ടി.പി.വിനോദ്

പ്രതിബുദ്ധതയുടെ​പ്രകാശവലയങ്ങൾ

പ്രതിചിന്തയുടെ കാവ്യപദ്ധതിയെന്ന് ടി.പി.വിനോദിന്റെ കവിതകളെ വിശേഷിപ്പിക്കാം. കവിതയുടെ ഇരിപ്പും നടപ്പും ഉടുപ്പും മനസ്സും ലക്ഷ്യവും കാലാനുസൃതമായി പരിവർത്തിപ്പിക്കുന്നതിന്റെ ഒരുക്കവും ഉത്സാഹവും അവയിൽ ദർശിക്കാം.

പ്രതിബുദ്ധതയുടെ പ്രകാശവലയങ്ങൾ സൃഷ്ടിക്കുന്ന പ്രതിചിന്തയുടെ കാവ്യപദ്ധതിയെന്ന് ടി.പി.വിനോദിന്റെ കവിതകളെ വിശേഷിപ്പിക്കാം. കവിതയുടെ ഇരിപ്പും നടപ്പും ഉടുപ്പും മനസ്സും ലക്ഷ്യവും കാലാനുസൃതമായി പരിവർത്തിപ്പിക്കുന്നതിന്റെ ഒരുക്കവും ഉത്സാഹവും അവയിൽ ദർശിക്കാം. പ്രപഞ്ചത്തെ, ലോകാവസ്ഥയെ അതിന്റെ സങ്കീർണതകളോടെ ഉൾക്കൊള്ളാൻ തക്കവിധം ഇന്ദ്രിയങ്ങൾക്ക് പുതിയ പേശീബലം നൽകുന്നതിന്റെ പരിശീലനങ്ങളാണ് ഈ കവിതകളുടെ കാവ്യശാസ്ത്രം.

സാരമില്ലായ്മകളെ ആർത്തിയോടെ വലിച്ചെടുക്കുന്നൊരു സ്​പോഞ്ചായി മനസ്സിന്റെ ഭാവിയെ വിഭാവനം ചെയ്യുന്നു അർത്ഥമില്ലായ്മ എന്ന നിലയിലും ആശ്വാസം എന്ന നിലയിലും പഴുതുകൾ നിറഞ്ഞ ഭാരക്കുറവ് പരിശീലിക്കുന്നു

എന്ന് ‘ഒരുക്കം' എന്ന കവിതയിലെഴുതുന്നു.

കൃത്രിമബുദ്ധിയും നവമുതലാളിത്ത പ്രത്യയശാസ്ത്രങ്ങളും മനുഷ്യ മസ്തിഷ്‌കങ്ങളെ ‘കോൺസൺട്രേഷൻ ക്യാമ്പുകളിൽ' കൊല്ലാക്കൊല ചെയ്യുന്ന വർത്തമാനകാലത്ത്, അതിജീവനത്തിന്റെയും ആവിഷ്‌ക്കാരത്തിന്റെയും യുദ്ധതന്ത്രങ്ങൾ പുറത്തെടുക്കേണ്ടിയിരിക്കുന്നു കവിതയ്ക്ക് എന്ന് ഈ കവിക്ക് നല്ല ബോധ്യമുണ്ട്.

പ്രതിചിന്തയുടെ സൈബർ ഭ്രമണപഥങ്ങളിലേക്ക് കവിതയുടെ ഉപഗ്രഹത്തെ വിജയകരമായി വിക്ഷേപിച്ചതിന്റെ അനുഭവചരിത്രം ഈ കവിക്കുണ്ട്. കവിതയിലെ തന്റെ ആദർശരാജ്യം ഏറെ വിജയത്തിലേക്കെത്തിയിരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു, വിനോദിന്റെ സത്യമായും ലോകമേ (2021) എന്ന സമാഹാരം. ഭാവനയുടെയും തത്ത്വചിന്തയുടെയും അസാധാരണ വിന്യാസമൊരുക്കുന്ന കവിതകളാൽ ശ്രദ്ധേയമാണ്‌ ഈ കൃതി. വാക്കുകളുടെയും വസ്തുക്കളുടെയും ക്രിയാപരതയെയും താത്ത്വികതയെയും മൂലകമാക്കി അറിഞ്ഞതിന്റെയും അറിഞ്ഞിട്ടില്ലാത്തവയുടെയും അനുബന്ധങ്ങളിലേക്ക് കാന്തികരശ്മികൾ പായിക്കുന്നതാണ് വിനോദിന്റെ കവിതകളുടെ രീതി. പ്രതിഭാസവിജ്ഞാനീയം
പോലെയും ജീവിതവും നമ്മളും തമ്മിലുള്ള ബന്ധങ്ങളെ പുനർനിർവചിക്കുന്ന തത്ത്വചിന്തകൾ പോലെയും ആ കവിതകൾ പ്രവർത്തിക്കുന്നു.

ആത്മദർശനത്തിനായും ലോകദർശനത്തിനായും പ്രതിഷ്ഠിക്കപ്പെട്ട കണ്ണാടികളാണ് ഈ കവിതകളെന്നു പറയാം. പ്രതീതിയാഥാർത്ഥ്യം പ്രജ്ഞയെ മരവിപ്പിച്ച കാലത്തെ ഭാഷ കൊണ്ടും ചിന്ത കൊണ്ടും മറികടക്കുന്ന രീതി ഈ കവിതകളെ ഏറെ സവിശേഷമാക്കുന്നു.

‘സത്യമായും ലോകമേ'യിലുള്ള ‘തുരന്നെടുത്ത്' എന്ന കവിത നോക്കൂ. തൊട്ടടുത്ത് എന്ന പദത്തിന്റെ നിർമ്മിതി ഏതു വിധത്തിലാണ് എന്ന ചോദ്യത്തിൽ തുടങ്ങുന്ന കവിത, തൊടുന്നു എന്നത് അടുപ്പത്തിന്റെ പരമാവധിയാണ് എന്ന അനുമാനത്തിൽ നിന്ന്, ഫോണിൽ ലോകത്തെ തൊട്ടുതൊട്ടറിയുന്നതിന്റെയും അലിയുന്നതിന്റെയും ഏതോ ലിങ്ക് വിരൽത്തുമ്പിൽ പെട്ട് ഒരു വീഡിയോയിലെത്തുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം അണുബോംബിടാൻ നിയോഗിക്കപ്പെട്ട അമേരിക്കൻ സൈനികരിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നവർ സംസാരിക്കുന്നതിന്റെ വീഡിയോ ആയിരുന്നുവേത്ര അത്. ‘ബോംബ് വീണുകഴിയുമ്പോഴേക്ക് കൈപ്പത്തികൊണ്ട് കണ്ണടച്ചുപിടിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നതായി അവർ പറയുന്നു. ഭയാനക ശബ്ദത്തോടൊപ്പം ഞെട്ടിപ്പിക്കുന്ന വെളിച്ചം കൈകളിലൂടെ തുരന്നുവന്ന് എക്‌സ്റേ​ കൊണ്ടെന്ന പോലെ അസ്ഥികൾ കാണാമായിരുന്നുവെന്ന് ഓരോ സൈനികനും അനുഭവത്തെ വിശദീകരിക്കുന്നു. ഹിംസയുടെ ഈ ദൃക്‌സാക്ഷി വിവരണം കവിയെ വേറിട്ട ചിന്തയിലേക്ക്, നിഗമനത്തിലേക്ക് നയിക്കുകയാണ്.

ഹിംസയെ തൊട്ടടുത്ത് അല്ല, തുരന്നെടുത്ത് കണ്ടവർ അവർ അവിശ്വസിക്കേണ്ട കാര്യമില്ല ഹിംസയുടെ ഒരു വീഡിയോ എക്‌സറേപോലെ നമ്മൾ ഈ ലോകത്തിൽ ചലിച്ചുകൊണ്ടിരിക്കുകയുമാണല്ലോ

ഇതാണ് വിനോദിന്റെ കവിതകളുടെ പ്രവർത്തനരീതി. ലോകത്തെ സത്യമായി വീക്ഷിക്കാനുള്ള സാമഗ്രികൾ നിർമിച്ചെടുക്കുന്നതിന്റെ കരവിരുത്. ആത്മ
ദർശനത്തിനായും ലോകദർശനത്തിനായും പ്രതിഷ്ഠിക്കപ്പെട്ട കണ്ണാടികളാണ് ഈ കവിതകളെന്നു പറയാം. പ്രതീതിയാഥാർത്ഥ്യം പ്രജ്ഞയെ മരവിപ്പിച്ച കാലത്തെ ഭാഷ കൊണ്ടും ചിന്ത കൊണ്ടും മറികടക്കുന്ന രീതി ഈ കവിതകളെ ഏറെ സവിശേഷമാക്കുന്നു. തന്റെ കവിതകൾ അകലങ്ങളുടെ കവിതകളാണെന്നും

എന്തെന്നാൽ ഏറ്റവും വലുതും ഏറ്റവും ചെറുതുമായ അകലങ്ങൾ വാക്കുകൾക്കിടയിലാണ്

എന്നുമുള്ള ബോധ്യമാണ് ഈ കവിയെ നയിക്കുന്നത്. അറിവും തിരിച്ചറിവും പ്രതിയറിവും കൊണ്ട് നിർഭരമാണീ കവിതകൾ.

ലോകത്തിന് വലിയ തോതിലുള്ള സത്യസന്ധതയൊന്നും സാധ്യമല്ല ലോകത്തെക്കുറിച്ച് പറയുമ്പോൾ ഒരുപക്ഷേ ചിലപ്പോഴൊക്കെ നിങ്ങൾക്ക് അത്- സത്യസന്ധത സാധ്യമാവാൻ സാധ്യതയുണ്ട്' (മേലെ എഴുതിയത് ഒരു പ്രണയലേഖനത്തിൽ നിന്ന് മുറിച്ചെടുത്തതാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ)
- സത്യമായും ലോകമേ.

ഇങ്ങനെയൊക്കെ സത്യാനന്തരലോകത്തെ വിറളിപിടിപ്പിക്കുന്നുണ്ട് കവി.

‘സത്യമായും ലോകമേ' എന്ന സമാഹാരത്തിലെ കവിതകളിൽ കണ്ട പ്രതിചിന്തയുടെ പേശീബലവും പ്രതിഭാസവിജ്ഞാനീയ തന്ത്രങ്ങളും കൂടുതൽ ധൈഷണികമാവുന്നത് ‘ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം' എന്ന സമാഹാരത്തിലെ കവിതകളിൽ കാണാം. എല്ലാ പൊതുബോധങ്ങളെയും തച്ചുടയ്ക്കുന്നു. ഭാഷയെ ചിന്താവസ്തുവായി മെനഞ്ഞെടുക്കുന്നു. ലീലാപരതയും ഗണിതയുക്തിയും, ശാസ്ത്രബിംബങ്ങളും സന്ദിഗ്ദ്ധതയും, സംവാദങ്ങളും സ്വപ്നഭാഷ്യങ്ങളും പരതിപ്പരിശോധനകളും നിറയുന്ന കാവ്യഭാഷ അനുവാചകരെ അതിചിന്തയിലേക്ക് ഉയർത്തുന്നു എന്നു പറയാം. ജീർണ്ണതാഗ്രസ്തമായ വ്യവഹാരങ്ങളെ നവീകരിക്കാനുള്ള നിഗൂഢ പ്രവർത്തനങ്ങളിലാണ് കവി മുഴുകുന്നത്. അതിനായി പ്രതിചിന്തകൾ ചെത്തികൂർപ്പിക്കുന്നതു കാണാം. ‘നിമിഷത്തിന്റെ വിരലടയാളം’ അഥവാ ഏറ്റവും സൗകര്യപ്രദമായ കവിതയിൽ ഈ ആക്രമണസ്വഭാവം പ്രത്യക്ഷപ്പെടുന്നതു നോക്കൂ:

ഏതുവിധം സംഗീതത്തിനും സജ്ജമായ നിസ്സംഗത ഏതുതരം വിഡ്ഢിത്തവും ശ്വസിച്ച് ജീവിക്കാനറിയുന്ന രൂപകങ്ങൾ അനന്തത പുളിച്ചുതികട്ടിയ പോലുള്ള ഒരുതരം സ്വച്ഛത

നമ്മുടെ ധൈഷണിക ജീവിതം നിസ്സംഗതയിലും വിഡ്ഢിത്തത്തിലും സ്വച്ഛതയിലും തളച്ചിട്ട പ്രത്യശാസ്ത്രങ്ങൾക്കെതിരായ ഒളിപ്പോരാട്ടം ത്രസിപ്പിക്കുന്നവയാണ് ‘ശ്ശ്ശ്' എന്ന കവിതയിൽ ഇത് ഏറ്റവും സാന്ദ്രമായി ആഖ്യാനം ചെയ്യപ്പെടുന്നു.

ഉവ്വ് എന്ന വാക്കുമാത്രമുള്ള ഒരു ഭാഷയിലേക്ക് വ്യംഗ്യങ്ങളുടെ കള്ളക്കടത്ത് നടത്തുന്ന ഒരു ചിന്തയാണ് ഞാൻ എന്നെ ഈ വഴിയിൽ ഈ നേരത്ത് കണ്ടകാര്യം ആരോടും പറയണ്ട

ഭാഷയുടെ കേവലഘടകങ്ങളെ, വ്യാക്ഷേപകങ്ങളെ തനിയെ നിൽക്കുമ്പോൾ അർത്ഥമില്ലാത്തവയെ പ്രാസപ്പെരുക്കങ്ങളെ ഒക്കെ പ്രഹരചിന്തയുടെ അസംസ്കൃത വിഭവങ്ങളാക്കുന്നതിന്റെ കാവ്യശാസ്ത്രം വിനോദിന്റെ പല കവിതകളിലും പ്രത്യക്ഷപ്പെടുന്നു. ‘ആ' എന്ന കവിത ഇത്തരത്തിലൊന്നാണ്.

ആശകളുടെ ആകൃതിയാണോ ആശയങ്ങളുടെ ആകൃതി ആനന്ദത്തിന്റെ ആവൃത്തിയാണോ ആത്മാവിന്റെ ആവൃത്തി ആത്മനിന്ദയുടെ ആഴമാണോ ആത്മവിശ്വാസത്തിന്റെ ആഴം ആളുകളുടെ ആക്രാന്തമാണോ ആൾദൈവത്തിന്റെ ആക്രാന്തം ആരാന്റെ ആഘോഷമാണോ ആരുടെയെങ്കിലും ആഘോഷം ആ... ആ? ആ... ആ? ആ... ആ? ആ... ആ?'

വാ പിളർന്നു നിൽക്കുന്ന വിഡ്ഢിത്തലോകത്തിന്റെ ഇൻസ്റ്റലേഷനും കോറസുമായി കവിത പ്രവർത്തനസജ്ജമാകുന്നു ഇവിടെ.

Photo Art: Rashmy Ahamed

വിവേകത്തിന്റെയും വിവേചനത്തിന്റെയും ചിന്താനൈപുണികൾ നഷ്ടപ്പെട്ട് ജഡീഭവിച്ച കാലത്തിന് ജീവൻ പകരുന്ന ചിന്തയുടെ പ്രാണവായുവായി വിനോദിന്റെ കവിത പ്രവർത്തിക്കുന്നു. എവിടെയോ തുടങ്ങി സ്ഥിരീകരണമില്ലാതെ തളം കെട്ടിയ സംവാദമുഖത്തേക്ക് ഇരച്ചുകയറി ഇടപെടുന്നതിന്റെ രീതിയാണ് പല കവിതകൾക്കുമുള്ളത്. അവിടെ പുതിയ വെല്ലുവിളികളും പോർമുഖങ്ങളും തുറക്കുന്നു. വസ്തുലോകത്തിനും പ്രപഞ്ചത്തിനും ഇടയിൽപ്പെട്ട ചിന്തയുടെ പിടച്ചിലുകൾ അതിന്റെ രാസപരിണാമവേഗങ്ങൾ ഒക്കെ സംഗ്രഹിക്കാൻ ശ്രമിക്കുന്നിടത്ത് കവിത നമ്മെ അതിഭൗതികതയിലേക്ക് എടുത്തുയർത്തുന്നു.

ലോകത്തെ വേറിട്ടറിയാൻ കവിതയെ ശാസ്ത്രീയമായി സജ്ജമാക്കുന്നതിന്റെ പ്രക്രിയകളാൽ നിബിഡമാണ് ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം എന്ന സമാഹാരത്തിലെ കവിതകൾ.

ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം, അഭിപ്രായത്തിൽ, മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ, മറന്നുപോകുന്നതു കൊണ്ടല്ല, ആനന്ദം പ്രഖ്യാപിക്കുന്നു, ജീവിക്കുന്നതിന്റെ മൂന്നുഹൈക്കുകൾ എന്നിങ്ങനെയുള്ള ശീർഷകങ്ങളിൽ ദൃശ്യപ്പെടുന്ന കവിതകളിൽ, ചിന്തയിലൂടെ നൂണുപോകുന്നതിന്റെ, ജീവിതത്തിന്റെ ആസ്പദങ്ങൾ തിരഞ്ഞുപോകുന്നതിന്റെ, സന്ദിഗ്ദ്ധതകളെ താത്ത്വികമായി സംഗ്രഹിക്കുന്നതിന്റെ പ്രക്രിയകൾ കാണാം. കവിതയിലൂടെ തത്ത്വചിന്തിയിലേക്കും തത്ത്വചിന്തയിലൂടെ കവിതയിലേക്കുമുള്ള നിഗൂഢവഴികൾ നിർമിക്കുകയാണ് കവി. വ്യവസ്ഥിതിയിൽ തറഞ്ഞുപോയ മനുഷ്യജീവിതത്തിന്റെ ക്ഷുദ്രത. അതിൽ നിന്നുള്ള മോചനത്തിന്റെ പ്രതിമാർഗ്ഗങ്ങളാരായൽ ഇതൊക്കെ കവിതയുടെ ആത്മാവിനെ ഗ്രസിച്ചിരിക്കുന്നതു കാണാം. പ്രതിചിന്തയാണ് ഈ കവിതകളെ തിളക്കമുള്ളതാക്കുന്നത്. ‘ആരും മനസ്സിലെടുക്കാത്ത ഒരു നിമിഷത്തെ എന്തിനെന്ന് കൃത്യമായറിയാത്ത കാരണങ്ങളാൽ പ്രധാനപ്പെട്ട എന്തിനോ വേണ്ടി തെരഞ്ഞെടുക്കുന്നതിന്റെ കൃത്യത’ (സാഹിത്യകുതുകികൾക്ക് വ്യത്യസ്തതയെപ്പറ്റിയുള്ള ഒരു സെൽഫ്​ ഹെൽപ്​ കവിത) യായി ഈ പ്രതിചിന്തകൾ പുറപ്പെട്ടുവരുന്നു.

അഭിപ്രായങ്ങൾ, നോട്ടങ്ങൾ, സംശയങ്ങൾ, സന്ദിഗ്ദ്ധതകൾ, ആലോചനകൾ, ചലനങ്ങൾ, നിശ്ചലത, മൗനം ഇവയെ ഭൗതികമായും അതിഭൗതികമായും അറിയാൻ ശ്രമിക്കുന്നതിന്റെ ഉന്മാദനിലകളാണ് ‘ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം' എന്ന സമാഹാരത്തിലെ കവിതകളിൽ വായിക്കാനാവുക. ഇന്ദ്രിയാനുഭവങ്ങൾ കൂടിക്കുഴയുന്നതിന്റെ, പ്രപഞ്ചബോധങ്ങൾ മാറിമറിയുന്നതിന്റെ സന്ത്രാസങ്ങൾ പിടിച്ചെടുക്കാൻ ഈ കവിതകൾ ശ്രമിക്കുന്നു. ‘സിനസ്തീഷ' എന്ന കവിതയിൽ ഇതവതരിപ്പിക്കപ്പെടുന്നുണ്ട്.

നമ്മൾ നരകിക്കുന്നതിന്റെ നിറമായ ഈതയിൽ ആകാശം അന്യോന്യം മനസ്സിലാക്കാതിരുന്നതിന്റെ ഒച്ചയിൽ കാറ്റിരമ്പങ്ങൾ കരയുന്ന ഒരാളിന്റെ മുഖം മറ്റൊരാൾ തൊടാതിരുന്നതിന്റെ തണുപ്പായ മഴത്തുള്ളികൾ പോരോർമ്മയില്ലാത്ത ഒരു മഷിയുടെ മണം നമ്മുടെ പൊള്ളയായ ഉള്ളുകളെന്ന് നുരയുന്നു കണ്ണടയ്ക്കുമ്പോഴുണ്ടാകുന്ന ഇരുട്ടുനുണഞ്ഞ് ഞാൻ നമ്മുടെ തോല്വി എന്ന രുചിയെ പ്രഖ്യാപിക്കുന്നു.

ഇങ്ങനെ ലോകത്തെ വേറിട്ടറിയാൻ കവിതയെ ശാസ്ത്രീയമായി സജ്ജമാക്കുന്നതിന്റെ പ്രക്രിയകളാൽ നിബിഡമാണ് ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം എന്ന സമാഹാരത്തിലെ കവിതകൾ. ഇവിടെ മനുഷ്യാവസ്ഥകളും ചരിത്രവും സാഹിത്യഭാവുകത്വങ്ങളും പ്രതിബുദ്ധതയാൽ പ്രകാശവലയംചൂടി നിൽക്കുന്നത് നാമറിയുന്നു. ▮


ആർ. ചന്ദ്രബോസ്​

കാസർകോട്​ സെൻട്രൽ യൂണിവേഴ്​സിറ്റിയിലെ മലയാളം ഡിപ്പാർട്ടുമെൻറിൽ അസോസിയേറ്റ്​ പ്രൊഫസർ.

Comments