ഇടശ്ശേരി / Photos: edasseri.org

ഇടശ്ശേരിയുടെ സംക്രമണങ്ങൾ

മലയാള കവിതയിൽ ജീവിതത്തോട് ഇത്രയും അടുത്തു നിന്ന്, പ്രാകൃതത്വത്തെ പുണർന്ന് കവിത അതിനു മുമ്പ് സംസാരിച്ചിട്ടില്ല.

പോകപോകടോ, നീയല്ല ആ പ്രാകൃതനാണ് സാഹിത്യകാരൻ
​എന്ന് വൈലോപ്പിള്ളി എഴുതുമ്പോൾ ഇടശ്ശേരി കുടിയിറക്കൽ, ഇസ്‌ലാമിലെ വൻമല, പെങ്ങൾ, കുറ്റിപ്പുറം പാലം, കറുത്ത ചെട്ടിച്ചികൾ, മുഹമ്മദ് അബ്ദുറഹിമാൻ തുടങ്ങിയ അദ്ദേഹത്തിന്റെ പിൽക്കാലത്ത് പ്രഖ്യാതങ്ങളായ പല കവിതകളും എഴുതിക്കഴിഞ്ഞിട്ടുണ്ട്. വൈലോപ്പിള്ളിക്ക് ഇടശ്ശേരിയോടുണ്ടായിരുന്ന അഗാധമായ മമതയും വായ്പും കുടിയൊഴിക്കലിലെ ഈ രണ്ടു വരികൾ വായിക്കുമ്പോഴെല്ലാം മനസ്സിൽ വന്നതെന്തുകൊണ്ടാണെന്നറിയില്ല. ഓർക്കുക, ഒരു പ്രകരണത്തിൽ മനസ്സിലുണ്ടാവുന്ന ചില ആഴമേറിയ തോന്നലുകൾ മറ്റൊരു പ്രകരണത്തിൽ കിറുകൃത്യമായി ഇണങ്ങിവരുന്നത് കാവ്യരചനയിൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ്. അത്തരമൊരു സംഗതിയാണ് കുടിയൊഴിക്കലിലെ ആ രണ്ടു വരി. ഇന്ന് അതിൽ ഇടശ്ശേരിയില്ല. പക്ഷേ അതെഴുതുമ്പോൾ, വൈലോപ്പിള്ളി ഇടശ്ശേരിക്കായി മാറ്റിവെച്ച ഒരു കമൻറ്​; ഒരു പക്ഷേ ഒരേയൊരു കമന്റ്​, എടുത്ത് സങ്കടത്തോടെ ഇടം മാറ്റി ഉപയോഗിച്ചതായിരിക്കണം ആ രണ്ടു വരി.

ചട്ടത്തിൽ മെരുങ്ങുന്നതിനപ്പുറം സ്‌നേഹം കൊണ്ട് വിധേയനായ കൊമ്പൻ, പാപ്പാന്റെ വിരൽത്തുമ്പ് തുമ്പിയിലോ കൊമ്പിൻ തുമ്പിലോ തൊട്ടു നിൽക്കേ അലസ വിലാസിത മന്ദഗതിയിൽ നടന്നു നീങ്ങും പോലെ വൈലോപ്പിള്ളിയോടൊപ്പം കവിത നടക്കും

വൈലോപ്പിള്ളിയ്ക്ക് ഇടശ്ശേരിക്കവിതയുടെ റസ്റ്റിക് പ്രതലത്തെ അത്രമേൽ ഇഷ്ടമായിരുന്നിരിക്കണം. ഒരിക്കൽ ഒരു വർത്തമാനത്തിനിടയിൽ വിഷ്ണുനാരായണൻ നമ്പൂതിരി വൈലോപ്പിള്ളിയുടെ ജലസേചനം എന്ന കവിതയെക്കുറിച്ച് പറഞ്ഞതോർക്കുന്നു. ആ കവിതയിൽ വൈലോപ്പിള്ളി യമുനാനദിയെ ‘കളിന്ദമഹർഷി തൻ കന്യ' എന്ന് വിശേഷിപ്പിച്ചിരുന്നു. പക്ഷേ അങ്ങനൊരു മഹർഷിയില്ല. പിന്നീട് വിഷ്ണുമാഷാണ് കളിന്ദപർവ്വതത്തിന്റെ മകൾ എന്നയർത്ഥത്തിൽ ‘കളിന്ദമഹാദ്രി തൻ കന്യ' എന്ന് ആ പ്രയോഗം തിരുത്തിയത്. അന്ന് വൈലോപ്പിള്ളി പറഞ്ഞതാണത്രെ, ‘ഇടശ്ശേരിയ്ക്കാണെങ്കിൽ ഈ തെറ്റ് പറ്റില്ല'. ഇടശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന ‘പ്രാകൃതത്വ'ത്തിൽ വൈലോപ്പിള്ളിക്കുണ്ടായിരുന്ന വിശ്വാസമാണ് അങ്ങനെ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുന്നത്.

വൈലോപ്പിള്ളി ശ്രീധരമേനോൻ

വൈലോപ്പിള്ളിക്കവിതയെയും ഇടശ്ശേരിക്കവിതയെയും മനസ്സിലോർക്കുക. രണ്ടിന്റെയും അകവും പുറവും ഒന്ന് വെറുതെ താരതമ്യം ചെയ്യുക. ഒന്ന് ഭൂമിയുടെ, മണ്ണിന്റെ ജൈവ പ്രകാശമേറ്റുകൊണ്ടുതന്നെ അതീവ പേലവമാണെങ്കിൽ മറ്റേത് അതേ പ്രകാശധാരയിൽ നിൽക്കുമ്പോഴും പരുക്കനും പ്രാകൃതവുമാണ്. പ്രാകൃതം എന്ന വാക്ക് പരിചിതാർത്ഥത്തിൽ വ്യഞ്ജിപ്പിക്കുന്ന ഒന്നിനേയും ചേർത്തല്ല ഇവിടെ പ്രയോഗിക്കുന്നത്, മറിച്ച് ഒട്ടും പോളിഷ്ഡ് അല്ലാത്ത ജൈവമായ ഒന്ന് എന്നയർത്ഥത്തിലാണ്. ‘ഒരു നാട്ടിൻപുറത്തുകാരന്റെ, കർഷകന്റെ പരുക്കത്തരം' എന്നൊക്കെ ഇടശ്ശേരിക്കവിതയുടെ ഈ അവസ്ഥയെ വിശദീകരിച്ചു കണ്ടിട്ടുണ്ട്.
എന്നാൽ ഇടശ്ശേരിക്കവിത ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ അന്ത്യഘട്ടത്തിൽ മലയാളാധുനികതയുടെയും ആധുനിക മലയാള കവിതയുടെയും രാഷ്ട്രീയ പ്രതിനിധാനമാവുന്നതിന്റെ ചിഹ്നങ്ങളായിരുന്നു അവ. പൊട്ടിച്ചാൽ ചെറുതേൻ ഊറി വന്ന് ഇനിയ്ക്കുന്ന ഭാഷയാണ് വൈലോപ്പിള്ളിയുടെ രൂപശില്പത്തിന്റെ കൊടിയടയാളം. ഊഞ്ഞാലിൽ എന്ന കവിത നോക്കുക.

മൂന്നോ നാലോ ഖണ്ഡങ്ങളായി വിഭജിച്ച് രൂപകൽപ്പന ചെയ്യാൻ പ്രമേയം കൊതിപ്പിക്കുന്ന കവിതയാണത്. കന്നിക്കൊയ്ത്തുപോലൊരു കവിതയിൽ ആദ്യകാലത്തു തന്നെ വൈലോപ്പിള്ളി അക്കാര്യം അനായാസേന ചെയ്തിട്ടുമുണ്ട്. എന്നാൽ ഊഞ്ഞാലിൽ അദ്ദേഹം അതനുവർത്തിക്കില്ല. രൂപശില്പത്തിന്റെ തേനട കടിച്ചൂമ്പുമ്പോൾ കിട്ടുന്ന മാധുര്യം അത്തരക്കിൽ വിഭജിച്ച് നഷ്ടപ്പെടുത്താൻ അദ്ദേഹം തയ്യാറാവില്ല. എന്നാൽ പുത്തൻകലവും അരിവാളും എഴുതുമ്പോൾ ഇടശ്ശേരിയ്ക്ക് അത്തരം മുന്നൊരുക്കങ്ങളൊന്നുമില്ല. ചട്ടത്തിൽ മെരുങ്ങുന്നതിനപ്പുറം സ്‌നേഹം കൊണ്ട് വിധേയനായ കൊമ്പൻ, പാപ്പാന്റെ വിരൽത്തുമ്പ് തുമ്പിയിലോ കൊമ്പിൻ തുമ്പിലോ തൊട്ടു നിൽക്കേ അലസവിലാസിത മന്ദഗതിയിൽ നടന്നു നീങ്ങും പോലെ വൈലോപ്പിള്ളിയോടൊപ്പം കവിത നടക്കും. അതുകൊണ്ട് വൈലോപ്പിള്ളിക്കവിതയിൽ ജീവിതം എന്തുപറയും എന്നൊരൂഹം നമുക്ക് കിട്ടും. ആ ഊഹത്തെ മാനിച്ചുകൊണ്ടുതന്നെ വൈലോപ്പിള്ളി സൃഷ്ടിക്കുന്ന ഒരു വീക്ഷണ കോൺ ആവും അവിടെ പ്രസക്തം.

എന്നാൽ ഇടശ്ശേരി ഇക്കാര്യത്തിലൊന്നും സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ ബോഥേർഡ് അല്ല. മിനുക്കിയെടുത്ത വജ്രമല്ലായിരുന്നു അദ്ദേഹത്തിന് ജീവിതം. അതുകൊണ്ടു തന്നെ രാജപാതകളിലൂടെ സ്വപ്നങ്ങളിൽ പോലും ഇടശ്ശേരി സഞ്ചരിച്ചില്ല. റോ ആയ മുള്ളും മുനകളുമുള്ള കൽച്ചീളുകളെ തന്നെയാണ് ഇടശ്ശേരി മഹാഗോപുരങ്ങളുണ്ടാക്കാൻ ഉപയോഗിച്ചത്. പുത്തൻകലവും അരിവാളും ഏഴു ഭാഗമായിട്ടാണ് ഇടശ്ശേരി വിഭജിച്ചത്. അവ ഓരോന്നും ഒന്നിൽ നിന്നുള്ള തുടർച്ചയാണെന്നു പറയാം. എന്നാൽ ഒരേ ജീവിതത്തിനു നേർക്ക് വിവിധ കോണുകളിൽ നിന്നുകൊണ്ടുള്ള വ്യത്യസ്തങ്ങളായ കാഴ്ചകളാണത്. മലയാള കവിതയിൽ ജീവിതത്തോട് ഇത്രയും അടുത്തുനിന്ന്, പ്രാകൃതത്വത്തെ പുണർന്ന് കവിത അതിനു മുമ്പ് സംസാരിച്ചിട്ടില്ല.

എൻ.വി കൃഷ്ണവാരിയർ, ജോസ് ചാലങ്ങാടി, കെ.പി.ബി പാട്യം, വയലാർ രാമവർമ്മ, വൈലോപ്പിള്ളി ശ്രീധരമേനോൻ, എസ്.കെ. പൊറ്റക്കാട്, പ്രേംജി, ഒളപ്പമണ്ണ, ഉറൂബ്, പാലാ നാരായണൻ നായർ, എം.പി അപ്പൻ, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ജി. ശങ്കരക്കുറുപ്പ്, നാലാങ്കൽ, കെടാമംഗലം പപ്പുക്കുട്ടി തുടങ്ങിയവർ ഇടശ്ശേരിയ്‌ക്കൊപ്പം (ഇരിക്കുന്നവരിൽ വലത്തേ അറ്റത്ത്). സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വാർഷികാഘോഷത്തിനെടുത്ത ചിത്രം.

ജീവിതത്തോട് അടുത്തുനിന്ന് ജീവിതത്തെ കാണുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്നതാണ് ‘പ്രാകൃതം'. ഒരുതരം പോളിഷിംഗിനും ജീവിതാവസ്ഥകളെ വിട്ടുകൊടുക്കാതെ ആവിഷ്‌കരിക്കലാണത്. കാലിക്കറ്റ് യൂണിവേഴ്സി​റ്റി മലയാള വിഭാഗത്തിൽ പി. ജി ചെയ്യുന്ന കാലത്ത് ഡിപ്പാർട്ടുമെന്റ് ലൈബ്രറിക്കകത്തെ പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പുകളുടെ ബൈൻഡുചെയ്ത നിരവധി വാല്യങ്ങൾക്കിടയിൽ ഒന്നിൽ കുറ്റിപ്പുറം പാലം അച്ചടിച്ചുവന്നത് കാണാനിടയായിട്ടുണ്ട്. അതിന്റെ അഞ്ചു കൊല്ലം പിന്നിലേക്കും അഞ്ചു കൊല്ലം മുന്നിലേക്കും ആഴ്ചപ്പതിപ്പിലെ കവിതകൾ ഞാൻ അക്കാലത്ത് പരിശോധിച്ചിട്ടുണ്ട്. ഇത്ര ശ്രദ്ധാപൂർവ്വം നേരിട്ടുനിന്ന് ചില തീർച്ചകളെ വിളിച്ചു പറഞ്ഞ കവികൾ അക്കൂട്ടത്തിൽ വേറെയുണ്ടായിരുന്നില്ല. അതോടൊപ്പം തന്നെ പദശില്പത്തിന്റെ പളുങ്കുമേൽക്കൂരക്കു കീഴിൽ നിന്ന് ഇടശ്ശേരി ഏറെക്കുറെ 1930കളുടെ അവസാനത്തോടെ, കൃത്യമായി പറഞ്ഞാൽ ലവണാസുരവധത്തിലെ ഹനുമാൻ എഴുതുന്നതോടുകൂടി കുതറി മാറുന്നുണ്ട്. കറുത്ത ചെട്ടിച്ചികളിലെ കവിതകളും പുത്തൻകലവും അരിവാളും പണിമുടക്കവും എഴുതുമ്പോഴേക്കും റസ്റ്റിക് എന്നത് കവിതയിൽ ഇടശ്ശേരിക്കവിത എന്നായിത്തീർന്നിരുന്നു.

അതുകൊണ്ടാണ് പിൽക്കാലത്ത് വിഭിന്നമായ വിതാനങ്ങളിൽ നിന്ന്​ഇടശ്ശേരിയെ വായിക്കാൻ മലയാളത്തിന് സാധിച്ചത്. മലയാള കവിതയിൽ ജനസാമാന്യത്തിന്റെ കണ്ണിൽ അക്കാലത്ത് ഒട്ടും വന്നു പെട്ടിട്ടില്ലായിരുന്ന രണ്ടു കവികളായിരുന്നു കുഞ്ഞിരാമൻ നായരും ഇടശ്ശേരിയും. പക്ഷേ 1965ൽ ആറ്റൂർ മേഘരൂപൻ എഴുതുന്നുണ്ട് എന്ന് ഓർക്കണം. എൻ.വി.യുടെയും വിഷ്ണുനാരായണൻ നമ്പൂതിരിയുടെയും സച്ചിദാനന്ദന്റെയും വിചാരമണ്ഡലത്തിലും കാവ്യമണ്ഡലത്തിലും ഇടശ്ശേരി ബലവത്തായ സാന്നിധ്യമായി നിന്നിരുന്നു എന്നും ഓർക്കണം. അയ്യപ്പപ്പണിക്കരിലേക്ക് ഇടശ്ശേരി സംക്രമിച്ചിട്ടില്ല. കടമ്മനിട്ടയുടെ പടയണിയുടെ ഗോത്രതാളഘടനയ്ക്കകത്ത് കവിതയുടെ ജൈവശരീരം പ്രവേശിച്ച് സ്പന്ദിക്കുന്നത് പൂതപ്പാട്ടും കാവിലെപ്പാട്ടും ചേർന്നു സൃഷ്ടിക്കുന്ന സംസ്‌കാരബന്ധം കൊണ്ടാണ്. ഇടശ്ശേരിയുടെ ഈ രണ്ട് മിത്തിക്കൽ കവിതകളുടെ ആന്തരതാളഘടനയുടെ ജൈവസ്പർശമില്ലെങ്കിൽ കുറത്തിയും കാട്ടാളനും കിരാതവൃത്തവുമില്ല. മണ്ണിന്റെ പുഞ്ചിരിയും കുറ്റിപ്പുറം പാലവും കറുത്ത ചെട്ടിച്ചികളും ഒന്നുറങ്ങാൻ വരെയുള്ള ആറേഴ് കവിതകളും അവയുടെ രാഷ്ട്രീയവുമില്ലെങ്കിൽ മേൽപ്പറഞ്ഞവ തൊട്ട് മകനോട് മുതൽ നദിയൊഴുകുന്നു വരെയുള്ള കടമ്മനിട്ട കവിതകളില്ല. നഗരം സംക്രമിക്കുന്നതിന്റെ ഉള്ളുരുകുന്ന വേവ് ഒന്നുറങ്ങാൻ എന്ന ഇടശ്ശേരിക്കവിതക്കകത്തുണ്ട്. അതേ വേവിന്റെ ചൂടിലാണ് കക്കാട് ജീവിതോഷ്ണത്തെ അറിഞ്ഞെഴുതിയത്. സവിശേഷമായും 1963 മുതൽ വജ്രകുണ്ഡലം വരെയുള്ള കക്കാടിന്റെ കവിതകൾ.

എൻ. എൻ. കക്കാട്

ഇടശ്ശേരി അനുഭവാഖ്യാനമാണ് നടത്തിയത്. അനുഭവാഖ്യാനങ്ങളായതുകൊണ്ടാണ് ഇടശ്ശേരിയുടെ ഭൂരിപക്ഷം കവിതകൾക്കും നീണ്ട മുഖക്കുറിപ്പുകൾ രൂപപ്പെട്ടത്. മുഖക്കുറിപ്പുകളിലെ അനുഭവ വിശദീകരണത്തിന് കവിതയുടെ രൂപമണ്ഡലവുമായോ ഭാവമണ്ഡലവുമായോ വിദൂരബന്ധം പോലും ഇല്ലാതെ വരുന്ന സന്ദർഭങ്ങളും ധാരാളം. പക്ഷേ മുഖക്കുറിപ്പിന്റെ പടിയിൽ ചവിട്ടിയേ ഇടശ്ശേരി പറയൂ. അതുകൊണ്ടുതന്നെ അനുഭവത്തിന്റെ ട്രാൻസ്‌ഫോർമേഷനാണ് ഇടശ്ശേരിക്കവിതയിൽ നിന്ന് വായന പ്രതീക്ഷിക്കുന്നത്. അനുഭവങ്ങളെ അതേ ആയത്തിൽ എറിഞ്ഞുകൊള്ളിക്കുന്ന തരത്തിലുള്ള ലക്ഷ്യബോധം ഇടശ്ശേരിയിൽ പ്രവർത്തിക്കുന്നതു കാണാം. മർത്ത്യമാംസം ജീവനുള്ള മർത്ത്യമാംസം കേറ്റീ / മുദ്രവെച്ച വാഗണുകളോടി നിന്ന കാലം എന്ന് മുഹമ്മദ് അബ്ദുറഹ്‌മാൻ എന്ന കവിത ആരംഭിയ്ക്കുന്നു. താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ എന്ന ഇശലാണ് ഈ രൂപശില്പത്തിന്റെ അടിസ്ഥാനം. ഞങ്ങളോടീ ഞങ്ങൾ തേടീ കാടുകളും കുന്നും/ ഞങ്ങളുടെ വീടുകളിൽ വൈരികൾ കൂത്താടീ / താങ്കളപ്പോഴൊക്കെയെന്തു ചെയ്തിരുന്നു താനേ /മംഗളാത്മനേ മുഹമ്മദബ്ദുറഹിമാനേ എന്ന് കവിത നീളും.

ക്രൂരതയെ കേന്ദ്രത്തിൽ നിർത്തി, ക്രൗര്യത്തിന്റെ പല പല നിലകളെ ഇരുട്ടിൽ തീവെട്ടിയുയർത്തി വെട്ടപ്പെടുത്തി ദൃശ്യങ്ങളൊരുക്കും പോലെയാണ് പ്രാകൃതത്വത്തിനെ പൂതപ്പാട്ട്​, കാവിലെ പാട്ട്​ എന്നീ കവിതകളിൽ ഇടശ്ശേരി പരിചരിച്ചത്.

ഞാനോർക്കുന്നത് 1945ൽ കവിതയിൽ ഒട്ടും പരിചിതമല്ലാത്ത ‘സ്മര്യപുരുഷന്റെ രോമഹർഷപ്രദമായ വീരചരിതം പാടാനുള്ള രസം കൊണ്ട്' എഴുതിയ ഈ രീതിയും അതിനകത്തെ ഒട്ടും മിനുസപ്പെടുത്താത്ത, റസ്റ്റിക് ആയ അനുഭവവും ആ അനുഭവം പങ്കിടുന്ന ജീവിതവും ഇടശ്ശേരിയിൽ മാത്രം അക്കാലത്ത് പ്രവർത്തിച്ചതിനെക്കുറിച്ചാണ്. കറുത്ത ചെട്ടിച്ചികൾ എന്ന പ്രശസ്തമായ കവിത നോക്കുക. പ്രതലത്തിന്റെ പരുക്കത്തരം കവിതയിൽ ആദ്യന്തം പ്രവർത്തിക്കുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ രചന ഏകശിലാത്മകമായ ഒരാഖ്യാനമായി പരിവർത്തിക്കപ്പെടാനാണ് എപ്പോഴും സാധ്യതയേറുക. പക്ഷേ ആഖ്യാനത്തിലുള്ള ഇടശ്ശേരിയുടെ കൃതഹസ്തത കൃതിയുടെ രൂപഭാവതലങ്ങളിലെ പ്രതല പാരുഷ്യത്തെ നിർണയിക്കുകയാണ് ചെയ്യുന്നത്. അതീന്ദ്രമായ ഒന്നിനെക്കുറിച്ചല്ല ഇന്ദ്രിയാനുഭവത്തിന്റെ സത്തയെക്കുറിച്ചാണ് പറയുന്നത് എന്നതിനാൽ തനിക്ക് പിഴക്കില്ല എന്ന് ഇടശ്ശേരി ഉറച്ചു വിശ്വസിച്ചിരുന്നു.

‘മറ്റൊന്നിന്റെ പകർപ്പല്ല' എന്നത് ആ വിശ്വാസത്തിന്റെ ആണിക്കല്ലായിരുന്നു. അതുകൊണ്ടാണ് കറുത്ത ചെട്ടിച്ചികൾ എന്ന കവിതയ്ക്കകത്ത് ഒന്നിനിടയിൽ മറ്റൊന്ന് എന്ന നിലയിൽ രണ്ട് രൂപശില്പങ്ങൾ സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. ഒരേസമയം വാളയാർ കടന്നുവരുന്ന, കുപ്പിവളയും മട്ടിപ്പശയുമായി വേല പൂരങ്ങളുടെ നാട്ടിലേക്കെത്തുന്ന കറുമ്പിക്കിടാത്തിമാരും, ചുരം കടന്നുവന്ന്, ഇടി വെട്ടി പെയ്യുന്ന കരിമേഘക്കൂട്ടവും ഏതേതെന്ന് എളുപ്പം വ്യവഛേദിയ്ക്കാൻ കഴിയാത്തവണ്ണം ലയിപ്പിച്ചു നിർത്തുകയാണ് ആദ്യം ചെയ്തത്. പ്രാദേശിക വാദത്തിന്റെയും ദേശീയതാബോധത്തിന്റെയും മൂന്നാംകിട രാഷ്ട്രീയത്തെ അടപടലേ തകർക്കാൻ പാകത്തിലൊരു ശബ്ദശില്പം കവിതയിൽ സൃഷ്ടിക്കുമ്പോൾ ജീവിതത്തിന്റെ അതീന്ദ്രിയാനുഭവ സത്തയെ ഫോർ ഗ്രൗണ്ട് ചെയ്യുകയാണ് ഇടശ്ശേരി ചെയ്തതെന്ന് പറയാം.

രചനയുടെ കേന്ദ്രത്തെ പ്രാകൃതത്വം കൊണ്ട് പൊതിഞ്ഞു പിടിക്കുമ്പോൾ രചന ഒരു ശബ്ദശില്പമെന്ന നിലയിൽ കോലാഹലധ്വനിയുടെ കൂടായി മാറും. പൂതപ്പാട്ടു പോലെ, കാവിലെ പാട്ടു പോലെയുള്ള കവിതകൾ ഇടശ്ശേരി ഈ പ്രാകൃതത്വത്തെ ഇന്ധനമാക്കിയാണ് എഴുതിയത്. ക്രൂരതയെ കേന്ദ്രത്തിൽ നിർത്തി, ക്രൗര്യത്തിന്റെ പല പല നിലകളെ ഇരുട്ടിൽ തീവെട്ടിയുയർത്തി വെട്ടപ്പെടുത്തി ദൃശ്യങ്ങളൊരുക്കും പോലെയാണ് പ്രാകൃതത്വത്തിനെ ഈ കവിതകളിൽ ഇടശ്ശേരി പരിചരിച്ചത്. പൂതപ്പാട്ട് സൗമ്യതയുടെ ആവിഷ്‌കാരമാണെന്ന് ഒരു ധാരണയുണ്ട്. ഒരിക്കലുമല്ല. പെങ്ങളിലെ തന്റെതിന്നലെ വരെയാ സ്വർഗം എന്ന് പടിയിറങ്ങുന്ന ആ പെങ്ങളുടെ ചിത്രം, ‘വീടുമാറിപ്പോയി' എന്ന് മുഖം കുനിച്ചിറങ്ങുന്ന അങ്ങേ വീട്ടിലേക്ക് എന്ന കവിതയിലെ അച്ഛന്റെ ചിത്രം, വിവാഹ സമ്മാനത്തിലെ ‘കറുത്തോരു നീറ്റിൽ മുങ്ങി' മറയുന്ന ചേച്ചിയുടെ ചിത്രം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളുടെ അല്ല, ജീവിതപാത്രങ്ങളുടെ ആവിഷ്‌കരണങ്ങളിൽ ഇടശ്ശേരി പുലർത്തിയ ക്രൂരത എന്ന ശാശ്വതസത്യം പൂതപ്പാട്ടിന്റെ അടിപ്പടവാണ്. അതിൻമേലാണ് പാനയുടെ ലളിത ശീലുകൾ തന്ത്രപൂർവ്വം ഇടശ്ശേരി മെനഞ്ഞതെന്നോർക്കുക. അതിന്റെ കൊടുമുടിയാണ് കാവിലെ പാട്ട്.

പി. കുഞ്ഞിരാമൻ നായരും ഇടശ്ശേരിയും ഇടശ്ശേരിയുടെ 60ാം പിറന്നാൾ ആഘോഷവേളയിൽ. പിന്നിൽ നിൽക്കുന്നത് ഇടശ്ശേരി മെമ്മോറിയലിന്റെ മുൻ സെക്രട്ടറി പി. കൃഷ്ണവാരിയർ.

ഒറ്റക്കവിത എന്ന നിലയിൽ ഇടശ്ശേരിക്കവിതകളിൽ നിന്ന് തെരഞ്ഞെടുത്തു പഠിയ്ക്കാൻ ധാരാളം മെറ്റീരിയൽ എളുപ്പത്തിൽ കിട്ടും. വൈലോപ്പിള്ളിയിലും ചങ്ങമ്പുഴയിലും കുഞ്ഞിരാമൻ നായരിലും അത് എളുപ്പമല്ലെന്നല്ല; പലപ്പോഴും സാധ്യവുമല്ല. വൈലോപ്പിള്ളിയുടെ മികച്ച എല്ലാ കവിതകൾക്കും അതേ പ്രമേയത്തിൽ ഒരിരട്ടയെ കണ്ടെത്താം. കടൽക്കാക്കകൾക്ക് പുതിയ ചോറൂണുപോലെ, വർക്കത്തുകെട്ട താറാവിന് വെള്ളിലയുടെ കഥ പോലെ ഉപമന്യുവിന് കർക്കിടകത്തിലെ കാക്കകൾ പോലെ അനവധി നിരവധി ഉദാഹരണങ്ങൾ. എന്നാൽ ഇടശ്ശേരിയുടെ ബിംബിസാരന്റെ ഇടയനോ, ബുദ്ധനും ഞാനും നരിയുമോ, പൊട്ടി പുറത്ത് ശീവോതി അകത്ത് പോലുള്ള ഒറ്റക്കവിതയെടുത്ത്, മറ്റൊരു കവിതയെയും സ്പർശിക്കാതെ അനന്തതയോളം പറഞ്ഞു പോകാം. ആ നിലയിലെ ഏറ്റവും മികച്ച കൃതി കാവിലെ പാട്ട് ആണ്. സുഭദ്രവും കോലാഹല ധ്വനികളൊന്നുമില്ലാത്തതും ആവാഹനമന്ത്രം ഉച്ചരിച്ച് മൂർത്തിയെ അലങ്കരിച്ച പീഠത്തിലേക്ക് ആവാഹിച്ചെത്തിക്കുന്നതു പോലെയുമുള്ള ഒരത്ഭുത രചനയാണത്.

ആദ്യപദത്തിൽ തുളുമ്പുന്ന പ്രപഞ്ചശാന്തത അന്ത്യപദം വരെ ഒരിറ്റു കൂടാതെയും ഒരിറ്റു കുറയാതെയും മുന്നോട്ടു പോകുന്നതാണ് കാവിലെ പാട്ട് നൽകുന്ന സാന്ദ്രമായ അനുഭവം.

ജൈവ പ്രാകൃതത്വം ക്രൂരതയോട് ചേർന്ന് അസാമാന്യ ശബ്ദശിൽപമാവുന്ന സന്ദർഭമാണ് കാവിലെ പാട്ട്. കോലാഹല ധ്വനികളൊന്നുമില്ലാതെ, അതിശാന്തമായ ഒരു പദശില്പമായി രചന മാറുന്ന കൃത്യ സന്ദർഭം. ആദ്യപദത്തിൽ തുളുമ്പുന്ന പ്രപഞ്ചശാന്തത അന്ത്യപദം വരെ ഒരിറ്റു കൂടാതെയും ഒരിറ്റു കുറയാതെയും മുന്നോട്ടു പോകുന്നതാണ് ആ കവിത നൽകുന്ന സാന്ദ്രമായ അനുഭവം. മനുഷ്യരാശിയുടെ ആദിമ മനോഘടനയ്ക്കകത്ത് നിദ്രാണമായി കിടക്കുന്നതും എന്നാൽ ചില നിമിഷങ്ങളിൽ അത്യത്ഭുതകരമായി പൊട്ടി വിരിഞ്ഞ് മുന്നിൽ നിന്ന് വിസ്മയിപ്പിക്കുന്നതുമായ ചില അനുഭവങ്ങളുണ്ട്. അവയിലൊന്ന്, അത്യന്തം ഭീതിയുണർത്തുന്നതും ഞൊടിയിട കൊണ്ട് കാരുണ്യമായി പരിവർത്തിപ്പിക്കപ്പെടുന്നതുമായ പ്രാകൃതത്വം എന്ന സത്യം. ഈ ചിരന്തന സത്യത്തിന്, ഓരില ഈരില മൂന്നാം തൃക്കണ്ണിലവിരിഞ്ഞ് മഹാവൃക്ഷസമാനം ആകാശവിതാനങ്ങളിലേക്ക് ശാഖോപശാഖികൾ വിരിക്കും പോലെ കവിതക്കകത്ത് വികാസം സംഭവിക്കുന്നു. അവൾ, പ്രാകൃതത്വത്തിന്റെ സമയമതത്തിന് ആലംബയായവൾ, ആ അധിദേവത, മഞ്ഞപ്പതിറ്റടിയിൽ, അമാനുഷികവും അത്യത്ഭുതകരവുമായ പ്രപഞ്ചഘടനയുടെ നാദവർണ വിസ്മയങ്ങൾക്കു മുന്നിൽ ആ രുധിരകാളി തേരിറങ്ങുക തന്നെയാണ്. പ്രകൃതിയോടൊപ്പം പിറന്ന് പ്രകൃതിയോടൊപ്പം പുലർന്ന നൊമാഡുകളുടെ മനോഘടനയുടെ ആദിസ്പന്ദങ്ങൾ ആ ആവാഹനമന്ത്രത്തോടൊപ്പം മനസ്സിനെ ചലിപ്പിക്കുന്നു; വായനയെ വിനീതമാക്കുന്നു.

സമയമായീ സമയമായീ തേരിറങ്ങുകംബേ സകലലോകപാലനൈകസമയമതാലംബേ

Comments