ഡോ. ആസാദ്‌

അവനോളം ഒറ്റയല്ലകാണായ ഒറ്റയൊന്നും

സാമ്പ്രദായിക രാഷ്ട്രീയ കവിതയോ, ജനപ്രിയ മുഖ്യധാരാ കവിതയോ, ധൈഷണിക നാട്യം മാത്രമായിത്തീരുന്ന ഔദ്ധത്യവൃത്തിയോ, ഫെമിനിസ്റ്റ്- ദലിത്- പരിസ്ഥിതിക്കവിതയോ അല്ല ആസാദിന്റേത്​. തന്റെ രാഷ്ട്രീയധാരണകളെ തിരുത്താൻ പാകത്തിലുള്ള ഒത്തുതീർപ്പുകളില്ലാത്ത ഒരു സൂക്ഷ്മ സൗന്ദര്യാന്വേഷണമാണത്.

രും കാണാത്ത തിളച്ചുമറിയലുകളും അധികമറിയാത്ത ഉരുകി ഉറയലുകളും അഹംനീറ്റലുകളുമാണ് ജീവിതത്തിന്റെ ഉള്ളറകളിൽനിന്ന്​ കവിത കണ്ടെടുക്കുന്നത്. അകം മറയ്ക്കുന്ന പുറംകാഴ്ചകളിൽ അത് അഭിരമിക്കുന്നില്ല. പുറത്തുകൂടിക്കടന്ന് അകത്തെ ഉൾവലയങ്ങളിൽ ചുഴിഞ്ഞ് വീണ്ടും പുറംലോകത്തിന്റെ സമസ്യകളിലേയ്ക്ക് ചിതറിത്തെറിച്ചുനിന്ന് ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളെയും ഒപ്പം സമന്വയപ്പെട്ടു നിൽക്കുന്ന ഏകീഭാവത്തെയും ആഴത്തിൽ സ്പർശിക്കുന്ന, ഇളകിമറിയുന്ന സൗന്ദര്യാത്മക പ്രവർത്തനമാണ് കവിത.

ഡോ. ആസാദിന്റെ കവിതകൾ ഈ വിധം അകംപുറങ്ങളെ പിളർത്തിയും ഏകീഭൂതമായ അതിന്റെ സമ്യക്ഭാവത്തെ ആഴത്തിലറിഞ്ഞും സ്വയമെന്നപോലെ വായനക്കാരുടെയും സൗന്ദര്യാത്മകവും ദാർശനികവുമായ ഭാവതലത്തെ അനുഭവിപ്പിച്ചും അനുഭൂതിയെ തീവ്രമായി തൊട്ടും കടന്നുപോകുന്നു. സ്‌ഫോടനശേഷിയുള്ള വാക്കുകളെ ഒരു വെടിക്കോപ്പിലെന്നപോലെ അദ്ദേഹം നിറച്ചുവെയ്ക്കുന്നുണ്ട് ഓരോ കവിതയിലും. ഒട്ടും സ്ഥൂലമാകാതെയുള്ള ഒരു വരിഞ്ഞുകെട്ടൽ, സൂക്ഷ്മത്തിലേക്കായുന്ന കുന്തമുനയുടെ കൂർപ്പുകൾ ഓരോ കവിതയ്ക്കുമുണ്ട്. അതോടൊപ്പം, പുതിയ കവിതയുടെ ഭാവുകത്വവുമായി അതീവമായ സാഹോദര്യം പുലർത്തുകയും ചെയ്യുന്നു. ‘നിറുത്തണം മുറുക്കുന്ന ശീലം നമുക്ക് റഫീക്കേ വെറ്റില മുറുക്കിലും കവിതയെഴുത്തിലും' എന്ന് പി.പി. രാമചന്ദ്രൻ ഉപദേശിക്കുന്ന കാവ്യശിക്ഷ ഒട്ടും അയഞ്ഞുപോകാതെ കൂടുതൽ മുറുക്കിമുറുക്കി തന്നെയാണ് ആസാദ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. മുറുക്കുന്തോറും പ്രഹരശേഷി കൂടുന്ന വാക്കിന്റെ വെടിക്കോപ്പാണ് ആസാദിന്റെ കവിതകൾ.

മലയാളിയുടെ സാമാന്യബോധത്തെ ആസാദിന്റെ കവിതകൾ പ്രകോപിപ്പിക്കുന്നു. ആത്മബോധത്തിന്റെ ചൈതന്യത്തിയിലേക്കെന്ന പോലെ സാമാന്യമനുഷ്യരുടെ അധികാരോന്മുഖമായ ബോധത്തിന്റെ തിരിച്ചറിവിലേയ്ക്കും കവിത ചീറി അടുക്കുന്നുണ്ട്. ആ വിധം സാമാന്യബോധത്തിൽ ഭയവിഹ്വലത നിർമിക്കുന്നു.

എങ്കിലും ഭയക്കണം - മഴക്കാലത്തുണ്ടാം മേഘസ്‌ഫോടന മുരുൾപ്പൊട്ടൽ

മേഘസ്‌ഫോടനവും ഉരുൾപൊട്ടലും മഴയിലല്ല സംഭവിക്കുന്നത്. ആസാദിന്റെ കവിതയിലും അതുവായിക്കുന്ന സാമാന്യബോധത്തിലുമാണ്.

പരിസ്ഥിതിയെ സംബന്ധിച്ചും സ്ത്രീ- ദലിത് രാഷ്ട്രീയത്തെ സംബന്ധിച്ചുമൊക്കെ മുൻനിലപാടുകളോടുള്ള വിയോജിപ്പുകളും വിളക്കിച്ചേർക്കലുകളുമാണ് അദ്ദേഹത്തിനു കവിത. / Photo: Flickr

ആസാദിന്റെ കവിതകളെ നമുക്ക് ഒറ്റ മാപിനികൊണ്ട് അളന്നെടുക്കാൻ കഴിയുന്നതല്ല. സാമ്പ്രദായികമായ രാഷ്ട്രീയ കവിതയോ, ജനപ്രിയമായ മുഖ്യധാരാ കവിതയോ, ധൈഷണികനാട്യം മാത്രമായിത്തീരുന്ന ഔദ്ധത്യവൃത്തിയോ, ഫെമിനിസ്റ്റ്- ദലിത്- പരിസ്ഥിതിക്കവിതയോ അല്ല അത്. തന്റെ രാഷ്ട്രീയധാരണകളെ തിരുത്താൻ പാകത്തിലുള്ള ഒത്തുതീർപ്പുകളില്ലാത്ത ഒരു സൂക്ഷ്മ സൗന്ദര്യാന്വേഷണമാണത്. പരിസ്ഥിതിയെ സംബന്ധിച്ചും സ്ത്രീ- ദലിത് രാഷ്ട്രീയത്തെ സംബന്ധിച്ചുമൊക്കെ മുൻനിലപാടുകളോടുള്ള വിയോജിപ്പുകളും വിളക്കിച്ചേർക്കലുകളുമാണ് അദ്ദേഹത്തിനു കവിത. അതാവട്ടെ ആധുനികപൂർവാശയങ്ങളോടും ആധുനികതയോടും ഉത്തരാധുനികതയുടെ ആശയാവലികളോടുമുള്ള സർഗാത്മകമായ വിയോജിപ്പുകൾ കൂടിയായിത്തീരുന്നുണ്ട്.

ആസാദിന്റെ ജാഗ്രത പ്രതിരോധാത്മകമായ ഉത്തരാധുനികതയിലാണ് ഉറച്ചുനിൽക്കുന്നത്. അതാവട്ടെ ആധുനികതയുടെ മനുഷ്യവിരുദ്ധതയെ സമ്പൂർണമായി കുടഞ്ഞെറിഞ്ഞ പിൽക്കാല ആധുനികതയിലാണ് ബലപ്പെട്ടുനിൽക്കുന്നത്.

ആസാദിന്റെ ആത്മം എന്നത് ആധുനികപൂർവമായ ഒരുതരം മതാത്മകമായ ആത്മസത്തയല്ല. മനുഷ്യനെന്ന സങ്കല്പനം ആധുനികമായി രൂപപ്പെട്ട വാർപ്പുരൂപവുമല്ല. ഉത്തരാധുനികത മനുഷ്യരുടെ സ്വത്വബോധത്തെയും ജ്ഞാനലോകത്തെയും ശകലീകൃതമായി പിളർത്തിയും വിടർത്തിയും നിർത്തുമ്പോഴും മൂലധനവാഴ്ചയുമായി അങ്ങേയറ്റം സാഹോദര്യത്തിലാവുന്നത് വിമർശനാത്മകമായി അദ്ദേഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് സമത്വം, നീതി എന്നിവയെ ഉൾക്കൊള്ളുന്ന പാരിസ്ഥിതിക സമ്പദ് ശാസ്ത്രമായി സമന്വയിച്ചുനിൽക്കുന്ന ഒരു പ്രതിരോധാത്മകമായ ഉത്തരാധുനികതയെയാണ് ആസാദ് തന്റെ കവിതയുടെ ലാവണ്യാസ്പദമായി ഉയർത്തിനിർത്തുന്നത്. ആ നിലയിൽ ഭാഷയിലും നിതാന്തമായ ജാഗ്രത അദ്ദേഹം പുലർത്തുന്നു. ദുർബലമായ ഭാഷാവ്യവഹാരങ്ങൾ കൊണ്ട് തീർക്കുന്ന വെറും കപടവ്യാപാരമല്ല അദ്ദേഹത്തിന് കവിതകൾ. അത് ആത്മബോധത്തിന്റെ പുനർനിർമിതിയും അപരബോധത്തിന്റെ നവനിർമിതിയും കൂടിയാണ്.

രാഷ്ട്രീയ പരിസ്ഥിതിയും പരിസ്ഥിതി രാഷ്ട്രീയവും

നിശ്ചയങ്ങളെല്ലാം നഷ്ടപ്പെട്ടതിന്റെ ഒരു ദുരന്തസാക്ഷ്യമാണ് യഥാർഥത്തിൽ ഉത്തരാധുനികത. യൂറോപ്പിൽ ജ്ഞാനോദയത്തിനുശേഷം ഉയർന്നുവന്ന ബൃഹദാഖ്യാനങ്ങളുടെ വിശ്വാസത്തകർച്ചയെ സാമൂഹ്യമായ ഒരു നവോന്മേഷമായി പലരും കരുതിപ്പോരുന്നുണ്ടെങ്കിലും ആസാദിന്റെ ജാഗ്രത പ്രതിരോധാത്മകമായ ഉത്തരാധുനികതയിലാണ് ഉറച്ചുനിൽക്കുന്നത്. അതാവട്ടെ ആധുനികതയുടെ മനുഷ്യവിരുദ്ധതയെ സമ്പൂർണമായി കുടഞ്ഞെറിഞ്ഞ പിൽക്കാല ആധുനികതയിലാണ് ബലപ്പെട്ടുനിൽക്കുന്നത്. സ്വത്വാഭിമുഖമായി നിൽക്കുന്നതിന്റെ മുഴുവനായുള്ള നിരാകരണമല്ല. പ്രതിരോധത്തിന്റെ ജീവശക്തിയായി ജ്വലിച്ചുയർന്നു നിൽക്കുന്ന മനുഷ്യത്വത്തിന്റെ ഉയർത്തെഴുനേൽപ്പായാണ് കവിത ഭവിക്കുന്നത്. സമത്വം, നീതി, സാഹോദര്യം എന്നിവയെ സമരോത്സുകമായി ഉൾക്കൊള്ളുന്ന പാരിസ്ഥിതികമായ സാംസ്‌കാരിക അവബോധവുമായി ഇണക്കിനിർത്തി അവതരിപ്പിക്കുന്നുണ്ട് ആസാദ് തന്റെ കവിതകളിൽ.

മഴ തോർന്നിട്ടും ഇഴചിന്നുന്ന കുഞ്ഞു പ്രാണികളുടെ കുളിർ മഴ.

എന്ന രൂപകം വലിയ രാഷ്ട്രീയാർഥമുള്ള ഒരു വ്യാഖ്യാന വാക്യമായി പ്രവർത്തിക്കുന്നുണ്ട്. വലിയ വലിയ ആശയങ്ങളുടെ അന്ത്യത്തിന്റെ കാലം എന്നാണല്ലോ തൊണ്ണൂറുകൾക്കുശേഷമുള്ള കാലത്തെ വിശേഷിപ്പിച്ചുപോരുന്നത്. ഉത്തരാധുനികതയെന്ന് പേരിട്ടുവിളിക്കുന്ന സാമ്പത്തിക- സാംസ്‌കാരിക പ്രത്യയശാസ്ത്ര കാലമാണിത്. വിമോചനാശയങ്ങളെല്ലാം അസ്തമിച്ചുപോയെന്നും ഇനി അവശേഷിക്കുന്നത് ചിലചില സ്വത്വപരമായ ഉൾപ്പിരിവുകളുടെയും സങ്കല്പനങ്ങളുടെയും സാകല്യം മാത്രമാണ് മനുഷ്യരുടെ ലോകാനുഭവങ്ങളെന്നും അവതരിപ്പിക്കപ്പെട്ട കാലം കൂടിയാണ് കടന്നുപോന്നത്. ആസാദ് ഈ രാഷ്ട്രീയ അന്തരംഗങ്ങളെ ശരിയാംവണ്ണം ആദ്യമേ തിരിച്ചറിഞ്ഞ ചിന്തകനായിരുന്നു. അദ്ദേഹത്തിന്റെ ഉദാരതയുടെ ഉറ (അറ) വുകൾ എന്ന കൃതിയിൽ ആഴത്തിൽ ചർച്ച ചെയ്യുന്ന രാഷ്ട്രീയ- സാംസ്‌കാരിക കാലാവസ്ഥ ഇതുതന്നെയാണ്. ആ നിലയിൽ ഉറച്ച ബോധ്യങ്ങൾ ഉത്തരാധുനികതയെ സംബന്ധിച്ച് അദ്ദേഹം പുലർത്തുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കക്കാരായ കവികളിൽ ഈ സംക്രമണകാലം ഒരു പ്രത്യയശാസ്ത്ര ഈടുവെയ്പായി പ്രവർത്തിക്കുന്നുണ്ട്. പി. രാമന്റെ മുല്ലത്തറ എന്ന കവിത ഈ കാലത്തെ അടയാളപ്പെടുത്തുന്നത് ഇവിടെ സംഗതമാകുമെന്നു തോന്നുന്നു.

വഴിയെവിടെ വഴിയെവിടെ മുല്ലത്തറയിലെ വള്ളിക്കുരുന്നുകൾക്കൊക്കെയും സംഭ്രമം പന്തലിട്ടു പടർത്തീല വയുടെ സംഭ്രമം നഷ്ടപ്പെടാതെ കാക്കുന്നു ഞാൻ.

ഉത്തരാധുനികമെന്നു വിളിപ്പേരുള്ള സമീപ ഭൂതകാലത്തെ ഈവിധം തെളിയിച്ചെടുക്കാനുള്ള ഒരു ശ്രമം പി. രാമന്റെ വരികളിൽ കാണുന്നുണ്ട്.

ക്ലബ് ഹൗസിലും എഫ്.ബി യിലും വാട്‌സാപ്പിലും മാത്രമേ ഇപ്പോൾ ആലും മാവും പ്ലാവുമൊക്കെയുള്ളൂ എന്ന സാംസ്‌കാരികരാഷ്ട്രീയത്തെ പാരിസ്ഥിതികരാഷ്ട്രീയവുമായി ചേർത്തുവെയ്ക്കുന്നത് ഏറെ ശ്രദ്ധേയമാണ്. / Photo: Flickr

ആസാദിന്റെ കവിതയിലാവട്ടെ മഴ ആധുനികതയും കുഞ്ഞുപ്രാണികളുടെ കുളിർ മഴ ഉത്തരാധുനികവുമാണെന്നു വരുന്നു. മഴ തോർന്നതിനുശേഷവും മണ്ണിൽനിന്ന്​മേലോട്ട് പറന്നുയരുന്നതാണ് കുഞ്ഞുപ്രാണികളുടെ കുളിർമഴ. മഴ മഹാഖ്യാനം മാത്രമല്ല മഹാകാവ്യം തന്നെയാണ്. ‘മഹാകാശമെങ്ങിരിപ്പൂ?/ മഹാകാശ മേഘങ്ങളെങ്ങ്?' എന്ന ചോദ്യത്തോടെ ഈ മാറ്റത്തെ കവിത കുറേക്കൂടി കുറുക്കിയെടുക്കുന്നു. പുതിയ സാംസ്‌കാരിക കാലാവസ്ഥയുമായി ഈ രൂപകത്തെ നന്നായി വിളക്കിച്ചേർക്കാൻ കവിത ശ്രമിക്കുന്നുണ്ട്.

ക്ലബ് ഹൗസിലൊരാൽ എഫ്.ബി.യിൽ മാത്തൈ, പ്ലാവുണ്ടാം വാട്‌സാപ്പിൽ

ക്ലബ് ഹൗസിലും എഫ്.ബി യിലും വാട്‌സാപ്പിലും മാത്രമേ ഇപ്പോൾ ആലും മാവും പ്ലാവുമൊക്കെയുള്ളൂ എന്ന സാംസ്‌കാരികരാഷ്ട്രീയത്തെ പാരിസ്ഥിതികരാഷ്ട്രീയവുമായി ചേർത്തുവെയ്ക്കുന്നത് ഏറെ ശ്രദ്ധേയമാണ്. ആ നിലയിൽ നമ്മുടെ പാരിസ്ഥിതികബോധ്യത്തെ കാവ്യബോധവുമായും സാംസ്‌കാരികജീവിതവുമായും സന്നിവേശിപ്പിക്കുന്നു.

മാവും പിലാവും പുളിയും കരിമ്പും തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും നിറഞ്ഞഹോ സസ്യലതാഢ്യമായ വീടൊന്നിതാ മുന്നിൽ വിളങ്ങിടുന്നു.

എന്ന് കുറ്റിപ്പുറത്ത് കേശവൻ നായർ പറഞ്ഞ കേരളമല്ല ഇന്നത്തെ കേരളം. ഇന്ന് ക്ലബ് ഹൗസിലും വാട്‌സാപ്പിലും എഫ്.ബി.യിലും ട്വിറ്ററിലും ഇൻസ്റ്റയിലും തളിർത്തുനിൽക്കുന്ന, പന്തലിച്ചുനിൽക്കുന്ന ആലിന്റെയും പ്ലാവിന്റെയും മാവിന്റെയും സസ്യലതാഢ്യമായ തണലിലാണ് മലയാളികൾ പാർക്കുന്നത്.

ആത്മാപരങ്ങൾ; കെട്ടിപ്പുണർന്നും പൊട്ടിത്തെറിച്ചും

ആത്മവും അപരവും തമ്മിലുള്ള സംഘർഷാത്മകത കവികളുടെ മാത്രമല്ല, സാധാരണമനുഷ്യരുടെയും ജീവിതസമരത്തിന്റെ ഒരു വഴിയാണ്. സർഗാത്മകമായ ആവിഷ്‌കാരത്തിന് മനുഷ്യരെ പ്രാപ്തമാക്കുന്നത് ഈ സംഘർഷഭരിതമായ യോഗവിയോഗങ്ങൾ തന്നെ. ഓരോ കവിതയും അസ്വസ്ഥതയും സ്വസ്ഥതയുമായിത്തീരുന്നത് ഈ ബലതന്ത്രങ്ങളിൽ പുനർജനിച്ചാണ്.

കവിയെ സംബന്ധിച്ച് ‘അവനോളം ഒറ്റയല്ല കാണായ ഒറ്റയെന്നും’ എന്ന പ്രസ്താവനയിൽ ആത്മം മാത്രമല്ല അപരത്വവും പൊങ്ങിനിൽക്കുന്നുണ്ട്. ആകാശം അകത്തും സൂര്യൻ പുറത്തുമായി നടക്കുന്ന നിരന്തരസമരമാണ് അയാൾക്ക് തന്റെ സ്വത്വം.

ആസാദിനെ സംബന്ധിച്ച് തന്നിൽ തന്നെയാണ് ആത്മമെന്നതുപോലെ അപരത്വവും കുടിയിരിക്കുന്നത്. അല്ലെങ്കിൽ അപരനിൽ തന്നെയാണ് തന്റെ ആത്മമുള്ളത് എന്നും പറയാം. ഈ ബോധ്യമാണ് അദ്ദേഹത്തിന്റെ കവിതകളെ ചിന്താപരമായി വേറിട്ടുനിർത്തുന്നത്. ദളിതനും സവർണനും സ്ത്രീയും പുരുഷനും അധഃസ്ഥിതനും അധിപനും ജെൻഡറും ട്രാൻസ്ജെൻഡറും എല്ലാം തന്നിൽതന്നെ പുലരുന്ന മഴവിൽ സ്വത്വങ്ങളാണെന്ന് അയാൾ മനസ്സിലാക്കുന്നു. അതുകൊണ്ട് അപരനാരാണ് ആത്മമേതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു കുഴമറിച്ചിൽ അദ്ദേഹം നേരിടുന്നുണ്ട്. അതാവട്ടെ, കവിതയെയെന്നപോലെ ജീവിതത്തെയും നിലയ്ക്കാത്ത സംഘർഷങ്ങളുടെ പ്രവാഹഭൂമിയാക്കിമാറ്റുന്നു. ഒന്നായിരിക്കുമ്പോൾ തന്നെ പലതായി ചിതറിനിൽക്കുന്ന ഒരു പൊതുസ്വത്വമാണ് ഈ കവിതകൾക്കെന്നു കരുതാം.

ഒറ്റയിൽ വിങ്ങിനിന്നു ഒറ്റയല്ലാത്തരങ്ങളെല്ലാം ഞാനെന്നു തുടങ്ങുമ്പോൾ ഞങ്ങളല്ലേ വീർപ്പിട്ടു ചുവടുവെച്ചു തുടങ്ങുമ്പോൾ പ്രകടനങ്ങൾ പുറപ്പെട്ടു ........................................... ........................................... ഞങ്ങളെന്നു പറഞ്ഞപ്പോൾ ഞാനല്ലേ പൊങ്ങിനിന്നു

എന്നിങ്ങനെ ആഴത്തിൽ കല്പനാഭരിതമായി ആസാദ് അത് ആവിഷ്‌കരിക്കുന്നുണ്ട്. ഇത് വൈയക്തികമായ ഒരു പ്രശ്‌നമായല്ല, സാർവലൗകികമായ ഒരു മാനവികഭാവമായാണ് കവിതയിൽ നിറഞ്ഞുനിലനിൽക്കുന്നത്. കവിയെ സംബന്ധിച്ച് ‘അവനോളം ഒറ്റയല്ല കാണായ ഒറ്റയെന്നും’ എന്ന പ്രസ്താവനയിൽ ആത്മം മാത്രമല്ല അപരത്വവും പൊങ്ങിനിൽക്കുന്നുണ്ട്. ആകാശം അകത്തും സൂര്യൻ പുറത്തുമായി നടക്കുന്ന നിരന്തരസമരമാണ് അയാൾക്ക് തന്റെ സ്വത്വം. ‘അകത്തവനെ ഞാൻ തളയ്ക്കുകയില്ല / പുറത്തവനെ ഞാനയക്കുകയുമില്ല ' (ബുദ്ധൻ പുറത്ത്) എന്ന നിലപാട് സംഘർഷാത്മകസ്വത്വത്തെ പരകോടിയിലെത്തിക്കുന്നു. പക്ഷേ അധികാരോൻമുഖമായ തന്റെ തന്നെ അപരലോകത്തെ അയാൾ തിരിച്ചറിയുന്നുണ്ട്. അതിനെ സ്വയംഹത്യ ചെയ്‌തേ തനിക്ക് മുന്നോട്ടുനടക്കാൻ പറ്റൂ എന്ന വിശ്വാസവുമുണ്ട്. തന്നിലെ പിതാവും തന്നിലെ ഭർത്താവും ആണായി വളരുന്നതും തന്നിലെ മനുഷ്യൻ സവർണനായി പുലരുന്നതും മറ്റാർക്കും കഴിയാത്തവിധം കർക്കശമായ രാഷ്ട്രീയബോധ്യം കൊണ്ട് അയാൾ മറികടക്കുന്നുണ്ട്.

തലയ്ക്കധികാരത്തടിപ്പു കൂടിയ പിതാവിനെ വെല്ലുവിളിക്കണം മകൾ (ബുദ്ധൻ പുറത്ത്)

തന്റെ ആണധികാരത്തെ സ്വയംഹത്യ ചെയ്‌തേ തനിക്ക് മനുഷ്യനായിപ്പുലരാൻ കഴിയൂ എന്നയാൾക്ക് അറിയാം. ഇത് ഒരു ഫെമിനിസ്റ്റ് എഴുത്തല്ല. സ്‌ത്രൈണതയ്ക്കു വേണ്ടിയുള്ള വാദപ്രതിവാദവുമല്ല. സർവാധികാരബന്ധിതമായ ലോകത്തുനിന്ന്​പുറത്തുകടക്കാനുള്ള അടങ്ങാത്ത വാഞ്ഛയാണ്. അതാണ് ആധുനികതയോടെ രൂപപ്പെട്ട ആണത്തത്തിൽ നിന്നും ഉത്തരാധുനികതയോടുകൂടി ഉരുവം കൊണ്ട പെണ്ണത്തത്തിൽ നിന്നും ആസാദിന്റെ കവിതയെ ഒറ്റയാക്കി നിർത്തുന്നത്.

ആത്മാപരങ്ങളുടെ പൂരണമോ വിഘടനമോ ആണ്, അകംപുറങ്ങൾ തമ്മിൽ കവിതയിൽ നടത്തുന്ന സംവാദങ്ങളും കലഹങ്ങളും. അകത്തൊന്നും പുറത്തു മറ്റൊന്നുമെന്നുള്ള സംഘർഷങ്ങളിൽപെട്ട് ജീവിക്കുന്നതാണ് ഒരു സാംസ്‌കാരികമനുഷ്യന്റെ ദൈനംദിന ജീവിതം. ‘അകത്ത് പൂന്താനവും പുറത്ത് ലെനിനും’ എന്ന് കെ.ജി.എസ്. ഈ വ്യാജാസ്തിത്വത്തെ പരിഹസിക്കുന്നുണ്ട്. അടങ്ങാത്തകാമനകളുടെ അകവും കപടമായി മിനുക്കിവെച്ച മുഖവും ഒരു ശരാശരി മലയാളിയുടെ മുഖമുദ്ര മാത്രമല്ല, വ്യാജ ജീവിതത്തിന്റെ തുറമുഖം കൂടിയാണ്. അതിനെ പിളർത്തിയെഴുതുക എന്നത് ഏറെ അസാധ്യമായ ഒന്നായിത്തീരും.

തന്റെ കൈവശമുള്ള പദങ്ങളിൽ നിന്ന് തനിക്കാവശ്യമുള്ളവയെ ഉരുക്കിയെടുക്കാൻ അയാൾ ക്ലേശിക്കുന്നു. കാരണം പൂർവികരോ സമകാലികരോ സുഹൃത്തുക്കളോ പറഞ്ഞ കാര്യങ്ങളല്ല അയാൾക്ക് കവിതകൊണ്ട്​ പറയാനുള്ളത്. / Photo: Facebook

‘അകത്തൊരാകാശമെന്നെ പുണരുന്നു പുറത്തുള്ള സൂര്യനെ തണുപ്പിച്ചെടുക്കുന്നു' (അസ്തമയം) എന്ന വിധമുള്ള മാന്ത്രികവിദ്യയിലൂടെയാണ് ആസാദ് എന്ന കവി തന്റെ സംഘർഷങ്ങളെ മായ്ച്ചുകളയുന്നത്. ഇത് തന്റെ അകം ബോധ്യങ്ങളെ മറികടക്കാനുള്ള സാമൂഹ്യബോധ്യം കൊണ്ട് നിർവഹിക്കുന്ന ഒരു കാവ്യവൃത്തിയാണ്. അപ്പോഴും താനുണർന്നു നിൽക്കുന്ന ലോകമാണിതെന്ന അഹംബോധത്തിന്റെ ആകാശച്ചെരുവിൽ തന്നെ താൻ കുടുങ്ങിനിൽക്കുന്നതും അറിയുന്നു.

ഞാനുണർന്നു തിരിക്കുന്ന ലോകം ഞാണു പൊട്ടിത്തെറിച്ചതെങ്ങാവും ഞാനതിന്റെ നടുക്കം വിടാതെ യൂരു ചുറ്റിക്കളിക്കുന്നതെന്തിനോ!(അസ്തമയം)

ഉടൽ നടുക്കങ്ങൾ വഴി പുതുക്കുന്നു

ഉടലിനെ ആവിഷ്‌കരിക്കുന്നതിൽ ആസാദിന് വ്യത്യസ്തമായ ഒരു രാഷ്ട്രീയവീക്ഷണമുണ്ട്. ഉടലെന്നത് മൂലധനത്തിന്റെ കമ്പോളമോഹങ്ങൾ മേഞ്ഞുനടക്കുന്ന വെറും മൈതാനമല്ലെന്ന് അയാൾക്കറിയാം. ഉടലിനെ തിരസ്‌കരിക്കുന്ന കേവലമായ ആത്മചിന്തയുമില്ല. ഉടൽ മുഖ്യം എന്ന ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് ആസാദ് മുന്നോട്ടുവെക്കുന്നത്. മാന്യതയും അമാന്യതയും ജാതിയും ലിംഗവും ട്രാൻസും സാമൂഹികാസ്തിത്വവും എല്ലാം തിടംവെക്കുന്നത് ഉടലിലാണ്. ഉടലിലും ഉടുപ്പിലുമാണ് കുലം, മതം, രാഷ്ട്രീയം, വംശം, ലിംഗം, നിയമം, സദാചാരം ഒക്കെയും പ്രത്യക്ഷീഭവിക്കുന്നതും ഒപ്പം നിഗൂഹനം ചെയ്യപ്പെട്ടുകിടക്കുന്നതും. അപരവത്കരണത്തിന്റെ അടിയാധാരം തന്നെ ഉടലായിത്തീരുന്നു. നഗ്‌നം എന്ന കവിതയിൽ കവി അത് ഇങ്ങനെ വെളിവാക്കുന്നുണ്ട്.

ഞാനിനി എങ്ങനെയാണ് എഴുന്നേറ്റ് ഉടുപ്പണിയുക? ഉടുപ്പിന്റെ ഇന്ദ്രജാലങ്ങളിൽ തെളിയും കുലം മതം രാഷ്ട്രീയം വംശം ലിംഗം നിയമം സദാചാരം ഞാനല്ലാത്തതൊക്കെയും.

അങ്ങനെ എല്ലാറ്റിന്റെയും മാപിനിയായി ഉടൽ നിൽക്കുമ്പോൾ ഒന്നിനും ആ സ്പദമാകാത്തതും ഉടൽ തന്നെ എന്ന വിപരീതസങ്കല്പവുമുണ്ട്. കാരണം, മാന്യനിൽ തന്നെയുണ്ട് അമാന്യൻ, അധിപനിൽ തന്നെയുമുണ്ട് അധഃസ്ഥിതൻ, ആണിലുണ്ട് പെണ്ണുടൽ, രണ്ടുമല്ലാത്ത അസ്തിത്വവും ആരിലും ഉടലിനെ ചൂഴ്ന്നുനിൽക്കുന്നു. ഉടലിലുത്ഭവിക്കുന്ന ഒരു നവരാഷ്ട്രീയം തന്നെ ആസാദിന്റെ കവിതയിൽ ഉയർത്തെഴുനേൽക്കുന്നുണ്ട്.

ഉടലിൽ കാണുന്നില്ല ജാതിയും ലിംഗവും വംശ ചിഹ്നവും എന്തു പേരിട്ടു വിളിച്ചി - ട്ടെന്തെന്തിലും സന്ദേഹം ആണിലും പൂക്കുന്നല്ലോ പെൺകാലം പെണ്ണിലോ വരുംകാലം ആരിലും നിൽക്കുന്നില്ലവരെ ത്തീർത്ത തീർപ്പുകൾ വടുകെട്ടിയ തിണർപ്പുകൾ(തിരുപിറവി )

ഇവിടെ ആണുടൽ ആധിപത്യത്തിന്റേതെങ്കിൽ പെണ്ണുടൽ വിമോചനത്തിന്റേതായി പരിണമിക്കുന്നു. അസ്വാതന്ത്ര്യത്തിന്റേതെന്ന് പെണ്ണും പൊതുസമൂഹം വിധികല്പിക്കുന്ന പെണ്ണുടൽ സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റേതു കൂടിയായി കവി കണക്കാക്കുന്നു. ‘ഉടലിൽ ഞാനൊരുക്കിവെച്ചില്ല വരുംകാല പച്ച ' എന്ന് കവിതയെക്കൊണ്ട് പറയിക്കുന്നത് ഉടലിനെ ബലമായിക്കരുതുന്ന രാഷ്ട്രീയബോധ്യമാണ്. ഉടൽകൊണ്ടുമൂടിയ ആണത്തത്തെ അതിന്റെ അധികാരവ്യവസ്ഥയെ കവി വിചാരണചെയ്യുന്നു.

ഓർക്കാപ്പുറത്തു വന്ന് അവളെന്റെ മേലുടുപ്പുകൾ വലിച്ചുമാറ്റുന്നു ആണുടൽ പുതച്ച ഞാൻ അപ്പോളെന്റെ മുലകളെ ഉരുട്ടിയുരുട്ടിയെടുക്കുകയായിരുന്നു താഴേയ്ക്ക് ചുഴികളായ് ഞാനെന്റെ കാറ്റുകളെ കൂർപ്പിക്കുകയായിരുന്നു എടുത്തുചാട്ടങ്ങളെയമർത്തി പതുക്കെയൊരു നീരുറവ തുറന്നുവിടുകയായിരുന്നു(നഗ്‌നം).

ഉടലഴിച്ചെടുക്കുമ്പോൾ താൻ ആണല്ലാതായിത്തീരുന്നു എന്നയാൾ അറിയുന്നു. ലിംഗവും യോനിയും തന്നിൽ തന്നെയുണ്ടെന്നും മസിലും മുലകളും തന്റെ തന്നെ യാഥാർഥ്യമാണെന്നും കവി മനസ്സിലാക്കുന്നു. തന്നിൽതന്നെ കുടുമയും പൂണൂലും, തന്നിൽ തന്നെ ചെളിനിലങ്ങളിലിറങ്ങിയ കാൽപെരുമാറ്റങ്ങളും എന്ന് വെളിവാക്കപ്പെടുന്നു. ഇങ്ങനെ പല നിറങ്ങളിൽ പല രൂപങ്ങളിൽ പല പല ഉള്ളടക്കങ്ങളിൽ പലപലതായ് ചമഞ്ഞുനിൽക്കുന്നുണ്ട് കവിയിലെ ഉടൽബോധ്യങ്ങൾ. ബഹുസ്വരമായ ഉടലാവിഷ്‌കാരത്തിന്റെ ബഹുവിധമായ വാതായനങ്ങൾ കവിത തുറക്കുന്നു.

ബഹുരൂപമായ രാഷ്ട്രീയാങ്കനങ്ങളുള്ളതാണ് കവിക്ക് ഉടലെങ്കിലും അത് ആഹ്ലാദവും ഒപ്പം വേദനയുമുള്ളതാണ്. കത്തിനിൽക്കുന്ന തൃഷ്ണപോലെ തന്നെ ശമപ്പെട്ടുനിൽക്കുന്ന തല്പം കൂടിയാണ് ഉടൽ. ‘തേടരുതെന്നും സ്വന്തമുടലിൽ ബലാലതു വരിഞ്ഞകത്തിടുമായുസ്സൊടുങ്ങും വരെ' (മറുഭാഷ ) എന്ന് കവിയെക്കൊണ്ട് പറയിക്കുന്നത് ഉടലിന്റെ ഈ സർഗലയതാളങ്ങൾ തന്നെ. പ്രണയം ഉടലിലുയിർക്കുമ്പോൾ തന്നെ ഉടലിനെ അസ്തമിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. ‘ധ്രുവമിഹ മാംസനിബദ്ധമല്ല രാഗം' എന്ന് ആശാനെ കൊണ്ട് പറയിക്കുന്നത് ഉടലിനെ മറികടക്കുന്നുണ്ട് സ്‌നേഹകാമനകൾ എന്നതുകൊണ്ടാണ്. ഉടലിനെ അപ്രസക്തമാക്കുന്ന ശബ്ദലോകത്തിലേയ്ക്ക് അത് കാമികളെ നയിക്കുന്നു എന്ന് ആസാദും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് കവി കാമിയെ ‘ശബ്ദസ്‌നേഹിതാ’ എന്ന് അഭിസംബോധന ചെയ്യുന്നത്.

ഇവിടെയുണ്ടുടൽ പുണർന്നു നിൽക്കും ശബ്ദ സ്‌നേഹിത, അവൾക്കുടലു വേണ്ടിനി(പ്രണയമ്യൂസിയം)

മറ്റൊരു കവിയും ഉടലിന്റെ ഈ ബഹുസ്വര രാഷ്ട്രീയത്തെ സാമാന്യബോധത്തിന്റെ നെഞ്ചുപിളർക്കുംവിധം വിടർത്തിനിർത്തി കാട്ടിയിട്ടില്ല. നമുക്കു പരിചയമുള്ള എഴുത്തുകൾ ഒന്ന് ഫെമിനിസത്തിന്റേതാണ്. മറ്റേത് മസ്‌കുലിൻ എഴുത്തും. മൂന്നാമതൊരു ട്രാൻസ്ജെൻഡറെഴുത്തുമുണ്ട്. പക്ഷേ ആസാദിന്റെ ആഖ്യാനം ഈ മൂന്നിലും ഭിന്നമായ് നിന്ന് മൂന്നും ഒന്നിച്ച് പൂക്കുകയും ഉരുകുകയും പലതായ് ഒലിക്കുകയും ഒന്നായ് ഊർന്നുരുവം കൊള്ളുകയും പൊലിയുകയും പൊള്ളിക്കുകയും ചെയ്യുന്നു. ഒരു ചതുരത്തിലോ വട്ടത്തിലോ ഒതുക്കാൻ കഴിയാത്ത ഉടലെഴുത്തിന്റെ അനുഭൂതിയാണ് ആസാദിന്റെ ഓരോ കവിതയിലും നിറവും ഗന്ധവും രുചിയും ഭാവങ്ങളും നിറയ്ക്കുന്നത്. കാവ്യഗാത്രങ്ങൾ നിറയെ ഉടൽ സമഗ്രമായ ഒരനുഭവമായി അനുഭൂതിയായി നിറഞ്ഞു കവിയുന്നു.

തന്റെ കൈവശമുള്ള പദങ്ങളിൽ നിന്ന് തനിക്കാവശ്യമുള്ളവയെ ഉരുക്കിയെടുക്കാൻ അയാൾ ക്ലേശിക്കുന്നു. കാരണം പൂർവികരോ സമകാലികരോ സുഹൃത്തുക്കളോ പറഞ്ഞ കാര്യങ്ങളല്ല അയാൾക്ക് കവിതകൊണ്ട്​ പറയാനുള്ളത്.

എത്രയൽപ്പമേ വാക്കിൽ തെളിഞ്ഞുള്ളൂ

അനുഭവങ്ങളുടെ അനന്തരാശിയിൽനിന്ന് അനുഭൂതിയുടെ അത്യപൂർവമായ അനവദ്യഛായയിലേയ്ക്ക് സഞ്ചരിക്കാൻ മനുഷ്യരുടെ കൈയിൽ തുച്ഛമായ വാക്കുകളും ഭാഷയുമേയുള്ളൂ. ഇതാണ് എക്കാലവും കവിയുടെ വേവലാതി. ‘ഭാരതി പദാവലി തോന്നേണം കാലേ കാലേ' എന്ന് എഴുത്തച്ഛനും ‘ഇന്ന് ഭാഷയിതപൂർണം' എന്ന് ആശാനും ‘എന്തെനിക്കേകീലവാക്കൊന്നും ബന്ധുരം തവ രൂപം വിവരിക്കാൻ ' എന്ന് വള്ളത്തോളും ‘വാക്കേ വാക്കേ കൂടെവിടെ' എന്ന് എം. ഗോവിന്ദനും ‘ഭാഷയില്ലെനിക്കെന്റെ പ്രണയം വിവരിക്കാൻ' എന്ന് സച്ചിദാനന്ദനും ‘വാക്കെനിക്കെല്ലാം ഒളിക്കും വിലം' എന്ന് പി.പി. രാമചന്ദ്രനും ആവിഷ്‌കാരങ്ങൾക്കുണ്ടാകുന്ന വാക്കിൻ കുരുക്കുകളെക്കുറിച്ച് വേവലാതി കൊള്ളുന്നു.

തീവ്രാനുഭവങ്ങൾക്കു മുമ്പിൽ വാക്കുകൾ തുച്ഛമായിത്തീരും. ഇവിടെ ആസാദും ഇതേ വാക്കിൻകുരുക്കിൽ പെട്ടുഴലുന്നു. ‘എത്രയല്പമേ വാക്കിൽ തെളിഞ്ഞുള്ളൂ / അന്തിനാളമെരിഞ്ഞു തീരുമ്പോൾ' എന്ന് തിരിച്ചറിയുന്നു. എന്റെ ശബ്ദത്തിൽ എനിക്കു വിശ്വാസമില്ലെന്നും അത് എത്രയോ ദുർബലമാണെന്നും പറയേണ്ടത് വേവിച്ചെടുക്കാൻ പാകംവന്ന പാചകക്കാരനല്ല ഞാനെന്നും തുറന്നുപറയുകയും ചെയ്യുന്നു. അതുകൊണ്ട്​, തന്റെ കൈവശമുള്ള പദങ്ങളിൽ നിന്ന് തനിക്കാവശ്യമുള്ളവയെ ഉരുക്കിയെടുക്കാൻ അയാൾ ക്ലേശിക്കുന്നു. കാരണം പൂർവികരോ സമകാലികരോ സുഹൃത്തുക്കളോ പറഞ്ഞ കാര്യങ്ങളല്ല അയാൾക്ക് കവിതകൊണ്ട്​ പറയാനുള്ളത്. അതുകൊണ്ടുതന്നെ ആരും രൂപപ്പെടുത്താത്ത ഒരു രാഷ്ട്രീയഭാഷ, ജീവിതഭാഷ, സംസ്‌കാരഭാഷ, പ്രക്ഷോഭഭാഷ, ഉടൽഭാഷ, സമരഭാഷ, സ്‌നേഹഭാഷ ആസാദ് നിർമിച്ചെടുക്കുന്നു. ഒട്ടും കൃത്രിമമല്ലാതെ അനുഭൂതിയുടെ ഒരു ജൈവികഭാവമായി കവിതയിൽ അത് ജീവൻതുടിക്കുന്നു.

നമുക്കു പരിചയമുള്ള എഴുത്തുകൾ ഒന്ന് ഫെമിനിസത്തിന്റേതാണ്. മറ്റേത് മസ്‌കുലിൻ എഴുത്തും. മൂന്നാമതൊരു ട്രാൻസ്ജെൻഡറെഴുത്തുമുണ്ട്. / Photo: Flickr

പരിചിതമായ വാക്കിനെ പിളർത്തിയും ഒട്ടിച്ചും ഉരുക്കിനോക്കിയും ഒന്നാക്കിയും മുറിച്ച് ശകലങ്ങളാക്കിയും ഒരു ഭഗീരഥവൃത്തി ആസാദ് ഭാഷയിൽ നിർവഹിക്കുന്നുണ്ട്. തന്നിലുള്ള വ്യാവഹാരികപദങ്ങളുടെ പകിട കളിയായി പല പുതിയ കവികളും കവിതയെഴുത്തിന്റെ വില കെടുത്തുമ്പോൾ മലയാള ഭാഷയുടെ വിലപ്പെട്ട ശബ്ദകോശങ്ങളിലേയ്ക്ക് തിളയ്ക്കുന്ന, വെട്ടിത്തിളങ്ങുന്ന അനേകം വാക്കുകളും ഭാവനകളുംഅദ്ദേഹം നൽകുന്നുണ്ട്. കുഞ്ഞാൽ മഴ, നെയ്യുമിഴകൾ, മാത്തൈ, സത്യത്തിന്റെ പശക്കറ, നുണചുരന്ന മുറിപ്പാട്, മെതിയടിപ്പക, ചതുരംഗക്കലി, തീ പൊട്ടിൻ മായാമറുകുകൾ, ഞരമ്പിലിന്നെരിതീ ദ്രാവകം, വിസ്മയോദ്ദീപനം, സൂര്യരൂപിപ്പൂ, മുള്ളഴകിൻ ഉൾമുനകൾ, ശബ്ദസ്‌നേഹിത, കൺഭാഷണം, അഭാവഭാഷ, കൺവെയിൽ, കളക്കറുപ്പ്, അമർത്തിപ്പൂണുക, തെറിക്കുന്ന പൂൺമ എന്നിങ്ങനെ ചേർത്തും വിഘടിപ്പിച്ചും ഭാഷയിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയാണ് ആസാദ്. ഇത് വെറും കണ്ടുപിടുത്തങ്ങളല്ല, ആയി പുനർജനിക്കലാണ്.

ഓർത്തുചൊല്ലാൻ കഴിയുന്ന നിത്യജീവിതത്തിന്റെ കലഹത്തിലും വിശ്വാസത്തിലും നമ്മുടെ കൂടെ നിലയുറപ്പിക്കുന്ന ധാരാളം വരികൾ ആസാദിന്റെ കവിതയ്ക്കകത്തുണ്ട്.

നവീനമായ ഭാഷാസംയുക്തങ്ങളെ കണ്ടെത്തുമ്പോൾ തന്നെ നമ്മുടെ കാവ്യപാരമ്പര്യത്തിന്റെ ഈടുവെയ്പുകളായ താളബോധത്തെ തീവ്രമായിത്തന്നെ കൂടെ നിർത്തുന്നുണ്ട് ആസാദ്. പുതുതലമുറയിൽ അധികമാരും നിർവഹിക്കാത്ത ഒരു കാവ്യനീതിയാണിതെന്നു പറയാം. വ്യവസ്ഥാപിതമായ വൃത്തബോധം സൂക്ഷിക്കാതെ തന്നെ പദ്യത്തിന്റെ സ്ഥൂലതയെ നിഷേധിച്ചുകൊണ്ട്​ കവിതയുടെ ജൈവികമായ താളക്രമത്തെ ഓരോ കവിതയിലും നവീനമാക്കി ബലപ്പെടുത്തിയെടുക്കുന്നുണ്ട് കവി. ഓർത്തുചൊല്ലാൻ പാകത്തിൽ നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ ഊറിനിൽക്കുന്നുണ്ട് അനേകം വരികൾ. പണ്ടേ മലയാള കവിത മനസ്സിൽ കുടിയിരിക്കുന്നത് ഈ താളക്രമത്തോടുകൂടിയാണ്. ‘ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായ് വരും' , ‘എനിക്ക് രസമീ നിമ്‌നോന്നതമാം വഴിക്കു തേരുരുൾ പായിക്കൽ', ‘ഇതിനെല്ലാം പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിൻമുറക്കാർ', ‘സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും' എന്നിങ്ങനെ പലമട്ടിൽ മനസ്സിൽ തങ്ങിനിൽക്കുന്ന വരിനിരകളുണ്ട്. നമ്മുടെ സാംസ്‌കാരികാവശ്യങ്ങ ഈ വരികൾ സർഗാത്മകമായാണ് പ്രവർത്തിച്ചുപോരുന്നത്. ഈ വിധം താളബോധത്തെ കൂടി ഉൾചേർത്തുന്ന ഒരു പ്രത്യേക സാഹിത്യരൂപമാക്കി അദ്ദേഹം കവിതയെ പരിവർത്തിപ്പിക്കുന്നു.

ഓർത്തുചൊല്ലാൻ കഴിയുന്ന നിത്യജീവിതത്തിന്റെ കലഹത്തിലും വിശ്വാസത്തിലും നമ്മുടെ കൂടെ നിലയുറപ്പിക്കുന്ന ധാരാളം വരികൾ ആസാദിന്റെ കവിതയ്ക്കകത്തുണ്ട്.

‘എന്തിനും മീതെ ചവിട്ടി നിന്നാൽ എന്തിലും മീതെയാണെന്നു തത്ത്വം'(മെതിയടിപ്പക)

‘തെറ്റു വാക്കിൽ തെറിച്ചു പോകുമ്പൊഴും ഒറ്റവാക്കിൽ തളിർത്ത് പൊന്തുന്നോർ'(അസ്തമയം)

‘ഞങ്ങളെന്നു പറഞ്ഞപ്പോൾ ഞാനല്ലേ പൊങ്ങി നിൽപൂ'(ഒറ്റ)

‘ഞാനുണർന്നു തിരിക്കുന്ന ലോകം ഞാണു പൊട്ടിത്തെറിച്ചെതെങ്ങാവാം ഞാനതിന്റെ നടുക്കം വിടാതെ യൂരു ചുറ്റിക്കിതക്കുന്നതെന്തിനോ'(അസ്തമയം)

ഇങ്ങനെ ജീവിതദർശനഞ്ഞെ വീഞ്ഞുകണക്കെ വാറ്റിയെടുത്തതാണ് ആസാദിന്റെ കവിതകൾ. ആ നിലയിൽ ഫ്രെഡറിക് ജയിംസൺ പറയുന്നതുപോലെ എഴുത്തുകാരനും ഒരു പ്രത്യേക ജനസമുദായവുമായി നടത്തുന്ന ഒരു സാമൂഹിക ഉടമ്പടിയായി അദ്ദേഹം കവിതയെ പരിചരിച്ചുപോരുന്നു. അത്തരം കവിതകൾക്കാണ് സമൂഹത്തിൽ പ്രവർത്തനശേഷിയുണ്ടാവുകയെന്നും ആസാദിലെ പ്രക്ഷോഭകനും ചിന്തകനും തിരിച്ചറിയുന്നുണ്ടാവാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ദേവേശൻ പേരൂർ

എഴുത്തുകാരൻ, അധ്യാപകൻ. നീതിയോടെതിർപ്പിൻ വാഗ്ഭടാനന്ദൻ, മലയാളം നല്ല ഉത്തരങ്ങൾ, ഫാസിസത്തിനെതിരെ എം.എൻ. വിജയൻ (എഡിറ്റർ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments