടു. 1935 ൽ മകൻ ജയിലിൽ അടയ്ക്കപ്പെട്ടു. ഇടയിൽ മോചിതനായെങ്കിലും 1949 ൽ വീണ്ടും അറസ്റ്റിലായി, പത്തു വർഷത്തോളം സൈബീരിയൻ ജയിലിൽ കഴിയേണ്ടി വന്നു.

ഇത്തരം വ്യക്തിപരവും, ചരിത്രപരവും രാഷ്ട്രീയവുമായ ദുരനുഭവങ്ങൾക്കിടയിലിരുന്നാണ് അന്ന കവിതകളെഴുതിയത്.
അന്നയുടെ കവിതകൾ വായിക്കാൻ അന്നത്തെ റഷ്യൻ ചരിത്രത്തെക്കുറിച്ചറിയേണ്ട കാര്യമില്ല. കാരണം ഏറെ കുറെ സമാനമായ ഒരു അവസ്ഥയാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്.

ഒരു പുരോഹിത തടവുകാരന് വെറുമൊരു സ്‌ട്രോയും, സ്ലിപ്പറും നിഷേധിക്കുന്ന നിയമ സംവിധാനത്തെക്കുറിച്ചറിയാൻ റഷ്യൻ ചരിത്രം വായിക്കേണ്ട കാര്യമില്ല. എന്നാൽ അതിനെതിരെ എങ്ങനെ ശബ്ദമുയർത്തണമെന്നറിയാൻ അന്നയുടെ കവിതകൾ ഉപകരിക്കും.

വ്യത്യസ്തമായി ചിന്തിക്കുന്നവരെ അർബൻ നക്‌സലൈറ്റ് എന്നു മുദ്രക്കുത്തി തുറങ്കലിലടയ്ക്കുന്ന , എൺപതിലേറെ പ്രായുള്ള, പാർക്കിൻസൺ രോഗത്താൽ വലയുന്ന, ഒരു പുരോഹിത തടവുകാരന് വെറുമൊരു സ്‌ട്രോയും, സ്ലിപ്പറും നിഷേധിക്കുന്ന നിയമ സംവിധാനത്തെക്കുറിച്ചറിയാൻ റഷ്യൻ ചരിത്രം വായിക്കേണ്ട കാര്യമില്ല. എന്നാൽ അതിനെതിരെ എങ്ങനെ ശബ്ദമുയർത്തണമെന്നറിയാൻ അന്നയുടെ കവിതകൾ ഉപകരിക്കും.
മകൻ ജയിലിലാകുമ്പോൾ അവരെഴുതിയ Requiem എന്ന വിഖ്യാത കവിതയിലെ വരികൾ ഈ കെട്ട കാലത്തിന് എത്ര അനുയോജ്യമാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തും. മകനെ കാണാൻ ജയിലിനുപുറത്തു കാത്തു നിൽക്കുമ്പോൾ, മറ്റൊരു സ്ത്രി , ഇതൊക്കെ കവിതയാക്കി കൂടെ എന്നു ചോദിച്ചതാണ് ഈ കവിതയ്ക്ക് പ്രചോദനമെന്ന് കവി തന്നെ പറയുന്നുണ്ട്. നീണ്ട മാസങ്ങളും മണിക്കൂറുകളും അവർ മകനെ കാണാൻ ജയിലിനു മുന്നിൽ കാത്തു നിന്നു. ആ കാത്തു നിൽപ്പിന്റെയിടയിൽ അനുഭവിച്ച പീഡയുടെ ഹൃദയ ഭേദകമായ വിലാപമാണ് Requiem എന്ന കവിത.

രാഷ്ട്രീയ പകപോക്കലിന്റെയും, ഭരണകൂട കുതന്ത്രങ്ങളുടെയും ബലിയാടുകളാവുന്നവരെക്കുറിച്ച് എത്ര തീക്ഷണമായാണ് ‘എത്ര നിഷ്‌കളങ്കരുടെ, നിരപരാധികളുടെ ജീവിതമാണ് അപഹരിക്കപ്പെടുന്നത് ' എന്ന വരികളിലൂടെ അവർ ചോദിക്കുന്നത്. ( How many innocent blameless lives are being taken away - Raquiem). പിന്നീട്, മകനെ വിട്ടുകിട്ടാൻ, അവന്റെ നിരപരാധിത്വം തെളിയിക്കാൻ അവർ നടത്തിയ ശ്രമങ്ങളുടെ വർണന നമ്മുടെ കരളലിയിപ്പിക്കും. ‘കഴിഞ്ഞ പതിനേഴു മാസങ്ങളായി നിന്നെ തിരികെ വീട്ടിലെത്തിക്കാൻ ഞാൻ കരഞ്ഞു നടക്കുന്നു; ഈ കശാപ്പുക്കാരുടെ കാൽക്കലിൽ വീഴുന്നു; ....ഒടുവിലിപ്പോൾ എനിക്ക് മനുഷ്യനാര് മൃഗമാര് എന്നു തിരിച്ചറിയാതായിരിക്കുന്നു’ എന്നു കവി പറയുമ്പോൾ ഹൃദയം നുറുങ്ങിയുള്ള ആ വേദന തിരിച്ചറിയാൻ നമുക്ക് പ്രയാസമില്ല. കാരണം നമ്മുടെ നാട്ടിൽ ഇതൊരു സ്ഥിരം കാഴ്ചയായി മാറുകയാണല്ലോ. ( For seventeen months I have been screaming. Calling you home. I 've thrown myself at the feet of butchers for you, my son and my horror. Everything has become muddled for ever.... I can no longer distinguish who is an animal ,who is a person, and how long the wait can be for an execution - Raquiem)

ഇവിടെ, ഒരു സംസ്ഥാന സർക്കാറിനെതിരായി വാർത്ത കൊടുത്തതിന്​ ഒരു ജേർണലിസ്റ്റ് ജയിലിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായല്ലോ. അങ്ങനെ എത്രയനേകം പേർ ഭരണകൂട ഭീകരതയുടെ ബലിയാടുകളായി, നീതി നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുന്നു. ഈ കുടുംബങ്ങളത്രയും എഴുതാനാഗ്രഹിക്കുന്ന വരികളല്ലേ കവി എന്നേക്കമായി എഴുതി വെച്ചത് ?

മകനെ വിട്ടു കിട്ടുമെന്ന പ്രതീക്ഷയിൽ അന്നയും കുറച്ചു കാലം ഭരണകൂടത്തിനെ തൃപ്തിപ്പെടുത്തുന്ന കവിതകൾ എഴുതിയെന്നൊരു ആക്ഷേപവും കണ്ടില്ലെന്നു നടിക്കാനാവില്ല.

അധികാര വർഗത്തിന് അന്നയും, അവരുടെ കവിതകളും എന്നും കണ്ണിലെ കരടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ എഴുത്തുകാരുടെ സർഗാത്മകതയെ പൂർണമായും ഞെരിച്ചമർത്താനാണ് അധികാരികൾ ശ്രമിക്കുക. അതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ എഴുത്തുകാർ വലയാറുണ്ട്. ഭയമുള്ളവർ നിശ്ശബ്​ദരാകും. ഭീരുക്കൾ ഭരണകൂടത്തിന്റെ പക്ഷം ചേരും. മറ്റുള്ളവർ കൂടുതൽ സുരക്ഷിത താവളങ്ങൾ തേടും. എന്നാൽ അക്ഷരം ആയുധമാണെന്നും, അക്രമങ്ങൾക്കും , അടിച്ചമർത്തലുകൾക്കുമെതിരെ സമൂഹ മനസ്സാക്ഷിയെ തൊട്ടുണർത്തുകയെന്നതാണ് കവിധർമമെന്നും തിരിച്ചറിഞ്ഞ വിരളമായ കുറച്ചു എഴുത്തകാരിൽ ഒരാളാണ് അന്ന അഹ്​മത്തോവ. അന്ന്, പല എഴുത്തുകാരും അന്യരാജ്യങ്ങളിൽ അഭയം തേടിയപ്പോൾ , എല്ലാ കെടുതികൾക്കും നടുവിലും മാതൃരാജ്യത്തെ ഉപേക്ഷിക്കാൻ അന്ന തയ്യാറായില്ല. മാത്രമല്ല, ‘അങ്ങനെ ശത്രുക്കളിൽ നിന്ന്​ ഓടിയൊളിക്കുന്നവളല്ല ഞാനെന്നും, ഒരു പ്രഹരത്തിനും ഞങ്ങളെ പിന്തിരിപ്പിക്കാൻ ആവില്ല' എന്നും അവർ കവിതയിലൂടെ അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു. ( I am not one of those who left the land/ to the mercy of its enemies..../ We, the survivors do not flinch/ from anything, not from a single blow- I am not the one who left the land ). എഴുത്തുകാരന്റെ ധർമം ഭരണകൂടത്തിന് ഓശാന പാടലല്ല എന്ന് ഇതിനെക്കാൾ വ്യക്തമായി മറ്റൊരാൾക്കും പറഞ്ഞു വെയ്ക്കാൻ കഴിയുമെന്നു തോന്നുന്നില്ല.

ജോസഫ് സ്റ്റാലിൻ / Photo : Wikimedia Commons
ജോസഫ് സ്റ്റാലിൻ / Photo : Wikimedia Commons

ഒരു മനുഷ്യായസ്സിന് താങ്ങാൻ കഴിയുന്നതിനെക്കാൾ ഏറെ ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴും കരൾ കടയുന്ന വേദനയിൽ ജ്വലിപ്പിച്ചെടുത്ത അക്ഷരങ്ങൾ കൊണ്ട് ‘നമ്മുടെ തകർന്ന വീടിനു വേണ്ടി ഞാൻ കുടിക്കുന്നു; ലോകം ക്രൂരവും പരുത്തതുമാണെന്ന സത്യത്തിനു വേണ്ടി; ദൈവം നമ്മെ രക്ഷിച്ചില്ല എന്ന വസ്തുതയക്കു വേണ്ടി ' ( I drink to our ruined house.../ To the fact that the world is brutal and coarse/ To the fact that God did not save us'- Last Toast) എന്നെഴുതാന്നുള്ള ചങ്കൂറ്റം എത്ര എഴുത്തുകാർക്കുണ്ട്? ദൈവത്തിന്റെ പേരിൽ മന്ദിരങ്ങൾ പണിതുയർത്തുന്ന, വോട്ടു ബാങ്കുകൾ ശക്തിപ്പെടുത്തുന്ന ഈ രാജ്യത്ത്, അന്യമതസ്ഥനായി എന്ന ഒറ്റക്കാരണത്താൽ അയൽക്കാരന്റെ വീട് തകർക്കപ്പെടുമ്പോൾ, ആ തകർന്ന കുടുംബത്തെ രക്ഷിക്കാൻ ഒരു ദൈവവും വരില്ലെന്ന് ഉറക്കെ പറയുന്ന എഴുത്തുകാരെ അന്വേഷിച്ചിറങ്ങുന്ന ഒരു വായനക്കാരൻ എവിടെയാവും ചെന്നെത്തുക? സ്വന്തം വീട്ടിന്റെ സുരക്ഷിതതത്തിലിരുന്നു പോലും ഇത്തരം കവിതകൾ വായിക്കാൻ തന്നെ നാമിന്നു ഭയക്കുന്നു. ദൈവനാമത്തിൽ രാജ്യത്താകെ വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുമ്പോൾ ഒരിക്കലും സഹായത്തിനെത്താത്ത ദൈവത്തെക്കുറിച്ചെഴുതാൻ അസാമാന്യമായ ധൈര്യം വേണം. ആ സ്ഥൈര്യം ഇല്ലാത്തതു കൊണ്ടാണ് അന്നയെ പോലുള്ള എഴുത്തുകാർ നമുക്കധികമില്ലാതെ പോകുന്നത്.

മകനെ വിട്ടു കിട്ടുമെന്ന പ്രതീക്ഷയിൽ അന്നയും കുറച്ചു കാലം ഭരണകൂടത്തിനെ തൃപ്തിപ്പെടുത്തുന്ന കവിതകൾ എഴുതിയെന്നൊരു ആക്ഷേപവും കണ്ടില്ലെന്നു നടിക്കാനാവില്ല. എങ്കിലും അതിനു മുമ്പ് , ‘ഈ കാലഘട്ടം മറ്റുള്ളതിനെക്കാൾ മോശമായതെങ്ങിനെ? ഭയവും, ദുഃഖവും വിഹ്വലതയും നമ്മെ കീഴടക്കുമ്പോൾ , ഒരിക്കലും ഉണങ്ങാനാവാത്ത മുറിവുകൾ നാം നമ്മളിൽ തന്നെ അടിച്ചേൽപ്പിച്ചില്ലേ' എന്നു കവി ചോദിക്കാൻ മടിക്കുന്നില്ല. (Why is this age worse than earlier ages? / In a stupor of grief and dread/ have we not fingered the foulest wounds/ and left them unhealed by our hands?).
ചുറ്റും കളിയാടുന്ന ഭീകരതയുടെ മുഴുവൻ ഉത്തരവാദിത്വവും അധികാര വർഗത്തിന്റേതാണ് എന്നു പറഞ്ഞു കൈയൊഴിയാൻ കഴിയില്ലെന്ന് അന്ന നമ്മെ ഓർമിപ്പിക്കുന്നു. വിധേയത്വം കൊണ്ട് നാം നമ്മളിൽ തന്നെ അടിച്ചേൽപ്പിച്ചതാണ് ഈ മുറിവുകൾ എന്ന് കവി കുറ്റപ്പെടുത്തുമ്പോൾ അതിൽ നിന്ന്​ ഒഴിഞ്ഞു മാറാൻ നമുക്കും കഴിയുന്നില്ല.
വെറുതെ കുറെ ചോദ്യങ്ങൾ ചോദിച്ചും, പലതും ഓർമിപ്പിച്ചും മാറിനിൽക്കുന്ന കവിയല്ല അന്ന അഹ്​മത്തോവ. ആ ഇരുണ്ട കാലത്തും കവിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എന്തു ചെയ്യണമെന്ന വ്യക്തമായ ധാരണ അവർക്കുണ്ടായിരുന്നു. ‘ഇന്നെനിക്ക് ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ട്, ഓർമകളെ കശാപ്പു ചെയ്യണം, ജീവനുള്ള ആത്മാവിനെ കരിങ്കല്ലാക്കണം , എന്നിട്ട് വീണ്ടും ജീവിച്ചു തുടങ്ങാൻ എന്നെ തന്നെ പഠിപ്പിക്കണം.' ( I have a lot of work to do today;/ I need to slaughter memory, / Turn my living soul to stone,/ Then teach myself to live again). ദുരിതകാലങ്ങളിൽ നിന്നും കരകയറാൻ മനസ്സിനെയും ശരീരത്തിനെയും ദൃഢമാക്കിയേ മതിയാവൂ. ആ വെല്ലുവിളി സ്വയം ഏറ്റെടുക്കാൻ കവി തയ്യാറാവുകയാണ് ഇവിടെ.

വേണ്ടത്ര അറിയപ്പെടാതെ അഥവാ വായിക്കപ്പെടാതെ പോയ കവിയാണ് അന്ന. ഒന്നിലേറെ തവണ നോബൽ സമ്മാനത്തിന് നിർദേശിക്കപ്പെട്ട കവിയാണെങ്കിലും അർഹിക്കുന്ന അംഗീകാരം അവർക്കു ലഭിച്ചിട്ടില്ല

ജീവിതത്തിന്റെ എല്ലാ തുറകളിലേക്കും ഭരണകൂടത്തിന്റെ കരാള ഹസ്തങ്ങൾ നീണ്ടു വരുമ്പോൾ കലയ്ക്കും കവിതയ്ക്കും എന്തെങ്കിലും പ്രസക്തിയുണ്ടോ? ഉണ്ടെന്ന് അന്ന അഹ്​മത്തോവയുടെ വരികൾ ഉറപ്പു തരുന്നു. ചുറ്റും പടരുന്ന കൂരിരുട്ടിൽ കത്തിച്ചു വെച്ച ചെരാതിലെ വെളിച്ചമാവുന്നു അവരുടെ കവിതകൾ. ‘ഞങ്ങൾ കണ്ണീരൊഴുക്കുന്നവരല്ല, കൂടുതൽ അഭിമാനമുള്ളവരാണ്, ഈ മേഘങ്ങൾ നീങ്ങി പുതിയ പ്രതീക്ഷകൾ ഉണ്ടാവു'മെന്ന (Surely the reckoning will be made/ after the passing of this cloud/ we are the people without tears,/ straighter than you...more proud') അവരുടെ വരികൾ ഇരുണ്ട ആകാശത്തിൽ വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങളാകുന്നു. വർഷങ്ങളായി ജയിലിൽ കഴിയുന്ന മകനെയോർത്ത് വിലപിക്കുമ്പോഴും ‘അങ്ങ് വിദൂരതയിൽ പ്രതീക്ഷയുടെ ഗാനമെന്നുമുണ്ടെന്ന'
(But hope still sings forever in the distance- Requiem) കവിയുടെ വാക്കുകൾ സമൂഹത്തിന് പകർന്നു തരുന്ന ഊർജ്ജവും ശുഭാപ്തി വിശ്വാസവും വളരെ വലുതാണ്. അങ്ങിനെ എല്ലാ കെടുതികൾക്കു നടുവിലും, അക്ഷരവൃക്ഷത്തിന്റെ തണൽ പടർത്തി നിൽക്കുന്ന ഈ കവിയെ നമ്മൾ അറിയാതെ പോകരുത്.

ലെയ്ഡനിലെ ചുമരിൽ ആലേഖനം ചെയ്ത അന്ന അഹ്​മത്തോവയുടെ കവിത / Photo : Wikimedia Commons
ലെയ്ഡനിലെ ചുമരിൽ ആലേഖനം ചെയ്ത അന്ന അഹ്​മത്തോവയുടെ കവിത / Photo : Wikimedia Commons

അന്നയുടെ കവിതകളെക്കുറിച്ച് ഇനിയും പലതുമെഴുതാം. എന്നാൽ പ്രതീക്ഷക്കു വകയുണ്ടോ എന്നു പോലും സംശയിക്കുന്ന ഒരു കാലഘട്ടത്തിൽ കവിയും, കവിതയും സമൂഹവുമായി എങ്ങിനെ സംവേദിക്കണമെന്നറിയാൻ അന്നയേയും, അവരുടെ ഏതാനും വരികളേയും കൂട്ടുപിടിക്കാൻ മാത്രമാണ് ഞാൻ ശ്രമിച്ചത്. കൂട്ടത്തിൽ അന്ന അഹ്​മത്തോവയുടെ കവിതകൾ വായിക്കാത്തവർക്ക്, അല്ലെങ്കിൽ അത് വേണ്ടപോലെ ആഴത്തിലറിയാത്തവർക്ക് അവരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ കുറിപ്പിനുണ്ട്.

വേണ്ടത്ര അറിയപ്പെടാതെ അഥവാ വായിക്കപ്പെടാതെ പോയ കവിയാണ് അന്ന. ഒന്നിലേറെ തവണ നോബൽ സമ്മാനത്തിന് നിർദേശിക്കപ്പെട്ട കവിയാണെങ്കിലും അർഹിക്കുന്ന അംഗീകാരം അവർക്കു ലഭിച്ചിട്ടില്ല. പോപ്പുലർ ഫിക്ഷനും, മാർക്കറ്റിങ്ങ് തന്ത്രങ്ങളും അരങ്ങു ഭരിക്കുന്ന പുസ്തക വിപണിയിൽ അന്ന അഹ്​മത്തോവയ്ക്ക് പിടിച്ചു നിൽക്കാൻ പ്രയാസമാവും. അതുകൊണ്ടു തന്നെ അവർ കൂടുതൽ വായിക്കപ്പെടണം. നരകതുല്യമായി കൊണ്ടിരിക്കുന്ന ഈ വിനാശകാലത്തിലും അവരുടെ വരികൾ നെഞ്ചിൽ ചാട്ടൂളി പോലെ തറയ്ക്കുകയും , പ്രതീക്ഷയുടെ പ്രഭാനാളങ്ങൾ പടർത്തുകയും ചെയ്യുന്നുണ്ട്. അത് കൂടുതൽ വായനക്കാർ അറിയേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

I asked: "What do you want?"He replied: "To be with you in Hell."(The Guest)▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments