വരവര റാവു

വാക്കുകൾ സമരായുധങ്ങളായി മാറുമ്പോൾ

2018 ജനുവരി 1ന് ഭീമ കൊറേഗാവിൽ നടന്ന അക്രമസംഭവങ്ങൾക്ക് പ്രേരണ നൽകിയെന്ന കുറ്റം ആരോപിച്ച് ജയിലിലടക്കപ്പെട്ട വരവര റാവുവിന്റെ പൊള്ളുന്ന കവിതകളെ കുറിച്ച്..

"സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തേയും' എന്ന കവിവാക്യം ചേർത്തുപിടിക്കുമ്പോൾ
നോവുന്നയാത്മാക്കളുടെ മുഴങ്ങുന്ന ശബ്ദമായി മാറിയ കവികളും നമ്മുടെ
പ്രിയപെട്ടവരാകും. ചുറ്റിലും വറുതിയുടെ തീ പുകയുമ്പോൾ എഴുത്തുകാരന്
വേണമെങ്കിൽ കാല്പനിക താഴ്വരകൾ സൃഷ്ടിച്ചു അഭിരമിക്കാം. പക്ഷെ
കാൽപ്പാദങ്ങൾ വെന്തുനീറുമെന്നറിഞ്ഞിട്ടും സധൈര്യം തീച്ചൂളകളിലേക്കു
നിരന്തരം എടുത്തുചാടിയ കവിയാണ് വരവര റാവു.

ഭീകരതയുടെ മുൾമുനകളിൽ ഭരണകൂടം നിശബ്ദതരാക്കുന്ന അധഃകൃതരുടെ ശബ്ദമാണ് അദ്ദേഹത്തിന്റെ കവിതകൾ. താൻ ലോക്കപ്പിൽ കിടന്നു കൊല്ലപ്പെട്ടതാണെന്നു ഉത്തരം കിട്ടുമ്പോൾ സത്യമുറക്കെ കേട്ടതിൽ ആഹ്‌ളാദിക്കാനാകാതെ ഭയം കൊണ്ട് വാപൊത്തുന്ന മൃതശരീരത്തെ വേതാളശവം എന്ന കവിതയിൽ നമുക്ക് കാണാം. അധികാരവർഗ്ഗത്തിന്റെ വാൾചുഴിയിൽ ജഡങ്ങൾ പോലും വിറകൊള്ളുകയാണെങ്കിൽ മനുഷ്യജീവന്റെ അവസ്ഥയെന്താണെന്നു ആലോചിക്കുക പോലും വേണ്ടല്ലോ.

പോലീസിന്റെ നിഷ്ഠൂരമായ അതിക്രമങ്ങൾക്കും ഭരണകൂടത്തിന്റെ ജനവിരുദ്ധ
നയങ്ങൾക്കും ഇടയിൽ അരക്ഷിതാവസ്തയിലകപ്പെടുന്ന അരികുവൽക്കരിക്കപ്പെട്ട
ജനസമൂഹത്തിന്റെ പച്ചയായ ദൃശ്യങ്ങളുടെ നേർക്കാഴ്ചയാണ് അദ്ദേഹത്തിന്റെ
കവിതകൾ. പോലീസ് കസ്റ്റഡിയിൽ ദാരുണമായി കൊല്ലപ്പെടുന്ന നിസഹായരായ മനുഷ്യരെ അറവുശാല എന്ന കവിതയിൽ വരച്ചിടുന്നുണ്ട്. അനുദിനം മൃഗത്തിന്റെ മാംസം കീറിമുറിക്കുന്ന കശാപ്പുകാരൻ, മനുഷ്യ മാംസത്തിനായി ദാഹിക്കുന്ന
പാറാവുകാരുടെ ക്രൂരതയെക്കുറിച്ചു അവജ്ഞയോടെ പറയുന്നതിങ്ങനെയാണ്:

""ഞാനും ജീവനെടുക്കാറുണ്ട് . പക്ഷെ വെറുപ്പോടെ ജീവനെടുത്തിട്ടില്ല ഞാൻ മാംസം വിൽക്കാറുണ്ട് . പക്ഷെയൊരിക്കൽ പോലും ഞാനെന്റെ മാംസം വിറ്റിട്ടില്ല''

കർഷക സമരങ്ങളിലും അധഃകൃതരുടെ അവകാശപോരാട്ടങ്ങളിലും
മുൻനിരപ്പോരാളിയായിരുന്ന വരവരറാവു തന്റെ കവിതകളുടെ സിംഹഭാഗവും എഴുതിയത് തടവറക്കുള്ളിൽ വച്ചാണ്. തടവറയിൽ നിന്ന് എഴുതിയ ആദ്യകവിതയായ കോമയിൽ അദ്ദേഹം പറയുന്നത്, താൻ ചിന്തിക്കുന്ന, എഴുതുന്ന, പരിശീലിക്കുന്ന ഒരു വാക്യത്തിന്റെ കോമയായി തന്റെ ജയിൽ ജീവിതത്തെ കണക്കാക്കാമെന്നാണ്. തടവുമുറിക്ക് തന്റെ ശബ്ദത്തെയും കാൽവിരലുകളെയും
കൂച്ചുവിലങ്ങണിയിക്കാനായേക്കും. പക്ഷെ എഴുതാനുറച്ച വിരലുൾക്ക് തന്റെ
മിടിക്കുന്ന ഹൃദയത്തിനു, കൂരിരുട്ടിൽ നിന്ന് ചക്രവാളങ്ങളിലേയ്ക്കു
കുതിക്കുന്ന തന്റെ സ്വപ്നങ്ങൾക്ക് വിലക്കു കല്പിക്കാനാവില്ലെന്നു അദ്ദേഹം
എഴുതുന്നുണ്ട്.

വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യം കഴുമരത്തിലേറിക്കൊണ്ടിരിക്കുന്ന
സ്ഥിതിയാണല്ലോ നിലവിൽ സംജാതമായിക്കൊണ്ടിരിക്കുന്നത്. എന്ത് പറയണമെന്നും എന്തെഴുതണമെന്നും നൂറ്റൊന്നു വട്ടം ചിന്തിച്ചു പ്രവർത്തിച്ചില്ലെങ്കിൽ തടവുപുള്ളികളാക്കപ്പെടുന്ന, നാവരിയപ്പെടുന്ന ഭീകരാവസ്ഥ. വര വര റാവുവിന്റെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട വരികളും അത് തന്നെയാണ്

""കുറ്റകൃത്യങ്ങളധികാരത്തിന്റെ അടയാളങ്ങളാകുകയും ജനങ്ങളെ കുറ്റവാളികളായി വേട്ടയാടുകയും ചെയ്യുമ്പോൾ ശബ്ദമുയർത്താനായിട്ടും നിശബ്ദത പാലിക്കുന്ന മനുഷ്യർ പോലും കുറ്റവാളികളാകുന്നു.''

അസംഘടിതരായ, ചൂഷണത്തിന് ഇരയാക്കപ്പെടുന്ന മനുഷ്യരെ തങ്ങളുടെ
അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ വിപ്ലവവീര്യം പകരുന്ന അദ്ദേഹത്തിന്റെ
കവിതകൾ മുഖ്യധാരയിലെത്തുന്നത് അധികാരിവർഗ്ഗത്തെ സംബന്ധിച്ച് ഭീതിജനകമാണ്. അക്രമമഴിച്ചുവിടുന്നത് തന്റെ ആശയങ്ങളല്ല,
അടിച്ചമർത്തലുകളാഭരണങ്ങളാക്കിയ അധികാരവർഗ്ഗത്തിന്റെ ഉപകരണങ്ങളാണെന്ന് അദ്ദേഹം നിർഭയം അടയാളപ്പെടുത്തുന്നു.

""ഞാൻ സ്‌ഫോടക വസ്തുക്കൾ വിതരണം ചെയ്യുന്നില്ല, ആശയങ്ങളും, നിങ്ങളാണ് ഉറുമ്പിൻ കൂടുകളെ ഉരുക്കുകാലുകൾ കൊണ്ട് കടന്നാക്രമിക്കുന്നത് തേനീച്ചക്കൂടുകളെ ലാത്തികൾ കൊണ്ട് നിലംപരിശാക്കുന്നത്.''

ആദിവാസികളെ കബളിപ്പിച്ച് കൊണ്ട് ഗവണ്മെന്റുകളും മൾട്ടിനാഷണൽ കമ്പനികളും നടത്തുന്ന ചൂഷണോന്മുഖമായ പ്രവർത്തികൾ അദ്ദേഹത്തിന്റെ കവിതകളിൽ പ്രതിഫലിക്കാറുണ്ട്. അപരിഷ്‌കൃതരെന്നു മുദ്രകുത്തി നിഷ്‌കളങ്കരായ
മനുഷ്യരുടെ ഭൂമിയും വനവും നീരുറവകളും നശിപ്പിച്ചു ഡാമുകളും ബഹുനില
സൗധങ്ങളും പണിയുന്നത് ഒരു ന്യൂ നോർമലായി മാറിക്കഴിഞ്ഞു. നഗരങ്ങളുടെ
ഉള്ളറകൾക്ക് കാടിന്റെ ചോരയുടെ ഗന്ധമാണെന്നു അദ്ദേഹം ഓർമിപ്പിക്കുന്നു.

""ഒരു വീടിനു വേണ്ടി ഒരു നുള്ളു ധാന്യത്തിനു വേണ്ടി ഒരു ആദിവാസിപോലും കാട് ചുട്ടുകരിക്കുന്നില്ല കുന്നിൽ നിവസിക്കുന്ന മനുഷ്യർപോലും കൊയ്ത്തുകഴിഞ്ഞ കറ്റകൾ മാത്രമാണ് നശിപ്പിക്കുന്നത് . എന്നാൽ പരിഷ്‌കൃത നാട്യർ കത്തിക്കരിച്ച കാടിന്റെ മാറുപിളർന്നു നാവിനു കുറുകെ അണക്കെട്ടുകൾ പണിയുന്നു.''

താനുണ്ടാക്കിയ പാവവീട്ടിൽ അപ്പൂപ്പന് വേണ്ടി തടവുമുറി മാറ്റി വെച്ച
സ്വന്തം കൊച്ചുമകനെ തന്റെ കവിതയിലൂടെ അദ്ദേഹം വരച്ചുകാണിക്കുന്നുണ്ട്.
വാക്കുണ്ടാവുക എന്നാൽ ഇരുമ്പഴികൾ സ്വയം വരിക്കുക എന്നാണർത്ഥമെന്നു
പിഞ്ചുകുഞ്ഞുങ്ങൾ പോലും മനഃപാഠമാക്കിയിരിക്കുന്നു. വികസനസ്വപ്നങ്ങൾ
യാഥാർഥ്യമാവാൻ മലകളും കുന്നുകളും ബലിയാടുകളാക്കപ്പെടുമ്പോൾ
വരുംതലമുറയ്ക്ക് മുന്നിൽ അപരവത്കരിക്കപ്പെടുന്ന പ്രകൃതിയെ കുറിച്ച് കവി
വ്യാകുലപ്പെടുന്നു. പ്രകൃതിയെന്താണെന്നു ആരാഞ്ഞാൽ കൊച്ചുമകനു
മച്ചിലൊട്ടിച്ച കൃത്രിമ നക്ഷത്രങ്ങൾ മാത്രമായി ചുരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

അസമത്വത്തിന്റെയും അക്രമങ്ങളുടെയും കോട്ടകൾ സമൂഹത്തെ ഇരുട്ടറകളിലേയ്ക്കു തള്ളിയിടുമ്പോൾ കവിക്ക് വെളിച്ചത്തിലേയ്ക്കു വാതിലാകുന്നത് തന്റെ തൂലികയുടെ ഞരമ്പുകൾ മാത്രമാണ്. അപ്പോൾ സർഗ്ഗശേഷി ഒരു വിപ്ലവപ്രസ്ഥാനമായി പരിണമിക്കുന്നു. മുക്തകന്തമെന്ന കവിതയിൽ വരവര റാവു അടയാളപ്പെടുത്തുന്നത് പോലെ എഴുത്തു, ഭൂമിയുടെ അടിയൊഴുക്കുകളിൽ നിന്ന്, അനന്തമായ വാക്കിന്റെ കൂട്ടിപിണഞ്ഞ ശ്രേണികളിൽ നിന്ന് വാക്കുകളെ വളച്ചൊടിച്ചെടുക്കുന്ന അവസാനമില്ലാത്ത ഒരു വ്യവഹാരമാണ്. ഭരണകൂടം ഇരുമ്പഴികൾക്കുള്ളിൽ നിശ്ശബ്ദനാക്കാൻ ശ്രമിക്കുന്ന വരവര റാവുവിന്റെ പ്രസക്തിയും അത് തന്നെയാണ്. വിപ്ലവവീര്യം ചോർന്നുപോകാത്ത വാക്കുകളുടെ നിലക്കാത്ത പ്രവാഹം. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments