മായ ആഞ്ചലോ

ഇച്​ഛാശക്തിയുടെ പൊയറ്റിക്​ മാപ്പിങ്​

ഒരായുസ്സിന്റെ മുഴുവൻ വേദനകളും സഹനങ്ങളും ബാല്യകൗമാര ദിനങ്ങളിൽ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ തീവ്രമായ ജീവിതാനുഭവങ്ങളുടെ ചോര കിനിയുന്നവയാണ് മായ ആഞ്ചലോയുടെ കാവ്യജീവിതം.

പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും കനലുകളിൽ
ആത്മബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും ചുടുനിശ്വാസം പടരുമ്പോൾ പ്രത്യാശയുടെയും സ്വപ്നങ്ങളുടെയും ജ്വാലകളായി കത്തിപ്പടരുന്നവയാണ് പ്രശസ്ത ആഫ്രോ-അമേരിക്കൻ എഴുത്തുകാരി മായ ആഞ്ചലോ (1928-2014) യുടെ കവിതകൾ.

പീഡനവും അപമാനവും ഇഴുകിച്ചേർന്ന ചരിത്രഭൂമികകളുടെ പൊയറ്റിക് മാപ്പിങ്ങിലൂടെ പ്രതീക്ഷയും കിനാവുകളും വിടർത്തുന്ന കവിതകൾ രചിച്ച എഴുത്തുകാരിയാണ് മായ ആഞ്ചലോ. പൗരാവകാശ പ്രവർത്തക, ഗായിക, അഭിനേത്രി, നാടകകൃത്ത്, സിനിമാ സംവിധായിക, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തയായ മായ നിരവധി ടെലിവിഷൻ പ്രോഗ്രാമുകളുടെയും മ്യൂസിക്കൽ ആൽബങ്ങളുടെയും നിർമാതാവ് കൂടിയാണ്. ആഫ്രിക്കൻ- അമേരിക്കൻ വംശജരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിനായി മാർട്ടിൻ ലൂഥർ കിങ് ജൂനിയറിനോടൊപ്പം പ്രവർത്തിച്ചിരുന്നു. പുലിറ്റ്‌സർ പ്രൈസിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട Just Give me a Cool Drink of Water 'fore I Diiie ആണ് ആദ്യ കവിതാസമാഹാരം. സംഗീതാവിഷ്‌കാരത്തിന് ഗ്രാമി അവാർഡ് നേടിക്കൊടുത്ത ‘On the Pulse of Morning' എന്ന കവിത പ്രസിഡൻറ്​ ബിൽ ക്ലിന്റന്റെ സ്ഥാനാരോഹണച്ചടങ്ങിൽ മായ ആലപിച്ചിരുന്നു. തന്റെ മറ്റു പല കവിതകളും മ്യൂസിക്കൽ ആൽബങ്ങളായി അവതരിപ്പിച്ചിട്ടുണ്ട് ബഹുമുഖപ്രതിഭയായ ഈ കലാകാരി.

ടെന്നസി സർവകലാശാലയിലെ വിദ്യാർഥികളോട് സംവദിക്കുന്ന മായ ആഞ്ചലോ / Photo: Wikimedia Commons

1928-ൽ മിസോറിയിലാണ് മായ ജനിച്ചത്. യഥാർഥ പേര് പേര് മാർഗരറ്റ് ആനി ജോൺസൺ. മാതാപിതാക്കളുടെ ദാമ്പത്യത്തകർച്ചയും വേർപിരിയലും സൃഷ്ടിച്ച അനാഥത്വവും അരക്ഷിതത്വവും ദാരിദ്ര്യവും നിറഞ്ഞ ബാല്യകാലം. ലിംഗപരമായ പീഡനങ്ങളും വംശീയമായ വിവേചനങ്ങളും തീർത്ത നൊമ്പരങ്ങൾ ഹൃദയത്തിലും ഉടലിലും പേറി ഒരു ആൺകുഞ്ഞിന് പിറവി കൊടുക്കേണ്ടിവന്ന കൗമാരം. മുത്തശ്ശിയോടൊപ്പം ആർക്കൻസാസിലെ സ്റ്റാംപ്സ് എന്ന സ്ഥലത്ത് താമസിക്കുമ്പോൾ ഏഴാം വയസ്സിൽ അവൾ സ്വന്തം അമ്മയുടെ കാമുകനാൽ ക്രൂരമായ ​ലൈംഗികാക്രമണത്തിനിരയായി. അയാളുടെ വധത്തിൽ കലാശിച്ച ഈ സംഭവം അവളെ മാനസികമായി തകർത്തു. കടുത്ത വിഷാദത്തിലേയ്ക്കും ഏകാന്തതയിലേയ്ക്കും മൗനത്തിലേയ്ക്കും വീണുപോയ ആ കാലത്തെ അതിജീവിക്കാൻ അവൾക്ക് കരുത്തേകിയത് അക്ഷരങ്ങളുടെ ലോകമായിരുന്നു.

ഒരായുസ്സിന്റെ മുഴുവൻ വേദനകളും സഹനങ്ങളും ബാല്യകൗമാര ദിനങ്ങളിൽ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ തീവ്രമായ ജീവിതാനുഭവങ്ങളുടെ ചോര കിനിയുന്നവയാണ് മായ ആഞ്ചലോയുടെ കവിതകൾ

ഷേക്‌സ്പിയറിനെപ്പോലെയുള്ള ഒരുപാട് എഴുത്തുകാരുടെ രചനകൾ അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഒപ്പം എഴുത്തിന്റെ ലോകത്തിലേയ്ക്കും. തീവ്രമായ ഈ ജീവിതാനുഭവങ്ങളാണ് തന്റെ ആത്മകഥാ പരമ്പരയിലെ ആദ്യ കൃതിയായ I Know Why the Caged Bird Sings എന്ന പുസ്തകത്തിലും പിന്നീട് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങളിലും അവൾ പകർത്തിവച്ചത്. സാമ്പ്രദായികമായ ആത്മകഥാഖ്യാനത്തിന്റെ ക്രാഫ്റ്റിൽ നിന്ന് വ്യത്യസ്തമായ, കവിത പോലെയുള്ള ഹൃദയസ്പർശിയായ ആത്മകഥാ പരമ്പര ഹൃദയം മുറിഞ്ഞുകൊണ്ടല്ലാതെ വായിച്ചുതീർക്കാനാവില്ല. ഒരായുസ്സിന്റെ മുഴുവൻ വേദനകളും സഹനങ്ങളും ബാല്യകൗമാര ദിനങ്ങളിൽ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ തീവ്രമായ ജീവിതാനുഭവങ്ങളുടെ ചോര കിനിയുന്നവയാണ് മായ ആഞ്ചലോയുടെ കവിതകളും.

മായ ആഞ്ചലോ ഹിലരി ക്ലിന്റനൊപ്പം വെയ്ക്ക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ പരിപാടിയിൽ / Photo: Wikimedia Commons

കേവല ജീവിതയാഥാർഥ്യങ്ങളുടെ അനുഭവതലങ്ങളിൽ നിന്നുകൊണ്ട് വംശ - ദേശ - ചരിത്ര - സാംസ്‌കാരിക ഭൂമികകളുടെ ഉള്ളറകളെ വിടർത്തി കാണിക്കുന്നവയാണ് മായ ആഞ്ചലോയുടെ മിക്ക കവിതകളും. അതോടൊപ്പം സബ്ജക്ടീവായ അനുഭവതലങ്ങളെ യൂണിവേഴ്‌സലായ തലത്തിലേക്ക് സന്നിവേശിപ്പിക്കുന്ന, എല്ലാകാലത്തും എല്ലായിടങ്ങളിലും അരങ്ങേറുന്ന വേർതിരിവുകൾക്കും ചൂഷണങ്ങൾക്കുമെതിരെയുള്ള ധീരമായ പ്രതിഷേധത്തിന്റെ ശബ്ദവുമാകുന്നു ഈ കവിതകൾ. വംശീയ സങ്കീർണതകളും ലിംഗപരമായ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന ട്രോമയുടെ തലങ്ങൾ അടയാളപ്പെടുത്തുന്ന വരികൾ, വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കുമൊന്നും തകർക്കാനാവാത്ത മനുഷ്യന്റെ ആത്മധൈര്യത്തിന്റെയും ഇച്ഛാശക്തിയുടെയും ഉജജ്വലമായ പ്രഖ്യാപനം കൂടി ആകുന്നതെങ്ങനെയെന്ന് ‘സ്റ്റിൽ ഐ റൈസ്' എന്ന കവിതയിൽ കാണാം:

‘കയ്‌പ്പേറിയ, വളച്ചൊടിച്ച, വൻനുണകളിലൂടെ ചരിത്രത്തിൽ നിങ്ങളെന്നെ എഴുതിത്തള്ളിയേക്കാം, ഇരുണ്ട അഴുക്കുചാലുകളിൽ നിങ്ങളെന്നെ ചവിട്ടി താഴ്ത്തിയേക്കാം. എങ്കിലും ഞാൻ പറന്നുയരും ധൂളി പോലെ... നാവുകൊണ്ട് നിങ്ങളെന്നെ എയ്തുവീഴ്ത്തിയേക്കാം, കണ്ണുകൾ കൊണ്ടെന്നെ മുറിവേൽപ്പിച്ചേക്കാം, വെറുപ്പുകൊണ്ട് വകവരുത്തിയേക്കാം. എങ്കിലും ഞാൻ പറന്നുപൊങ്ങും, വായുപോലെ... കൊടും വേദനയിൽ ആഴ്​ന്നുപോയ ഇന്നലെകളിൽ നിന്ന്, അപമാനം മൂടിയ പിന്നാമ്പുറങ്ങളിൽ നിന്ന് ഞാൻ ഉയർന്നു പൊങ്ങും, ആർത്തലയ്ക്കുന്ന തിരമാലകൾ കൈകോർക്കുന്ന കറുകറുത്തൊരു മഹാസമുദ്രമായി... ഭീതിദമായ ഇരുണ്ടരാത്രികളെ പിന്നിട്ട് ഞാനുണരും സുഖദമായൊരു പൊൻപുലരിയിലേക്ക്. എന്റെ സംസ്‌കൃതിയുടെ പ്രിയമാർന്ന നിധിയും കയ്യിൽപ്പേറി ഞാൻ പറന്നുയരും. അടിച്ചമർത്തപ്പെട്ടവന്റെ സ്വപ്നമായി പ്രത്യാശയായി ഞാൻ പറന്നുയരും ഞാൻ പറന്നുയരും.’

2008-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബറാക് ഒബാമയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുന്ന മായ ആഞ്ചലോ / Photo: Wikimedia Commons

എക്കാലത്തും തിരസ്‌കരണത്തിനും തമസ്‌കരണത്തിനും വിധേയമാക്കപ്പെട്ട ആഫ്രിക്കൻ ജനതയുടെ വേദനകളും സംഘർഷങ്ങളുമാണ് ഈ കവിതയിൽ ആവിഷ്‌കരിക്കപ്പെടുന്നതെങ്കിലും, അത് അടിച്ചമർത്തപ്പെടുകയും ചൂഷിതരാക്കപ്പെടുകയുംചെയ്യുന്ന ലോകമെമ്പാടുമുള്ള മനുഷ്യ ജീവിതങ്ങളുടെ സ്വരമായി മാറുന്നു. അവർക്കു വേണ്ടിയുള്ള നീതിയുടെ മുറവിളിയായ് , അവരുടെ അവകാശങ്ങളുടെ പ്രഖ്യാപനമായി മാറുന്നു. ‘On the Pulse of Morning ' എന്ന കവിതയും അടിച്ചമർത്തപ്പെടുന്നവനു വേണ്ടിയുള്ള പ്രത്യാശയുടെ സുവിശേഷമാണ്:

‘നിങ്ങൾക്കായുദിക്കുന്ന ഈ പുതിയ ദിനത്തിലേക്ക് കണ്ണകൾ തുറക്കൂ നിങ്ങളുടെ സ്വപ്നങ്ങളെ വീണ്ടും കൈവെള്ളയിലെടുത്ത് നിങ്ങൾക്കുവേണ്ടി വാർത്തെടുക്കൂ നിങ്ങളാഗ്രഹിക്കും പോലെ മെനഞ്ഞെടുക്കൂ... നിങ്ങളുടെ ഹൃദയങ്ങളെ ഉയർത്തൂ ഓരോ പുതിയ നിമിഷവും ഒരു പുതിയ തുടക്കത്തിനുള്ള അവസരമാണ്.'

ഒരേസമയം വംശീയവും ലിംഗപരവുമായ ചൂഷണത്തിനും വിവേചനത്തിനും ഇരകളാക്കപ്പെടുന്ന ആഫ്രിക്കൻ സ്ത്രീകളുടെ ജീവിതാവസ്ഥകളുടെ നേർക്കാഴ്ചയും മായാ ആഞ്ചലോയുടെ കവിതകളിൽ കാണാം. കറുത്തവന്റെയും വെളുത്തവന്റെയും പീഡനത്തിന് ഒരുപോലെ വിധേയരാക്കപ്പെടുന്ന, കേവലമായ അസ്തിത്വം പോലും നിഷേധിക്കപ്പെടുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ എന്നും മായയുടെ ഹൃദയത്തെ മഥിച്ചിരുന്നു. ഈ പ്രശ്‌നങ്ങളെക്കുറിച്ചെഴുതുന്ന എഴുത്തുകാർ വേറെയുണ്ടെങ്കിലും, ഭാവതീവ്രതകൊണ്ടും ഭാഷയുടെ ചാരുതയും ഭദ്രതയും കൊണ്ടും മായയുടെ കവിതകൾ വേറിട്ടു നിൽക്കുന്നു. സംസ്‌കാരവും ചരിത്രവും ലൈംഗികതയും ഉടലും പ്രണയവുമൊക്കെയായി ബന്ധപ്പെട്ട അനുഭവങ്ങളെയും അനുഭൂതികളെയും സംഗീതാത്മകതയുടെയും ബിംബകല്പനകളുടെയും പൊൻനൂലിൽ കൊരുത്ത കവിതകൾ, ആഫ്രിക്കൻ സ്ത്രീ സമൂഹത്തിന്റെ ഇച്ഛാശക്തിയുടെയും ആത്മാഭിമാനത്തിന്റെയും പ്രകാശനം കൂടിയാണ്. ‘ഫിനോമിനൽ വുമൺ' എന്ന കവിതയിലെ വരികൾ:

‘എന്റെ രഹസ്യം എന്റെ ശക്തി എന്റെ കണ്ണുകളിലെ തീജ്വാലയിലാണ് എന്റെ പല്ലുകളിലെ തിളക്കത്തിലാണ് എന്റെ അരക്കെട്ടിലെ വടിവുകളിലാണ് എന്റെ ചുവടുകളിലെ ആഹ്ലാദത്തിലാണ്. ....... ഇപ്പോൾ നിങ്ങളറിയുന്നു, എന്തുകൊണ്ട് എന്റെ ശിരസ്സ് കുനിയുന്നില്ലെന്ന്. ഞാൻ ഉറക്കെ സംസാരിക്കുന്നില്ല ആക്രോശിക്കുന്നില്ല പ്രതിഷേധിക്കുന്നില്ല. എങ്കിലും ഞാൻ കടന്നു പോകുമ്പോൾ നിങ്ങൾ എന്നെക്കുറിച്ച് അഭിമാനിക്കുന്നു. കാരണം ഞാൻ ഒരു സ്ത്രീയാണ് അസാധാരണമായ ഒരു പ്രതിഭാസമാണ് അതാണ് ഞാൻ.’

മായ ആഞ്ചലോ / Photo: Maya Angelou, Facebook

‘വുമൺ വർക്ക് ' എന്ന കവിതയുടെ ശീർഷകം തന്നെ വലിയൊരു ബിംബമാണ്. പെണ്ണിനെയും പണിയെയും ഒന്നായി ചേർത്തുവയ്ക്കുകയും വായിക്കുകയും ചെയ്യുന്ന പാട്രിയാർക്കിക്കെതിരെയുള്ള കലഹം ഈ വരികളിൽ കാണാം:

‘എനിക്ക് കുഞ്ഞുങ്ങളെ വളർത്തണം തുണികൾ കഴുകണം തറ തുടയ്ക്കണം ഭക്ഷണം വയ്ക്കണം'

അങ്ങനെ അനന്തമായി നീളുന്ന, പെണ്ണിനുമാത്രം പറഞ്ഞിട്ടുള്ള പണികളുടെ ലിസ്റ്റിനൊടുവിൽ, പ്രപഞ്ചത്തിന്റെ ഊർജ്ജ - ചൈതന്യ സ്രോതസ്സുകളിലേക്ക് അവൾ അലിഞ്ഞുചേരുന്നു:

‘സൂര്യപ്രകാശമേ എന്നിൽ വന്നുദിക്കൂ മഴമുകിലേ എന്നിൽ നിറഞ്ഞുപെയ്യൂ മഞ്ഞുകണങ്ങളേ എന്നിലാർദ്രമായി പൊഴിയൂ എന്റെ നെറ്റിയിൽ കുളിരായി പടരൂ. കൊടുംകാറ്റേ എന്നെ കോരിയെടുത്തു പറക്കൂ ആകാശത്തിലൂടെ ഞാൻ ഒഴുകി പരക്കട്ടെ ഒരിക്കൽക്കൂടിയെനിക്ക് വിശ്രമിക്കാനാകുംവരെ. ഹിമപാളികളേ വെളുത്തുറഞ്ഞ ചുംബനങ്ങൾ കൊണ്ടെന്നെ പൊതിയൂ ഈ രാത്രി ഞാനൊന്നു വിശ്രമിക്കട്ടെ. സൂര്യൻ, ചന്ദ്രൻ, മഴ, ആകാശം മലകൾ, സമുദ്രങ്ങൾ, ഇലകൾ, കല്ലുകൾ, നക്ഷത്രങ്ങൾ... എനിക്കു സ്വന്തമെന്നുപറയാൻ നിങ്ങൾ മാത്രം.’

ഉജ്വലമായ ബിംബങ്ങളിലൂടെയും ചാരുതയാർന്ന വാങ്മയങ്ങളിലൂടെയും മിഴിവാർന്ന ഇമേജറികളിലൂടെയും ആഫ്രിക്കൻ സംസ്‌കൃതിയുടെ കരുത്തും അഴകും സമന്വയിപ്പിക്കുന്ന മായ ആഞ്ചലോയുടെ കവിതകൾ കോൺവെർസേഷണൽ ശൈലിയുടെ സങ്കലനത്തിലൂടെ വായനക്കാരെ സജീവപങ്കാളികളാക്കുന്നവയാണ്. അങ്ങനെ അടിച്ചമർത്തപ്പെടുകയും നിഷ്‌കാസിതരാക്കപ്പെടുകയും ചെയ്യുന്നവരുടെ സ്വരമായി, അസമത്വത്തിനും ചൂഷണത്തിനെതിരെയുള്ള കലഹമായി, സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമായി കാലത്തിനും ദേശത്തിനുമപ്പുറത്തേക്ക് പടർന്നുകിടക്കുകയാണ് മായാ ആഞ്ചലോയുടെ ധന്യമായ കാവ്യജീവിതം. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. മിലൻ ഫ്രാൻസ്​

കവി, ​പ്രഭാഷക, എഴുത്തുകാരി. ആലുവ സെൻറ്​ സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ. ഇംഗ്ലീഷ് സാഹിത്യത്തിൽ റിസർച്ച് ഗൈഡ്​. നക്ഷത്രങ്ങളുണ്ടാകുന്നത്, മിലൻ ഫ്രാൻസിന്റെ പുതിയ കവിതകൾ, കാഴ്ചവട്ടം, The Legends of Khasak: A Postcolonial Study എന്നീ പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments