ടോം പോളിൻ / Photo: @kate_mount_photographer, instagram

ടോം പോളിൻ; ചരിത്രത്തെ അഭിമുഖീകരിക്കുന്ന കവിത

ബാഹ്യവും ആന്തരികവുമായ നിരവധി സംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുള്ള അയർലൻഡിൽ ജനിച്ചുവളർന്ന ഒരു കവി തന്റെ കാലഘട്ടത്തെ എങ്ങനെയെല്ലാം അടയാളപ്പെടുത്തുന്നു?

ദ്യോഗിക ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഡൽഹിയാത്രകൾ 2013 മുതൽ പതിവാണ്. അത്തരം യാത്രകൾക്കിടയിലെ ഒഴിവുകളിൽ നടത്തുന്ന സഞ്ചാരങ്ങൾ എൻ.സി.ഇ.ആർ.ടി.യുടെ രണ്ടു ഗേറ്റുകളുടെ പുറത്തുതന്നെ അവസാനിക്കാറാണ് പതിവ്. ഇക്കുറി പഴയ ക്രൈസ്റ്റ്കാല ചങ്ങാതി ജോബിനാണ് അരബിന്ദോ മാർഗിന്റെ ഒരറ്റത്തുള്ള പുസ്തകക്കടയിലേക്ക് വഴിതിരിച്ചുവിട്ടത്. തിരച്ചിലുകൾക്കിടയിൽ കൈയിൽ കിട്ടിയതിലൊന്ന് ടോം പോളിൻ എന്ന കവിയുടെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ്. Killed in Crossfire എന്ന സമകാലീന കവിതയിലൂടെ സയോണിസ്റ്റുകളെ നാസികളുമായി താരതമ്യപ്പെടുത്തി വിവാദനായകനായ കവിയാണിതെന്ന് ജോബിൻ പറയുകയും ചെയ്തു. പുസ്തകത്തിലേക്ക് കടന്നപ്പോഴാണ് ഇംഗ്ലണ്ടിന്റ ഭാഗമായ വടക്കൻ അയർലൻഡിലെ കവിതകൾ മനസ്സിലാക്കണമെങ്കിൽ അവർ കടന്നുപോന്ന സാഹചര്യങ്ങൾ കൂടി അറിയേണ്ടതുണ്ടെന്ന് തിരിച്ചറിവുണ്ടാകുന്നത്.

ബാഹ്യവും ആന്തരികവുമായ നിരവധി സംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുള്ള അയർലൻഡ് അവിടെ ജനിച്ചുവളർന്ന ഒരെഴുത്തുകാരനെ സംബന്ധിച്ച് അനുഭവങ്ങളുടെ മൂശയായിരുന്നു.

മുപ്പത്തിമൂവായിരം വർഷങ്ങൾക്കു മുൻപുതന്നെ അയർലൻഡിൽ ജനവാസമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ക്രിസ്തുമതം അയർലൻഡിൽ പ്രചരിച്ചു. 1160 കളോടെ അക്കാലത്തെ ഇംഗ്ലണ്ടിലെ രാജാക്കന്മാർ അയർലൻഡിലേക്കു നടത്തിയ പടയോട്ടങ്ങളാണ് 800 വർഷം നീണ്ടുനിന്ന ബ്രിട്ടന്റെ അയർലൻഡ് അധിനിവേശത്തിന് അടിസ്ഥാനമായത്. ലോകമെങ്ങും സാമ്രാജ്യത്ത്വത്തിന്റെ കൈപ്പിടിയിൽ നിന്ന് കുതറിമാറാനുള്ള കോളനികളുടെ ശ്രമങ്ങളുടെ അലയൊലികൾ 1900 ഓടെ അയർലൻഡിലും എത്തിച്ചേർന്നു. പലപ്പോഴും രക്തരൂഷിതമായ സമരങ്ങൾക്കും കൂട്ടക്കൊലകൾക്കും ശേഷം അയർലൻഡ് സ്വാതന്ത്യം നേടുമ്പോഴും വടക്കൻ അയർലൻഡ് ബ്രിട്ടന്റെ ഭാഗമായി തുടർന്നു. ഭരണം വിട്ടുപോകുന്ന ഏതൊരിടത്തും ഉണങ്ങാത്ത മുറിവുകൾ അവശേഷിപ്പിക്കുന്നത് സാമ്രാജ്യത്വത്തിന്റെ തനിസ്വഭാവമാണ്. നമുക്കത് ഹിന്ദു-മുസ്‌ലിം വേർതിരിവും ഇന്ത്യ-പാക് വിഭജനവുമാണെങ്കിൽ അയർലൻഡിന്റെ കാര്യത്തിലത് കത്തോലിക്കർ- പ്രൊട്ടസ്റ്റന്റുകളും, വടക്കൻ -തെക്കൻ (?) അയർലൻഡുമാണ്.

ഇത്തരം ചരിത്രസന്ധികളിലൂടെ കടന്നുപോയതിനാൽ തന്നെ ആദ്യകാലത്ത് ഇംഗ്ലണ്ടിനെതിരായ സ്വാതന്ത്ര്യപോരാട്ടങ്ങളുടെ അടയാളങ്ങൾ വഹിച്ച അയർലൻഡ്, സ്വതന്ത്രമായതിനുശേഷമാകട്ടെ രാഷ്ട്രത്തിന്റെ യഥാർഥ സ്വത്വത്തെ ആരാണ് പ്രതിനിധീകരിക്കുന്നത് എന്ന തർക്കവിഷയം ഏറ്റെടുത്തു. ബാഹ്യവും ആന്തരികവുമായ നിരവധി സംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുള്ള അയർലൻഡ് അവിടെ ജനിച്ചുവളർന്ന ഒരെഴുത്തുകാരനെ സംബന്ധിച്ച് അനുഭവങ്ങളുടെ മൂശയായിരുന്നു. ഈ കാലഘട്ടത്തെ ശരിയായി അടയാളപ്പെടുത്തുന്നവയാണ് ടോം പോളിൻ കവിതകൾ. അതോടൊപ്പം അയർലൻഡ് വിഭജനത്തിലുളള അസംതൃപ്തി പോളിന്റെ കവിതകളിൽ കാണാം. ആദ്യത്തെ സമാഹാരമായ State of Justice ലെ Ballywarire എന്ന കവിത ആരംഭിക്കുന്നതിങ്ങനെയാണ്:

എന്റെയറുബോറനമ്മാവൻ പന്നിയിറച്ചി ചവയ്ക്കുന്നു, അമ്മായി, അവരൊരമ്മകൂടിയാണ്, ചായ പകരുന്നു, ഞാനിവിടെയാണ് ജീവിക്കുന്നത്: ഈ പട്ടണത്തിൽ അതിർത്തിയുടെ തെറ്റായ വശത്ത്.

സ്വാഭാവികമായും ഈയൊരു കവിയെഴുതുന്ന വരികളിൽ രാഷ്ട്രീയം കടന്നുവരാതിരിക്കില്ലല്ലോ. പക്ഷെ ചരിത്രത്തിൽ കാലൂന്നാതെ രാഷ്ട്രീയത്തിനെവിടെയാണ് നിലനിൽപ്പ്? മറ്റൊരുതരത്തിൽ പറഞ്ഞാൽ ചരിത്രം രാഷ്ട്രീയത്തെ നിർണയിക്കുകയും രാഷ്ട്രീയം ചരിത്രത്തെ നിർമിക്കുകയുമാണല്ലോ ചെയ്യുന്നത്. പക്ഷെ അതോടൊപ്പം ചരിത്രത്തെ സാഹിത്യത്തിൽ അഭിമുഖീകരിക്കുമ്പോൾ എഴുത്തുകാർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ചരിത്രത്തെ വസ്തുതകൾ ആയിട്ടാണോ അതോ കൽപിത കഥകളായിട്ടാണോ അവതരിപ്പിക്കേണ്ടത് എന്ന ചോദ്യം. ഈയൊരു ദുർഘടസന്ധിയെ പോളിനും അഭിമുഖീകരിച്ചിട്ടുണ്ട്

Can you describe history, I'd like to know? Isn't it a fiction that pretends to be fact Like, A journal of the Plague Year ( Martello, Liberty Tree- 1985)

ഇതിൽ പറയുന്ന A journal of the Plague Year എന്നത് ലണ്ടനിലുണ്ടായ ഭയാനകമായ പ്ലേഗ് അനുഭവത്തെ വിവരിക്കുന്ന ദാനിയൽ ദിഫോയുടെ രചനയാണ്. എഴുത്തുകാരൻ നേരിട്ടനുഭവിക്കുന്ന വിധത്തിലാണ് ഈ കൃതി എഴുതിയിരിക്കുന്നത്. പക്ഷെ രസകരമായ വസ്തുത ലണ്ടനിൽ പ്ലേഗ് പടർന്ന 1665-ൽ ദിഫോയുടെ പ്രായം കേവലം അഞ്ചു വയസ്സായിരുന്നു എന്നതാണ്. ചരിത്രത്തെയും എഴുത്തുകാരന്റെ മുന്നിൽ അതുയർത്തുന്ന ഈ കുഴപ്പത്തെയും നേരിടാൻ ജെയിംസ് ജോയ്‌സ് (Ulysses ഉം A Portrait of an Artist as a Young Man ഉം എഴുതിയ അതേ അയർലൻഡുകാരൻ) പോളിൻ കവിതകളെ സഹായിച്ചിരിക്കാം. ജെയിംസ് ജോയ്‌സിനോടുള്ള ആരാധന പോളിനും അഭിമുഖങ്ങളിൽ തുറന്നു സമ്മതിച്ചിട്ടുള്ളതാണ്.

സ്വാതന്ത്യാനന്തരം സമാധാനമെന്നത് തന്നെ വടക്കൻ അഅയർലൻഡിനെ സംബന്ധിച്ച് സ്വപ്നമായി അവശേഷിക്കുകയാണുണ്ടായത്. അതിനാൽതന്നെ അക്കാലത്തെ വിവരിക്കുമ്പോൾ പോളിൻ കവിതകൾ ഇരുണ്ടതും, ദുഃഖഭരിതവുമായ ഒരു ദേശത്തെ സൃഷ്ടിക്കുന്നതായി പലരും നിരീക്ഷിച്ചിട്ടുണ്ട്.

ചരിത്രത്തെക്കുറിച്ചെഴുതുമ്പോൾ നേരിടുന്ന പ്രതിസന്ധിയെ പോളിൻ മറികടക്കുന്നത് രണ്ടുവിധത്തിലാണെന്നു പറയാം. അതിലൊന്ന് ചരിത്രത്തെ വിമർശനാത്മകമായി പരിശോധിക്കുക എന്നതാണ്. മറ്റൊന്ന് അതിന്റെ തുടർച്ചയാണ്. കൽപിത കഥകളുടെയും ചരിത്രവസ്തുതകളുടെയും പരിശോധനയിൽ കണ്ടെടുക്കുന്ന മാനവികമൂല്യങ്ങളെയും സ്വപ്നങ്ങളെയും വിശ്വാസങ്ങളെയും പോളിൻ കവിതകൾ പിൻപറ്റുന്നത് കാണാം.
പക്ഷെ ഇത്തരം സ്വപ്നങ്ങളെ പിന്തുടരുന്നത് സാധാരണ വടക്കൻ അയർലൻഡുകാരന് അത്ര എളുപ്പമായിരുന്നില്ല. കാരണം, സ്വാതന്ത്യാനന്തരം സമാധാനമെന്നത് തന്നെ വടക്കൻ അഅയർലൻഡിനെ സംബന്ധിച്ച് സ്വപ്നമായി അവശേഷിക്കുകയാണുണ്ടായത്. അതിനാൽതന്നെ അക്കാലത്തെ വിവരിക്കുമ്പോൾ പോളിൻ കവിതകൾ ഇരുണ്ടതും, ദുഃഖഭരിതവുമായ ഒരു ദേശത്തെ സൃഷ്ടിക്കുന്നതായി പലരും നിരീക്ഷിച്ചിട്ടുണ്ട്. A Partial State എന്ന കവിത പോളിൻ ആരംഭിക്കുന്നത് കൊടുംചൂടിൽ ഉരുകുകയും കനത്ത മഴയിൽ നനഞ്ഞുവിറയ്ക്കുകയും ചെയ്യുന്ന അയർലൻഡിനെ വിവരിച്ചുകൊണ്ടാണ്. അവിടെ വെളുത്ത ദൈവം മരുഭൂമിയിലെ ദൈവത്തോട് പറയുന്നത് ഇതാണ്:

അതിർത്തികൾ തുറന്നിട്ടിരിക്കുന്നു. നിന്റെ അടിമകളോട് നിനക്കെന്തുമാവാം അതിനിമേലെന്റെ വിഷയമല്ല. ഒന്നുമാത്രം മറക്കരുത് അവരുടെ ഒച്ച ഉയരരുത്.

വംശവെറിയുടെ വെളുത്ത ദൈവവും കൊടുംക്രൂരതകൾക്ക് മടിയില്ലാത്ത മരുഭൂമിയുടെ ദൈവവും തമ്മിലുള്ള ഈ സംഭാഷണങ്ങൾ മിത്തും ചരിത്രവും തമ്മിൽ ശരിയായ അളവിൽ കലർത്തി വർത്തമാനകാലത്തെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിൽ കവിയ്ക്കുള്ള കഴിവിനെയാണ് വെളിപ്പെടുത്തുന്നത്. ഈ കവിതയിൽ വരുന്ന ബിംബങ്ങളായ യന്ത്രതോക്കുകളും ജലപീരങ്കികളും മറ്റും അധികാരം എങ്ങനെയാണ് ഒരു ജനതയെ അടിച്ചമർത്താൻ ഉപയോഗിക്കുന്നതെന്ന് കാണിച്ചുതരുന്നുണ്ട്. ഈ കവിത ഇത്രകൂടി പറഞ്ഞുവെക്കുന്നു.

പൊതുവിടങ്ങൾക്കു മുകളിലെ ഘടികാരങ്ങൾ ചോരയൊലിപ്പിച്ചു നിൽക്കുന്നു അവരുടെ മുദ്രാവാക്യങ്ങൾ, മുദ്രകൾ നമ്മളോടു പറയുന്നതിത്രമാത്രം തെറ്റായ ഈശ്വരൻമാർ ഉണ്ടാക്കിയതിനെ ഒരു സൈന്യത്തിനും കാക്കാനാവില്ല.

വിഭജനമെന്നത് ദൈവികമായ വിധിയാണ് എന്നല്ല കവി പറയുന്നത്. അതോടൊപ്പം തന്റെ കവിതകളിലൂടെയും എഴുത്തുകളിലൂടെയും അയർലൻഡിന്റെ പാരമ്പര്യം, രാഷ്ട്രീയം, ചരിത്രം, ജനാധിപത്യമൂല്യങ്ങൾ എന്നിവയെ എല്ലാം ടോം പോളിൻ വിമർശനാത്മകമായി സമീപിക്കുന്നതുകാണാം.

ഒരു രാജ്യം തങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുമ്പോൾ ദേശീയമായ എല്ലാ ബിംബങ്ങളെയും ഉയർത്തിക്കൊണ്ടുവരുന്നത് സ്വാഭാവികമാണ്. എന്നാൽ സ്വാതന്ത്ര്യം എന്നതാകട്ടെ ദേശീയത എന്ന ചെറിയൊരു കുറ്റിക്കുചുറ്റും കെട്ടിയിടാവുന്ന ഒന്നല്ല താനും. ഈ വൈരുദ്ധ്യം എല്ലാ രാജ്യങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ കാണാവുന്നതാണ്. ഇന്ത്യയിൽ തന്നെ ദേശീയതയെന്ന വികാരത്തിന്റെ ആഴക്കുറവിനെ കേസരി ബാലകൃഷ്ണപിള്ള അടക്കമുള്ള പലരും ചോദ്യം ചെയ്തിട്ടുള്ളതാണല്ലോ. അയർലൻഡിലും സ്ഥിതി വ്യത്യസ്തമൊന്നുമായിരുന്നില്ല. സ്വാതന്ത്ര്യാനന്തര അയർലൻഡിൽ ദേശീയത എങ്ങനെയാണ് മാരകമായ ഒരു സങ്കൽപമാകുന്നത് എന്ന് പോളിൻ തന്റെ കവിതയിൽ നിരീക്ഷിക്കുന്നുണ്ട്. A Nation Yet Again എന്ന കവിതയിൽ അദ്ദേഹമെഴുതുന്നത്

‘‘സ്‌നേഹവും പ്രതീക്ഷയും മാന്യതയും ഒരു ചെറുകാലത്ത് ഞങ്ങളെ ഉമ്മവെച്ചു കളിമട്ടിൽ ഞങ്ങളെഴുതി കൈമാറിയ കവിതാശകലങ്ങളും നിലച്ചു. പിന്നീടാരും മറുഭാഗത്തുള്ളവരെ പുകഴ്ത്തിയിട്ടില്ല’’ എന്നാണ്.

അയർലൻഡ് നേരിട്ട മറ്റൊരു പ്രതിസന്ധി മതവും അധികാരവും തമ്മിലുള്ള അടുപ്പമാണ്. സ്വതന്ത്ര അയർലൻഡിന്റെ ഭരണം ആർക്ക് ലഭിക്കണമെന്ന കാര്യത്തിൽ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും തമ്മിൽ രൂക്ഷമായ വടംവലി നിലനിന്നിരുന്നു. The struggle എന്ന് അറിയപ്പെട്ട ആ തർക്കകാലത്ത് അവിടത്തെ നിർണായകശക്തിയാവാൻ ശ്രമിച്ചിരുന്ന ഈ രണ്ടു കൂട്ടരും ഉപയോഗിച്ചിരുന്ന ഞങ്ങൾ / മറ്റവർ ദ്വന്ദത്തിന്റെ നിരർഥകത പോളിൻ അദ്ദേഹത്തിന്റെ കവിതകളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. An Ulster Unionist Walks the Streets of London എന്ന പ്രകടമായ രാഷ്ട്രീയസ്വഭാവമുള്ള കവിതയിൽ അദ്ദേഹമെഴുതുന്നത് നോക്കൂ:

But I went underground to the Strangers' House- We vouch, they swore We deem, they cried, till I said, 'Out... I may walk out that door and walk the streets searching my own people.

അതിരുകളും വ്യത്യസ്തതകളും നിർമിക്കുന്നത് ചരിത്രമാണ് എന്ന് Rosetta Stone എന്ന കവിതയിൽ പോളിൻ പറയുന്നുണ്ട്.

There wasn't a single hair between our sleeping legs that I could ever see- only that spiky différence waiting on history

ഈ കവിതയിൽ വ്യത്യാസം എന്ന വാക്കിനെ സൂചിപ്പിക്കാനായി കവി തെരഞ്ഞെടുക്കുന്ന ഫ്രഞ്ച് വാക്കായ différence രണ്ടുകാരണം കൊണ്ട് കൗതുകകരമാണ്. ഒന്ന് ആ വാക്ക് സ്ത്രീലിംഗപദമാണ് എന്നത് ഈ കവിതയുടെ പൊതുസ്വഭാവത്തോട് നീതിപുലർത്തുന്ന ഒന്നാണ്. മറ്റൊന്ന് തൊട്ടടുത്തു നിൽക്കുന്ന spiky എന്ന വാക്ക് സൂചിപ്പിക്കുന്ന മുൾമുന différence എന്ന വാക്കിലെ é യിൽ കാണാവുന്നതാണ്.

ചരിത്രത്തിലും രാഷ്ട്രീയത്തിലും മാറ്റം വരുത്തുന്നത് നിരീക്ഷകരെന്ന കാപട്യക്കാരല്ല, മറിച്ച് അവയിൽ ഇടപെടുന്നവരാണ് എന്നതാണ് പോളിൻ അസന്നിഗ്ധമായി പറയുന്നത്.

പോളിൻ മുന്നോട്ടുവെക്കുന്ന സങ്കൽപരാഷ്ട്രത്തിന്റെ മാതൃക എന്നത് പതിനെട്ടാം നൂറ്റാണ്ടിലെ ഐറിഷ് സ്വാതന്ത്ര്യസമര പോരാളികളുടെ ഭാവനയിൽ നിന്ന് എടുത്തതാണെന്ന് പറയപ്പെടുന്നു. മാനവികതയുടെയും പരസ്പര സ്‌നേഹത്തിന്റെയും അടിസ്ഥാനത്തിൽ നിലകൊള്ളുന്ന ഒരു സുന്ദരമായ ലോകം അദ്ദേഹം വിഭാവനം ചെയ്തിരുന്നെങ്കിലും അത് അങ്ങനെയല്ലാത്തതിന്റെ നിരാശകളും തന്റെ കവിതകളിൽ പോളിൻ പങ്കുവെക്കുന്നതായി കാണാം. Presbyterian Study എന്ന കവിതയിൽ ഉയർന്ന മൂല്യബോധമുള്ള ഒരു നേതൃത്വത്തിൽ പ്രതീക്ഷയർപ്പിക്കുന്ന കവി ഏറെ താമസിയാതെ അത്തരം നേതൃത്വം സത്യത്തിൽ ഒരു മ്യൂസിയം പീസ് മാത്രമാണെന്ന് ദുഃഖത്തോടെ തിരിച്ചറിയുന്നുമുണ്ട്. The Defenestration of Hillsborough ആകട്ടെ മഹാഭാരതത്തിൽ യുധിഷ്ഠിരൻ പറഞ്ഞ അതേ ദാർശനികവ്യഥ പങ്കുവെക്കുന്നതുകാണാം.

തലയിൽ വംശാവലിയും പേറി ജനല്ലിന്നരികിലിരിപ്പോർ നമ്മൾ അറിവൂ പൊരുതി ജയിച്ചവയെല്ലാം തോറ്റവയെന്നൊരു സത്യം

തന്റെ കടുത്ത വാക്കുകളിലൂടെ പലരുമായി ഏറ്റുമുട്ടിയതിന്റെ പേരിൽ പോളിൻ ഒരു വിവാദനായകൻ കൂടിയാണ്. ചരിത്രത്തിലും രാഷ്ട്രീയത്തിലും മാറ്റം വരുത്തുന്നത് നിരീക്ഷകരെന്ന കാപട്യക്കാരല്ല, മറിച്ച് അവയിൽ ഇടപെടുന്നവരാണ് എന്നതാണ് പോളിൻ അസന്നിഗ്ധമായി പറയുന്നത്. അതിനാൽതന്നെയാണ് ഒരു ലിബറൽ പാർട്ടി അനുഭാവിയായിരുന്നിട്ടും ഇസ്രായേലിനെ പിന്തുണച്ചതിന്റെ പേരിൽ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനെ കടുത്ത വാക്കുകളിൽ വിമർശിച്ചത്. അതോടൊപ്പം ഇസ്ലാം തീവ്രവാദത്തെയും പോളിൻ എതിർക്കുന്നുണ്ട്. തന്റെ എഴുപതുകളിൽ രണ്ടാം ലോകമഹായുദ്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു രചനയുടെ പണിപ്പുരയിലാണദ്ദേഹമത്രേ.

പോളിന്റെ ചരിത്രകവിതകളെക്കുറിച്ച് പറഞ്ഞല്ലോ. Before History എന്ന ഈ കവിത ചരിത്രത്തെ കാണുന്നത് പതിവു ടോം പോളിൻ ചരിത്ര കവിതകളിൽ നിന്ന് വ്യത്യസ്തമായാണ്. വലിഞ്ഞുമുറുകി പൊട്ടാറായ ഒരു ദേശമാണ് ഈ കവിതയിൽ. ഒരേസമയം ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും അത് ഉയർത്തുന്ന ആശങ്കയും കവിത പങ്കുവെക്കുന്നു. പോളിന്റെ ചരിത്ര കവിതകളുടെ മുൻഗാമിയെന്നും അയർലൻഡിന്റെ ആന്തരികമായ സംഘർഷങ്ങളുടെ നിശ്ചലദൃശ്യമെന്നുമുള്ള വായനകൾ ഈ കവിതയ്ക്ക് സാധ്യമാണ്.

എന്റെ വഴി(രി) തെറ്റിയ വിവർത്തനത്തിൽ അവസാന ഭാഗത്ത് കവിതയുടെ യഥാർഥ അർഥമാണോ വരുന്നത് എന്നത് സംശയമാണ്. ഉറക്കം വിട്ടുണരുമ്പോൾ നിങ്ങളുടെ മനസ്സ് എത്രമാത്രം തെളിഞ്ഞതായാലും ഏറെ വൈകാതെ സത്യങ്ങളും വസ്തുതകളും ആ തെളിച്ചത്തെ കലക്കിമറിക്കുമല്ലോ എന്നാണ് ആദ്യം ആലോചിച്ചത്. ഏറെക്കുറെ അയർലൻഡിന്റെ ചരിത്രവും ഇത്തരമൊരവസ്ഥയിലൂടെ കടന്നുപോയതാണല്ലോ. പിന്നീട് ആ വരികൾ തിരുത്താൻ കഴിയാതെ ഇങ്ങനെയായി :

ചരിത്രാതീതം

അതികാലേയുറക്കം വിട്ടുണരും നേരം മുറിയ്ക്കുള്ളിലൊരു ചത്ത വെളിച്ചം മാത്രം, പുറത്തിരുട്ടത്തു മഴ ചാറ്റലിന്നൊച്ച, വഴിവിളക്കിൽ നിന്നും തെറിച്ചുവീഴും വെളിച്ചത്തിൻ കറയൊട്ടി നനഞ്ഞ പാത. ഉറങ്ങുന്ന മനുഷ്യരോടസൂയ മൂത്തീ - കിടക്കയിൽ ഞാൻ കിടക്കെ തെരുവിതില്ല. ഭൂപടത്തിലാരും കാണാപ്പാതയോരത്ത് ഇരുൾ തിന്ന വീട്ടിനുള്ളി ലൊരു മുറിയിൽ ഒളിവാണു ഞാനിതാർക്കും പിടി തരാതെ. ചരിത്രവും തുടങ്ങും മുൻപൊരു നിമിഷം, ദേഹി ദേഹം സ്വീകരിക്കു- ന്നതിന്നു മുൻപേ ഒരു മാത്ര, നിശ്ചലത അതാണിവിടം. തിളങ്ങി നില്പാണു സ്‌നേഹ- മതിവിദൂരം ആരുമാരും കടക്കാത്ത രാജമന്ദിരം. കർക്കശരാം സത്യങ്ങൾ തൻ പടക്കു മുമ്പിൽ കഠിനമോർമ്മകൾ തന്റെ കുത്തൊഴുക്കിനാൽ വലിഞ്ഞൊട്ടു തകരാനായുയർന്നു നിൽക്കും മനോഹര രാജ്യമെന്റെ മുറി, ഹൃദയം.

(ഈ കുറിപ്പ് പോളിൻ കവിതകളെ പൂർണമായി മനസ്സിലാക്കിയ ഒന്നല്ല, മറിച്ച് ചരിത്രത്തിൽ ചവുട്ടിനിൽക്കുന്ന, അതിലെ മൂല്യങ്ങൾ കൊണ്ടുവേണം പുതുലോകം സൃഷ്ടിക്കാൻ എന്നു വിശ്വസിക്കുന്ന ഒരു കവിയുടെ ചില കവിതകൾ ഉയർത്തിയ ചെറുചിന്തകൾ മാത്രമാണ്. ഇതിലെ ചില ആശയങ്ങൾക്കാധാരം പോളിൻ കവിതകളിലെ രാഷ്ട്രീയത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും Andrea Ferras Wolwacz നടത്തിയ TOM PAULIN'S POETRY OF THE TROUBLES എന്ന പഠനമാണ്. വായനയുടെ ദിശ ശരിയായ വഴിയിലേക്ക് തിരിച്ചുവിട്ട ഷാജി സാറിനു നന്ദി. അയർലൻഡിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്നത് വിക്കിപീഡിയക്കും history.comനുമാണ്. ടോം പോളിന്റെ കവിതസമാഹാരങ്ങൾ A State of Justice (1977), The Strange Museum (1980), Liberty Tree (1983), Five mile town (1987), Walking A Line (1994),Walking A Line (1995), The Wind Dog (1999), The Invasion Handbook (2002) , The Road to Inver -Translations, versions, imitations, 1975-2003. (2004), Love's Bonefire (2012).


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മധു ബി.

കവി. മൈസൂർ റീജ്യനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ എഡ്യുക്കേഷനിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ഗണിതവുമായി ബന്ധപ്പെട്ട പുസ്​തകങ്ങൾ എഴുതുകയും വിവർത്തനം ​ചെയ്യുകയും ചെയ്​തിട്ടുണ്ട്​.

Comments