അമ്മേടെ തലയിലെ കവിതയും കായലും

ജീവിതത്തിന്റെ നാണയത്തിലുള്ളത് ക്രൂരതയുടെ മുദ്രയാണ് അതുകൊണ്ട് സ്‌നേഹത്തിന്റെ കരിഞ്ചന്തയിൽ നിന്നും കൂടിയ വിലയ്ക്കാണേലും കുഴപ്പമില്ല കുറച്ച് ആശ്വാസം വാങ്ങിയ്ക്കണം എന്ന് പിറുപിറുത്ത് കൊണ്ട് ഒരു ഇടത്തരം ടൗണിലെ ബിവറേജസിന്റെ ക്യൂവിൽ നിൽക്കുന്നൊരാൾ ഒരുപിടി കവിതകളായി രൂപാന്തരപ്പെട്ട് പുസ്തകമായതാണ് "അമ്മേടെ തല' എന്ന കവിതസമാഹാരം.

രൂപാന്തരപ്പെടലിന്റെ ആയകാലത്ത് സൈബറിടത്തിലെ കടത്തിണ്ണകളിൽ കാണപ്പെട്ടിരുന്നത് കൊണ്ടുള്ള പഴയ പരിചയമുണ്ട്. എന്നുവെച്ച് അങ്ങോട്ട് ചെന്ന് മിണ്ടിയാ ഈ കവിതകൾ ഇങ്ങോട്ട് തിരിച്ച് ഒരക്ഷരം പറയണമെന്നില്ല. അതാണ് കൊണം. അതുകൊണ്ട് ചുമ്മാ തിരിച്ചും മറിച്ചും നോക്കി മാറ്റി വെച്ചിരിക്കുകയാണ്, വളരെ വർഷങ്ങളായി സമാഹരിക്കപ്പെട്ട നിലയിൽ കാണാനാഗ്രഹിച്ച കുറേ കവിതകൾ, സുനിലൻ കായലരികത്തിന്റെ അമ്മേടെ തല.

2

കവിതകളിലെ ഗ്രാമസങ്കല്പങ്ങളെക്കുറിച്ച് പലേ സങ്കല്പങ്ങളും നിലവിലുണ്ട്. കവിതകളിലെ ഗ്രാമലോകങ്ങളും പലേതരമാണ്.

വൈലോപ്പിള്ളി സമത്വസുന്ദരമായൊരു ഗ്രാമം വിഭാവന ചെയ്യുന്നുണ്ട്. നവോത്ഥാനകാലം പകർന്ന ഉന്മേഷത്തിനും ഗാന്ധിയുടെ ഗ്രാമസ്വരാജിനും കമ്യൂണിസത്തിന്റെ സമത്വാദർശനത്തിനും ഇടയിലൂടെ ഞെരുങ്ങി രൂപപ്പെട്ട അത്തരം വിശുദ്ധസങ്കല്പങ്ങളെ "കുടിയൊഴിക്കൽ' എന്ന ഒരൊറ്റ കൃതി കൊണ്ട് കുത്തിമറിക്കാനും വൈലോപ്പിള്ളിയിലെ രാഷ്ട്രീയപ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

വൈലോപ്പിള്ളി ശ്രീധരമേനോൻ
വൈലോപ്പിള്ളി ശ്രീധരമേനോൻ

കടമ്മനിട്ടയുടെ കവിതകളിൽ ജീവിതസംഗ്രാമത്തിന്റെ ചുടലക്കളങ്ങളോ ചുടുനീർക്കുളങ്ങളോ ആയ നിഷ്‌കരുണഗ്രാമങ്ങൾ കാണാം. കുഞ്ഞിരാമൻ നായർ ഭൂതകാലയാഥാർത്ഥ്യമായി കല്പിക്കുന്ന അതീതസുന്ദരഗ്രാമങ്ങളും മലയാളകവിതയിലുണ്ട്.

ആദിവാസികൾ, ഗ്രാമവാസികൾ, പട്ടണവാസികൾ, നഗരവാസികൾ, പ്രവാസികൾ എന്നിങ്ങനെ മനുഷ്യരെ പിരിച്ച് കാണുന്ന ഏർപ്പാട് മാറി മറഞ്ഞ് പോകുന്ന ഇക്കാലമലയാളത്തിൽ, സ്വത്വം പ്രദേശഭിന്നമായ ഒരു പ്രതിഭാസമായി പരുവപ്പെടുന്നുണ്ട്. അങ്ങനെയൊരു രാഷ്ട്രീയാന്തരീക്ഷത്തിലാണ് അമ്മേടെ തലയിലെ സ്ഥലങ്ങൾ വിഭാവന ചെയ്യപ്പെട്ടിരിക്കുന്നത്.

പുരാതനമനോഹരമായൊരു ജലാശയനീലിമയിലേക്ക് നീണ്ടവസാനിക്കുന്ന, പട്ടണത്തിനും ഗ്രാമത്തിനും ഇടയിലെവിടെയൊ അടയാളപ്പെടുത്തേണ്ട ഒരു ഗ്രാമജീവിതത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളായാണ് ഈ സമാഹാരത്തിലെ മിക്കവാറും കവിതകൾ എഴുതപ്പെട്ടിരിക്കുന്നത്. ഈ കവിതകളിലെ സ്ഥലകാലങ്ങളും കഥാപാത്രങ്ങളും ചരിത്രത്തിന്റെ ഒരു നുറുങ്ങിൽ മിന്നിമറയുന്നവയാണ്.

എം.ആർ. രേണുകുമാർ, ബിനു എം. പള്ളിപ്പാട്
എം.ആർ. രേണുകുമാർ, ബിനു എം. പള്ളിപ്പാട്

സുനിലൻ മാത്രമല്ല, രേണുകുമാറും ബിനു എം പള്ളിപ്പാടും സിഎസ് രാജേഷും ശ്രീജിത്ത് അരിയല്ലൂരും സുധീർ രാജും സമാനമായ ഭാവനാലോകങ്ങൾ സൃഷ്ടിച്ചവരാണ്. വ്യത്യസ്തമായ ഈ ഭാവനാലോകങ്ങൾ ഒരു ജിഗ്‌സോ പസിൽ പോലെ തിരിച്ചും മറിച്ചും ചേർത്ത് വെച്ച് കൊണ്ട്, കേരളത്തിലൂടെ മിന്നിമാറിയ ഒരു ദശാബ്ദത്തിന്റെ ചരിത്രാനുഭൂതികളിലേക്ക്, സധൈര്യം, സസൂക്ഷ്മം, ഇറങ്ങിച്ചെല്ലാവുന്നതാണ്.

3

ജീവിതം കടഞ്ഞ വിഷം എന്ത് ചെയ്യണം എന്ന ആകുലത കവികളുടെ ഇഷ്ടവിഷയങ്ങളിലൊന്നാണ്. തന്നിൽ തന്നെയും പുറമെയും വിഷം കുമിയവെ പുരാണപ്രസിദ്ധനായ പരമശിവനട്ടുവനെ പോലെ അത് കോരിക്കുടിക്കാൻ തുനിയുന്നവരും ഏറെയാണ്.

മാതാപിതാക്കളോടും പരിസരവാസികളോടും മാത്രമല്ല തന്നോട് തന്നെയും അഗാധമായൊരു വിഷലിപ്തബാന്ധവം വെച്ച് പുലർത്തുന്ന ഒരാളെ ഈ കവിതസമാഹാരത്തിൽ വേറെ വെറെ കവിതകളിലായി കാണപ്പെടുന്നുണ്ട്. അയാൾ ഒരു പുരുഷനും അയാളുടെ പ്രായം ചെറുപ്പവുമാണ്. പുറമെ ഉദാസീനനും അകമെ പരിഭ്രാന്തനുമായ അയാൾ എന്ത് ചെയ്യണമെന്നറിയാതെ നിരുപാധികസ്‌നേഹത്തിൽ അഭയം പ്രാപിക്കുന്നു.

അലശണ്ഠയും മദ്യപാനവുമായി കഴിയുന്ന ഒരു അച്ഛനെ അഗാധമായി മനസിലാക്കുന്നതിലൂടെയാണ് അയാൾ ആ നിരുപാധികസ്‌നേഹത്തിന്റെ പരമകാഷ്ഠ കൈവരിക്കുന്നത്. ആ അച്ഛനെ കൊണ്ട് ദുരിതം അനുഭവിക്കുന്ന അമ്മേടെ തലയാണ് ഈ കവിതസമാഹാരത്തിന്റെ തലവാചകമായി വെട്ടിയെടുത്ത് വെച്ചിരിക്കുന്നത്.

സുനിലൻ കായലരികത്ത്
സുനിലൻ കായലരികത്ത്

ആ അച്ഛനെ വാത്സല്യപൂർവ്വം ശാസിക്കാൻ കഴിയുമായിരുന്ന അപ്പച്ചിയുടെ ശവസംസ്‌കാരരംഗം ചിത്രീകരിച്ചിരിക്കുന്ന കവിതയിലാവട്ടെ ഇതെ ഉപാസനയുടെ മറ്റൊരു ഭാവുകത്വ തലം കൂടി ദർശിക്കാവുന്നതാണ്. സുധീർ രാജിന്റെ അപ്പച്ചിയെന്ന കവിതയിലും ഇത് പോലത്തെ ഒരു അപ്പച്ചിയെ കാണാനാവുമെങ്കിലും അത് കുറെ കൂടി പ്രത്യക്ഷരാഷ്ട്രീയത്തിന്റെ അലറിച്ചയോടുകൂടിയാണ് ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്.

4

അയ്യപ്പൻ, ശാസ്താവ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ദേവതസങ്കല്പം രാഷ്ട്രീയബദ്ധമായ സമീപകാല കോലാഹലങ്ങൾക്ക് വിഷയീകരിക്കപ്പെടുന്നതിനും മുമ്പേ കോട്ടയിൽ വാഴുന്ന ശാസ്താവും അനുബന്ധ ഗ്രാമദേവതകളും സുനിലന്റെ കവിതകളിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തിന്റെ തീരത്ത് ശാസ്താവായ അയ്യപ്പൻ കോട്ട കെട്ടി വാണിരുന്നതായി വിശ്വസിക്കപ്പെടുന്നു.

വാമൊഴിയുടെ അയഞ്ഞ പുരാണങ്ങളിൽ കൊതിക്കെറുവും പിണക്കവും കൊണ്ട് നടന്നിരുന്ന ഗ്രാമീണരുടെ പ്രതിഫലനനിലയിലാണ് സുനിലന്റെ കവിതകളിലെ ദേവതമാരും പെരുമാറുന്നത്. അവർ മതരാഷ്ട്രം സ്ഥാപിക്കാനൊ നവോത്ഥാനം കൊണ്ട് വരാനൊ പരിശ്രമിക്കുന്ന സജീവരാഷ്ട്രീയത്തിന്റെ വക്താക്കളല്ല. ഗ്രാമ്യമായൊരു ഉത്പാദനവ്യവസ്ഥ നിർമ്മിച്ച ലോലമായ തന്ത്രികൾ കൊണ്ട് അയഞ്ഞ മട്ടിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ദേവതകൾ താണശ്രുതിയിലുള്ള ഒരു സംഗീതമാണ് ഈ കവിതകളിൽ ലയിപ്പിച്ചിരിക്കുന്നത്. ഈശ്വരീയമായ ഈ ഗ്രാമ്യഭാവനകൾ സുസംഘടിങ്ങളായ പടുകൂറ്റൻ മതരാഷ്ട്രീയ ഭീഷണികളോട് എന്തൊക്കെയൊക്കെയൊ പിറുപിറുത്ത് കൊണ്ട് പിണങ്ങി ഓങ്ങി നിൽക്കുന്നവയാണ്.

5

സമുദ്രനിരപ്പിന് താഴെ കെടക്കുന്ന കുട്ടനാടും കഴിഞ്ഞ് തെക്കോട്ട് മാറി കുറച്ച് മുകളിലായി ഓണാട്ടുകരയുടെ പുഞ്ചപ്പാടങ്ങളാണ്. ഓണാട്ടുകര കഴിഞ്ഞ് കൊല്ലം വരെ എട്ട് മുടികൾ അഴിച്ചിട്ട് കിടക്കുന്ന വലിയ കായലാണ്. അവിടുന്ന് വളഞ്ഞ് പുളഞ്ഞ് കിഴക്കോട്ട് കയറിപ്പോയാൽ വിനയചന്ദ്രന്റെ കല്ലടയും കഴിഞ്ഞ് ശാസ്താംകോട്ട കായലിന്റെ തീരമാണ്. തകഴിയും മാവേലിക്കരയും ശാസ്താംകോട്ടയും ശാസ്താവിനെ കൊണ്ട് പ്രശസ്തമാണ്.

ചില ചരിത്രകാരന്മാർ അതിനെ പ്രാചീന ബുദ്ധപാരമ്പര്യവുമായി ബന്ധിപ്പിച്ച് ശബരിമല വരെ ഉയർത്തിക്കൊണ്ട് പോവുന്നു. പമ്പയാറിന്റെ ഈ ഇമ്പം മലയാളസാഹിത്യത്തിൽ എമ്പാടും കേൾക്കാവുന്നതാണ്. അഷ്ടമുടിയുടെ അപാരനീലിമയും കവിതയും തമ്മിലുള്ള വേഴ്ചകളും പ്രശസ്തമാണ്.

പരുപരുത്ത് ചുവന്ന മണ്ണുള്ള ശാസ്താംകോട്ട പ്രദേശത്തിന്റെ വാമൊഴി സംസ്‌കരിച്ചെടുത്ത ഒരു ഭാഷയാണ് അമ്മേടെ തലയിൽ വായിക്കാനാവുന്നത്. വാമൊഴി അതെ പടി പകർത്തുന്ന രണ്ടിടങ്ങഴി വഴിയിൽ നിന്നും വ്യത്യസ്തമായി വാമൊഴിയുടെ കട്ട പൊട്ടിച്ചെടുത്ത ഒരു വരമൊഴിയാണ് സുനിലന്റെ കാവ്യഭാഷ.

ഇതരഗ്രഹപരിവേഷകർ അവർ ചെന്ന് തൊട്ട ഇടങ്ങളിൽ നിന്നും കല്ലും കട്ടയും കൊണ്ട് വന്ന് പ്രദർശിപ്പിക്കുന്നത് പോലെ സമീപപരിവേഷകനായ സുനിലൻ സ്വദേശത്ത് നിന്നും ഒരു മൊഴി കൊണ്ട് വരുന്നു. കോട്ടയിലെ ശാസ്താവിന്റെ മറ്റൊരു നിലയായി വിചാരിക്കപ്പെടുന്ന കരുമാടിക്കുട്ടന്റെ വിഗ്രഹം പോലെ ആ മൊഴിയും പൊട്ടിപ്പൊളിഞ്ഞ നില കൈവരിച്ചിരിക്കുന്നു. ചിലപ്പോൾ ചരിത്രം കൊണ്ടും മറ്റ് ചിലപ്പോൾ കവിയുടെ പരിശ്രമം കൊണ്ടും അതിന്റെ ഒരു ഭാഗം അദൃശ്യമായിരിക്കുന്നു. രസകരമായ ഈ ഭാഷയിലൂടെ കവി സ്വന്തമായ ഭാഷയുണ്ടാക്കുന്നയാളാണ് എന്ന പണ്ഡിതമതത്തെയും സുനിലൻ കായിലരികത്ത് എന്ന കവി സമർത്ഥമായി സാധൂകരിച്ചിരിക്കുന്നു.

Comments