എം. എസ്. ബനേഷിന്റെ കവിതകൾ, സർഗാത്മകതയുടെ വിഷമരക്കാടുകളി ലൂടെയുള്ള സാഹസികയാത്രയുടെ അനുഭവക്കുറിപ്പുകളായി ത്രസിപ്പിക്കുന്നു.
ഫീൽഡ് നോട്ട് അടക്കംചെയ്ത സഞ്ചിയും യാത്രികന്റെ അണിയലങ്ങളും എല്ലാമടങ്ങിയ ‘പേരക്കാവടി'യുടെ കവർചിത്രം, കവിതയിലേക്കുള്ള പ്രവേശനത്തിന് ഗംഭീരമായ പശ്ചാത്തലമായിത്തീരുന്നുണ്ട്. തിരികെവരുമെന്നുറപ്പില്ലാത്ത, ക്ലേശഭരിതമായ യാത്രക്കുശേഷം ജീവനോടെ തിരിച്ചെത്തിയ യാത്രികൻ എന്നത് കലയ്ക്കും കലാകാരനും അതിജീവനം അസാധ്യമായ കാലത്തിന്റെ രാഷ്ട്രീയരൂപകമായി തിരിച്ചറിയേണ്ടതുണ്ട്.
സർഗാത്മകത കൊതിപ്പിക്കുന്ന വിഷമരമായിത്തീർന്നുവെന്ന് കവി തിരിച്ചറിയുന്നു എങ്കിലും ആ വിഷമരക്കാടുകളിലൂടെ സാഹസികയാത്രയ്ക്കിറങ്ങിയ തന്റേടികളുടെ കുലത്തിലെ കവിയാണ് ബനേഷ്. യാത്രാന്ത്യത്തെക്കുറിച്ച് ഉൽക്കണ്ഠയേതുമില്ലാതെ, വിഷമരങ്ങളിൽ പതിയിരിപ്പുണ്ട് സിറിഞ്ചുമായി വിഷാദത്തിന്റെ ക്രൂരമാലാഖ എന്നറിഞ്ഞുകൊണ്ടുതന്നെയുള്ള യാത്ര. കാണുന്ന കാഴ്ചകൾ, നേരിടുന്ന അനുഭവങ്ങൾ അതിദാരുണമാണ്. എങ്കിലും വിഷാദത്തിന്റെ ഗർത്തങ്ങളിൽ നിപതിച്ചുപോകാതെ സഹജീവികൾക്കായി അതിജീവനമന്ത്രങ്ങൾ കണ്ടെടുക്കുന്നതിൽ നിതാന്തശ്രദ്ധ പുലർത്തുന്ന കവിയെ ഈ കവിതകളിൽ കാണാം.
‘ഏകാന്തം വിഷമമൃതാക്കിയും പാഴാകാശങ്ങളിൽ അലർവാടിയാരചിച്ചും ലോകാനുഗ്രഹപര'യായും സൗന്ദര്യാത്മകമായും കാവ്യകലയെ സജ്ജരാക്കിയ കവിപാരമ്പര്യത്തിന്റെ ചൈതന്യം ബനേഷ് കവിതകളിൽ ലയിച്ചുചേർന്നിട്ടുണ്ട്, എന്ന് പേരക്കാവടിയിലെ രചനകൾ സാക്ഷ്യപ്പെടുത്തുന്നു.
ജീവിതത്തെ തിരശ്ചീനമായിട്ടല്ലാതെ പല കോണുകളിലൂടെ നോക്കുന്നതിന്റെ പാടുകൾ ഈ സമാഹാരത്തിലെ കവിതകളെ അപൂർവ്വമാക്കുന്നു. ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ആശയലോകം അവയുടെ സവിശേഷമുദ്രയാകുന്നു. തുടക്കത്തിലല്ല അവസാനിക്കുന്നിടത്താണ് കവിതയുടെ സത്ത. ഒരു വിസ്ഫോടനത്തിന്റെ സൗന്ദര്യത്തിൽ കലാശിക്കുന്ന കവിതകൾ നൂതനാശയങ്ങളുടെയും ചിന്തകളുടെയും വിസ്മയങ്ങൾ തീർക്കുന്നു.
ബൃഹദാഖ്യാനങ്ങൾ തിരോഭവിച്ച കാലത്ത് ഒറ്റയൊറ്റയായ തന്ത്രികളിലൂടെ ബൃഹത്തായ ഒരു സിംഫണി സൃഷ്ടിക്കുകയാണ്, കാലത്തെ സമഗ്രമായി അഭിവീക്ഷിക്കുകയാണ്, വിശദീകരിക്കുകയും വിശകലനം ചെയ്യുകയാണ്, ഈ കവിതകൾ.
‘അലക്കുകാലം' എന്ന കവിത നോക്കൂ.
തുണിയലക്കുന്നതാണ് ക്രിയ. അതിന്റെ ശബ്ദദൃശ്യപഥത്തിൽ തുടങ്ങി അർത്ഥങ്ങളുടെ ഇന്ദ്രജാലങ്ങളിലേക്ക് കവിതയെ അലക്കിപ്പിഴിഞ്ഞ് ലോകത്തെ വെളുപ്പിച്ചെടുക്കുന്നത് കേൾക്കാം, കാണാം. അലക്കുകല്ല്, അതിന്റെ ഒരുവശം അമ്മ, മറുവശം അച്ഛൻ, ചെറിയകുട്ടിയാണ് ഇവിടെ കാഴ്ചക്കാരൻ. അവന്റെ വീക്ഷണകോണാണ് കവിതയുടെ ശബ്ദ ദൃശ്യപഥത്തിൽ നിറയുന്നത്. അമ്മ, അലക്കുന്നത്, കരിങ്കരയുള്ള മുഷിയാത്തച്ഛന്റെ ജഗന്നാഥൻ മുണ്ടാണ്. അച്ഛനോ, ഞൊറിച്ചുവപ്പുള്ള മുഷിഞ്ഞൊരമ്മേടെ വെളുത്ത പാവാടയും. മുഷിയാത്ത അച്ഛനെയും മുഷിഞ്ഞ അമ്മയെയും വസ്ത്രത്തിലൂടെ കാണുന്ന കുട്ടി ലിംഗനീതിയിൽ ജാഗ്രത്താവുന്ന പുതുതലമുറയുടെ പ്രതിനിധിയാണ്. വസ്ത്രബിംബം ലിംഗബോധ്യങ്ങളെ തെളിച്ചെടുക്കുന്നു.
യാഥാസ്ഥിതികബോധ്യങ്ങളെ അലക്കിവെടിപ്പാക്കുന്നതിലേക്ക് മുന്നേറുന്ന കവിത, പൊടുന്നനെ മറ്റൊരു തിരിവിലെത്തുന്നു. കറുത്തമേഘങ്ങൾക്കിടയിലെ വെളുത്തസൂര്യൻ, അഹല്യമാരിവിൽ, ജലപരാഗങ്ങൾ എന്നീ ബിംബവിന്യാസത്തിലൂടെ ലിംഗബോധ്യങ്ങളെക്കുറിച്ചുള്ള നവീനചിന്തയുടെ മഴവില്ലഴകുവിടർത്തുകയാണ്. പുതുകാലത്തിന്റെ ലിംഗരാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്ന, അപൂർവതയുടെ താളപ്പെരുക്കമുള്ള കവിതയാണ് ‘അലക്കുകാലം’.
ഇങ്ങനെ നിത്യജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് നിഷ്പാദിപ്പിച്ചെടുക്കുന്ന കവിതകൾ, നമ്മുടെ അനുഭവമണ്ഡലങ്ങളെ നവീകരിക്കാൻ പോന്നതാണ്. അതിന്റെ അതിസൂക്ഷ്മമായ നിർമ്മാണകൗശലം ഓരോ വാക്കിലും വരിയിലും ബിംബങ്ങളിലും നിറയുന്നു.
‘സൂചികോർക്കുന്ന ധ്യാനത്വം നൂലുകോർക്കുന്ന സൂക്ഷ്മത നെയ്ത്തുയന്ത്ര തൃത്താളം ഒരു കൂടാരമീ മണ്ണിൽ ഉയരും പണിയുടെ ലാവണ്യം'
എന്ന് ‘വീടൊരുക്കം' എന്ന കവിതയിലെഴുതുന്നു. പുരപ്പണിയെ കാവ്യനിർമ്മിതി യിലേക്കന്വയിച്ച ഇടശ്ശേരിത്തത്തിന്റെ ഓർമയുണർത്തുന്ന കവിതയാണിത്. പുരപ്പണിയുടെ അനുവൃത്തിയാണ് വീടൊരുക്കം എന്നു പറയാം. ഇടശ്ശേരിയുടെ ഓർമ നിലനിർത്തിക്കൊണ്ടുതന്നെ കാലാനുസൃതമായ വാസ്തുവിദ്യകൾ ശീലിക്കാൻ ഉത്സുകനായ കവിയെ ഇവിടെ കാണാം. കാവ്യനിർമിതിയുടെയും ആശയ നിർമിതിയുടെയും ഗതകാല സ്മൃതികൾ പല കവിതകളിലും പരോക്ഷധ്വനിയായി പ്രവർത്തിക്കുന്നുണ്ട്. പാരതന്ത്ര്യമൃഗസ്വത്വത്തിൽപോലും കാരുണ്യത്തിന്റെ ജൈവികത തൊട്ടുകാട്ടിയ ആശാന്റെ സിംഹപ്രസവത്തിന്റെ പരോക്ഷ ഓർമകൾ ഉണർത്തുന്ന കവിതയാണ് സിംഹവിഷാദം. സമൂഹപരിവർത്തനത്തിന്റെ സിംഹനാദമായിരുന്ന കലയുടെയും സാഹിത്യത്തിന്റെയും നഷ്ടപ്പെട്ട ഗരിമയെ വീണ്ടെടുക്കാനുള്ള ആഹ്വാനമാണിത്. വിഷാദരോഗം സടകളെ മരവിപ്പിച്ച സിംഹത്തോടുള്ള അഭ്യർത്ഥന സർഗാത്മകതയുടെ ഉണർത്തുപാട്ടായിത്തീരുന്നു. ഇര തേടാനോ ഇണ ചേരാനോ ഗർജ്ജിക്കാനോ ആവാതെ ജൈവശീലങ്ങൾ പോലും മറന്ന സിംഹത്തോടുള്ള,
‘ഒരുചിൽ വിളിയായിതാ അണ്ണാറക്കണ്ണനൊരുവൻ നിൻ- സ്മൃതിച്ചില്ലയിൽ ചാടുന്നൂ അലറൂ സ്നേഹനിർഭരം'
എന്ന അഭ്യർത്ഥനയിൽ കലയുടെയും സാഹിത്യത്തിന്റെയും ഉജ്ജീവനശക്തിയുടെ ഉത്ഥാനത്തിനായി ഇച്ഛിക്കുന്ന കവിയെ കാണാം.
ബൃഹദാഖ്യാനങ്ങളും വഴികാട്ടുന്ന തത്ത്വചിന്തകളും അപ്രസകതമായ കാലമാണിത്. വൈകാരിക അഭയം നഷ്ടപ്പെട്ട് നിസ്സഹായനായിത്തീരുന്ന മനുഷ്യൻ ജീവിതത്തിലെ ക്രൂരയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിന്റെ ചിരിയും ചിന്തയും കണ്ണീരുമാണ് ‘ഒരു വിലാപം’ എന്ന കവിത. വിലാപകാവ്യങ്ങൾ കാല്പനികതയുടെ കാവ്യരൂപമായിരുന്നുവല്ലോ. മരണം സൃഷ്ടിക്കുന്ന മഹാശൂന്യതയെ അതിജീവിക്കാൻ തത്ത്വചിന്തയിൽ തലചായ്ച്ച്ഇളവേൽക്കുന്നതിന്റെ ആഖ്യാനമാണ് വിലാപകാവ്യങ്ങൾ. അവ കവിതയിലെ ക്ലാസിക് നിർമിതികൾ തന്നെ. എന്നാൽ വർത്തമാനകാലത്ത് വിലാപകാവ്യമെഴുതുക എന്നത് ഒരു പക്ഷേ കോമഡിയായിത്തീർന്നുവെന്നു വരാം. എന്നാൽ വിലാപത്തിന്റെ ഉള്ളിനെയും ഉള്ളടക്കത്തെയും കാലം എങ്ങനെ മാറ്റിയെഴുതുന്നു എന്നാണ് ബനേഷ് ‘ഒരു വിലാപ'ത്തിൽ പറയുന്നത്. ഇതും പൂർവ്വകാലത്തിലേതുപോലെ വിധുരവിലാപം തന്നെ. ഇണയുടെ മരണം സൃഷ്ടിക്കുന്ന നടുക്കത്തെ പുരുഷൻ തരണം ചെയ്യുന്നതിന്റെ പ്രക്രിയകൾ വിവരിക്കുമ്പോൾ അതിൽ സമകാല സമൂഹമനഃശ്ശാസ്ത്രം തന്നെ തെളിയുന്നു. സംഗതി ചിരിയാണോ, കണ്ണീരാണോ എന്ന് അനുവാചകരിലൊരു കലക്കമുണ്ടാകുമെങ്കിലും, ഒടുവിൽ നമ്മെയും നമ്മുടെ കാലത്തെയും കാട്ടിത്തരുന്ന കണ്ണാടിയായി ഈ കാവ്യാനുഭവം മാറുന്നു.
മൂപതിറ്റാണ്ടുകൾ നീണ്ട ദാമ്പത്യം ഇണയുടെ വേർപാടോടെ അവസാനിക്കുകയാണ്. മരണാനന്തര നിമിഷങ്ങളിൽ ജീവിച്ചിരിക്കുമ്പോൾ അവൾ നൽകിയ സ്നേഹശാസനകളും നിയന്ത്രണങ്ങളും ഓർക്കുന്നത് കവിതയ്ക്ക് വിഷാദത്തിന്റെ അടിയൊഴുക്ക് നൽകുന്നുണ്ട്. ഗതകാലത്തെ വിലാപകാവ്യങ്ങളെ, ഈ കവിത റദ്ദുചെയ്യുന്നത്, ഒരു പക്ഷേ വൈകാരിക അതിജീവനത്തിന്റെ 'റിയാലിറ്റി' നീറിപ്പിടിക്കുന്ന അനുഭവമാക്കിത്തീർത്തതി ലൂടെയാണെന്നു പറയാം.
‘ചില സ്നേഹിതന്മാർ മെല്ലെ താങ്ങിയെടുത്തേക്കാം നാം കിടന്ന മുറിയിൽ വ- ച്ചൊരുലാർജെനിക്കു തന്നേക്കാം മുടിയഴിച്ചു മുഖം വീർപ്പി- ച്ചൊരുമാതിരി തണുത്താറി ചിതയിൽ പോലും പിണങ്ങി നീ കത്താൻ മടിച്ചു ഞരുങ്ങുമോ'
എന്ന വരികളിൽ മലയാളി പുരുഷന്റെ ഭിന്നമുഖങ്ങൾ മിന്നിമറയുന്നു. ഏതു ദുരന്തത്തിലും അർമാദിക്കലിന്റെ വഴികൾ തേടുന്ന മുഖമാണൊന്ന്. സ്നേഹം പകർന്നവളുടെ ഓർമകളിൽ വ്യാമുഗ്ധനാവുകയും ആത്മീയമായ പരിണതിയിലേക്കെത്തുകയും ചെയ്യുന്നതാണ് മറ്റൊന്ന്. ചിതയിലെ ആളലിന്റെയും പൊട്ടിത്തെറിയുടെയും പശ്ചാത്തലത്തിൽ ആദ്യരാത്രി മുതലിന്നോളം അവളുമൊത്തുള്ള ജീവിതത്തിന്റെ യുദ്ധകാഹളഭേരികൾ മനസ്സിലൂടെ കടന്നുപോകുന്നിടത്ത് ഈ പരിവർത്തനചിത്രം വായിക്കാം. അവൾ പൂശിയ പെർഫ്യൂമിന്റെ ഗന്ധം ഓർമയായും ചിതയിൽ കത്തുന്ന ഉടൽഗന്ധം യഥാർത്ഥമായും അനുഭവിക്കുന്ന പുരുഷനിൽ ആത്മീയമായൊരു പരിണാമം സംഭവിക്കുന്നതിലാണ് കവിത പര്യവസാനിക്കുന്നത്.
‘ചിതയിൽ നിന്നുമുയർന്നെങ്ങും പടരും പുകനാരുകൾ ഒരു നിമിഷത്തിലെൻ മുന്നിൽ അവളായ് രൂപമെടുത്തുവോ അവളെ പുണർന്നു ഞാൻ വീണ്ടും ആവർത്തിക്കുന്നു മൂപതി- റ്റാണ്ടു നീണ്ട പുരാണങ്ങൾ സമാശ്വസ സങ്കീർത്തനം നിന്നെമാത്രം സ്?നേഹിപ്പൂ നിന്നെമാത്രം ഭജിപ്പു ഞാൻ നിന്നിലൂടെ തുടരും ഞാൻ നിന്നിൽ തന്നെ ലയിച്ചോളാം'
ഇങ്ങനെ കഠിനവിധിക്കു മുന്നിൽ അകപ്പെടുന്ന നിസ്സഹായനായ മനുഷ്യന്റെ വിലാപവും തത്ത്വചിന്തയുമാണ്, സമകാല മർത്ത്യാനുഭവത്തിന്റെ നേർസാക്ഷ്യമാണ് ‘ഒരു വിലാപം’ എന്ന കവിത.
കാലം മനുഷ്യനിൽ വരുത്തിയ പരിവർത്തനങ്ങളെ നിർവചിക്കുകയും വിശദീകരിക്കുകയും ചെയ്യാനുദ്യമിക്കുന്ന കവി, ഭാഷാമാധ്യമത്തിലും പുതുക്കങ്ങൾ സൃഷ്ടിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഭാഷയെ ജാഗ്രതയോടെ വിന്യസിക്കുന്നു. നിർമാണാത്മകവും താത്ത്വികവുമായി ഭാഷയെ പരുവപ്പെടുത്തുന്നതിന്റെ കൗശലം ഓരോ രചനകളെയും ചൂഴ്ന്നുനിൽക്കുന്നു.
‘ആടലോടകം എന്ന സത്യത്തെ നെഞ്ചേറ്റുനീ ആടലാം കനൽഅകം പേറുന്ന ഹരിതം ഞാൻ'
എന്നെഴുതുമ്പോൾ കവിത കൂടുതൽ അർത്ഥവിസ്തൃതി നേടുന്നു. ഇതൊരു തത്ത്വചിന്തയും സൗന്ദര്യശാസ്ത്രവുമായി പ്രവർത്തിക്കുന്നുണ്ട്. ഇലപ്പതികാരം, പോടാമയിലേ, വിസർജ്ജനാധിപത്യം, ഉദ്ധാരണപ്രശ്‌നങ്ങൾ, പേരക്കാവടി, ഉമിനീരാനകൾ, സ്വാർത്ഥപ്രസ്ഥം തുടങ്ങിയ പ്രയോഗങ്ങളിൽ വാക്കുകളെ അടിച്ചുപരത്തിയും വിഘടിപ്പിച്ചും സമാസിച്ചും അർത്ഥാഭിവ്യകതിയിലേക്കുയർത്തിയും മുന്നേറുന്ന സാഹസപ്രിയനായ കവിയെ കാണാം. കവിതയുടെ സംവേദനത്തിനോ ഒഴുക്കിനോ ഇതൊരു തടസ്സമായി തോന്നിയേക്കാം. എന്നാൽ ആ സവിശേഷരീതി തന്നെയാണ് കവിതയെ സാധ്യമാക്കുന്നതെന്നു കാണാം. ബനേഷ്‌ക്കവിതകളുടെ ലാവണ്യ മുദ്രകളിലൊന്നായി ഇതിനെ തിരിച്ചറിയേണ്ടതുണ്ട്.
സാമൂഹികവും രാഷ്ട്രീയവും വൈകാരികവും നൈതികവുമായ പ്രശ്‌നങ്ങളുടെ അഭിമുഖീകരണങ്ങൾ ബനേഷ്‌ക്കവിതകൾക്ക് വൈവിധ്യം നൽകുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങളുടെയും ഈടുവഴികളിലൂടെ ഒറ്റയ്ക്കും അനുവാചകനൊപ്പവും സഞ്ചരിക്കുന്നുണ്ട് ഈ കവി. പ്രശ്‌നങ്ങളെ കേവലമായി പ്രതിഫലിപ്പിക്കുക മാത്രമല്ല, നവീകരണത്തിന്റെയോ പരിഹാരത്തിന്റെയോ വെളളിവെളിച്ചത്തിലേക്ക് കവിതയെ തിരിച്ചുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത, അതിവിഷാദമണിഞ്ഞ കവിയും വിഷാദിയായ ഒരു ഉറുമ്പും കഥാപാത്രങ്ങളാകുന്ന, ‘തീരെ ചെറിയ വിഷാദങ്ങൾ' എന്ന കവിതയിലെ സന്ദർഭം നോക്കൂ,
‘വലിയവരുടെ വിഷാദങ്ങളെ പർവതീകരിക്കുന്ന കവികളെ, ചിത്രകാരരെ ശില്പികളെ ഓർത്തോർത്ത് നെടുനിശ്ചലതയിൽ വിഷാദം ഒരു നിമിഷം മറന്ന് ഉറുമ്പ് അയാളെ ആഞ്ഞു കടിച്ചു കടിയേറ്റതോടെ കവിയും കടിച്ചതോടെ ഉറുമ്പും വിഷാദനദിയിൽ നിന്ന് ഇലയിലെന്നവണ്ണം കരേറി, ഇപ്പോളിതാ, തലയിൽ അരിയും പേറി മിണ്ടിയും പറഞ്ഞും നീങ്ങുന്നുണ്ട് ചെറുകുറുമ്പുകളോടെ ഉറുമ്പ് പറമ്പിൽ കിളയ്ക്കുന്നുണ്ട് ഞാഞ്ഞൂളുകളോട് കുശലം പറഞ്ഞ് കവിയും'
എന്നിങ്ങനെ അകർമ്മണ്യതയുടെയും പ്രകൃതിവിരുദ്ധതയുടെ ഇരുട്ടിനെ ഭേദിക്കുന്ന വെളിച്ചമായി കവിത പ്രവർത്തിക്കുന്നു.
കാവ്യസാമഗ്രികളെ ബഹുതലസ്പർശിയാക്കുന്ന ധൈഷണികലീല ഈ കവിതകളുടെ മറ്റൊരു മുഖമുദ്രയാണ്.
ആവാസവ്യവസ്ഥ ആപത്തിൽ പതിച്ചതിൽ ഫാഷിസത്തിനും പരിസ്ഥിതി ത്തകർച്ചയ്ക്കും അതിസാങ്കേതികതയുടെ സംസ്കാരത്തിനും നിർണ്ണായക പങ്കുണ്ടെന്ന് തിരിച്ചറിയുന്നുണ്ട് കവി. അതു സൃഷ്ടിക്കുന്ന അപമാനനവീകരണവും അന്യവൽക്കരണവും കവിതയിൽ പ്രശ്‌നകേന്ദ്രമാക്കുന്നുണ്ട്. ‘പേരക്കാവടി' അത്തരം കവിതകളിലൊന്നാണ്. ഈ കവിതയിൽ ഒരു വാൻഗോഗിയൻ ചിത്രഭാവന പ്രവർത്തിക്കുന്നു. വിഷധൂളിയിൽ കുളിച്ച്, ജൈവികത നഷ്ടപ്പെട്ട് പ്രതീതി കളിലഭിരമിക്കുന്ന കാലത്തിന്റെ രൂപകമാവുന്നു, ഹരിതം നഷ്ടപ്പെട്ട് പീതവർണ്ണമണിഞ്ഞ പേരമരം. തെറ്റിദ്ധരിക്കപ്പെട്ട വസന്തത്തിന്റെ കൊഴിഞ്ഞ ഇലകൾക്കിടയിൽപ്പെട്ട കാലത്തിന്റെ ദുരന്തം എഴുതുന്നതിൽ ചിത്രകലയുടെയും ഭാഷയുടെയും സങ്കേതം മിശ്രണം ചെയ്തിരിക്കുന്നു. ദൃശ്യകവിതയെന്നു വിളിക്കാവുന്ന അപൂർവരചനയാണ് ‘പേരക്കാവടി’.
കാവ്യസാമഗ്രികളെ ബഹുതലസ്പർശിയാക്കുന്ന ധൈഷണികലീല ഈ കവിതകളുടെ മറ്റൊരു മുഖമുദ്രയാണ്. പുല്ലോ, കല്ലോ, ചെടിയോ, ഉറുമ്പോ, സിംഹമോ, ആനയോ, വസ്ത്രമോ എന്തുമായിക്കൊള്ളട്ടെ അവയെ ദാർശനികമാനങ്ങളിലേക്ക് വളർത്തുന്നതു കാണാം. മനുഷ്യശരീരാവയവങ്ങളെ അസ്തിത്വത്തിന്റെ ക്ഷുദ്രതയുടെയോ ഭരണകൂടഭീകരതയ്‌ക്കെതിരയായ ചെറുത്തുനില്പിന്റെയോ രൂപകമായി വിന്യസിക്കുന്ന രീതി ബനേഷ് കവിതകൾക്ക് ആഖ്യാനവൈവിധ്യം നൽകുന്നു. കാവ്യഭാഷയ്ക്ക് ജൈവികസ്പർശം നൽകുന്ന രീതിയാണിത്. നമ്രമുഖ്യധ്യാനം എന്ന കവിതയിൽ, സാമൂഹ്യരാഷ്ട്രീയാവസ്ഥയുടെ അവിഭാജ്യഭാഗമായിരിക്കുമ്പോഴും അപരത്വം ആരോപിച്ച് ബഹിഷ്‌കരിക്കുന്നതിന്റെ രാഷ്ട്രീയം, കറുത്തഹാസ്യത്തിൽ ചാലിച്ച് ആഖ്യാനം ചെയ്യുന്നു. ധ്യാനസ്വരൂപനായിരുന്ന്, സ്വന്തം മുണ്ടുവകഞ്ഞുമാറ്റി, അത്രമേൽ പരീക്ഷീണരും ദുർബലരുമായ വൃഷ്ണങ്ങളെയും ലിംഗത്തെയും നോക്കിയിരിക്കവെ, മറ്റ് അവയവവ്യവസ്ഥകൾ തങ്ങളെപ്പോലെയല്ലാത്ത, അതിനെ കുറ്റം പറയുകയാണ്, ഒറ്റപ്പെടുത്തുകയാണ്.
‘അടിവയർ പറഞ്ഞു കുറേനാളായി ഇവർ ഈ പണി തുടങ്ങിയിട്ട് ശരീരത്തിന്റെ വെളിയിൽ നടത്തുന്ന പുറംപണി വിമതത്വത്തിന്റെ പ്രച്ഛന്ന വഞ്ചന ശരീരത്തിന്റെ വിപ്ലവപ്രവർത്തനത്തിൽ വിശ്വാസമില്ലായ്മ ആത്്മാവും മാംസവും സംയുകതമായി ഒന്നും നടത്തില്ലെന്ന പരിഹാസം മാംസത്തിനു മാത്രമായി ലോകത്തെ മാറ്റാനാവുമെന്ന പ്രതിവാദം ഈണിലും ഉറക്കത്തിലും അവർ ഇരുവരും മെല്ലെ മെല്ലെ വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നു ഉദ്ധാരണമല്ല അത് നാണു എടുത്തുവെച്ച ഈഴവലിംഗം പോലെ അത്രമേൽ ബഹിഷ്‌കൃതമായത്'
ബഹിഷ്‌കരണങ്ങളും തമസ്കരണങ്ങളും അപരവൽക്കരണങ്ങളും നിറഞ്ഞ അശ്ലീലരാഷ്ട്രീയത്തെ നേരിടാൻ കവി കണ്ടെടുക്കുന്ന വിധ്വംസകഭാഷയാണ് നമ്രമുഖധ്യാനത്തെ തീഷ്ണമായ രാഷ്ട്രീയകവിതയാക്കുന്നത്. ബഹിഷ്‌കരണത്തിന്റെ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാൻ വൃഷ്ണത്തെ പ്രതീകമാക്കുന്ന അപൂർവത ഈ കവിതയ്ക്കുണ്ട്. ‘പൊക്കിൾ' എന്ന കവിതയിലും ഇത്തരം വിധ്വംസകഭാഷ കാണാം. ഫാഷിസത്തിന്റെയും നവമുതലാളിത്തത്തിന്റെയും കാലത്തെ മെരുക്കലിന്റെയും പുറന്തള്ളലിന്റെയും രാഷ്ട്രീയമാണ് ഇവിടെ ആഖ്യാനം ചെയ്യുന്നത്.
‘നിൽക്കാനും കിടക്കാനും ഇരിക്കാനും നേരമില്ലാത്ത ധൃതിപിടിച്ച ഈ ജീവിതത്തിൽ ശരീരത്തിലെ ഓരോ അവയവവും കിണഞ്ഞുപണിയെടുക്കുന്ന ഈ സങ്കീർണ്ണതയിൽ ഏയ് പൊക്കിൾ താങ്കൾ എന്തു ജോലിയാണ് ലജ്ജയില്ലാത്ത ഈ കുഴിയിലിരുന്ന് ചെയ്യുന്നത്'
എന്നേത്ര സർവനിയന്താവിന്റെ ചോദ്യം.
‘കാല്പനികതയുടെ ഠാ വട്ടം കുഴിച്ച് ആർക്കും ഉപകാരമില്ലാത്ത ഒരു പൊട്ടക്കിണറായി വന്നവഴിമറക്കരുതെന്ന പത്തുമാസക്കഥയും പാൽപ്പുരാണവുമായി ഇനിയും സുഖിച്ചു വാഴാമെന്ന് കരുതേണ്ട'
അതിനാൽ ഇന്നു രാത്രി മുതൽ പൊക്കിൾ നിരോധിച്ചു എന്ന ഉത്തരവ് ശരീരത്തിനുമേൽ പതിക്കുകയാണ്. ഇങ്ങനെ അപ്രതിരോധ്യമായ അധികാരവ്യൂഹത്തിൽ അകപ്പെട്ട കാലത്തിന്റെ ദുർവിധി എഴുതുകയാണ് കവി.
ഓരോ കവിതകളിലും ഏറെയേറെ സവിശേഷതകൾ. വ്യക്തിയും സമൂഹവും രാഷ്ട്രീയവും അധികാരവ്യവസ്ഥയും അതിജീവനവും, വിധിയും ദുരന്തവും ഹിംസയും ഓർമയും നവസംസ്കാരത്തിന്റെ പൊയ്മുഖങ്ങളും എല്ലാം പരിചരിക്കപ്പെടുന്ന കവിതകൾ. ബഹുശാഖിയായി പടരുന്ന പ്രമേയവും ശില്പവും. ബൃഹദാഖ്യാനങ്ങൾ തിരോഭവിച്ച കാലത്ത് ഒറ്റയൊറ്റയായ തന്ത്രികളിലൂടെ ബൃഹത്തായ ഒരു സിംഫണി സൃഷ്ടിക്കുകയാണ്, കാലത്തെ സമഗ്രമായി അഭിവീക്ഷിക്കുകയാണ്, വിശദീകരിക്കുകയും വിശകലനം ചെയ്യുകയാണ്.
കാലത്തിന്റെ ആത്മരേഖകളാണ്, ഈ കവിതകളിലെ ഭാവനയും ഭാഷയും. സർഗാത്മകതയുടെ വിഷമരങ്ങളിൽ നിന്ന് അടർത്തിയെടുത്ത ഫലങ്ങളെ മൃതസഞ്ജീവനിയാക്കുന്ന അത്ഭുതപ്രവർത്തനം ഈ കവിതകളെ, കാലത്തിന്റെ അനിവാര്യതയാക്കി മാറ്റുന്നു. ▮