എഴുത്ത് തനിക്ക് പലപ്പോഴും പിന്നിട്ട ഇടങ്ങളിലേയ്ക്കുതന്നെ മടങ്ങിപ്പോവാനുള്ള ഏക വഴിയാണ് എന്ന് വിശ്വസിച്ച പ്രവാസി എഴുത്തുകാരിയാണ് മീന അലക്‌സാണ്ടർ.
അലഹബാദിൽ ജനിച്ച് അച്ഛൻ -അമ്മ വഴിയിലൂടെ ഇന്ത്യനും (മലയാളിയുമായ), ഇംഗ്ലീഷുകാരനായ ജീവിതപങ്കാളിവഴിയിലൂടെ യൂറോപ്യനും സുഡാനിൽ വിദ്യാഭ്യസ്ഥയാവാൻ അറബിയും ഫ്രഞ്ചും പഠിച്ച് ആഫ്രിക്കക്കാരിയും, ജീവിതം കൊണ്ട് അമേരിക്കക്കാരിയുമൊക്കെയായിത്തീർന്ന ഒരെഴുത്തുകാരിയുടെ ഉള്ളുകളികൾ എന്തായിരിക്കും? മൂന്നു വൻകരകളിൽ പ്രവാസസമ്പത്തുള്ള ഒരെഴുത്തുകാരി, ‘ദേശാടനത്തിലൂടെ തകർന്നുപോയ ഒരു സ്ത്രീ’യാണെന്നും പലതവണ പിഴുതെറിയപ്പെട്ട ചെടിയോടാണ് ജീവിതത്തിനു സാമ്യമെന്നും സ്വയം വിലയിരിത്തുമ്പോൾ മീന അലക്‌സാണ്ടറുടെ എഴുത്തുലോകത്തെ നമുക്ക് എങ്ങനെ കാണേണ്ടതുണ്ട്?
ഈ പറിച്ചുനടൽ തന്നെയാവില്ലേ, പ്രവാസത്തിന്റെ അനുഭവ -രാഷ്ട്രീയ ബോധ്യവും ചൂരുമുള്ള ഒരെഴുത്തുകാരിയാക്കി അവരെ മാറ്റിതീർത്തിട്ടുണ്ടാവുക?
ഏതു മികച്ച പ്രവാസി എഴുത്തുകരെയുംപോലെ, എഴുത്തിൽ താനാരാണെന്നും, തന്റെ നിലനിൽപ്പിന്റെ ഇടം ഏതാണെന്നും നിരന്തരം മീന ചികഞ്ഞന്വേഷിച്ചിട്ടുണ്ട്.
എലിസബത്ത് അലക്‌സാണ്ടർ എന്ന പേരുമാറ്റി പഴയ വിളിപ്പേരായ മീനയിലേയ്ക്ക് പതിനഞ്ചാം വയസിൽത്തന്നെ അവർ മടങ്ങുന്നുണ്ട്. അതോടെ ഭാഷാ ബഹ്വർഥമുള്ള ഒന്നായി ആ പേര് മാറി. സംസ്‌കൃതത്തിൽ മത്സ്യവും, അറബിയിൽ തുറമുഖവും, ഉറുദുവിൽ ആഭരണവുമാണ്, ആ പേര്.
ഇന്ത്യൻ ഇംഗ്ലീഷിൽ മീനയ്ക്ക് വിശേഷപ്പെട്ട സ്ഥാനമാണുള്ളത്.‘A book will torn ends visible, Writing in search of homeland'എന്ന് മീന ആത്മകഥയായ Fault lines -ൽ പറയുന്നുണ്ട്.
കമലദാസ്, ജയന്ത മഹാപത്ര പോലുള്ള ഇന്ത്യൻ എഴുത്തുകരും ഗാൽവേ കിന്നൽ, അഡ്രിയൻ റിച് പോലുള്ള അമേരിക്കൻ കവികളും മീനയ്ക്ക് സ്വാധീനവഴികളായിത്തീർന്നിട്ടിട്ടുണ്ട്. ഇന്ത്യൻ സമുദ്രത്തിലൂടെ സുഡാനിലേയ്ക്കും തിരിച്ചുമുള്ള കപ്പൽയാത്രകൾ അവരുടെ കവിതയിൽ പുതിയ ജലസസ്യങ്ങളും സ്ഥലസംസ്‌കാരങ്ങളുടെ പായലും കൊണ്ടുവരുന്നു. യൂറോപ്പിലും അമേരിക്കയിലും ജീവിതം പൂത്തപ്പോൾ ഈ സ്ഥല- മനുഷ്യവ്യവഹാരങ്ങൾ മാറിവരുന്നതും ഐഡിയോമറ്റിക് (Idiomatic) ആയ ഒരു മാറ്റം പിൽക്കാല കവിതയിലും മറ്റു എഴുത്തുകളിലും രൂപപ്പെടുന്നതും കാണാം.
എന്നും അവർക്ക് പ്രിയങ്കരമായിരുന്നു, ഈ യാത്രകളുടെ ഓർമ.
ഏതു മികച്ച പ്രവാസി എഴുത്തുകരെയുംപോലെ, എഴുത്തിൽ താനാരാണെന്നും, തന്റെ നിലനിൽപ്പിന്റെ ഇടം ഏതാണെന്നും നിരന്തരം മീന ചികഞ്ഞന്വേഷിച്ചിട്ടുണ്ട്. മൂന്നു വൻകരകളിൽ തന്റെ ജീവിതമാളുകയും പല ഭാഷകൾ തന്നോടൊപ്പം കൂടിച്ചേരുകയും ചെയ്തപ്പോഴും നിലനിൽപ്പിന്റെ കരുത്തും കാതലും അവർ തിരഞ്ഞത് തന്റെ ഇന്ത്യൻ വേരുകളിൽത്തന്നെ!
"കേരളത്തിൽ വരണ്ട വേനൽക്കാലത്ത് ഭൂഗർഭജലസ്ഥാനം നോക്കാൻ വരുന്ന സാമർഥ്യക്കാരുണ്ട്. ഒരുതരം ദിവ്യന്മാരുടെ പരിവേഷമുള്ളവർ. ജലമുള്ള സ്ഥാനത്തിനുമേലെ അവരുടെ കൈയിലെ അറ്റം കൂർത്ത വടിനാട്ടുമ്പോൾ അതിന്റെ കൂർത്ത അറ്റം വിറകൊള്ളും. അതുപോലെ, താനും തന്റെ സ്ഥാനം കണ്ടെത്തുമോ എന്ന പ്രിയവും ആശങ്കയും അവരെ വിട്ടൊഴിയാറില്ല എന്ന് മീന അലക്‌സാണ്ടർ രേഖപ്പെടുത്തിയിട്ടുണ്ട്. ചിന്തയുടെ ഈ ഓർബിറ്റിലാണ് മീനയുടെ എഴുത്തിന്റെ പെൻറുലം കുടികൊള്ളുന്നത്.
1951-ൽ അലഹബാദിൽ ജോർജ് -മേരി ദമ്പതിമാരുടെ മകളായി സിറിയൻ ക്രിസ്ത്യൻ കുടുബത്തിൽ ജനനം. പിതാവ് അലഹബാദിൽ കാലാവസ്ഥ പഠനവിഭാഗത്തിൽ ഉദ്യോഗസ്ഥൻ. സുഡാനിലെ ഖർതൂം സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ ബിരുദം. നോട്ടിങ്ഹാം സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി., ഡൽഹി, ഹൈദരാബാദ് സർവകലാശാലകളിൽ അധ്യാപികയായിരുന്നു. മഹാത്മാഗാന്ധി സർവകലാശാലയിൽ കുറച്ചുകാലം ഫുൾബ്രൈറ്റ് സ്‌കോളർ ആയിരുന്നിട്ടുണ്ട്. മിനോസോട്ടോ സർവകലാശാലയിലെ ചരിത്രകാരൻ കൂടിയായ ഡേവിഡ് ലെലി വെൽഡുമായി വിവാഹം.1979 മുതൽ ന്യൂയോർക്കിലെ മാൻഹാട്ടനിൽ സ്ഥിരതാമസം. 2018-ൽ മരണം.
കവിതയാണ് മീനയുടെ മുഖ്യതട്ടകം. നോവൽ, കഥ ആത്മകഥ, കലസാഹിത്യ വിമർശനം തുടങ്ങിയവയിൽ നിരവധി ഗ്രന്ഥങ്ങൾ. Fault line: A memoir- ആത്മകഥ.Illiterate heart, Atmospheric Embroidery, Birthplace with buried stones എന്നിവ മുഖ്യ കാവ്യ സമാഹാരങ്ങൾ. Manhattan music, Nambally road തുടങ്ങിയ നോവലുകൾ, കൂടാതെ നിരവധി ഗവേഷണ- പഠന ഗ്രന്ഥങ്ങൾ. സാഹിത്യപുരസ്‌കാരം, പെൻബുക്ക് പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ.
മീന അലക്‌സാണ്ടറുടെ പ്രശസ്തമായ Experimental poetry, Grand Mother's Garden Section 18, Notebook തുടങ്ങിയ കവിതകളുടെ പരിഭാഷയാണ് ഇതോടൊപ്പം. ഒരു പ്രവാസി എഴുത്തുകാരിയുടെ സാംസ്‌കാരികവും ലിംഗപരവുമായ സ്വത്വപ്രശ്‌നങ്ങൾ അനാവരണം ചെയ്യുന്നു ഈ കവിതകൾ.
പരീക്ഷിച്ചറിഞ്ഞ ഭൂമി
ആ റെയിൽവേ സ്റ്റേഷനെകുറിച്ചു
ള്ളവയൊക്കെ മായ്ച്ചുകളഞ്ഞിരിക്കുന്നു,
പിന്നിയ, ചോരപുരണ്ട
കുപ്പായമിട്ട കുഞ്ഞിനെയെടുത്ത സ്ത്രീയുടെ ചിത്രം പോലും.
പൊടുന്നനെ ഞാനൊരു അമേരിക്കനായി.
മൊഴിമാറ്റാൻ ഏറെ
ദുഷ്‌കരമായ ഒരു വാക്യമിത്.
ഒരാൾ പാടുകയാണ്.
രണ്ടുപേർ പറയുന്നു, അല്ല ഒഴുകുകയാണ്.
നിനയ്ക്കറിയില്ല കാര്യങ്ങളെപ്പടി പോകുന്നുവെന്ന്.
പ്രവചനമൊന്നുമല്ല.
ആർക്കുപറയാൻ കഴിയും
സൂട്ട്‌കേസിലിരുന്ന ഒരുപക്ഷി പാടുകയാണെന്ന്?
പ്രായമേഴിൽത്തന്നെ
കഠിനമായ മട്ടിൽ അവൾക്ക് പ്രാർഥിയ്ക്കാൻ പറ്റി.
അവളുടെയുള്ളിൽനിന്നും പൂച്ചികൾ പാറിയപ്പോൾ
നാരകമരത്തിൽ ഒരു തേനീച്ചക്കൂട്.
അവളുടെ മസ്തിഷ്‌കത്തിൽ
സാർഥവാഹകക്കൂട്ടങ്ങളുടെ ഒച്ച
മുടിപിഴുതെറിഞ്ഞു.
നക്ഷത്രങ്ങളെത്ര
കൊടിയേന്തി നിൽപ്പൂ,
തിണർപ്പുകളെത്ര മായാതെ,
ചോദ്യങ്ങളെത്രമുത്തരമുരിയാടാതെ.
അയാളും ഉപരാഷ്ട്രപതിയും മരിച്ചാൽ പിന്നെ
ആർ രാഷ്ട്രപതിയാവും?
കുഞ്ഞിന്റെ കുപ്പായത്തിലെ ചോരപ്പാടിൽ ചുണ്ടില്ലാത്ത ഒരു പക്ഷിയാവും.
അഭയാർഥികളിലേയ്ക്ക് തീവണ്ടിയടുത്തപ്പോൾ (ശരിക്കും അതുതന്നെയവർ )
കണ്ഠനാളികളിൽ
ഒച്ചവറ്റി.
അവരുടെയുടുപ്പുകൾ വരണ്ടുണങ്ങിത്തന്നെ.
എന്തിനേക്കാളുമുപരി
ഉയർന്നുകേട്ട പാട്ടുകൾ.
അമ്മുമ്മയുടെ പൂന്തോട്ടം, സെക്ഷൻ 18.
ന്യൂയോർക്ക് നഗരത്തിൽ,
അഹോരാത്രമലച്ചിലിനൊടുക്കം
നീ, ജെ.എഫ്.കെ.യിലെത്തി.
പിൻഗലത്തിലും കറുപ്പിലും ഇളം ഛായങ്ങൾ കലർന്നും
നിരനിരയായി മനുഷ്യർ,
പല പ്രായക്കാർ.
ആകാംക്ഷയിൽ അതിർകടക്കുന്ന വേഗങ്ങൾക്കൊപ്പം
ക്ലേശങ്ങളിൽകുതിർന്ന
ഒച്ചകൾക്കൊപ്പം.
നിന്റെ ചങ്കിൽ വേദനയിൽ കടുകുവറുത്ത വാക്കുകൾ.
ഭാഷാഭിഗമ്യയെന്നു നീ- യെങ്കിലും
വാക്കും ഒച്ചയും പരസ്പരമലിയാതെ!
കാലങ്ങൾക്കുശേഷം
സെൻട്രൽ സ്ട്രീറ്റിലെ ഗൃഹാങ്കണത്തിൽ
നിന്റെ വലംകൈയുയർന്നുകണ്ടു.
ലാത്വിവിയായിലെ ഒരു പെണ്ണുണ്ട് നിന്നോടൊപ്പം,
കാശ്മീരിലെ മനുഷ്യരുണ്ട്, മെസപ്പൊട്ടോമിയായിലെ അമ്മമാർ
ശ്രീലങ്കയിൽനിന്നും പിതാക്കൾ,
അവരോടൊപ്പമെന്നും നിന്റെ ദൃഢപ്രതിജ്ഞ.
പ്രതിജ്ഞയിലേക്ക് അകതാരിൽനിന്നും ഒരാശങ്കയുടെ കൊള്ളിയാൻ.
ആർക്ക് തള്ളാൻ പറ്റും
നിന്റെ തീവ്രാഭിലാഷത്തെ, സ്വന്തമാക്കാനുള്ള നിന്റെ തീവ്രയജ്ഞത്തെ.
ദേശാന്തരക്കാരുടെ ഉജ്വലവും നിറംകെട്ടതുമായ അടിമനസ്സിൽ നീ വെറുമൊരാൾജാമ്യക്കാരി
ഇവിടം നിന്റെയാധാരം, കൊട്ടിയടയ്ക്കാൻ വാതിലുകളൊന്നുമില്ലെന്ന് അവരുടെയാത്മാക്കളുടെ ആമന്ത്രണം.
നീ സ്വപ്നം കാണുകയാണെന്ന് ആരൊക്കെയോ പറയും, വശ്വസിച്ചുപോകരുതേ!
മാൻഹട്ടൻ ദ്വീപിലാണ് നീ
പക്ഷികളുടെ തുരുത്തിലല്ല,
മുന്തിയ ഗർഭഗൃഹത്തിൽ.
നോട്ട്ബുക്ക്
ജന്മനാട്
ഒരഭ്യൂഹം മാത്രമോ?
അവൾ നോട്ട്ബുക്ക് തുറന്നു. നാവിലുതിർന്ന ഭാഷ അവൾക്കുതന്നെ തിരിയുന്നില്ല.
Wen Baitak /ഏതുനാട്ടിൽനിന്നും വരുന്നു?
ഒന്നുകൂടി നിവർന്നിരുന്നു
നല്ല കൈപ്പടയിലവളെഴുതി,
മദിച്ചുല്ലസിച്ചു നദിയിൽ പൊങ്ങിക്കിടക്കയായിരുന്നു ഞാൻ
ആകാശം നോക്കി ബ്രഹ്തിന്റെ
എപിക് തിയേറ്റർ കണ്ടു.
രണ്ടു സൂട്ട്‌കേസുകളിൽ എന്റെ ശരീരം ഉന്തിക്കയറ്റി,
ശ്വസിക്കാൻ നടുവിലൊരു തുളയിട്ടു.
ചാർലി ചെക്ക്‌പോയന്റിലെ മ്യൂസിയത്തിൽ കെട്ടിത്തൂക്കി.
അവശയായി അവൾ എഴുത്ത് നിർത്തി, കൈകൾ കൂട്ടിത്തിരുമ്മി.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.