ശിവദാസ് പുറമേരി

ജീവിതം ശില്പപ്പെടുത്തിയ കാവ്യപ്രതിഷ്ഠകൾ

കാൽനൂറ്റാണ്ടിനിടെ ശിവദാസ് പുറമേരി എഴുതിയ തെരഞ്ഞെടുക്കപ്പെട്ട കവിതകളുടെ സമാഹാരമായ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ എന്ന കൃതിയുടെ വായന

ഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ശിവദാസ് പുറമേരി എഴുതിയ തെരഞ്ഞെടുക്കപ്പെട്ട കവിതകൾ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ എന്ന പേരിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു. ഇതിനകം പ്രസിദ്ധീകൃതമായ മൂന്ന് സമാഹാരങ്ങളിലെ ശ്രദ്ധേയമായ കവിതകൾക്കു പുറമേ പുതിയ കവിതകളും ഈ സമാഹാരത്തിലുണ്ട്. ചിരസമ്മതമായ കവനരീതികളുടെ ശക്തി ഉൾവഹിച്ചും അവയെ പുതുക്കിയും സമകാലികമാക്കിയും പുതു ഭാവുകത്വത്തിലേയ്ക്ക് സംക്രമിക്കുന്നതിന്റെ അടയാളപ്പെടലായി ഈ സമാഹാരം മാറുന്നു. വാസ്തവികതയും അനുഭൂതിപ്രപഞ്ചവും കെട്ടിപ്പുണരുന്ന നിരവധി ഇൻസ്റ്റലേഷനുകളാൽ സമ്പന്നമാണ് ഈ സമാഹാരം. മികച്ച കവിതകളിൽ സംഭവിക്കുന്ന ഭാഷയുടെ ഒരു തുരന്നെടുപ്പ് ഈ കവിതകളിൽ ഉടനീളം അനുഭവിക്കാം . പ്രത്യക്ഷത്തിലുള്ള രാഷ്ട്രീയവിഷയങ്ങളെ ഉള്ളടക്കമാക്കുന്ന കവിതകളേക്കാൾ സാധാരണമെന്നു തോന്നിക്കുന്ന കാര്യങ്ങളെ അനുപമമാംവിധം രാഷ്ട്രീയവൽക്കരിക്കുകയും ചരിത്രവൽക്കരിക്കുകയും ചെയ്യുന്ന കവിതകളിലാണ് സൂക്ഷ്മരാഷ്ട്രീയം സവിശേഷമായി മുദ്രിതമായിട്ടുള്ളതെന്ന് കാണാം. അനുഭവസ്ഥമായ ജീവനാവസ്ഥകളെ അടുത്തറിഞ്ഞ് തിടംവച്ച ഒരു ജീവഭാഷ പലകാലത്തെഴുതപ്പെട്ട ഈ കവിതകൾക്ക് കുറുകെ ഒഴുക്കാർജിക്കുന്നത് കാണാം.

"ഏകാന്തപ്രണയരൂപമായൊഴുകിടുന്ന ഉൾപ്പുഴ'യാകാം ("ജലരൂപങ്ങൾ') ജീവനാർജിച്ച വസ്തുലോകവുമായി വിനിമയത്തിലേർപ്പെടുമ്പോൾ വിടർന്നുപരക്കുന്ന ഒരു ആർദ്രമായ പാരസ്പര്യം വായനക്കാർക്കനുഭവഭേദ്യമാകുന്നതിന്റെ ഹേതു. ഈ പാരസ്പര്യത്തിന് സഹജീവനത്തിന്റെ ഊഷ്മളതയുണ്ട്. അതു തന്നെയാണ് അതിന്റെ രാഷ്ട്രീയവും. മഴയുടേയും പുഴയുടേയും മലയുടേയും ജീവനഭാഷ കവിതയുടെ ഭാഷയുമായി താദാത്മ്യം പ്രാപിക്കുന്ന മുഹൂർത്തങ്ങൾ ശിവദാസിന്റെ കവിതകളിൽ ഉടനീളം കാണാം.

എൺപതുകളിലേയും തൊണ്ണൂറുകളിലേയും കാവ്യഭാഷയെ കവി കാലാനുസൃതമായി പരിവർത്തിപ്പിച്ചതിന് ഈ കവിതകളിലെ ബിംബാവലികൾ സാക്ഷ്യം പറയും. നൈരന്തര്യം നിലനിർത്തിക്കൊണ്ടു കാവ്യഭാഷയ്ക്കകത്തു തന്നെ തന്റേതായൊരു പുതുഭാഷ സൃഷ്ടിച്ചുകൊണ്ടാണ് ശിവദാസ് ഇത്തരം സ്വയംപുതുക്കലുകൾ സാധ്യമാക്കുന്നത്. ഈ സമാഹാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംഗത്യവും ഈ സർഗാത്മകസംക്രമണത്തിന്റെ രേഖ എന്ന നിലയ്ക്കുതന്നെ. കവിതയുടെ സാമ്പ്രദായികത്വത്തെ സൂക്ഷ്മരാഷ്ട്രീയശരികളുടെ പുതുകാഴ്ചകളാൽ മറികടകടക്കുന്ന നവകവിതയുടെ പുതിയ വിസ്മയങ്ങൾ ശിവദാസിന് എളുപ്പം വഴങ്ങുന്നുണ്ട് എന്ന് ഈ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ ബോധ്യമാകും. കാലമെഴുതുന്ന ഏറ്റവും വലിയ പുസ്തകമായ ജീവിതത്തിലെ ("പുസ്തകം') അലേഖകൾ കാവ്യപ്രതിഷ്ഠകളാൽ പൊലിപ്പിച്ചെടുത്തിരിക്കുന്ന കവിയെ ഇവിടെ ദർശിക്കാം. എഴുപതുകളുടെ കവിതയ്ക്ക് മലയാളത്തിൽ ഉണ്ടായിട്ടുള്ള അപൂർവം ചില തുടർച്ചകളിലൊന്നാണ് ശിവദാസ് പുറമേരിയുടെ കവിത എന്ന് സച്ചിദാനന്ദൻ നിരീക്ഷിച്ചിട്ടുള്ളത് വളരെ ശരിയാണെന്ന് ഈ കാവ്യസമാഹാരം തെളിയിക്കുന്നു.

കീഴാള ജീവിതങ്ങളെയും ദളിത് അനുഭവങ്ങളേയും സൂക്ഷ്മമായി ആവിഷ്‌കരിച്ച കവിയാണ് ശിവദാസ് പുറമേരി. മലയാളത്തിലെ ദളിത് കവികളിൽ ശിവദാസിനെ ഉൾപ്പെടുത്താറുണ്ടെങ്കിലും അത്തരം ബ്രാൻഡിംഗുകളിലൊന്നിലും ഒതുക്കിനിർത്താൻ സാധ്യമല്ലാത്ത കാവ്യവ്യക്തിത്വത്തുനുടമയാണദ്ദേഹം. തന്റെ മനസ്സിനെ ഉലയ്ക്കുന്ന ഏത് കാര്യവും അദ്ദേഹം കവിതയ്ക്ക് വിഷയമാക്കാറുണ്ട്. കീഴാള, ദളിത്, സ്ത്രീ ജീവിതാനുഭവങ്ങളെ അലിവോടെയും സാമൂഹ്യബോധത്തോടെയും ആവിഷ്‌കരിച്ചിട്ടുള്ള ശിവദാസ് അവസാനത്തെ ഇരയുടേയും വ്യഥകൾക്കൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നു. വിഭാഗിയതകളോട് സന്ധിചെയ്യാതെ വിശാലമാനവികപക്ഷത്ത് ഉറച്ചുനിന്ന കവിയും സാംസ്‌കാരിക പ്രവർത്തകനുമാണ് ശിവദാസ് പുറമേരി. പരിസ്ഥിതിയോടും ഗ്രാമീണമായ ഈടുവയ്പുകളോടും പ്രത്യേക ആഭിമുഖ്യം കാണിക്കുന്ന ശിവദാസിന്റെ രചനകളിൽ നാട്ടു ജീവിതത്തിന്റെ ചൂരും നേരും ചെത്തവും അനുഭവിക്കാം. ശിവദാസിന്റെ മിക്ക കവിതകളിലും പാരിസ്ഥിതികജാഗ്രത അലിഞ്ഞുചേർന്ന വിധത്തിൽ നമുക്ക് അനുഭവിക്കാൻ കഴിയും.

കവിതയെത്തന്നെ നിർവചിക്കാനുള്ള കവികളുടെ സത്യാന്വേഷണം പുതിയ ബിംബകൽപ്പനകളും കാവ്യഭാഷയും ഉൽപ്പാദിപ്പിച്ചു മുന്നേറുന്നതാണ് സമകാലികകവിതയിൽ നമുക്ക് കാണാനാവുക. കാതലുള്ളതും നവീനങ്ങളുമായ കാവ്യബിംബങ്ങളാണ് ശിവദാസ് പല വിതാനങ്ങളിലായി തന്റെ പുതിയ രചനകളിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ജലബിംബങ്ങളുടെ ഒരു പാടമാണ് ഈ കവിതകൾ എന്ന് ഇ പി രാജഗോപാലൻ അവതാരികയിൽ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

കടലിന്റെ പരപ്പും പുഴയുടെ ഒഴുക്കുമില്ലാത്ത പരിമിതിയുടെ ജ്യാമിതീയ രൂപം.
എന്ന് കുളത്തെ അറിഞ്ഞയാളപ്പെടുത്തുന്ന കവിപ്രൗഢിയുടെ പിന്നാമ്പുറങ്ങളിൽ സർവമാലിന്യങ്ങളും ഒലുമ്പിത്തീർക്കുന്ന തടവുജലം

​​​​​​​എന്ന് അതിന്റെ അകത്തെ തിരിച്ചറിയുന്നു ( "കുളം' ). ഉഴുതുമറിക്കപ്പെട്ട മനവും ശരീരവുമായി മഴ കാത്തുകൊണ്ടുള്ള കിടപ്പിലാണ് തടവുജലം എന്ന സങ്കൽപ്പം. പ്രവാഹജീവിതത്തെ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യമോഹമായാണ് അത് വായിക്കാൻ കഴിയുക.

നൻമ മലയാളം പരിപാടിയിൽ ശിവദാസ് പുറമേരി കവിത ചൊല്ലുന്നു

കളങ്ങൾ നമ്മുടെ നാട്ടിലെ ജീവിതത്തിന്റെ ഏറ്റവും ഉന്മേഷദായകവും സജീവവുമായ വിനിമയകേന്ദ്രമായിരുന്നല്ലോ. "ഇലകൾ പ്രാർഥിക്കുന്നു' എന്ന കവിതയിൽ വ്യക്ഷജൻമത്തിന്റെ കർമകാണ്ഡത്തെ കവി വേരുകളും കാതലും ഇലകളുമായുള്ള ജൈവികസംവാദത്തിലൂടെ മനുഷ്യജീവിതത്തിന്റെ മാത്രമല്ല, ജീവനപ്രക്രിയയുടെ തന്നെ മഹാരഹസ്യങ്ങളോർമിപ്പിക്കുന്നുണ്ട്. ഇരുട്ടിൻ തീർത്ഥാടകരായ വേരുകളാണ് ഈ ജീവന രഹസ്യങ്ങളുടെ കലവറ.

കാലം മണ്ണിലേക്കൊഴുക്കിയ ചോരയും കിനാക്കളും വറ്റാതെ കിടപ്പുണ്ട് വേരിലും തണ്ടിലും

എന്ന് "ആഗസ്തിലെ പൂക്കൾ' എന്ന കവിതയിലും കവി നേരിൻ വേരന്വേഷിച്ചു കണ്ടെത്തുന്നുണ്ട്. "അടിവേര്' എന്ന കവിതയിൽ അഗ്രങ്ങൾ കരിഞ്ഞുണങ്ങുമ്പോൾ വേദനയോടെ മുകളിലോട്ടു നോക്കുന്ന അടിവേരുകളെ കാട്ടിത്തരുന്നുണ്ട് കവി. ഇത്തരം കണ്ടെത്തലുകൾ വായനക്കാർക്ക് നൽകുന്ന ആത്മഹർഷം വലുതാണ്.
"കവിതയുടെ പേര് ' എന്ന കവിതയിൽ സ്വാതന്ത്ര്യത്തിന്റെ പരിമിതിയിൽ നിന്നതിജീവിച്ചുവരുന്ന കവിതയുടെ പൊടിപ്പിടലുകളുണ്ട്.

കാടു മുഴുവൻ അരിച്ചുപെറുക്കിയിട്ടും കണ്ടില്ല കൂട്ടുകാർ കവിയെ മാത്രം.

എന്ന് പ്രത്യക്ഷത്തിൽ കണ്ടെത്താവുന്ന ഇടങ്ങളിലാവില്ല കവി എന്ന് നമ്മെ ഓർമിപ്പിക്കുന്നുമുണ്ട്.

"ഭൂപടത്തിൽ ഇല്ലാത്തത്' എന്ന മനോഹരമായ കവിതയിൽ ഓർമകളിലോ കിനാക്കളിലോ പേർത്തും പേർത്തും കടന്നുവരുന്ന നൊമ്പരങ്ങളുടെ വാസസ്ഥലികളിലേയ്ക്ക് കവി വായനക്കാരെ കൊണ്ടു പോകുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവരെ ഓർക്കുന്ന മനഃസഞ്ചാരങ്ങൾ സ്വപ്നത്തിലും ജാഗ്രത്തിലും സമാന്തരപാതകൾ തീർക്കുന്നുണ്ടാവണം. മനസ്സിന്റെ അകത്തറയിൽ നിറയുന്ന ദാരുണശിൽപ്പങ്ങളും നടുക്കുന്ന മരണചിത്രങ്ങളും "പ്രളയരാത്രി' പോലെയുള്ള കവിതകളിൽ നിന്ന് നമ്മെ തുറിച്ചുനോക്കും. പഴയ കഥകളെയും കഥയ്ക്കപ്പുറമുള്ള ജീവിതത്തിന്റെയും സത്യങ്ങൾ കണ്ടെടുത്ത് പുനരാഖ്യാനം ചെയ്യുകവഴി അവയെ സമകാലികമായി പ്രയോഗിക്കാൻ ശിവദാസിന് കഴിയുന്നുണ്ട്. "പഴുതുകൾ', "ആമയും മുയലും', "ഇലയും മുള്ളും' ,"കാറ്റും വെളിച്ചവും', "പകരം', "കോടതിയലക്ഷ്യം' ,"കൂടംകുളം' തുടങ്ങിയ കവിതകൾ ഇത്തരം മെച്ചപ്പെടുത്തിയ പുനർവായനകൾ കൂടിയാണ്.

കാറ്റുകൊള്ളുവാൻ പോയ പെരുമീൻ കഥയെല്ലാം ഞങ്ങൾക്ക് മുത്തശ്ശിമാർപറഞ്ഞുതന്നിട്ടുണ്ട്

എന്ന് മത്സ്യകുഞ്ഞിലൂടെ മുന്നറിയിപ്പ് നൽകുന്ന കവി ചരിത്രബോധത്താൽ തിരിച്ചറിവുനേടിയ കീഴാളജനതയെത്തന്നെയാണ് വരച്ചിടുന്നത് ("കാറ്റും വെളിച്ചവും').

കോടതി പണ്ടേ നിന- ക്കൊപ്പമാണല്ലോ കാട്ടു- നീതികൾ നടപ്പാക്കാൻ

എന്ന് കോഴിയും ആത്മബോധമാർജിക്കുന്നുണ്ട് ("കോടതിയലക്ഷ്യം' ). ഇത്തരം പുനരാഖ്യാനങ്ങളാണ് പുതുഭാവുകത്വത്തിലേയ്ക്കുള്ള നൈരന്തര്യത്തിന്റെ പാലങ്ങളായി പലപ്പോഴും വർത്തിക്കുന്നത്.

സ്വന്തം പത്തിയിലേക്ക് ഒന്നു നോക്കിയാൽ മതി ഒരു ഏകലവ്യനെ കാണാൻ

എന്ന് "ചിലതരം വിരലുകൾ' എന്ന കവിതയിൽ, അപൂർണമായ ഒരു ആൽബത്തെക്കുറിച്ചുള്ള വിചാരങ്ങളിൽ മുഴുകവേ കവി തിരിച്ചറിയുന്നു. പലതരം വിരലുകളുടെ ആൽബമാണത്.

എം.മുകുന്ദനൊപ്പം ശിവദാസ് പുറമേരി

"ചോർന്നൊലിക്കുന്ന മുറി' എന്ന കവിതയിൽ പ്രാണന്റെ വിളക്കുകൾ ഊതിക്കെടുത്താനാഞ്ഞൊരു നേരത്ത് അന്ധകാരത്തിൽ നിന്ന് മഴ പെയ്യുന്നു. ഉള്ളിൽ പെയ്യുന്ന യാതനകളുടെ പെരുമഴ പുറത്തെ മഴയിൽ വിലയം പ്രാപിക്കുന്നു. ചോർന്നൊലിക്കുന്ന മുറിയിൽ തന്റെ ജീവിതവുമായി പ്രണയത്തിലാണ് കവി ("അപമൃത്യുവിൻ സ്മൃതിമണ്ഡപം മഹാകഷ്ടം'). കാവ്യജീവിതത്തിന്റെ ഏകാന്തമുറികളിൽ ഈ പ്രണയം മനസ്സിലേക്കരിച്ചിറങ്ങുന്ന ഈർപ്പക്കാറ്റായി അതിജീവനത്തിന്റെ ഔഷധങ്ങളായിത്തീരും. ജീവിതത്തോടുള്ള പ്രണയനഷ്ടവും പ്രണയവും അതിജീവനത്തിനായുള്ള ആത്മസമരത്തിൽ ഇണകളായി വർത്തിക്കുന്നു. കവിതയും പ്രണയവും ജീവനോടെയിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഇവിടെ ജീവിതം തന്നെ ഏറ്റവും വലിയ മാധ്യമം. ജീവിതത്തെ തൊട്ടും രുചിച്ചും അനുഭവിച്ചും നേടിയ ഉൾക്കാഴ്ചകളാണ് ഇത്തരം സന്ദർഭങ്ങളിൽ കവിയ്ക്ക് കൂട്ടാവുന്നത്. തന്റെ തന്നെ ഭാവനകളെ അതിവർത്തിച്ചു കടന്നു പോവുന്ന ആത്മപ്രകാശനത്തിന്റെ സൗന്ദര്യം കണ്ട് മുന്നേറുന്ന കവി ജീവിതത്തിന്റെ വിസ്മയകരമായ ആഴങ്ങൾ നോക്കി നടത്തുന്ന ആത്മഭാഷണമായി ഇത്തരം മുഹൂർത്തങ്ങളിൽ കവിത മാറുന്നു. ആത്മഗതത്തിന്റെ ഏകാന്തപരിസരങ്ങളിൽനിന്ന് ഉതിരുന്ന സ്വരശിൽപ്പമായത് പരിവർത്തനപ്പെടുന്നു. മഴ ഏറെ കവിതകളിൽ പശ്ചാത്തലബിംബമായി വരുന്നത് കാണാം.

മഴയുടെ നെഗറ്റീവിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ നിന്റെ മുഖം നനയുന്നു. ഓരോ കോണിലും ഓരോ അർഥം മഴയ്ക്ക്.

എന്ന് മഴയർഥങ്ങളുടെ പലമ "മഴയുടെ ആൽബം ചില ചിത്രങ്ങൾകൂടി' എന്ന വിക്ടർ ജോർജിന്റെ സ്മൃതി ചിത്രകവിതയിൽ കുറിച്ചിട്ടുണ്ട്.

"മൃഗമുഖം' പോലുള്ള കവിതകളിൽ, നാം എടുത്തണിയുന്ന പുറംകവചങ്ങളെ ആത്മവിമർശത്തിന്റെ ഉലയിൽ കനലിലെരിയിച്ച് ശുദ്ധീകരിക്കുന്നു. ചരിത്രത്തിൽ നടക്കുന്ന അട്ടിമറികളെ സൂചിപ്പിക്കുന്ന "ചരിത്രത്തിൽ അഥവാ പുസ്തക മുറിയിൽ സംഭവിക്കുന്നത് 'എന്ന കവിതയിൽ ചരിത്രത്തിന്റെ നേരുകളെ മാറ്റിയെഴുതുന്ന ഫാസിസ്റ്റുകളുടെ പ്രവൃത്തികളെ കൃത്യമായ രാഷ്ട്രീയാന്തർഗതങ്ങളാൽ കനംവച്ച ബിംബാവലികളൾകൊണ്ട് അനാവരണം ചെയ്തുകൊണ്ട് കുറിച്ചിടുന്നതിങ്ങനെ.

താളിൽനി- ന്നിറക്കിവെക്കുന്ന പഴയ ബിംബങ്ങൾ, പുനഃപ്രതിഷ്ഠകൾ, ഇരച്ചു കേറുന്ന പുതിയസംഘങ്ങൾ ..

"സുനന്ദയുടെ ഓർമകൾ എന്ന കവിതയിൽ "വൈലോപ്പിള്ളിയുടെ "മാമ്പഴം' ഉതിർത്ത കണ്ണീരിനെ അറ്റുവീണ ബോംബിനാൽ ഇല്ലാതാ(ക്കി)യ ഓമൽക്കിടാവിനെ ഓർത്തുള്ള അമ്മയുടെ കിനാനിദ്രയിലേയ്ക്ക് പടർത്തിയ കവി മറ്റൊരു അമ്മയെ നമ്മുടെ കാലത്തിലേയ്ക്ക് കവി ചേർത്തുവെക്കുന്നത്,

ഒച്ചയുമനക്കവു- മില്ലാത്ത മുറിക്കുള്ളിൽ കഴുകിക്കമഴ്ത്തിയ പാത്രങ്ങൾക്കൊപ്പം ഒക്കെയും മറന്നൊരു കിടപ്പുണ്ടവൾക്കെന്നും.

എന്നു വീട്ടമ്മയുടെ ദൈന്യത്തെ ആവിഷ്‌കരിച്ചുകൊണ്ടാണ് ("പ്രഷർ കുക്കർ ') . മാമ്പഴം എന്ന കവിതയെ ഹൃദയാഴങ്ങളിൽ പ്രതിഷ്ഠിച്ച, അലിവും വിമോചനരാഷ്ട്രീയവും ഉള്ള ഒരു കവിയ്‌ക്കേ ഇങ്ങനെ ആ വികാരത്തെ പുതുകാലവൽക്കരിക്കാനാവൂ.

ഇതും മറക്കല്ലേയച്ഛാ എന്റെ കുടയാണിത്.

"മഴയത്ത് ' എന്ന കവിതയിലെ മകളുടെ ഈ വാക്കുകൾ മനസ്സിലേക്കിട്ടു തരുന്ന താക്കീത് ആഴത്തിലേക്ക് പതിക്കുന്ന അനുഭവമായി മാറുന്നു. മക്കളുടെ താക്കീതുകൾ പലപ്പോഴും മാതാപിതാക്കൾ മറന്നുപോകുകയാണല്ലോ.

"മഴയത്ത് നില്ക്കുന്നവർ' എന്ന കവിതയിൽ നാം സൗകര്യപൂർവം മറന്ന ഒരച്ഛന്റെ വിതുമ്പലിന് ചെവിയോർക്കുകയാണ് കവി. രാജന്റെ അച്ചൻ ഈച്ചരവാരിയരുടെ . മഴരാത്രിയിൽ പുത്രനരികിൽ അച്ഛനും നനഞ്ഞു നിൽക്കുന്നു കവിമനസ്സിൽ. അലിവേറെയുള്ള ഒരു രാഷ്ട്രീയത്തിന്റെ പ്രകാശനമാണത്. "ഇരയെഴുത്ത് 'എന്ന കവിതയിൽ കവി ആ രാഷ്ട്രീയത്തെ വികസിപ്പിക്കുന്നുണ്ട്. ആവിഷ്‌കരിക്കപ്പെടാതെ അവശേഷിക്കുന്ന ഇരകളെ ഏത് എഴുത്തിനാണ് ഉൾവഹിക്കാനാവുക എന്ന ചോദ്യം ആത്മവിമർശനം കൂടിയായി കാണാം. പുസ്തകശാലയിൽ ഒറ്റക്കിരുന്നാൽ കവി കേൾക്കുന്നത് ജീവിതത്തിലെ മഹാസത്യങ്ങൾ. പുസ്തകങ്ങൾ നിശ്ശബ്ദരാക്കപ്പെട്ട മനുഷ്യരെപ്പോലെ ആത്മഗതം ചെയ്യുന്നു. പൊള്ളുന്ന വാസ്തവങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നു.("ലൈബ്രറിയിൽ ഒറ്റയ്ക്കിരുന്നാൽ'). "പേടിത്തൊണ്ടൻ' എന്ന കവിതയിലാകട്ടെ നമ്മെ മറയില്ലാതെ തുറക്കുന്നു. വിളിച്ചുകൂവാൻ കഴിയാതെ വിഴുങ്ങിക്കളഞ്ഞ വാക്കുകളെ എഴുത്തിൽനിന്ന് കീറിക്കളഞ്ഞ് എഴുത്തുകാർ ഉണ്ണുകയും ഉടുക്കുകയും ഇണചേരുകയും കവിതയെഴുതുകയും ഒന്നുമറിയാത്തവരായി നടിച്ച് യാഥാസ്ഥിതികത്വത്തിന് സ്വന്തപ്പെടുകയും ചെയ്യുന്നു. "പ്രദർശനവും വില്പനയും' എന്ന കവിത വണിക്കുവൽക്കരിക്കപ്പെടുന്ന നമ്മുടെ തന്നെ മനോഭാവത്തിലന്തർഭവിച്ച ധനലീലകളെ അസ്വസ്ഥതയുണർത്തും വിധം കോറിയിടുന്നു.

വെയിലിന്റെ ചില്ലിട്ട് പ്രെയിം ചെയ്തു വെച്ച കുന്നുകളുടെ ചിത്രം നല്ല വിലയ്ക്കാണ് ഇന്നലെ പോയത്. നിലാവു കൊണ്ട് ലാമിനേറ്റ് ചെയ്ത പുഴയുടെ ചിത്രം ഏതോ റിസോർട്ടുകാരനാണ് കൊണ്ടുപോയത്.

ഒരു പാട് ചിത്രങ്ങൾ ഇനിയുമുണ്ട് വിൽക്കാൻ എന്ന് ഉണർത്തിയാണ് കവി ഈ കാവ്യചിത്രം പൂർത്തിയാക്കുന്നത്.

ഇക്കിണർവട്ടം എത്രയുദാരം

("തവളകൾ')എന്ന് തടവറയുടെ ഉദാരതയെ പ്രശംസിക്കാൻ വിധിക്കപ്പെട്ടവരായിത്തീർന്നുകൊണ്ടിരിക്കുന്ന തവളകളാണല്ലോ നമ്മളും. "മണ്ണിൽച്ചവിട്ടുമ്പോൾ' എന്ന കവിത വായിക്കുമ്പോൾ കവിയാർജിച്ച ഉറപ്പുകളുടെ പൊടിപ്പുകൾ ഈ നിൽപ്പിന്റെ കായും പൂവും ആണെന്ന് നമുക്ക് മനസ്സിലാകും. "പകൽവണ്ടി'യിൽ കവി വരച്ചിടുന്ന ചിത്രങ്ങൾ മനസ്സിൽ നിറയുന്ന നമ്മുടെ തന്നെ ജീവിതമാണ്.സമയവും ഋതുക്കളും വെയിലും ഇരുട്ടും കടന്നു വരുന്ന വണ്ടി ദാർശനികൗന്നത്യമാർന്ന വിചാരങ്ങളിലേക്ക് വായനയെ നയിക്കുന്നു. "പ്രേമലേഖനം' പുതിയ വായനയ്ക്ക് മറ്റൊരുദാഹരണമാണ്. ഉള്ളടക്കപരമായും ഭാവനാപരമായും മലയാളത്തിലെ പുതുകവിത കൈവരിച്ച മുറുക്കങ്ങളോടൊപ്പം ശിവദാസിന് സ്വാഭാവികമായി സഞ്ചരിക്കാൻ കഴിയുന്നുണ്ട് എന്നടിവരയിടുന്ന ഇതുപോലെ ഒട്ടേറെ കവിതകൾ ഈ സമാഹാരത്തിലുണ്ട്.
"മഴ നനയുന്ന വെയിൽ' എന്ന കവിതയിൽ മഴയുടേയും വെയിലിന്റേയും മനോഹര പെയിന്റിങ്ങുകളാൽ ജീവിതത്തെ നിർവചിക്കുന്ന പാരസ്പര്യത്തിന്റെ ഉള്ളു തൊട്ടു,

മഴയിൽ നനഞ്ഞ വെയിലിന്റെ ചിരിയും വെയിലിൽ വിടർന്ന മഴയുടെ ഹൃദയവും ഇലകളുടെ രൂപത്തിൽ പ്രകാശിച്ചു

എന്ന ഗംഭീരമായ കൽപ്പനയിൽ ചെന്നുനിൽക്കുന്നു. തൊണ്ണൂറുകളുടെ ആദ്യം മുതൽ ഈ അടുത്തകാലം വരെ എഴുതപ്പെട്ട കവിതകൾ അടങ്ങിയ സമാഹാരം എന്നനിലയിൽ ശിവദാസ് പുറമേരിയുടെ കാവ്യജീവിതത്തെ നിർണ്ണയിച്ച ഘടകങ്ങൾ ഇതിൽ നമുക്ക് കണ്ടെത്താനാകും. വിവിധ രൂപത്തിലും ഭാവത്തിലും ഭാവനയിലും രചിക്കപ്പെട്ട കവിതകളുടെ പ്രാതിനിധ്യസ്വാഭാവവും ഈ സമാഹാരത്തിന് അവകാശപ്പെടാം. 2001 ലാണ് ശിവദാസിന്റെ ആദ്യകവിതാസമാഹാരം "ചോർന്നൊലിക്കുന്ന മുറി' പ്രസിദ്ധീകൃതമാകുന്നത്. ഇതിനുമുമ്പുള്ള അവസാനസമാഹാരമായ "മഴ നനയുന്ന വെയിൽ' 2015 ലും. സ്‌കൂൾ കുട്ടിയായിരിക്കുമ്പോൾ തന്നെ നാട്ടവസ്ഥകളോടും ഗ്രാമീണപ്രകൃതിയോടും താദാത്മ്യം പ്രാപിക്കുന്ന ഒരു മാനസികാവസ്ഥ കവിയിൽ അടിയുറച്ചിട്ടുണ്ടാവണം . ജൈവപ്രകൃതിയുമായി കവി നടത്തുന്ന സംവാദം കവിതകളിൽ ഉൾപ്രവാഹമായി എപ്പോഴുമുള്ളതിന്റെ കാരണമതാണെന്ന് തോന്നുന്നു. എൺപതുകളിലെ കലാലയ കാലം ഇടതു തീവ്രവാദ പ്രയോഗങ്ങളുടെ അഗ്‌നിവർഷത്തിനുശേഷമുള്ള ഘട്ടമായിരുന്നു കവിയെസംബന്ധിച്ചിടത്തോളം. കവിയുടെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തിയതിൽ നിർണായക പങ്ക് ഇക്കാലത്തിനുണ്ടാകും. രാജൻ സംഭവം അക്കാലത്തെ യൗവനത്തെ ഏറ്റവും സ്വാധീനിച്ച നൈതിക പ്രശ്‌നം കൂടിയായിരുന്നു. എൺപതുകളിലേയും തൊണ്ണൂറുകളിലെ ആദ്യപാദത്തിലേയും കവിതകളിൽ അതിന്റെ പ്രതിഫലനം കാണാം. കവിയുടെ സ്വാതന്ത്ര്യബോധത്തേയും സാമൂഹ്യനീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളേയും ഈ സംഭവങ്ങൾ വികസിതമാക്കുകയും പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ടെന്ന് തീർച്ച. ശേഷം തന്റേതായ കാവ്യഭാഷ കണ്ടെത്തി പുതുകവിതാലോകത്തിലേയ്ക്കുകൂടി പ്രവേശിക്കുന്ന ശ്രദ്ധേയമായ സംക്രമണത്തിന്റെ ഘട്ടത്തിലേക്ക് കടക്കുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്.

കവിതകളിലൂടെയുള്ള ആത്മാവിഷ്‌കാരത്തിന് വാക്കിന്റെ ഭാവശക്തിയെ തിരിച്ചറിഞ്ഞുപയോഗിക്കുന്നതിൽ ഈ കവി കാണിക്കുന്ന മിടുക്ക് ഏറെ ശ്രദ്ധേയമാണ്. ഇത്തരം സത്യപ്പെടലിലൂടെയാണ് കവി തന്റെ നിയോഗം നിറവേറ്റുന്നത്. അപ്പോൾ ഭാഷയുടേയും ബിംബങ്ങളുടെയും ജീവസ്സുറ്റ ഉറവകൾ സ്വാഭാവികമായി സംഭവിക്കുന്നു. അടിപ്പടവായി മാനവികതയെ സംബസിച്ച വികസിത ധാരണകളും കൂടിയാവുമ്പോൾ പിന്നിട്ട മുഴുവൻ ഈടുവെയ്പുകളുടേയും പിൻബലത്തോടെ ജീവിക്കുന്ന ഒരു കവിത്വം ഉരുവംകൊള്ളുന്നതായി നമുക്ക് അനുഭവപ്പെടുന്നു. കവിതയെഴുത്തിന്റെ സാമ്പ്രദായികതയെ ശിവദാസ് വിഛേദിക്കുന്നത് ഭാവുകത്വപരമായ തുടർച്ചയെ തന്റെ കവിതയുടെ കാതലാക്കി നിലനിർത്തിക്കൊണ്ടാണ്. അതിസാധാരണ കാഴ്ചകളെ കവിതാവത്കരിക്കുന്നതിലും വാസ്തവത്തെ സൂക്ഷ്മാനുഭവത്താൽ പുനഃസംവിധാനം ചെയ്യുന്നതിലും കവി കാണിക്കുന്ന വഴക്കം എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രത്യക്ഷയാഥാർത്ഥ്യങ്ങളുടെ വിപരീതങ്ങൾതേടി സ്വന്തം ആന്തരികതയിലേയ്ക്ക് കാതോർത്ത് പല വിതാനങ്ങളിലൂടെ സഞ്ചരിക്കുമ്പോഴേ ജീവിതത്തിന്റേയും കാവ്യത്തിന്റേയും അകംപൊരുൾ അറിഞ്ഞാവഷ്‌കരിക്കാനാകൂ. അപൂർവ്വ വൈവിധ്യം മുഖമുദ്രയായ പുതുകാല കവിതയുടെ ആത്മബലം നേരെത്തെ തന്നെ കാവ്യരചന തുടങ്ങിയ ശിവദാസിന് കൈവരുന്നത് നിരന്തരം പുതുക്കാനുള്ള ഈ സന്നദ്ധത മൂലമാണ്.

അല്ലെങ്കിലും സ്വന്തം പേര് വിളിച്ചു കരയുന്ന ഒരു പക്ഷിക്ക് എങ്ങനെ വഹിക്കാനാവും അന്യന്റെ ആത്മാവിനെ ('കാക്ക').

എന്ന് കാക്കത്തത്തെ ഉദ്‌ഘോഷിക്കുന്ന ഒരു കവിയ്ക്ക് സ്വന്തം ദർശനം മണ്ണിൽ കാലുറപ്പിച്ച് വിളിച്ചു പറയാതിരിക്കാൻ കഴിയില്ല. അതിനാൽ കവിതയെക്കുറിച്ച് പറയാൻ കവി വരുന്നില്ല. സ്വന്തം പ്രതിഭയിൽ ആത്മവിശ്വാസമുള്ള കവിയുടെ സത്യവാങ്മൂലമാണ് "വരുന്നില്ല ഞാൻ ' എന്ന കവിത.

അളന്നുമുറിച്ച കാലുകൾ പാകമാകില്ല കവിതയ്ക്ക് ഞാൻ വരുന്നില്ല ചങ്ങാതീ കവിതയെക്കുറിച്ച് പറയാൻ.

കവിതയായിരിക്കുക എന്ന നിയോഗത്തിൽ തുടരുന്നതിന് തന്റെ രചനകൾക്ക് കൊടുക്കേണ്ടുന്ന വിലകളെപ്പറ്റി കവിക്ക് നന്നായറിയാം.

ഭാഷയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും കാവ്യലോകത്തെ വലിയ വിപ്ലവങ്ങളുടെ അടയാളമായി ഭവിക്കുകയോ നിദാനമായിത്തീരുകയാ ചെയ്യാറുണ്ട്. ചരിത്രത്തിലും വർത്തമാനകാലത്തും ജീവിതത്തിന്റെ മൂലകങ്ങളെ അനുഭൂതിബിംബങ്ങളാൽ ദൃശ്യപ്പെട്ടുത്തി ഈ കവി നടത്തുന്ന വാഗ് സഞ്ചാരങ്ങൾ മൗലികമായിത്തീരുന്നു. കവിതയിലെ കാൽപ്പനികതയ്ക്ക് വിപരീതദിശയിൽ സഞ്ചരിച്ച് വാസ്തവികതയുടെ പുതിയ വൻകരകളിലെത്തിച്ചേരുന്നതിനിടെ ചോര പൊടിയുന്നത് വായനക്കാർക്ക് കാണാം. അനുഭവങ്ങളുടെ മൊഴിമാറ്റമായി കവിതയെക്കാണുന്ന ഒരു കവിയ്ക്ക് പക്ഷേ ഈ സഞ്ചാരം കൂടിയേ കഴിയൂ. ദുരിതം പാനം ചെയ്തും ജൈവലോകഹത്യയെ ഒഴിവാക്കാൻ ചോർന്നൊലിക്കുന്ന മുറികളിൽ ഇനിയും ജീവിതത്തെ ഉദ്‌ഘോഷിക്കാൻ കവി തയാറാകുന്നത് അതുകൊണ്ടാണ്. മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ എന്ന പേരിൽ ഈ സമാഹാരത്തിൽ ഒരു കവിതയില്ല. എന്നാൽ എല്ലാ കവിതകളിലും ഇത്തരം കണ്ണാടികൾ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതായി നമുക്കു കാണാം.▮

Comments