അനുഭവങ്ങളുടെ അടുപ്പിൽ പാകം ചെയ്ത ആവി പാറുന്ന ധൈഷണിക വചനങ്ങളാണ് ആശാലതയുടെ കവിതകൾ. വന്യരുചികൾ, സ്വരവൈവിധ്യങ്ങൾ, പെണ്മയിലെ ഉണ്മയുടെ ഊറ്റം ഇവയിലൂടെ സ്ത്രീപക്ഷ കവിതയിലെ ഏകതാനതകളെ മറികടക്കാൻ ഈ കവിക്കു കഴിഞ്ഞിരിക്കുന്നു. ‘ജാതിക്കാത്തോട്ടം' എന്ന സമാഹാരത്തിലെ കവിതകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു.
സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും ആത്മീയ വ്യവഹാരങ്ങളിലെയും വിഗ്രഹവൽക്കരിക്കപ്പെട്ട ആശയങ്ങളെയും സങ്കല്പനങ്ങളെയും അപനിർമിച്ചുകൊണ്ടാണ് കവി സ്ത്രീകവിതയുടെ ഭാഷയെ ഏറെ രാഷ്ട്രീയവൽക്കരിച്ചിരിക്കുന്നത്. വാത്സല്യവും ലാളനയും ചാലിച്ച പ്രണയമാണ് ആശാലതയുടെ ഭാവനയിലെ സ്ത്രീയുടെ ആഭരണവും ആയുധവും. ബൗദ്ധ-ഗാന്ധിയൻ അഹിംസാദർശനത്തെ നിസ്വജീവിതസന്ദർഭത്തിൽ സംവാദ വിധേയമാക്കിയ ഇടശ്ശേരിയുടെ ‘ബുദ്ധനും നരിയും ഞാനും' എന്ന വിഖ്യാത കവിത അതേ പേരിലെഴുതിക്കൊണ്ട് സൃഷ്ടിക്കുന്ന പരിപ്രേക്ഷ്യം ഇതിനു തെളിവാണ്. നരിയെ മോഹിച്ച് പ്രണയിച്ച് ലാളിച്ച് ഒടുവിൽ അവനെ വീട്ടുപൂച്ചയാക്കിത്തീർക്കുന്ന സന്നദ്ധതയും, അതിലെ ഹർഷങ്ങളും ഉന്മാദങ്ങളും ആഖ്യാനം ചെയ്യുകയാണീ കവിതയിൽ. സ്ത്രീവാദ ചിന്തയിൽ വൈകാരികബുദ്ധി സന്നിവേശിപ്പിക്കുന്ന രചനയെന്നു പറയാം.
സാഹിത്യ സംസ്കാരങ്ങളും രാഷ്ട്രീയ ചരിത്രവും ജനകീയ ആത്മീയധാരകളുമൊക്കെ ബിംബങ്ങളായും പാഠാന്തരതകളായും വന്നുനിരക്കുന്നു ആശാലതയുടെ കവിതകളിൽ.
ഇടശ്ശേരി ഹിംസിച്ച നരിയെ വീണ്ടെടുത്ത് അവനെ സ്നേഹിച്ചും ലാളിച്ചും തന്റേതാക്കി പ്രണയാഭിചാരത്തിലൂടെ വീട്ടുപൂച്ചയാക്കാൻ ഇച്ഛിക്കുന്നവൾ ബുദ്ധനോട് പ്രാർത്ഥിക്കുന്ന മട്ടിലാണ് കവിതയുടെ ആഖ്യാനം. നരിയിലെ ഹിംസയുടെ ഭാഷ- നഖം മുറിച്ച്, പല്ലിന്റെ മൂർച്ചകൾ എടുത്തുകളഞ്ഞ് ഇടിമിന്നൽനോട്ടങ്ങൾ കെടുത്തി - മായ്ച്ചുകളഞ്ഞ് ആഭിചാരത്തിലൂടെ മറ്റൊരു ‘സംക്രമണം' സാധ്യമാക്കുകയാണ്. പ്രപഞ്ചമാകെ പടരുന്നൊരു ആഭിചാരമാണത്. സ്ത്രീയെക്കുറിച്ച് പുരുഷനും സ്ത്രീയെക്കുറിച്ച് സ്ത്രീ തന്നെയും പുലർത്തുന്ന ബോധ്യങ്ങളെ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യുന്ന മാന്ത്രികഭാവന.
‘‘രാത്രി ഒറ്റത്തിരി കത്തിച്ചിരുന്ന് രാത്രി മുടിയഴിച്ചിട്ടിരുന്ന് രാത്രി ഉടുപുടവയഴിച്ചു കളഞ്ഞ് രാത്രി ചന്ദ്രനെ കെടുത്തിക്കളഞ്ഞ് രാത്രി നക്ഷത്രങ്ങൾ പെറുക്കിക്കളഞ്ഞ് രാത്രി ആകാശത്തിന്റെ വേരുമാന്തിയെടുത്ത് പൊടിച്ചെടുത്ത് രാത്രി ചുകന്ന കളങ്ങൾ വരച്ചിട്ട് ഒറ്റയ്ക്കിരുന്ന് കളത്തിലും പുറത്തുമിരുന്ന് ഞാൻ മന്ത്രവാദം നടത്തും അതിനാൽ ബുദ്ധാബുദ്ധാ ഈ നരിയെ എനിക്കു വീട്ടുപൂച്ചയാക്കിത്താ ഈ നരിയെ എനിക്കെന്റെ വളർത്തു പൂച്ചയാക്കിത്താ എനിക്കീ നരിയെ അത്രയ്ക്കിഷ്ടമാണ് പ്രേമമെന്നുതന്നെ പറയാം അല്ലേ പ്രണയമെന്നുതന്നെ വിളിച്ചോട്ടെ''
ഹിംസയെ പ്രണയം കൊണ്ടു നേരിടുക, നരിയെ വീട്ടുപൂച്ചയാക്കുക എന്നീ അസാദ്ധ്യതകളുടെ സാധ്യതകളിലേക്കാണ് സ്ത്രീവാദചിന്തകളും പ്രയോഗപദ്ധതികളും മുന്നേറേണ്ടതെന്ന് അതിവന്യമായി പറയുകയാണ്. ഇടശ്ശേരിയുടെ പരുക്കൻ സംവാദ റിയലിസത്തിൽ പെൺഭാവന സൃഷ്ടിക്കുന്ന മാന്ത്രികപാഠാന്തരത.
സാഹിത്യ സംസ്കാരങ്ങളും രാഷ്ട്രീയ ചരിത്രവും ജനകീയ ആത്മീയധാരകളുമൊക്കെ ബിംബങ്ങളായും പാഠാന്തരതകളായും വന്നുനിരക്കുന്നു ആശാലതയുടെ കവിതകളിൽ. അതൊക്കെ കവിതകളെ കാർണിവൽ അനുഭവമാക്കുന്നു. ചരിത്രം, സംസ്കാരം, വർത്തമാനം, ചിന്തകൾ, ഭാവനകൾ, ആലോചനകൾ, അവസ്ഥകൾ, ഒക്കെ ഇടകലരുകയും കൂടിക്കുഴയുകയും ചെയ്യുന്നു. ബിംബങ്ങളുടെ മിന്നൽ പ്രഭയിൽ പല കാലങ്ങളും പല ലോകങ്ങളും തെളിയുന്നു. സ്ത്രീയവസ്ഥയിലേക്കുള്ള സൂക്ഷ്മനോട്ടങ്ങളിൽ നിന്ന് വചനമാലകൾ കോർത്തെടുക്കുന്നു. വ്യക്തിവാദത്തെ സമഷ്ടിവാദം കൊണ്ട് നേരിടുന്നു. ‘മഹാദേവിയക്കൻ മീൻവെട്ടുന്നു' എന്ന കവിതയിൽ ഇത് കാണാം. മീൻവെട്ടുന്ന മഹാദേവിയക്കനിൽ അക്കമഹാദേവി എന്ന ചരിത്രത്തിലെ ആത്മീയബിംബത്തെ കാണുന്നു. പാങ്ങോട് ചന്തയെ കീഴടക്കിയ വെള്ളിമീൻ അക്കന്റെ കൈപ്പിടിയിലൊതുങ്ങുന്നു. അതിന്റെ തിളങ്ങുന്ന ചന്തവും ചെതുമ്പലിന്റെ വർണ്ണപ്പകിട്ടും മുഴുപ്പും എന്ന സൗന്ദര്യതലം സമഷ്ടിവാദത്തിലേക്ക് സംക്രമിക്കുന്നത് ചിത്രീകരിക്കുന്നതു നോക്കൂ:
‘‘എന്റെ ആറ്റുകാലമ്മച്ചീ എന്ന് ഉടൽമൂടി കുനിഞ്ഞിരുന്ന് മഹാദേവിയക്കൻ ക്ഷുരസ്യധാരയാലതിനെ അദ്വൈതം പഠിപ്പിക്കുന്നു ജീവിതം നശ്വരമെന്ന് കനിവോടെ അതിനെ അതിന്റെ മോക്ഷമാർഗ്ഗത്തിലേക്കു വിടുന്നു ഉടൽ ശകലിതമായി ഉള്ളിലെ പപ്പും ചെകിളയും കാക്കയ്ക്ക് തല പൂച്ചയ്ക്ക് വാൽമുറി വാലില്ലാപ്പട്ടിക്ക് മുല ഒറ്റമുലച്ചിക്ക്''
എന്നിങ്ങനെ മഹാദേവിയക്കൻ സമഷ്ടിവാദം പങ്കിടുന്നു. ഈ കാഴ്ച കവിയെ ആത്മവിമർശനത്തിനു പ്രേരിപ്പിക്കുന്നു.
‘‘അടുക്കള തിരിച്ചുപിടിക്കാൻ ഒട്ടും താല്പര്യമില്ലാഞ്ഞിട്ടും എന്റെയടുപ്പിലും വേവുന്നുണ്ട് ചോറും അതിന്റെ ചങ്ങാതിമാരും അടുപ്പിൻ മീതേ വചനം തിളയ്ക്കുന്നു തിളച്ചു പാകമാവുന്നു എന്നിട്ടും തിളച്ചുകൊണ്ടേയിരിക്കുന്നു''
അക്കയുടെ വചനങ്ങൾ പോലെ, ലൗകികജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങളിൽ മഹത്വം ദർശിക്കുകയും അതിൽനിന്ന് വചനങ്ങൾ പാകം ചെയ്‌തെടുക്കുകയും ചെയ്യലാണ് യഥാർത്ഥ സ്ത്രൈണാനുഭവ നിർമിതി എന്നേത്ര ഈ കവിതയുടെ ഉള്ളം പറയുന്നത്.
വ്യത്യസ്തമായ ഭാവുകത്വവും ആഖ്യാനവൈവിധ്യങ്ങളും കൊണ്ട് കവിതയെ ഏറെ മുന്നോട്ടു നടത്താൻ ആശാലതയ്ക്ക് കഴിഞ്ഞിരിക്കുന്നു.
ലൗകികതയിൽ നിന്നാണ് പെണ്ണെഴുത്തിന്റെ വചനങ്ങൾ പാകം ചെയ്‌തെടുക്കേണ്ടതെന്ന ദൃഢബോധം പുലർത്തുന്ന കവി, അക്കാദമിക് സ്ത്രീവാദത്തിന്റെ ദൗർബല്യങ്ങളെ തുറന്നെതിർക്കുന്നുണ്ട്. ‘ജാതിക്കാത്തോട്ടം' എന്ന കവിത സ്ത്രീവാദചിന്തയുടെ നവീകരണം ലക്ഷ്യമാക്കുന്ന രചനയാണ്. ജൂഡിത് ബട്ലറെ വായിച്ചു മയങ്ങിപ്പോയ ഫെമിനിസ്റ്റിനടുത്തേക്ക് ആർജ്ജവത്തിന്റെയും തന്റെടത്തിന്റെയും ഗതകാലത്തുനിന്ന് വല്യമ്മച്ചി പ്രത്യക്ഷപ്പെടുകയാണ്. വായിൽകൊള്ളാത്ത പുസ്തകമെന്ന് മുറുക്കാൻ നീട്ടിത്തുപ്പി കളിയാക്കിക്കൊണ്ട്, എന്നത്തെയും പോലെ തോട്ടക്കാരൻ മൂപ്പീന്നിനെ പച്ചത്തെറി പറഞ്ഞോണ്ട്, പണ്ട് പണ്ടനാദികാലത്ത് ജാതിക്ക കട്ടുപറിച്ച കഥ പറഞ്ഞ് വല്യമ്മച്ചി വരുന്നു.
വന്യതയുടെയും വിലക്കിന്റെയും പേടിയുടെയും പാപത്തിന്റെയും മിത്തുകൾ കൊണ്ട് മതിൽകെട്ടിത്തിരിച്ച തോട്ടത്തിലേക്ക് ചെറുമകളെയും കൂട്ടിപോവുകയാണ്. മതിലുകൾ, വേലികൾ അനായാസം ചാടിക്കടന്ന് ചെറുമകളെ തോട്ടത്തിലിറക്കുന്നു വല്യമ്മച്ചി. വല്ല പാമ്പോ മറ്റോ കാണുമോയെന്ന് അവൾ പേടിക്കുമ്പോൾ, അതൊക്കെ അങ്ങേരുണ്ടാക്കിയ കള്ളക്കഥയെന്ന് പറഞ്ഞ് പേടിയെ പുച്ഛിച്ചുതള്ളുന്നുണ്ട്. പ്രലോഭനത്തിന്റെ വർണ്ണപ്പഴങ്ങൾ നിറഞ്ഞുകായ്ച്ച് കിടക്കുന്നതു കണ്ട്, അത് പറിച്ചുതിന്നാൻ കൊതിയേറുന്നുണ്ടവൾക്ക്.
‘‘അകംചുവന്ന പേരയ്ക്കകൾ കടാക്ഷമെറിഞ്ഞു മുന്തിരിക്കുലകൾ കാമത്തോടെ നോക്കി മാതളപ്പഴമുടച്ച് അല്ലികൾ വായിലിട്ടലിയിക്കാൻ മോഹത്തോടെ ഞാനും നോക്കി മാംസനിബദ്ധരാഗം പോലെ കാട്ടുഞാവലുകൾ പ്രണയം പോലെ നിന്നു''
എന്നാൽ അതിലൊരു പഴമെങ്കിലും പറിച്ചെടുക്കാൻ, എറിഞ്ഞു വീഴ്ത്താൻ അവൾക്കാവുന്നില്ല. കൈകൾ കെട്ടിയിട്ടപോലെ ചലനമറ്റു നിന്നു. വല്യമ്മച്ചി അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
‘‘ഒരു പഴം പറിക്കാൻ കൈപൊങ്ങാത്ത നീയൊക്കെ എന്തോന്നു മയിരുഫെമിനിസ്റ്റാടീ എന്ന് അമ്മാമ്മ പുകലഞെട്ട് വായിൽ തിരുകി ഒരു ചേരയോ മറ്റോ പാഞ്ഞുപോയോ''
പെണ്ണിന്റെ പേടികളെ, പൊള്ളയായ ജ്ഞാനങ്ങളെ പൊളിച്ചടുക്കുകയാണ് ഈ കവിതയിൽ. ബൈബിൾ പോലുള്ള ബൃഹദാഖ്യാനങ്ങളും അക്കാദമിക് ജ്ഞാനപദ്ധതികളും ‘സൂപ്പർ ഇംപോസ്' ചെയ്ത നാടൻ ജീവിതാഖ്യാനമെന്ന് ജാതിക്കാത്തോട്ടം എന്ന കവിതയെ വിശേഷിപ്പിക്കാം.
വചനകവിതകളുടെ അന്തരീക്ഷവും അനുഭവതീക്ഷ്ണതയും ആശാലതയുടെ കവിതകളിൽ അന്തർധാരയായിത്തീരുന്നുണ്ട്. തീവ്രാനുഭവനിർമിതിയുടെ രാഷ്ട്രീയബിംബമായി വചനം പല കവിതകളിലും ആവർത്തിക്കുന്നതു കാണാം.
സ്വരവൈവിധ്യമാണ് ഈ സമാഹാരത്തിലെ കവിതകളുടെ ആകർഷണം. അനുഭവങ്ങളുടെയും കാഴ്ചകളുടെയും പ്രതിരോധങ്ങളുടെയും പ്രതിചിന്തകളുടെയും വചനലതകളാൽ നിബിഡമാണീ കവിതകൾ. ‘കവിതയ്ക്ക് പനിപിടിക്കുമ്പോൾ' എന്ന പേരിൽ എം.വി. നാരായണൻ എഴുതിയ ആമുഖപഠനം ആശാലതക്കവിതകളുടെ പൊള്ളുന്ന ഭാവുകത്വത്തെ അടയാളപ്പെടുത്തുന്നു. കവിതയിലെ പൗരിഗാഥകളെന്ന പേരിൽ ജി. ഉഷാകുമാരി എഴുതിയ പഠനത്തിൽ ആശാലതക്കവിതകളുടെ രാഷ്ട്രീയവും മുഖ്യധാരാപെൺകവിതയിൽ നിന്നുളള വഴിമാറി നടപ്പും ചൂണ്ടിക്കാട്ടുന്നുണ്ട്. അധീശവിരുദ്ധതയുടെ സൗന്ദര്യശാസ്ത്രമാണ് അവർ ഈ കവിതകളിൽ വായിച്ചെടുക്കുന്നത്. ‘‘പലതരം ഇരുണ്ട ഹാസ്യങ്ങളും വാമൊഴിഭേദങ്ങളും പ്രതിഭാഷണങ്ങളും ആഖ്യാനപരമായി കൂടുതൽ മുന്നേറിയതായി കാണുന്നു. എഴുത്തിനകത്തേക്ക് കയറിവരുന്ന ജനപ്രിയ സംസ്കാരത്തിന്റെ ഹരങ്ങൾ, ഇലക്ട്രോണിക് ഭാവുകത്വത്തിന്റെയും മാധ്യമഭാഷയുടെയും കളർടോണുകളുമൊക്കെ നാമിവിടെ കാണുന്നു. കവിതയെഴുത്തിന്റെ പ്രതിഷ്ഠാപിതമായ ഘടനയിൽ നിന്നും കവിതയെന്ന വിശുദ്ധസങ്കല്പത്തിൽ നിന്നും തെല്ലെങ്കിലും അകന്നുനിൽക്കാനും ആശാലത ഈ കൃതിയുടെ സന്ദർഭവും ഉപയോഗിച്ചിരിക്കുന്നു. മലയാളത്തിലെ ആധുനിക ഉത്തരാധുനിക കവിതകളോടു പെൺകവിത നടത്തുന്ന സംവാദമായി ഈ മാറ്റങ്ങളെ കാണാം'' (പു.172) എന്ന് ജി.ഉഷാകുമാരി രേഖപ്പെടുത്തുന്നു.
ഇവിടെ ചൂണ്ടിക്കാണിച്ചതുപോലെ വ്യത്യസ്തമായ ഭാവുകത്വവും ആഖ്യാനവൈവിധ്യങ്ങളും കൊണ്ട് കവിതയെ ഏറെ മുന്നോട്ടു നടത്താൻ ആശാലതയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഏകാകിനികളുടെ ഭ്രമഭാവനകൾ, തുറസ്സുകളെ തൊടാനായുന്ന ബന്ധിതർ, സ്വപ്നങ്ങളും പ്രതീക്ഷകളും പകർന്നവരുടെ ഛായകൾ അനന്തയുടെ ആകാശങ്ങളിൽ മേഘരൂപങ്ങളായി പാറുന്നത് നഷ്ടബോധത്തോടെ നോക്കുന്നവർ, തെരുവുകളിൽ, വീടകങ്ങളിൽ ഓഫീസുകളിൽ സ്ത്രീയുടെ ഇടത്തിന്റെയും ഇടപെടലിന്റെയും അനുഭവങ്ങൾ എന്നിവയാൽ നിർഭരമാണീ കവിതകൾ. മതം, പ്രത്യയശാസ്ത്രം, അക്കാദമിസം എന്നീ രക്ഷാകർത്തൃത്വങ്ങൾക്കൊന്നും രക്ഷിച്ചെടുക്കാനാവാത്ത പെണ്ണവസ്ഥകളെ കവി നോക്കിക്കാണുന്നു.
ആശാലതയുടെ കവിതകൾ, അയ്യപ്പപ്പണിക്കരുടെ കവിതകളുടെ ആഖ്യാന രസവിദ്യകളെ ഒരുവേള ഓർമിപ്പിക്കുന്നുണ്ട്.
വചനകവിതകളുടെ അന്തരീക്ഷവും അനുഭവതീക്ഷ്ണതയും ആശാലതയുടെ കവിതകളിൽ അന്തർധാരയായിത്തീരുന്നുണ്ട്. തീവ്രാനുഭവനിർമിതിയുടെ രാഷ്ട്രീയബിംബമായി വചനം പല കവിതകളിലും ആവർത്തിക്കുന്നതു കാണാം. വചനം എന്ന പേരിൽത്തന്നെ എഴുതിയ കവിതയിൽ പെൺകവിതയെ തീവ്രാനുഭവത്തിന്റെ ഭാഷയാൽ ദീപ്തമാക്കാൻ ഇച്ഛിക്കുന്ന കവിയെ കാണാം.
‘‘വചനം പാടിക്കൊണ്ടിരിക്കെ ഉടലിനെ മൂടിയിരുന്ന മുടി പാതിയോളവും മുല്ലപ്പൂ പോലെ വെളുത്തുപോയി ചെന്നമല്ലിയുടെ ദേവനാകട്ടെ മൂന്നുകണ്ണും ഇറുക്കിപ്പൂട്ടി ശ്രീകോവിലിൽക്കിടന്ന് ഉറക്കവുമായി കോവിൽപ്പടിക്കെട്ടിലെ ഒരു പിച്ചക്കാരിയെന്നേ ആളുകൾ കരുതിയുള്ളൂ അകത്ത് തിളച്ചുമറിയുന്ന വചനം പൈത്യക്കാരിയുടെ പിച്ചുപറച്ചിലായേ കണക്കാക്കിയുള്ളൂ ഉടലഴിഞ്ഞഴിഞ്ഞുപോകും ജരയുംനരയും വന്നുമൂടും ഒടുവിലിരുൾ വന്നു നിറയും ഒക്കെ വിസ്മൃതിയിൽ ചെന്നുവീഴും ചെന്നമല്ലികാർജ്ജുനാ നീ നിന്റെ തൃക്കൺതുറന്ന് എന്റെ നേർക്ക് നോക്കിയാലുമില്ലെങ്കിലും ഞാൻ പാടിക്കൊണ്ടിരിക്കും ചിലങ്ക കാലിലണിഞ്ഞ് ആടിക്കൊണ്ടിരിക്കും കാരണം ഞാൻ സ്വതന്ത്ര ആകാശത്തിന്റെ അതിരു ഭേദിച്ചവൾ സമുദ്രാതിർത്തികൾ ലംഘിച്ചവൾ വെളുത്തമല്ലികപ്പൂവിന്റെ ദേവാ നീ കേൾക്കുന്നുണ്ടോ മുടി മുഴുവൻ നരച്ചുവെളുക്കുമ്പോഴും ഞാൻ പാടും ആടും കാരണം ഞാൻ വചനം മഹാവചനം''
വ്യവസ്ഥിതിയുടെ പരിപാലകരായ ചെന്നമല്ലികാർജ്ജുനന്മാർ ശ്രീകോവിലിനുള്ളിൽ ഉറക്കമാണ്. പടിക്കെട്ടുകളിലിരുന്നു നിതാന്തമായ
വ്യഥകളുടെ തിളയ്ക്കുന്ന വചനങ്ങൾ ഉരുവിടുന്നവളെ പൈത്യക്കാരിയെന്നു ലോകം വിലയിരുത്തുന്നു. യുഗങ്ങളായി തുടരുന്ന പെണ്ണിന്റെ പ്രലപനങ്ങളുടെ അവസ്ഥയാണിത്. സ്വയം വചനവും മഹാവചനവുമായി മാറുന്ന ദൃഢപ്രത്യയമാണ് സ്ത്രൈണതയെ കരുത്തുറ്റതാക്കുന്നത്, ലോകം ആ വചനങ്ങളുടെ തിളപ്പ് തിരിച്ചറിയുക തന്നെ ചെയ്യും. വചനകവിതകളുടെ രക്തം തന്റെ കവിതകളുടെ സിരകളിലേക്കൊഴുക്കി അസാധാരണ ഊർജ്ജം പ്രസരിപ്പിക്കാൻ ആശാലതയ്ക്ക് കഴിയുന്നുണ്ട്.
ആശാലതയുടെ കവിതകൾ, അയ്യപ്പപ്പണിക്കരുടെ കവിതകളുടെ ആഖ്യാന രസവിദ്യകളെ ഒരുവേള ഓർമിപ്പിക്കുന്നുണ്ട്. കാവ്യഭാഷയിലെ തുറസ്സുകൾ, ശൈലീവൽക്കരണം, മിത്തുകൾ ശ്രേഷ്ഠമെന്നും ജനകീയമെന്നും വേർതിരിക്കപ്പെട്ട് അവയെ സങ്കലനം ചെയ്യുന്നരീതി, കറുത്ത ഹാസ്യം, ചിരിയും ചിന്തയും കലർത്തിയ രാഷ്ട്രീയ വിമർശനം, വൈജ്ഞാനിക ദീപ്തി- ഇവയാൽ കവിത നമ്മുടെ അഭിരുചികളെ അപനിർമിക്കുന്നു. ധൈഷണികതയാൽ ദീപ്തമായ ഒരു കാവ്യധാര സൃഷ്ടിച്ചിരിക്കുന്നു ആശാലത എന്നതിന്റെ സാക്ഷ്യമാണ് ജാതിക്കാത്തോട്ടം. ▮