‘Because freedom,I am told, is nothing but the distance between the hunter and its prey.' - Ocean Vuong
വിയറ്റ്നാം യുദ്ധം അവസാനിച്ച് നാലു പതിറ്റാണ്ട് പിന്നിട്ടെങ്കിലും, ഇന്നും വിയറ്റ്‌നാം യുദ്ധസാഹിത്യത്തെയെന്ന പോലെ, ലോകമെമ്പാടുമുള്ള സംഘർമേഖലകളിൽ രൂപപ്പെടുന്ന സാഹിത്യത്തെയും സ്വാധീനിക്കുന്നു.
അമേരിക്കയിൽ കുടിയേറ്റ ജീവിതം നയിക്കുന്ന വിയറ്റ്‌നാമീസ് എഴുത്തുകാരിലൂടെയാണ് വിയറ്റ്‌നാം യുദ്ധസാഹിത്യം ലോകശ്രദ്ധയാകർഷിച്ചത്. വിയറ്റ്‌നാമീസ് -അമേരിക്കൻ രചനകളെ മാത്രമല്ല, 1970 നു ശേഷമുള്ള ഏഷ്യനമേരിക്കൻ സാഹിത്യകൃതികളെ പൊതുവിലും രൂപപ്പടുത്തിയതിൽ യുദ്ധത്തിനും അതിന്റെ അനന്തരഫലങ്ങൾക്കും നിർണായക സ്വാധീനമുണ്ട്. വിശാലമായ പശ്ചാത്തലത്തിൽ നോക്കിയാൽ, സമാനസാംസ്‌ക്കാരികസ്വത്വം പുലർത്തുന്നവരല്ലെങ്കിൽകൂടിയും അവരുടെ അഭയാർത്ഥിത്വ നിർമിതിയിലെന്നപോലെ സാഹിത്യനിർമിതിയിലും ദക്ഷിണപൂർവ്വേഷ്യയിലെ ഭൗമരാഷ്ട്രീയത്തിന്റെ ലീനതലമുണ്ട്. വിയറ്റ്‌നാം യുദ്ധം മാത്രമല്ല, സാമ്രാജ്യത്വശക്തികളുടെ അതിർത്തിവ്യാപന യത്‌നങ്ങളും (frontier expansion) വംശീയാതിക്രമങ്ങളും കുടിയേറ്റജീവിതത്തിലെ സംഘർഷങ്ങളും പല പ്രകാരത്തിൽ അവരുടെ രചനകൾക്കു വിഷയീഭവിക്കുന്നു.
മൂന്നാം ലോകത്തെക്കുറിച്ചുള്ള സങ്കൽപനങ്ങൾ അന്താരാഷ്ട്രവേദികളിൽ ചർച്ചചെയ്യപ്പെടാൻ തുടങ്ങിയതോടെ ഏഷ്യനമേരിക്കൻ പഠനങ്ങൾക്ക് വഴിതുറന്നു. സാമൂഹ്യപരമെന്നതുപോലെ ഉജ്ജ്വലമായ സാംസ്‌കാരികമാനങ്ങളുമുള്ളതിനാലാവാം, 1970 കൾ മുതലുള്ള ഏഷ്യനമേരിക്കൻ രാഷ്ട്രീയ പദ്ധതികളിൽ കവിതയ്ക്ക് പ്രമുഖസ്ഥാനം കൈവന്നിരുന്നു. അമേരിക്കയിലെ വെള്ളക്കാരായ മധ്യവർഗം അടിച്ചേല്പിക്കുന്ന ഏഷ്യനമേരിക്കൻ വാർപ്പുമാതൃകകൾ ആന്തരവത്ക്കരിക്കുന്നതിലൂടെ സംജാതമായ ആശയക്കുഴപ്പവും അരക്ഷിതബോധവും, Aion എന്ന ആദ്യ ഏഷ്യനമേരിക്കൻ സാഹിത്യമാസിക ആരംഭിച്ച കവി ജാനിസ് മിരികിതാനി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കറുത്തവരുടെ സ്വത്വരാഷ്ട്രീയവും സ്വത്വനിർവ്വചനങ്ങളും ഏഷ്യനമേരിക്കൻ സ്വത്വാന്വേഷണത്തിന്റെ ആദ്യ മാതൃകകളായിരുന്നു. എന്നാലത് രാഷ്ട്രീയ തലത്തിൽമാത്രം പരിമിതപ്പെട്ടുനിൽക്കാതെ സാംസ്‌കാരികവും സൗന്ദര്യശാസ്ത്രപരവുമായ തലങ്ങളിലും ഒട്ടൊക്കെ സ്വാധീനം ചെലുത്തി. അപ്പോഴും തികച്ചും സ്വതന്ത്രമായ ഒരു സാംസ്‌കാരിക സ്വത്വം അപ്രായോഗികമായതിനാൽ ഒരു തരം ‘സങ്കലിത നിർമിതി' (bricolage) യുടെ പ്രക്രിയയായി അത് പരിണമിച്ചു. ഇതിന്റെയൊക്കെ പ്രതിഫലനം ഏഷ്യനമേരിക്കൻ സാഹിത്യരചനകളിലുമുണ്ടായി.
1970കളിലെ പ്രമുഖ കവികളായ ലീ യംങ് ലീ, കാതി സോങ്, ഡേവിഡ് മുറ എന്നിവർ മുതൽ ഫാത്തിമ അസ്ഗറും ഓഷ്യൻ വോങ്ങുംവരെയുള്ള സമകാലിക കവികളിൽവരെ ഇതു കാണാം. വംശാന്തരബന്ധങ്ങൾക്കുവേണ്ടി നിലകൊണ്ട 60 കളിലെ അമേരിക്കൻ നവഇടതുപക്ഷത്തോട് ഐക്യപ്പെട്ട റോൺ സില്ലിമാന്റെ കവിതകളും അലൻ ഗിൻസ്ബർഗിന്റെ ബീറ്റ് തലമുറക്കവിതകളും അന്നത്തെ ഏഷ്യനമേരിക്കൻ കവികളെ പ്രചോദിപ്പിച്ചു, പ്രത്യേകിച്ചും ഗിൻസ്ബർഗിന്റെ ‘ഹൗൾ' എന്ന കാവ്യം അവരെ വശീകരിച്ചുകളഞ്ഞു.
ഏഷ്യനമേരിക്കൻ സാഹിത്യത്തിലെ പ്രമുഖരായ വിയറ്റ്‌നാമീസ്- അമേരിക്കൻ എഴുത്തുകാർ തങ്ങളുടെ ആത്മകഥനങ്ങളിലും സാഹിത്യകൃതികളിലും രേഖപ്പെടുത്തുന്നത് വിയറ്റ്‌നാം യുദ്ധത്തിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാണ്.
ഏഷ്യനമേരിക്കൻ സാഹിത്യത്തിലെ പ്രമുഖരായ വിയറ്റ്‌നാമീസ്- അമേരിക്കൻ എഴുത്തുകാരുടെ കൃതികളിലും ഭിന്നരൂപങ്ങളിൽ മേൽപ്പറഞ്ഞ ഘടകങ്ങൾ സംഗതമാകുന്നു. അതോടൊപ്പം, അവർ തങ്ങളുടെ ആത്മകഥനങ്ങളിലും സാഹിത്യകൃതികളിലും രേഖപ്പെടുത്തുന്നത് വിയറ്റ്‌നാം യുദ്ധത്തിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാണ്. സമകാലിക അമേരിക്കൻ സാഹിത്യത്തിൽത്തന്നെ പ്രബലമായി മാറിയ വിയറ്റ്‌നാമീസ്- അമേരിക്കൻ കുടിയേറ്റ എഴുത്തിലെ ദീപ്തസാന്നിധ്യങ്ങളാണ് നോവലിൽ വിയറ്റ് തൻ നഗുയെനും (പുലിറ്റ്‌സർ പുരസ്‌കാരം നേടിയ "ദ സിംപതൈസർ'എന്ന നോവലിന്റെ രചയിതാവ്) കവിതയിൽ ഓഷ്യൻ വോങും.
"നൈറ്റ് സ്‌കൈ വിത്ത് എക്‌സിറ്റ് വൂൺട്‌സ്' (2016) എന്ന പ്രഥമ കാവ്യസമാഹാരം കൊണ്ട് സമകാലിക ലോകകവിതയിലെ ശ്രദ്ധേയനായി മാറിയ വിയറ്റ്‌നാമീസ്- അമേരിക്കൻ കവിയാണ് ഓഷ്യൻ വോങ്. ഈ കൃതിക്ക് റ്റി. എസ്. എലിയറ്റ് പുരസ്‌ക്കാരം ലഭിച്ചു. ആദ്യ കാവ്യസമാഹാരത്തിനുതന്നെ ഈ വിശ്രുത പുരസ്‌കാരം നേടുന്ന രണ്ടാമത്തെ കവിയാണ് അദ്ദേഹം. വോങിന്റെ ആദ്യ നോവലായ "ഓൺ എർത്ത് വി ആർ ബ്രീഫ്ലി ഗോർജ്യസ്' 2019ൽപുറത്തിറങ്ങി.(ഇതേ ശീർഷകമുള്ള വോങിന്റെ കവിത നേരത്ത ഏറെ ശ്രദ്ധേയമായിരുന്നു.)
യുദ്ധാനന്തര മുറിവുകൾ
വിയറ്റ്‌നാം യുദ്ധം തന്റെ കുടുംബ ചരിത്രത്തെ രൂപപ്പെടുത്തിയതിന്റെ മുദ്രകൾ അദ്ദേഹത്തിന്റെ പല കവിതകളിലുമുണ്ട്. തന്നിലെ വംശീയതയുടെ കലർപ്പുകളും, കുടിയേറ്റത്തിന്റെ വ്യഥകളും സൃഷ്ടിക്കുന്ന ആന്തരികവും സാമൂഹികവുമായ വൈരുദ്ധ്യങ്ങൾ വോങ് കവിതകളിലെ മുഖ്യ പ്രമേയങ്ങളാണ്. തന്റെ സ്വത്വത്തിലും വൈയക്തിക ചരിത്രത്തിലും ഉൾച്ചേർന്ന അത്തരം വൈരുദ്ധ്യങ്ങളോട് അനുരഞ്ജനത്തിലാകുന്ന കവിയെയും"സെൽഫ് പോർട്രെയ്റ്റ് ആസ് എക്‌സിറ്റ് വൂൺട്‌സ് ' പോലുള്ള കവിതകളിൽ കാണാം. വിയറ്റ്‌നാം യുദ്ധം സ്വന്തം രാഷ്ട്രത്തിന്റെ ചരിത്രത്തെയെന്ന പോലെ തന്റെ പിറവിയെ, ഭാഗധേയത്തെ എപ്രകാരം നിർണയിച്ചുവെന്ന് ‘നോട്ട്ബുക് ഫ്രാഗ്മെൻസ്' എന്ന കവിതയിൽ വോങ് അടയാളപ്പെടുത്തുന്നു:
"An American soldier fucked one Vietnamese farm girl. Thus my mother exists Thus I exist. Thus no bombs= no family=no me.'
ഒരു അമേരിക്കൻ പട്ടാളക്കാരനായിരുന്നു വോങിന്റെ മുത്തച്ഛൻ, മുത്തശ്ശിയാകട്ടെ വിയറ്റ്‌നാമീസുകാരിയായ കർഷകത്തൊഴിലാളിയും. ആ ബന്ധത്തിൽ മൂന്നു പെൺകുട്ടികൾ ജനിച്ചു. മുത്തച്ഛൻ അവരെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് തിരിച്ചു പോവുകയാണുണ്ടായത്.
യുദ്ധത്തെയും തന്റെ അസ്തിത്വത്തെയും സംബന്ധിച്ച ഗണിതയുക്തിയുടെ മട്ടിലുള്ള മേലുദ്ധരിച്ച കവിതയിലെ സമീകരണം യുദ്ധഭീകരതയുടെ അതിലഘൂകരണണമല്ല; പ്രത്യുത, തന്റെ വൈയക്തിക- കുടുംബചരിത്രത്തെ രൂപപ്പെടുത്തുന്നതിൽ നിർണായകമായ സങ്കീർണസമസ്യകളുടെ പ്രാഥമികമായ തിരിച്ചറിവായിരുന്നു; ഒപ്പം,അമേരിക്കയിലെ കുടിയേറ്റ ജീവിതത്തിൽ തന്റെ വംശീയസ്വത്വം അനിവാര്യമായും സംഘർഷാത്മകമായി മാറിയതിന്റെ ആദ്യ രേഖപ്പെടുത്തലുമായിരുന്നു.
വോങിന്റെ കവിതകളിൽ വിയറ്റ്‌നാം യുദ്ധാനുബന്ധ പ്രമേയങ്ങൾ തീവ്രമായ അളവിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല എന്ന വിമർശനം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വിയറ്റ്‌നാം യുദ്ധം കഴിഞ്ഞ് ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം മാത്രം ജനിച്ച വോങ് അതിനുള്ള പ്രതികരണമെന്നോണം ഒരു കവിതയിൽ ഇങ്ങനെ കുറിക്കുന്നു:
"What if it wasn't the crash that made me, but debris?'
1988 ൽ വിയറ്റ്‌നാമിലെ സയ്‌ഗോണിലാണ് വോങ് ജനിച്ചത്.
വിയറ്റ്‌നാം യുദ്ധത്തിന്റെ ഇരകളായിരുന്നു വോങിന്റെ കുടുംബം. യുദ്ധാനന്തര വിയറ്റ്‌നാമിൽ അമേരിക്കൻ പട്ടാളക്കാരന്റെ കുടുംബമെന്ന മുദ്ര പേറി ജീവിക്കുക അസാധ്യമായിത്തീർന്നതിനാൽ വോങ്ങിന്റെ കുടുംബം ഫിലിപ്പീൻസിലേക്ക് പലായനം ചെയ്തു. അവിടത്തെ അഭയാർത്ഥിക്യാമ്പിലെ ഇടക്കാലജീവിതത്തിനു ശേഷം അവർ അമേരിക്കയിലേക്കു കുടിയേറി. വോങിന് അന്ന് രണ്ടു വയസ്സായിരുന്നു . ഗാർഹിക പീഢനത്തിന്റെ പേരിൽ ജയിലിലായ വോങിന്റെ പിതാവ് പിന്നീട് കുടുംബത്തെ ഉപേക്ഷിച്ച് പോയി. അമേരിക്കയിലേക്കു കുടിയേറിയ ശേഷം കവിയുടെ മാതാവ് നഷ്ടപ്പെട്ടു പോയ തന്റെ പിതാവിനെത്തേടി ഉഴറിനടക്കുന്നുണ്ട്.
"... ready / to believe every white man possessing her nose/is her father.'
മുത്തച്ഛനെ കണ്ടെത്താൻ കഴിഞ്ഞു. അപ്പോഴേക്കും അദ്ദേഹം ഒരു സർവ്വകലാശാല പ്രൊഫസറെ വിവാഹം ചെയ്ത് ഫ്‌ളോറിഡയിൽ താമസമാക്കിയിരുന്നു. അഭ്യസ്തവിദ്യരായിരുന്നില്ല വോങിന്റെ കുടുംബാഗങ്ങൾ. ഹാർട്‌ഫോഡിലെ ദരിദ്ര ജനവിഭാഗങ്ങൾക്കിടയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.
സർവ്വകലാശാലയിലെ ബിസിനസ് പഠനം ഉപേക്ഷിച്ച വോങിന് ലഹരിമരുന്നിന് അടിമയായ ഒരു ഭൂതകാലവുമുണ്ടായിരുന്നു. കുറച്ചു കാലം ഒരു പുകയിലത്തോട്ടത്തിൽ തൊഴിലാളിയായും അദ്ദേഹം ജോലി ചെയ്തു.
യുദ്ധാനന്തര വിയറ്റ്‌നാമിന്റെ ശൈഥില്യവും പലായനങ്ങളും, അഭയാർത്ഥി ജീവിതവും, കുടിയേറ്റത്തിന്റെ സംഘർഷങ്ങളും, സ്വവർഗ്ഗാനുരാഗി എന്ന നിലയിലുള്ള ഭിന്നലൈംഗികസ്വത്വവും വോങിന്റെ ജീവിതത്തെയും കാവ്യവ്യക്തിത്വത്തെയും രൂപപ്പെടുത്തുന്നതിൽ ആഴത്തിൽ സ്വാധീനിച്ചു.
സാഹിത്യ പഠനം, വഴിത്തിരിവുകൾ
ഒരിക്കൽ ബ്രൂക്ലിൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലേക്കു ചെന്ന വോങ് അവിടെ തന്റെ ആരാധനപാത്രങ്ങളായ അലൻ ഗിൻസ്ബർഗ്, ജോൺ ആഷ്ബറി എന്നിവരുടെ ഛായാചിത്രങ്ങൾ ആദ്യമായി കണ്ടു. ഇംഗ്ലീഷ് സാഹിത്യം ഐച്ഛിക വിഷയമായെടുത്ത് അവിടെ ബിരുദപനം തുടങ്ങി. ബോദ്‌ലെയറെയും ലാങ്സ്റ്റൻ ഹ്യൂസിനെയും വായിക്കുന്ന കാലത്ത് അദ്ദേഹം കവിയാകാൻ ആഗ്രഹിച്ചു.
അവിടെ അധ്യാപകനായിരുന്ന കവിയും നോവലിസ്റ്റുമായ ബെൻ ലേണർ വോങ്ങിന്റെ മാർഗ്ഗദർശിയായിരുന്നു. ലേണറില്ലായിരുന്നുവെങ്കിൽ തനിക്ക് ഒരു കവിയായ്ത്തീരാൻ സാധ്യമാവുകയില്ലായിരുന്നുവെന്ന് വോങ് പറഞ്ഞിട്ടുണ്ട്.
അമേരിക്കൻ കവയിത്രി എമിലി ഡിക്കിൻസന്റെ കവിതകൾ വോങിൽ അഗാധസ്വാധീനം ചെലുത്തിയിട്ടുണ്ട്. ജെറാർഡ് മാൻലി ഹോപ്കിൻസിന്റെ സ്വാധീനവും നിരൂപകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പദപ്രയോഗങ്ങളിലെ കൃത്യത, സൂക്ഷ്മത എന്നിവയിൽ എമിലി ഡിക്കിൻസനും പദസംഘാതങ്ങൾ തീർക്കുന്ന താളാത്മകതയിൽ ഹോപ്കിൻസും വോങിന്റെ അഗ്രഗാമികളാണ്. ഫ്രാങ്ക് ഒഹാര, ലോർക എന്നിവരുടെ കവിതകളും വോങ്ങിനെ ആകർഷിച്ചു. ഏതാണ്ട് പതിനൊന്നുവയസ്സുള്ളപ്പോഴാണ് വോങ് ഇംഗ്ലീഷ് വശത്താക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട മറ്റൊരു കവി- റഷ്യയിൽ നിന്ന് കുടിയേറിയ- ജോസഫ് ബ്രോഡ്‌സ്‌കിയും ഇംഗ്ലീഷിലായിരുന്നില്ല ആദ്യം എഴുതിത്തുടങ്ങിയത്.
ഒഹാരയേയും മറ്റു ന്യൂയോർക്ക് സ്‌ക്കൂൾ കവികളെയും ലൈംഗികതയോടുള്ള അവരുടെ തുറന്ന സമീപനത്തിന്റെ പേരിൽ അദ്ദേഹം ഇഷ്ട്ടപ്പെട്ടു. ഒഹാരയുടെ "കാറ്റി' എന്ന കവിതയിലെ Someday I will love Frank O'Hara എന്ന വരി കടമെടുത്താണ് തന്റെ ഒരു കവിതയ്ക്ക് Someday I will love Ocean Vuong എന്ന ശീർഷകം നൽകിയത്.
വോങിന്റെ കാവ്യലോകം
യുദ്ധാനന്തര വിയറ്റ്‌നാമിന്റെ ശൈഥില്യവും തുടർന്നുള്ള പലായനങ്ങളും, അഭയാർത്ഥി ജീവിതവും, കുടിയേറ്റത്തിന്റെ സംഘർഷങ്ങളും, സ്വവർഗ്ഗാനുരാഗി എന്ന നിലയിലുള്ള ഭിന്നലൈംഗികസ്വത്വവും വോങിന്റെ ജീവിതത്തെയും കാവ്യവ്യക്തിത്വത്തെയും രൂപപ്പെടുത്തുന്നതിൽ ആഴത്തിൽ സ്വാധീനിച്ചു. പഠനകാലത്തുണ്ടായ ‘ഡിസ്ലെക്‌സിയ’ പിൽക്കാലത്ത് എഴുത്തിൽ തന്നെ സഹായിച്ചിട്ടുണ്ടെന്ന് കവി പറയുന്നു. താൻ വളരെ മെല്ലെയാണെഴുതുന്നത്. വാക്കുകളെ വസ്തുക്കളായാണ് കാണുന്നത്. ഭൂതകാലത്തിന്റെ സങ്കീർണ്ണതകളും സമസ്യകളും വർത്തമാനകാലത്തും കവിയെ വിക്ഷുബ്ധമാനസനും ഹൃദയസാരള്യമുള്ളവനുമായി ഒരേ സമയം മാറ്റുന്നു.
"എന്നെ സന്ധിക്കും മുൻപ് നീയെന്തായിരുന്നു?' "ഞാൻ മുങ്ങിത്താഴുകയായിരുന്നുവെന്ന് കരുതുന്നു.' "ഇപ്പോൾ നീയെന്താണ്?' "ജലം' (നൈറ്റ് സ്‌കൈ)
യുദ്ധം രണ്ടു ദേശങ്ങളിൽക്കിടയിൽ അനാഥമാക്കിയവരുടെ ദൈന്യം കവിയെ നിരന്തരം പിന്തുടരുന്നുണ്ട്.
" lf you must know anything, know that the hardest task is to live only once.'
Ma, to speak in our mother tongue is to speak onlypartially in Vietnamese, but entirely in war.
റ്റെഡ് ഹ്യൂസിന്റെ കാവ്യ ലോകത്തെന്നപോലെ മൃഗബിംബങ്ങൾ കൊണ്ട് സമൃദ്ധമാണ് വോങിന്റെ കവിതകൾ. മനുഷ്യന്റെ വന്യമായ ആന്തരപ്രകൃതത്തെ മൃഗങ്ങളുടെ ശരീരപരമായ ഉഗ്രതയുടെ ബിംബാവലികളാലാണ് റ്റെഡ് ഹ്യൂസ് തന്റെ പല കേൾവിപ്പെട്ട മൃഗകവിതകളിലും പ്രതീകവത്ക്കരിക്കുന്നത്. സ്വാതന്ത്ര്യകാംക്ഷയെ മനുഷ്യചരിത്രത്തിലുറപ്പിച്ചുനിർത്തിയ ഭാവനയുടെ മെരുങ്ങാത്ത ഇച്ഛയാണ് ഹ്യൂസിന്റെ ‘ദ ജഗ്വർ' സാക്ഷാത്ക്കരിക്കുന്നത്.എന്നാൽ വോങ് കവിതകളിലെ മൃഗബിംബകല്പനകൾക്ക്പലപ്പോഴും സമാനദൗത്യമല്ല ഉള്ളത്. വരിയുടയ്ക്കപ്പെടാത്ത ആൺകുതിര "നൈറ്റ് സ്‌കൈ' സമാഹാരത്തിലെ പല കവിതകളിലെയും ആവർത്തനബിംബമാണ്.
"ദ ബുൾ ' എന്ന കവിത നോക്കുക:
".... ഞാനൊരു ബാലനായിരുന്നു എന്നുവച്ചാൽ എന്റെ കുട്ടിക്കാലത്തിന്റെ ഘാതകൻ. എല്ലാ ഘാതകന്മാരുടേതെന്നപോലെ എന്റെ ദൈവവും നിശ്ചലതയായിരുന്നു. ദൈവമേ, അവൻ നിശ്ചലനായി അപ്പോഴുമവിടെയുണ്ടായിരുന്നു. വായില്ലാത്തൊരാളതിന്നായ് പ്രാർത്ഥിച്ചെന്നതുപോലെ.'
മുറ്റത്തു നിൽക്കുന്ന കാളയെ കണ്ട് വാതിൽ തുറന്ന കവി അതിന്നരികിലേക്ക് ചെല്ലുന്നു.എന്നാലത് മറഞ്ഞു കിടക്കുന്ന ആഴങ്ങളായിരുന്നു.മൃഗരൂപത്തിലുള്ള ഒരുപ്രവേശിക, തന്നെപ്പോലെത്തന്നെ.
ഭാഷയുടെ ശരീരത്തിലും ശരീരത്തിന്റെ ഭാഷയിലുമുള്ള കവിയുടെ ഖനനങ്ങൾ പരിചിതമായ ബാഹ്യപ്രകൃതിയിലെ അപരിചിതമായ ആഴങ്ങൾ തേടുന്നു.
In the body, where everything has a price,I was a beggar(Threshold)
"ഒരു പക്ഷേ, ഒരുത്തരത്തിനും കെടുത്താനാവാത്ത ചോദ്യം ശരീരമാവാം.'
(ഇമിഗ്രൻറ് ഹയ്ബൻ)
മുറിപ്പെടുത്തിക്കൊണ്ട് മൂർച്ച കൂട്ടുന്ന ബ്ലേഡായി ശരീരത്തെ സങ്കല്പിക്കുന്ന കവി തന്നെ ഏകാകിതയുടെ അസഹ്യതകളിൽ നിന്നുള്ള വിമോചനോപാധിയായതിനാലാവം ശരീരത്തിനിത്ര മൃദുത്വമെന്ന് അത്ഭുതംകൂറിക്കൊണ്ട് അതിനെ അഭയകേന്ദ്രമായും കാണുന്നു.മറ്റൊരിടത്ത്, പലായനം,കുടിയേറ്റം തുടങ്ങിയ തിക്തതകളിലേക്ക് ജീവിതം എടുത്തെറിഞ്ഞപ്പോഴുണ്ടായ മുറിവുകൾ ഏറ്റുവാങ്ങിയ ശരീരവുമുണ്ട്.
Suppose you do change your life,&the body is more than a portion of night-sealedwith bruises.(Torso of air)
his need to knowhow pain blesses the body back to its sinner.(Prayer for the newly damned)
അമേരിക്കൻ നോവലിസ്റ്റ് കേർട് വൊനിഗട്ട് യുദ്ധത്തടവുകാരനെന്ന നിലയിലുള്ള വ്യക്ത്യനുഭവങ്ങളെ, ജീവിതത്തിലെ അഭിശപ്ത നിമിഷങ്ങളെയും ക്രൂരസന്ദർഭങ്ങളെയും നേരിടാനുള്ള മനുഷ്യചേതനയുടെ ഉദ്ധൃതനിലയിലേക്ക് പരിവർത്തിപ്പിക്കുന്നുണ്ട് "സ്ലോട്ടർ ഹൗസ് ഫൈവ്' എന്ന നോവലിൽ. സമാനമായ ജീവിതാവബോധത്തിന്റെ ആർജ്ജവം വോങ് കവിതകളെയും സാന്ദ്രമാക്കുന്നുണ്ട്. യുദ്ധത്തിന്റെയും തകർച്ചയുടെയും പശ്ചാത്തലത്തിലും ഹൃദയപേലവത്വവും സ്‌നേഹവും തികച്ചും വൈയക്തികമായ തലത്തിൽ ഈ സമാഹാരത്തിലെ കവിതകളിലുടനീളം പ്രസരിക്കുന്നുണ്ട്.
കവിതയിലെ തന്റെ പുതുവഴി വെട്ടലിന്റെ പ്രേരണകളെ കവി ഇങ്ങനെ സംഗ്രഹിക്കുന്നു:
"ഓർക്കൂ: പ്രമാണങ്ങൾ, തെരുവുകളെപ്പോലെ, നിന്നെ പരിചിത സ്ഥലികളിലേക്കു മാത്രം നയിക്കുന്നു.'
പലപ്പോഴും യുദ്ധത്തിന്റെ പരിണതികളായി ഭവിക്കാറുള്ള, സമൂഹത്തിന്റെ അന്തർസംഘർഷാത്മകതയും സാംസ്‌ക്കാരിക സ്ഥലഭ്രംശവും വോങിന്റെ കവിതകളുടെ മുഖ്യപശ്ചാത്തലമാണ്
യുദ്ധം ഹനിച്ചു കളഞ്ഞ തന്റെ ദേശത്തിന്റെ പ്രസന്നതകളെക്കിച്ചുള്ള കവിയുടെ ആകുലത, slaughter എന്ന വാക്കിലകപ്പെട്ട laughter എന്ന വാക്കിനെക്കുറിച്ചെന്നപോലെ ഭാഷയിലെ സൂക്ഷ്മവ്യവഹാരങ്ങളിലെല്ലാമുണ്ട്.
വിയറ്റ്‌നാം യുദ്ധം സൃഷ്ടിച്ച വൈയക്തികവും കുടുംബപരവും ചരിത്രപരവുമായ ദുർഗതികളെ തന്റെ കവിതകളിൽ വോങ് നിരന്തരം വായനക്കാർക്ക് അഭിമുഖമായി നിർത്തുന്നുണ്ട്. ഭാഷയ്ക്ക് പൊതുവിലും ആഖ്യാനത്തിന് സവിശേഷമായും ആവിഷ്‌ക്കരിക്കുക ദുഷ്‌ക്കരമായ അനുഭവമണ്ഡലങ്ങളെക്കുറിച്ച്
പലപ്പോഴും ആകുലചിത്തനാണ് കവി.
Who will be lost in the story we tell ourselves?
To open a mouth, in speech, is to leave only the bones, which remain untold.
ആഖ്യാനങ്ങളിൽനിന്ന് ബഹിഷ്‌കൃതരാവുന്ന മനുഷ്യരെക്കുറിച്ചുള്ള ഉത്ക്കണ്o കാവ്യസന്ദർഭത്തിന്റെ അതിരുകൾക്കപ്പുറം ഭാഷാവിനിമയത്തിന്റെ അപര്യാപ്തതകളെക്കുറിച്ചുള്ള സൂക്ഷ്മബോധ്യത്തിനുമപ്പും സ്വന്തം ദേശചരിത്രത്തിനഭിമുഖമായ് നിൽക്കുന്ന കവിയെ വരയ്ക്കുന്നു. യുദ്ധാനന്തര വിപര്യയങ്ങളുടെ ഭൂമികയിൽ അനാനിഷ്‌കൃതമായ അനുഭവസഞ്ചയം അസ്ഥികളായി എഴുന്നുനിൽക്കുന്നു. സെൻ ബുദ്ധിസ്റ്റ് പാരമ്പര്യം പിന്തുടരുന്ന വോങ് ധ്വന്യാത്മകമായ വാക്കുകളുടെ ജാലവിദ്യയാൽ അവയെ സൊനാറ്റകളായി മാറ്റുന്നു.
പലപ്പോഴും യുദ്ധത്തിന്റെ പരിണതികളായി ഭവിക്കാറുള്ള, സമൂഹത്തിന്റെ അന്തർസംഘർഷാത്മകതയും സാംസ്‌ക്കാരിക സ്ഥലഭ്രംശവും (Cultural displacement) വോങിന്റെ കവിതകളുടെ മുഖ്യപശ്ചാത്തലമാണ്, ഒപ്പം തന്നെ യുദ്ധം ഇടവരുത്തിയ തന്റെ കുടുംബത്തിന്റെ ദേശാന്തഗമനവും.
"ഒരു പാട്ടിലേറുവാനെന്തു ത്യജിക്കണ,മതു പിന്മടക്കത്തിൻ പാതനഷ്ടമാമെന്നു ഞാനറിഞ്ഞീല.'
എൻ ചിറകുകൾ കത്തിയുരുകിയാലെന്ത് പറന്നിടേണമെന്നൊരിക്കലെങ്കിലും ഞാൻ പറഞ്ഞുവോ?' (നൈറ്റ് സ്‌കൈ)
2014 ൽ ഓഹിയോയിൽവച്ച് വെള്ളക്കാരായ പൊലീസുകാർ വെടിവച്ചു കൊലപ്പെടുത്തിയ താമിർ റൈസ് എന്ന പന്ത്രണ്ടുകാരന് സമർപ്പിക്കപ്പെട്ടതാണ് "റ്റോയ് ബോട്ട്' എന്ന കവിത. കറുത്ത കടലിലെ തുഴയില്ലാത്ത ഒരു ബോട്ട് കവിതയിലലയുന്നു.
no shores now to arrive-ordepart no wind butthis waiting which moves you
അവന്റെ തൊലിനിറമല്ല, മാധ്യമ വാർത്തകളിൽ- വ്യാഖ്യാനങ്ങളിൽ, കയ്യിലെ കളിത്തോക്കു കാരണമത്രേ അവന് ജീവാപായമുണ്ടായത്! ബാല്യത്തിന്റെ നിഷ്‌ക്കളങ്കതയ്‌ക്കെതിരെപോലും വംശീയ മുൻവിധികളുടെ തോക്കിൻമുന ഉയരുന്ന സമൂഹത്തിൽ, മുഖ്യധാരകളിൽ പെടാതെ മറഞ്ഞിരിക്കുന്നതാണ് അഭയാർത്ഥികളെന്ന നിലയിൽ സുരക്ഷിതമെന്ന മുന്നറിയിപ്പുകൾ വീട്ടിൽ നിന്ന് വോങ്ങിന് മുറയ്ക്ക് കിട്ടിക്കൊണ്ടിരുന്ന കാലവുമുണ്ടായിരുന്നു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ തൊലിയുടെ നിറംകാരണം പലപ്പോഴും വോങ് പരിഹസിക്കപ്പെട്ടു.
The truth is we can survive our lives,but not your skin. But you know this already. (On Earth Life is Briefly Gorgeous)
യുദ്ധക്കെടുതികളനുഭവിക്കുന്ന വിയറ്റ്‌നാം ജനതയുടെ ദൃശ്യങ്ങൾ അമേരിക്കൻ വീടുകളിലെ സ്വീകരണമുറിയിൽ കണ്ടാസ്വദിക്കുന്ന മനുഷ്യരുടെ ദൃശ്യങ്ങൾക്കൊപ്പം ചേർത്തുവയ്ക്കുന്ന വാർത്തകൾ കണ്ട് തന്റെ അമേരിക്കൻ വേരുകളോട് കവിക്ക് വെറുപ്പു തോന്നിയിട്ടുണ്ട്. ജീവിതം വാർത്താശീർഷകങ്ങൾ പറയുന്നതിലേറെ സങ്കീർണമാണ്. വാർത്തകൾ പോരാതാകുമ്പോൾ കവിത കടന്നു വരുന്നു എന്ന് വോങ് പറയും. അനുഭവങ്ങളുടെ കാതലിനെ ശരീരസംവേദനങ്ങളിലൂടെ പകരാനുള്ള യത്‌നം വോങ്ങ് കവിതകളുടെ സവിശേഷതയാണ്. ബുദ്ധിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച വോങിനെ സംബന്ധിച്ച് മതപരമായ അനുഷ്ഠാനങ്ങളിലെ ശരീരപരത അബോധമായിത്തന്നെ കവിതകളിലേക്കും സംക്രമിച്ചതാവാം.
2019 ൽ ആശുപത്രിയിലെ കാൻസർ വാർഡിൽ അമ്മ മരണാസന്നയായി കിടക്കവെ, താൻ എഴുതിയ ഏറ്റവും ശക്തമായ വരികൾ പോലും വ്യർത്ഥമെന്ന് തോന്നിയ കവിയായ മകൻ സ്വയം ചോദിച്ചു: "ആരാണ് ഓഷ്യൻ വോങ് ?'
വോങ്ങിന്റെ പെണ്ണുങ്ങൾ,ആണുങ്ങളും
വിയറ്റ്‌നാമീസ് സംസ്‌കാരത്തിലെ വാമൊഴിപാരമ്പര്യം വോങിന്റെ കുടുംബത്തിനും പകർന്നു കിട്ടിയിട്ടുണ്ട്. വിതയുടെയും കൊയ്ത്തിന്റെയും കാലത്തെ നാട്ടിപ്പാട്ടുകളായിരുന്നു നെൽക്കർഷകയായിരുന്നു അമ്മൂമ്മ അമേരിക്കയിലേക്കു കുടിയേറുമ്പോൾ കൂടെക്കൂട്ടിയത്. കുട്ടിയായിരുന്ന വോങിനെ അവർ നാടോടിക്കഥകളുടെ ഭ്രമലോകത്തിലേക്ക് നയിച്ചു. അമ്മയും അമ്മൂമ്മയും ചേർന്ന് വോങിനെ സൂക്തങ്ങളും വയൽഗീതങ്ങളും പഠിപ്പിച്ചു (തന്റെ അമ്മൂമ്മയുടെ ഒരു കമ്മൽ വലതു ചെവിയിൽ ധരിക്കുമായിരുന്നു കവി.)
ഒരു നെയ്ൽ സലൂണിൽ ജോലി ചെയ്തിരുന്ന മാതാവ് ഒരിക്കൽ താൻ ബീച്ചിൽ പോകാനാഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ബീച്ചിന് പകരം "ബിച്ച് ' എന്ന് ഉച്ചരിക്കുന്നതു കേട്ട് ഒരു കസ്റ്റമർ ആണ് "ഓഷ്യൻ' എന്ന വാക്ക് പരിചയപ്പെടുത്തുന്നത്. ഓഷ്യൻ - കടൽ ഗന്ധം പേറുന്ന ആ പേര് അമ്മ മകനിട്ടു. വിയറ്റ്‌നാമും അമേരിക്കയുമുൾപ്പടെ, പല കരകളെ തൊട്ടു നിൽക്കുന്ന കടൽ പലപ്പോഴും കവിതകളിൽ ഒരു രൂപകം കൂടിയാണല്ലൊ. (പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്ക വിയറ്റ്‌നാമുമായി കടൽമാർഗ്ഗമുള്ള വാണിജ്യബന്ധങ്ങളുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.) ആ വാക്ക് കുടിയേറ്റക്കാരൻകവിയുടെ പേരിനൊപ്പം ചേരുമ്പോൾ അതെത്രമേൽ ധ്വനിസാന്ദ്രമാമെന്ന് നിരക്ഷരയായ ആ അമ്മ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ?
The most beautiful part of your body is whereveryour mother's shadow falls.(Someday I'll love Ocean Vuong)
അമ്മയുമായുള്ള ഗാഢബന്ധമാവാം വോങിന്റെ കവിതകളിലെ മാതൃബിംബസമൃദ്ധിക്കു നിദാനം. അക്ഷരമാലയിലെ abc എന്നീ അക്ഷരങ്ങൾ മാത്രം പരിചയമുള്ള തന്റെ അമ്മയെ "ദ ഗിഫ്റ്റ്' എന്ന കവിതയിൽ വോങ് അടയാളപ്പെടുത്തുന്നു:
abcabcabc She doesn't know what comes after So we begin again: abcabcabc But i can ടee the fourth letter: a strand of black hair-unraveled from the alphabet &written on the cheek.
കവിയും അമ്മയും തമ്മിലുള്ള തീവ്രവൈകാരികബന്ധത്തിന്റെ അവ്യാഖ്യേയമായ ഒരനുഭവതലത്തെയാണ് ഈ കവിത പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ ഭാഷയും ശരീരവും ഇഴപിരിക്കാനാവാത്തവിധം കാവ്യശരീരമായി പരിണമിക്കുന്നു
2019 ൽ ആശുപത്രിയിലെ കാൻസർ വാർഡിൽ അമ്മ മരണാസന്നയായ് കിടക്കവെ താൻ എഴുതിയ ഏറ്റവും ശക്തമായ വരികൾ പോലും വ്യർത്ഥമെന്ന് തോന്നിയ കവിയായ മകൻ സ്വയം ചോദിച്ചു: "ആരാണ് ഓഷ്യൻ വോങ് ?'
... stop writingabout your mother they saidbut I can never take outthe rose it blooms back as my ownpink mouth ...
താനെഴുതിയതെല്ലാം അമ്മയ്ക്കു വേണ്ടിയായിരുന്നു. പനിനീർപൂക്കളെ ഏറെ ഇഷ്ടമായിരുന്ന അമ്മയ്ക്ക് ഒരു പനിനീർതോട്ടം തന്നെ സമ്മാനിക്കാൻ വോങിനു സാധിച്ചത് കവിതയെഴുത്തിലൂടെ കരഗതമായ ഭൗതികസൗദാഗ്യങ്ങളാലായിരുന്നു. അമേരിക്കയിലെ കുടിയേറ്റത്തിനു ശേഷം അധികം വൈകാതെ തന്നെ ഭാര്യയോടുള്ള ഗാർഹിക പീഢനത്തിന്റെ പേരിൽ വോങിന്റെ പിതാവ് ജയിലിലായി.പിന്നീട് അവർ വിവാഹമോചനം നേടി.എന്നിരിക്കിലും, പിതൃ-പുത്രബന്ധത്തിന്റെ തീക്ഷ്ണഭാവങ്ങളും വോങിന്റെ കവിതകളിൽ പ്രകടമാണ്.
"Personally, I'm asking who's my father.' (Telemachus)
Your father is only your father until one of you forgets. Like how the spine won't remember its wings
കവിതയിലും ജീവിതത്തിലും സ്വവർഗ്ഗാനുരാഗിയെന്ന നിലയിലുള്ള തന്റെ ലൈംഗികസ്വത്വം ഒരിക്കലും മറച്ചു വെക്കാൻ വോങ് മുതിർന്നില്ല. ഫോട്ടോഗ്രാഫറും അഭിഭാഷകനുമായ പീറ്റർ ബീൻകോവ്‌സ്‌കിയാണ് വോങിന്റെ പങ്കാളി. ലിത്വാനിയൻ ജൂതനാണ് ഇദ്ദേഹം. പുരുഷശരീരത്തെ ചുംബിക്കുന്നതിനെക്കുറിച്ച് ഒരു കവിതയിൽ വോങ് ഇങ്ങനെ കുറിയ്ക്കുന്നു:
"രാത്രിയുടെ വായിലേക്ക് വലിച്ചെറിയുംമുൻപ് ഒരാൾ ഗ്രനേഡിനെ ചുംബിക്കുന്ന പോലെ, മൃദുവായി.'
കാലം ഒരമ്മയാണ്
എട്ടു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട "നൈറ്റ് സ്‌കൈ വിത് എക്‌സിറ്റ് വൂണ്ട്‌സ്' നുശേഷം ഈ വർഷം പുറത്തിറങ്ങിയ "റ്റൈം ഇസ് എ മദർ' എന്ന സമാഹാരത്തിലെ കവിതകളിൽ, തീവ്രവൈകാരിക ബന്ധമുണ്ടായിരുന്ന അമ്മയുടെ വേർപാടു സൃഷ്ടിച്ച ദുഃഖത്തിൽ മാഴ്കുന്ന കവിയെ നാം കാണുന്നു.
When they zipped my mother in a body bag I whispered: Rose, get out of there.Your plants are dying.
Body, doorway that you are, be more than what I'll pass through.
and I was lifted, wet and bloody, out of my mother, screaming
ഈ വ്യസനസന്ധിയെ അതിവർത്തിക്കാനുള്ള നിശ്ചയദാർഢ്യവും കവിയ്ക്കുണ്ട്.
"I was made to diebut I'm here to stay.'(The Last Dinosaur)
ജീവിതത്തിന്റെ അസംബന്ധതകളെകുറിച്ച് വാചാലനാകുമ്പോഴും (‘നോട്ട് ഈവൻ' എന്ന കവിത) ജീവിതനിഷേധമോ ശൂന്യതാബോധമോ കവിയെ ഭരിക്കുന്നില്ല.മരണത്തെ മറ്റൊരു തലത്തിലേക്കുള്ള ഒരു പ്രവേശികയായി കവി കണക്കാക്കുന്നു.
"പ്രിയ റോസ്' എന്ന കവിതയിലുടനീളം വിട പറഞ്ഞ അമ്മയോട് മൃദുഭാഷണം നടത്തുന്ന മകനെ കാണാം.മയക്കുമരുന്നിന് അടിമയായി ആത്മനാശത്തിന്റെ വക്കിലെത്തിയ കവിയെ അടയാളപ്പെടുത്തുന്നതാണ് "അമേരിക്കൻ ലെജൻഡ്'എന്ന കവിത. ഭാഷയിലും രൂപത്തിലുമുള്ള പരീക്ഷണവ്യഗ്രതയും ഈ കവിതകളിൽ ദൃശ്യമാണ്. വ്യക്തിപരമായ നഷ്ടബോധവും ,ഭഗ്‌നജീവിതങ്ങളും, അമേരിക്കൻ സമൂഹത്തിന്റെ ശൈഥില്യങ്ങളും ഉള്ളടക്കമാകുന്നുണ്ട് അവയിൽ.
Did I tell you? I come from a people of sculptorswhose masterpiece was rubble.(Almost Human)
"..എന്നിലെ ശ്രേഷ്ഠമായത് നിനക്കു തരാൻ വായനക്കാരാ, ഞാനെന്റെ ജീവിതം മോഷ്ടിച്ചിരിക്കുന്നു.'
എഴുത്തെന്നാൽ വോങിന് ആത്മബലി തന്നെയാകുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.