വിദ്യ പൂവഞ്ചേരി

മുലകളെ തൂക്കുപാലമാക്കി തന്റെ തടവറകളിൽ നിന്ന് രക്ഷപ്പെടുന്ന പെണ്ണ്

സമാനതകളില്ലത്ത വിധത്തിൽ തീവ്രമായ രീതിയിലാണ് സമകാലിക പെൺസമൂഹം എഴുത്തുകളിലൂടെ പോരാടുന്നത്. ജീവിതത്തിനും ശരീരത്തിനും, ചിന്തകൾക്കും മേൽ കടന്നുകയറ്റം നടത്തുന്ന എന്തിനോടും ,ആരോടും അവർ നിരന്തര പോരാടിക്കൊണ്ടിരിക്കുന്നു

ലതരം മനുഷ്യരുടെ വ്യത്യസ്ത ജീവിത പരിസരങ്ങളിൽ നിന്നുള്ള സൂക്ഷ്മശബ്ദങ്ങൾ സമകാലിക കവിത ഉൾക്കൊള്ളുന്നു. ഒരേ സമയം വേദനയായും അതിനുള്ള മരുന്നായും പ്രതിരോധമായും പ്രതിഷേധമായും അത് രൂപം മാറിക്കൊണ്ടേയിരിക്കുന്നു. ഓരോ നിമിഷവും ചിന്തകളെ പൊള്ളിച്ച് അത് വായനക്കാരിൽനിന്ന് വായനക്കാരിലേക്ക് കടന്നുചെല്ലുന്നു.
സമരസപ്പെടാതെ അധികാര ബലപ്രയോഗങ്ങളോട് നിരന്തരമെന്നോണം കലഹം തുടരുന്നവരാണ് മലയാളത്തിലെ എഴുത്തുകാരികൾ. തീവ്രമായ ജീവിതാനുഭവങ്ങളെ തുറന്നെഴുതി കവിതയിലും ജീവിതത്തിലും ഇവർ നിരന്തരം സമരങ്ങൾ നടത്തുന്നു. ചിന്തയെ, ജീവിതത്തെ, ഹൃദയത്തെ പിടിച്ചുകുലുക്കുന്ന ഇവരിൽ ശ്രദ്ധ നേടിയ ഒരാളാണ് വിദ്യ പൂവഞ്ചേരി. പെൺജീവിത പരിസരങ്ങളിൽനിന്ന് വിദ്യ പൂവഞ്ചേരി രൂപപ്പെടുത്തിയ കവിതകൾ പുതിയ അനുഭവതലമാണ് വായനക്കാരിൽ സൃഷ്ടിക്കുന്നത്. പെൺജീവിതത്തിന്റെ വേദനകളെ ,ആനന്ദങ്ങളെ അവയുടെ തീർത്തും സൂക്ഷ്മമായ പരിസ്ഥിതിയെ വിദ്യ പൂവഞ്ചേരി കവിതകളിലേക്ക് പകർത്തിയിരിക്കുന്നു. ഇത്തരത്തിൽ ആവിഷ്‌കരിക്കപ്പെട്ട ജീവിത അടരുകളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുകയാണ്.

വേദനയ്ക്ക് മരുന്നാവുന്ന കവിത

ശരീരത്തിൽ ആഴത്തിലുള്ള മുറിവുമായി- ഒരു പക്ഷി മുന്നിൽ വന്നുനിന്നു. ശരീരത്തിലാണെന്നത് എന്റെ തോന്നലാവുമോ?

പെൺശരീരത്തിലും അതിന്റെ ആത്മാവിലുമേറ്റ മുള്ളുകളുടെ, മുറിവുകളുടെ, കഴുകിയിട്ടും കഴുകിയിട്ടും മായ്ച്ചുകളയാൻ കഴിയാത്ത ചോരക്കറകളുടെ അടയാളങ്ങളാണ് വിദ്യ പൂവഞ്ചേരിയുടെ കവിതകൾ. ഒറ്റനോട്ടത്തിൽ അത്രഎളുപ്പത്തിലൊന്നും വെളിപ്പെടാൻ കൂട്ടാക്കാത്ത, എന്നാൽ കാലങ്ങളുടെ നീറ്റലുകൾ പേറുന്ന ആഴമുള്ള മുറിവുകൾ കാണിച്ച് ഈ കവിതകൾ നമ്മെ ഞെട്ടിപ്പിക്കുന്നു. ഹൃദയംകൊണ്ട് കാഴ്ച്ചകൾ കാണാൻ കഴിയുന്നവർക്ക്മാത്രം കണ്ടെടുക്കുവാൻ പാകത്തിന് സൂക്ഷ്മമായ കനിവിന്റെ ഒരു പരിസ്ഥിതിയെ ഈ കവിതകൾ ശേഖരിച്ചിരിക്കുന്നു. ആമ്പൽപ്പൂക്കളും ശലഭങ്ങളും പക്ഷികളും നിറഞ്ഞ ഈ പ്രകൃതിയോട് ചേർന്നുനിന്ന് പരസ്പ്പരം മരുന്നാവുന്ന പെൺജീവിതങ്ങളുടെ ചിത്രങ്ങളാണ് ഈ കവിതകൾ പകർത്തിവെക്കുന്നത്. ഒരേ സ്വത്വം പേറുന്ന മനുഷ്യരുടെ വേദനകളിലൂടെ ഈ കവിതകൾ സഞ്ചരിക്കുന്നു.
ഇണ എന്ന കവിത ഒരുവൾ അടക്കിവെക്കുന്ന, ആനന്ദത്താൽ ഒളുപ്പിച്ചുവെച്ചിരിക്കുന്ന വേദനയെ മറ്റൊരുവൾ എങ്ങനെ കണ്ടെടുക്കുന്നു എന്നതാണ്. ഈ കവിതയിലെ പെൺകഥാപാത്രങ്ങൾ ഇണകളാവുന്നത് മുറിവുകളുടെ കണ്ടെടുപ്പുകളിലൂടെയാണ്. ഒരുവൾ അവളുടെ രതിയിലോ , ജീവിതത്തിലോ മനസ്സിലോ ശരീരത്തിലോ ഏറ്റുവാങ്ങിയ മുറിവുകളിലാണ് മറ്റൊരുവൾ ഇവിടെ പങ്കുകൊള്ളുന്നത്.ഇണ എന്ന കവിതയിൽ രണ്ട് സ്ത്രീകളുടെ സൗഹൃദത്തെ, അവരുടെ ആനന്ദത്തെ ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു.

"പെട്ടെന്നു വെള്ളം തൊട്ടപ്പോഴുണ്ടായ തരിപ്പിൽ ഒന്നു പിൻവലിഞ്ഞ് പിന്നെയൊരൂക്കിന് കൈകൾകോർത്ത്, കലങ്ങിയ വെള്ളത്തിനടിയിലേക്ക് നീണ്ട വരാൽ മത്സ്യത്തെപ്പോലെ അവളും ഞാനും.

ഞങ്ങളെക്കണ്ടാൽ താമരത്തണ്ടുകൾ കൈകൾക്ക് എത്തിപ്പിടിക്കാൻ പാകത്തിന് നീണ്ടുവരും.

ഒറ്റമുങ്ങലിൽ തൊട്ടൂ എന്ന് ഞാനും തൊട്ടില്ലെന്ന് അവളും തൊട്ടില്ലെന്ന് ഞാനും തൊട്ടൂ എന്ന് അവളും. പിന്നെയും പിന്നെയും ഞങ്ങൾ മുങ്ങാങ്കുഴിയിടും അപ്പോൾ താമരത്തണ്ടുകളിൽ വെള്ളത്തിനടിയിലെ വഴുവഴുപ്പ്. ഓളങ്ങൾക്കൊപ്പമതിന്റെ താളത്തിലുള്ള ഇളക്കം. '

ഇത്തരത്തിൽ കൂക്കിവിളിച്ച് ആർത്തുചിരിച്ച് നീന്തിയുല്ലസിക്കുന്ന സ്ത്രീകളെ ഓരോ മുക്കും മൂലയും പുരുഷ ആനന്ദങ്ങളുടെ ഇടത്താവളമാക്കിയ ഇക്കാലത്ത് കാണാൻ കഴിയുമോ എന്നത് തീർത്തും സംശയമാണ്. - ഈ കവിതയിലെ നായികമാർ കൂകിയാർത്ത് മുങ്ങാംകുഴിയിട്ട്, താമരപ്പൂക്കളിറുത്ത് ആനന്ദിക്കുന്നവരാണ്. എന്നാൽ ഈ കവിത അവസാനിക്കുന്നത് ഈ ആഹ്ലാദതിമർക്കലുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന വേദനയുടെ മുറിവുകളുടെ കണ്ടെടുപ്പോടുകൂടിയാണ്. വളരെ അപ്രതീക്ഷിതമായി കവിതയിൽ കടന്നുവരുന്ന ഈ മുറിവ് വായിക്കുന്ന ഒരാളെ ഞെട്ടിപ്പിക്കുന്നു.

"ഒരു ദിവസം തിരിച്ചു നീന്തി അലക്കുകല്ലിൽക്കയറി നനഞ്ഞൊട്ടിയിരിക്കുമ്പോൾ അവളുടെ താമരത്തണ്ട് മുറിഞ്ഞിരിക്കുന്നത് കണ്ടു. എനിക്കു തലകറങ്ങി. '

എന്നിങ്ങനെയാണ് ഈ കവിത അവസാനിക്കുന്നത്. അത്രമാത്രം സൗഹൃദങ്ങളിൽ ചേർന്നിരിക്കുമ്പോൾ കാണാൻ കഴിയുന്ന മുറിവാണ് ഇത്. ഒരുപക്ഷേ രണ്ട് സ്ത്രീകൾക്ക് മാത്രം കണ്ടെടുക്കാൻ കഴിയുന്ന മുറിവ്.
മറ്റൊരു കവിതയിൽ രാത്രിയുടെ മുടിച്ചുറ്റിൽനിന്ന് പറന്നെത്തിയ കിളിയുടെ ചിറകിനുപകരം ഉടൽ കൈമാറ്റം ചെയ്യുന്നതിനെ കുറിച്ച് വിദ്യ എഴുതുന്നുണ്ട്.

"ഇലകളുടെ മറവിൽവെച്ച് ഞങ്ങൾ പരസ്പ്പരം ഉടലും ചിറകുകളും വെച്ചുമാറി ജീവിതത്തിൽ ആൾമാറാട്ടം അനുവദനീയമത്രെ. '

പങ്കുവെക്കലിന്റെ, കണ്ടെടുപ്പിന്റെ, വേദനയ്ക്ക് മരുന്നാവുന്നതിന്റെ പ്രകൃതിയുമായി ചേർന്നു നിൽപ്പിന്റെ സാധ്യതകളെയാണ് ഈ വരികളിൽ കണ്ടെടുക്കാൻ കഴിയുന്നത്.പക എന്ന കവിതയും പെൺഹൃദയത്തിലേറ്റ വേദനയെ ഏറ്റവും മൃദുവായി പകർത്തിയെടുക്കുന്ന മറ്റൊരു പെൺഹൃദയത്തെ കാണാൻ കഴിയും.

"അതൊരു ഹിസ്റ്ററി ക്ലാസായിരുന്നു. ബാക്ബെഞ്ചിൽ, അപ്രതീക്ഷിതമായി സംഭവിച്ച ഒരു അട്ടിമറിച്ചിലിൽ, കെട്ടിടാവശിഷ്ടങ്ങൾ പോലെ മുന്നിലിരിക്കുന്ന ശൂന്യമായ വെളുത്ത കടലാസിലേക്ക് അങ്ങിങ്ങായി വീണ ചരിത്രാന്തരവർഷങ്ങൾക്കിടയിലൂടെ, ആദ്യം ഞാനവളുടെ തുടുത്ത മൂക്കിൻതുമ്പാണ് വരച്ചത്. കുനുകുനെ വിയർപ്പുതുള്ളികൾ പൊങ്ങി നിൽക്കാറുള്ള ആ മൂക്ക് എനിക്കിഷ്ടമായിരുന്നു.'

എന്ന് തുടങ്ങുന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:

"മുടിയിഴകൾ വകഞ്ഞ്, വിയർപ്പു വറ്റിയ അവളുടെ മൂക്കിൻ തുമ്പിൽ ഞാൻ പതുക്കെ ഉമ്മ വെച്ചു. നിന്നെ ഞാൻ സ്‌നേഹിക്കുന്നു. നിന്നെ ഞാൻ സ്‌നേഹിക്കുന്നു നിന്നെ ഞാൻ സ്‌നേഹിച്ചിരുന്നു...'

വേദനകളുടെ മരുന്ന് നമ്മെ അടുത്തറിയുന്ന മനുഷ്യരും, ചേർന്നു നിൽക്കുന്ന പ്രകൃതിയുമാണെന്ന് വിദ്യയുടെ കവിതകൾ പറഞ്ഞുറപ്പിക്കുന്നു.

പെൺജീവിതം കണ്ടെടുക്കുന്ന പരിസ്ഥിതി

ഇതുവരെ അടയാളപ്പെടുത്തപ്പെടാത്ത തരത്തിലുള്ള ഒരു പരിസ്ഥിതിക ചുറ്റുപാടാണ് ഇപ്പോൾ മലയാള കവിതയിൽ ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ ജീവിതങ്ങൾ അവരുടെ ചുറ്റും നിറഞ്ഞു നിൽക്കുന്ന പല ഭാവത്തിലുള്ള പ്രകൃതി, പലതരം കാലാവസ്ഥകൾ, സൂക്ഷ്മവും തീവ്രവുമായ പലതരം ജീവിത പരിസ്ഥിതിക അവസ്ഥകൾ. വിദ്യ പൂവഞ്ചേരിയുടെ കവിതയിൽ ഒരു പെൺജീവിതത്തോട് ചേർന്നു നിൽക്കുന്ന പരിസ്ഥിതിയെ കണ്ടെടുക്കാൻ കഴിയും. വീടുകളിൽ, ചുമരുകൾക്കുള്ളിൽ ഒറ്റയായി പോവുന്ന പെണ്ണിനോട് ചേർന്നു നിൽക്കുന്ന പ്രകൃതിയുടെ വ്യത്യസ്ത അനുഭവങ്ങളും ഭാവങ്ങളും ഈ കവിതകളിൽ നിറഞ്ഞു നിൽക്കുന്നു.

"അസഹ്യമായ ഒച്ചകൾ. ഒറ്റയ്ക്കായ വീട്ടിലെ ചീവീടിന്റെ ഒച്ച. അനുസരണയില്ലാതെ പേപ്പർ മറിയുന്ന ഒച്ച. ചരലിട്ട മുറ്റത്ത് പൂച്ച പായുന്ന ഒച്ച. ഉണങ്ങിയ തേക്കില നിലത്തേക്കു വീഴുന്ന ഒച്ച. അടുത്ത വീട്ടിലെ ടിവിയുടെ ഒച്ച. കുഞ്ഞ് കരയുന്ന ഒച്ച. മീൻ വറുക്കുന്ന ഒച്ച. അടച്ച മുറികളിൽ ഇണചേരുന്ന ഒച്ച.

ഒച്ചകളെല്ലാം രാത്രിയിൽ എനിക്കു ചുറ്റുമുള്ള തണുത്ത ഇലകളിലേക്ക് ചേക്കേറുകയാണ്. ഒന്നിച്ചൂർന്നു വന്ന് തലയ്ക്കു മീതെ വട്ടമിടുകയാണ്.

എനിക്കു തല കറങ്ങുകയാണ്.

ഒച്ചയൊരു നുണയായിരുന്നെങ്കിൽ. '

മറ്റാളുകൾ കൂടെയുണ്ടെങ്കിലും ചുമരുകൾക്കുള്ളിൽ വൈകാരികമായും, ആന്തരികമായും, ശാരീരികമായും ഒറ്റയായി പോവുന്ന സ്ത്രീകളുടെ വലിയ ലോകമാണ് ഇവിടം. ഇവിടെ അവർ കാണുന്ന കാഴ്ച്ചകളും അവരുടെ കേൾവികളും മറ്റാരും കാണാത്തതും കേൾക്കാത്തതുമായിരിക്കും. മറ്റാരും തീർത്തും വിലകൽപ്പിക്കാത്ത പലതും ആഴത്തിൽ സൂക്ഷ്മമായി തന്നെ അവരെ തൊട്ടു പോകും. ഇത്തരത്തിൽ ഒച്ചയെന്ന കവിത അത്ര എളുപ്പത്തിലൊന്നും മറ്റൊരാൾ കേൾക്കാത്ത ശബ്ദങ്ങളുടെ പ്രകൃതിയെ നമുക്ക് കേൾപ്പിച്ചുതരുന്നു. അത് രാത്രിയുടെ ശബ്ദമാണ്, ഏകാന്തതയുടെ ശബ്ദമാണ്, മുറിവുകളുടെ ശബ്ദമാണ്. ചരലിട്ട മുറ്റത്ത് പൂച്ച പായുന്നതിന്റെ ,പുസ്തക താളുകൾ മറിയുന്നതിന്റെ , ഉണങ്ങിയ തേക്കില നിലത്തേക്ക് വീഴുന്നതിന്റെ എന്നിങ്ങനെ ആഴത്തിൽ ചെവി കൂർപ്പിച്ചാൽ മാത്രം കേൾക്കാൻ കഴിയുന്ന ശബ്ദങ്ങളാണ് വിദ്യ പൂവഞ്ചേരിയുടെ ഒച്ച എന്ന കവിത നമ്മുടെ അനുഭവങ്ങളിലേക്ക് കുടഞ്ഞിട്ടു തരുന്നത്.

പൂമ്പാറ്റകൾക്ക് തൊടാൻ പാകത്തിന് നിശ്ചലമായി നിന്നു കൊടുക്കുന്ന മനുഷ്യരുണ്ട് വിദ്യ പൂവഞ്ചേരിയുടെ കവിതകളിൽ. പ്രകൃതി എത്തരത്തിലാണ് തന്നെ വന്നുതൊടുകയെന്ന കൗതുകം അവർ നിരന്തരം ഉള്ളിൽ കൊണ്ടു നടക്കുന്നു.

"ഒരിക്കൽ ഒന്നിനെയെങ്കിലും തൊടാനായി അല്ലെങ്കിൽ അവയ്‌ക്കെന്നെ തൊടാൻ പാകത്തിൽ - മുറ്റത്തിറങ്ങി നിന്നു. പൂമ്പാറ്റകൾ മനുഷ്യരെ തൊടാറുണ്ടോ? ഇഷ്ടമാണോ ? അറിയില്ല.

ഹൃദയംകൊണ്ട് കാഴ്ച്ചകൾ കാണാൻ കഴിയുന്നവർക്കരികിലേക്ക് മരുന്നു പോലെ പ്രിയപ്പെട്ട മനുഷ്യരെപ്പോലെ പ്രകൃതിയും ചേർന്നു നിൽക്കുന്നു. വേദനകളിൽ പച്ചപ്പിന്റെ മരുന്ന് പുരട്ടുന്നു. ആ നിമിഷം ചുറ്റുമുള്ള പരിസ്ഥിതിയ്ക്ക് കനിവ് നിറഞ്ഞ സൗഹൃദത്തിന്റെ മുഖഛായയാണെന്ന് വിദ്യയുടെ കവിതകൾ നമ്മളോട് പറയുന്നു.

പ്രണയമാലിന്യങ്ങൾ നിക്ഷേപിക്കുന്ന ആ വൃത്തിയില്ലാത്ത നഗരത്തിനു നടുവിലായിരുന്നു എന്റെ പ്രധാന (ഇഷ്ടപ്പെട്ട )ഇരിപ്പിടം. പ്രണയമാലിന്യങ്ങൾ എന്നും വൃത്തിയില്ലാത്ത എന്നും മനഃപൂർവം പറഞ്ഞതല്ല. എന്റെ കാഴ്ച്ചയിൽ അതങ്ങനെയായിരുന്നു. പൂക്കൾ പോലും വിടർന്നുനിൽക്കാനിഷ്ടപ്പെടാത്ത അവിടത്തെ ഇടുങ്ങിയ വഴിയോരങ്ങളെ ഞാനെന്തിന് ഇഷ്ടപ്പെടുന്നു എന്ന് നീയൊരിക്കൽ ചോദിച്ചതോർക്കുന്നു. ഇല്ലായ്മയിലോർമ്മിക്കപ്പെടുന്ന നിറവു പോലെ വരണ്ടുവരണ്ട് പച്ചപ്പില്ലാത്ത ആ തെരുവിലെത്തുമ്പോഴാണ് ഉള്ള് നിന്നെയോർത്തു പച്ചയാവുന്നതെന്ന് അന്നും നിന്റെ മുഖത്തു നോക്കാതെ പറഞ്ഞു. അല്ലെങ്കിലും, ജീവിതമൊരിക്കലും നേരെ നോക്കാറില്ലല്ലോ. ല്ലേ? '

സമകാലിക പെൺജീവിതത്തിന്റെ , ബന്ധങ്ങളിൽ അവൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളുടെ പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ അവളിലേക്കുള്ള ഇടപെടലുകളുടെ പകർത്തിവെക്കലാണ് ഈ വരികൾ. ഉള്ളു കൊണ്ട് പച്ചയായി അവശേഷിക്കാൻ ആഗ്രഹിക്കുമ്പോഴും മാലിന്യങ്ങളുടെ ദുസ്സഹമായ ചുറ്റുപാടുകളിലേക്ക് അവൾ കുടഞ്ഞെറിയപ്പെടുന്നു. ദുസ്സഹമായ യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് ഈ കവിതയിലും അത്ര തന്നെ മടുപ്പിക്കുന്ന ഒരു പരിസ്ഥിതി കടന്നു വരുന്നു.

"വേരുകളിൽ നിന്ന് ആൾക്കൂട്ടങ്ങളും ഇലകളിൽ നിന്ന് കുരുക്കുകയറുകളും പൂക്കളിൽ നിന്ന് വിഷവാതകങ്ങളും ഉണ്ടാകുന്നുണ്ട്.

ദയവായി മുറിക്കൂ... എനിക്കെന്റെ സ്വപ്നം മുഴുമിപ്പിക്കണമെന്നില്ല. അതിന്റെ എവിടെയെങ്കിലും വെച്ച് എന്നെയൊന്നു രക്ഷപ്പെടുത്തൂ...'

ഈ വരികളിലും ഒരു വ്യക്തിയിലേക്കുള്ള അതിസങ്കീർണമായ സമൂഹത്തിന്റെ കടന്നുകയറ്റവും, അതിനനുസരിച്ച് കവിതയുടെ ചുറ്റുപാടിലുണ്ടാവുന്ന മാറ്റവും നമുക്ക് കണ്ടെത്താൻ കഴിയുന്നു.

പിന്തുടർച്ചകളിൽ നിന്ന് മാറിനിൽക്കുന്ന പെണ്ണെഴുത്ത്

സമാനതകളില്ലത്ത വിധത്തിൽ തീവ്രമായ രീതിയിലാണ് സമകാലിക പെൺസമൂഹം എഴുത്തുകളിലൂടെ പോരാടുന്നത്. ജീവിതത്തിനും ശരീരത്തിനും, ചിന്തകൾക്കും മേൽ കടന്നുകയറ്റം നടത്തുന്ന എന്തിനോടും ,ആരോടും അവർ നിരന്തര പോരാടിക്കൊണ്ടിരിക്കുന്നു. ഇതുവരെ എഴുതപ്പെട്ടിട്ടുള്ള എല്ലാ മാതൃകകളിൽ നിന്നും മാറി നിന്നുകൊണ്ട് തുറന്നെഴുത്തിന്റെ അണുവിസ്‌ഫോടനങ്ങളാണ് അവർ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഡോണ മയൂര, വിജില, ശാന്തി ജയ, വിപിത, രഗില സജി, സ്റ്റാലിന,അമ്മു ദീപ, ആർ സംഗീത, അലീന, നീതു കെ ആർ, തുടങ്ങി എത്രയെത്ര എഴുത്തുകാരികളാണ് അക്ഷരങ്ങളിലൂടെ നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന ബിംബങ്ങളിലൂടെ എഴുത്തിന്റെ സമരം നയിക്കുന്ന ഇവർക്കൊപ്പംതന്നെ വിദ്യ പൂവഞ്ചേരിയുടെ കവിതകളും തീക്ഷ്ണതയോടെ ചേർന്നു നിൽക്കുന്നു.

‘അങ്ങനെയിരിക്കെ ഒരു രാത്രിയിലാണ് നീ മുലകളെപ്പറ്റി പറഞ്ഞത്. ആകൃതി നഷ്ടപ്പെട്ട എന്റെ മുലകളെ ഞാനൊന്നു നോക്കി. അവ നമ്മുടെ പ്രേമത്തിനിടയിലെ, അസാമാന്യ സൗന്ദര്യമുള്ള തൂക്കുപാലങ്ങളാണെന്നെനിക്ക് തോന്നി. ആ പാലങ്ങളിലൂടെ ഞാനാ ഇടുങ്ങിയ നഗരത്തിൽ നിന്നും പതുക്കെ രക്ഷപ്പെട്ടു. '

"കുളത്തിൽ, ഷിമ്മീസിനടിയിലൂടെ പുറത്തു നിർമ്മാസോപ്പ് പതപ്പിച്ചുരച്ചു കൊടുക്കുമ്പോളവളോട് പറഞ്ഞു. 'എടീ... ഇന്നലത്തെ സ്വപ്നത്തില് ഞങ്ങള് കല്യാണം കഴിച്ചു. അവനാദ്യമുമ്മവെച്ചതിപ്പോഴും സ്വപ്നത്തിലല്ല, ശരിക്കെന്ന പോലെ. '

അന്നു വൈകുന്നേരം സ്‌കൂൾ വിട്ടിട്ടവനെക്കണ്ടപ്പോഴവന്റെ കൺകോണിലിത്തിരി നിർമ്മാസോപ്പിൻ പത.

പിറ്റേന്ന് സോപ്പ് പതപ്പിച്ചുരയ്ക്കുമ്പോളവളുടെ മുതുക് ഞാൻ മാന്തിപ്പൊളിച്ചു!'

ഇതുവരെ സൗന്ദര്യം ദർശിക്കാതിരുന്നവയിൽ വിദ്യ പൂവഞ്ചേരിയുടെ കവിതകൾ സൗന്ദര്യം കണ്ടെത്തുന്നു. ഈ കവിതകളിലെ പെണ്ണ് തന്റെ തൂങ്ങിയ മൂലകളെക്കുറിച്ച് ഉറക്കെ വിളിച്ചു പറയുന്നു. മുലകളെ തൂക്കുപാലമാക്കി അവൾ തന്റെ തടവറകളിൽ നിന്ന് രക്ഷപ്പെടുന്നു. ഈ കവിതകൾ സ്ത്രീകളോടുള്ള തന്റെ തീക്ഷ്ണമായ പ്രണയം ഉറക്കെ വെളിപ്പെടുത്തുന്നു. ഇന്നും സമൂഹം കല്ലെറിയുന്ന സ്വവർഗാനുരാഗത്തിൽ അത് വിശ്വാസമർപ്പിക്കുകയും സ്വന്തം പ്രണയത്തോട് ചേർന്നു നിൽക്കുകയും ചെയ്യുന്നു.
നിരന്തരം കലഹിക്കുന്ന മെരുങ്ങാൻ കൂട്ടാക്കാത്ത സ്ത്രീകളുടെ കവിതയുടെ ചൂടുതട്ടി പ്രാകൃത നിയമ വ്യവസ്ഥിതികൾ നെഞ്ചിൽ പേറുന്ന സമൂഹത്തിന് പൊള്ളും. തീർച്ചയായും വിദ്യ പൂവഞ്ചേരിയടങ്ങുന്ന ഈ കവികൾ എഴുതുന്നത് നിങ്ങളെ പൊള്ളിക്കാൻ തന്നെയാണ്.▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments