ജ്യോതീബായ് പരിയാടത്ത്

പെൺനോട്ടവും കവിതയിലെ
പ്രാദേശിക ചിഹ്നങ്ങളും

ദീർഘമായ കാവ്യാനുശീലനത്തിൽ നിന്നും സമഗ്രമായ കാവ്യപാരമ്പര്യാവബോധത്തിൽ നിന്നും ഊർജ്ജം ആവാഹിച്ചുകൊണ്ടുള്ള ഭാവുകത്വപ്പുതുക്കലിനുള്ള ശ്രമമാണ് ജ്യോതീബായ് പരിയാടത്തിന്റേതെന്ന് ‘മൂളിയലങ്കാരി' എന്ന സമാഹാരം വെളിപ്പെടുത്തുന്നു

‘മറവിൽ തിരിവ് സൂക്ഷിക്കുക' എന്ന സിനിമയിൽ വയലാർ രാമവർമ എഴുതിയ ഒരു ഗാനമുണ്ട്; ‘മൂളിയലങ്കാരി, മുറത്തിൽക്കേറി കൊത്താതിരിയെടീ മൂളിയലങ്കാരി'. 1996ൽ ഇറങ്ങിയ ‘കുടുംബകോടതി' എന്ന ചലചിത്രത്തിന് വേണ്ടി എസ്. രമേശൻ നായർ രചിച്ച ഒരു ഗാനത്തിലും ‘മൂളിയലങ്കാരി' എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ധിക്കാരികളായ മരുമക്കളെ ‘പാഠം പഠിപ്പിക്കാൻ' എത്തുന്ന അമ്മായിയമ്മക്കഥാപാത്രം പാടുന്ന പാട്ടാണത്. കവിതയിൽ അങ്ങനെ അധികം ഉപയോഗിച്ചു കാണാത്ത ‘മൂളിയലങ്കാരി' എന്ന ഈ വാക്കാണ് ജ്യോതീബായ് പരിയാടത്തിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരത്തിന്, ആ പേരിൽ ഒരു കവിത പുസ്തകത്തിൽ ചേർത്തിട്ടില്ലെങ്കിലും, പേരായി നല്കിയിരിയ്ക്കുന്നത്.

ആമുഖത്തിൽ അവർ എഴുതുന്നു, ‘അലങ്കാരി എന്ന തനിദ്രാവിഡമായ സുന്ദരനാമം മൂളിയലങ്കാരി എന്ന കുറ്റപ്പേരിലേക്ക് പരിവർത്തനപ്പെടുന്നത് എപ്പോഴാണ്? കാൽ വെണ്ണകളിൽ ചാരിവെച്ച കാരക്കോൽ തട്ടിയെറിഞ്ഞ് മനസ്സ് പറയും മട്ടിൽ ഒന്ന് നടക്കാനാഞ്ഞാൽ... സമൂഹം വിധിച്ച നടപ്പുശീലങ്ങളിൽ നിന്ന്​ അവൾ കടുകിടയെങ്കിലും മാറിയാൽ തീർന്നു. വാഴ്​ത്തുപാട്ടുകൾ ആ നിമിഷം നിലയ്ക്കും. അത്രനാളും അലങ്കാരമായി കൊണ്ടതൊക്കെ ആഭാസമാകും. പെൺമതം വൻമദമാകും... സർഗാത്മകമായ ജീവിതങ്ങളുടെ കാല്പനികമായ എഴുത്തിടങ്ങളിൽ പലപ്പോഴും മിന്നിനിൽക്കുന്നവർ ഇത്തരം (മൂളി)അലങ്കാരികളാണ് എന്ന് തോന്നിയിട്ടുണ്ട്.'

അത്തരമൊരു കുറ്റപ്പേര് സ്വയം ഏറ്റെടുക്കുന്നതിലൂടെ എഴുത്തിലൂടേയും ഇതരകലകളിലൂടേയും ആത്മാവിഷ്‌കാരത്തിന് ശ്രമിക്കുന്ന സ്ത്രീകൾ ദിനേന അനുഭവിക്കുന്ന സംഘർഷവും vulnerabilityയും ഒരിക്കലും അവഗണിയ്ക്കാൻ പറ്റാത്ത രീതിയിൽ പ്രതിഷ്ഠിയ്ക്കുക മാത്രമല്ല ജ്യോതീബായ് ചെയ്യുന്നത്, സരസ്വതിയമ്മയും, രാജലക്ഷ്മിയും, മാധവിക്കുട്ടിയുമൊക്കെ ഉൾപ്പെടുന്ന അനേകം തലമുറകളിലെ എഴുത്തുകാരികളുടെ തീക്ഷ്ണാനുഭവങ്ങളിലേക്കുള്ള ഒരു റഫറൻസ് കൂടിയായി അത് അനുഭവപ്പെടുത്തുന്നു.

വൈലോപ്പിള്ളിയുടെ ‘ഊഞ്ഞാലിൽ' എന്ന കവിതയെ ഓർമിപ്പിക്കുന്ന ‘ഉഴിഞ്ഞാലിൽ' എന്ന കവിതയിൽ കവി ഇങ്ങനെ എഴുതുന്നു:

‘വീഴുമെന്നായാൽ... മിണ്ടാതെ മിണ്ടാതെ ഊർന്നൂർന്ന് പോവുക'

എന്നാൽ ആ പോക്ക് ഭൂതകാലത്തേക്കാണ്; ബാല്യ-യൗവനകാലത്തേക്കാണ്.

ഊഞ്ഞാൽക്കൊമ്പിൽ പുറപ്പാടിന്റെ പൊറുതികേടിൽ ഉലയുന്ന പൂവള്ളിയിൽ ആഞ്ഞെത്തി ആകാശം തുളയ്ക്കുക മറയുക

എന്ന ആഹ്വാനമാണ് കവി കവിതാവസാനം നടത്തുന്നത്.

‘മർത്യായുസ്സിൽ സാരമായത് ചില മുന്തിയ സന്ദർഭങ്ങൾ - അല്ല മാത്രകൾ - മാത്രം'

എന്നാണല്ലോ വൈലോപ്പിള്ളി തന്റെ കവിത അവസാനിപ്പിക്കുന്നത്. അത്തരം മുന്തിയ മാത്രകളുടെ ഓർമകളിലും വീണ്ടെടുപ്പിലും ജീവിതമുഷിവ് മറികടക്കാമെന്ന് ജ്യോതീബായിയും കൂട്ടിചേർക്കുന്നു. എന്നാൽ ഈ ‘ആഞ്ഞെത്തലിലും' ‘ആകാശം തുളയ്ക്കലിലും' കാണുന്ന സജീവതയും (proactiveness) സ്വശക്തിയിലുള്ള ബോധ്യവും സമകാലിക ‘പെണ്ണുര' യുടെ (ആഷാമേനോന്റെ പ്രയോഗം കടം എടുത്താൽ) ഒരു പ്രധാന മുദ്ര കൂടിയാണെന്ന് കാണാം.

ശരീരം, മനസ്സ്, മസ്തിഷ്‌കം, കൂടാതെ ജീവൻ തന്നെയും കാവ്യരചനയിൽ പങ്കുചേരുന്നതായി ജ്യോതീബായ് രേഖപ്പെടുത്തുന്നു. അത്രയും അധ്വാനിച്ച് ശ്രമിക്കുമ്പോഴും ചിലപ്പോൾ ലഭിക്കുന്നത് കാകോളം പോലെ അനാഹാര്യമായ ഒന്നാകും. എങ്കിലും കവി മികച്ച രചനക്കുവേണ്ടിയുള്ള ശ്രമങ്ങൾ തുടരുക തന്നെ വേണം

മറ്റ് സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് ആത്മപ്രതിഫലനാത്മകത (self-reflexivity) കൂടുതലുള്ളത് കവിതയിലാണെന്ന് പറയാറുണ്ട്. കാവ്യരചനയെപ്പറ്റിയും, കാവ്യബിംബങ്ങളെപ്പറ്റിയും, കാവ്യരൂപത്തെപ്പറ്റിയുമുള്ള അതികവിതകൾ (metapoems) ധാരാളമായി ഉണ്ടാകുന്നുണ്ട്. ജ്യോതീബായിയുടെ ‘കടച്ചിൽ' എന്ന കവിതയും അത്തരത്തിലുള്ളതാണ്. കാവ്യരചനയ്ക്ക് പാലാഴിമഥനം പോലൊരു പ്രവൃത്തിയാണ് എഴുത്തുകാരിയും ചെയ്യുന്നത്:

‘മുടിയൂരിപ്പിന്നുന്നു ജട മെടയുന്നു കയറാക്കിപ്പണിയുന്നു കടയുന്നു ഞാൻ മനമാകെക്കടയുന്നു മതി കടയുന്നു ഉയിരാഴികളൊന്നൊന്നായ് ക്കടയുന്നു ഞാൻ'

‘Writing poetry is a full-contact activity' എന്ന് പ്രൊഫ. തോമസ് ഫോസ്റ്റർ എഴുതിയിട്ടുണ്ടല്ലോ. ശരീരം, മനസ്സ്, മസ്തിഷ്‌കം, കൂടാതെ ജീവൻ തന്നെയും കാവ്യരചനയിൽ പങ്കുചേരുന്നതായി ജ്യോതീബായ് രേഖപ്പെടുത്തുന്നു. അത്രയും അധ്വാനിച്ച് ശ്രമിക്കുമ്പോഴും ചിലപ്പോൾ ലഭിക്കുന്നത് കാകോളം പോലെ അനാഹാര്യമായ ഒന്നാകും. എങ്കിലും കവി മികച്ച രചനക്കുവേണ്ടിയുള്ള ശ്രമങ്ങൾ തുടരുക തന്നെ വേണം: ‘തുടരട്ടെ മഥനങ്ങൾ തെളിയട്ടൊടുവിൽ'.

കാവ്യരചനയുടെ ക്ലേശങ്ങളും സംഘർഷങ്ങളും ജ്യോതീബായ്ക്കവിതകളിൽ ആവർത്തിച്ച് പ്രമേയമാകുന്നുണ്ട്. കൈയിൽ, കവിതയിൽ മെരുങ്ങാത്ത വാക്കിനെക്കുറിച്ചാണ് ‘കെട്ടുപാട്' എന്ന കവിത.

‘വിളക്കിയാൽ വിളങ്ങാത്ത മുറുക്കിയാൽ മുറുകാത്ത... പകരമൊന്നു കിട്ടാത്ത ഇനി ഉണ്ടോ എന്നറിയാത്ത... വെച്ചാൽ മുഴുപ്പ് എടുത്താൽ വിടവ് എന്ന് ലജ്ജിപ്പിച്ച് ശ്ലീലം പഴകാത്ത വാക്കേ...'

ആ വാക്ക് ‘കെട്ടുപാട്' എന്നതാകുന്നത് ആശ്ചര്യപ്പെടുത്തുന്നില്ല. അത് ജ്യോതീബായിയ്ക്ക് കാവ്യലോകത്തോടുള്ള, എഴുത്തിലൂടേയും, ‘കാവ്യം സുഗേയം' എന്ന ബ്ലോഗിലൂടെയുള്ള കവിതചൊല്ലലിലൂടേയും മറ്റും ഉറഞ്ഞു പോയ ബന്ധത്തിന്റെ തെളിവായി വെളിപ്പെടുന്നു.

‘വാക്കേ വാക്കേ വീടിവിടെ' എന്ന നുറുങ്ങ് കവിത വായനക്കാർക്ക് എഴുതിയ ഒരു കത്തിന്റെ രൂപത്തിലാണ്:

‘ഇന്നലെ പാതിരായ്ക്ക് മയക്കം ഞെട്ടിച്ചു സ്വപ്നത്തിൽ മുട്ടിയ ഒരു വാക്ക് പുലർച്ചക്കെങ്ങോ പിന്നെയും പുറപ്പെട്ട് പോയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ അറിയിക്കുമല്ലോ. എന്നു ചേർന്നു പൂർത്തിയാവാൻ ഒരു കവിത'

വാക്കുകൾക്കുവേണ്ടിയുള്ള കാത്തിരുപ്പുകൾക്കപ്പുറം നിലവിലുള്ള വാക്കുകളെ പുതുക്കാനും, പുതിയ വ്യാകരണങ്ങളിലേക്ക്, പ്രയോഗങ്ങളിലേക്ക് ഭാഷയെ നയിക്കാനും ഉള്ള ശ്രമങ്ങളും ജ്യോതീബായ് നടത്തുന്നുണ്ട്. ‘പ്രണയമാനകം' എന്ന കവിതയിൽ നാമങ്ങൾ അർത്ഥവത്തായ ക്രിയാപദങ്ങളായി മാറുന്നു.

‘പ്രളയിയ്ക്കുന്നൂ മാനം ഇര, വോടി - ത്തിരചുറ്റുന്നു കാറ്റുന്നൂ ചാറ്റുന്നൂ കുഴലുന്നൂ മഴയുന്നൊ, ടുവിൽ ചേർന്നൊഴിയുന്നൂ'

കവിതയുടെ പേര് ‘പ്രളയമാനകം' എന്നല്ല ‘പ്രണയമാനകം' എന്നാണെന്നതും വായനക്കാർക്ക്​ ആശ്ചര്യഹേതുകമായേക്കാം.

പെൺകാതിനുമാത്രം കേൾക്കാവുന്ന ദൃശ്യങ്ങളും പെൺചക്ഷുസ്സുകൾക്ക് മാത്രം വെളിപ്പെടുന്ന ദൃശ്യങ്ങളും പരിഭാഷപ്പെടുത്തുന്ന ദൗത്യം ജ്യോതീബായ്ക്കവിത നിർവഹിക്കുന്നു. ‘ഒറ്റമുലച്ചി', ‘ഉംമ്മ്മ്മ്മ്മ,' ‘തായ്ക്കുലം,' ‘കരുതൽ' തുടങ്ങിയ നിരവധി കവിതകളിൽ പെണ്ണനുഭവങ്ങളേയും സമസ്യകളേയും കവി ആനയിക്കുന്നുണ്ട്

ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പോലുള്ള രചനകളിൽ അനാവൃതമാക്കപ്പെട്ട പാലക്കാടൻ ഭാഷാശൈലി ജ്യോതീബായിയുടെ കവിതകളിൽ പുനരവതരിയ്ക്കുന്നുണ്ട്. ‘മഴതീനിപ്പേച്ചികൾ,' ‘പേറ്റിച്ചി' എന്നീ കവിതകൾ ഉദാഹരണം. ‘ഭാഷയെ പുനരാവാഹനം ചെയ്യേണ്ടത് ഒരു സാംസകാരിക കർത്തവ്യമാണ്' എന്ന് പുസ്തകത്തിന്റെ അവതാരികയിൽ ആഷാമേനോൻ ശരിയായി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, കേവലമായ ഭാഷാ പുനരാവാഹനം മാത്രമല്ല, ‘local colour' എന്നൊക്കെ വിളിക്കാവുന്ന തരത്തിൽ വ്യതിരിക്തമായ ഭൂപശ്ചാത്തലപ്രാതിനിധ്യം, മിത്തുകൾ, വിശ്വാസക്രമങ്ങൾ, തദ്ദേശീയമായ പ്രകൃതിബോധം, മനുഷ്യബന്ധം എന്നിവയുടെ ആഖ്യാനവും ജ്യോതീബായിയുടെ കവിതയിൽ സംഭവിക്കുന്നുണ്ട്. ‘മഴതീനിപ്പേച്ചികൾ' എന്ന കവിതയിൽ ഉർവ്വരതയുടേയും, തെറ്റാതെ കറങ്ങുന്ന കാലാവസ്ഥാചക്രത്തിന്റെ ജൈവാവസ്ഥയുടേയും വിശദമായ (61 വരികൾ ഉപയോഗിച്ചുള്ള) ചിത്രത്തിന് ശേഷം വളരെ പെട്ടെന്നുള്ള ഉപസംഹാരം യന്ത്രവൽകൃതമായ, മഴ വറ്റിയ, കാലാവസ്ഥാവ്യതിയാനത്തിന്റേതായ ലോകത്തെ അഭിമുഖീകരിയ്‌ക്കേണ്ടി വരുന്ന കവിമനസ്സിന്റെ നടുക്കത്തെ, സംഘർഷത്തെ കൃത്യമായി വായനക്കാരിലേക്ക് പകർത്തുന്നു. ഗർഭിണിയുടെ ഭ്രൂണം തിന്നുന്ന പ്രേതരൂപി (പിള്ളതീനിപ്പേച്ചി) പോലെയെന്തോ ഒന്ന് മഴഭ്രൂണത്തെയും തിന്നുന്നു എന്ന് സൂചിപ്പിക്കുമ്പോൾ ഇതര ദേശക്കാർക്ക് അപരിചിതമായ ഒരു പാലക്കാടൻ വിശ്വാസത്തിന്റെ പുനരാവാഹനം കൂടെ സംഭവിക്കുന്നുണ്ടല്ലോ.

ജനനത്തിന്റേയും, ആഘോഷങ്ങളുടേയും, രോഗശാന്തിയുടേയും ലോകത്ത് മാത്രം സഞ്ചരിച്ചിരുന്ന മാളുപ്പണിക്കത്തി എന്ന വയറ്റാട്ടിയുടെ മരണമാണ് ‘പേറ്റിച്ചി'യിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്.

‘മട്ടപ്പൊകല മണക്കണ വാ വായീം കൊണ്ട് മന്ത്രിച്ചൂതീന്നിരിക്കട്ടെ അങ്ങനെ മൂന്ന്‌ന്നേരം ഊതിയാല് മാഞ്ഞു പോകണ പേടിസൊപ്പനം ഒക്കെത്തന്നെ നങ്ങ്‌ള് കുട്ടികള് കാണാനും തുടങ്ങീട്ട്ണ്ടായിരുന്നുള്ളൂ . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . അമ്മമാർ ചെലപ്പഴ് മറന്നാലും അവിര് മണ്ണ് കാണിച്ച കുഞ്ച് മക്കളിന്റെ പെറന്നാള് തലക്ക് ദെവസം തന്നെ ഓർമ്മപ്പെട്ത്താൻ മാളുമുത്തി മറന്നില്ല...’

ഇങ്ങനെ വെറുമൊരു പേറ്റിച്ചിയ്ക്കപ്പുറം ഗ്രാമത്തിലെ പെൺലോകം കറങ്ങുന്ന ഒരു അച്ചുതണ്ടായാണ് ആ സ്ത്രീ ആവിഷ്‌കൃതമാകുന്നത്. ഗ്രാമത്തിലെ കുട്ടികളെ നീന്തൽ പഠിപ്പിച്ച മാളുമുത്തിയുടെ ജഡം പാറക്കുണ്ടിൽ നിന്ന് എടുക്കുന്നത് മറ്റൊരു പേറെടുപ്പായായി കവി ധ്വനിപ്പി യ്ക്കുമ്പോഴുള്ള ഐറണി (irony) വായനക്കാരിൽ നഷ്ടപ്പെടുന്നില്ല.

‘പെട്ടകുട്ടിയാണ് മക്‌ളേ പെറ്റൊഴിച്ചവ്‌ളിന്റ്ട്ത്ത് ആകാസം പിറ് പിറ്ത്തു. നിങ പെണ്ണങ്ങളെന്നെ... അത് കേട്ട്ള്ളൂ...’

ഇത്തരത്തിൽ പെൺകാതിനുമാത്രം കേൾക്കാവുന്ന ദൃശ്യങ്ങളും പെൺചക്ഷുസ്സുകൾക്ക് മാത്രം വെളിപ്പെടുന്ന ദൃശ്യങ്ങളും പരിഭാഷപ്പെടുത്തുന്ന ദൗത്യം ജ്യോതീബായ്ക്കവിത നിർവഹിക്കുന്നു. ‘ഒറ്റമുലച്ചി', ‘ഉംമ്മ്മ്മ്മ്മ,' ‘തായ്ക്കുലം,' ‘കരുതൽ' തുടങ്ങിയ നിരവധി കവിതകളിൽ പെണ്ണനുഭവങ്ങളേയും സമസ്യകളേയും കവി ആനയിക്കുന്നുണ്ട്. നാട്ടിൻപുറം, നാടൻമനുഷ്യർ എന്നിവയെ ആഖ്യാനം ചെയ്യുന്ന കവിതകളിൽ തന്നെ അതൊരു സങ്കുചിതലോകദർശനമായി (parochialism) അനുഭവപ്പെടുന്നില്ല. ഗ്ലോബലും പ്രാദേശികതയും വേർപിരിയ്ക്കാനാവാത്ത വിധത്തിൽ ഉൾച്ചേർന്നിരിയ്ക്കുന്ന ഇക്കാലത്ത് കവിതയുടെ ടെക്‌സ്ച്ചറും (texture) അത്തരത്തിലാകും. ‘ഗണതന്ത്രം@2021' പോലുള്ള കവിതകളിലൂടെ പാൻ ഇന്ത്യൻ സ്വഭാവത്തിലേക്ക് ഉയരുന്ന രചനകളും നടത്തുന്നുണ്ട് ജ്യോതീബായ്. വായനക്കാരുടെ ശ്രദ്ധയെ പെട്ടെന്ന് ആകർഷിക്കുന്ന തരത്തിൽ കവിതകളുടെ തലക്കെട്ടുകളിൽ എന്തെങ്കിലും സവിശേഷത കൊണ്ടു വരാൻ ഈ കവി ശ്രമിക്കുന്നുണ്ടെന്ന് വേണം കരുതാൻ. മുൻപ് പരാമർശിച്ച ചില കവിതകൾക്ക് പുറമെ, ‘തെറിത്താരാവലി@വൈറൽ. കോം’, ‘അനുജത്തിയോടൊരു വാട്ട്‌സ്അപ് ചാറ്റ് അഥവാ കവിതയല്ലിത് ജീവിതം,' ‘ഇറ്റ്‌സ് ഓക്കേ,' ‘ഇതി സമാപ്തം തിലകചരിതമിക്കാലം' തുടങ്ങിയ കവിതകളും ദൃഷ്ടാന്തം. നൂറുകണക്കിന്​ കവിതകൾ ഓരോ ആഴ്ചയിലും മുഖ്യധാരയിലും സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഇക്കാലത്ത് ഇതൊരു പ്രയോഗികതയുമാണ്.

വാക്കുകൾക്കുവേണ്ടിയുള്ള കാത്തിരുപ്പുകൾക്കപ്പുറം നിലവിലുള്ള വാക്കുകളെ പുതുക്കാനും, പുതിയ വ്യാകരണങ്ങളിലേക്ക്, പ്രയോഗങ്ങളിലേക്ക് ഭാഷയെ നയിക്കാനും ഉള്ള ശ്രമങ്ങളും ജ്യോതീബായ് നടത്തുന്നുണ്ട്.

ദൈനംദിന ജീവിതത്തിലെ അതിസാധാരണ അവസ്ഥകളിലും കവിതയുടെ സാധ്യത കണ്ടെത്തുന്ന ഒരു ഉണർവ്വ് ജ്യോതീബായ്​ കവിത പ്രകടമാക്കുന്നുണ്ട്. ഇ- മെയിൽ തുറക്കലോ (‘മെ'യിലാട്ടം'), ദന്താശുപത്രിസന്ദർശനമോ (‘വിശദം പ്രക്ഷാളനം') ഒക്കെ കവിയുടെ സുവിദഗ്ദ്ധമായ പരുവപ്പെടുത്തലിൽ അങ്ങനെ ആശയസമ്പുഷ്ടമായ കവിതയായ് മാറുന്നു. ‘സാധാരണത്വത്തിൽ അസാധാരണത്വം കാണുക' എന്ന ഒരിക്കലും അപ്രസക്തമാകാത്ത വേഡ്​സ്​വർത്ത്​വാക്യം തന്നെയാണ് ഇത്തരം കവിതകളിലൂടെ കടന്നുപോകുമ്പോൾ ഓർത്തു പോകുന്നത്. ദീർഘമായ കാവ്യാനുശീലനത്തിൽ നിന്നും സമഗ്രമായ കാവ്യപാരമ്പര്യാവബോധത്തിൽ നിന്നും ഊർജ്ജം ആവാഹിച്ചുകൊണ്ടുള്ള ഭാവുകത്വപ്പുതുക്കലിനുള്ള ശ്രമമാണ് ഈ കവിയുടേതെന്ന് അറുപത് കവിതകളുടെ ഈ പുതിയ സമാഹാരം വെളിപ്പെടുത്തുന്നുണ്ട്. ഒ. വി. വിജയൻ മുതൽ വേഡ്​സ്​വർത്ത്​ വരെയുള്ള എഴുത്തുകാരിലേക്ക് വായനക്കാരൻ പാഠാന്തരബന്ധം അന്വേഷിക്കുന്നത് ഈ കാരണത്താലാകും. ▮

1. അർസുല കെ. ഹെയ്‌സിന്റെ Sense of Place and Sense of Planet (2008) എന്ന പുസ്തകം നോക്കുക.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ആർ. ശ്രീജിത്ത് വർമ്മ

കവി. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്​നോളജിയിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ അസിസ്റ്റൻറ്​ പ്രൊഫസർ. പ്രൊഫ. അജന്ത സർക്കാരുമായി ചേർന്ന് ​​​​​​​ Contagion Narratives: The Society, Culture and Ecology of the Global South എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്​, 2023ൽ പുറത്തിറങ്ങും.

Comments