കവിതയിലും ജീവിതത്തിലും ഏകാകിയായി ജീവിച്ച വ്യക്തിയാണ് ഡി. വിനയചന്ദ്രൻ. ജീവിതം സ്വന്തം തിരഞ്ഞെടുപ്പാകുമ്പോഴും കവിതയിലെ ഏകാകി ഭാവം ഒരു ചോദ്യചിഹ്നമായി മുന്നിൽ തെളിഞ്ഞു. നമുക്കു ചുറ്റുമുണ്ടായിരുന്നിട്ടും അധികമാരും ശ്രദ്ധിക്കാതെ പോയ കവികളുടെ കൂട്ടത്തിലാണ് അദ്ദേഹം. മുഖ്യധാരയിൽ നിന്ന് തെന്നിമാറി ഒരു വ്യവസ്ഥിതിയുടെയും ചട്ടക്കൂടിൽ ഒതുങ്ങാതെ സഞ്ചരിച്ച കവിതകളായിരുന്നു വിനയചന്ദ്രന്റേത്. ആ കവിതകൾ ചിലപ്പോഴൊക്കെ ദലിതരുടെയും കറുത്തവരുടെയും ശബ്ദവും നാവുമായിരുന്നു. കവിതയുടെ പാശ്ചാത്യവും പൗരസ്ത്യവുമായ വേരുകളിലൂടെയുള്ള സഞ്ചാരവും നിരന്തര യാത്രകളും കവിയെ മാത്രമല്ല അദ്ദേഹത്തിന്റെ കവിതകളെ കൂടി പുതുക്കിപ്പണിതു.
പാരമ്പര്യത്തോട് ചേർന്നുനിൽക്കുമ്പോഴും അതിൽ നിന്ന് കുതറിമാറാനുള്ള ശ്രമം വിനയചന്ദ്രന്റെ കവിതകളിൽ കാണാനാകും.
‘വാക്കിനെ പാരമ്പര്യത്തിന്റെ മൂടൽമഞ്ഞിൽ നിന്നും വെളിപ്പെടുത്തേണ്ടതുണ്ട്' എന്ന് കവി തന്നെ പറയുമ്പോൾ, പാരമ്പര്യം ഒരു മൂടൽമഞ്ഞാണെന്നും അത് കാഴ്ചയെ അവ്യക്തമാക്കുമെന്നും അനുവാചകന് ബോധ്യമാകുന്നു. ഇത്തരം ബോധ്യപ്പെടുത്തലുകൾ വിനയചന്ദ്രന്റെ കവിതകളിലുടനീളം ദർശിക്കാനാവും.
‘നിനക്ക് സ്വന്തമായ ഒരു മുഖമുണ്ടെങ്കിൽ കരയുകയും ചിരിക്കുകയും ചെയ്യുന്ന മനുഷ്യന്റെ മുഖം കാണാൻ ഞാൻ നിനക്കൊരു കണ്ണാടി തരാം'
സ്വന്തം മുഖമല്ല, മറിച്ച് കണ്ണാടിയിൽ പ്രതിഫലിക്കേണ്ടത് സാമൂഹികാവസ്ഥയുടെ ആകുലതകളാവണമെന്ന് കവി ഉറച്ചു വിശ്വസിക്കുന്നു. ഓരോ വ്യക്തിയും വ്യക്തതയോടെ കാണേണ്ടതും പ്രതികരിക്കേണ്ടതും ഇന്നിന്റെ സാമൂഹികാവസ്ഥയോടാകണമെന്ന കവിയുടെ ബോധ്യമാണ് ഈ വരികൾ.
‘എന്തിന് നിന്നോട് കള്ളം പറയണം ഇല്ല നിന്നോടെനിക്കത്രയ്ക്കഗാധമായ് എന്നെ മറന്നുള്ളോരിഷ്ടവും പ്രേമവും'
എന്ന വരികൾ പ്രേമത്തിന്റെ പുതുഭാഷയാണ് വെളിപ്പെടുത്തുന്നത്. അതേസമയം അവനവനോടും പ്രണയിനിയോടുമുള്ള സത്യസന്ധത വരികളിൽ വ്യക്തവുമാണ്. സ്വയം മറന്നുള്ള പ്രണയം കാൽപ്പനിക ഭാവമാണെന്നും പ്രായോഗിക ജീവിതത്തിൽ അതിന് പരിമിതികളുണ്ടെന്നും ആഖ്യാതാവ് പറയുന്നു. പ്രണയം, കാല്പനികമായ വാചക കസർത്താകാതെ ഉളളുതൊട്ടുള്ള പറച്ചിലും അനുഭൂതിയുമാവുകയാണ് ഇവിടെ. ഇതേ കവി തന്നെയാണ്
‘നീ ഉറങ്ങുന്നതിനു മുമ്പ്
നിന്നെയോർത്ത് മയങ്ങി ഞാൻ.
നീ മരിക്കാതിരിക്കാൻ
നിനക്കായ് മരിച്ചു ഞാൻ' (നീ)
എന്നും‘എല്ലായ്‌പ്പോഴും ഈ മരത്തിന്റെ
ചുവട്ടിൽ തിരിച്ചെത്തുന്നു
എന്റെ പ്രേമത്തിന്റെ ഒരു വാക്കിന് വേണ്ടി
ഈ കുന്നു വീണ്ടും വീണ്ടും ചുറ്റി
ഈ മരത്തിന്റെ ചുവട്ടിൽ തിരിച്ചെത്തുന്നു' (കുന്ന്)
എന്നും തീർത്തും കാല്പനികമായി പോകുന്നതും. ഈ ദ്വന്ദ്വഭാവം വിനയചന്ദ്രന്റെ കവിതയുടെ പൊതുസ്വഭാവമാണ്. സന്ദേഹിയായ വ്യക്തിയെ പ്രണയഭാവങ്ങളിൽ ദർശിക്കാനാവും.
ചങ്ങമ്പുഴയ്ക്കു ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രണയകവിതകൾ എഴുതിയിട്ടുള്ള കവിയാണ് ഡി. വിനയചന്ദ്രൻ. പ്രണയത്തിന്റെ ഋതുഭേദങ്ങളെ അത്രമേൽ സൂക്ഷ്മമായി അദ്ദേഹം ആവിഷ്‌കരിക്കുന്നു. രതിയും പ്രണയവും യാത്രയും പ്രകൃതിയും ചേരുന്ന വിനയചന്ദ്രന്റെ കവിതകൾ പുരുഷാഘോഷങ്ങളുടെ ഭാഷയാണ് കൈമാറുന്നത്. സ്‌ത്രൈണാവയവങ്ങളുടെ മുഴുപ്പും തുടിപ്പുമെല്ലാം അടയാളപ്പെടുത്തുന്ന ‘ലൗകികം' എന്ന കവിത രതിയുടെ അടിയൊഴുക്കുള്ള പുരുഷ പ്രേമത്തിന്റെ അടയാളമായാണ് അടയാളപ്പെടുന്നത്. അതായത് പുരുഷമേധാവിത്വം ഉല്പാദിപ്പിച്ച മൂല്യങ്ങളെ പിന്തുടരുന്നവയാണ് വിനയചന്ദ്രന്റെ രതികവിതകൾ എന്നർത്ഥം. മഞ്ഞ നിറം വന്ന ഫോട്ടോ, പഴംപായ, ചെള്ളരിച്ചതലയണ, പൂപ്പു പിടിച്ച തലയണയുറകൾ, വാച്ചിന്റെ ഉള്ളിലെ മുടിനാരുകൾ, വിരഹം എന്നിവ തകർന്ന ദാമ്പത്യത്തിന്റെ സൂചകങ്ങളായി കവിതയിലെത്തുന്നു.
ബിംബങ്ങളുടെ സമൃദ്ധികൊണ്ടും പദഘടന കൊണ്ടും, താളങ്ങൾ കൊണ്ടും വായനക്കാരന്റെയുള്ളിൽ പുരുഷാരവം തീർക്കുന്ന കവിതകളാണിവ.
വാമൊഴി പാരമ്പര്യത്തിന്റെയും നാടൻ താളങ്ങളുടെയും ഈണങ്ങളുടെയും ഉപാസകനായ കവി തന്റെ കവിതകളിലേക്കവയെ വിദഗ്ധമായി ഇണക്കി ചേർത്തു. തെക്കൻ കേരളത്തിന്റെ പ്രാദേശിക വഴക്കങ്ങളെ അത്രമേൽ അനായാസമായി കവിതയിലേക്ക് സമന്വയിപ്പിക്കുകയായിരുന്നു കവി. ബിംബങ്ങളുടെ സമൃദ്ധികൊണ്ടും പദഘടന കൊണ്ടും, താളങ്ങൾ കൊണ്ടും വായനക്കാരന്റെയുള്ളിൽ പുരുഷാരവം തീർക്കുകയായിരുന്നു അവ.
ആധുനികതയുടെ കാതൽ എന്നു പറയുന്നത് സ്വത്വാന്വേഷണമാണ്. ആത്മപ്രകാശനം തീവ്രമാക്കുന്ന സന്ദർഭങ്ങളിൽ അത് കൂടുതൽ ശക്തമാകും. ഈ ഭാവം വിനയചന്ദ്രന്റെ കവിതകളിൽ വളരെ പ്രകടമാണ്. ‘വീട്ടിലേക്കുള്ള വഴി'യിൽ ഇത് ഉച്ഛസ്ഥായിലാണെന്ന് പറയാം. ആധുനികതയുടെ പ്രത്യേകതയായിരുന്നു ഈ വീടുവിട്ടിറങ്ങലും സ്വത്വാന്വേഷണവുമെല്ലാം. വീട് വീടാകുന്നത് കാത്തിരിക്കാനൊരാളുണ്ടാകുമ്പോഴാണ്. ‘അമ്മയില്ലാതാകുന്നതോടെ വീട് നഷ്ടമാകു'മെന്ന കവിഭാവന മാതൃത്വത്തിന്റെ ആഘോഷമായി തോന്നാമെങ്കിലും പുരുഷാധികാരത്തിന്റെ പുരുഷാഘോഷങ്ങളുടെ ഒളിയിടമായാണ് അടയാളപ്പെടുത്തുന്നത്. സ്‌നേഹമെന്ന ഭാവത്തിൽ വീട്ടിൽ തളച്ചിടുന്ന സ്ത്രീജീവിതങ്ങളെ പാടേ അവഗണിക്കുന്ന, സ്വയം ഉന്മാദാവസ്ഥ തീർക്കുന്ന കവിയെയാണ് വിനയചന്ദ്രന്റെ കവിതകളിൽ കാണാനാവുന്നത്. ▮
1. വിനയചന്ദ്രൻ ഡി., 2009, പത്താമുദയം, എബ്രഹാം, പ്രണയത്തിന്റെയും പ്രകൃതിയുടെയും കവിത, എച്ച് & സി പബ്ലിക്കേഷൻസ്, തൃശ്ശൂർ പുറം.11. 2. രവീന്ദ്രൻ.പി.പി., 2004, ശ്രദ്ധ, എഡിറ്റേഴസ്: ഹാരിസ് വി.സി, ഉമർ തറമേൽ, ‘ഇടയില്ലായ്മയിൽ ഒരിടം,' റെയ്ൻബോ ബുക്സ്, ചെങ്ങന്നൂർ . പുറം. 51. 3. ഉണ്ണിക്കൃഷ്ണൻ.വി.കെ., 2004, ശ്രദ്ധ, എഡിറ്റേഴ്സ്, രവീന്ദ്രൻ.പി.പി, ഹാരിസ്.സി, ഉമർ തറേൽ, ‘ശിവനടനത്തിന്റെ വാഗർത്ഥ ദീപ്തി', റെയ്ൻബോ ബുക്സ്, ചെങ്ങന്നൂർ പുറം 74. 4. ചന്ദ്രിക. സി.എസ്., 2008, ആർത്തവമുള്ള സ്ത്രീകൾ, ഫേബിയൻ ബുക്സ്, മാവേലിക്കര, പുറം 95.
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.