അനൂപ് കെ.ആർ.

മയക്കുക എന്ന വാക്ക്, ഉണർത്തുക എന്ന കവിത

എത്ര വട്ടം മുട്ടി മുട്ടിയാണ് ആ വാതിലൊന്ന് തുറന്നത്. അതിനിടയിലെങ്ങാനും തട്ടിപ്പോയിരുന്നെങ്കിൽ അതെന്തൊരു നഷ്ടമായിപ്പോയേനെ എന്നോർത്ത് ഞെട്ടിപ്പോവുകയാണ്. അനൂപിന്റെ കവിത ഒരു യേശുക്രിസ്ത്യാനിയേ അല്ല.

താണ്ടൊരു പത്ത് വർഷം മുമ്പാണ് അനൂപിനെ പരിചയപ്പെടുന്നത്.
അഞ്ച് വർഷം മുമ്പാണ് അനൂപിന്റെ സമാഹാരം പുറത്തിറങ്ങിയത്. പക്ഷേ വളരെ അടുത്ത കാലത്താണ് ആ കവിതകളുടെ ഒരു ആരാധകനായിത്തീരുന്നത്. ഒക്കത്തിനും ഒരു സമയമുണ്ടല്ലൊ. അനൂപ് ചുള്ളിയോട്.
അനൂപ് കെ.ആർ. രണ്ട് പേരും ഒരാൾ തന്നെ.

അനൂപ് കൈരളി ചാനലിലെ ജീവനക്കാരനാണ്. ഇടതുപക്ഷത്തോട് സംഘടനാപരമായെന്തെങ്കിലും ബന്ധമുണ്ടൊ എന്നറിയില്ല. എന്തായാലും വയ/നാടൻ സഖാക്കളെ പറ്റി പറയാൻ അനൂപിന് ഒരുപിടി കഥകളുണ്ട്.

അനൂപ് പടം വരയ്ക്കും. എടുക്കും. യാത്രകൾ പോവും. ഇതൊക്കെ അനൂപിന്റെ ഫേസ്ബുക്ക് ടൈംലൈനിൽ കാണാം.

അനൂപിന്റെ പടങ്ങളോടും കുറച്ച് ആരാധനയൊക്കെയുണ്ട്. ഫോട്ടോകളോടും. കവിതകളോടുള്ളത്ര ഒന്നുമില്ല. അനൂപിന്റെ എല്ലാ കവിതകളും വായിച്ചിട്ടില്ല. അത് കൊണ്ട് അനൂപിന്റെ എല്ലാ കവിതകളോടും ആരാധനയുമില്ല.

അനൂപിനോ അനൂപിന്റെ കവിതകൾക്കോ വേറെ ധാരാളം ആരാധകരൊന്നുമില്ല. പക്ഷേ കുറച്ച് പേരുണ്ട്. അവർ അനൂപിനെ പരസ്യമായി താലോലിക്കയൊ അങ്ങനെയെന്തൊക്കെയൊ ചെയ്യുന്നതും കണ്ടിട്ടുണ്ട്. അവരിൽ ചിലരെങ്കിലും മലയാളത്തിലെ പേരെടുത്ത കവിതനിരൂപകരാണ്. എന്നിരിക്കിലും താലോലം കഴിഞ്ഞിട്ട് അവരാരും അതെ പറ്റി അധികമൊന്നും എഴുതുകയോ പറയുകയോ ഒന്നും ഉണ്ടായില്ല. അനൂപിന്റെ കവിത അവരെ മയക്കിക്കളഞ്ഞതാണ്. അവർ മറ്റ് കവികളെപ്പറ്റി ധാരാളം എഴുതി. മയക്കാത്ത തരം കവിതകളെപ്പറ്റി എഴുതാൻ വാട്‌സ്​ആപ്​ മെസേജ് വായിച്ച് പണിസ്ഥലത്ത് അതേപ്പറ്റി വെടി പറയുന്ന പാടേയുള്ളൂ.

മയക്കുക എന്ന വാക്ക് അനൂപിന്റെ കവിതയെ സംബന്ധിച്ചാവുമ്പോൾ ഉണർത്തുക എന്നായിത്തീരാനുള്ള സാധ്യതയാണ് ഇവിടെ വലിയ വിഷയമായിത്തീരുന്നത്. കവിത വായിക്കുമ്പോഴും ആരാധന തോന്നുമ്പോഴും അതൊരു അ/ സുഖാനുഭൂതിയാണ്. അത് ചരിത്രത്തിലെ ഏത് ഇടത്തിലാണ് വേരോടിയിരിക്കുന്നത്, ആ പൂമണം ഏത് കാറ്റിനൊപ്പമാണ് കടന്ന് കളയുക എന്നൊക്കെ പറയാൻ കവിതയുടെ ആകാശഭൂമികളിൽ അന്വേഷിച്ചും പഠിച്ചും ജീവിതം കൊണ്ടാടുന്നവരെക്കൊണ്ടേ കഴിയൂ.

ഫ്രീഡം ബുക്സ് പ്രസിദ്ധീകരിച്ച അനൂപ്‌ കെ.ആറിന്റെ ആദ്യ കവിതാ സമാഹാരം 'സെവിഡോസെഡ്മോ' അൻവർ അലി സംവിധായകൻ സനൽകുമാർ ശശിധരന് നൽകി പ്രകാശിപ്പിക്കുന്നു.

ഒരുപക്ഷേ അത്തരം ചില വിശദീകരണങ്ങളുടെ ആവേശകരമായ അഭാവത്തിലാണ് പരിചയക്കാരനായ ഒരു അനൂപ് എഴുതിയ ഏതാനും ചില കവിതകൾ വായിച്ചാസ്വദിക്കുവാനും ആരാധന തോന്നുവാനും ഒരു അപ്പാവിശങ്കരന് ഏഴ് കൊല്ലക്കാലം കെടന്ന് മെടയ്‌ക്കേണ്ടി വന്നത്.

എത്ര വട്ടം മുട്ടി മുട്ടിയാണ് ആ വാതിലൊന്ന് തുറന്നത്. അതിനിടയിലെങ്ങാനും തട്ടിപ്പോയിരുന്നെങ്കിൽ അതെന്തൊരു നഷ്ടമായിപ്പോയേനെ എന്നോർത്ത് ഞെട്ടിപ്പോവുകയാണ്. അനൂപിന്റെ കവിത ഒരു യേശുക്രിസ്ത്യാനിയേ അല്ല.

അനൂപിന്റെ ചിത്രങ്ങൾ

അതേസമയം ആരാധകർ അവരുടെ വിഗ്രഹങ്ങളെ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. കലണ്ടർ കണക്കിലെവിടെയെങ്കിലും പ്രതിഷ്ഠിക്കാൻ ഇച്ഛിക്കുന്നില്ല. പകരം അവരതും എഴുന്നള്ളിച്ച് നടക്കും. നിരൂപകരെന്ത് കൊണ്ട് വിശദീകരിക്കുന്നില്ല എന്ന് ഇത് പോലെ പടിയ്ക്കൽ ചെന്ന് ചോദിക്കും. നിരൂപകർ വലിയ സാമൂഹികപ്രസക്തിയുടെയും ചരിത്രരചനയുടെയും മറ്റും ആളുകളാണല്ലോ. അവരിത്തരം വിചാരണകൾക്ക് വിധേയരാവാൻ ബാധ്യസ്ഥരാണ്.

പ്രയോജനശൂന്യരായ പാവം നിരൂപകരെ ഒരു കാര്യവുമില്ലാതെ കുറ്റം വെയ്ക്കുന്നത് പോലെ അനൂപിന്റെ കവിത വായിക്കാത്ത ഇതരവായനക്കാരെ ആക്ഷേപിക്കാൻ ആ കവിതാലോകത്തിലേക്കൊന്ന് കേറിപ്പറ്റാൻ ഏഴ് കൊല്ലം എടുത്തൊരാൾക്ക് എന്തായാലും തരമില്ല. ഇതരവായനക്കാർ സാമൂഹികപ്രസക്തിയുടെയും ചരിത്രരചനയുടെയും ആളുകളുമല്ല. അവർ അവർക്ക് സൗകര്യമുള്ളത് പോലെ വായിക്കയോ വായിക്കാതെ ഇരിക്കയോ ചെയ്യട്ടെ. പറഞ്ഞില്ലെന്ന് മാത്രം പറയരുത്.

ക്രിസ്റ്റഫർ നൊളാന്റെ ഇത്രയൊക്കെ പടം ഇറങ്ങി ആളുകൾ കണ്ട് ആസ്വദിച്ച ഒരു മലയാളത്തിൽ ഇനിയിപ്പൊൾ ഒരാൾക്ക് അനൂപിന്റെ കവിത വായിക്കാൻ ഏഴ് കൊല്ലത്തിന്റെ പ്രയത്‌നം ഒന്നും വേണ്ടി വരില്ല എന്ന് തോന്നുന്നു. ചിലപ്പോൾ പതിനാല് കൊല്ലം എടുത്തേക്കാനും മതി. ചിലപ്പൊൾ ഒരു നിമിഷം. ഒക്കെയുമൊരു ടൈം ട്രാവലർ കസാല മാറ്റിയിടുന്നത് അനുസരിച്ചിരിക്കുന്നു.

അടിച്ച് പൂക്കുറ്റിയായ വ്യകാരണനിയമങ്ങൾ ഈ കവിതകളിലൂടെ എങ്ങോട്ടാണ് സഞ്ചരിക്കുന്നത്. നിദ്രയും സ്വപ്നവും ഉണർവും പങ്ക് വെക്കുന്ന പലതരം പെർമൂട്ടേഷൻ കോമ്പിനേഷനുകൾ ഈ കാലിഡോസ്‌കോപ്പിൽ കിടന്ന് കളിച്ചു രസിക്കുന്നത് എന്ത് തരം രാഷ്ട്രീയാഭിനിവേശത്തെയാണ് സൂചിപ്പിക്കുന്നത്.

ദുർഗ്രഹത എന്ന അശ്ലീലം അനൂപിന്റെ കവിതകളിൽ ലവലേശമില്ല. ഇനി അങ്ങനെയൊന്നും തെറ്റിദ്ധരിക്കാമെന്ന് ആരും വിചാരിക്കണ്ട. ദുർഗ്രഹത ഒരു മൃഗമാണെങ്കിൽ അർത്ഥം കൊണ്ട് അതിന്റെ ഹൃദയം ചുരണ്ടിയെടുക്കാവുന്നതെയുള്ളൂ. പക്ഷേ മയക്കുക എന്ന വാക്ക് ഉണർത്തുക എന്ന അനുഭവമായി തീരുന്നതാണ് ഇവിടെ വിഷയം. ഏതെങ്കിലും ഒരു കവിയെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാമെന്നല്ലാതെ വലിയ കാര്യമൊന്നുമില്ല എന്ന് പറയുന്നത് പോലൊരു കാര്യമാണിതും. കാരണം കവിത വായിച്ച ഒരാൾ ഉണർന്നെഴുന്നേൽക്കുന്നത് ഒരു വെള്ളരിക്കണ്ടത്തിലാണ്. അവിടെ ബോംബുകളുടെ കൊയ്ത്തുകാലമാണ്. അടയ്ക്കാക്കത്തികളുടെ സവിശേഷത ഓർക്കുമ്പൊഴേ പേടിച്ചു പോവുകയാണ് ഞങ്ങൾ ആണുങ്ങൾ. സേഫ്ടി പിന്നും തന്നാലായ വിധം അനുഷ്ഠിക്കുന്നുണ്ട് അവയിൽ നിക്ഷിപ്തമായിരിക്കുന്ന യുദ്ധകാലലീലകൾ. കപ്പലുകൾ ചുമന്ന് കൊണ്ട് വരുന്ന തിരമാലകളെ അവരിനിയെന്ത് കാട്ടുമെന്ന് ആർക്കറിയാം. വിരലുകളിലൂടെ വിചാരിക്കാത്ത മാതിരി വഴികളുണ്ടാവുകയാണ്. ഇസ്ലാമബാദ് ഗുജറാത്തിലെത്തുന്നു. അയാൾ അമ്മയെ കാണാൻ വിമാനത്തിലേറി വരുന്നുണ്ട്. പരിചിതമായ വാക്കുകൾ പോലും അപരിചിതമായ മട്ട് കാണിക്കാൻ മാത്രം ഇവിടെ എന്താണ് സംഭവിക്കുന്നത്.

അനൂപ് പകർത്തിയ ഫോട്ടോ

അടിച്ച് പൂക്കുറ്റിയായ വ്യകാരണനിയമങ്ങൾ ഈ കവിതകളിലൂടെ എങ്ങോട്ടാണ് സഞ്ചരിക്കുന്നത്. നിദ്രയും സ്വപ്നവും ഉണർവും പങ്ക് വെക്കുന്ന പലതരം പെർമൂട്ടേഷൻ കോമ്പിനേഷനുകൾ ഈ കാലിഡോസ്‌കോപ്പിൽ കിടന്ന് കളിച്ചു രസിക്കുന്നത് എന്ത് തരം രാഷ്ട്രീയാഭിനിവേശത്തെയാണ് സൂചിപ്പിക്കുന്നത്. പീറ്റർ നടക്കുന്നു. ക്യാമ്പ് കഴിഞ്ഞ് പിരിഞ്ഞ് പോകുന്നവർ അവശേഷിപ്പിച്ച ബീഡിക്കുറ്റികൾ കെട്ട് കിടക്കുന്നു. ഉദ്ധരിക്കാൻ കഴിയാത്ത വിധം കവിതയുമായി മാംസബന്ധമാർന്നിരിക്കുന്ന വാക്യങ്ങൾ അടർത്തി നോക്കാൻ ശ്രമിക്കുമ്പോൾ കത്തിയൊടിഞ്ഞു പോവുകയും കവിത ഓടി മറയുകയും ചെയ്യുന്നു. മെരുങ്ങിയെന്ന് ഭാവിക്കുന്ന ഒരു മൃഗം ഏത് നിമിഷമാണ് അപകടകാരിയാവുക എന്നറിയാനാവില്ല എന്ന പോലെ അനൂപിന്റെ കവിതകൾ മഹാഭീതിയുടെ വാർണിഷടിച്ച ഒരു കട്ടിലിൽ പിടിച്ചു കിടത്തുന്നു. ഉണർത്തിയെടുക്കുന്നു... ▮


എ. ഹരിശങ്കർ കർത്ത

നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പിസ്കോണിയ മസ്കു, ഗോസിപ്പ് അക്കോഡിങ്ങ് ടു ഹരിശങ്കരനശോകൻ എന്നിവ പുസ്തകങ്ങൾ.

Comments