എസ്. കലേഷ്

കലേഷ് എഴുതുമ്പോൾ
അതിർത്തികൾ കലങ്ങിമറയുന്നു

എസ്​. കലേഷിന്റെ കാവ്യം എന്റെയും കലേഷിന്റെയും ഭാഷയുടെയും പ്രദേശത്തിന്റെയും കാലത്തിന്റെയും കെട്ടുപൊട്ടിച്ച് അതിർത്തികൾ മായ്ച് പറക്കുകയാണ്, പരക്കുകയാണ്. അവ എന്നെ ആഴപ്പെടുത്തുന്നു.

സ്. കലേഷ് എഴുതുന്നത് ഗ്രാമീണൻ ആയിട്ടോ നാഗരികൻ ആയിട്ടോ അല്ല. കലേഷ് ആലോചിച്ചു നടക്കുന്ന ഒരു മനോരാജ്യക്കാരനോ കാൽപ്പനികനായ ഒരു കാമുകനോ ജീവിതത്തെ മുന്നോട്ടും പിന്നോട്ടും ഓടിക്കുന്ന ഒരു ഡ്രൈവറോ ആണ്. അയാൾ ആനക്കാരനും ആണ്.

1936ൽ സ്വന്തം ദൈവങ്ങൾ നഷ്ടപ്പെട്ട കൂട്ടം, ദൈവങ്ങളില്ലാതെ ജനിച്ചതാണ് അമ്മ പോലും. പിന്നെ കിട്ടിയ ദൈവങ്ങൾ? (1936-ൽ ക്ഷേത്ര പ്രവേശന വിളംബരം കൊടുങ്കാറ്റ് പോലെ വീശിയ കാര്യം ഓർക്കുക). അമ്പലങ്ങളിലെ ബിംബങ്ങൾ മാത്രം. കലേഷിന്റെ ഹോൺ എന്ന കവിതയിൽ അടിച്ചേൽപ്പിക്കപ്പെട്ട ദൈവങ്ങളോടുള്ള വെറുപ്പുണ്ട്. മുപ്പതുകളിലെ, നാൽപ്പതുകളിൽ തുലഞ്ഞുപോയ ദൈവങ്ങൾ വാസ്തവത്തിൽ അതിപ്രാചീനരാണ്. പക്ഷേ, വഴികൾ തുറക്കാനോ അടിക്കുന്നവരെയും ചവിട്ടുന്നവരെയും തുപ്പാനോ തുരത്താനോ ആ ദൈവങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. വഴി നടക്കാതിരുന്ന ഇടങ്ങളിലൂടെ പുതിയ ഒരു മനുഷ്യൻ/ത്തി കാറോടിച്ചു പോകുന്നു. വയലുകളിൽ വിതയും കൊയ്ത്തും ഇല്ല, എല്ലാം നികത്തി പോയി. വയലുകൾ മാത്രമല്ല, ഉയർച്ചത്താഴ്ചകളൊക്കെ നികത്തി പോയി. ചെങ്കുത്തായ കയറ്റങ്ങളിലേക്ക് ചിറകടിക്കുന്നു പുതിയ മനുഷ്യൻ!

ഇപ്പോഴും ആഴം വെയ്ക്കുന്ന ഹിന്ദുത്വ/ബ്രാഹ്മണ്യ അധീശത്വം മറക്കുകയാണോ ഞാൻ? ഒരിക്കലുമല്ല. ജീവിതം സങ്കീർണമാണ്, കവികളും സർഗാത്മക പ്രവൃത്തികളി​ലേർപ്പെടുന്നവരും അത് പകർത്താൻ ശ്രമിക്കണം എന്ന തോന്നൽ പങ്കിടുകയാണ്.

കലേഷിന്റെ കവിതകളിൽ ആനന്ദം കൂടിയുണ്ട് എന്നത് എന്നെ നനയ്ക്കുന്നു.
സ്ത്രീവാദത്തിൽ എന്ന പോലെ ദലിത് വാദത്തിലും പഴയ കാലങ്ങളിലെ കണ്ണീരും ചോരയും ചളിയും പട്ടിണിയും പ്രമുഖമാകുന്നു. കവിതയെഴുത്ത് പോരാട്ടമാകുന്നു. എല്ലാം നഷ്ടപ്പെട്ടവരും അടിമകളായവരും ആടിപ്പാടിയിരുന്ന നിമിഷം മാത്രം പൊക്കിയെടുത്ത്, പഴയ ജന്മി /നമ്പൂതിരി/തീണ്ടൽ/തൊട്ടുകൂടായ്മ എല്ലാം ചവിട്ടി ചേറിലാഴ്​ത്തിയ മണ്ണിന്റെ സ്വന്തം തൊഴിലാളികളുടെ യാതനാജീവിതം മറക്കാനാണോ ഞാൻ പറയുന്നത്?
ഇപ്പോഴും ആഴം വെയ്ക്കുന്ന ഹിന്ദുത്വ/ബ്രാഹ്മണ്യ അധീശത്വം മറക്കുകയാണോ ഞാൻ? ഒരിക്കലുമല്ല. ജീവിതം സങ്കീർണമാണ്, കവികളും സർഗാത്മക പ്രവൃത്തികളി​ലേർപ്പെടുന്നവരും അത് പകർത്താൻ ശ്രമിക്കണം എന്ന തോന്നൽ പങ്കിടുകയാണ്.

കാക്കനാട്, എന്റെ വീട്ടിന്റെ അടുത്ത ജോസേട്ടന്റെ തൊടിയിൽ ഒരു കുളമുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. അതിപ്പോൾ ഇല്ല തന്നെ, പക്ഷേ ഒരുപാട് മീൻകൊത്തികൾ ആ മൂലയിലേക്ക് ഇപ്പോഴും പറക്കുന്നു, തിരിച്ചുപോകുന്നു. ജീനുകളിൽ കൊത്തിവെച്ചിട്ടുണ്ടാകുമോ കുളത്തിന്റെ ഓർമ? ജീനുകളുമായി ബന്ധപ്പെടുത്തുകയല്ല, ചേറിലും ചളിയിലും ജീവിച്ചവരുടെ അദ്ധ്വാന ചരിത്രം. കിങ് ഫിഷർ എന്ന കവിതയിൽ കലേഷ് അദ്ധ്വാന ചരിത്രം അടയാളപ്പെടുത്തുന്ന രീതി വ്യത്യസ്തമാണ്.

പാടത്ത് വീണുടഞ്ഞവർ വിത്തായ് മുള പൊട്ടി

വേരുകൾ നീർ തേടിയലഞ്ഞൂ മുളച്ചൂ ചേറിൽ പച്ച

വിളഞ്ഞൂ വിത്തിൽ പാടം പച്ചയിൽ പച്ചയാം പാടം

പറന്നൂ നീലമേഘം നീലയിൽ നീലയാം പൊന്മാൻ വിളവും തണുവും വെയിലും നുകർന്നിരിപ്പാണ് പൊന്മാൻ .

പഴഞ്ചനാം പണിക്കാരൻ പൊന്മാൻ? പറക്കുന്നു പൊടുന്നനെ പൊൻമാൻ പിടയ്ക്കും പരൽമീൻ ആ ചുണ്ടിൽ.

ഈ കവിത കലേഷിന്റെ സ്വവംശ ചരിത്രത്തോടുള്ള ഒരു സവിശേഷ നോട്ടം കൂടിയാണ്. അതേസമയം, ആ കുരുവി വേദന കൂടിയാണ്. ആ കുരുവിയുടെ കൂട് എന്ന കവിത ഇതിന്റെ കൂടെ വായിക്കുക.

എസ്. കലേഷ്

മരങ്ങൾ വളർന്നുവന്ന് കൊടുങ്കാടായി മാറിയ ദിവസം ജനാലകളെല്ലാം തുറന്നിട്ട് അകത്തേക്കു വളർന്നു തുടങ്ങിയ ഒരു കൊമ്പിൽ കണ്ണുറപ്പിച്ച് അയാൾ കാലുകുടഞ്ഞു.

ആണ്ടുകളോളം കാടിനുള്ളിൽ അലഞ്ഞുനടന്ന നഗരവാസിയെന്നു തോന്നിപ്പിക്കുന്ന ഒരുവനെ അടുത്തിടെ കാടുകയ്യേറാനെത്തിയ ഒരു സംഘം കണ്ടെത്തി.

‘ആണ്ടുകളോളം കാടിനുള്ളിൽ അലഞ്ഞു നടന്ന നഗരവാസി’ എന്ന്​ കലേഷിന്റെ കവിതയെയും വിളിക്കാം. മാധവിക്കുട്ടിയുടെ, ജനാലയിലൂടെ വന്ന്, ഫാനിന്റെ തട്ട് കൊണ്ട് തെറിച്ച കുരുവിയെ പോലെ ഇതും ഒരു പ്രതിബിംബം മാത്രം. ആ കുരുവി എത്രയോ കൊല്ലങ്ങളായി അയാളുടെ കാലിൽ ഒളിച്ചുതാമസിക്കുന്നു. വളരെ ലളിതമായി തുടങ്ങി, ഇരുട്ടും പച്ചപ്പും അനിശ്ചിതത്വവും നിറഞ്ഞ ഒരു വൈകാരിക സ്മൃതിമണ്ഡലമായി ഈ കവിത മാറുന്നു. ‘സങ്കടത്തിനുപോലുംസങ്കടം സഹിക്കവയ്യാതെ', ‘കരച്ചിൽ കണ്ട കണ്ണീരിനുവരെ കണ്ണീരുവന്ന' ഒരു ഓർമ എരിവേനലിൻ വിത്ത് എന്ന കവിതയിലുണ്ട്. കുട്ടിയ്ക്ക് കളിപ്പാട്ടം നഷ്ടപ്പെട്ടു എന്ന പ്രമേയത്തിൽനിന്ന് വേനലും നീർപാതയും തമ്മിലുള്ള സമരം പൊട്ടിക്കിളിർക്കുന്നു.

രണ്ടു നീർച്ചാലുകൾ പൊട്ടിയൊഴുകി അക്കളിപ്പാട്ടം തിരഞ്ഞുപോകാനിറങ്ങി.

വാഴത്തോപ്പിലേക്കിറങ്ങി ഈടി ചാടി നീർപാതയായ് നീന്തിമുന്നേറുമ്പോൾ അതാ, ഒരു കൊടുംവേനൽ കൈലി മടക്കിക്കുത്തി മീശപിരിച്ച് ചുണ്ടിൽ തീയെരിച്ച് എതിരെ നടന്നുവരുന്നു.

വേനലും നീർപാതയും കണ്ടപാടെ തമ്മിലിടഞ്ഞു. ഇങ്ങോട്ടിനിയൊഴുകിയാൽ അങ്ങോട്ടടി പൂരമെന്നു വേനൽ.

വേനലിന്റെ വാതിൽപ്പടിയിൽ ഞാന്നുനിന്ന വെയിൽഗുണ്ടകൾ ഉടനടി ചാടിയിറങ്ങി നീരൊഴുക്കിന്റെ അസ്ഥി പിളർത്തി.

വാലേവാലേ നീന്തിയ മീനുകൾ ചെളിയിലേക്ക് ഊളിയിട്ടു. പായലുകളുടെ പച്ചസാരിയിൽ തീ പടർന്നു പൊത്തുകളിലേക്ക് പിൻവലിഞ്ഞ ഞണ്ടുകൾ കൈകൾ താടിക്കുകൊടുത്ത് ശ്വാസംകഴിച്ചു. വളഞ്ചൻ പുളഞ്ചൻ വരകളായി പൊളകന്മാർ മണ്ണിലളിഞ്ഞു.

അക്കൊടുവേനൽ കനലുകൾ തുപ്പി വിത്തുകളെറിയും മണ്ണിൽ പൊട്ടിമുളച്ചുയിർകൊള്ളും നാമ്പായ് കുട്ടികളാവഴി ചിതറി

കല്ലുകൾ കടയും കാൽവെള്ളകളിൽ തിങ്ങും കുമിളക്കുള്ളിൽ പൊള്ളുംനീരും ഉൾക്കിടിലങ്ങളും വിങ്ങിയൊതുങ്ങിയിരുന്നു

വല്ലാത്ത ഒരു രേഖാചിത്രണമാണിത്- വേദനിപ്പിക്കുന്നത്, തോൽപ്പിക്കുന്നത്.
വെയിൽഗുണ്ടകളുടെ ഭരണത്തിന് ആക്കം കൊടുക്കുന്ന ഭരണകൂടങ്ങൾ, ജീവിത രീതി, പുതിയ തരം അറിവുകളുടെ ജ്വലനശേഷി ഇതെല്ലാം ഈ കവിത പകരുന്നു. കളിപ്പാട്ടവും ബാല്യകാലവും മാത്രമല്ല ഒരു ലോകം മുഴുവനും നഷ്ടപ്പെടുന്നു. ഞങ്ങളുടേതായിരുന്നു മണ്ണ്, ചളി, വരമ്പുകൾ, വെള്ളം, പുഴ, തോട്, നെല്ല് .... അതൊക്കെ ഒരു കളിപ്പാട്ടം കാണാനില്ലാതായ പോലെ മറഞ്ഞനെങ്ങനെയെന്ന ധീരവും വിങ്ങിപ്പൊട്ടുന്നതുമായ ചോദ്യം ഇതിലുണ്ട്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ചിന്താ/എഴുത്തു രീതികളെ ഓർമിപ്പിക്കുന്നതാണ് എസ്. കലേഷിന്റെ 'മീനുകളുടെ ശബ്ദത്തിൽ ഷൂളമടിക്കുന്ന ഒരാൾ' എന്ന കവിത. / Photo: Punalur Rajan

മീനുകളുടെ ശബ്ദത്തിൽ ഷൂളമടിക്കുന്ന ഒരാൾ എന്ന കവിതയിലും ഇതുണ്ട്. പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചിന്താ/എഴുത്തു രീതികളെ ഓർമിപ്പിക്കുന്ന ഈ കവിത വളരെ ശ്രദ്ധേയം. ഈ കവിത മുഴുവൻ എടുത്തു ചേർക്കാൻ ആഗ്രഹമുണ്ട്. പക്ഷേ, അത് ചെയ്യുന്നില്ല.ഒരു ഭാഗം ഇതാ.

തോരാനിടയില്ലാത്ത മഴ എങ്ങനെ തോർന്നു?

മേലോട്ടു നോക്കുമ്പോൾ, ആഹാ, പടുകൂറ്റൻ ആഞ്ഞിലിമരം. കവരങ്ങൾ വിരലുകളിൽ ചുരുട്ടിപ്പിടിച്ച മുട്ടകൾ; ആഞ്ഞിലിച്ചക്കകൾ, ഇലകൾക്കിടയ്ക്ക് അടയിരിക്കുന്നു. ആഞ്ഞിലിച്ചോട്ടിൽ കാക്കയും കാറ്റും കൊത്തിയിട്ട ചക്കകൾ. ചുറ്റുംപരക്കും മണത്തിൽ വായിൽ തുപ്പലുറവ പൊട്ടി. ചക്ക തുന്നിച്ച് ചുള കടിച്ചീമ്പി കുരു തുപ്പിത്തുപ്പിനിന്ന് നേരംപോയി. അകലെ, വാഴത്തോപ്പും പായൽമൂടിയ പാത്തികളും അവിടെ ഇരുണ്ടുകൂടും വൈകുന്നേരവും ഒന്നു പെട്ടെന്നുവാടാ കൂവേന്ന് കോളാമ്പിയിലൂടെ വിളിച്ചു പറഞ്ഞോണ്ടിരുന്നു

കവിതാനായകൻ /ഇയാൾ നൂൽകനമുള്ള മണ്ണിരയോട് എവിടെയെങ്കിലും പോയി ജോലിയെടുത്തു ജീവിക്കാനുപദേശിക്കുന്നു. മണ്ണിരയുടെ ജന്മം തന്നെ പണിയെടുക്കലും മണ്ണിളക്കലും ആണെങ്കിലും അതിനെ ഉപദേശിക്കുന്നത് സർവ സാധാരണം. പക്ഷിയെ പോലെ പറക്കുന്ന ഒരമ്മയുടെ മകന് ഒരുപാട് മീനുകൾ കിട്ടുന്നു. ഇയാൾക്ക് കിട്ടുന്നില്ല ഒന്നും.

മുശിയും വരാലും കാരിക്കൂട്ടങ്ങളും നിശബ്ദത ചെവിയോർത്ത് നീന്തും പാത്തികൾ. മഴപെയ്താലും താഴേക്ക് തുള്ളി പൊഴിക്കാതെ മുറം വീശുന്ന ഏത്തവാഴകൾ. വാഴക്കൂമ്പിലെ തേനീമ്പി അമ്പുകളായി തെറിക്കും ഞർക്കീലുകൾ. നീളനുടലും അതിനൊത്ത ചിറകുകളുമായി, പതുക്കനെ പറക്കും തോട്ടുതുമ്പികൾ. തൻഭോഗത്തിലും മീൻകറി നാവടി പൊള്ളിക്കുമ്പോഴും പുറപ്പെടുന്നതരം ശ്വാസമെരിയും ഈറൽ ശബ്ദവുമായി പതുങ്ങിയിഴയുന്ന വിഷപ്പാമ്പുകൾ. അവ പത്തിവിരിച്ച് മഴകൊണ്ടിണചേരുന്ന ചേമ്പിൻകാടുകൾ. അന്നത്തെ ഞാൻ ഇറങ്ങിനിന്നാൽ അരവരെ മുങ്ങും വീതികുറഞ്ഞ തോട്. അതിനുമുകളിൽ തട്ടുതട്ടായി കുന്ന്. കുന്നുകേറിയാൽ ആഞ്ഞിലിത്താനത്തേക്ക് പോകുന്ന മെറ്റലിളകിയ റോഡ്.

ഒരുനാൾ പാത്തിയിലെത്തുമ്പോൾ ഞാനിരിക്കുന്നേടത്ത് അവൻ ഇരിപ്പുറപ്പിച്ചിരുന്നു: പക്കി; മരങ്ങളിലായിരുന്നവൻ. അവൻ കൈതൊടാകിളികളൊന്നും ആ വയലിനുമേലേ വിടർന്നിട്ടില്ല. എന്നിരിക്കിലും മരങ്ങളിലായിരുന്നില്ല, തോടിനക്കരെ, ഒരു മുളങ്കാടിനടുത്തായിരുന്നു അവന്റെ വീട്. അവന്റമ്മേടെ പേരിൽ ആ വീടിരിക്കും നാട് അറിയപ്പെട്ടു. പക്ഷിയെപ്പോലെ അവർ പറക്കുമെന്ന് ബന്ധുക്കളായ രണ്ടു ചേട്ടന്മാർ ഒരു കല്യാണവീടിന്റെ പിന്നിലിരുന്ന് അവരെ നോക്കി പ്രത്യേകതാളത്തിൽ, ശബ്ദത്തിൽ കണ്ണും ചുണ്ടും കോട്ടി പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. അവനെ കണ്ടമാത്ര ഞാനതൊക്കെ ഓർത്തു.

ഇവനും അവരെപ്പോലെ പറക്കുമോ?

ഇത്രയ്ക്കും സുന്ദരമാകാൻ കലേഷിന്റെ കവിതാഭാഷയ്ക്ക് കഴിയുന്നത് ഓർമയുടെ തീക്ഷ്ണത കൊണ്ടും അനുഭവത്തിന്റെ ചരിത്രപരത കൊണ്ടുമാണ്.
കവിത തുടരുന്നു:

പിന്നെയും പിന്നെയും പിന്നെയും ചൂണ്ടയിട്ടനേരം ലോകമൊരിരുണ്ട ഭൂഖണ്ഡം. എനിക്ക് വീട്ടിൽ പോകണമെന്നുണ്ട്. എന്നാലെനിക്കുപോകാനാകുന്നില്ല. എങ്ങനെ മടങ്ങും ഞാൻ? മീനുകൾ കൂട്ടംകൂടി എന്നെ ചൂണ്ടയിട്ടോണ്ടിരിക്കുകയായിരുന്നു. കൊളുത്ത് അണ്ണാക്കിൽ കൊരുത്തുപോയിരുന്നു. എന്നെ കൊളുത്തിയ ചൂണ്ടക്കോൽ ചുണ്ടിലുറപ്പിച്ച മീനുകൾ വെള്ളത്തിലൂടെ ചെകിളവീശി നീന്തി. കരയ്ക്കു ഞാനങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു

മനുഷ്യരെ മീനുകൾ ചൂണ്ടയിടുന്നത് ബഷീറിലും കവിഞ്ഞ ഒരു ലോകബോധമാണ്. പക്ഷേ, കവിത ഇവിടെ അവസാനിക്കുന്നില്ല.

എവിടെയെങ്കിലും ചിമ്മിനിവെട്ടം തെളിയുമ്പോൾ ആ വെളിച്ചത്തെ അപ്പാടെ പിന്തുടരുന്ന ഇരുട്ട് കാണാനാകും കണ്ണുകൾ അങ്ങനെയാണെനിക്ക് പതിച്ചുകിട്ടിയത്

എന്നാണ് അവസാനം.
വെളിച്ചത്തെ കാണാൻ എളുപ്പമാണ്, അതിന്റെ പിന്നിൽ ഇരുട്ട് ഒളിച്ചുവെച്ചിരിക്കുന്നതുകാണാൻ വളരെ പ്രയാസമാണ്. അത് കവിക്കുമാത്രമുള്ള ഒരു വെല്ലുവിളിയാണ്.

കഫെ പപ്പായയിൽ വെച്ച് നടന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ട് കവിത' എന്ന പൊതുപരിപാടിയിൽ കലേഷ് കവിത ചൊല്ലുന്നു (2018).

സ്ത്രീ എന്ന നിലയ്ക്ക് ഞാൻ നേരിടുന്ന ഈ വിഷമം, ദലിത് എന്ന നിലയ്ക്ക് കലേഷും നേരിടുന്ന പോലെ, എന്റെ ഹൃദയം ഈ വരികൾ വായിക്കുമ്പോൾ പെരുമ്പറ കൊട്ടുന്നു. പ്രത്യയശാസ്ത്രത്തിനും ഭരണകൂടത്തിനും വെളിച്ചത്തിന്റെ ഭാഷയാണ്. അത് താരതമ്യേന എളുപ്പമാണ്. കാരണം ചരിത്രം എനിക്ക് എന്റെ (വ്യക്തിയായ എനിക്കല്ല, ഓരോ പിന്തള്ളപ്പെട്ട എനിക്കും) പിന്നിലെ ഒരു രക്തം ചളിയാക്കിയ പാടമാണ്, അതിലെ അദ്ധ്വാനം മാത്രമായിരുന്നു എന്റെ ജീവിതം; മർദ്ദനം, ഒറ്റപ്പെടുത്തി ഒതുക്കുന്ന തീണ്ടലും തൊടീലും, ജന്മിമാരുടെ കണ്ണിച്ചോരയില്ലാത്ത ചൂഷണം - അവിടത്തെ വേദനകളെ അടയാളപ്പെടുത്താനും അവ മാറ്റാൻ പുതിയ നിയമങ്ങളുണ്ടാക്കാനും എളുപ്പമല്ലെങ്കിലും അത് താരതമ്യേന സാധ്യമാണ്. അതാണ് നിയമത്തിന്റെ, പൗരബോധത്തിന്റെ, അറിവിന്റെ, വെളിച്ചത്തിന്റെ വഴി.

എന്നാൽ അതിന്റെ പിന്നിലെ ഇരുട്ടിനെ കൂടി കാണാനും അതിലുണ്ടായിരുന്ന ചില പച്ചപ്പുകളും ഇളക്കങ്ങളും കൂടെ കൊണ്ടുപോകാനും അസാധ്യമായ ഒരു കാലമാണിത്. മർദ്ദനം, ഒറ്റപ്പെടുത്തൽ, വൈധവ്യം തുടങ്ങിയ വലിയ വേദനകൾക്കിടയിലും അവിടവിടെ ആനന്ദമുണ്ടായിരുന്നു സ്ത്രീകളുടെ ജീവിതത്തിലും. അവിടത്തെ വേദനകളെ എന്തു ചെയ്യും, ഈ മണ്ണിന്റെയും ചളിയുടേയും തുറന്ന ആകാശത്തിന്റെയും ആനന്ദങ്ങളെ ഓർക്കുമ്പോൾ?
ഈ സങ്കീർണ്ണതയെ ഒപ്പിയെടുക്കാൻ ഏറെക്കുറെ കലേഷിന്റെ കവിതകൾക്ക് കഴിയുന്നു. ആട്ടക്കഥ എന്ന കവിത ഇതിനുദാഹരണം.

അപ്പോൾ കേട്ട കുത്തുപാട്ടിന്റെ താളം അവളുടെയച്ഛനെയെടുത്തങ്ങലക്കി. പിടഞ്ഞെണീറ്റയാൾ കൈവിടർത്തി കാൽവീശി അരയിളക്കിയൊരലമ്പൻ ചുവടെടുത്തു. അതുകണ്ട ബ്രോ കൈമസിലുകളുരുട്ടി തുടർചുവടുകളായി. പാത്രങ്ങൾ കയ്യിലേന്തി അവളുടെയമ്മയുടെ അടുക്കളച്ചുവടുകളും.

എന്റെ നേരമെത്തി- നൂഴ്ന്നിറങ്ങി പുറത്തേക്കോടും വഴിതെരഞ്ഞു ഞാൻ, എന്നാൽ താളം എന്റെ കാലുകളെ ചുറ്റിവളഞ്ഞു. നാസിക് ഡോളിൽ തണ്ടെല്ലൂരി,യടിച്ചുകൊണ്ടൊരദൃശ്യസംഘം ഞരമ്പിലൂടെ കടന്നുപോയി.

ഞാൻ ചുവടുകളായി ആ ചുവടുകളിലവരും ചുവടുകളായി. മുറിക്കുള്ളിൽനിന്ന് ആടിയിറങ്ങി അവളെന്നെ ചുറ്റിപ്പടരുമ്പോൾ അവൾക്കൊത്ത ചുവടാകുന്നു ഞാൻ എനിക്കൊത്ത ചുവടാകുന്നവൾ.

ഞങ്ങളുടെ ആട്ടം കണ്ട് അവളുടെ അച്ഛനുമമ്മയും ചിരിച്ചുതുള്ളി ബ്രോ, കൈമസിലുകൾ ഊരിയെടുത്ത് റബ്ബർപന്താക്കി തട്ടിത്തുള്ളി.

വിയർപ്പിലുലയും ഉടലുകളെഴുതി കലർപ്പിൻ കളി. അക്കളിതുടരെ പാട്ടിന്റെ വരികൾ തീർന്നുപോയി വിതച്ചിട്ട താളം കപ്പലേറി അവൾ മുറിക്കുള്ളിലേക്കും.

കലർപ്പിൻകളി അവസാനിച്ചതിനാൽ അവളുടെയച്ഛൻ എന്നെ തുറിച്ചുനോക്കി. വെറുപ്പൊലിച്ചിറങ്ങും കണ്ണുകളിലൂടെ ബ്രോ എന്റെ നേരേ കവാത്തുനടത്തി. ചെകിടിലേക്ക് വന്നുവീണ കൈപ്പത്തിയിൽ പാമ്പ് മൂളുന്ന ശബ്ദം ഞാൻ കേട്ടു. എന്നാൽ ആ നിമിഷം ടീവിയിൽ ഒരു കുത്തുപാട്ടിന്റെ ആദ്യവരി,യതിന്റെയടാറ് താളം.

പാട്ടിലാടാൻ അവളുമെത്തുമ്പോൾ കിടുക്കിമോനേ പുതിയ ചുവടെന്നവളുടെയച്ഛൻ. ചായക്കോപ്പ മുകളിലേക്കിട്ട് അമ്മാനമാടുന്നവളുടെയമ്മ. ഇരുമ്പ് മസിൽപന്ത് ചിരിച്ചുകൊണ്ടെനിക്ക് വച്ചുനീട്ടി ചങ്ക്ബ്രോ!

എവിടേക്കെങ്കിലും ഇറങ്ങിയോടാമെന്നവൾ. മൂളുന്ന ചെകിടുകൾക്കും നിനക്കും മുന്നേ ഇറങ്ങിയോടേണ്ടിയിരുന്നുവെന്ന് ഞാൻ.

പാട്ടിന്റെ അവസാനവരിക്കുവേണ്ടി ഞങ്ങൾ കാത്തുതുള്ളി

ഞങ്ങൾ സിറ്റൗട്ടിലിറങ്ങി ചുവടുവെച്ചു അവർ തുള്ളിത്തുള്ളി പിറകെവന്നു

ഞങ്ങൾ മുറ്റത്തിറങ്ങി ചുവടുവെച്ചു അവർ തുള്ളിത്തുള്ളി മുറ്റത്തെത്തി

ഞങ്ങൾ ഗേറ്റുകടന്ന് ആടിയുലഞ്ഞു അവർ ഗേറ്റിനകമേ ആരവമായി.

അവസാനവരിയും അവസാനിക്കെ പെപ്പരപെപ്പരയൂതി നിശബ്ദത കാഞ്ചിവലിച്ചു. റോട്ടിലിറങ്ങി ഓടും ഞങ്ങൾക്കു പിറകെ ഇരുട്ട് നിലവിളിച്ചുകൊണ്ടോടിപ്പരന്നു.

ഈ കവിത ഒരു പ്രാചീന നാടോടിക്കഥ പോലെയുള്ള ആഖ്യാനരൂപം എടുത്തിരിക്കുന്നു. ഒരു മായാലോകം പോലെ. അൽഭുതകരമായ വാദ്യങ്ങളോ കുടുക്കകളോ പാത്രങ്ങളോ ഉള്ള കഥകൾ. ഒരു വീണയോ പുല്ലാങ്കുഴലോ വായിച്ചാൽ ഒരു ക്രൂരമൃഗത്തെ ഇണക്കാം.

ഇടു കുടുക്കേ ചോറും കറീം എന്നു പറയുമ്പോൾ ഒരു കുടുക്ക എന്തും തരും.
ഒരു ചെണ്ട കൊട്ടിയാൽ സൈനികർ വന്നു നിരക്കും. അതു പോലെയാണീ കവിതയിലെ ക്രിയാംശം വിന്യാസിച്ചിരിക്കുന്നത്. ഒരു കുത്ത് പാട്ട് പ്ലേ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആർക്കും ഒരു പ്രശ്‌നവുമില്ല, കാമുകിയും അമ്മയും അളിയനും അച്ഛനും ഒക്കെ അവന്റെ കൂടെ തന്നെ. പാട്ട് നിന്നാൽ ചങ്ക് ബ്രോ അവന്റെ കരണത്തു പൊട്ടിയ്ക്കും, ഗേറ്റ് കടത്തി വിടും. പാട്ടുള്ളപ്പോൾ എല്ലാം സുഖം. ചാപ്ലിന്റെ സിറ്റി ലൈറ്റ്‌സ് എന്ന സിനിമയിലെ കുടിയന്റെ പോലെ എന്നും പറയാം. ഈ പാട്ട് പ്രാചീനമായ ഒരു ഓർമയും, ചിഹ്നവ്യവസ്ഥയുമാണ്. പഴയ രക്തം പുതിയ സിരകളിലേക്ക് തുള്ളി വരും നേരം. പുതിയ ലോകത്തിന്റെ വീടും അടുക്കളയും ടി വിയും ഉള്ള ഇടം ഇയാളെ ഇറക്കി വിടുന്നു. ഒരു പാട് വായനകൾ സാദ്ധ്യമായ കവിതയാണിത്.

...എന്നാൽ താളം എന്റെ കാലുകളെ ചുറ്റിവളഞ്ഞു. നാസിക് ഡോളിൽ തണ്ടെല്ലൂരി,യടിച്ചുകൊണ്ടൊരദൃശ്യസംഘം ഞരമ്പിലൂടെ കടന്നുപോയി.

ഈ താളവും പ്രാചീന ഉയിരടയാളങ്ങളും കവിതയിൽ പോലും ശേഷിക്കാത്ത വിധം എവിടെ പോയി മറഞ്ഞു? പ്രാചീനർ വെറും മർദ്ദിതർ മാത്രമായിരുന്നോ? അവർക്ക് അവരുടെ ദൈവങ്ങളും പാട്ടുകളും നൃത്തവും ഭക്ഷണരീതികളും ഉണ്ടായിരുന്നില്ലേ. കവികളും സാമികളും ഉണ്ടായിരുന്നില്ലേ. മരിച്ചുപോയവർക്ക് ഇടവും തണ്ണീര് കൊടുക്കലും (വെള്ളം കുടി) ഉണ്ടായിരുന്നില്ലേ. കല്ലെടമുട്ടിയേ പോലെ വെള്ളത്തിനടിയിൽ കിടക്കുന്നവർ, കാറ്റിന്റെ ഒപ്പം പറന്നവർ ഒക്കെ ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം എനിക്ക് ഈ കവിതകളിൽ കേൾക്കാം.

ഒരു ജനതയുടെ മൊത്തം ജീവിതം മായ്ച്ചുകളഞ്ഞത് വിമോചകരായി വന്ന പടിഞ്ഞാറൻ അറിവുകൾ തന്നെയല്ലേ. ഒരേ സമയം ജാതി പോകുകയും അതോടൊപ്പം പുഴകളും മലകളും കരിനിലങ്ങളും പുരയിടങ്ങളും മണ്ണിനടിയിൽ ആവുകയും ചെയ്തു.

ടിവിയിൽ ചർച്ച
ചർച്ചയ്ക്കുമേൽ ചർച്ച
ചർച്ചയ്ക്കുമേൽ കൊടുംചർച്ച എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ സമകാല നിലയിലേക്ക് വിരൽ ചൂണ്ടുന്നു.അടമുട്ടകൾ എന്ന മഹത്തായ കവിതയിൽ ഒരു വീട്ടിൽ നിന്നൊഴുകി വരുന്ന മഞ്ഞ വെളിച്ചം അത്തരം ഒരാനന്ദത്തിന്റെ അവശേഷിപ്പാണ്.

വയലിനക്കരെ വിളക്കുപഴുത്ത് വെളിച്ചം തുപ്പും വീടുകൾ ആ വീടുകളെ തറഞ്ഞു നിൽക്കും തിട്ടകൾ നിർത്തെടാ എരപ്പേ... നിന്റെ നിലവിളിയെന്നലറി.

ഈ വിളക്കും വെളിച്ചവും നഗരത്തിന്റെ . പക്ഷേ, ഇനി വരുന്ന വെളിച്ചം പ്രാചീനം. ഒരു എണ്ണച്ചായ ചിത്രത്തിൽ നിന്നെന്ന പോലെ അത് പ്രസരിക്കുന്നു.

തോട് ഒച്ചവച്ചൊഴുകിപ്പരന്ന് നിശബ്ദമാകുന്നയിടം ഞങ്ങളുടെ കാലുകൾ നിശ്ചലമായി.

മുളങ്കാടുകൾക്കിടയ്ക്ക് ഒറ്റയ്ക്കുനിൽക്കുന്ന വീടിന്റെ വാതിൽപ്പാളിക്കിടയിലൂടെ പാതയിലേക്കൊലിച്ചിറങ്ങുന്നു സ്വർണംപോലുള്ള വെളിച്ചം.

ആ വെളിച്ചം കണ്ണിലടിച്ചതോടെ ഈയാംപാറ്റകളായി മാറി രശ്മികൾ മൊത്തിക്കുടിക്കാൻ ഞങ്ങൾ വാതിൽക്കലേക്കു പാറി.

അകത്ത് ചാണകം മെഴുകിയ തറയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ അങ്കംകഴിഞ്ഞ് പിറന്നപടി നേർക്കുനേരേയിരിക്കുന്നു ഒരുവനും ഒരുവളും. താളം, കിതപ്പിന്റെ താളം അവരുടെ ഉടലേൽ തിളങ്ങി.

അതേയിരിപ്പിൽ പിന്നിലേക്ക് കൈ പരതി ഒരു വാക്കത്തിയെടുത്തയാൾ വീശുമ്പോൾ ഒരു പഴുത്ത ചക്ക അവളുരുട്ടി മുന്നിലേക്കിട്ടു. പിളരും ചക്ക പരത്തുന്നു മുറിയിൽ മണം മഞ്ഞവെളിച്ചം. ഒരു ചുളയെടുത്ത് വായിലിട്ട് കുരുവയാൾ നാവുകൊണ്ടിലിഞ്ഞു തുപ്പുംനേരം കുരുകളഞ്ഞിട്ടവളും ചുള നുണയുന്നു.

തോപ്പംതോപ്പം ചുള ഇലിഞ്ഞു തിന്നുന്നവരുടെ വിരലുകളിലൂടെ കൂഴച്ചക്കതേനൊലിച്ചിറങ്ങി മുറിയെ മത്തുപിടിപ്പിച്ചു. മത്തടിച്ചുമത്തടിച്ചുമത്തടിച്ച് രണ്ടു കരിവണ്ടുകളായി മാറിയതിനാൽ ഞങ്ങളുടനെ തിരികെ പറക്കാനിറങ്ങി.

ഇത് മൺമറഞ്ഞുപോയ, ആർദ്രവും പരസ്പരം നിറയ്ക്കുന്നതുമായ രതി, ദാമ്പത്യം, ദാരിദ്ര്യത്തിലും കിട്ടിയിരുന്ന പ്ലാവിന്റെ നിധികുംഭം പങ്കുവെക്കൽ... എത്ര തരളം ഈ ദൃശ്യം. എന്റെ വംശം പൂണൂലിട്ടിരുന്നു എന്നതിനാൽ എനിക്ക് ഇതെഴുതാൻ പാടില്ലെന്ന്, അന്നത്തെ സന്തോഷങ്ങളെ കുറിച്ച് പറയുന്നത് അസമത്വങ്ങളെ മറക്കാൻ /മറയ്ക്കാൻ വേണ്ടി ആകുമെന്ന് എന്റെ രണ്ടു മക്കളും എന്നെ താക്കീത് ചെയ്യുന്നുണ്ട്. പക്ഷേ, എഴുത്തുകാരുടെ കണ്ണുകൾ സങ്കീർണതകളിൽ പതിഞ്ഞാൽ തിരിച്ചെടുക്കാൻ പറ്റാറില്ല, എത്ര വലിയ സങ്കടമാണെന്നോ അതിനെ വാക്കിലാക്കാൻ. കലേഷിന് അതു സാധിക്കുന്നത് പ്ലെയ്ൻ ആയ, ഒറ്റ നിറവും താളവും ഉള്ള അനുഭവങ്ങളെയും ചരിത്രപരതയെയും മാറിക്കടക്കാൻ കഴിഞ്ഞതു കൊണ്ടാണ്.ആട്ടക്കാരിയിലെ ഓരോ കവിതയും മുനയുള്ള, കൊളുത്തുള്ള വിത്താണ്, പല പല തലങ്ങൾ ഉണ്ടാവുന്നു വാക്കുകളിൽ.

സി. അയ്യപ്പൻ, എസ്. കലേഷ്, വി.എം. ഗിരിജ. കലേഷിന്റെ 'ഹെയർപിൻ ബെൻഡ്' എന്ന പുസ്തകത്തിന്റെ പ്രകാശനവേദി (2010).

പുലിയുടെ വാലേലൊരു വളളി പിണഞ്ഞു. കാലേലൊരു ഉറുമ്പിഴഞ്ഞു കാതേലൊരു പ്രാണി മൂളി. ഞെളിഞ്ഞെഴുന്നേറ്റ പുലി കണ്ണുമിഴിച്ചു നോക്കുമ്പോൾ പടർന്നു പന്തലിട്ടു പൂവുകൾ വിരിച്ച് ഒരു പയർതോട്ടം ചുറ്റും.

താഴത്തെ നിലയിൽ പാർക്കും വീട്ടുടമയുടെ മുഖം പുലി മനസ്സിൽ കണ്ടു. ഗ്രോബാഗിൽ അങ്ങേരിട്ട വിത്തുകളെത്രവേഗം തോട്ടമായി. ചതുപ്പായ ചതുപ്പെല്ലാം കെട്ടിടങ്ങൾ കെട്ടിപ്പൊക്കി അവയ്ക്കു മോളിൽ വിത്തിറക്കുന്നു കൃഷിക്കാരൻ! പുലി പുച്ഛിച്ചു.

വിത്തുകൾ വിളഞ്ഞു പൊഴിയുംകാലം വിടർത്തിപ്പിടിക്കാൻ ഒരുകൈ മണ്ണിൽ ഒളിഞ്ഞിരിപ്പുണ്ടെന്നു പാതിരാനക്ഷത്രത്തോട് പുലിയൊന്നു മുരളാൻ നോക്കി.

മറുപുറത്ത് നക്ഷത്രത്തിന്റെ കോട്ടുവാ കേട്ടു.(പായും പുലി)

എന്ന്​ ചരിത്രത്തിലെ ‘ചതുപ്പായ ചതുപ്പെല്ലാം കെട്ടിടങ്ങൾ കെട്ടിപ്പൊക്കി
അവയ്ക്കു മോളിൽ വിത്തിറക്കുന്ന കൃഷിക്കാരൻ' എന്ന സത്യസന്ധ രാഷ്ട്രീയ പ്രശ്‌നവും കലേഷ് ഉന്നയിക്കുന്നു.

കലൂർ ഒരു മലയായിരുന്നെങ്കിൽ ഞാനവിടെ പറന്നുചെന്നിരിക്കും മലങ്കാക്ക.

കലൂർ ഒരു കായലായിരുന്നെങ്കിൽ ഞാനതിന്റെ അടിത്തട്ടിൽ നീന്തും കല്ലെടമുട്ടി.**

മലയും കായലും ആകാതെ തിരക്കേറിയ കടൽനഗരത്തിലെ നാലുംകൂടിയ ഒരു തെരുവാകാനായിരുന്നു അതിന്റെ തീർപ്പ്.

മലങ്കാക്കയുടെ തൂവലുകൾ കൊഴിഞ്ഞു. കല്ലെടമുട്ടിയുടെ ചെതുമ്പലുകൾ വെയിലിൽ പറന്നു.

വൈലോപ്പിള്ളി ജനിച്ച, ബഷീർ പുസ്തകശാലകൾ ഇട്ട, തൊട്ടടുത്ത് ചങ്ങമ്പുഴയുടെ ഇടപ്പിള്ളി ഉള്ള ഒരു ഇടം, മലയാകാൻ വിസമ്മതിക്കുന്നെങ്കിലും ഒടുവിൽ ഇത് ഇങ്ങനെ ആവുക തന്നെ വേണ്ടി വരും. അന്ന് അതിൽ പണിയെടുക്കുന്നത് ആരാവും? ആസാം പണിക്കാരോ മലയാളികളോ?

കലൂരിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും നാലുംകൂടിയ തെരുവ് ഒരു മലയായി മാറിക്കഴിഞ്ഞിരുന്നു.

ആകാശത്തു നിന്ന് താഴേക്കു കാലുംനീട്ടിയിരിക്കും കായൽമണ്ണുറച്ച തിട്ടകൾ ഞാന്നു തറഞ്ഞു വളരും മരങ്ങളിൽ ഉറവകളുടെ ഓലി കാറ്റത്തു മലർക്കും ഇലകൾ മലമ്പാതകളിലൂടെ പുളയും കടൽനീല പാമ്പുകൾ.

ഒരു പർവ്വതാരോഹകനെപോലെ ഓരോ ഇടുക്കും ചവിട്ടിക്കയറി മലയുടെ മുകളിലെത്തുമ്പോഴേക്കും ഇരുട്ടു വീണു.

അടിവാരത്തിന്റെ പടിഞ്ഞാറേയറ്റം കടലിലേക്കൊഴുകും കായൽ നോക്കി ഒരു നിമിഷം നിന്നു.

ഇങ്ങനെ വൈരുധ്യങ്ങളെ ഭൂതം, ഭാവി, വർത്തമാനം മൂന്നിലും കാണുന്ന സത്യസന്ധതയാണ് എസ്. കലേഷിനെ സമകാലിക കവികളിലെ ഒരു വലിയ മരം ആക്കുന്നത്. കെട്ടിടമോ ഗ്രന്ഥശാലയോ കലാലയമോ അല്ല കലേഷിന്റെ കവിത. മരമോ പുഴയോ കായലോ ആണ്. ഒഴുക്കും വേഗതയും പച്ചപ്പും മഞ്ഞയും മഞ്ഞും വരമ്പുകളും കിളികളും ഉള്ള ജീവനുള്ള ഒരു മാറ്റമാണത്. വികാസം എന്നോ വികസനം എന്നോ പറയുന്നില്ല, നിശ്ചലതയെ നക്കിനക്കി തിന്നുന്ന ഒരു ഓട്ടക്കാരൻ കുട്ടിയുടെ കാലുകൾ കവിതയിലുണ്ട്. ഓരോ കവിതയും പ്രത്യേക പഠനം അർഹിക്കുന്നു.ഇവിടത്തെ ആണും പെണ്ണും പ്രേമിക്കുന്നത് തന്നെ

ബ്രോഡ് വേയിലെ മേത്തർ ബസാറിൽ നക്ഷത്രങ്ങളുടെ മിന്നൽ കണ്ടുനടക്കുന്നതിനിടെ ഒരു ഞൊടി ഇരുട്ടിനിടെ കൈവിട്ടവൾ മറഞ്ഞു.

അവളെ തെരയും കണ്ണുകളിൽ പുതുവർഷ പെറപ്പ് ആകാശപ്പൂത്തിരികളായി. പപ്പാഞ്ഞിയെ ചാരമാക്കി ബൈക്കിൽ പൊളഞ്ഞ രണ്ടു പയ്യന്മാർ എം.ജി റോഡിൽ വീണുപിടഞ്ഞു.

ആ രാത്രി ഏതു വർഷം വിടർന്നു? ഏതു വർഷം കൊഴിഞ്ഞു? (കലൂർ )

അവളലഞ്ഞ വഴിയിൽ മൈൽക്കുറ്റിമേൽ തുന്നാരൻകുരുവിയായി ചൂളംകുത്തി. അവളതിനൊരു മറുചൂളം മുഴക്കി.

മുറിയുടെ ചുവരേൽ പുൽപ്പോത്തായി ചേക്കേറി. കാൽവിരൽ നീട്ടി മടമ്പിലേക്ക് അവളെന്നെ നടത്തി.

വേനൽമഴയിൽ മിന്നൽക്കൊടിയായി ജനലിൽ മുട്ടി. അത് ചൂണ്ടുവിരലേൽ തൂത്തെടുത്ത് അവൾ വിളക്കു കത്തിച്ചു.

പാതിരാവിൽ പൂഴിമണമായി. ഉറയുംവരെ ആ മണത്തിൽ കിറുങ്ങി അവൾ നൃത്തമാടി.

ഉറക്കിൽ കിനാവിൽ കടന്നു. ഉണർവ്വോ, കിനാവോ നീയ്? ഇരുട്ടിലവൾ മലർന്നുറങ്ങി.

തിരികെ വരുമ്പോൾ കാതിലോലയായി ചെവിയിലണിഞ്ഞു അവളുടെ ചുരുളൻ മുടിനാര്.​(കാതിലോല)

എന്നൊക്കെ ഒരുപാട് വൈവിദ്ധ്യത്തോടെയാണ്.
രതിക്കുപിന്നാലെ പരിപൂർണ നഗ്‌നരായി ചക്കപ്പഴം തിന്നും അത്തരം പ്രണയികളിൽ /ജോടികളിൽ /വീട്ടുകാരിൽ ചിലർ.
വെട്ടുകത്തി പിന്നിൽ നിന്ന്​ തപ്പിയെടുക്കുന്നത് മുന്നിലേയ്ക്ക് ഉരുട്ടിയിട്ട ചക്ക കൊത്താൻ മാത്രം. ഉണർവോ കിനാവോ, സുഖമോ ദുഃഖമോ എന്നു തീർച്ചയില്ല. ‘ആട്ട് ഒരുഗ്രമായ ചുംബനമോ' എന്ന പോലെയും മറിച്ചും ജോടികൾ സഞ്ചരിക്കുന്നു.

അതേ ഇത്ര മാത്രം പറയാം.ഹോൺ എന്ന കവിതയിലാണ് ഞാൻ തുടങ്ങിയത്.
സ്വന്തമാക്കേണ്ട ഈ അമ്പല സംസ്‌കാരം, ഹിന്ദുത്വത്തിന്റെ നീരാളിക്കയ്യിൽ പെടില്ല എന്നുപറഞ്ഞ് ചെങ്കുത്തായ കയറ്റങ്ങളിലേക്ക് ഓടുന്ന /പറക്കുന്ന ഇയാൾ കവിത അവസാനിപ്പിക്കുന്നത് അങ്ങനെയല്ല.

യന്ത്രം മനുഷ്യനെ മെരുക്കുന്നു. മനുഷ്യൻ യന്ത്രത്തെ മെരുക്കിയെന്നത് ഞാൻ അവിശ്വസിക്കുന്നു.

കാർ കണ്ടുപിടിച്ചത് ആരെന്നെനിക്കറിയില്ല. അയാളുടെ ഫോട്ടോ പോലും കണ്ടിട്ടില്ല. ആ മുഖം കണ്ടാൽ മുറിച്ചെടുത്ത് പേഴ്‌സിൽ സൂക്ഷിക്കണമെന്നുവരെ വന്നുവന്നിപ്പോൾ തോന്നാറുണ്ട്.

ഇങ്ങനെയാണ് അവസാനം. ഇതിൽ രണ്ടു ജീവിത ബോധങ്ങൾ ഒലിക്കുന്നു, ചേർന്ന്​ഒന്നായി മാറുന്നു. വൈലോപ്പിള്ളി, ഇടശ്ശേരി തുടങ്ങിയ വലിയ കവികളെ പോലെ സത്യം വിണ്ടുപൊട്ടിക്കീറുന്ന ഇരുനാക്കുകൾ, പല മൊഴികൾ ഇതിനെ ശക്തമാക്കുന്നു. കരിനഗരം എന്ന ആലോചനയിൽ പഴയ കവികളെയും (കരി കലക്കിയ കുളം, ഹാ ശ്ലേഷം) പുതു നഗര കരിയെയും ഒരേപോലെ ഉണർത്തുന്ന കവിതയും രണ്ടാണ്, ഒരു പാടാണ് അടിയിൽ.

ആനയ്ക്കറിയില്ല നെറ്റിയിൽ തമ്പടിച്ച ദൈവങ്ങളെ. മദമിളകുമ്പോൾ മാത്രമാണതിനു സ്വബോധം

ഇന്നുരാവിലെ ട്രാഫിക് ബ്ലോക്കിൽ പെട്ടുകിടന്നപ്പോഴാണ് ആനയെ കണ്ടത്.

ഏതുവഴി ആന പോയാലും അടയാളം പിണ്ടം പിണ്ടത്തിലാവി പാറും മണവും.

ആനയെ കടന്നു ഞാൻ ബൈക്കിൽ മുന്നേറി. അപ്പോളതാ, റോഡരികിലെ തട്ടിൽ കുറഞ്ഞ തടിയിൽ കടഞ്ഞെടുത്തൊരാന.

മറ്റേയാന ചുരുങ്ങി ച്ചുരുങ്ങി- ച്ചുരുങ്ങി- മെരുങ്ങിയതാകുമോ ഈ ആന?

തുമ്പിയിൽ ചുരുട്ടിയെറിഞ്ഞ പാപ്പാൻ ആ വിൽപ്പനക്കാരൻ?

കലൂരിൽ ഒരു സഹ്യന്റെ മകൻ വീണ്ടും അവതരിക്കുമ്പോൾ അതിങ്ങനെ അല്ലേ. ഒരു ആശയമെടുത്ത്​ അതിനെ നീട്ടിയും പരത്തിയും എഴുതുന്നതല്ല കലേഷിന്റെ കാവ്യകല. അത് പലവട്ടം അതിൽ മരിച്ചുജീവിച്ചുവരികയാണ്, ഒരു തെയ്യം പോലെ. മുളക്കുകയാണ് പല പല തലമുറ പിന്നിട്ട വിത്തുകൾ പോലെ.

വെയിലിന് മരം എന്ന വീടുണ്ട് വീടിന് തണൽ എന്ന മുറ്റവും മുറ്റത്ത് ഇലകൾ എന്ന നീറുകളും നീറുകൾക്ക് കവരങ്ങൾ എന്ന നടപ്പാതകളും

ആ പാതകളിലൊന്നിൽ തേൻകൂട് എന്ന റേഡിയോ തൂങ്ങിക്കിടക്കുന്നു. നൂറുനൂറ് ഗായകർ മൂളിക്കൊണ്ടേയിരിക്കുന്നൂ പാട്ടുകളവരുടെ പാട്ടുകൾ പാട്ടുകൾ.(പാട്ടുകളവരുടെ പാട്ടുകൾ പാട്ടുകൾ)

അവരുടെ പാട്ടുകൾ എന്റെയുമാണ്, കാരണം കലേഷിന്റെ കാവ്യം എന്റെയും കലേഷിന്റെയും ഭാഷയുടെയും പ്രദേശത്തിന്റെയും കാലത്തിന്റെയും കെട്ടുപൊട്ടിച്ച് അതിർത്തികൾ മായ്ച് പറക്കുകയാണ്, പരക്കുകയാണ്. അവ എന്നെ ആഴപ്പെടുത്തുന്നു.

നന്ദി ,വന്ദനം.
സ്ത്രീഎഴുത്തും ദലിത് എഴുത്തും പോരാട്ടവും കണ്ണീരും പ്രതിരോധവും പ്രതിഷേധവും ആയിരിക്കേ ആനന്ദം കൂടി അതിൽ മുലപ്പാൽ പോലെ, തേൻ പോലെ ഊറുന്നു എന്നെഴുതിയതിന് സന്തോഷം.▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വി.എം. ഗിരിജ

കവി. ആകാശവാണി കൊച്ചി നിലയത്തിൽ പ്രോഗ്രാം അനൗൺസറായിരുന്നു. ​​​​​​​പ്രണയം ഒരാൽബം, ജീവജലം, പാവയൂണ്, ഇരുപക്ഷംപെടുമിന്ദുവല്ല ഞാൻ, സ്​പർശം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments