ഷീല ടോമി

എന്റെ
​വയലാർ

മലയാളി ഏറ്റവും കൂടുതൽ ആസ്വദിച്ചത് ആ ഗാനങ്ങളാണെന്ന് ഓർക്കുമ്പോഴാണ്, സാഹിത്യത്തിലേയും സമൂഹത്തിലേയും സാമാന്യസവർണബോധങ്ങളെ ഊട്ടിയുറപ്പിക്കാൻ അറിയാതെയെങ്കിലും ചില സിനിമാഗാനങ്ങളും നിമിത്തമായില്ലേ എന്ന് ശങ്കിച്ചുപോകുന്നത്.

ലയാളത്തിന്റെ വയലാർ വിടപറഞ്ഞിട്ട് 47 വർഷങ്ങൾ.
‘മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കുവെക്കുന്ന' കാലത്ത് വയലാറിന്റെ പ്രസക്തി ഏറിവരികയാണ്. ‘സത്യധർമങ്ങൾ മുറിവേറ്റുവീഴുന്ന യുദ്ധപ്പറമ്പിലെ ശരശയ്യയിൽ വിശ്വപ്രകൃതിയെ കീഴടക്കാനുള്ള വിപ്ലവം' തുടരാൻ ഇന്നാരുണ്ട് എന്ന ചോദ്യമുയരുകയാണ്. മനുഷ്യസ്നേഹം തന്നെയാണ് ദൈവസ്നേഹം എന്ന തിരിച്ചറിവ് നശിച്ചുകൊണ്ടിരിക്കുമ്പോൾ നിശ്ചയമായും വയലാർ വീണ്ടും ഓർക്കപ്പെടേണ്ടതുണ്ട്. സ്ത്രീശരീരവർണനകൾ നിറഞ്ഞ സിനിമാഗാനങ്ങളുടെ പേരിലല്ല, ‘ഈശ്വരൻ ഹിന്ദുവല്ല ക്രിസ്ത്യാനിയല്ല മുസ്ലീമല്ല' എന്ന പ്രഖ്യാപനത്തിന്റെ പേരിൽ. ‘മനുഷ്യനെ സൃഷ്ടിച്ചതീശ്വരനാണെങ്കിൽ ഈശ്വരനോടൊരു ചോദ്യം, കണ്ണീർക്കടലിലെ കളിമൺ വീടുകൾ ഞങ്ങൾക്കെന്തിനു തന്നു?' എന്ന ചോദ്യംചെയ്യലിന്റെ പേരിൽ. ‘സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും' എന്നു തിരിച്ചറിഞ്ഞ ‘പച്ചമണ്ണിൻ മനുഷ്യത്വത്തിന്റെ' പേരിൽ.

‘മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കുവെക്കുന്ന' കാലത്ത് വയലാറിന്റെ പ്രസക്തി ഏറിവരികയാണ്. ‘സത്യധർമങ്ങൾ മുറിവേറ്റുവീഴുന്ന യുദ്ധപ്പറമ്പിലെ ശരശയ്യയിൽ വിശ്വപ്രകൃതിയെ കീഴടക്കാനുള്ള വിപ്ലവം' തുടരാൻ ഇന്നാരുണ്ട് എന്ന ചോദ്യമുയരുകയാണ്.

‘ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ' എന്ന് ചെറുപ്പത്തിൽ പ്രാർത്ഥനാപൂർവ്വം പാടിത്തുടങ്ങിയ വരികൾ വയലാർ എഴുതിയതാണെന്ന് അന്നൊന്നും അറിഞ്ഞിരുന്നില്ല. കുറച്ചുകൂടി മുതിർന്നപ്പോൾ അതിശയത്തോടെ കേട്ടു, ‘മണിപ്പൊൻവീണയുടെ' നാദം. ആത്മാവിന്റെ ശബ്ദംകണക്കെ. മുൻതലമുറ പ്രണയിച്ചതും സ്വപ്നംകണ്ടതും വിരഹമറിഞ്ഞതും രോഷംകൊണ്ടതും അനീതിയോട് പ്രതികരിച്ചതും ആ അക്ഷരങ്ങളിലൂടെയാണെന്നറിഞ്ഞു. പാട്ടുകൾ നിറഞ്ഞുകവിഞ്ഞൊഴുകി പ്രകൃതിയായി, പ്രണയമായി മാറുന്ന രസവിദ്യയറിഞ്ഞു. ‘ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളിൽ' കുടിയിരുന്ന കവിത ‘വസന്തവും ഗ്രീഷ്മവും കുളിക്കാനിറങ്ങുന്ന വനസരോവരമേ' എന്ന ലാളിത്യത്തിലേക്ക് കടക്കുന്നതറിഞ്ഞു.

വയലാർ രാമവർമ്മ

ഗാനങ്ങളിലേക്ക് വന്നപ്പോൾ ചക്രവർത്തിനിയും തമ്പുരാട്ടിയും കുറേ സവർണബിംബങ്ങളും വിപ്ലവകാരിയെ പാട്ടിലാക്കുന്നതും കണ്ടു. എങ്കിലും സിനിമയുടെ കഥക്ക് അനുരൂപമായ രചനകളായിരുന്നു അവയെല്ലാമെന്ന് സമ്മതിക്കാം. സിനിമകൾ ഒട്ടുമുക്കാലും വരേണ്യസമൂഹത്തിന്റെ പ്രതിഫലനമായിരുന്നല്ലോ. നീലക്കുയിലൊക്കെ പണ്ടേ കൂടുവിട്ടു പറന്നുകഴിഞ്ഞിരുന്നല്ലോ. മലയാളി ഏറ്റവും കൂടുതൽ ആസ്വദിച്ചത് ആ ഗാനങ്ങളാണെന്ന് ഓർക്കുമ്പോഴാണ് സാഹിത്യത്തിലേയും സമൂഹത്തിലേയും സാമാന്യസവർണബോധങ്ങളെ ഊട്ടിയുറപ്പിക്കാൻ അറിയാതെയെങ്കിലും ചില സിനിമാഗാനങ്ങളും നിമിത്തമായില്ലേ എന്ന് ശങ്കിച്ചുപോകുന്നത്.

ദേശീയബോധവും സമത്വബോധവും ഉണർത്താൻ ഏറ്റവും നല്ല മാധ്യമമാണ് സിനിമയും ഗാനങ്ങളും എന്നതിൽ സംശയമില്ല. സാധാരണക്കാരുടെ മനസ്സിൽ ഒരു പ്രഭാഷണത്തിന്റെ പത്തിരട്ടി സ്വാധീനം ചെലുത്താൻ, ഉണർവുണ്ടാക്കാൻ, ഒരു പാട്ടിനാവുമെന്നതിനു ദൃഷ്ടാന്തമാണ്, 1957ലെ ആദ്യ സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാർഷികവേളയിൽ തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിന്റെ ഉദ്ഘാടനത്തിന്​ ധീരരക്തസാക്ഷികളെ അനുസ്മരിച്ച് വയലാർ- ദേവരാജൻ ടീം ഒരുക്കിയ ‘ബലികുടീരങ്ങളേ' ദശകങ്ങൾക്കുശേഷവും ഇന്നും തിരയിളക്കം സൃഷ്ടിക്കുന്നത്.

‘പിറന്ന മണ്ണും പൊന്നും മനസ്സും പങ്കുവെക്കണപോലെ മധുരമാനസബന്ധങ്ങൾ മുറിച്ചു മാറ്റരുതേ' എന്നു തേങ്ങുന്ന കവിയോടാണ് എനിക്ക് ഏറെ ഇഷ്ടം. ‘മണിപ്പൊൻവീണ വിറ്റ് കരവാൾ വാങ്ങിയ' കവിതയോട് ഇത്തിരി കൂടുതൽ ഇഷ്ടം.

സിനിമയുടെ പശ്ചാത്തലവും ഭൂമികയും എത്രമേൽ ഉൾച്ചേരുന്നുണ്ട് വയലാർ ഗാനങ്ങളിൽ എന്നതിനു തെളിവായി അത്ഭുതപ്പെടുത്തുന്നു ‘നെല്ലി’ലെ പാട്ടുകൾ. എന്റെ നാടിന്റെ പാട്ടുകൾ. ആ പാട്ടുകളിൽ വയനാടിന്റെ ഭൂപ്രകൃതിയുണ്ട്, ഗോത്രജീവിതമുണ്ട്, തേൻവരിക്കക്കാടും വെൺതേക്ക് പൂക്കും കാനനവുമുണ്ട്, കാക്കപ്പുലനാൾ കാവിലെ കാവടിയുണ്ട്, തുടികൊട്ടും പാട്ടുമുണ്ട്. പക്ഷെ, ‘കാട്ടുചോലകൾ പാടിയ പാട്ടുകൾ ഏറ്റുപാടി വളർന്ന മുത്തശ്ശിമാർ കാട്ടുപുൽത്തണ്ട് നൽകി വളർത്തിയ ചെമ്പൻ കുതിര' മാറ്റത്തിന്റെ കുളമ്പടി കേൾപ്പിച്ച കാലമൊക്കെ കടന്നുപോയി. ഇന്ന് പാട്ടുകൾ ബഹളക്കൊഴുപ്പിൽ മുങ്ങിത്താഴുകയാണ്, ജീവിതവും.

'നെല്ല്' സിനിമയിൽ നിന്ന്

തേക്കുപാട്ടും കാടിന്റെ ശബ്ദവും നദിയുടെ സംഗീതവും കടലിന്റെ ഇരമ്പവും കേൾക്കാതായി. പ്രകൃതിയും നഷ്ടമാവുകയാണല്ലോ നമുക്ക്. ആകയാൽ പ്രകൃതിയുടെ താളം കേൾക്കാൻ സുവർണഗാനങ്ങളിലേക്ക് തന്നെ തിരികേ നടക്കാതെ വയ്യ. മയിലാടുംകുന്നിൽ പിറന്ന് മൈലാഞ്ചിക്കാട്ടിൽ വളർന്ന പെരിയാറും, ആയിരം പാദസ്വരം കിലുക്കി ഒഴുകുന്ന ആലുവാപ്പുഴയും, ഭൂമിക്ക് സ്ത്രീധനം കിട്ടിയ മലകളും, നാണത്തിൽ മുങ്ങിയ കായലിൻ കവിളിൽ നഖചിത്രമെഴുതും നിലാവും നിറയുന്ന മനോഹരതീരത്ത് ഭൂമിയെ സ്നേഹിച്ച കവിയുടെ അദൃശ്യസാന്നിധ്യം കാണാതിരിക്കുമോ! അക്കാലത്തെ സിനിമാഗാനങ്ങളും നാടകഗാനങ്ങളും വിപ്ലവഗാനങ്ങളും തലമുറകൾ കൈമാറി അനശ്വരമായി നിലനിൽക്കുമെന്ന് നിശ്ചയം.

പി. ഭാസ്‌കരനിൽ നിന്ന് ഏറെ വ്യത്യസ്തനായി മാംസനിബദ്ധ അനുരാഗമാണ് വയലാർഗാനങ്ങളുടെ രസതന്ത്രം എന്നു പറയാതെ വയ്യ. ‘പമ്പാനദിയുടെ കരയിൽ ചന്ദന ശിലയിൽ' സുന്ദരിയെ കൊത്തിവെക്കുന്ന പ്രേമശിൽപി. ‘മനസ്സുകൊണ്ട് കെട്ടിപ്പിടിക്കാൻ' വെമ്പുന്ന അനുരാഗ നായകൻ. അതെല്ലാമായിരുന്നല്ലോ വയലാർ.

ചങ്ങമ്പുഴയെ അനുകരിക്കുന്ന ‘മാറ്റൊലിക്കവി' എന്ന് വിമർശനം കേട്ടിട്ടുണ്ട് വയലാർ. എന്നാൽ ആ ഗാനങ്ങളിലൂടെ നമ്മൾ അനുഭവിക്കാത്ത, കൈമാറാത്ത, വികാരങ്ങളുണ്ടോ! ‘സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ' എന്ന് നിസ്വാർത്ഥപ്രണയമായ് ചിലനേരം. ‘വികാരസരസ്സിന്റെ കരയിൽ, സ്വപ്നമദാലസനിദ്രയിൽനിന്ന്' പ്രണയിനിയെ ഉണർത്തുന്ന കാമുകഹൃദയമായി മറ്റൊരിക്കൽ. പി. ഭാസ്‌കരനിൽ നിന്ന് ഏറെ വ്യത്യസ്തനായി മാംസനിബദ്ധ അനുരാഗമാണ് വയലാർഗാനങ്ങളുടെ രസതന്ത്രം എന്നു പറയാതെ വയ്യ. ‘പമ്പാനദിയുടെ കരയിൽ ചന്ദന ശിലയിൽ' സുന്ദരിയെ കൊത്തിവെക്കുന്ന പ്രേമശിൽപി. ‘മനസ്സുകൊണ്ട് കെട്ടിപ്പിടിക്കാൻ' വെമ്പുന്ന അനുരാഗ നായകൻ. അതെല്ലാമായിരുന്നല്ലോ വയലാർ. എങ്കിലും, ‘പിറന്ന മണ്ണും പൊന്നും മനസ്സും പങ്കുവെക്കണപോലെ മധുരമാനസബന്ധങ്ങൾ മുറിച്ചു മാറ്റരുതേ' എന്നു തേങ്ങുന്ന കവിയോടാണ് എനിക്ക് ഏറെ ഇഷ്ടം. ‘മണിപ്പൊൻവീണ വിറ്റ് കരവാൾ വാങ്ങിയ' കവിതയോട് ഇത്തിരി കൂടുതൽ ഇഷ്ടം. ‘മനുഷ്യാ, വലിച്ചെറിയൂ നിന്റെ മുഖം മൂടി' എന്ന ആഹ്വാനമായ ശബ്ദത്തോടാണ് ഏറ്റവും പ്രിയം.

വയലാർപ്രതിമ /Photo: Wikipedia

ചങ്ങല പൊട്ടിച്ച് ഒരു അടിമ ജറുസലേമിലേക്ക് ഓടി വരുന്നു, യേശുവിനെ കാണാൻ. പക്ഷെ അയാൾ കണ്ടുമുട്ടുന്നത് യൂദാസിനെയാണ്. അപ്പോഴേക്കും യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തിരുന്നു. (കവിത: ഒരു യൂദാസ്​ ജനിക്കുന്നു). രണ്ടായിരമാണ്ടുകൾക്കുശേഷവും അടിമകൾ ഓടിക്കൊണ്ടേയിരിക്കുന്നു, വിമോചകനെ തേടി. ഒറ്റിക്കൊടുക്കലുകൾ, ചതികൾ വഞ്ചനകൾ... എല്ലാം തുർക്കഥകൾ. മുപ്പത് വെള്ളിക്കാശിനുപകരം തുക ലക്ഷങ്ങളായി എന്നുമാത്രം. സ്വർണപ്പാത്രത്താൽ സത്യം മൂടപ്പെട്ടിരിക്കുന്നു, അന്നും ഇന്നും.

എങ്കിലും ഈ മനോഹരതീരത്ത് ഇനിയൊരു ജന്മം കൂടി കവി കൊതിക്കുന്നു, നമ്മളും. കൊതിച്ചു പോകുന്നു, ഒരിക്കൽ കൂടി പിറന്നെങ്കിൽ വയലാർ, ജാതിമതക്കോമരങ്ങൾ ഉറഞ്ഞുതുള്ളുന്ന ലോകത്തിൽ സർഗസംഗീതമാകാൻ. ▮


ഷീലാ ടോമി

നോവലിസ്​റ്റ്​, കഥാകൃത്ത്​. ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ ഉദ്യോഗസ്ഥയായിരുന്നു. ഗൾഫിലെ റേഡിയോകളിൽ പുസ്തക അവതാരക, സ്​ക്രിപ്​റ്റ്​ റൈറ്റർ, ഗാനരചയിതാവ്. മെൽക്വിയാഡിസിന്റെ പ്രളയ പുസ്​തകം (കഥ), വല്ലി (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments