""കവിതയെക്കുറിച്ചുള്ള പ്രശസ്തമായ സംവാദത്തിനിടയിൽ, സുഹൃത്തേ അത് എന്തല്ലെന്ന് പറയുവാനാണ് കൂടുതൽ എളുപ്പം എന്ന ഒടിവിദ്യയിലൂടെ കവിതയുടെ അപാരമായ മെറ്റമോർഫോസിസിന്റെ ജനിതകത്തിലാണ് ഡോ. ജോൺസൺ സ്പർശിച്ചത്. ഭാഷാശാസ്ത്ര - വൈയാകരണ ധാരണകളിൽ നിന്ന് നിരന്തരം സ്വാതന്ത്ര്യം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് കവിത. കവിയുടെ അസംസ്‌കൃത പദാർഥം വാക്കുകളാണ്. കവിയുടെ ജീവശ്വാസമേറ്റ് അവ നക്ഷത്രങ്ങളായി രൂപാന്തരം കൊള്ളുന്നു. കാലഘട്ടത്തിന്റെ തുടിപ്പു മുഴുവനും, ജനതയുടെ നാഡിമിടിപ്പു മുഴുവനും അതിൽ ആലേഖനം ചെയ്യപ്പെടുകയാണ്. ആത്മാവിന്റെ ഗാഢസ്വരൂപങ്ങളിൽ ഉയിരെടുക്കുന്ന മന്ത്രസമാനമായ പദങ്ങളിലൂടെ ജീവിതമെന്ന മഹാസമസ്യയുടെ കിളിവാതിലുകളിലേക്കാണ് കവി വിരൽചൂണ്ടുന്നത്.''‘To write is to enter in to a world of fascination' എന്നുപറഞ്ഞ ഫ്രഞ്ച് ചിന്തകൻ ആ മാന്ത്രികലോകത്തിന്റെ ഓപ്പൻ സെസാമി മന്ത്രമാണ് ഉച്ചരിച്ചത്.
ആത്മാവിന്റെ സംഘർഷം
തീക്ഷ്ണമായ ആത്മസംഘർഷത്തിന്റെ ഉന്മാദങ്ങളിലേക്ക് ഇറ്റുവീഴുന്ന കാരുണ്യമാണ് കവിത. ഏതോ ഭീതിദമായ ഒറ്റപ്പെടലിന്റെ ബലിയാടായി, ദുഃഖദ്വീപിൽ ആരെയോ കാത്തിരിക്കുന്ന ഏകാകിനിയുടെ ചിത്രം സുഗതകുമാരിയെ ഏതെല്ലാമോ തരത്തിൽ ഓർമിപ്പിക്കുന്നുണ്ട്. ‘ഖിന്നമാം നിത്യ ഭാരങ്ങൾ പേറി പിന്നെയും ഞാൻ നടന്നകലുമ്പോൾ എന്തിനെന്നറിയാതിതാ വീണ്ടും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു' എന്ന് സുഗതകുമാരി. അവർ അനുഭവിക്കുന്ന ഈ എന്തിനെന്നറിയാത്ത വിഷാദത്തിന്റെ സാമൂഹിക- ഭൗതിക കാരണങ്ങളിലേക്ക് സ്വയം നടത്തിയ എൻഡോസ്‌കോപ്പിക് അന്വേഷണങ്ങൾ അവരിലെ സർഗ്ഗാത്മക വ്യക്തിത്വത്തെ പിന്നീട് തീർത്തും പുനർ നിർമിക്കുകയുണ്ടായി. കവിവ്യക്തിത്വത്തിന്റെ കാലിഡോസ്‌കോപ്പ് രൂപമാറ്റങ്ങൾ/ ശൈഥില്യങ്ങൾ അവരെ അവിടെ തുടരാൻ അനുവദിച്ചില്ലെന്നത് മലയാള കവിതയുടെ നഷ്ടം. ഭാവുകത്വ ചരിത്ര സന്ധിയിലെ ഒരു പ്രത്യേക കാലത്തിൽ കാലുറപ്പിച്ചു നിന്ന് വരും കാലത്തെ ഭാവുകത്വ പരിണാമത്തെ അഭിസംബോധന ചെയ്യാൻ നിയോഗിക്കപ്പെട്ട കവിയായിരുന്നു സുഗതകുമാരി. അവർ അത് വേണ്ടത്ര സാന്ദ്രമായി തിരിച്ചറിയാതെ പോയതുവഴി ആധുനിക മലയാള കവിതയിലെ മഹത്തായ ചില ഉഡ്ഢയനങ്ങൾ നമുക്ക് മിക്കവാറും സാക്ഷാത്കരിക്കാനാവാതെ പോയി.
ഏറ്റവും വലിയ കലാപം
ആൾക്കൂട്ടത്തിൽ നിന്ന് നിരന്തരമായി ഒറ്റപ്പെടുന്നവരാണ് കവികൾ. ഏകാന്തതയുടെ വേദന വേട്ടനായ്ക്കളെപ്പോലെ ഇവരെ നിരന്തരം നായാടിപ്പിടിക്കുന്നു. ഏകാന്തതയുടെ വേദന അനുഭവിക്കാത്തവർ കവിയല്ല എന്നു പറഞ്ഞ നിരൂപകൻ വലിയൊരു സത്യത്തെ അനാച്ഛാദനം ചെയ്യുകയായിരുന്നു. ആൾക്കൂട്ടത്തിലെ ഏകാന്തതയാവുന്ന വൈരുദ്ധ്യത്തിൽ നിന്ന് എങ്ങനെയും രക്ഷപ്പെടണമെന്ന് സുഗതകുമാരിയും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഒടുവിൽ അതിനൊന്നുമാവാതെ,
‘സ്വപ്നങ്ങളില്ലാതെ, കണ്ണുനീരില്ലാതെ, അർദ്ധരാത്രിക്ക് നടുങ്ങിയുണർന്നു നിൻ ഹസ്തമുപധാനമാക്കാതെ, തോഴനാമൊറ്റയുറക്കു ഗുളിക താൻ ചുംബന മുദ്രയെൻ ചുട്ട നെറുകയിലേറ്റു കൊണ്ടൊറ്റക്കുറങ്ങാൻ'
പഠിക്കാൻ അവർ നിർബന്ധിതയാവുന്നുണ്ട് പലപ്പോഴും.
എന്നാൽ, സാത്മദുഃഖങ്ങളെ സ്വയം ചമച്ച ഒരു കൂട്ടിലിരുന്ന് താലോലിക്കുക മാത്രമാണോ കവി ചെയ്യുന്നത്? വൈയക്തിക ദുഃഖങ്ങളുടെ ആഴങ്ങളിൽ നിന്ന് സമൂഹവേദനയുടെ മുൾക്കിരീടം സ്വയമണിഞ്ഞ് ചങ്ങല പൊട്ടിച്ച് ഗ്രീക്ക് മിത്തിലെ കഥാപാത്രം പോലെ പറന്നുയരുന്നുണ്ട് കവി. സൂക്ഷ്മമായ വ്യക്തിദുഃഖങ്ങളുടെ കത്തിപ്പടരുന്ന വേദനയോടൊപ്പം ചരിത്രം രേഖപ്പെടുത്താൻ പോലും അറയ്ക്കുന്ന, സമൂഹത്തിന്റെ വിളുമ്പിൽ ജീവിതം സഹിക്കുന്നവരുടെ കടുത്ത വേദനയും, അടക്കിപ്പിടിക്കുന്ന രോഷവും കവിയുടെ സംവേദന സൂക്ഷ്മമായ ആന്റിനകൾ വിസ്മയകരമായി സ്പർശിച്ചറിയുന്നുണ്ട്. ‘ചത്ത പെണ്ണിന്റെ മുല ചപ്പി വലിക്കുന്ന നരവർഗ്ഗനവാതിഥി’യുടെ ചിത്രം അൻപതുകളിൽത്തന്നെ നമ്മുടെ സാഹിത്യത്തിൽ ഐതിഹാസികമായി വരച്ചു കാണിക്കപ്പെട്ടിട്ടുണ്ടല്ലോ. പക്ഷേ, നമ്മുടെ ഇടക്കാല കവികളുടെ ഒരു പ്രധാന പ്രത്യേകത, അവർ സമൂഹത്തിൽ നിന്ന് വ്യക്തിയിലേക്ക് മടങ്ങിയതാണ്. മനുഷ്യൻ അടിസ്ഥാനപരമായി സ്വാർത്ഥിയാണെന്ന് മനോഃവിശ്‌ളേഷകർ. (‘സേതൂന് എന്നും ഒരാളോടെ ഇഷ്ടം ണ്ടായിരുന്നുള്ളൂ, സേതൂനോടു മാത്രം.’) നിത്ഷേയും ഡസ്തയോവ്സ്കിയുമൊക്കെ കൂടി ദൈവത്തെ കൊന്നതും, അസ്തിത്വത്തിന്റെ അല്പത്വവും, സ്വപ്നലോകത്തിന്റെ തകർച്ചയും ഒക്കെ ഇവരെ കൂടുതൽ അഗാധമായി സ്വാധീനിച്ചത് ഈ ‘കുഴിയാന സൈക്കി’യുടെ പല കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നുണ്ട് കലാവിമർശകർ. ‘പടവാളിനേക്കാളും വീണയ്ക്കേ വൈകാരിക പരിവർത്തനങ്ങളെ മനസ്സിൽ തീർക്കാനാവൂ' എന്നു പറഞ്ഞ വയലാറും, ‘തച്ചുടക്കലിൻ തച്ചുശാസ്ത്രങ്ങൾക്കപ്രാപ്യമീ കൊച്ചു ദുഃഖത്തിൻ പച്ചത്തുരുത്തിൽ' അണയാൻ കൊതിച്ച ഒ.എൻ.വിയുമൊക്കെ രണോത്സുക ഗാനങ്ങളിൽ നിന്ന് തെന്നിമാറി വ്യക്തിഗത അനുഭവസ്ഥാനങ്ങളെ അഭിസംബോധന ചെയ്യാനാഞ്ഞ ഒരു സവിശേഷ കാലഘട്ടം കൂടിയാണ് അത്.
സമൂഹത്തിൽ നിന്ന് വ്യക്തിയിലേക്ക് പോന്നാലും ‘മാനവ ഹൃദയത്തിന്റെ ലോലങ്ങളും സൂക്ഷ്മങ്ങളുമായ അനുഭൂതികളെ ചടുലവും ചറമുറ്റതുമായ ഭാഷയിൽ ആവിഷ്‌കരിച്ചു എന്നതാണ് ഈ ഇടക്കാല കവികളുടെ വിജയ'മെന്ന് വൈലോപ്പിള്ളി അന്നുതന്നെ കണ്ടെത്തുകയുണ്ടായി.
സ്വന്തം വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കലാണ് ഏറ്റവും വലിയ കലാപം എന്ന് കെ.പി. അപ്പൻ. വ്യക്തിദുഃഖങ്ങളുടെ ഉപാസകയായി നിന്നുകൊണ്ടു തന്നെ അവർ സമൂഹത്തിന്റെ ദൈന്യം, പൊള്ളുന്ന വാക്കുകളിൽ വരച്ചു വെക്കുന്നുണ്ട്, ആദ്യ കാല കവിതകളിൽ പോലും. സമൂഹത്തിലെ നെറികേടുകൾക്കു നേരേ സംഹാരരുദ്രയായി പടവാളെടുത്തു നീങ്ങുന്ന കവിക്ക് പലപ്പോഴും നാം അഭിമുഖം നിന്നിട്ടുമുണ്ട്. ബയാഫ്രാ, ധർമം എന്ന പശു, ബീഹാർ, നിങ്ങളീ ഇന്ത്യയെ ഇപ്പോഴും സ്‌നേഹിക്കുന്നുവോ, നിന്നെ വിട്ടെങ്ങ് പോകാൻ, ക്യൂ നിൽക്കുന്നു ഞങ്ങൾ, സ്വാതന്ത്ര്യം 76, ഹാ രാമ എന്നീ കവിതകളാവട്ടെ മദ്ധ്യവർഗ ആലസ്യത്തിന്റെ ബോധമണ്ഡലത്തിലേക്ക് അവരെയ്തുവിടുന്ന ആഗ്‌നേയാസ്ത്രങ്ങളായി രൂപാന്തരം കൊള്ളുന്നു. ‘ഒന്നുമറിയാത്ത കണ്ണുകളിൽ ചൂടുകണ്ണുനീരോടെ, ഭയത്തോടെ വാടിക്കുഴഞ്ഞ കരങ്ങളെൻ നേർക്ക് നീട്ടിക്കൊണ്ടുള്ള' കുഞ്ഞുങ്ങളുടെ തേങ്ങലും, ‘ഉള്ളിൽ അന്ധകൂപ ശതങ്ങളിലെല്ലാം
പട്ടിണിക്കഞ്ഞി പൂഴ്ത്തി വെച്ചും
കൊച്ചു മക്കൾ നിലവിളിക്കുമ്പോൾ
ഇത്തിരിക്കാശു കൂടുതൽ വാങ്ങി
ഒട്ടുമായം കലർത്തി വില്ക്കുന്നതും’
ഒക്കെ ഞെട്ടിപ്പിക്കുന്ന ഭീകരതയോടെ വിവരിക്കുന്നത് വിരൽത്തുമ്പിൽ തൊട്ടെടുത്ത ഹൃദ്രക്തം കൊണ്ടാണ്. 1959-ൽ എഴുതിയ ‘രാജഘട്ടത്തിൽ’ എന്ന കവിതയിൽത്തന്നെ നമ്മുടെ മൂല്യബോധത്തിനേറ്റ ക്ഷതങ്ങളെപ്പറ്റി അവർ സൂചിപ്പിക്കുന്നുണ്ട്.
""പുക പൊങ്ങീടും കുന്നിന്നരികിൽ കൂടി
പാട്ടും ചിരിയും വറ്റിപ്പോയ കൈത്തോടിൻ വക്കിൽ കൂടി
ഭാരതാംബ നല്ല മക്കളെ പ്രസവിക്കാത്തതിലുള്ള വേദനയുമായി
പാദം വെച്ചിത്തിരി നിന്നും നടന്നും പോവുന്ന വേദന നാം തൊട്ടറിയുന്നു.''
(ബീഹാർ)
ഈ തമസ്സിൽ നില്ക്കുമ്പോഴാണ് വെളിച്ചത്തെക്കുറിച്ച് ഗൃഹാതുരതയോടെ അവരോർത്തു പോവുന്നത്. മനുഷ്യവംശമൊട്ടാകെ യുഗാന്തരങ്ങ
ളായി കാത്തിരിക്കുന്ന ആ മായാമയൂഖത്തിനുനേരെ ഒരു ഈയാംപാറ്റയെപ്പോലെ പറന്നുചെന്ന് ആത്മാഹൂതി ചെയ്താലും ‘അച്ചാമ്പലിൽ നിന്നുയിർ കൊണ്ടീടും ഹരിതോജ്ജ്വലമൊരു പുതിയ യുഗത്തെ സ്വപ്നം കാണും മിഴികളുമായ്' കാത്തിരിക്കുവാനാണ് അവരുടെ മോഹം. വെളിച്ചം കൊണ്ടുവരുന്ന ശക്തി എത്രമാത്രം സംഹാരദീപ്തമാണെങ്കിലും ‘വരിക, ഘനശ്യാമ രൂപിണീ, താണ്ഡവം തുടരുക, സജ്ജമായ് രംഗഭൂമി' എന്ന് ആദ്യ കാല കവിതകളിൽ പോലും രൗദ്രയാവുന്നു സുഗതകുമാരി.
പാവ്ലോ നെരൂദ പോലും ‘l did not come to solve anything, I came here to sing and for you to sing with me' എന്ന് പാടിയിട്ടാണ് തെരുവിലെ രക്തം കൊണ്ട് പിന്നീട് സ്വയം ജ്ഞാനസ്‌നാനം ചെയ്തത് എന്നോർക്കുക. അഭയാർത്ഥിനിയോട് ‘മതി പോവുകെന്നോതി' ത്തിരിയുമ്പോൾ കെട്ടിഘോഷിക്കപ്പെടുന്ന സ്വന്തം മനുഷ്യത്വം ലജ്ജിതമാവുന്നതിന്റെ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് ആദ്യം മുതൽ തിരിച്ചറിവുളളവളായിരുന്നു കവി.
പരിമിത മർത്യഭാഷ
‘ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം' എന്ന് സത്യത്തിന്റെ അനഘമുഖം എതിർപാർത്ത പ്രാചീന ഭാരതീയ ചിന്തകർ. അന്വേഷകൻ എന്നും സത്യത്തിനു മുകളിലെ ഹിരണ്മയ പാത്രം മാറ്റാൻ യത്‌നിച്ചവനാണ്. മനുഷ്യ ചരിത്രത്തിന്റെ ആദിമ ബിന്ദു മുതൽ മഹത്തായ അന്വേഷണങ്ങളുടെ മികച്ച മാദ്ധ്യമങ്ങളിലൊന്നാണ് സാഹിത്യം. അത്തരം വലിയ സമീക്ഷകൾക്ക് കാലം എപ്പോഴും പുത്തൻവഴികൾ ആരാഞ്ഞു കൊണ്ടേയിരിക്കും. ആധുനികത എന്ന പ്രതിഭാസം അങ്ങനെയാണ് പിറവി കൊള്ളുന്നത്. ബുദ്ധിയുടെ കന്യകാത്വത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് ആധുനികത എന്ന് ഒ.വി.വിജയൻ പറയുന്നത് അതുകൊണ്ടാണ്. പദങ്ങൾ എന്ന രഹസ്യതാക്കോലുകളാണ് ജീവിതമെന്ന പ്രഹേളികയെ അഭിമുഖദർശനം നടത്തുന്ന കവിയുടെ നിർണായക കരുത്ത്. വാക്കുകളുടെ പൂർവാശ്രമങ്ങളെ അപ്പാടെ അട്ടിമറിക്കുന്ന പുത്തൻ വിന്യാസങ്ങളിലൂടെ നൂതനമായ അർത്ഥതലങ്ങൾ കണ്ടെത്തുവാനും, അവയുടെ സമന്വയത്തിലൂടെ ആ മഹാ പ്രഹേളികയുടെ എക്‌സോ സ്‌കെലിട്ടൻ നീക്കി, പരമമായ പൊരുളിനെ ഒരു മാത്രയെങ്കിലും ദർശിക്കുവാനും കവി എന്നും ശ്രമിച്ചു കൊണ്ടേയിരിക്കും.
(‘തെല്ലു മാത്രകൾ മാത്രം, എങ്കിലെന്താ, മാത്രയിലല്ലു മാഞ്ഞല്ലോ ഞങ്ങളിത്തിരി വളർന്നല്ലോ’; കാളിദാസ സ്മരണ). പക്ഷേ തന്റെ കാവ്യജീവിതത്തിനു മുഴുവൻ പകരം നില്ക്കുന്ന ഈ രഹസ്യ കോഡുകൾ ആ മഹത്തായ പ്രക്രിയയ്ക്ക് അപര്യാപ്തമാണെന്ന് കനം തൂങ്ങുന്ന അനുഭൂതിയുടെ നിമിഷങ്ങളിൽ വേപഥുവോടെ കവി തിരിച്ചറിയുന്നു. സാഹിത്യകാരന്റെ ഏറ്റവും ഉൽക്കടമായ വേദന ഇതാണ്, കേൾക്കാത്ത ഗാനം കൂടുതൽ മധുരതരമാവുന്നതിന്റെ രഹസ്യം അനാവരണം ചെയ്യപ്പെടുന്ന മുഹൂർത്തം കൂടിയാണത്. മാധ്യമത്തിന്റെ പ്രതിരോധകത്വത്തെ തകർക്കലാണ് ഏതു കലാകാരന്റേയും ലക്ഷ്യം. ( അതേറ്റവും സാധിക്കുക സംഗീതത്തിലാണെന്നും അതുകൊണ്ട് എല്ലാ കലകളും സംഗീതത്തിന്റെ അവസ്ഥയാണ് അഭിലഷിക്കുന്നതെന്നും വാൾട്ടർ പേയ്റ്റർ.) വാക്കുകൾ അവയുടെ സീമകൾ ലംഘിച്ച് നിയതാർത്ഥത്തിന്റെ ആകാശങ്ങൾക്കപ്പുറത്തേക്ക് പറന്നുയരാനുള്ള ശ്രമം ഇവിടെ ആരംഭിക്കുന്നു. സീമാതീതമായ ഹൃദയാവേഗങ്ങൾ പ്രകാശിപ്പിക്കേണ്ടിവരുമ്പോൾ, സീമാബദ്ധമായ ഭാഷയുടെ ചട്ടക്കൂട്ടുകൾ ഭേദിക്കുന്നതിൽ തെറ്റുണ്ടെന്ന് ടാഗോർ കരുതിയിരുന്നില്ല. ആശാനാവട്ടെ എത്രയോ മുമ്പ് ഭാഷയുടെ അപര്യാപ്തത നമ്മെ ഓർമിപ്പിച്ചിരുന്നു താനും. ‘ഞങ്ങൾ തൻ പരിമിത മർത്യഭാഷയിൽ നിന്നെങ്ങനെ മൃദുലതേ ശുഭ്രതേ വാഴ്ത്തിടേണ്ടൂ' എന്ന് നിശാഗന്ധിയോട് സംവദിക്കുന്ന സുഗതകുമാരിയും പ്രാചീനമായ ആ വ്യഥ തൊട്ടറിയുകയാണ്.
സത്യാന്വേഷണത്തിന് സാഹിത്യകാരന്റെ ഏകാവലംബമായ പദങ്ങൾ പക്ഷേ ശില്പിയുടെ കലാസങ്കല്പവുമായി ഇഴ ചേരുമ്പോഴാണ് മികച്ച സൃഷ്ടികൾ പിറവികൊള്ളുന്നത്. ‘The true work of art is the one which says least' എന്ന് കമ്യു. ആറ്റിക്കുറുക്കിയ അനുഭൂതിയെ അതേ അളവിൽ അനുവാചകന് പകരാനുളള ശ്രമത്തിൽ വാക്കുകളുടെ ആത്മസത്തയിലൂടെ എഴുത്തുകാരൻ നടത്തുന്നത് കഠിനയാത്രയാണ്. തന്റെ ഉള്ളിൽ കത്തിപ്പിടിക്കുന്ന വൈകാരിക ഭൂമികയെ കൃത്യമായി അടയാളപ്പെടുത്തുന്ന പദങ്ങൾ കണ്ടെത്തുന്നതുവരെ ആ ചുട്ടുപൊള്ളിക്കുന്ന കനൽ യാത്രയാണ് കവിയുടെ വിധി. പദങ്ങളുടെ സൂക്ഷ്മവും സാന്ദ്രവുമായ തെരഞ്ഞെടുപ്പിലൂടെ, ആറ്റിക്കുറുക്കലിലൂടെ അനുഭൂതിയുടെ ഒരു മാന്ത്രികച്ചെപ്പായി കവിത മാറുന്നു. സുഗതകുമാരിയുടെ ‘രാജലക്ഷ്മിയോട്’ എന്ന കവിത ഈ മാന്ത്രികതയുടെ മലയാളത്തിലെ ഏറ്റവും മികച്ച ഉപഹാരങ്ങളിലൊന്നായി നമ്മുടെ മുന്നിൽ നിറവോടെ നിൽപ്പാണ്. ഇപ്പോഴൊക്കെയാണ് എഴുത്തുകാരന്റെ ഹൃദയത്തിനൊപ്പം സ്പന്ദിക്കുന്ന ഒരു ഹൃദയം അനുവാചകനും ആവശ്യമായി തീരുന്നത്.
തന്റെ ഹൃദയവുമായി ആഴത്തിൽ സംവദിക്കാനാവുന്ന ഹൃദയത്തിനു വേണ്ടിയുള്ള ഭ്രമാത്മകമായ അന്വേഷണം കവയിത്രിയെ ഭവഭൂതിയെ പോലെ ആത്മഹർഷത്തിന്റെ, ലഹരിയുടെ ഉന്നത ശിഖരങ്ങളിലേക്കുയർത്തുന്നു. ‘സമാനഹൃദയ നിനക്കായ് പാടുന്നേൻ’ എന്ന കവിതയിലാണ് വിസ്മയം പോലെ
പുഷ്പിക്കുന്ന പേരു ചൊല്ലാനാവാത്ത ആ ആനന്ദത്തെക്കുറിച്ച് കവി ഏറ്റു പറയുന്നത്.
സർഗാത്മതയുടെ വിരുദ്ധ ധ്രുവങ്ങൾ
സുഗതകുമാരിയുടെ കവിതകളിലൂടെ കടന്നുപോവുമ്പോൾ തിരിച്ചറിയുന്ന മറ്റൊരു കാര്യം വൈരുദ്ധ്യങ്ങളുടെ ഏകീഭാവമാണ്. പൗരുഷത്തിന്റെ മുഖാവരണം ധരിക്കുമ്പോൾ പോലും സ്ത്രീത്വത്തിന്റെ തുടിപ്പുകൾ അതിലെവിടേയോ ചിറകൊതുക്കിയിരുന്നു. ‘ഒരു താരകയെക്കാണുമ്പോൾ രാവ് മറന്നു പോവുന്ന, പാൽച്ചിരി കണ്ട് മൃതിയെ മറന്നു സുഖിച്ചേ പോവുന്ന’ താനടക്കമുള്ള മനുഷ്യരുടെ നേരെയുള്ള സഹതാപം "പാവം മാനഹൃദയ'ത്തിന്റെ മാത്രമല്ല അവരുടെ കവിതയുടെ മുഴുവൻ അടിസ്ഥാന സ്വരമാണ്.
കൊലയാളിയെ കണ്ടുപിടിക്കുമ്പോൾ, "4 അഴിഞ്ഞാടുന്ന അവതാരങ്ങൾക്കെല്ലാം അവസാനത്തെ ശിക്ഷ വിധിക്കാൻ ബോധത്തിൽ ഒരു കോടതിയുമായി കാത്തിരു'ന്നിട്ടു പോലും സംജാതമാവുന്ന, "കൂരമ്പു ചേർത്തു തൊടുക്കാനായുമെൻ കൈൾ തളർന്നു തൂങ്ങുന്നു, നിൽക്കുന്നു ഞാൻ ഷണ്ഡനാം അർജുനനായ്' എന്ന അവസ്ഥയെ അവർ ശപിക്കുന്നു.
ഈ ശക്തിയും ദൗർബല്യവും, വിരുദ്ധ ദ്വന്ദ്വങ്ങളുടെ ഏകീഭാവം - അവരുടെ സർഗ്ഗാത്മകതയുടെ വിരുദ്ധ ധ്രുവങ്ങളിൽ നിന്ന് നിതാന്തമായി ഊർജ്ജം പകരുന്നുണ്ട്. മഹാശിലാ കൂടമായി മാറുന്ന പ്രിയ ദേശത്തെ നോക്കി കണ്ണീർ ചൂടുന്ന ഭാരതാംബ കണ്ണകിയെ പോലെ കവിയുടെ മുന്നിൽ നിൽക്കുന്നു. (ബീഹാർ). "പുത്രവതീ, നിൻ ചുവപ്പാർന്ന കണ്ണീർ വീഴുന്നേടം കത്തുമോ' എന്ന ചോദ്യത്തിൽ തന്നെ രോഷത്തീയിൽ ജ്വലിക്കുന്ന കവിയുടെ സമ്മത
പത്രം നാം വായിച്ചെടുക്കുന്നുണ്ട്. കർമം മാടി വിളിക്കുമ്പോൾ രണഭൂവിൽ വെറുതെ കൈയും കെട്ടിയിരിക്കുന്നത് അവർക്ക് സഹിക്കാനാവുന്നില്ല. പക്ഷേ ആയുധമെടുക്കാനാവുന്നുണ്ടോ? ദുസ്സഹമല്ലോ "കുരുക്ഷേത്ര ഭൂവിലീ നിസ്സഹായത്വം, പൊറുക്കുകമ്മേ' എന്ന വിലാപമാവട്ടെ "മഹാ സ്വപ്നങ്ങളെ കാണാൻ
കരുത്തുള്ളോരീ മണ്ണിൽ വീണ്ടും നിന്റെ മക്കളായ്' ജനിക്കാനുള്ള പ്രാർത്ഥനയാണ്. "കറുത്തൊരാ പട്ടുതൂവൽച്ചാർത്തിനുള്ളിലൊതുങ്ങി ഞാനല്പമിരുന്നു കൊള്ളട്ടെ. പതുക്കെയൊരല്പം കരഞ്ഞു കൊള്ളട്ടെ' എന്ന് അവർ വിശ്രാന്തി തേടുന്നുണ്ട് പിന്നീടൊരിക്കൽ. "എന്റെയീ യബലമാം കൈകളി പ്പെരുംകോട്ടയിലിങ്ങനെ തല്ലിച്ചതച്ചാലെന്തേ ഫലം' എന്ന്"നിന്നെ വിട്ടെങ്ങു പോകാൻ' എന്ന കവിതയിൽ അവർ ആലോചിച്ചു പോവുന്നുമുണ്ട്.
തന്റെ കവിതകൾ എല്ലാ ദുഃഖത്തിൽ നിന്നും മോചനം നേടാനുള്ള ഒരു "ഏലേലം ഏലേസായി'ട്ടാണ് അവർ തിരിച്ചറിയുന്നത്. ബയാഫ്രയിൽ നിന്നും ബീഹാറിൽ നിന്നും ക്യൂ നിൽക്കുന്നതിൽ നിന്നും മുന്നോട്ട് വെക്കേണ്ടിയിരുന്ന ഏതാനും ചുവടുകൾ നടന്നു തീർക്കാനാവാതെ സുഗതകുമാരി അറച്ചുനിന്നത് എഴുപതുകളുടെ തുടക്കത്തിൽ തന്നെ സാക്ഷാത്കരിക്കാനാവുമായിരുന്ന മലയാള കവിതയുടെ ആധുനികോത്തരതയെ ഒരു പതിറ്റാണ്ടെങ്കിലും വൈകിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു...
"ഈ നെടുവീർപ്പുകൾ തൻ തീയലയാകെ ഇരുണ്ടു പുകഞ്ഞു കുമിഞ്ഞൊരു രോഷച്ചൂടിൽ, നിൻ ഹിമ ശൃംഗ കിരീടവുമുരുകി യൊലിപ്പതു കാൺമൂ, നിൻ തിരുമാറിൽ ഗംഗ ചുവന്നു കലങ്ങി കാൺമൂ, ഹേ കരുണാമയി, നിൻ മൂന്നാം ചെന്തീ മിഴി വിരിയുന്നതു കാൺമൂ, ഞങ്ങൾ നടുങ്ങീടാതെ...
എന്ന് എഴുപതുകളുടെ തുടക്കത്തിൽ എഴുതുവാൻ മാത്രം പദ സന്നിവേശത്തിലും (കരുണാമയി, മൂന്നാം ചെന്തീ മിഴി എന്നീ പദങ്ങളുടെ സാമീപ്യം കൂടി ശ്രദ്ധിക്കുക) പരിപ്രേക്ഷ്യത്തിലും ഇത്രയേറെ പരിണാമിയായ കവിയിൽ നിന്ന് സത്യത്തിൽ, നമുക്ക് മറ്റെന്താണ് പ്രതീക്ഷിക്കാനുണ്ടായിരുന്നത്?
ദൈവം സാധാരണ മനുഷ്യന് എന്നും ദുഃഖമിറക്കിവെക്കാനുള്ള അവസാനത്തെ അത്താണി ആയിരുന്നു. ഭൗതിക ശാസ്ത്രം ചൊവ്വയിലെത്തിയിട്ടും, ജീവശാസ്ത്രം ടെസ്റ്റ് ട്യൂബ് കുഞ്ഞുങ്ങളെ സൃഷ്ടിച്ചു തുടങ്ങിയിട്ടും മനുഷ്യന്റെ ജീവിതത്തിൽ ഇന്നും ദൈവത്തിന്റെ മായിക പരിവേഷം മായാതെ കിടക്കുന്നതും അതുകൊണ്ടു തന്നെ. ആ കരുണാമയന്റെ മുന്നിൽ എല്ലാ ഭാരങ്ങളുമിറക്കിവെച്ച് ഒന്ന് നെടുതായി നിശ്വസിക്കാനുള്ള ചോദനം സുഗതകുമാരിയും പങ്കിടുന്നുണ്ട്. തന്റെ ഇഷ്ടദേവനായ കൃഷ്ണന്റെ രാധയാവാനുള്ള മോഹം അവരുടെ പല കവിതകളും ആർദ്രമായി പറയും. "ആ രാധ ഉള്ളിൽ പ്രതിഷ്ഠിതമാകയാൽ' അവർക്ക് ജീവിതം ഒരു തീരാത്ത തേടലായിത്തീരുന്നു. ഭിക്ഷുകിയുടെ ദൈന്യം കണ്ട് അവർ ഇടനെഞ്ചു പൊട്ടിക്കരയുകയാണ്.
"എവിടെപ്പോയ് നീ ഹരേ, സർവ്വവും തകർന്നിവളിരുളിൽ തപ്പിത്തടഞ്ഞിങ്ങനെയുഴലുമ്പോൾ ഉറക്കെ കണ്ണീരോടെ അഭയം നൽകാൻ കേണു വിളിക്കും ഭവാനെങ്ങു പോയി നിൽക്കുന്നു ഹരേ'
പക്ഷിശാസ്ത്രം, ശ്യാമ രാധ, അഭയാർത്ഥിനി, മറ്റൊരു രാധിക, രാധയെവിടെ ? എന്റെ മനസ്സിന്റെ പൊന്നമ്പലത്തിലും, ഒരു വൃന്ദാവനരംഗം തുടങ്ങി ധാരാളം കവിതകൾ ഏറിയും, കുറഞ്ഞും കൃഷ്ണനിൽ അലിഞ്ഞു ചേരാനുള്ള അവരുടെ അദമ്യമായ വ്യഗ്രത അടയാള പ്പെടുത്തുന്നുണ്ട്.‘ആഴി പോലാ മെന്നഴലിൽ,
പാഴ് മനസ്സിൻ നാമ്പിലയിൽ
ആലോലം നീയാടി വാഴ്വൂ
ആലില കൃഷ്ണാ'
എന്നാണവരുടെ അർത്ഥന. (ഒരു താരാട്ടിന്റെ ഓർമ്മ).
കൃഷ്ണൻ തന്നെ തിരിച്ചറിഞ്ഞുവല്ലോ എന്നതായിരുന്നു (കൃഷ്ണാ നീയെന്നെ അറിയില്ല) അവരുടെ പോയറ്റിക് എക്റ്റസിയുടെ മൂർദ്ധന്യം. ഒരു പക്ഷേ ഉൽകൃഷ്ടവും മഹത്തുമായ പൗരുഷത്തിന്റെ സിംബലായിട്ടാവാം കൃഷ്ണൻ സുഗതകുമാരിയെ തേടിയെത്തുന്നത്.
ക്രിസ്തുവിന്റെ ബയോ കെമിസ്ട്രി
കലാകാരൻമാർ ഏറ്റവും വലിയ മനുഷ്യ സ്‌നേഹികളത്രെ. മാനവരാശിയുടെ വേദന മുഴുവൻ ഒരു മുൾക്കിരീടം പോലെഏറ്റുവാങ്ങാൻ അവർ തയ്യാറാവുന്നു. "എങ്ങോ മർദ്ദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു' എന്ന് ദശകങ്ങൾക്കു മുമ്പു തന്നെ എൻ.വി. കൃഷ്ണവാര്യർ. അതുകൊണ്ടാണ് സ്വയം നീറുമ്പോൾ പോലും അനശ്വരതയുടെ സ്വപ്നം അവരെ ജാഗ്രത്താക്കുന്നത്. കലാസൃഷ്ടി തുടങ്ങുകയായി. "മനുഷ്യനിലെ മഹത്വം അനശ്വരതക്കു വേണ്ടി ദാഹിക്കുമ്പോൾ കല ജനിക്കുന്നു' എന്നു പറയുന്നത് വെറുതെയല്ല. മനുഷ്യ കുലം ഇതഃപര്യന്തം അഭിമുഖീകരിച്ച മുഴുവൻ ദുരന്തങ്ങളും വേദനയും ഏറ്റുവാങ്ങുമ്പോൾ പോലും അവർക്ക് മന്ദഹസിക്കാനാവുന്നു5. മനുഷ്യനിലെ ഉണ്മയെപ്പറ്റിയുള്ള അഗാധവും മഹത്തുമായ ബോധത്തിന്റെ ഉൽകൃഷ്ടമാർന്ന സൃഷ്ടിയാണത്."രാവിതു മായും, വീണ്ടും പുലരി ചിരിച്ചെത്തും. പാഴ്മഞ്ഞിൽ പുറകിലായ് പൂക്കാലമല്ലേ' എന്ന് സുഗതകുമാരിയും ആശ്വസിക്കുന്നു."ആരു ചവിട്ടിത്താഴ്ത്തിലു, മിരുളിൽ പാതാളത്തിലൊളിക്കിലുമേതോ പൂർവ്വസ്മരണയിലാഹ്‌ളാദത്തിൻ ലോകത്തെത്തു'ന്ന ഹൃദയം സ്വന്തമാണെന്നതിൽ അവർ ആഹ്ലാദിക്കുന്നു.
കവിതയിലൂടെ മാത്രം സാക്ഷാത്കരിക്കാൻ വിധിക്കപ്പെട്ട അപൂർവ ജീവിതമായിരുന്നു സുഗതകുമാരിയുടേത്. ഏത് കാളിയമർദ്ദനത്തിലും കവിതയുടെ മസ്തകം അവർ അഭിമാനത്തോടെ ഉയർത്തിപ്പിടിച്ചു. ‘കുനിക്കുകില്ലീ പത്തികൾ കണ്ണാ’ എന്ന് ഉന്മാദത്തിലെന്നോണം അവർ ആടിയുലഞ്ഞു.
മഹത്തായ ഒരു കാവ്യജീവിതം. ▮
കുറിപ്പുകൾ
1. Art of Uniting pleasure with truth by calling imagination to the help of reason എന്ന് പറഞ്ഞത് മറക്കുന്നില്ല.
2. "The greatness of a writer has nothing to do with the subject matter itself, only with how much the subject matter touches the author' എന്ന് പാസ്റ്റർ നാക്ക് പറഞ്ഞതും ഓർക്കുക.
3. All art constantly aspires towards the condition of music.
4. കുഞ്ഞപ്പപട്ടാനൂർ.
5. നിർദ്ദോഷമായ ഓരോ ആഹ്‌ളാദവും, നിത്യമാക്കാൻ വെമ്പുന്ന ഓരോ ഹൃദയ ബന്ധവും ദുഃഖത്തിന്റെ നിറം മാറലുകൾ മാത്രമാണെന്ന് സുഗതകുമാരി ഇരുൾ ചിറകുകളുടെ മുഖവുരയിൽ എഴുതുകയുണ്ടായി.
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.