ആർ. രാമചന്ദ്രൻ

നിരാധാരനായ ദൈവം

കമ്യൂണിസമടക്കമുള്ള എല്ലാ ആലംബങ്ങളുമറ്റ് കവിതയെഴുതിത്തുടങ്ങിയ പുതുകവികളുടെ പാരമ്പര്യം ഞാൻ ആർ. രാമചന്ദ്രനിലാണ് കാണുന്നത് - ആർ. രാമചന്ദ്രന്റെ കവിതകളിലൂടെ പുതിയ തലമുറയിലെ ഒരു കവി സഞ്ചരിക്കുന്നു

സംസ്‌കാരത്തിനുമേൽ നടത്തിയ നാളിതുവരെയുള്ള വലിയ മാത്സര്യങ്ങൾ ഒക്കെത്തന്നെ മലയാളത്തിൽ ഭാഷയിലായിരുന്നു. അതിൽ തന്നെ കവിതയിലാണ്. അതിനാലാണ് കവിതയിൽ വൃദ്ധരായ മനുഷ്യർ പോലും വാദപ്രതിവാദങ്ങളുമായി കളത്തിൽ നിറഞ്ഞുനിൽക്കുന്നത്. ഇതിനാൽ മലയാളത്തിലെ കവിതയുടെ മേഖല എന്നും കടുത്ത സമ്മർദ്ദത്തിലാണ്. ഇന്ന് നോക്കൂ, പ്രസാധകരും പ്രസിദ്ധീകരണങ്ങളും കവിതയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ കുഴങ്ങുന്നു. ഏത് ഴോണറിനെയാണ് ഉയർത്തിക്കൊണ്ടുവരേണ്ടത് എന്നറിയാതെ സാംസ്‌കാരിക മാനേജർമാർ വിരൽ ഞൊട്ടയിടുന്നു. പാരമ്പര്യ ഭാഷയുടെ അധികാരം നിലനിർത്തുന്ന ഒരു ധാര പാലിച്ച് നവ കവിതയുടെ ഒരു ചാലിനെക്കൂടി ചേർത്തുകൊണ്ടും സമ്മതി നേടാനുള്ള ശ്രമങ്ങളുണ്ട്. പദ്യ കവിതയെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ശ്രമങ്ങളുണ്ട്. രാഷ്ട്രീയ കവിതയ്ക്ക് മാത്രം പ്രാധാന്യം കൊടുത്തുള്ള ശ്രമങ്ങളുണ്ട്. മലയാള കവിതയുടെ ചരിത്രം സംക്രമണഘട്ടങ്ങളിലെല്ലാം സമരസപ്പെടലിന്റെ ഭാഷ സംസാരിക്കുന്നതു കൂടിയാണ്.

എസ്. കണ്ണൻ, ആർ രാമചന്ദ്രൻ, ശ്രീകുമാർ കരിയാട്.

എഴുത്തച്ഛൻ അക്കാലത്തുണ്ടായിരുന്ന വെൺമണിക്കവികളുടേയും അച്ചീചരിതക്കാരുടേയും കാവ്യലോകത്തെ നേരിട്ടതിന്റെ സാംസ്‌കാരിക പരിസരം പരിശോധിച്ചാൽ അതിൽ സംബന്ധത്തിന്റെയും ലൈംഗിക അരാജകത്വത്തിന്റെയും സമകാലത്തെ നേരിടാനുള്ളതായിരുന്നു എന്നുമനസ്സിലാക്കാം. അദ്ദേഹം തന്റെ മലയാളത്തെ ഏത് സംസ്‌കൃത വിദ്വാനേയും വിരട്ടുന്ന തരത്തിലായിരുന്നു ഉപയോഗിച്ചത്. പിന്നീട് കുമാരനാശാന്റെ കാലത്തും സാംസ്‌കാരിക യുദ്ധങ്ങൾ നവ ചോദ്യങ്ങൾ ഉയർത്തുമ്പോൾ തന്നെ ഘടനയിൽ സംസ്‌കൃതത്തോടും പ്രാമാണികമായ വൃത്തങ്ങളോടും സമരസപ്പെടുന്ന തരത്തിലുള്ള നിർമ്മിതികളാണ് നടത്തിയിട്ടുള്ളത് എന്നുകാണാം. ഇത്തരം മുഖ്യധാരക്കുവെളിയിൽ ഭാഷാ ചരിത്രത്തെ അഭിസംബോധന ചെയ്യാതെ പൊയ്കയിൽ അപ്പച്ചനെപ്പോലെയോ മുത്തംപാക്കൽ കൊച്ചു കുഞ്ഞുപദേശിയെപ്പോലെയോ ഉള്ള കവികളുടെ എഴുത്ത് ഇന്ന് പ്രസക്തമാകുന്നത് ഇത്തരം സ്റ്റാൻഡാർഡൈസേഷന് വഴങ്ങാത്തത് മൂലമാണ്.

നമ്മുടെ പല കവിതകളും വിവർത്തനം ചെയ്താലും അത് വലിയ ചലനങ്ങളൊന്നും ലോക കവിതയിലുണ്ടാക്കാത്തത് അതിന്റെ മൗലികതയുടെ അഭാവം കൊണ്ടാണ്

കുമാരനാശാന്റെ നളിനി സംശോധനം നടത്തിയ എ. ആർ. പോലും ദ്വിതീയാക്ഷര പ്രാസത്തിന്റെ പേരിൽ വ്യത്യസ്താഭിപ്രായം പറയാൻ മാത്രം ആചാരനിഷ്ഠമായ ഘടനയാണ് നളിനിയിൽ സ്വീകരിച്ചതെന്ന് ചുരുക്കം . ഏതായാലും നവോത്ഥാനത്തിന്റെയും 70 കളുടേയും ഇടയ്ക്കാണ് മലയാള കവിത അതിന്റെ മാതൃകാപരമായ ഉയരങ്ങളിലേക്കെത്തിയത്. ലോകത്തേക്ക് മലയാള കവിത തിരിയാൻ മാത്രം ഒരു പരിസരം കവിതയ്ക്ക് ആ സമയമുണ്ടായിരുന്നു. ടാഗോറിനാൽ സ്വാധീനിക്കപ്പെട്ട ജിയും ലോക കവിതയെ നന്നായി പിന്തുടർന്ന വൈലോപ്പിള്ളിയും നാടൻ സ്‌പേസിൽ തന്നെ പുതിയ രചനാരീതികൾ നിർമിച്ച കുഞ്ഞിരാമൻ നായരും ഇടശ്ശേരിയുമൊക്കെ വലിയ കുതിച്ചുചാട്ടമാണ് കവിതയിൽ നടത്തിയത്.

കുമാരനാശാൻ

യൂറോപ്യൻ റൊമാൻറിക് കവിതകളുടെ പ്രചോദനത്തിലെങ്കിലും കേരളീയമായ പുതിയ പദ്യവും സ്‌ളാങ്ങും കാവ്യഭാഷയിലുണ്ടാക്കിയ ഇടപ്പള്ളിക്കവികളുടേയും കൂടി കാലമാണത്. അതിന്റെ ഇങ്ങേത്തുഞ്ചത്തിരുന്ന് ഒരു ധാരയുടേയും പാരമ്പര്യം പേറാതെ പണ്ടെങ്ങോ നമ്മുടെ കേരളത്തിന്റെ സാംസ്‌കാരിക സവിശേഷതയായ ബുദ്ധപാരമ്പര്യത്തിന്റെ ആസ്തികമായ ഈശ്വരനഷ്ടം വിങ്ങി നിൽക്കുന്ന കവിതകളെഴുതിയ കവിയാണ് ആർ. രാമചന്ദ്രൻ. ധ്യാനത്തിന്റെയോ വിഷാദത്തിന്റേയോ മൗനം നിറഞ്ഞ ആ ഭാവത്തെ 60 കളുടെ ആധുനികതയുടെ തുടക്കത്തിന് കാരണമായിക്കൊണ്ട് കവിതയിൽ പ്രയോഗിച്ചയാളാണ് ആർ. രാമചന്ദ്രൻ . അദ്ദേഹത്തിന്റെ ഭാഷയുടെ ലയം നമ്മുടെ പാരമ്പര്യ വൃത്തത്തിന്റെയോ പദ്യത്തിന്റേയോ താള പ്രാമാണികതയല്ല മറിച്ച് ഈണത്തിൽ ഗദ്യഭാഷയ്ക്കുള്ള ലയമാണ് ആർ. രാമചന്ദ്രന്റെ സവിശേഷത

വയലുകൾക്കപ്പുറം വാകപൂത്ത വഴിയിലൂടന്തി മറഞ്ഞുപോയി ചിറകു കുടയുന്നു തെന്നൽ ആറ്റിൻ കരയിലെ വെള്ളിലത്തോപ്പിനുള്ളിൽ ഇരുളിനെ കാത്തു കിടക്കും ഒരാലിൻ കരിനിഴലറിയാതുറക്കമായി

ഇങ്ങനെ ഗദ്യത്തിലോ പദ്യത്തിലോ വായിക്കാവുന്ന ഖരാക്ഷരങ്ങളോ പദപ്രൗഢിയോ ഇല്ലാത്ത ഒരു ഭാഷ നിർമിച്ചെടുക്കുവാൻ ആർ. രാമചന്ദ്രന് പിൽക്കാലത്ത് കഴിഞ്ഞതിനാൽ കമ്യൂണിസമടക്കമുള്ള എല്ലാ ആലംബങ്ങളുമറ്റ് കവിതയെഴുതിത്തുടങ്ങിയ പുതുകവികളുടെ പാരമ്പര്യം ഞാൻ ആർ. രാമചന്ദ്രനിലാണ് കാണുന്നത്. വളരെ കുറഞ്ഞ എണ്ണം കവിതകളെഴുതിയ അത്തരം ഒരു സ്രോതസ്​ കണ്ടെത്തുന്നതിൽ വലിയ സന്തോഷമുണ്ട്. കാരണം പുതുകവിതയുടെ സുതാര്യത ഇത്തരം ഇതര ശബ്ദങ്ങളിലാണ് അതിന്റെ പൂർവ്വകാലം കണ്ടെത്തുന്നത്. പൊയ്കയിൽ അപ്പച്ചന്റെയും മൂത്തംപാക്കൽ കൊച്ചു കുഞ്ഞുപദേശിയുടേയും കവിതകളിൽ ഈ സുതാര്യതയും ലയവും നാം കണ്ടെത്തിയിട്ടുണ്ട് .എന്നാൽ അവയൊന്നും അതുവരെയുള്ള മലയാള കാവ്യഭാഷാ പാരമ്പര്യത്തെ അഭിമുഖീകരിച്ച്​ എഴുതിയതല്ലാതിരിക്കെ ആർ. രാമചന്ദ്രന്റെ കവിത മേൽപ്പറഞ്ഞവർ ആവിഷ്‌ക്കരിച്ച സുതാര്യതയും ലയവും കവിതയിൽ ഉചിതമാണെന്ന് കണ്ടെത്തി പ്രയോഗിച്ചത് ശ്രദ്ധേയമാണ്. തന്നെയുമല്ല, ആശയങ്ങൾ മൗലികമായിരിക്കുക എന്നത് വളരെ പ്രധാനമാണ്. നമ്മുടെ പല കവിതകളും വിവർത്തനം ചെയ്താലും അത് വലിയ ചലനങ്ങളൊന്നും ലോക കവിതയിലുണ്ടാക്കാത്തത് അതിന്റെ മൗലികതയുടെ അഭാവം കൊണ്ടാണ്. ആർ. രാമചന്ദ്രന്റെ കവിതയിലെ നില പ്രധാനമാകുന്നത് ദൈവസങ്കൽപ്പത്തിൽ അദ്ദേഹം വരച്ചിട്ട ഒരു യുണീക് ആയ ചിത്രം കൊണ്ടാണ് ലോകത്തിലെ എല്ലാ കവിതകളും എല്ലാ കലാസൃഷ്ടികളും ഓരോ ജീവികളും പൂർണതയിലേക്കെത്താൻ കിണഞ്ഞു കൊണ്ടിരിക്കെ വളരുന്ന ആ വിടവും കൂടിച്ചേർന്നതാണ് ദൈവം എന്നാണ് മാഷ് കവിതയിൽ പറയുന്നത്.

ദിവ്യദുഃഖത്തിന്റെ നിഴലിൽ എന്ന കവിതയിൽ പൂർണനായ ഈശ്വരനോട് കവി പറയുന്നത്; ആത്മ വിസ്മൃതി തേടി നീ നടത്തുമീ സർഗ്ഗലീലയിൽ നിന്നഴൽ നിഴലിക്കേ എന്നാണ്; നിന്നശാമ്യമാം രോദനം കാലം നിൻ കരാളമാം ദുഖം വാനം
എന്നാണ്.

ലോകത്തിൽ നിഴലിക്കുന്ന വിഷാദ ഭാവം സർഗ്ഗലീലയുടെ വേദനയാണെന്ന് പറയുന്നതിലൂടെ പ്രസാദാത്മകമായ ഒരു മുന്നേറ്റം പ്രപഞ്ചത്തിന് വേണ്ടി ആശംസിക്കുകയാണ് കവി ചെയ്യുന്നത്. സർഗ്ഗാത്മകതയുടെ വിഷാദത്തെയാണ് അദ്ദേഹം ആവിഷ്‌കരിക്കുന്നതെങ്കിലും ഏറ്റവും എളിമയാർന്ന ഒരു വിടർച്ചയാണ് വായനക്കാരൻ പ്രതീക്ഷിക്കുന്നത്

ഈയന്ധകാരത്തിൽ, ദേവ, നിറഞ്ഞുനിന്നീടു - മീ നിശ്ശബ്ദതതൻ നിശ്ചലതടാകത്തിൽ ഒരു താമരമൊട്ടാ- യൊരു തൊഴുകൈയാ- യെന്നാത്മാവിരിക്കുന്നു

എന്ന് ആണ് ആ കവിത അവസാനിക്കുന്നത്.

എന്നാൽ, സർഗ്ഗാത്മകതയുടെ കവാടം എന്നത് കുഴമറിച്ചിലിന്റെയും കാത്തിരിപ്പിന്റേയുമാണ്. ഇന്ത്യൻ കവിതകളിൽ ഈ ഭാവം ആഴത്തിൽ വേരോടിയിരിക്കുന്നത് ബംഗാൾ കവിതകളിലാണ്. ബാവുൽ ഗായകരുടെ ആലാപങ്ങളിൽ ഈ നിരാധാരനായ ദൈവത്തെക്കാണാം. ബംഗാൾ കവിതകളിൽ ടാഗോറിലും ജീബനാനന്ദ ദാസിലും ഈ നിരാധാരനായ ദൈവത്തെ കാണാം. അവസര നഷ്ടത്തിന്റെ ഒരു ഏക് താരയായി അത് ബംഗാളിന്റെ ചോദനയിൽ തന്നെ അലിഞ്ഞു ചേർന്നു. അതിന്റെ സ്വാധീനം ആർ. രാമചന്ദ്രനിലുണ്ട്. ജി. ശങ്കരക്കുറുപ്പിൽ അത് തത്വചിന്താപരമായ പ്രതിഫലനമാണ് ഉണ്ടാക്കിയതെങ്കിൽ രാമചന്ദ്രൻ മാഷിൽ കാത്തിരിപ്പിന്റെ നഷ്ടം പ്രകൃതിയിലെ ഓരോ അണുവിലും തുടിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്റെ നാട് എന്ന കവിത ഇതിനുദാഹരണമാണ്. സൃഷ്ടിപരതയുടെ ഈ ഉഴറ്റിനെ ചിത്രീകരിക്കാൻ കഴിഞ്ഞ ട്രാൻസ്‌ട്രോമർ പോലുള്ള ലോക കവികളെ നമുക്ക് ഓർക്കാൻ കഴിയുന്ന തരത്തിലാണ് ഈ കവിത കാണപ്പെടുന്നത്

രബീന്ദ്രനാഥ് ടാഗോർ, ജീബനാനന്ദ ദാസ്

എന്റെ നാട്

നിറവേറ്റാത്തതാമേതോ പഴയമോഹത്തിൻ ക്ഷീണ സ്മരണ പോലെൻ നാടെന്നിലുറങ്ങിടുന്നു

പരക്കുന്നു പുലരി തൻ തുടു നിറം ,കുതിച്ചെത്തു - മിരുളിന്റെ ജയോൻ മത്ത - ഹാസം കണക്കെ പരിചിതമല്ലാത്തേതോ വസതിയിൽ ക്കയറിന പടു വിഡ്ഠി പോലെ നിൽപ്പു പകൽ വെളിച്ചം പഴംകഥ പുലമ്പുമ്പോൾ മറവിയിൽ പെട്ട നാട്ടു മുതുമുത്തശ്ശി പോലന്തി കുനിഞ്ഞിരിപ്പു

നിറവേറ്റാത്തതാമേതോ പഴയമോഹത്തിൻ ക്ഷീണ സ്മരണ പോലെൻ നാടെന്നിലുറങ്ങിടുന്നു

നടക്കുന്നു ഞാനീ നാടിൻ മകനേതോ ഗൽഗദത്തിൽ നിലയ്ക്കാത്ത മാറ്റൊലി പോൽ വിറപ്പുകാലം

പുതു കവിതയിൽ ഭാഷയെ മറികടക്കുവാനുള്ള നിരവധി ശ്രമങ്ങളുണ്ടായിട്ടുണ്ട്. അത് കവിതയിൽ മാത്രമല്ല ലോക കലയിലെമ്പാടും ഓരോ കലയും അതിന് അസാധ്യമായ മേഖലയിൽ ആവിഷ്‌കരണം നടത്തുന്നതായിരുന്നു 90 കൾക്ക് ശേഷമുള്ള കാലം. അക്ഷരങ്ങളെ ചിത്രമാക്കിയ ജ്യോതി ബസുവിന്റെ പെയ്ന്റിംഗുകൾ, ലാർസ് വോൺ ട്രയറിന്റെ നാടക സങ്കേതങ്ങളുപയോഗിച്ച സിനിമകൾ ഒക്കെയോർക്കാം. എന്നാൽ ഭാഷയെ അതിന്റെ അർത്ഥത്തിൽ നിന്ന് മാറ്റി നിറങ്ങളുടേയും വസ്തുക്കളുടേയും ദൃശ്യങ്ങളുടേയും വിന്യാസം വഴി ഇന്ദ്രിയ സംവേദനത്തിലൂടെ ഭാഷയെ മറികടക്കുവാനും നിരപേക്ഷമായ ഭാവത്തെ പ്രക്ഷേപണം ചെയ്യുവാനും സാധ്യമായ കവിത ആർ. രാമചന്ദ്രൻ എഴുതിയിട്ടുണ്ട്

നീല വെളിച്ചം കണ്ണുകൾ കൊതിച്ചു പോകും കണ്ണാന്തളിപ്പൂക്കൾ കണ്ണാന്തളിപ്പൂക്കൾ കൊതിച്ചു പോവും കരിനീലക്കണ്ണുകൾ

എന്നു തുടങ്ങുന്ന കവിതയാണത്.

കുന്ന് കൂട്ടില്ലാത്ത ഒരു മയിൽപ്പേടപോലെ എന്റെ ഹൃദയത്തിലേക്ക് നോക്കിക്കൊണ്ടു നിൽക്കുന്നു

എന്നിടത്താണ് കവിത ചെന്നുനിൽക്കുന്നത്.

തുഞ്ചൻപറമ്പിൽ സൂക്ഷിച്ചിരിക്കുന്ന അധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ പകർപ്പ്

എത്തിച്ചേരാനാകാത്ത അപരം എന്നത് എല്ലാ കവിതകളിലും ഉണ്ട് . ഈ കവിതയുടെ ഘടന ലോക കവിതയിൽ തന്നെ അപൂർവമാണ്. നീല എന്ന നിറത്തിനെ പല ദിശയിൽ നിന്ന് പ്രക്ഷേപിച്ചു കൊണ്ട് അഭാവത്തിന്റെ ഉൺമയെ ആവിഷ്‌കരിക്കുന്ന ഒരു കവിതയാണത്. ജീവിതത്തിൽ നിന്ന് ജീവിച്ചിരിക്കുക എന്ന കേവലാനുഭവത്തിലേക്ക് നിരന്തരം കൊഴിഞ്ഞു വീഴുന്ന മനുഷ്യനിലാണ് ആർ. രാമചന്ദ്ര കവിത അതിന്റെ അനുഭവധാര ലയിപ്പിക്കുന്നത്.

പുതുകവിതയ്ക്ക് നിരപേക്ഷമായ ഒരു സ്ഥിതിയുണ്ട്. കവിതയെ ജനകീയമാക്കാൻ നടത്തിയ ആധുനികത മുതലുള്ള ശ്രമങ്ങളുടെ സാഫല്യത്തിലാണ് ഇന്ന് കേരളമെമ്പാടും കവികളുള്ള ഒരു കാലത്തിൽ നാമെത്തിയത്.
ഈ സമയത്ത് ഈണത്തിൽ ഗദ്യഭാഷയുടെ ലയം പൂർണമാക്കിയ ആർ. രാമചന്ദ്രന്റെ വെല്ലുവിളി ഓരോ പുതു കവിയുടേയും മുമ്പിലുണ്ട്. പദ്യത്തിന്റെ താളപ്രാമാണികതയേക്കാൾ ഈണത്തിന്റെ സുതാര്യ സംഗീതം പുതു കവിതയെ കാത്തിരിക്കുന്നു. ▮


എസ്. കണ്ണൻ

ശ്രദ്ധേയനായ കവി, എഴുത്തുകാരൻ. കാറ്റിൽ ഞാൻ കടന്ന മുറികൾ, ഉടുപ്പ് കവിതാസമാഹാരങ്ങൾ

Comments