ഏഴാച്ചേരി രാമചന്ദ്രൻ. / Photo : Wikimedia Commons.

ഏഴാച്ചേരിയിലുണ്ട്​, കവിതയിലെ രാഷ്​ട്രീയ ചരിത്രം

ഏഴാച്ചേരിയുടെ കവിതകൾ സമകാലിക സാഹിത്യത്തിന്റെ മാറ്റങ്ങളോടൊപ്പമോ അതിസൂക്ഷ്മമായ കാവ്യജാഗ്രതയോടൊപ്പമോ ചേരുന്നുണ്ടാകില്ല. പക്ഷേ ആ കവി വായിക്കപ്പെടേണ്ടത് അദ്ദേഹം എഴുതി തുടങ്ങിയ കാലം മുതൽ ഇന്നുവരെയുള്ള അടിപതറാത്ത വർഗനിലപാടിന്റെയും കലാപസ്വരത്തിന്റെയും പേരിൽ തന്നെയായിരിക്കണം.

ല്ലാ ലൗകികസുഖങ്ങളും ത്യജിച്ച് തിരികെ മടങ്ങുന്ന ഒരു ബുദ്ധന്റെ നിലവിളി കേട്ടുള്ള തിരിഞ്ഞുനോക്കലിലെ നിസ്സഹായതയാണ് ഏഴാച്ചേരി രാമചന്ദ്രന്റെ കവിതകൾ. കാലത്തിന്റെ അസ്വസ്ഥകളെയും തുടിപ്പുകളെയും അവ അടയാളപ്പെടുത്തുന്നു. പ്രകൃതിയുടെയും മനുഷ്യരുടെയും നിലവിളികളിലൂടെയും ചരിത്രപരമായ അന്വേഷണങ്ങളിലൂടെയും വായനയുടെ സൂക്ഷ്മമായ സാധ്യതകൾ അദ്ദേഹത്തിന്റെ ഭൂരിപക്ഷം കവിതകളും തുറന്നിടുന്നു. വരണ്ട പദ്യങ്ങൾ മലയാള കവിതയെ ആഢ്യത്വം കൊണ്ടും സംഗീതം കൊണ്ടും മാത്രം സ്വാധീനിക്കാൻ ശ്രമിച്ചപ്പോൾ കവിതയുടെ തണുപ്പും ചൂടും ആഴത്തിൽ നിറച്ചുകൊണ്ടാണ് ഏഴാച്ചേരിയുടെ കവിതകൾ മലയാള കവിതയുടെ ചരിത്രത്തിൽ നിലകൊണ്ടത്.

‘ചങ്ങമ്പുഴ, ഇടശ്ശേരി, ഏഴാച്ചേരി’ എന്നാണ് തായാട്ട് ശങ്കരൻ നടത്തിയ ശ്രദ്ധേയമായ നിരീക്ഷണം. ചങ്ങമ്പുഴയുടെ വാഴക്കുല, ഇടശ്ശേരിയുടെ പുത്തൻകലവും അരിവാളും, ഏഴാച്ചേരിയുടെ കുട്ടനാടൻ കവിതകൾ എന്നിവ ചേർത്തുവെച്ചുവേണം കേരളത്തിന്റെ രാഷ്ട്രീയപരിണാമം വിലയിരുത്താൻ എന്നും തായാട്ട് കൂട്ടിച്ചേർക്കുന്നു. ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ?' എന്ന് ചങ്ങമ്പുഴ വാഴക്കുലയിൽ എഴുതുമ്പോൾ പുത്തൻകലവും അരിവാളും എന്ന ഇടശ്ശേരി കവിതയിലെ കോമൻ ‘കൊയ്യില്ലീവിള മറ്റാരും' എന്ന് ഉറച്ച ശബ്ദത്തിൽ പ്രഖ്യാപിക്കുന്നുണ്ട്. ഏഴാച്ചേരിയാകട്ടെ ഇതിനു തുടർച്ചയെന്നപോലെ ‘അരിവാളിൻ ചുണ്ടിലെ ചിരി ചുവക്കും' എന്ന് കുറിക്കുമ്പോൾ കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രം കൃത്യമായി അടയാളപ്പെടുകയാണ്. ചരിത്രത്തോടും കാലത്തോടും, സമരസപ്പെടാത്ത രാഷ്ട്രീയ ബോധ്യങ്ങളോടുമൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാർ വളരെ സ്വാഭാവികമായി രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ് എന്നാണ് തായാട്ടിന്റെ നിരീക്ഷണത്തിന്റെ വിവക്ഷ.

എഴുതപ്പെട്ട കാലങ്ങളിൽ ഏഴാച്ചേരി കവിതകൾ പ്രഖ്യാപിച്ച രാഷ്ട്രീയ നിലപാടുകൾ അടിസ്ഥാന ജനവിഭാഗങ്ങളെ കോരിത്തരിപ്പിക്കുന്നവയായിരുന്നു. അതുകൊണ്ടാണ് ആ കവിതകളും പാട്ടുകളും തെരുവുകളിൽ മുദ്രാവാക്യങ്ങളായി മുഴങ്ങിയിരുന്നത്.

കവിതയെഴുതുന്നൊരാൾ സമൂഹത്തിന്റെ സ്പന്ദനങ്ങളോടൊപ്പം തുടിക്കുമ്പോൾ ചരിത്രക്കാരായി മാറുന്ന സ്വാഭാവിക പ്രക്രിയ ഏഴാച്ചേരിയിൽ കാണാം. താൻ ജീവിച്ചിരുന്ന കാലത്തെയാകെ തന്നോടൊപ്പം കവിതയിലേയ്ക്ക് പകർത്താൻ ഏഴാച്ചേരി ശ്രമിക്കുന്നുണ്ട്.

കവടിയാർ കൊട്ടാരമുറ്റത്തുലാത്തുന്ന കാണുവാൻ ചേലുള്ള തമ്പുരാനേ തിരുവുള്ളക്കേടൊന്നും തോന്നരുതേ ഞങ്ങൾ കൊടിയുമായി അങ്ങ് വരുന്നുണ്ടേ മാർത്താണ്ഡമംഗലം കായൽ വരമ്പിൽ ഞങ്ങൾ നാട്ടിയ കൊടിയത് നിങ്ങൾ തൻ മർദ്ദനം പേടിച്ചു താഴ്​ത്തുകയില്ലൊരു നാളും... തല്ലിയാൽ ഞങ്ങൾ തിരിച്ചു തല്ലും നിന്റെ തണ്ടെല്ലെടുത്തു പതാക നാട്ടും...

എന്ന്​ എഴുപതുകളുടെ ആദ്യപാദങ്ങളിൽ നടന്ന മിച്ചഭൂമി സമരകാലത്ത് ഏഴാച്ചേരി കുറിച്ച പാട്ട് വർഷങ്ങൾക്കിപ്പുറവും ആ സമരത്തിന്റെ ആവേശം പേറുകയും ഓർമകളെ അണയാതെ ജ്വലിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിശബ്ദനാകാൻ കഴിയാതെ പ്രതികരിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയജീവിയായി ഏഴാച്ചേരി പലപ്പോഴും മാറുന്നുണ്ട്. അത് പലപ്പോഴും അദ്ദേഹത്തിന്റെ കവിതകളിൽ നിന്ന് കവിതയുടെ ഘടകങ്ങളെ അപ്രത്യക്ഷമാക്കിയിട്ടുണ്ടാകാം. ഇന്നവ പുനർവായിക്കുമ്പോൾ കേവലം രാഷ്ട്രീയപ്രഖ്യാപനങ്ങളായി മാത്രം പല കവിതകളും മുദ്രചെയ്യപ്പെട്ടിട്ടുണ്ടാകാം. എന്നാൽ അതെഴുതപ്പെട്ട കാലങ്ങളിൽ ആ കവിതകൾ പ്രഖ്യാപിച്ച രാഷ്ട്രീയ നിലപാടുകൾ അടിസ്ഥാന ജനവിഭാഗങ്ങളെ കോരിത്തരിപ്പിക്കുന്നവയായിരുന്നു. അതുകൊണ്ടാണ് ഏഴാച്ചേരിയുടെ കവിതകളും പാട്ടുകളും തെരുവുകളിൽ മുദ്രാവാക്യങ്ങളായി മുഴങ്ങിയിരുന്നത്.

എവിടെയെന്റെ സഖാവിന്റെ ചോര കൊണ്ടു നിറമാർന്ന കൊടിയെവിടെ തിളങ്ങുന്ന പടവാളെവിടെ ജയതിലകം ചാർത്തിക്കും മർദകന്റെ ചോരകൊണ്ട് പുതിയ കേരളത്തിന്നൊരതിരു വരയ്ക്കും

എന്നതടക്കമുള്ള കവിതകൾ മുദ്രാവാക്യങ്ങളായി ഓർമകളിൽ ഒളിമങ്ങാതെ ഇന്നും തിളങ്ങിനിൽക്കുന്നത് അതിലടങ്ങിയിരിക്കുന്ന രാഷ്ട്രീയത്തിന്റെ ദൃഢത കൊണ്ടുതന്നെയാണ്.

പ്രഭാവർമ്മ. / Photo : Wikimedia Commons.

ഏഴാച്ചേരിയുടെ കാവ്യജീവിതത്തിൽ പ്രധാനമായും രണ്ടുഘട്ടങ്ങളുള്ളതായി കവി പ്രഭാവർമ നിരീക്ഷിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ നിസ്വപക്ഷത്തിന്റെ പടപാട്ടുകാരനായി മാത്രം ഏഴാച്ചേരി ചുരുങ്ങുകയായിരുന്നു. വിപ്ലവത്തെ പ്രോജ്വലിപ്പിക്കുക എന്നതുമാത്രമായിരുന്നു ആ ഘട്ടത്തിൽ ഏഴാച്ചേരിയുടെ എഴുത്തുകൾ നിർവഹിച്ചിരുന്ന കർത്തവ്യം. എന്നാൽ 1960കളിൽ ആരംഭിച്ച ന്യൂ ലെഫ്റ്റ് മുന്നേറ്റത്തിന്റെ സ്വാധീനം ഏഴാച്ചേരിയുടെ കവിതകളെ വിശാലമായ മാനവികതാബോധത്തിലേയ്ക്ക് നയിച്ചതായി കാണാം. ഇത് ആദ്യഘട്ടത്തിന്റെ സ്വാഭാവികമായ വികാസം കൂടിയാണ്. മാർക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം പിന്തുടർന്ന എഴുത്തുകാരിലെല്ലാം ഈ മാറ്റം പ്രകടവുമാണ്. ഏഴാച്ചേരിയുടെ കാവ്യവ്യക്തിത്വത്തിന്റെ രണ്ടാം ഘട്ടത്തിലെ നവീകരണം അദ്ദേഹത്തിന്റെ കവിതകളെ കൂടുതൽ ജനകീയമാക്കി. ‘മനുഷ്യനെ ബാധിക്കുന്നതൊന്നും നമുക്ക് അന്യമല്ല' എന്ന മാർക്‌സിന്റെ വാക്കുകളെ ഏഴാച്ചേരി കവിതകളിൽ പ്രതിഫലിപ്പിച്ചു. മനുഷ്യരുടെ വേദനകളെയും സംഘർഷങ്ങളെയും വൈകാരികമായ വിസ്‌ഫോടനങ്ങളെയും ഏഴാച്ചേരി കവികളിലൂടെ തിളപ്പിച്ചെടുത്തു. ‘സംഭബഹുലമായ ഒരു ദിവസം പോലെ, തിരക്കേറിയ ഒരു തെരുവുപോലെ, ഏഴാച്ചേരിക്കവിത നമ്മുടെ മനസ്സിലേയ്ക്ക് കയറിവരുന്നു. രാഗങ്ങളും വർണങ്ങളും രുചിഭേദങ്ങളും നിറഞ്ഞ നെയ്ത്തുരേഖകൾ എന്ന എം.എൻ. വിജയന്റെ നിരീക്ഷണം ഇതിനോടു ചേർത്തുവായിക്കാം.

എം.എൻ. വിജയൻ

കവികളിലെ കുത്തിയൊഴുകുന്ന പദസഞ്ചാരമാണ് ഏഴാച്ചേരിയുടെ കവിതകളിലെ മറ്റൊരു സവിശേഷത. വാക്കുകളെ അസാമാന്യമായ രീതിയിൽ കൊരുത്തിടാനും അതിലൂടെ പാട്ടുസംസ്‌കാരത്തിന്റെ ശബ്ദങ്ങൾ നിലനിറുത്താനും ഏഴാച്ചേരിക്ക് സാധിച്ചിട്ടുണ്ട്. അവ സംഗീതത്തോടു സമരസപ്പെടാനുള്ള വാക്കുകളുടെ തിടുക്കത്തെയല്ല സൂച്ചിപ്പിക്കുന്നത്. മറിച്ച്, അതു വാക്കുകളിൽ അടങ്ങിയിരിക്കുന്ന സംഗീതത്തെ ജ്വലിപ്പിക്കുകയാണ്. അതൊരു സംസ്‌കാരത്തെ വഹിക്കുകയും സാധാരണ മനുഷ്യർക്ക് ആ വരികൾ തങ്ങളുമായി ബന്ധിതമാണെന്ന് തോന്നുകയും ചെയ്യുന്നത് അതുകൊണ്ടാണ്. വയലാർ, പി. ഭാസ്‌കരൻ, ഒ.എൻ.വി. എന്നിവരുടെ കാവ്യസംസ്‌കാരത്തിന്റെ തുടർച്ചയിലേയ്ക്ക് വന്ന കവിയായി ഏഴാച്ചേരി പരിഗണിക്കപ്പെടുന്നതും ഭാഷയുടെ ഭാവാത്മകത, തെളിമയാർന്ന രാഷ്ട്രീയം, പദസമ്പത്ത്, ക്രാഫ്റ്റ് എന്നിവകൊണ്ടുതന്നെയാണ്. മൂവരെയും പോലെ ഏഴാച്ചേരിയും തന്റെ രാഷ്ട്രീയ പ്രതിബദ്ധത ഒറ്റിക്കൊടുക്കാൻ ഒരിക്കലും തയ്യാറായിരുന്നില്ല. പൗരാണിക മിത്തുകളെയും മധ്യപൗരസ്ത്യദേശത്തെ മിത്തുകളെയും ഒന്നുപോലെ കവിതകളിലേയ്ക്ക് സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വിശുദ്ധ പത്രോസും വെറോണിക്കയുമടക്കം എണ്ണമറ്റ ക്രിസ്ത്യൻ ബിംബങ്ങളാൽ സമൃദ്ധമായിരുന്നു ഏഴാച്ചേരി കവിതകൾ. അതേസമയം, അവ കേരളത്തിന്റെ വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്നവയുമാണ്. ഏഴാച്ചേരിയുടെ കവിതകളിലൂടെ കേരളത്തിന്റെ പോരാട്ട ചരിത്രത്തിന്റെ ഒരു മാപ്പ് വരയ്ക്കാൻ സാധിക്കും. അത്രയേറെ ആഴത്തിൽ ചരിത്രത്തെ വഹിച്ചുകൊണ്ടാണ് ആ കവിതകൾ സമകാലിക ഭൂപടത്തിൽ നിലകൊള്ളുന്നത്. മധ്യതിരുവതാംകൂറിലെ ഭൂമിയും ഭൂപ്രകൃതിയും പോരാട്ടങ്ങളും അതിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

സാമൂഹ്യവിമർശനത്തിലൂടെയും സ്വയം വിമർശനത്തിലൂടെയും നവീകരിക്കാനും നവീകരിക്കപ്പെടാനും ഏഴാച്ചേരി കവിതകളിലൂടെ ശ്രമിക്കുന്നുണ്ട്.

ഏഴാച്ചേരിയുടെ കവിതകളുരഞ്ഞ് തൊണ്ട പൊട്ടി ചോര തുപ്പുന്ന പാട്ടുകാരനായ കെ.പി.ആർ. പണിക്കരെ കവി കരിവെള്ളൂർ മുരളി ഓർത്തെടുക്കുന്നുണ്ട്. അത്രയേറെ തീവ്രവും സമരോജ്വലവുമായിരുന്നു ഏഴാച്ചേരിയുടെ പാട്ടുകളും കവിതകളും. അത് തൊഴിലാളികളടക്കമുള്ള സാധാരണ മനുഷ്യരുടെ ഹൃദയങ്ങളിലൂടെയും നാവുകളിലൂടെയും സഞ്ചരിക്കുകയായിരുന്നു. അടിയന്തരാവസ്ഥയുടെ മൗനം ഭേദിച്ചുകൊണ്ടു മുഴങ്ങിയ ഏഴാച്ചേരിയുടെ കവിതകൾ തീക്ഷ്ണമായിരുന്നു.

ശിലകളിലഗ്‌നി വിടർത്തിയും പൂക്കളിൽ കുരുതിക്കളനിറം തൂകിയും പർവതമുടികൾ കുലുക്കിയും താഴ്​വരക്കാട്ടിലെ കിളിയുടെ ശ്രോണിവിപഞ്ചിയിൽ നാദമധുരമാമൊരു ഗാനഗാന്ധാരി തൂകിയും വരവായ്, ഇടിമുഴക്കങ്ങളോടുകൂടി. വിശറി കരിമ്പനയോലയിളക്കിയും ചുടലക്കനലത്തു കൈകളുണക്കിയും എഴുതിരിപാലച്ചുവട്ടിലെ അജ്ഞാതഗുഹയിൽ മയങ്ങുന്ന മാദകയക്ഷികൾ ഇത്തിരി വാസനച്ചുണ്ണാമ്പു ചോദിച്ചുനിൽക്കാൻ ഭയന്നു നീയെത്തും വഴികളിൽ ഇടയിടെ മിന്നിത്തിളങ്ങുന്നതാരുടെ പടവാളും അങ്ക പരിചയും.

ഏഴാച്ചേരി രാമചന്ദ്രൻ. / Photo : Wikimedia Commons.

എന്ന കവിത അടിയന്തിരാവസ്ഥയുടെ ഭീകരത പ്രകടമാക്കുന്നുവെന്നതു മാത്രമല്ല, ആ കാലത്ത് വ്യാപകമായി തെരുവുകളിൽ മുഴങ്ങുകയും ചെയ്തിരുന്നു. ഏഴാച്ചേരിയുടെ കവിതകളിൽ ഹാസ്യത്തിന്റെ നിരവധി സാധ്യതകൾ ഉപയോഗിക്കുന്നതായി കാണാം. ഇംഗ്ലീഷ് സാഹിത്യത്തിൽ ജോൺ ഫിലിപ്‌സും ബയാർഡ് ടെയ്‌ലറുമെല്ലാം പാരഡികളുടെ സാധ്യതകൾ പ്രയോഗിച്ചിരുന്നു. സമാനമായി ഏഴാച്ചേരിയും മലയാളത്തിലെ തനിക്ക് മുന്നേ സഞ്ചരിച്ച കവികളുടെ കവിതകളെ മൂലാധാരമാക്കി പുതിയ വായനകൾ അന്വേഷിക്കുന്നുണ്ട്.

‘ഒരു പൂവൊരിത്തിരി വാടിയാലിത്രമേൽ പരിതപിക്കാനെന്ത്?' എന്ന 'പഞ്ചമുഖനൊമ്പരം' എന്ന ഏഴാച്ചേരി കവിതയിലെ ആരംഭവരി വായിക്കുമ്പോൾ കാവ്യചരിത്രത്തിലെ ‘ഹാ പുഷ്പമേ!' എന്ന വിളി പിന്നെയും അടയാളപ്പെടുന്നുണ്ട്. സാമൂഹ്യവിമർശനത്തിലൂടെയും സ്വയം വിമർശനത്തിലൂടെയും നവീകരിക്കാനും നവീകരിക്കപ്പെടാനും ഏഴാച്ചേരി കവിതകളിലൂടെ ശ്രമിക്കുന്നുണ്ട്.

ഏഴാച്ചേരിയുടെ കവിതകൾ സമകാലിക സാഹിത്യത്തിന്റെ മാറ്റങ്ങളോടൊപ്പമോ അതിസൂക്ഷ്മമായ കാവ്യജാഗ്രതയോടൊപ്പമോ ചേരുന്നുണ്ടാകില്ല. പക്ഷേ ആ കവി വായിക്കപ്പെടേണ്ടത് അദ്ദേഹം എഴുതിത്തുടങ്ങിയ കാലം മുതൽ ഇന്നുവരെയുള്ള അടിപതറാത്ത വർഗനിലപാടിന്റെയും കലാപസ്വരത്തിന്റെയും പേരിൽ തന്നെയായിരിക്കണം. വിപ്ലവബോധം കാവ്യസംസ്‌കാരത്തിൽ ലയിപ്പിച്ചെടുത്ത ഏഴാച്ചേരി കവിതകൾ കേരളത്തിലെ രാഷ്ട്രീയ- സമര പോരാട്ടങ്ങൾക്ക് എല്ലാ കാലത്തും കരുത്തും ആവേശവും പകരും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.

Comments