ആ നീണ്ട ആംഗലേയ കവിത വായിച്ചുമടുത്തുപോയ ഡിഗ്രി ക്ലാസ് വിദ്യാർഥിനി, അധ്യാപികയുടെ അടുത്തുചെന്ന് വിഷമം പറഞ്ഞു.
കവിത മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ നിർദേശം ലഭിച്ചു.
മനസ്സില്ലാമനസ്സോടെ തുടങ്ങി.
എരിയുന്ന കണ്ണുകളുള്ള ഒരു സമുദ്രസഞ്ചാരി താൻ നീന്തിക്കയറിയ സ്വപ്നസദൃശമായ കടൽയാത്രയെപ്പറ്റി പറയുകയാണ്.
യാത്രക്കിടയിലെ കൊടുങ്കാറ്റ്,
കൂറ്റൻമഞ്ഞുമലകൾ, കടൽച്ചൂര്,
മാനം മറച്ച് ചിറക് വിരിച്ചൊരു ആൽബട്രോസ് പക്ഷി,
വഴിയിൽ കണ്ട ഭൂതാവേശിതമായ കപ്പൽ,
കപ്പൽമേൽത്തട്ടിന്റെ പിന്നണിയത്തിൽ
ചൂതുകരു എറിഞ്ഞു ലസിക്കുന്ന
മരണവും ജീവിതവുമെന്ന രണ്ട് കരിങ്കുപ്പായക്കാർ,
സ്വർണം തുപ്പുന്ന ജലനാഗങ്ങൾ, പ്രാർഥനാഭരിതരായ മാലാഖമാർ,
മരണപ്പെട്ട ഹതഭാഗ്യരായ കപ്പൽ യാത്രികർ,
സദാ അശാന്തരായ നങ്കൂരക്കാർ,
ഏകാന്തതയിലുലാവുന്ന ഒരു താപസശ്രേഷ്ഠൻ...
നുര, തിര, കടൽ...
നുര, തിര, കടൽ...
കടൽ
കടൽ മാത്രം,
കടൽവിളുമ്പിൽ പിടിച്ചുകയറുന്ന ആകാശം മാത്രം.
വിശാലമായ ആകാശം...
കവിതയുടെ ആകാശം.! ഉജ്ജ്വലാകാശം
ദ റൈം ഓഫ് ദ എൻഷ്യൻറ് മാറിനർ.
ആ അതിപുരാതന നാവികന്റെ കവിത!
കവിതയായി പരിലസിക്കുന്ന ആ ആകാശം നോക്കി അവൾ അന്തംവിട്ടു.
ഹൈഗേറ്റ് ഹില്ലിന്റെ ചെരിവോരത്ത് പൊടിപാറുന്ന ലണ്ടൻ നഗരത്തേയും നോക്കി നിരർത്ഥമായ ജീവിതയുദ്ധങ്ങളിൽനിന്ന് തൽക്കാലത്തേക്ക് രക്ഷപ്പെട്ട ഒരു വൈരാഗിയുടെ നിസംഗതയോടെ കോൾറിഡ്ജ് ഇരിക്കുകയാണ്. തൊട്ടടുത്ത് കസാലയിൽ The watchman എന്ന ആനുകാലികത്തിന്റെ അവസാന പ്രതി.
തലേന്നുരാത്രിയിലെടുത്ത അഫീന്റെ, മധ്യസ്ഥതയിൽ കുറുകിപ്പോയ കണ്ണുകളേയും വിദൂരമായ നഗരത്തേയും തമ്മിലിണക്കുന്ന ഒരു മാന്ത്രിക വടി അദ്ദേഹത്തിന്റെ പക്കലുണ്ടെന്ന് തോന്നിപ്പോകും.
‘‘കോൾറിഡ്ജ്, കോൾറിഡ്ജ്'', പുറകിൽ നിന്നൊരു നേർത്ത ശബ്ദം.
മി. ചാൾസ് ലാമ്പാണ്.
സാധാരണക്കാരന്റെ ‘എലിയ', മെല്ലെ നടന്നുവന്ന് ഭ്രമകൽപനയുടെ സ്വതന്ത്രവർത്തകന്റെ തോളിൽ സ്‌നേഹത്തോടെ പിടിച്ചു.
‘‘നോക്കൂ, എന്റെ ആ പുരാതന നാവികനെ ആളുകൾക്ക് പിടികിട്ടുന്നില്ല'', കോൾറിഡ്ജ് പുലമ്പി.
ലാമ്പ് സ്വതസിദ്ധമായ ചിരിയോടെ തുറന്നടിച്ചു; ‘‘താങ്കളുടെ ആ കവിതയോടൊപ്പമുള്ള ടിപ്പണികളും ആളുകൾക്ക് പിടികിട്ടിക്കാണില്ല''.
ഞങ്ങൾ വായനക്കാരാണ്. പോർലോക്കിലെ ആ പഴയ മനുഷ്യനും ഹേസ്‌ലിറ്റും എലിയട്ടുമൊക്കെ ഭാരരഹിതരായി പിന്നോട്ടടിവെച്ചുവന്ന് അതിനെ മറിച്ചുനോക്കി വായിക്കുന്നു.
കോൾറിഡ്ജ് കറുപ്പുമയക്കത്തിനിടയിലും ചിരിച്ചു.
താഴെ നഗരം ഇരമ്പി.
വിചിത്ര കൽപനകളുടെ ഒരു കറുത്തപുക നദീതീരത്തിലൂടെ വാച്ചെറ്റ് പട്ടണത്തിന്റെ സൗമ്യമുഖത്ത് ഏഴടിപൊക്കത്തിൽ ഒരു മേരുസാന്നിദ്ധ്യമായി ഉച്ചതയിൽ നിൽക്കുന്ന ആ അതിപ്രാചീനനാവികന്റെ പ്രതിമയിൽ വിലയം കൊണ്ടു. ആ പ്രതിമയുടെ കണ്ണിലെ എരിയുന്ന ഭ്രമകൽപന പിന്നീടെത്രയോ വ്യാഖ്യാനങ്ങൾക്ക് പാത്രീഭൂതനായി.
കോൾറിഡ്ജ് വീണ്ടും ചിരിച്ചു. സ്വപ്നജാലം!
‘‘ഇന്നലേയും ഞാനാ സ്വപ്നത്തിന്റെ പകുതി കണ്ടു പ്രിയ ലാമ്പ്!
കിനാവിന്റെയൊരു ചില്ലുകഷണം.
ഹഹ... എന്തൊരു മായികമാണീ കിനാവുകൾ. പക്ഷെ കിനാവുകളെ ഉടയ്ക്കാൻ പോർലോക്കിലെ ആ മനുഷ്യൻ വരും.
നുഴഞ്ഞുകയറ്റക്കാരൻ.
ഹും, അയാൾ യാഥാർത്ഥ്യബോധത്തിന്റെ കുത്തകമുതലാളിയാണ്.
അയാളെന്റെ വരികളെ അൻപത്തിനാലിൽ ഒതുക്കിക്കളഞ്ഞു.
ഹാ,നിരാശ..''
ചരിത്രത്തിന്റെ ഇടനാഴിയിലൂടെ ഭ്രമാത്മകതയുടെ വെള്ളിക്കെട്ടൻ ഇഴഞ്ഞുവന്ന് ഉയർന്നുപൊങ്ങിയത് ഞങ്ങളറിഞ്ഞു, പ്രിയ കോൾറിഡ്ജ്. അങ്ങ് വിഷമിക്കുകയേ വേണ്ട. അങ്ങയുടെ കിനാവിന്റെ കഷണം ‘കുബ്‌ളാ ഖാൻ' -അതിന്റെ ഒരു പ്രതി ബ്രിട്ടീഷ് ലൈബ്രറിയിൽ സ്ഥിരമായി വച്ചിട്ടുണ്ടെന്നറിയുന്നു...
കാൽപനികതയുടെ മകുടോദാഹരണമായി ലോകം ഇന്ന് അതിനെ വാഴ്ത്തുകയാണ്.
ഞങ്ങൾ വായനക്കാരാണ്. പോർലോക്കിലെ ആ പഴയ മനുഷ്യനും ഹേസ്‌ലിറ്റും എലിയട്ടുമൊക്കെ ഭാരരഹിതരായി പിന്നോട്ടടിവെച്ചുവന്ന് അതിനെ മറിച്ചുനോക്കി വായിക്കുന്നു.
ശരി, അതൊക്കെ വിടൂ, ഇപ്പോൾ ഈ ഹൈഗേറ്റ് കുന്നിൻപുറത്ത് ഏറ്റവും പ്രിയതരമായ സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന നിങ്ങളെയിരുവരേയും ഞങ്ങൾ ഒളിഞ്ഞുനോക്കിരസിക്കുകയാണ്. സാനന്ദം!
‘‘അവിശ്വാസങ്ങൾക്ക് അവധി കൊടുക്കൂ, വിഷാദങ്ങളെ പിൻതുടരൂ...'' തെരുവിലൂടൊരു യാചകൻ ഉറക്കെ വിളിച്ചുപറയുന്നു.
അയാളുടെ കയ്യിലെ ഹാർപ്പിന്റെ തന്ത്രികളിൽ നിന്ന് വിചിത്രഭാവനകളും കൽപിതകഥകളും നാടകചാരുതയും അയഥാർത്ഥ്യതയും അനന്യങ്ങളായ മോഹിതരാഗങ്ങളായി തെരുവിലേക്ക് ഒഴുകിയിറങ്ങുന്നു.
തെരുവിലെ വിളക്കുകാലിൻ ചുവടെ,
പള്ളിമണിത്തുഞ്ചത്ത്,
കുതിരക്കുളമ്പിൽ,
പരസ്യപ്പലകക്കാലിൽ അവ കളിച്ചുപുളയ്ക്കുന്നു.
അത്യാകാംക്ഷയിൽ കോൾറിഡ്ജ്, തെരുവിലേയ്‌ക്കെത്തിനോക്കി...
‘‘വരൂ, ആവേശിതയാചകാ, നിങ്ങളെന്നെത്തന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. നിങ്ങളുടെ ഹാർപ്പിന്റെ തന്ത്രികളെന്നെത്തന്നെയാണ് മീട്ടിക്കൊണ്ടിരുന്നത്. നിങ്ങളുടെ കൂർത്ത ചൂണ്ടുവിരലുകൊണ്ടെന്നെ നിറയൊഴിച്ചുതീർക്കൂ, നിങ്ങളെന്നെയിന്ന് തീർത്തും പരിപൂർണനാക്കി.
ഈ പരിപൂർണതയാണെന്റെ ആനന്ദവും ദുഃഖവും''.
അദ്ദേഹംവിതുമ്പി.
നിരാകരണത്തിന്റെ പാട്ട്, An ode to dejection- നിരാകരണത്തിൽ പരമമായ ആനന്ദവും നിസ്തുലമായ ദുഃഖവുമുണ്ട്.
ഈ ഉറ്റസ്‌നേഹിതൻ- മി. ചാൾസ് ലാമ്പ് എന്നെ വിളിക്കുന്നത് ക്ഷതം പറ്റിയ ദൈവദൂതൻ എന്നാണ്. അനീതിയല്ലേ അത്? ഉറ്റസ്‌നേഹിതനെങ്കിൽ എന്നെ ഭ്രമകമ്പങ്ങളുടെ ചെകുത്താനേ എന്നല്ലേ വിളിക്കേണ്ടത്...
‘‘പ്രിയ കോൾറിഡ്ജ്, കരയാതിരിയ്ക്കൂ. നിങ്ങളുടെ ഉറ്റസ്‌നേഹിതൻ മി.ലാമ്പ് കൂടെയുണ്ടല്ലോ, ഒന്നു പാട്ടുപാടി നൃത്തം ചെയ്യൂ. അല്ലെങ്കിൽ, ഞങ്ങളോടൊന്നു പറയൂ, ക്രിസ്റ്റബെലിനേയും ജെറാൾഡിനെയും പറ്റി, ആ ഇരുണ്ടയുവതിയെപ്പറ്റി, സിബ്‌ളിൻ ഇലകളെപ്പറ്റി, താങ്കളും മി.വേഡ്‌സ് വർത്തുമായുള്ള ആനന്ദകരങ്ങളായ സംവാദങ്ങളെപ്പറ്റി, അല്ലെങ്കിൽ ആ ഓക്കുമരത്തേയും മേപ്പിൾ ഇലകളേയും മാറിമാറി നോക്കി അവ തമ്മിൽ വെറുതെ ഉണ്ടാക്കിയെടുത്ത ആ അസംബന്ധ അനുബന്ധത്തെക്കുറിച്ച്...''
‘ഉറ്റ സ്‌നേഹബന്ധമെന്നതൊന്ന് ഉണ്ടല്ലേ.'
അതേ ‘‘കോൾറിഡ്ജിയൻ അത്യാകാംക്ഷ.'' ഉണ്ട്, ഉണ്ടാകും. ഈ ഉറ്റസ്‌നേഹിതൻ- മി. ചാൾസ് ലാമ്പ് എന്നെ വിളിക്കുന്നത് ക്ഷതം പറ്റിയ ദൈവദൂതൻ എന്നാണ്. അനീതിയല്ലേ അത്? ഉറ്റസ്‌നേഹിതനെങ്കിൽ എന്നെ ഭ്രമകമ്പങ്ങളുടെ ചെകുത്താനേ എന്നല്ലേ വിളിക്കേണ്ടത്...
ലോഡ്‌നത്തിന്റെ ചിറകിൽ, ബൈപോളാർ ചാഞ്ചാട്ടത്തെ കുടഞ്ഞെറിഞ്ഞ് അദ്ദേഹം തന്റെ പ്രിയപ്പെട്ട നോട്ടുപുസ്തകം കയ്യിലെടുത്തു.
‘‘നിങ്ങൾ ഉറങ്ങിയാലെന്ത് ഉറക്കത്തിലൊരു സ്വപ്നം കണ്ടാലെന്ത് ആ സ്വപ്നത്തിൽ സ്വർഗ്ഗത്തിലേയ്‌ക്കൊന്നു പോയാലെന്ത് അവിടെനിന്ന് വിചിത്രസുന്ദരമായൊരു പുഷ്പം പറിച്ചെടുത്താലെന്ത് ഇനിയുണർന്നുനോക്കുമ്പോൾ ആ പുഷ്പം നിങ്ങളുടെ കയ്യിലുണ്ടെങ്കിൽതന്നെയെന്ത് ആഹ്, ഇനിയെന്തുതന്നെയെങ്കിലും തന്നെയെന്ത്...''
അതിവിചിത്ര പുഷ്പമാണത്. അത് ഞങ്ങളുടെ കയ്യിലുണ്ട്, പ്രിയപ്പെട്ട കവീ... ▮