ഒരു കവി പിന്തുടരുന്നു ഒരു കവിയുടെ ഉല്ലാസം ഒച്ച, ഉപ്പുരസം

കവിതകൾ വായിച്ച് അടുപ്പം തോന്നിയ ഒരു എഴുത്തുകാരിയുടെ സർഗജീവിതത്തിലേക്കുള്ള മറ്റൊരു കവിയുടെ ഹൃദയാവർജകമായ യാത്രയാണിത്. സാമൂഹ്യവും രാഷ്ട്രീയവും ആയി ഉണർന്നിരുന്ന ആക്റ്റിവിസ്റ്റുകൂടിയായിരുന്ന ഗ്രേസ് പെയ്‌ലി എന്ന അമേരിക്കൻ എഴുത്തുകാരി ഏതേതുതരം എഴുത്താണ് കവിതയിലും കഥയിലും കൊണ്ടുവന്നത് എന്ന് തേടുകയാണ് കവി വി.എം. ഗിരിജ, ഒപ്പം അവരുടെ കവിതകളുടെ വിവർത്തനങ്ങളും

‘‘എന്റെ കഥകളിൽ പലരുടെയും നോവലുകളെക്കാൾ ‘എഴുത്ത്' ഉണ്ട്''
ഗ്രേസ് പെയ്‌ലി (Grace Pailey)

ലളിതാംബിക അന്തർജനത്തിന്റെ ജീവിതകാലം- March 30, 1909 - February 6, 1987.
സരസ്വതിയമ്മയുടെത്- 14 April 1919 - 26 December 1975.
ബാലാമണിയമ്മ- 19 July 1909 - 29 September 2004.
അമൃതാ പ്രീതം- 31 August 1919 - 31 October 2005.
ആശാപൂർണ്ണാ ദേവി- 8 January 1909 - 13 July 1995.

ഇവരോടൊപ്പം, പ്രിയപ്പെട്ട ഈ ഇന്ത്യൻ എഴുത്തുകാരികളോടൊപ്പം എടുത്തു വെക്കുകയാണ് ഈ അമേരിക്കൻ എഴുത്തുകാരിയെ.
ഗ്രേസ് പെയ്​ലി (December 11, 1922 - August 22, 2007). അവരെ കുറിച്ച് അറിഞ്ഞത് ഈ അടുത്ത കാലത്ത് മാത്രം. ഏതാണ്ട് സമകാലികർ ആയിരുന്നിട്ടും അവർ എത്രത്തോളം വ്യത്യസ്തർ ആണെന്നും പക്ഷേ ചില ചില ആന്തര പ്രവാഹങ്ങൾ എത്രമാത്രം സമാനം ആണെന്നും നോക്കുക രസകരമായ ഒരു പിന്തുടരൽ ആയിരിക്കും.

‘‘എന്റെ അച്ഛന് 86 വയസ്സ്, കിടപ്പായി. അത്രതന്നെ വയസ്സായ അദ്ദേഹത്തിന്റെ ഹൃദയം, ആ രക്തയന്ത്രം പഴയ പോലെ എല്ലാ പണികൾ ഒന്നും ചെയ്യുന്നില്ല. തലയിൽ ബുദ്ധിയുടെ വെളിച്ചം ഉണ്ട്, പക്ഷേ കാലുകൾക്ക് വീട്ടിനകത്തുപോലും ദേഹം താങ്ങാനുള്ള ശേഷി ഇല്ല. എന്റെ സൂചനകൾ ഒന്നും മൈൻഡ് ചെയ്യാതെ ഈ പേശീബലക്ഷയം പൊട്ടാസ്യക്കുറവ് ആണ് എന്ന് അച്ഛൻ ശഠിക്കുന്നു... ഒരു തലയിണമേൽ ഇരുന്ന് മൂന്നെണ്ണത്തിൽ ചാരി അച്ഛൻ അവസാന ഉപദേശങ്ങൾ നൽകുന്നു, ഒരു അപേക്ഷയും ഉണ്ട്... ‘നീ ഒരിക്കൽ കൂടി ഒരു ലളിതമായ കഥ എഴുതണം, ചെഖോവോ മോപ്പസാങ്ങോ പോലെ. നീ എഴുതാറുണ്ടായിരുന്ന പോലെ. തിരിച്ചറിയാൻ പറ്റുന്ന മനുഷ്യർ, പിന്നീട് അവർക്ക് എന്തു സംഭവിക്കുന്നു എന്നും', ഇതാണ് അച്ഛൻ പറയുന്നത്.’’ ഇങ്ങനെയാണ് ‘അച്ഛനുമായി ഒരു സംഭാഷണം' എന്ന ഗ്രേസ് പേയ്‌ലിയുടെ കഥ തുടങ്ങുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ എനിക്ക് അയച്ചു തരുന്നത്.

കഥയിലെ നായികയായ ആഖ്യാതാവ് മുമ്പ് താൻ അങ്ങനെ കഥ എഴുതിയത് ഓർക്കുന്നില്ല. എന്നാലും സമ്മതിക്കുന്നു. കഥയെഴുത്തിന്റെ കലയെ കുറിച്ച് പറയുന്ന, നർമബോധം തിളങ്ങുന്ന ആ കഥ അവരോടു എന്നെ അടുപ്പിച്ചു. ഒന്ന്​ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ അവർ കവി കൂടെ ആണെന്ന് മനസ്സിലായി. ആ കാലഘട്ടത്തിൽ കേരളത്തിൽ ജീവിച്ചിരുന്ന നമ്മുടെ എഴുത്തുകാർ എല്ലാം കവിത എഴുതിത്തുടങ്ങുന്നവരാണ്. മുകളിൽ എടുത്തുചേർത്ത എഴുത്തുകാരിൽ സരസ്വതിയമ്മ തുടക്കത്തിൽ കവിത എഴുതിയതായി അറിവില്ല. അന്തർജനം തുടങ്ങിയവർ കവിതാ സമാഹാരങ്ങൾ ഒക്കെ ഇറക്കീട്ടുണ്ട്. പക്ഷേ നല്ല കവിതകൾ എഴുതീട്ടില്ല. എന്നെ അൽഭുതപ്പെടുത്തിക്കൊണ്ട് ഗ്രേസ് പേയ്‌ലിയുടെ കവിതകളും മനോഹരം ആയിരുന്നു. അതുകൊണ്ടാണ് കൂടുതൽ തിരഞ്ഞത്.
കവിതകളിലേക്ക് വരും മുൻപേ അവരുടെ ജീവിതത്തിലേക്ക് ഒന്നുകൂടി പോകാം. വളരെ ആകർഷകമാണത്.

അമേരിക്കയിലേക്ക് പലായനം ചെയ്ത ഒരു കുടുംബത്തിൽ പിറന്ന ഒരു അമേരിക്കൻ യഹൂദ ആയിരുന്നു ഗ്രേസ്. ബ്രോങ്ക്‌സ് എന്ന സ്ഥലത്ത് ജനനം. അച്ഛൻ ഐസക് ഗുഡ്‌സൈഡ്, അമ്മ മന്യ. വാസ്തവത്തിൽ ഉക്രൈനിലെ ഗുട് സെയിട് എന്ന കുടുംബ നാമം അമേരിക്കൻവൽക്കരിച്ചതാണ് ഗുഡ് സൈഡ്. അമ്മ ജർമൻ വംശജ. കുടുംബത്തിൽ ജൂതൻ എന്നും റഷ്യൻ എന്നും ഉള്ള രണ്ടു കരിനിഴലും വീശിയിരുന്നു എന്നർത്ഥം. അമ്മാവൻ വെടിവെപ്പിൽ കൊല്ലപ്പെട്ടു. അച്ഛൻ സൈബീരിയയിൽ തടവിൽ കിടന്നിട്ടുണ്ട്. അവർ വീട്ടിൽ യിദ്ദിഷും റഷ്യനും സംസാരിച്ചിരുന്നു, ഇംഗ്ലീഷ് കൂടാതെ. അച്ഛൻ ഡോക്ടർ ആയിരുന്നു. ഒരു ഏട്ടനും ചേച്ചിയും ഉണ്ടായിരുന്നു ഗ്രേസിന്, പതിനാലും പതിനാറും വയസ്സ് മീതെ.

ഗ്രേസ് പെയ്​ലി ഒരു മിണ്ടാപ്പൂതം ആയിരുന്നില്ല, മരംകേറി മിടുക്കിക്കുട്ടി ആയിരുന്നു കുട്ടിക്കാലത്തും. 1938, 39 കൊല്ലങ്ങളിൽ ഹണ്ടർ കോളേജിൽ, പിന്നെ അൽപകാലം ന്യൂയോർക്ക് സർവകലാശാലയിൽ ഒക്കെ പഠിച്ചെങ്കിലും ബിരുദം നേടിയിട്ടില്ല. ആദ്യ കാലങ്ങളിൽ കവിത എഴുതി എന്ന് പറഞ്ഞല്ലോ. ഡബ്ലിയു. എഛ്. ഓഡന്റെ കവിതകൾ അനുകരിച്ചാണ് എഴുതിയിരുന്നത്. അനുകരണം അല്ല ശക്തമായ സ്വാധീനം എന്നാണ് പറയേണ്ടത്. സാമൂഹ്യശ്രദ്ധയും ഐറണിയുടെ ഉപയോഗവും അങ്ങിനെയാണ് ഗ്രേസിന്റെ കവിതകളിൽ കടന്നുവന്നത്. നാൽപതുകളുടെ തുടക്കത്തിൽ അദ്ദേഹം ഗ്രേസിനെ പഠിപ്പിച്ചിട്ടും ഉണ്ട്. അത് New School for Social Research ൽ. അതിലേക്ക് വഴിയേ വരാം.

കൂട്ടത്തിൽ ഒരു കാര്യം കൂടി പറയട്ടെ. ഇവിടെയും അവിടെയും ഒക്കെ സ്ത്രീകൾക്ക് വിവാഹശേഷം പേരിൽ മാറ്റം വരുന്നുണ്ട്. ഗ്രേസ് ഗുഡ്സൈഡ് ഇന്നറിയുന്ന പെയ്​ലി ആയത് 1942 ജൂണിൽ നടന്ന വിവാഹത്തിന് ശേഷമാണ്. സിനിമാട്ടോഗ്രാഫർ ജെസ്സ് പെയ്​ലിയാണ് ഭർത്താവ്. രണ്ടു മക്കളുണ്ടായി, നോറയും ഡാനിയും. പിന്നീട് ഗ്രേസ് അദ്ദേഹവുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി, എങ്കിലും പേര് ഉപേക്ഷിച്ചില്ല, സൗഹൃദവും. പിന്നീട് 1972 ൽ സഹകവി റോബർട്ട് നിക്കോൾസിനെ വിവാഹം ചെയ്തു. കവി മാത്രമല്ല അദ്ദേഹം എഴുപതുകളിൽ പ്രശസ്തമായിരുന്ന ഇപ്പോഴും പ്രസക്തമായ ഒരു നോവൽ പരമ്പരയുടെയും കർത്താവാണ്. (The Nghsi- Altai series by Robert Nichols)
ഗ്രേസ് പെയ്​ലി സാറാ ലോറെൻസ് കോളേജിൽ ക്ലാസെടുത്തിരുന്നു. 1980ൽ അവർ National Academy of Arts and Letters ലേക്കും 1989ൽ ആദ്യ ന്യൂയോർക്ക് ആസ്ഥാന എഴുത്തുകാരിയായും തെരഞ്ഞെടുക്കപ്പെട്ടു. Vermont State Poet Laureate ആയിരുന്നു, 2003 മുതൽ 2007ൽ മരിക്കും വരെ. ബ്രെസ്റ്റ് കാൻസർ ബാധിച്ച് 84ാം വയസ്സിലാണ് വേർമോണ്ടിലെ തെറ്റ്‌ഫോർഡിലെ വീട്ടിൽവെച്ച് മരിക്കുന്നത്. മരിക്കും മുൻപ് കൊടുത്ത അഭിമുഖ സംഭാഷണങ്ങളിൽ ഒന്ന് പ്രസിദ്ധീകരിച്ചത് Vermont Woman എന്ന പത്രത്തിലാണ്. അതിൽ പെയ്​ലി പറഞ്ഞു... ‘പട്ടാളമേധാവിത്തം, വംശവെറി, അത്യാർത്തി ഇവ ഇല്ലാത്ത, സ്ത്രീകൾക്ക് ലോകത്തിലെ സ്വന്തം ഇടത്തിനുവേണ്ടി പോരടിക്കേണ്ടതില്ലാത്ത ഒരു ലോകം എന്റെ പേരക്കുട്ടികൾക്കുണ്ടാകണം, അതാണെന്റെ സ്വപ്നം'.

കുട്ടികളെയും യുവാക്കളെയും കവിത എഴുത്തിനോടും സർഗാത്മകതയോടും അടുപ്പിക്കാൻ ഒരുപാട് പ്രയത്‌നം നടത്തുകയും സർവകലാശാലകളിൽ ഭാഷ, ക്രിയേറ്റിവിറ്റി എന്നിവയെക്കുറിച് ക്ലാസെടുക്കുകയും ചെയ്തു പെയ്​ലി. സമാധാന പ്രഘോഷക (പസിഫിസ്റ്റ്) എന്ന നിലയിലും ആക്ടിവിസ്റ്റ് എന്ന നിലയിലും അമേരിക്കയിലും, ലോകമെമ്പാടും അവർ പതുക്കെ പതുക്കെ പ്രശസ്തയായി. അമ്പതുകളിൽ തുടങ്ങി അമേരിക്കയുടെ ആണവ പരീക്ഷണങ്ങൾക്കും വിയറ്റ്‌നാം യുദ്ധത്തിനും പട്ടാളവൽക്കരണത്തിനും എതിരെ പോരാടി, സംഘടനാ രൂപീകരണം നടത്തി. ഈ ചിത്രം നോക്കൂ, 1968 ആണ് കൊല്ലം:

1970 മാർച്ചിൽ പാർലിമെന്റിനുമുമ്പിൽ നടത്തിയ പ്രകടനത്തിന് അവരെ വീണ്ടും അറസറ്റ് ചെയ്തു. അയൽ സമാധാനക്കൂട്ടായ്മകളുടെ പ്രശസ്ത സംഘടനയായ American Friends Service Committee യുടെ കൂടെ ശാന്തി പ്രചാരക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിൽ മുൻകൈ എടുത്തു. ആ പ്രവർത്തനങ്ങൾക്കിടയിലാണത്രെ രണ്ടാം ഭർത്താവ് റോബർട്ട് നിക്കോൾസിനെ കണ്ടുമുട്ടുന്നത്. വിയറ്റ്‌നാംയുദ്ധം ദേശീയ വികാരമാക്കാൻ അമേരിക്ക കിണയുന്ന സമയത്ത് പെയ്​ലി യുദ്ധവിരുദ്ധ ലീഗിൽ ചേർന്നു. 1968 ൽ Writers and Editors War Tax Protest ൽ സജീവമായി പ്രവർത്തിച്ചു. 1968ന്റെ തുടക്കത്തിൽ, 458 എഴുത്തുകാരും എഡിറ്റർമാരും New York Post, New York Times Book Review, Ramparts ഇവയിൽ മുഴുപ്പേജ് പരസ്യം കൊടുത്തു- വിയറ്റ്‌നാം യുദ്ധത്തിനായുള്ള പത്തുശതമാനം നികുതിക്കൂടുതൽ, യുദ്ധത്തിനോടുള്ള പ്രതിഷേധസൂചകമായി അടക്കില്ല എന്ന് കാണിച്ച്- അല്ലൻ ഗിൻസ്ബർഗ്, നോം ചോസ്‌കി, സൂസൻ സൊൻടാഗ്, ബെറ്റി ഫ്രൈഡൻ, ടില്ലി ഓൾസൺ, പീറ്റർ മത്തീസൺ, പോൾ ഗുഡ്മാൻ തുടങ്ങി എഴുപതു പേരാണ് അതിൽ ഒപ്പിട്ടത്. കൂടെ ഗ്രേസ് പെയ്‌ലിയും. എഴുപതുകളിൽ പല തരത്തിൽ ഈ പ്രതിഷേധം നീളുന്നുണ്ട്.

ഇതുകൊണ്ടൊക്കെയാവും ഒരു combative pacifist and cooperating Anarchist എന്ന് അവരെ സമകാലികർ വിളിച്ചത്. എന്നിട്ടും ഭാഷയിലും സ്‌നേഹത്തിലും ഒരിക്കലും മങ്ങാത്ത, ക്ഷീണിക്കാത്ത വിശ്വാസം ഗ്രേസ് പെയ്​ലിയോടൊപ്പം യാത്ര ചെയ്തു, അന്ത്യം വരെ. (A TIRELESS FAITH IN LOVE AND LANGUAGE).
ഇതൊക്കെ സാമൂഹ്യവും രാഷ്ട്രീയവും ആയി ഉണർന്നിരിക്കുന്ന ഒരു എഴുത്തുകാരിയുടെ ഹൃദയസ്പന്ദനങ്ങളാണ്. എന്നാൽ അവർ ഏതേതുതരം എഴുത്താണ് കവിതയിലും കഥയിലും കൊണ്ടുവന്നത് എന്ന് തേടുന്നത് ആനന്ദകരമായ ഒരനുഭവം ആയിരുന്നു എനിക്ക്.

കഥയെഴുത്തിന് അകവും പുറവും സമന്വയിക്കുന്ന എന്തോവേണം എന്ന് പെയ്​ലി കണ്ടെത്തുന്നത് അങ്ങനെയാണ്; ‘എഴുത്തുകാർക്ക് രണ്ടു ചെവികൾ വേണം, ഒന്ന് സാഹിത്യത്തിന്, ഒന്ന് വീടിന്' എന്ന ഗ്രേസിന്റെ വാക്യം പ്രസിദ്ധമാണ്. ഫെമിനിസത്തെ പറ്റി അത്യാവേശമോ ദേഷ്യമോ അല്ല, യാഥാർഥ്യത്തിന്റെ പുഞ്ചിരിയാണ് അവർക്കുള്ളത്: ‘ഈ കാലത്തു എഴുതുന്ന ഓരോ സ്ത്രീക്കും ഫെമിനിസ്റ്റ് തിരകളിലൂടെ നീന്തിനടക്കേണ്ടി വരും. അവൾ അതിനെ കുറിച്ച് എന്ത് വിചാരിച്ചാലും, അതിനെതിരെ നീന്തിയാലും കൂടി ആ തിരകൾ അവളെ താങ്ങും... അതിന്റെ ഉല്ലാസം, ഒച്ച, ഉപ്പുരസം.’
An Irrevocable Diameter എന്ന കഥയിൽ ആകസ്മികമായി സാഹചര്യങ്ങളുടെ സമ്മർദത്താൽ തനിക്ക് കല്യാണം കഴിക്കേണ്ടി വന്ന സിൻഡി എന്ന ചെറുപെൺകിടാവിനെ പറ്റി വരൻ ചാൾസ് മനസ്സിൽ പറയുന്നു, ‘അവൾ ആറേഴു വർഷങ്ങൾ കൊണ്ട് ഒരു ആകർഷണീയയായ സ്ത്രീയാകും, അവൾക്ക് ഞാൻ ഭാഗ്യം നേരുന്നു; പക്ഷേ ഞങ്ങൾ അപ്പോഴേക്കും അപരിചിതർ ആവും'. ഇത് സത്യം മാത്രം എഴുതാൻ അറിയുന്ന എഴുത്തുകാരിയുടെ ആത്മഗതം കൂടിയാണ്.
Debts (കടങ്ങൾ) എന്ന കഥ തുടങ്ങുന്നത് ഒരു ഫോൺ വിളിയിൽ. അമേരിക്കയിൽ താമസിക്കേണ്ടിവന്ന ഒരു ജൂത എഴുത്തുകാരിയോട് അവരുടെ പൂർവികരുടെ കഥ എഴുതാൻ ആവശ്യപ്പെടുന്നു. അറിയുന്നതിനും പറയുന്നതിനും ഇടക്ക് ഒരുപാട് കാലം വേണ്ട ആൾ ആണ് ഗ്രേസ് പൈലി എന്ന എഴുത്തുകാരി. (There is a long time in me between knowing and telling.) കടങ്ങൾ ആത്മകഥാപരമായ കഥയാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പക്ഷേ ആ സ്ത്രീ പറയുന്നു, ‘നമ്മുടെ നശ്വരത കൊണ്ടുമാത്രം നമ്മുടെ പാരമ്പര്യം നഷ്ടപ്പെടുന്നത് കഷ്ടമല്ലേ,'. വലിയ ഒരു വെളിപ്പെടുത്തൽ ആണത്. (She said it was a pity to lose all this inheritance just because of one's own mortality.) അതാണ് വെറും സ്ത്രീകളുടെ മുത്തശ്ശിമാരുടെയും മറ്റും കഥകളെ ചെറുകഥകളാക്കാൻ പെയ്​ലിക്ക് പ്രചോദനം ആകുന്നത്.

പാരിസ് റെവ്യൂ (ആർട്ട് ഓഫ് ഫിക്ഷൻ 131)വിനുവേണ്ടി ജോനാഥൻ ഡീ, ബാർബറാ ജോൺസ്, മക് ഫർക്വാൻ എന്നിവർ ചേർന്നു നടത്തിയ അഭിമുഖത്തിൽ മുൻപു ഞാൻ സൂചിപ്പിച്ച ഓഡെൻ സ്വാധീനം കാണാം. വളരെ നല്ല ഒരഭിമുഖം ആണത്. നിങ്ങളുടെ എഴുത്ത് ബുദ്ധിപരം (വൈസ് എന്നാണ് പദം, intellectual എന്നല്ല!) ആണ് എന്ന് പലരും പറയുന്നു എന്ന് ചോദ്യം; വയസ്സായാൽ ആളുകൾ അങ്ങനെയൊക്കെ പറയും എന്ന് ഉത്തരം. സത്യസന്ധമായ ഒരഭിമുഖം.
അവരുടെ കവിതകൾ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. പോളിഷ് കവി വിസ്ലാവാ സിമ്പോർസ്‌കയെ ഓർമിപ്പിക്കുന്ന തെളിമയും ആത്മോപഹാസവും സത്യവും അൽപം കയ്പ്പും അതിലുണ്ട്. വായനക്കാർക്ക് അവരെ കൂടുതൽ വായിക്കാനുള്ള പ്രചോദനത്തിന് ആ കവിതകളിൽ ചിലതും എന്റെ മൊഴിമാറ്റവും നൽകാം.

1. കവിയുടെ ചില സമയങ്ങളിലെ ബദൽ

ഞാൻ ഒരു കവിത എഴുതാൻ പോവുകയായിരുന്നു.
പകരം ഒരു പൈ(1) ഉണ്ടാക്കി.
രണ്ടിനും ഒരേസമയം എടുത്തു.
പക്ഷേ, ഉറപ്പ്, പൈ ഒരു അവസാന പകർപ്പ് ആയിരുന്നു.

കവിതക്ക് പിന്നെയും വേണം, ദിവസങ്ങൾ, ആഴ്ചകൾ...
കുറെ ചുരുട്ടിക്കൂട്ടിയ കടലാസുകളും.

പൈയ്ക്ക് ആണെങ്കിൽ കലപില സംസാരിക്കുന്ന,
കുഞ്ഞ് ട്രക്കും ഫയർ എഞ്ചിനും ഒക്കെ ഓടിച്ചു
അടുക്കള തറയിൽ ഉരുണ്ടോടുന്ന ആസ്വാദകർ ഉടൻ റെഡി.

എല്ലാവരും ഈ പൈ(1 )ഇഷ്ടപ്പെടും
അതിലുണ്ട് ആപ്പിൾ, ക്രാൻബെറി,
ഉണക്ക ആപ്രിക്കോട്ട്.

എത്രയോ കൂട്ടുകാർ പറയുന്നു
അയ്യോ, കഷ്ടം ഒന്നു മാത്രേ ഉണ്ടാക്കിയുള്ളൂ?

ഇത് കവിതകളുടെ കാര്യത്തിൽ ഉണ്ടാവില്ല,
അതുകൊണ്ട് വിവരിക്കാനാവാത്ത വിഷാദത്തോടെ
ഇന്നത്തെ പ്രഭാതത്തിൽ,
പ്രതികരി്ക്കുന്ന തീറ്റസ്ഥതയ്ക്കായി
സമയം ചെലവിടാൻ ഞാൻ തുനിയുന്നു,
ശരിയായ ഉപഭോക്താവ് വന്നെത്താൻ
ഒരാഴ്ച, കൊല്ലം, ഒരു തലമുറ കാത്തിരിക്കാൻ
എനിക്ക് മേലാ.

(1): ബേക്ക്​ ചെയ്യുന്ന, പഴങ്ങൾ അരിഞ്ഞ്​ നിറച്ചുണ്ടാക്കുന്ന പലഹാരം. ആപ്പിൾ പൈ പ്രശസ്​തം

The Poet's Occasional Alternative

I was going to write a poem
I made a pie instead it took
about the same amount of time
of course the pie was a final
draft a poem would have some
distance to go days and weeks and
much crumpled paper
the pie already had a talking
tumbling audience among small
trucks and a fire engine on
the kitchen floor.
everybody will like this pie.
it will have apples and cranberries
dried apricots in it many friends
will say why in the world did you
make only one.
this does not happen with poems
because of unreportable
sadnesses I decided to
settle this morning for a responsive
eatership I do not
want to wait a week a year a
generation for the right
consumer to come along.

2. കൈമാറിക്കിട്ടിയവ

സോഫയിൽ വിശ്രമിക്കുന്നു എന്റെ പ്രിയൻ;
സ്വെറ്ററിൽ, വയസ്സായ എല്ലുകളിൽ.
അദ്ദേഹത്തെ നോക്കാൻ ഞാൻ വായന നിർത്തി;
കൈ പിടിച്ചു,

ഞാനാണെങ്കിൽ പുതച്ചിരിക്കുന്നു ചുളി വീണ,
ഇപ്പോഴും അത്യാവശ്യം കാര്യശേഷിയുള്ള തോലുകൊണ്ടെന്നെ.

ഈ കൈമാറിമറിഞ്ഞു വന്നുചേർന്നവ എന്തു ചെയ്യണം?
ആർക്കുമറിയില്ല,
സ്‌നേഹിക്കാം അല്ലേ.

അച്ഛനമ്മമാർ അന്തസ്സോടെയും അല്ലാതെയും ജനിപ്പിച്ചവർ,
നമ്മളുടെ മക്കളിലും പകർന്നു കിട്ടും ഇവ,
കരുണയില്ലാത്ത ആ ജീനുകൾ കാരണം
അവരുമണിയും ഈ വസ്ത്രം,

അവരുടെ വയസ്സുചെന്ന കാമുകർ
അന്തിമ സൗന്ദര്യത്തിന്റെ
നഗ്‌നവെളിച്ചത്തിൽ
അവരെ തൊടുകയും ആശംസിക്കയും ചെയ്യട്ടെ.

Hand Me Downs

My love rests on the couch
in the sweater and bones of old age
I have stopped reading to look at him I take
his hand I am shawled in my own somewhat
wrinkled still serviceable skin
No one knows what to do with these
hand-me-downs love them I suppose
weren't they born in and out of
dignity by our mothers and
fathers even our children in
the grip of merciless genes will
wear these garments
may their old lovers greet and
touch them then in the bare light
of that last beauty.

3. വീട് ചില നിർദേശങ്ങൾ

രു വീടുണ്ടായാൽ, അതേപ്പറ്റി
സദാ നേരം ഓർക്കണം
ഓർമയിൽ താമസിക്കണം പാർക്കുമിടം വീടാകാൻ.
എവിടെ നീ പോയാലും
അയ്യോ വാതിലടച്ചില്ലേന്നു വേവലാതിപ്പെടണം.

പിൻവാതിൽ, ഹാ പറയണ്ടാ,
കള്ളന്മാരെ ഓർത്തിട്ടല്ലേലും
അടയ്ക്കുവാൻ മറക്കും.
അയ്യോ.. കാറ്റ് അടിച്ചാൽ
വാതിൽ അൽപം തുറന്നാൽ
ചൂട്;
ഉണക്കവും കടുപ്പവും ഉള്ളോരട്ടി വിറക്
തനിപ്പച്ചവിറകിനാൽ പൊതിഞ്ഞു തീ കുറച്ച്
തനിത്തനിത്തരിയായി കാത്തു വെച്ച ചൂട്,
ഗ്യാസ് അടുപ്പിൽ കൊളുത്തിയ ചെറുതിരിവിളക്ക്...
അതെല്ലാം ഹാ ഒറ്റടിക്ക്
‘ധ ട പ്പോ' ന്നു പാഴാകും,
പുറകിലെ വാതിൽ ഓർക്കാതടയ്ക്കാതെ നടന്നാൽ ..
മറന്നുപോം എല്ലാവരും കളിയാക്കിക്കൊല്ലും.
ഇത് വെറും ചെറുകിട വേവലാതി മാത്രം;
മേൽക്കൂരയിൽ നിന്നു ചെരിഞ്ഞു വീഴും വെളിച്ചവര
കതകിന്റെ മുകളിൽ നിന്നതാ വരുന്നൂന്നു
മനസ്സിലാക്കണം
എന്നാൽ വീടിനോട് തഴക്കവും പഴക്കവും ആയി എന്നർത്ഥം
വീട് നീർപ്പറ്റ്(1) ഇല്ലാതെ വരളാൻ പോകുന്നത് മാറ്റാം,
ഓരോ മുറിയിലും ആവിപ്പാത്രം നിരത്തീട്ടും
വെള്ളക്കുടം അടുപ്പിന്റെ അടുക്കെ തന്നെ കൊണ്ട് വെച്ചും;
അല്ലേ.
അത്താഴം കഴിഞ്ഞൊരു സിനിമക്ക് പോയാൽ
ഇതൊക്കെ ചോദിക്കണം, തെർമോമീറ്റർ(2) ഞാൻ ഓഫ് ആക്കിയില്ലേ.
അടുപ്പ് ഞാൻ അണച്ചില്ലേ, വിറക്, പത്രം
ഒക്കെയും അകലെയാണല്ലോ അല്ലേ.
അതല്ലെങ്കിൽ അതെന്താവും, കളി വേണ്ടാ
തീയിനോടാ കളി, സങ്കൽപ്പിക്കാൻ വയ്യ..
വടക്കരേ അറിയുമോ പൈപ്പ് മഞ്ഞിൽ കട്ടിയാകും
ചോട്ടിലെ നിരപ്പലകയിൽ ഹീറ്റിങ് സിസ്റ്റെത്തിലൂടെ നിർത്താതെ
വെള്ളം ചൂടാക്കണം, വാഷ് ബേസിനിൽ വെള്ളം
തുള്ളി തുള്ളി വരണെങ്കിൽ!
പിന്നെ അഴുക്കുവെള്ളത്തേപ്പറ്റിച്ചിന്ത വേണം എല്ലായ്‌പ്പോഴും,
വെള്ളം, പൈപ്പ്, രണ്ടു തരം വീട്ടിലോടുന്നതോർക്കേണം.
സാധാരണ അടുക്കള, ടോയ്‌ലറ്റ് ജീവിതം
ഇവയ്ക്ക് അവ ചെയ്യുന്ന സംഭാവന ചെറുതല്ല.

ഇവ രണ്ടും ചെറുചൂടൻ മണ്ണിൽ വെച്ചു കൊടുക്കേണം
ഡിസംബർ പാതിയായിട്ടും മഞ്ഞു വീഴാൻ
തുടങ്ങീല്ലേലും പൊതിഞ്ഞു വെയ്ക്കണം കട്ടിത്തുണി,
വൈക്കോൽ, ചകലാസാൽ
പണം അൽപം ചെലവാകും, അതുപോട്ടെ.
ഇതൊക്കെ പ്രാദേശികമാം അടിയന്തരാവശ്യം ഹേ.
കൂട്ടുകാരോടൊക്കെ. നിങ്ങളുടെ ഈ വീട് സ്വന്തം ആയി കരുതാൻ
പറയണം.

പക്ഷേ പുറംചെരിപ്പ് ഇടാത്തവർ ആണ് അവരെങ്കിൽ
തിളങ്ങുന്ന യൂറിത്തീനിൻ നിലത്തവർ
സോക്‌സ് ഇട്ടിട്ടോ സ്ലിപ്പർ ഇട്ടോ വേണം ചവിട്ടാൻ എന്നുപറയണം.

അതുതന്നെ വേണം അന്യരുടെ അതിവിശിഷ്ട അലമാരകളോ
അകമുറി സാമാനങ്ങളോ ഉള്ള വീടുകളിൽ
നീ വിരുന്നു പോകുമ്പോഴും.

ഏതുസമയം ആവട്ടെ, വർഷം കാലം ഏതെങ്കിലും ആട്ടെ
പച്ചച്ചിട്ടോ വെളുത്തിട്ടോ ആവട്ടെ
ഏറെ വൈകി വീട്ടിൽ ചെന്നാൽ കാണുന്നത്
ഹിമപാതം തടുക്കുന്ന പുത്തൻ അലുമിന മുകൾക്കൂര.

25 വർഷമായിട്ടും ചായം പൂശാത്ത വീടിന്റെ,
വീണ്ടു കീറിയ ജനലകളിൽ,
ഇരുൾപ്പിങ്കും തവിട്ടുമായ് അറിയാതെ വന്ന ഭംഗിയുള്ള ഡിസൈനുകളിൽ
ചായം പൂശേണ്ടതിന്റെ അത്യാവശ്യകതയുടെ അടയാളങ്ങളും
ഉദ്ദേശിക്കാത്ത അവഗണനയുടെ നിറങ്ങളും പ്രതിഫലിക്കും;
അതിനെ അഭിനന്ദിച്ചേ പറ്റൂ.

ആരുടെയോ അറുപത് വർഷം മുൻപുള്ള നല്ല തീരുമാനം
കാരണം താഴ്‌വരയിൽ ഉയർന്നുനിൽക്കൂന്നൂവീട്;
കാടിന്റെ പച്ചച്ച മുഖത്തിന് മുറിവേൽപ്പിച്ച് കൊണ്ടല്ല
പിന്നെയോ കുന്നിന്റെ നെറ്റിക്കുകീഴെ
മദ്ധ്യയുഗാന്തത്തിലെ എളിമ വെളിവാക്കി,

ഹെംലോക്ക്(3) കാടിന്റെ ഇരുളിമയിലേക്ക്
ചന്തി കാട്ടി,
ഒരുപാട് മൈലുകൾ മുന്നിലേക്ക്
മുകിലുകൾ മാറ്റി മാറ്റി വരയ്ക്കുന്ന മേടുകളും മലകളും നോക്കിക്കൊണ്ട്

റോട്ടിലൂടെ നടന്നോ ഓട്ടോയിലോ
വീട്ടിലേക്കു വരുന്നവരെ
വ്യക്തിപരമായി സ്വാഗതം ചെയ്തുകൊണ്ട്..

വീടേ...

പണിയുടെയും യാത്രയുടെയും ഹാലിളകി
മറ്റുള്ളവരുടെ, കൂടുതൽ പരിഷ്‌കാരങ്ങൾ ഉള്ള വീടുകൾ
കാണുമ്പോഴും നിന്നെ ഓർത്തിടുന്നു ധാരാളം.

നിന്റെ ശൈത്യകാല സുഖം, ഹേമന്തത്തിൽ
കാറ്റത്തും തീയത്തും നിന്റെ ധൈര്യം,
ഗ്രീഷ്മകാലത്ത് വായുവോടും നിന്റെ ചെറുമുറി,
പൂക്കാലത്ത്(4) പൂക്കളിലും പച്ചയിലും
റഷ്യൻ ഒലീവ് ഇലകളിലും നിന്റെ കൂടുമാറ്റം,
വീടേ
നീ മറക്കപ്പെട്ടിട്ടില്ല.

(1): The house’s dryness can be humidified
(2): ശീതരാജ്യങ്ങളിൽ അകത്തെ താപനില ക്രമീകരിക്കാൻ വെക്കുന്ന താപിനി
(3): Hemlock: പൈൻ കുടുംബത്തിലെ ഒരു മരം
(4): വാസ്​തവത്തിൽ hawthorn and the sage green എന്ന്​ പ്രത്യേകം പറയുന്നുണ്ട്​, നമുക്ക്​ അതിന്​ പരിഭാഷയില്ലല്ലോ

House: Some Instructions

If you have a house
you must think about it all the time
as you reside in the house so
it must be a home in your mind

you must ask yourself (wherever you are)
have I closed the front door

and the back door is often forgotten
not against thieves necessarily

but the wind oh if it blows
either door open then the heat

the heat you've carefully nurtured
with layers of dry hardwood

and a couple of opposing green
brought in to slow the fire

as well as the little pilot light
in the convenient gas backup

all of that care will be mocked because
you have not kept the house on your mind

but these may actually be among
the smallest concerns for instance

the house could be settling you may
notice the thin slanting line of light

above the doors you have to think about that
luckily you have been paying attention

the house's dryness can be humidified
with vaporizers in each room and pots

of water on the wood stove should you leave
for the movies after dinner ask yourself

have I turned down the thermometer
and moved all wood paper away from the stove

the fiery result of excited distraction
could be too horrible to describe

now we should talk especially to Northerners
of the freezing of the pipe this can often

be prevented by pumping water continuously
through the baseboard heating system

allowing the faucet to drip drip continuously
day and night you must think about the drains

separately in fact you should have established
their essential contribution to the ordinary

kitchen and toilet life of the house
digging these drains deep into warm earth

if it hasn't snowed by mid-December you
must cover them with hay sometimes rugs

and blankets have been used do not be
troubled by their monetary value

as this is a regionally appreciated emergency
you may tell your friends to consider

your house as their own that is
if they do not wear outdoor shoes

when thumping across the gleam of their poly-
urethaned floors they must bring socks or slippers

to your house as well you must think
of your house when you're in it and

when you're visiting the superior cabinets
and closets of others when you approach

your house in the late afternoon
in any weather green or white you will catch

sight first of its new aluminum snow-resistant
roof and the reflections in the cracked windows

its need in the last twenty-five years for paint
which has created a lovely design

in russet pink and brown the colors of un-
intentioned neglect you must admire the way it does not

(because of someone's excellent decision
sixty years ago) stand on the high ridge deforming

the green profile of the hill but rests in the modesty
of late middle age under the brow of the hill with

its back to the dark hemlock forest looking steadily
out for miles toward the cloud refiguring meadows and

mountains of the next state coming up the road
by foot or auto the house can be addressed personally

House! in the excitement of work and travel to
other people's houses with their interesting improvements

we thought of you often and spoke of your coziness
in winter your courage in wind and fire your small

airy rooms in humid summer how you nestle in spring
into the leaves and flowers of the hawthorn and the sage green

leaves of the Russian olive tree House! you were not forgotten

4. ഇലപൊഴിയും കാലം

രു തീ നാവെന്ന്, നിന്നുകത്തും ഒരു നീണ്ട കയ്യ്
എന്ന് വിളിക്കപ്പെടുന്നത്
ചിലപ്പോൾ ഒരു പച്ച മേപ്പിൾ മരത്തിന്റെ
ചോന്നതോ ഓറഞ്ച് നിറമുള്ളതോ
ആയ ഒരു നീണ്ട കൊമ്പ് ആവാം,
സെപ്റ്റംബർ ആദ്യം പച്ചക്കാടിന് പുറത്തുള്ള
പച്ച വയലിൽ എത്തുമ്പോൾ
അറ്റത്ത് നിൽക്കും ബിർച്ച് മരങ്ങൾ
ആകെ കീറിമുറിഞ്ഞു കാണപ്പെടും,
അത് കൊടും വേനലിൽ മുഴുവൻ
ഞങ്ങടെ തറവാട്ടിൽ ഉള്ളവരെ ഒക്കെ
ഒരു റഷ്യൻ പാട്ടോ ചെക്കോവ് കഥയോ
അച്ഛനെയോ ഓർമിപ്പിക്കാൻ
സൂക്ഷ്മമായി, മൃദുവായി
കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ തളർച്ചയാണ്.

ഒരു തീ നാവെന്ന്, നിന്നു കത്തും ഒരു നീണ്ട കയ്യ്
എന്ന് വിളിക്കപ്പെടുന്നത്
ചിലപ്പോൾ ഒരു പച്ച മേപ്പിൾമരത്തിന്റെ
ചോന്നതോ ഓറഞ്ച് നിറമുള്ളതോ
ആയ ഒരു നീണ്ട കൊമ്പ് ആവാം,
സെപ്റ്റംബർ ആദ്യം പച്ചക്കാടിന് പുറത്തുള്ള
പച്ച വയലിൽ എത്തുമ്പോൾ
അറ്റത്ത് നിൽക്കും ബിർച്ച് മരങ്ങൾ
ആകെ കീറി മുറിഞ്ഞു കാണപ്പെടും,
അത് കൊടും വേനലിൽ മുഴുവൻ
ഞങ്ങടെ തറവാട്ടിൽ ഉള്ളവരെ ഒക്കെ
ഒരു റഷ്യൻ പാട്ടോ, ചെക്കോവ് കഥയോ,
യു.എസ്.എയിൽ,
സ്വന്തം കാടിന് അടുത്ത് സ്വന്തം പൂന്തോട്ടത്തിൽ,
നിന്ന് കൊണ്ട് ‘ഈ ബിർച്ച് എന്തു ഭംഗി
പക്ഷേ മറ്റുള്ളതിന്റെ ഒപ്പം നിൽക്കുമ്പോൾ
എന്തോ ഒരു ഉപരിപ്ലവത’
എന്ന് റഷ്യനിൽ പറയുന്ന അച്ഛനെയോ ഓർമിപ്പിക്കാൻ
സൂക്ഷ്മമായി, മൃദുവായി
കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ തളർച്ചയാണ്

Autumn
1

What is sometimes called a
tongue of flame
or an arm extended burning
is only the long
red and orange branch of
a green maple
in early September reaching
into the greenest field
out of the green woods at the
edge of which the birch trees
appear a little tattered tired
of sustaining delicacy
all through the hot summer re-
minding everyone (in
our family) of a Russian
song a story
by Chekhov or my father

2

What is sometimes called a
tongue of flame
or an arm extended burning
is only the long
red and orange branch of
a green maple
in early September reaching
into the greenest field
out of the green woods at the
edge of which the birch trees
appear a little tattered tired
of sustaining delicacy
all through the hot summer re-
minding everyone (in
our family) of a Russian
song a story by
Chekhov or my father on
his own lawn standing
beside his own wood in
the United States of
America saying (in Russian)
this birch is a lovely
tree but among the others
somehow superficial.

ഇത്രയും കാലം ജീവിച്ചിട്ടും ഗ്രേസ് പെയ്​ലിയുടേതായി പുറത്തുവന്നത് മൂന്നു ചെറുകഥാ സമാഹാരങ്ങളും മൂന്നു കവിതാ ചാപ് ബുക്കുകളും മാത്രം. കൂടാതെ Just as I thought എന്ന ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരവും. താൻ മടിച്ചിയാണ്, അതാണ് എഴുത്തുകാരി എന്ന നിലയ്ക്ക് തന്റെ ഏറ്റവും വലിയ കുഴപ്പം എന്ന് അവർ തമാശയായി പറയാറുണ്ട്. പ്രശസ്തനായ ഡൊണാൾഡ് ബാർതോം (Donald Bartheleme) അവരുടെ അപ്പാർട്ടു‌മെന്റ് മുഴുവൻ അടിച്ചുവാരിത്തിരഞ്ഞിട്ടാണ് ആദ്യ പുസ്തകം പുറത്തിറക്കിയത്. അവരുടെ ഏജന്റ് പറഞ്ഞിരുന്നു; അവരുടെ മേശവലിപ്പും അടുക്കളയലമാരിയും ഇടക്കിടയ്ക്ക് പരതാറുണ്ട് എന്ന്. 1985 ൽ freshair ഇന്റർവ്യൂവിൽ അവർ ടെറി ഗ്രോസിനോട് പറഞ്ഞത് ഉദ്ധരിച്ച് ഇത് അവസാനിപ്പിക്കാം: ‘‘നിങ്ങൾ എഴുതുമ്പോൾ, മറഞ്ഞും ഇരുളാണ്ടും കിടന്ന എന്തോ നിങ്ങൾ പ്രകാശിപ്പിക്കുന്നുണ്ട്. അത് ഒരു രാഷ്ട്രീയചെയ്തി തന്നെ (political act) ആണ്.''


Summary: കവിതകൾ വായിച്ച് അടുപ്പം തോന്നിയ ഒരു എഴുത്തുകാരിയുടെ സർഗജീവിതത്തിലേക്കുള്ള മറ്റൊരു കവിയുടെ ഹൃദയാവർജകമായ യാത്രയാണിത്. സാമൂഹ്യവും രാഷ്ട്രീയവും ആയി ഉണർന്നിരുന്ന ആക്റ്റിവിസ്റ്റുകൂടിയായിരുന്ന ഗ്രേസ് പെയ്‌ലി എന്ന അമേരിക്കൻ എഴുത്തുകാരി ഏതേതുതരം എഴുത്താണ് കവിതയിലും കഥയിലും കൊണ്ടുവന്നത് എന്ന് തേടുകയാണ് കവി വി.എം. ഗിരിജ, ഒപ്പം അവരുടെ കവിതകളുടെ വിവർത്തനങ്ങളും


Comments