പുലാക്കാട്ട്​ രവീന്ദ്രൻ / Photo: Wikimedia Commons

മലയാള കവിതയുടെ വ്യത്യസ്തമായ ആനന്ദധാര

പുലാക്കാട്ട്​ രവീന്ദ്രന്റെ കവിത വായിച്ചും പഠിപ്പിച്ചുമുള്ള അനുഭവത്തിലൂടെ സഞ്ചരിക്കുകയാണ്​ കഥാകൃത്തും അധ്യാപകനുമായ വി.ആർ. സുധീഷ്​

ലനല്ലൂരിലെ സാഹിത്യസമിതിയുടെ ഒരു ക്യാമ്പിൽ 40 വർഷങ്ങൾക്കുമുൻപ്
പുലാക്കാട്ട് രവീന്ദ്രനെ വളരെ ദൂരെനിന്നുകണ്ട വിദൂരമായരോർമ കൂടെയുണ്ട്.
പിന്നീട് കോളേജ് ക്ലാസിൽ ഗരുഡ ധ്വനി എന്ന കാവ്യസമാഹാരം പഠിപ്പിച്ചപ്പോഴാണ് ആ കവിതയുടെ ജ്വലനമറിഞ്ഞത്.
ഈയിടെ കേരള സാഹിത്യ അക്കാദമി പുലാക്കാട്ടിന്റെ സമ്പൂർണ കവിതകൾ പ്രസിദ്ധീകരിച്ചു. ആ കവിതകളിലൂടെ കടന്നുപോയപ്പോൾ എന്നിലുണ്ടായ അത്ഭുതത്തിനതിരില്ല.
​അന്ധനും വിഷാദാവാനുമായി 25 വർഷങ്ങൾക്കുമുൻപ് ലോകം വെടിഞ്ഞ
പുലാക്കാട്ടിനെ ഇന്ന് എത്ര പേർ ഓർമിക്കുന്നു എന്നെനിക്ക് നിശ്ചയം പോരാ.

കാല്പനികതയുടെ ഇളംവെയിൽ പരന്ന പുലാക്കാട്ടിന്റെ കവിതകളിൽ മണ്ണും വിണ്ണും വിസ്തൃതമായി ശോഭിച്ചു. ജീവിതത്തിന്റെ ആരോഹണവും അവരോഹണവും ഈ കവിയെ പോലെ സൂക്ഷ്മത്തിൽ പറഞ്ഞുതന്നവർ ചുരുക്കമായിരിക്കും.‘ആരോഹണം’ നോക്കൂ

‘‘ഒന്നിലും നിൽപ്പുറയ്ക്കാത്തോരൊന്ന് അമ്മിഞ്ഞപ്പാൽച്ചുണ്ടാൽക്കൊഞ്ചും രണ്ട് മൂക്കീരൊലിപ്പിരിക്കും മൂന്ന് നാവിന്മേൽ നാടാകെത്തെണ്ടും നാല് പള്ളിക്കൂടത്തിലെ ബെഞ്ചിലഞ്ച് ഇങ്ങനെയിങ്ങനെ നാളേറെച്ചെല്ലുമ്പോ- ഴീരേഴുലകമേ പുല്ലെന്ന നാട്യത്തിലിരുപത് മൂപ്പെത്തും മുപ്പത് കൽപ്പിക്കും നാൽപത് വമ്പറ്റോരൻപത് പിറുപിറുക്കന്നോരറുപത് പഴുതുകൾ വീണോരെഴുപത് മൺ പൊത്തുമെൺപത് തൊണ്ണൂറ് നൂറ് വെണ്ണീറ്''

പിച്ചവെപ്പ് മുതൽ വെണ്ണീറായ് ഒടുങ്ങുന്നതുവരെയുള്ള ജന്മാരോഹണവും ജൈവിക ക്ഷയവും നടുക്കത്തോടെയാണ് ഈ കവിതയിൽ നാം അനുഭവിക്കുന്നത്. ധ്വനിസാന്ദ്രമായി കാവ്യശിൽപത്തെ സംഗ്രഹിക്കുന്ന രചനാതന്ത്രമുണ്ട് പുലാക്കാട്ടിന്. ഇളം വെയിലും പോക്കുവെയിലും നക്ഷത്രപരാഗവും പകൽ പൂരവും നിറഞ്ഞ പുലാക്കാട്ടിന്റെ കവിതകളിൽ മലയാള കവിതയുടെ വ്യത്യസ്തമായ ആനന്ദധാര മേളിക്കുന്നുണ്ട്.

സ്വക്ഷേത്രം എന്ന കവിതയിൽ അദ്ദേഹം എഴുതി:

‘‘സ്വന്തമാമൊരു വീടില്ലാത്ത ദുഃഖമേ നീയി - ന്നെന്നുള്ളിൽ പൊട്ടിച്ചോരു മാകാശമാകുന്നല്ലോ''

‘പൊട്ടിച്ചോരുന്ന ദുഃഖത്തിന്റോരാകാശം' പുലാക്കാട്ട് കവിതയിൽ കാണിച്ചുതന്നു.
‘ഒരോറ്റക്കതിരോനേ പൊലിപ്പിച്ചെടുക്കാനൊരുകോടി നക്ഷത്രം ധൂർത്തടിക്കുന്ന രാത്രി'- കുടമാറ്റം എന്ന കവിതയിൽ പറയുന്നതുപോലെ ഒരു കോടി നക്ഷത്രത്തെ ധൂർത്തടിച്ച് പൊലിപ്പിക്കുന്ന കതിരോന്റെ മാന്ത്രികപ്പൊലിമ പുലാക്കാട്ടിന്റെ കവിത പറഞ്ഞുതരുന്നു. അഞ്ച് പതിറ്റാണ്ട് മുൻപ് പാടി നടന്നിട്ടുണ്ട് പുലാക്കാട്ടിന്റെ ഈ പ്രേമവചനങ്ങൾ. എന്റെ ഓർമയിലേക്ക് ആ വരികൾ മൂളി എത്തുന്നു:

‘‘ഒക്കത്തു നീർക്കുടമേന്തി വന്നെത്തുന്ന തെക്കു പടിഞ്ഞാറൻ കാറ്റേ കണ്ടുവോ നീ പോരും പോരലിലെങ്ങാനാ കർഷകപ്പെൺകൊടിയാളെ?’’

​​​​​​​

കവിതക്കുള്ള 1990 - ലെ കേരള സാഹിത്യ അക്കാദമി അവാർഡ് സ്വീകരിച്ചപ്പോൾ
കവിതക്കുള്ള 1990 - ലെ കേരള സാഹിത്യ അക്കാദമി അവാർഡ് സ്വീകരിച്ചപ്പോൾ

നഷ്ടസൗഭാഗ്യങ്ങളും ഗൃഹാതുരതയും സ്‌നേഹനൈരാശ്യവും ആവർത്തിച്ചുവരുന്നുണ്ട് ഈ കാവ്യലോകത്തിൽ. മണ്ണിലടിഞ്ഞു കിടക്കുന്ന വെയിലിനെ, നിലാവിനെ ലാളിച്ച അന്ധ നേത്രങ്ങൾക്കപ്പുറത്തെ ദീർഘനിരീക്ഷണങ്ങൾ അസാധാരണം.
‘രാത്രിയും പകലും മുറിയുന്ന ദിക്കിൽ സന്ധ്യ ചുവന്നു ചുവന്നൊലിപ്പൂ' എന്നെഴുതിയ ഈ കാവ്യ വെളിച്ചത്തെ കാണാതെ പോകരുത്. അനായാസമായ കൽപ്പനാ സിദ്ധികൊണ്ട് അനുഗ്രഹിക്കപ്പെട്ട പുലാക്കാട്ടിന്റെ കവിതകളിലൂടെയുള്ള തീർത്ഥാടനം കൊണ്ട് ധന്യമായി എന്റെ രാപ്പകലുകൾ. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. ആർ. സുധീഷ്

കഥാകൃത്ത്​, അധ്യാപകൻ. വംശാനന്തര തലമുറ, വിമത ലൈംഗികം, തെരഞ്ഞെടുത്ത കഥകൾ, മലയാളത്തിന്റെ​​​​​​​ പ്രണയകഥകൾ (എഡിറ്റർ), മദ്യശാല (എഡിറ്റർ) തുടങ്ങിയവ പ്രധാന കൃതികൾ

Comments