സീൻ ഒന്ന്:
ചിലനേരം നക്ഷത്രങ്ങൾ നൃത്തം വയ്ക്കുന്ന ഇളം ചൂട് പതയ്ക്കുന്ന ലഹരി പോലെ... ചിലനേരം വിഷാദച്ചിരിയിൽ ആഴങ്ങളിൽ മറച്ച കണ്ണീരുറവകൾ ഞൊറിഞ്ഞ്... ചിലനേരം പതിഞ്ഞ ഒരു നാടൻശീല് മൂളി അലസമായിളം കാറ്റിനെ തലോടി...
ചിലനേരം...
ചിലനേരം...
ചിലനേരം....
അഷ്ടമുടിക്കായലിന്റെ കൈതാകോടി തീരത്ത് തിരുനല്ലൂരും കായലുമെഴുതിയ ഇവൻ വെറുതേ നടക്കുന്നു.
സീൻ രണ്ട്:
കായലിന്റെ മറ്റൊരു മുടിയിൽ ചാർവാകൻ വിയർക്കാത്ത തെങ്ങുകളുടെ കാഴ്ചയിൽ കായൽ കാൺകെ തിരിഞ്ഞു നോക്കുന്നു., അതിനുമുമ്പേ ഈ വഴി പോയ ക്രശഗാത്രനായ ഒരു കവിയെ...
സീൻ മൂന്ന്:
കാലം കായലിൽ പിന്നോട്ടടിക്കുന്നു.
അതു വരെ കവിത കാണാതെ പോയ തൊണ്ടിന്റെ വലിയ മെത്തകൾ, ‘മാലികൾ ' കായലിൽ വിരിച്ചിട്ടിരിക്കുന്നു.
ഇരുപതിനായിരത്തിൽപ്പരം തൊണ്ടുകൾ ചേർത്തു കെട്ടി, മുകളിൽ കല്ലുവച്ച് താഴ്ത്തിയിട്ടിരിക്കുകയാണ്.
കരയിൽ ചകരിച്ചോറിന്റെ കൂനകൾ... അപ്പുറം സ്ത്രീകൾ തൊണ്ടുതല്ലുന്നതിന്റെ താളങ്ങൾ... അതിനുമപ്പുറം റാട്ടുകൾ മൂളുന്ന ശബ്ദം... തീരത്തെ കയർ വ്യവസായത്തിന്റെ പ്രതാപം കണ്ടുനിന്ന കായൽ നോക്കി തിരുനല്ലൂർ റാണിയെന്ന കവിതയെഴുന്നു.
ജീവിതവും കവിതയും കായലും ചേർന്ന് മുഴങ്ങുന്നതു കേൾക്കാം.
സീൻ നാല്:
കായലിൽ ചെറുവിരൽ പോലൊരു വഞ്ചി.
അതിൽ ശാന്തനായി കായലിന്റെ ഇഷ്ട കവി കുരീപ്പുഴ ശ്രീകുമാർ ഇരിക്കുന്നു.
ഇഷ്ടമുടിക്കായലിനു കാതോർക്കുന്നുണ്ട്, കാറ്റും കുഞ്ഞോളങ്ങളും. നിരാശരാക്കുന്നില്ല
കവി.
മുടിയെട്ടും കോർത്തു കെട്ടി വിരൽ നൂറാൽ കാറ്റൊതുക്കി വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള് _ എന്റെ തുഴത്തണ്ടിൽ താളമിട്ട് തുടിക്കുന്നോള് ....................... അഴുക്കത്തൊണ്ടിന്റെ പോള ഇരിഞ്ഞുവച്ച് _ റാണി കിലുക്കത്തിൽ നട കൊള്ളും പൂനിലാവത്ത് ഉറക്കത്തിലുണരുന്നു തിരുനല്ലൂര്, നിന്റെ മടിക്കുത്തിൽ തൊഴിൽപ്പാട്ടിൻ തിരപ്പൂച്ചൂര്...
അഷ്ടമുടിക്കായലിന്റെ ജീവിത പരിസരം, നഷ്ടപ്രതാപത്തിന്റെ തലപ്പാവുകൾ... അത്യപൂർവ്വമായ മത്സ്യസമ്പത്ത്... ചരിത്രവും കാഴ്ചയും കാലവും കായലിന്റെ ഉപ്പു ചേർത്ത് കൊരുത്തെടുക്കുകയാണ് കുരീപ്പുഴ ഇഷ്ടമുടിക്കായലിലൂടെ. ഒപ്പം കായലിനോടുള്ള ഒടുങ്ങാത്ത പ്രണയത്തിന്റെ ആഴവും തണുപ്പും ചൂടും തൊട്ടെടുക്കുകയും ചെയ്യുന്നുണ്ട്.
സീൻ അഞ്ച്:
അഷ്ടമുടി കണ്ട ഏറ്റവും വലിയ ദുരന്ത ഓർമ പെരുമൺ പാലത്തിൽ നിന്ന് ഒരു തീവണ്ടി താഴേക്കു വീണതാണല്ലോ. കുരീപ്പുഴ നടുക്കത്തോടെ എഴുതി,
....... പെരുമൺ തേരു കാണാനായ് വെള്ളിമൺ കാറ്റ് പനിക്കുന്ന പ്രാക്കുളത്തെ പ്രാക്കളോടൊത്ത് നേരമുച്ചതിരിഞ്ഞപ്പോൾ തിരിക്കുന്നുണ്ടേ_ കൂടെ വണ്ടി മുങ്ങി മരിച്ചോരും പറക്കുന്നുണ്ടേ
കുമാരനാശാനേയും അയ്യങ്കാളിയേയും കായൽ കണ്ടത് ....
ജയപാലപ്പണിക്കർക്ക് ലഹരിയായി കായൽ പല നിറങ്ങൾ ചാലിച്ചത്....
എല്ലാം കവിതയിൽ വരയ്ക്കുന്നു കുരീപ്പുഴ. കടലിൽ കായൽ തൊടുമ്പോൾ, ഞാനുമെൻ നോവും മഹാ ലോകം തൊട്ടതായി അനുഭവിക്കുകയും ചെയ്യുന്നു.
മലയാള കവിതയുടെ വഴിത്തിരിവായ രചനയെന്നോ നാഴികയെന്നോ കൊടിയടയാളം എന്നോ ഒന്നും അവകാശപ്പെടാനില്ലായിരിക്കാം ഈ കവിതയ്ക്ക്. അല്ലെങ്കിലതെന്തിന്, ഒരു കവിതയോട് എന്റെ കൂടി കായൽക്കവിതയോട് പ്രണയം തോന്നാൻ, കവിയോടും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.