സി.പി. വത്സൻ

തീർത്ഥാടകന്റെ ശിരോലിഖിതം

രണ്ടു പതിറ്റാണ്ടെങ്കിലുമായി നിശ്ശബ്ദനായ ഈ കവി മലയാള കവിതയുടെ ഭാവുകത്വ നവീകരണത്തിൽ വഹിച്ച പങ്ക് സാർത്ഥകമായി അടയാളപ്പെടുത്തപ്പെടാതെ പോയി- സി.പി. വത്സൻ എന്ന കവിയെയും അദ്ദേഹത്തിന്റെ കവിത​കളെയും വായിക്കുന്നു

നുഷ്യൻ ഇന്നുവരെ അറിഞ്ഞ ഏറ്റവും സൂക്ഷ്മമായ സ്പർശിനികളുമായാണ് കവി പിറവിയെടുക്കുന്നത്. ശിശിരത്തിൽ തന്നെ കാളമേഘങ്ങളേയും, കൊടുംവേനലിൽ വരാനിരിക്കുന്ന നിറവാർന്ന വസന്തത്തേയും, വസന്തവായുവിലെ രോഗാണുവിനേയും ഒരുപോലെ കവി തിരിച്ചറിയുന്നു. ഈ തിരിച്ചറിവാകട്ടെ ക്രിസ്തുവിന്റെ ഡി.എൻ.എയുമായി പിറക്കുന്ന ഈ പാവം ജീവിയെ സാധാരണ മനുഷ്യന്റെ എല്ലാ ആശ്വാസങ്ങളിൽ നിന്നും ആഹ്‌ളാദങ്ങളിൽ നിന്നും സ്വയം ബഹിഷ്‌കൃതനാക്കുകയും ചെയ്യുന്നു. ഭ്രഷ്ടന്,സ്വയം സൃഷ്ടമായ ഏകാന്തതയാണ് ധന്യത. ഏകാന്തതയുടെ അപാരമായ മുഹൂർത്തങ്ങളിൽ മനസ്സിന്റെ അഗാധ സാഗരങ്ങളിലേക്ക് സാഹസികമായ കപ്പലോട്ടങ്ങൾ നടത്തുവാനും അവിടെ നിബിഢമായി കിടക്കുന്ന സ്വപ്നങ്ങളിലേക്കും, ഖേദങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവയുടെ ജീവൽ സ്പന്ദങ്ങൾ തൊട്ടറിയാനും അവന്/ അവൾക്ക് സാധ്യമാവുന്നു. ഈ സാന്ദ്രമായ ഏകാന്തതയുടെ ഏതോ ‘സാരമായ മാത്ര'കളിൽ തന്റെ മനസ്സിന്റെ ഗാഢസ്വരൂപങ്ങളിൽ വിഹ്വലത ഉണർത്തിയ ഭാവങ്ങളെക്കുറിച്ച് സഫലമായി അയാൾ ഓർത്തുപോകുന്നു. ഈ ഭാവങ്ങളിൽ നിന്ന് പദങ്ങളുടെ ഭൗതികതയിലേക്ക് മെറ്റമോർഫോസിസ് നടത്താനാവുന്ന ഒരു ഭാവശില്പത്തെ അറിയുന്നവനാണ് എഴുത്തുകാരൻ.

പ്രാഥമികമായി ഒരു വ്യക്തി എന്ന നിലക്ക് സ്വാത്മദുഃഖത്തിന്റെ തായ്​വേരുകളിലൂടെ മാത്രമേ അവന്/ അവൾക്ക് സമഷ്ടി ദുഃഖത്തിലേക്ക് എത്താനാവൂ. I want to do with you what spring does with cherry trees എന്ന്​ എഴുതിയിട്ടേ നെരൂദയ്ക്ക് പോലും a drop of blood fallen on these lines will remain alive within them എന്ന് എഴുതുവാൻ കഴിഞ്ഞുള്ളൂ എന്നോർക്കുക.

സ്വന്തം കവിത്വത്തിന്റെ പ്രഭവകേന്ദ്രങ്ങളെ ചോദ്യം ചെയ്യുന്ന ഈ പരിണാമം കവിയുടെ വ്യക്തിത്വത്തിൽ അത്യന്തം ഉദ്വിഗ്‌നമായ ഒരു അവസ്ഥാവിശേഷമായിത്തീരുന്നു. ആ നീറുന്ന അനുഭവത്തിലൂടെ കടന്നു പോവുകയും ആ പരിണതിയുടെ പശ്ചാത്തലത്തിൽ സ്വയം നിർവചിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യുന്നത് കൊണ്ടാണ് സി.പി. വത്സൻ നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. വേരറ്റ വ്രണിത ജീവിതം ഭൂഖണ്ഡങ്ങളിൽ ദേശാടനത്തിറ'ങ്ങിയതായി കവി സാക്ഷ്യപ്പെടുത്തിയ 2016 ആദ്യ മാസത്തിലെഴുതിയ മറവി മായ്ക്കും മുമ്പ് മാറ്റി നിറുത്തിയാൽ, രണ്ടു പതിറ്റാണ്ടെങ്കിലുമായി പാമരം പൊട്ടിപ്പിരിഞ്ഞ് നിശ്ശബ്ദനായ ഈ കവി മലയാള കവിതയുടെ ഭാവുകത്വ നവീകരണത്തിൽ വഹിച്ച പങ്ക് സാർത്ഥകമായി അടയാളപ്പെടുത്തപ്പെടാതെ പോയി.

അണഞ്ഞുപോയ വഴിവിളക്കുകൾ

72-ൽ അഖിലകേരളാടിസ്ഥാനത്തിൽ നടത്തപ്പെട്ട ഒരു സാഹിത്യ മത്സരത്തിൽ സമ്മാനിതനായിക്കൊണ്ടാണ് സി.പി. വത്സൻ സാഹിത്യ ലോകത്തേക്ക് കടന്നെത്തുന്നത്. അധോതല കുറിപ്പുകൾ എന്ന ആ കവിതയിൽ പ്രമേയപരമായി ശ്രദ്ധേയമായ വ്യതിയാനമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അതിലെ ചില ഇമേജറികൾ- രാവിൻ തേങ്ങൽ അളന്നു നിറച്ച കരൾ, വെള്ളിനിലാ മഴ പോലും പൊഴിയാ മരു- അന്നേ ആസ്വാദകരെ നവ്യമായൊരു ഭാവുകത്വത്തെക്കുറിച്ച് ബലിഷ്ഠമായി ഓർമ്മിപ്പിച്ചിരുന്നു.

സി.പി. വത്സൻ

ആനുകാലിക മനുഷ്യജീവിതം മരുഭൂമിയിലെ പ്രതീക്ഷകളില്ലാത്ത ജീവിതത്തോട് അടുത്തു നിൽക്കുന്നുവോ എന്ന ആശങ്കയാണ് കവിതയിൽ കണ്ണു തുറക്കുന്നത്. എങ്കിലും പീഡനങ്ങളൊക്കെ സഹിച്ച് രക്ഷകനെ കാത്തു കവി നിന്നു. (കയ്യിലാണിപ്പഴുതുള്ള രക്ഷകനെ തേടി എത്ര കാലം എന്ന് പച്ചത്തുരുത്തിന്റെ കവി). ആ കാത്തുനിൽപ്പ് പോലും നിരർത്ഥകമല്ലേ എന്ന് കവിക്ക് തോന്നി തുടങ്ങുന്നിടത്ത്, നിദ്രാഭംഗം മാത്രമാണ് മിച്ചമെന്ന നിരാശയുമായി കവിത അവസാനിക്കുന്നു. പ്രതീക്ഷയും നിരാശയും ഇടകലർന്നാണ് വത്സന്റെ കവിതകളിലുടനീളം പ്രത്യക്ഷപ്പെടുന്നത്. ഈ സന്നിഗ്ധതയാണ് വത്സന്റെ കവിതയുടെ കാതൽ എന്നു തോന്നുന്നു. അധോതല കുറിപ്പുകൾ മുതൽ വ്രണിതതീർത്ഥാടനം വരെ ഈ ഇടർച്ചയാണ് കവിതയുടെ സ്വരം നിർണയിക്കുന്നത്.

ഒരു കവി എന്ന നിലയിൽ വത്സനും മോഹഭംഗങ്ങളുടെ പൊള്ളുന്ന കടലിലൂടെ കടന്നു പോകാതെ വയ്യ. അവസാനത്തെ പ്രകാശഗോപുരവും കനൽ വെളിച്ചമായി അകന്നകന്നു പോവുന്നുവോ എന്ന വേപഥുവാണെന്ന് തോന്നുന്നു വത്സന്റെ മോഹഭംഗത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന്

കാലത്തിന്റെ ചുവരെഴുത്തുകളോട് തീവ്രമായി പ്രതി സ്പന്ദിക്കുന്നവനാണ് കവി. തീർത്തും സംവേദനക്ഷമമായ ഒരു ഹൃദയത്തിന്റെ ഉടമയാവുക വഴി കാലഘട്ടം സ്വന്തം മനസ്സിലേക്ക് നഗ്‌നമായി ഓടിക്കയറുന്നത് അവന് വിലക്കാനാവുന്നില്ല. നിരന്തരമായ ക്ഷതങ്ങളുടെ നോവിപ്പിക്കുന്ന ഓർമകളാണ് സമൂഹത്തിന്റെ മിഴിനീരാവാനും പടവാളാവാനും അവനെ പ്രേരിപ്പിക്കുന്നത്. നമ്മുടെ മൂല്യബോധം, സംസ്‌കാരം എന്നിവയെല്ലാം തകർച്ചയുടെ വക്കിലാണെന്ന് കരുതപ്പെടുന്നു. ജീവിതത്തെ പറ്റി പണ്ടത്തെ നമ്മുടെ സ്വപ്നങ്ങൾ ഇന്നും ജീവസുറ്റു നിൽക്കുന്നുവോ? "ഏതുസമയത്തും അളിഞ്ഞു തുടങ്ങിയേക്കാവുന്ന ഒരു ശവശരീരത്തെ താങ്ങിക്കൊണ്ട് നടക്കുക എന്നതാണ് ജീവിതം '*എന്നാണ് നമ്മുടെ പുതിയ അറിവ്. ഒരു കവി എന്ന നിലയിൽ വത്സനും മോഹഭംഗങ്ങളുടെ പൊള്ളുന്ന കടലിലൂടെ കടന്നു പോകാതെ വയ്യ. അവസാനത്തെ പ്രകാശഗോപുരവും കനൽ വെളിച്ചമായി അകന്നകന്നു പോവുന്നുവോ എന്ന വേപഥുവാണെന്ന് തോന്നുന്നു വത്സന്റെ മോഹഭംഗത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന്.

ദാർശനിക സ്വപ്നങ്ങളെല്ലാം ശരശയ്യയിലാണ്. മാർക്‌സിന്റെ സ്വപ്നം പോലും പ്രായോഗിക രംഗത്ത് എത്രമാത്രം വിജയിക്കുമെന്ന് ഇനിയും അറിയാൻ ബാക്കി നിൽക്കുക തന്നെയാണ്. മറ്റൊരു ആറ് നൂറ്റാണ്ട് **തന്നെ വേണ്ടി വരുമോ ഇനിയുമൊരു പ്രകാശ ഗോപുരത്തിന്റെ പിറവിക്ക്? നമ്മളെല്ലാവരും കാത്തു നിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ നിബന്ധിക്കുമ്പോൾ പണ്ടേ അണഞ്ഞ ഗോപുരഛായാവെളിച്ചം തിരഞ്ഞു നീങ്ങുന്ന പഥികന്റെ ചിത്രത്തിന് സവിശേഷ പ്രസക്തി കൈവരുന്നത് കാണാം. പഥികന്റെ മിഴിവാർന്ന ബിംബം ഇടക്കിടെ വത്സന്റെ കവിതയിൽ കടന്നു വരിക പതിവാണ്. വിഷാദക്കുറിപ്പ്, മുഴക്കങ്ങൾ എന്നീ കവിതകളിൽ ഈ ബിംബം തെളിമയാർന്നു നിൽക്കുന്നതു കാണാം. മോഹാന്ധത തുടികൊട്ടുന്ന മനസ്സോടെ പണ്ടെന്നോ മുങ്ങിപ്പോയ തുരുത്ത് തേടുന്ന യാത്രികനും (നിരാശാഗീതം) ഈ കേന്ദ്രബിംബത്തിന്റെ മറ്റൊരു പ്രകാശനം തന്നെ. ഈ കഠിനമായ ആരായാലിൽ വ്യഥിതമായ ഹൃദയവുമായി തളർന്നിരിക്കുമ്പോൾ ആശ്വാസത്തിന്റെ കുളിർജലവുമായി ആരെങ്കിലും വന്നെത്തുക തന്നെ ചെയ്യും എന്ന് കവി പ്രത്യാശിക്കുന്നു . അതുകൊണ്ടാണ് വിഷാദ തുരുത്തിൽ ഗോപുരകോണിൽ വിപ്രവാസത്തിന് കവി തയ്യാറാവുന്നത് (വിഷാദ കുറിപ്പ്) . അത് ഒരു പ്രണയ പ്രതീക്ഷയാവാം. (മുറിവുകൾ, നിരാശാ ഗീതം) .മാഴ്കുന്ന മൃത ഹൃദയത്തിന് പനിനീരാവുന്ന വൃഷ്ടിയാവാം (വൃഷ്ടി). വന്ധ്യകാല ഗീതങ്ങളിലെന്നപോലെ വിദൂര നക്ഷത്രയൂഥത്തിൽ നിന്ന് നമ്മെത്തേടിയെത്തുന്ന സന്ദേശമാവാം. കവിയുടെ മിഴികളിൽ പ്രതീക്ഷ നിറഞ്ഞു നില്കുകയാണ്. മഞ്ഞ് കാറ്റേറ്റു പ്രതീക്ഷാഗോപുരങ്ങൾ തകർന്നടിയുമോ എന്ന ഭീതി എന്നിട്ടും ഇടയ്ക്കിടെ കടന്നെത്തുന്നുണ്ട്.

തോക്കുകൾ തുടച്ചുമിനുക്കുന്ന താടിക്കാരനൊപ്പം വിജയത്തിന്റെ കൊടുമുടിയിൽ നില്ക്കാനുള്ള മോഹം പ്രബലമായ ഒരു ധാരയായി വത്സന്റെ കവിതകളുടെ മുനയിൽ ഉണർന്നു കിടപ്പാണ്

""ആരോ വരാനായ് തുറന്നു വെക്കാറുണ്ട് വാതിൽ. വരികില്ലൊരിക്കലുമെങ്കിലും'' എന്നത് നമ്മുടെ കാലഘട്ടത്തിന്റെ തന്നെ വേദനയാണല്ലോ. നഷ്ട സൗഭാഗ്യസ്മൃതി, കാത്തിരിപ്പ്. ഈ രണ്ടു ഭാവങ്ങളും ആധുനികപൂർവ കാല്പനികതയെ അഭിസംബോധന ചെയ്യുന്നവയാണ്. കാൽപനികതയുടെ വെയിൽ ചായുന്ന കവിതകളിൽ ഈ ഭാവങ്ങളുടെ പ്രകാശനം നമുക്ക് കാണാം. വത്സന്റെ കവിത്വത്തിന്റെ കാതൽ നമ്മൾ കണ്ടെത്തുന്നത് പക്ഷേ, ആ കവി മനസ്സിലെ സമൂഹ മനുഷ്യന്റെ അസ്തിത്വത്തെ തിരിച്ചറിയുമ്പോൾ മാത്രമാണ്.

വിജനവീഥികൾക്ക് ഒരു ചൂണ്ടു പലക

""The era of chair bound artists is over'' എന്ന് കമ്യു എഴുതുകയുണ്ടായി. സിസിഫസ് പുരാണകർത്താവിന് പോലും അങ്ങനെ പറയാതിരിക്കാനായില്ല എന്നോർക്കുക. സൗന്ദര്യബോധമുള്ള ആർക്കും പുരോഗമനത്തിനും വിപ്‌ളവത്തിനും പുറംതിരിഞ്ഞു നില്ക്കുക സാധ്യമല്ല തന്നെ. മർത്യ സൗന്ദര്യ ബോധങ്ങൾ പെറ്റ മക്കളല്ലീ പുരോഗമനങ്ങൾ എന്ന് വൈലോപ്പിള്ളി പാടിയത് അതു കൊണ്ടാണ്. തോക്കുകൾ തുടച്ചുമിനുക്കുന്ന താടിക്കാരനൊപ്പം വിജയത്തിന്റെ കൊടുമുടിയിൽ നില്ക്കാനുള്ള മോഹം പ്രബലമായ ഒരു ധാരയായി വത്സന്റെ കവിതകളുടെ മുനയിൽ ഉണർന്നു കിടപ്പാണ്. ഒരു പുതിയ പൊരുളും ഉരുവം കൊള്ളാത്തതിനെപ്പറ്റി, പിറവി കൊള്ളാത്ത വിപ്‌ളവങ്ങളെപ്പറ്റി, കവിയുടെ തീക്ഷ്ണമായ വേദനയാണ് പരപ്പനാടൻ കുറിപ്പുകളിൽ.

സി.പി. വത്സൻ എഴുതിയ പരപ്പനാടൻ കുറിപ്പുകൾ എന്ന കവിത

സമയം കഴിഞ്ഞു പോവുന്നു എന്ന ബോധം ഒരു വൈദ്യുത ചാലകത്തെപ്പോലെ നമ്മുടെ മസ്തിഷ്‌ക്കത്തിലേക്ക് ശക്തമായി സംക്രമിപ്പിക്കുന്നതിൽ ഈ കവിത അന്യാദൃശമായ വിജയം കൈവരിക്കുന്നു. നമുക്കിടയിലെ ശാദ്വലമുണങ്ങുകയും, സ്വപ്നവും, യൗവനവും, ഭാവനയും ഇഴപിഞ്ഞിപ്പോവുകയും ചെയ്യുന്നു. എന്തിനെയാണ് നാം പിന്നെയും കാത്തിരിക്കുന്നത്? വത്സന്റെ കവിത്വം പൂർണ്ണതയെ സ്വപ്നം കണ്ട നിമിഷത്തിൽ എഴുതപ്പെട്ട ഈ കവിത അദ്ദേഹത്തിന്റെ കാവ്യജീവിതത്തിന്റെ ഏറ്റവും മഹത്തായ ഉപഹാരമായി നമ്മുടെ മുന്നിൽ നിൽക്കുന്നു.. എഴുപത്തി എട്ടിൽ എഴുതിയ ഈ കവിതയിൽ അസാധാരണമായ ബിംബങ്ങളുടെ ഒരു നിര തന്നെയുണ്ട്- പച്ചനിറമുള്ള ഉഷ്ണക്കാറ്റ് , കാനലിലണയുന്ന ഒരു മുറിച്ചൂട്ട്, കാളവണ്ടിക്കടിയിൽ തൂങ്ങി മരിച്ച റാന്തൽ വിളക്കിന്റെ അണയാത്ത കണ്ണ്, മൂപ്പെത്താത്ത വാരിയെല്ലുകൾ, തൂങ്ങി മരിച്ച ശവങ്ങൾ ഉയിർത്തുവരുന്ന സ്വപ്നം. ഈ ഇമേജറികളൊക്കെ നമ്മുടെ തപിക്കുന്ന കാലഘട്ടത്തിന്റെ രസനാളിയിലെ അങ്കനങ്ങളാവുന്നു. ആ തിളക്കുന്ന റീഡിങ്ങുകൾക്കൊത്ത് നമ്മൾ ഉയരുന്നില്ല എന്നതാണ് ദുരന്തം.

ആത്മവഞ്ചകർ പെരുകുന്ന ഈ കാലഘട്ടത്തിന്റെ വേദനയും രോഷവുമാണ് ""നമ്മുടെ വാക്കുകളിൽ നക്‌സലൈറ്റാവാം, കാരണം ആത്മവഞ്ചനക്കിവിടെ ശിക്ഷകളൊന്നുമില്ല മാന്യരെ ഇതപകടരഹിത മേഖലയാണ്'' എന്ന വരികളിൽ നീറിപ്പിടിക്കുന്നത്

സ്വന്തം ഗീതങ്ങൾ ഇല കുരുക്കാത്ത, സ്‌നേഹമുദിക്കാത്ത, മഹാ വന്ധ്യകാലത്തെക്കുറിച്ചുള്ള ഗീതങ്ങളാണെന്ന്, അവയാവാനേ തരമുള്ളു എന്ന് സ്വയമറിയേണ്ടി വരുന്നവന്റെ നീറുന്ന വേദനയാണ് കവിക്ക്. (വന്ധ്യകാല ഗീതങ്ങൾ). ഏഴു രാവും കടന്ന് ചങ്കിൽ രക്തച്ചുവയുമായി മലനിറുകയിലെത്തിയ വിപ്‌ളവകാരി ഒടുവിൽ വേശ്യാലയത്തിൽ നിന്ന് മടങ്ങുന്നവന്റെ വിരക്തിയോടെ നില്ക്കേണ്ടി വരുന്നു. ചിലപ്പോൾ അത് രാജപാതയ്ക്കരികിൽ വേരുറച്ചുപോയ ചൂണ്ടുപലകകളുടെ മാർഗദർശിത്വം സ്വീകരിച്ചിട്ടാവാം. അതുകൊണ്ട് സ്വയം വീണ്ടെടുക്കുവാനാണ് കവി ആഹ്വാനം ചെയ്യുന്നത്. സ്വയം ചൂണ്ടുപലകകളാവുക പക്ഷേ വെല്ലുവിളിയാണ്. ആ വെല്ലുവിളിയുടെ കാഠിന്യം ചിലപ്പോൾ നമ്മെ ആത്മവഞ്ചനയിലേക്ക് നയിച്ചേക്കാം.. ആത്മവഞ്ചകർ പെരുകുന്ന ഈ കാലഘട്ടത്തിന്റെ വേദനയും രോഷവുമാണ് ""നമ്മുടെ വാക്കുകളിൽ നക്‌സലൈറ്റാവാം, കാരണം ആത്മവഞ്ചനക്കിവിടെ ശിക്ഷകളൊന്നുമില്ല മാന്യരെ ഇതപകടരഹിത മേഖലയാണ്'' എന്ന വരികളിൽ നീറിപ്പിടിക്കുന്നത്.

മരിച്ച വീട് എന്ന കവിതയിലാണ് രാഷ്ട്രീയ പ്രശ്‌നങ്ങൾ തീവ്രമായി വിലയിരുത്തപ്പെടുന്നത്. ഒഴിഞ്ഞ കൺകുഴികളിൽ അഗ്‌നിയും, പ്രതികാരവും തിളക്കുന്നതിനും കൊലയാളികളും ഭരണകൂടവും തിന്നു തീർക്കുന്ന നിർദോഷികളുടെ കപാലത്തിൽ ഏറ്റവും കലുഷമായ ചിരിയുയിർക്കുന്നതിനും കവി സാക്ഷിയാണ്. പിന്നിൽ ഇലകളുടെ ചിറകനക്കങ്ങളും മരച്ചുവട്ടിൽ അക്ഷമമായ കുളമ്പടികളും..... ഒരു പുതിയ നാളെയിലേക്കുള്ള കുളമ്പടികളാണോ അത്? രാത്രി സങ്കീർത്തനത്തിൽ കവി യാമിനിയോട് പറയുന്നു:

""പാട്ടു പാടാനൊരു പാഴ്മുളം തണ്ടിൽ പടുമുളയെങ്കിലും കൂമ്പു കിളർത്തുക..... എങ്കിലും കോളു കൊള്ളുന്ന അശുഭാന്ത ചിന്തകൾ വീശിത്തണുപ്പിച്ച് ശ്യാമ പക്ഷങ്ങളാൽ ചൂടണച്ച് തളർന്ന കിനാക്കളുടെ നൂറു നൂറായിരം പൊന്നരി മുട്ട വിരിയിച്ചെടുക്കാൻ'' കവി രാത്രിയോട് അഭ്യർത്ഥിക്കുകയാണ്. ഈ സ്വപ്നങ്ങൾക്ക് പോലും ത്യാഗത്തിന്റെ ചോര കിനിയുന്ന അടിത്തറ ആവശ്യമാണെന്ന് കവി അറിയാതിരിക്കുന്നില്ല. അന്ത്യത്തിലെ മരണം ആന്ദ്രേ വൈദ പറയുന്നത് പോലെ ചിലപ്പോഴൊക്കെ അനിവാര്യമായിത്തീർന്നെന്നു വരാം.

""മഴ ക്കിപ്പോഴുമിളഞ്ചോര തൻ മണമാണെന്റെ രാത്രികളേതോ കതകിൽ മുട്ടാനാഞ്ഞ കൈയ്യിന്റെ നീളൻ നിഴലാണുറക്കങ്ങളിന്നും പിടഞ്ഞലറിക്കേണു മായും തരുണന്റെ ഭഗ്‌ന ബോധങ്ങളാണെ''ന്നും കവി പറയുന്നത് അതുകൊണ്ടാണ്.

പക്ഷേ ഏതു നിരാശയുടെ കൊടും കയത്തിലും നമുക്കു വേണ്ടി ഒരു കൊച്ചു വഞ്ചി കാത്തിരിക്കുന്നു. കവിതയുടെ സമാപ്തിയോടടുത്ത് ""ഒരാളും വന്നു മുട്ടാതെ അടഞ്ഞേ കിടന്നെപ്പോഴും'' കരയുന്ന ഒരു വാതിലിന്റെ ബിംബം കടന്നുവരുന്നുണ്ട്. ആ വാതിൽ വാഗ്ദത്ത ഭൂമിയിലേക്ക് തുറക്കുന്ന കവാടമാണ്. കരുത്തുറ്റ കൈകൾ വാതിൽപ്പാളിയോടിടയുമ്പോൾ വാതിൽ തുറക്കപ്പെടുക തന്നെ ചെയ്യുമെന്ന് കവി വിശ്വസിക്കുന്നു. കവി നമുക്കായ് കാത്തു വെക്കുന്ന നോഹയുടെ പെട്ടകമാണ് ആ വാതിൽ.

വത്സന്റെ കവിതകളിലെ നായകന് അഭയമായും സാന്ത്വനമായും ഉണരുന്ന സ്ത്രീത്വം പ്രത്യേകം പഠനമർഹിക്കുന്നു. ആത്മാവിന്റെ ദാഹമായ കാമിനിയുടേയും, സമൂഹ സ്വപ്നമായ വിപ്‌ളവത്തിന്റേയും സ്മരണകൾ വത്സന്റെ കവിതയിൽ സാന്ദ്രമായി കിടക്കുന്നത് കാണാം

കങ്കണങ്ങളുടെ സാന്ത്വനം

ദുഃഖങ്ങൾ നിർദയമായി മനുഷ്യനെ നായാടിപ്പിടിക്കുന്നു. അവന്റെ ആത്മാവിലേക്ക് നുഴഞ്ഞു കയറി ആശ്വാസമറ്റ വേദനയുടെ അന്തമറ്റ മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നു. ബുദ്ധൻ കണ്ടെത്തിയതു പോലെ മോഹങ്ങളാവാം ദുഃഖങ്ങൾക്ക് നിദാനം. പക്ഷേ മോഹങ്ങളില്ലാതെ സാധാരണ അർത്ഥത്തിൽ ജീവിതമില്ല. മനസ്സ് കേഴുമ്പോൾ നമ്മൾ നിഷ്‌ക്രിയരായിപ്പോവുന്നു. ഈ പതനത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കുന്നത് സാന്ത്വനമാണ്. പ്രത്യയശാസ്ത്രങ്ങളുടേയോ രക്ഷകന്റെയോ സാന്ത്വനമാവാം അത്. അല്ലെങ്കിൽ അമ്മ കാണാതെ ഒരു പിടി ക്ലാന്തികൾ ഇറുത്തയക്കുന്ന പ്രിയയുടെ സാന്ത്വനവുമാവാം. ഏതായാലും വത്സന്റെ കവിതകളിൽ കാമിനിയുടെ മായിക ലോകത്തിന്റെ സാന്ത്വനത്തിന് വളരെ പ്രസക്തിയുണ്ടെന്ന് തോന്നുന്നു.

വിഷാദക്കുറിപ്പ്, മുറിവുകൾ, ആരണ്യകം, മുഴക്കങ്ങൾ എന്നീ കവിതകളിലെല്ലാം കവി വീണ്ടും വീണ്ടും വിളിച്ചടുത്തേക്കണക്കുന്ന ഓമനയായ ഒരു സ്ത്രീത്വം പ്രത്യക്ഷപ്പെടുന്നുണ്ട്. വന്ധ്യകാല ഗീതങ്ങളിൽ ആ സ്ത്രീത്വം, മൃഗമിഴികളിൽ ലാസ്യവും, നിറമാറിൽ സ്ത്രീത്വവുമുള്ള ആ രൂപം, കടലിന്റെ ആഴങ്ങളിലേക്ക് താണു താണുപോവുന്നതും നോക്കി കണ്ഠത്തിൽ മാറാല കെട്ടി കരയാൻ പോലുമാവാതെ കവിക്കിരിക്കേണ്ടി വരുന്നു. മഹാ വന്ധ്യകാലത്ത് അതല്ലാതെ പ്രതീക്ഷിക്കാനാവില്ലല്ലോ. പക്ഷേ തന്റെ മോഹങ്ങൾക്ക് അഭയമാവുന്ന സ്വപ്നങ്ങൾക്ക് നിറം പകരുന്ന ആ സ്ത്രീത്വം കവിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പെരുവഴിവക്കിൽ, മേടച്ചൂടിൽ അരയാൽച്ചുവട്ടിൽ നിൽക്കുമ്പോൾ അവളുടെ ശുഭ്രമായ വസ്ത്രാഞ്ചലം കവിയുടെ ചുണ്ടിൽ മലന്തുടിപ്പാട്ടിന്റെ വൈഖരിയുണർത്തുന്നു(വിഷാദ ക്കുറിപ്പ്). ഗോളാന്തരത്തിൽ വിളുമ്പിലെ പാതയിൽ പാമരം പൊട്ടി പ്രിയയെ പിരിയേണ്ടിവരുന്നു എന്ന വേദനയാണ് മുറിവുകളിൽ. ആരണ്യകത്തിലാകട്ടെ നമ്മളെ നിത്യമായ് മൗനം വിഴുങ്ങുന്നതിനു മുമ്പ് തരിക നിൻ ചുണ്ടുകൾ എന്ന അർത്ഥന ഇതൾ വിരിയുന്നു.

വത്സന്റെ കവിതകളിലെ നായകന് അഭയമായും സാന്ത്വനമായും ഉണരുന്ന സ്ത്രീത്വം പ്രത്യേകം പഠനമർഹിക്കുന്നു. ആത്മാവിന്റെ ദാഹമായ കാമിനിയുടേയും, സമൂഹ സ്വപ്നമായ വിപ്‌ളവത്തിന്റേയും സ്മരണകൾ വത്സന്റെ കവിതയിൽ സാന്ദ്രമായി കിടക്കുന്നത് കാണാം. വത്സന്റെ കവിത്വം ഈ ധ്രുവങ്ങൾക്കിടയിൽ എവിടെയോ വെച്ച് നിരന്തരം ഊർജം സംഭരിക്കുന്നു.
കവി പുതിയ മിത്തിന്റെ സൃഷ്ടാവാണ്. പഴയ മിത്തുകളോട് ആഴത്തിൽ പ്രതികരിക്കുക വഴിയെ അത് സാധിതപ്രായമാവുകയുള്ളൂ.

സുഗതകുമാരി/ അയ്യപ്പപണിക്കർ/ photo: wikimedia commons

കുരുക്ഷേത്രമെഴുതിയ അയ്യപ്പപണിക്കരും പാവം മാനവ ഹൃദയമെഴുതിയ സുഗതകുമാരിയും ഈ ജൈവ പ്രവർത്തനത്തിന്റെ രണ്ട് ഉജ്വല ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്. വത്സനുമതെ, പഴയ മിത്തുകളെ സ്വാംശീകരിക്കാനും പുതിയ മിത്തിന്റെ സൃഷ്ടാവാകുവാനും തുനിയുന്നു. രാമായണത്തിന്റെ പ്രബലമായ സ്വാധീനം വത്സന്റെ പല കവിതകളിലും പ്രകാശം ചൊരിഞ്ഞ് കിടക്കുന്നത് കാണാം. ദേവയാനം, നിരാശാഗീതം എന്നീ കവിതകളിൽ രാമായണത്തിന്റെ സന്ധികളിലൂടെ നാം കടന്നുപോവുന്നു. ആരണ്യകത്തിൽ മാനം നിറഞ്ഞ മനസ്സുമായി കവിയും, കാമിനിയും നിൽക്കുമ്പോൾ മേഘങ്ങൾ രാമഗിരി പരതി പറക്കുന്നതായി കവി പറയുന്നു. ആ മനസ്സുകളുടെ വിങ്ങലിലേക്കും പരസ്പരം സംവദിക്കാനുള്ള മോഹത്തിലേക്കും എത്ര വാക്കുകൾ ഉപയോഗിച്ചാലും ലഭിക്കാത്ത പ്രകാശം പകരാൻ ആ മൂന്നു വാക്കുകൾക്ക് കഴിഞ്ഞിരിക്കുന്നു. നമ്മുടെ കാലഘട്ടത്തിൽ പിറവി കൊണ്ടിട്ടുള്ള അസാധാരണങ്ങളായ കലാസൃഷ്ടികളോടും പ്രതികരിക്കുമ്പോഴും സംവേദനശീലനായ എഴുത്തുകാരൻ പേനയും, കടലാസും കൂട്ടിത്തൊടുവിച്ച് പോവാറുണ്ട്.

പിക്കാസോയുടെ ഗൂർണിക്ക

പിക്കാസോയുടെ ഗൂർണിക്ക എന്ന പ്രശസ്ത ചിത്രവുമായി സർഗാത്മകമായി പ്രതിസ്പന്ദിച്ച കവി, യുദ്ധത്തിന്റെ അപാരമായ ഭീകരതയെ വെളിപ്പെടുത്താൻ, ആ ചിത്രത്തിന്റെ വാങ്മയ രൂപങ്ങൾ രാത്രി സങ്കീർത്തനം എന്ന കവിതയുടെ ആദ്യ ഭാഗത്ത് സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു. ദെസ്തയോവസ്‌ക്കിയുടെ ക്ലാസിക്ക് നോവലായ കാരമസോവ് സഹോദരന്മാരിലെ ഐവാന്റെ നാമം രാവേഴും കടന്ന് മല നെറുകയിലെത്തുന്ന വിപ്ലവകാരിയുടെ മനസ്സിലെ തീക്ഷ്ണ ചിന്തകൾ പകരാൻ കവി ഫലപ്രദമായി ഉപയോഗിച്ചിരിക്കുകയാണ് വന്ധ്യകാല ഗീതങ്ങളിൽ . ""ഐവാൻ ഫയദരോവിച്ച് നീയെന്നെ തളർത്തുന്നു'' എന്ന ഒറ്റവരി, ഐവാൻ അലോഷ്യയോട് പറയുന്ന ‘ദി ഗ്രാന്റ് ഇൻക്വിസിറ്റർ' എന്ന ഗദ്യ കവിതയുടെ ഓർമയാണ് നമ്മിലുണർത്തുന്നത്.

ഫിയോദർ ദസ്തയേവ്‌സ്കി/ photo: wikimedia commons

വിപ്ലവത്തേയും സ്വാതന്ത്യത്തേയും പറ്റിയുള്ള അടിസ്ഥാനപ്രശ്‌നങ്ങൾ നിറഞ്ഞ ആ കഥ, പോരാളിയുടെ മനസ്സിൽ നിറയുന്ന ഉത്തരമറിയാത്ത ഗാഢവും സന്നിഗ്ധവുമായ ചിന്തകൾ അനുവാചകനിലേക്ക് സംക്രമിപ്പിക്കുവാൻ കവി തിരഞ്ഞെടുത്തിരിക്കുകയാണ്. സ്വീഡിഷ് സംവിധായകനായ ബർഗ്മന്റെ സെവൻത് സീൽ എന്ന ഉൽകൃഷ്ടമായ ചലച്ചിത്രവും. ഈ ചിത്രത്തെപ്പറ്റി പീറ്റർ ഹാർകോർട്ട് എഴുതിയ വിചിന്തനവും' വ്രണിത തീർത്ഥാടനമെന്ന തന്റെ കവിതയുടെ ഭാവ ഘടന കരുപ്പിടിപ്പിക്കുവാൻ വത്സന് സഹായമരുളിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു അയഥാർഥ ദർശനത്തെ പിന്തുടർന്ന് സ്വന്തം ജീവിതം നഷ്ടപ്പെടുത്തുന്ന ഒരാളായിട്ടാണ് ഹാർ കോർട്ട് ആ സിനിമയിലെ നായകനായ അന്റോണിയസ് ബ്ലോക്കിനെ വിലയിരുത്തുന്നത്. തന്റെ കവിതയിൽ, വൽസനും സംശയിക്കുന്നത് അതു തന്നെയാണ്. ഉറുമ്പരിക്കുന്ന സ്വപ്നങ്ങൾ, മതിലിലിടിച്ചു ചാവുന്ന ദേശാടനപ്പക്ഷികൾ ... താൻ പിന്തുടർന്നത് ഒരു മരീചികയാണോ? ഏതായാലും സിനിമയുടെ അന്ത്യത്തിൽ ഏഴാം മുദ്ര തുറക്കപ്പെടുകയും മരണത്തിൽ നിന്ന് ജീവിതം ഉയിർക്കൊള്ളുകയും ചെയ്യുന്നത് ഒട്ടേറെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. കവിതയിലുമതെ, ഒരാളും വന്നു മുട്ടാതെ അടഞ്ഞുകിടക്കുന്ന വാതിലിനെ സൂചിപ്പിക്കുക വഴി പുതു ജീവിതപ്പിറവിയുടെ പച്ചപ്പിന്റെ പാതയിലേക്ക് പ്രത്യാശയോടെ കവി ഉറ്റുനോക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇങ്മർ ബർഗ്മന്റെ സെവൻത് സീൽ എന്ന ചിത്രത്തിലെ ദൃശ്യം

നമ്മൾ പരസ്പരം മിണ്ടുന്നില്ല

എഴുത്തുകാരൻ പിറവി കൊള്ളുന്നത് ദാർശനികനായല്ല. പ്രാഥമികമായി, അവസ്ഥകളോട് തീവ്രവും വൈകാരികവുമായി പ്രതിസ്പന്ദിക്കുകയാണ് അയാൾ ചെയ്യുന്നത്. നൊമ്പരത്തിന്റെ അഗ്‌നികുണ്ഡത്തിൽ നിന്ന് സംവേദനത്തിന്റെ ആയിരം ചിറകുകളുമായി കവി പറന്നുയരുന്നു. തീക്ഷ്ണമായ ഈ സംവേദനം കവിക്ക് ഒരു ദർശനം നൽകുന്നു. അതിതാണ്. "നമ്മൾ പരസ്പരം മിണ്ടുന്നില്ല, നമ്മൾ പരസ്പരം മിണ്ടുന്നില്ല'. ഈ വെളിപാടിന് വിപുലമായ ഒരർത്ഥമുണ്ട്. നമ്മുടെ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളെയും അവയിലെ പ്രത്യയ ശാസ്ത്രപരമായ വിടവുകളെയും ദൗർബല്യങ്ങളെയുമൊക്കെ സ്പർശിക്കുന്ന വലിയ അർത്ഥം. പരസ്പരം കൈകോർത്തു കൊണ്ട് മാത്രമേ നമുക്ക് പ്രഭാതത്തിലേക്ക് എത്താനാവൂ എന്ന് ധ്വനിപ്പിക്കുകയാണ് കവി.

കസാൻദ്‌സാക്കിസിന്റെ മനൊലിയാസ് ക്രിസ്തുവിന്റെ കരുണാർദ്രമായ മുഖം സൃഷ്ടിക്കുവാനാശിച്ചെങ്കിലും ഒടുവിൽ ക്രിസ്തുവിന് പോരാളിയുടെ മുഖമാണുണ്ടായത്. വൽസന്റെ കവിതയ്ക്കും സംഭവിക്കുന്നത് അതാണെന്ന് തോന്നുന്നു

ഈ ധ്യാനാത്മകമായ ഉദ്‌ബോധനത്തിന് കവിയെ അർഹനാക്കുന്നത് മാനസികമായ ഒരു യാത്രയാണ്. ഒരു തീർത്ഥയാത്ര. നമ്മുടെ കാലഘട്ടത്തിന്റെ വിപര്യയത്തിലൂടെ പുരോഗമന പ്രസ്ഥാനങ്ങളുടെ തളർച്ചയിലൂടെ സാംസ്‌കാരിക ജീവിതത്തിന്റെ ജീർണ്ണതയിലൂടെ കണ്ണു തുറന്നു പിടിച്ച് കാത് ഏകാഗ്രമാക്കി കവി കടന്നുപോയിട്ടുണ്ട്. ഒടുവിൽ തുടിക്കുന്ന ഹൃദയത്തോടെ കവി വിളിച്ചു പറയുന്നു. നമ്മൾ പരസ്പരം മിണ്ടുന്നില്ല. വൽസന്റെ ഈ ദർശനം മൂർത്തമായി തെളിയുന്നത് പരപ്പനാടൻ കുറിപ്പുകളിലാണ്.
""ചിറകുള്ള വചനങ്ങൾ'' കവിക്കാവേശമാവുന്നതും, ""ഗർഭം ധരിക്കാത്ത വാക്കുകൾ'' വേദനയാവുന്നതും ശ്രദ്ധിക്കുക. ആരണ്യകത്തിൽ ""തരിക നിൻ ചുണ്ടുകൾ'' എന്ന് കാമിനിയോട് പറയുമ്പോൾ ലൈംഗികമായ അർത്ഥ ധ്വനികൾക്കപ്പുറത്ത് വൽസന്റെ അടിസ്ഥാന ദർശനത്തിന്റെ കവാടമാണതെന്ന് നാം തിരിച്ചറിയുന്നുണ്ട്. ""വരിക ഒരു മുദ്ര കൂടി പൊട്ടിച്ചു നോക്കുക മൗനത്തിന്റെ മുറിവിൽ തേക്കാൻ ഒരു പച്ചില കിട്ടിയേക്കും'' എന്ന് കവി ആശ്വസിക്കുകയാണ് ഒടുവിൽ

കസാൻദ്‌സാക്കിസിന്റെ മനൊലിയാസ് ക്രിസ്തുവിന്റെ കരുണാർദ്രമായ മുഖം സൃഷ്ടിക്കുവാനാശിച്ചെങ്കിലും ഒടുവിൽ ക്രിസ്തുവിന് പോരാളിയുടെ മുഖമാണുണ്ടായത്. വൽസന്റെ കവിതയ്ക്കും സംഭവിക്കുന്നത് അതാണെന്ന് തോന്നുന്നു. കാൽപനികതയുടെ അനുഗായകനായി രംഗത്തു വരികയും പേമാരിയായ് പെയ്യുന്ന ഇളം ചോരയും സമൂഹത്തിന്റെ പിടയുന്ന നിശ്ശബ്ദതയും കണ്ട് തീപാറുന്ന കപാലങ്ങളുടെ പൊള്ളുന്ന ഓർമ്മകളിൽ ഒരു മാസ് മെഡിസിനു വേണ്ടി വേപഥുവോടെ അന്വേഷണമാരംഭിക്കുകയും ചെയ്ത ഈ കവിക്ക് മൗനത്തിന്റെ മുറിവിൽ തേയ്ക്കാൻ ഒരു പച്ചില ആരാണ് ചൂണിക്കാണിച്ചു കൊടുക്കുക?

ദശകങ്ങൾ കടന്നുപോയി. ഉത്തരാധുനിക മലയാള കവിതയിൽ തരുണ കവികളായ ആദിൽ മഠത്തിലിന്റേയും, അനുശ്രീയുടേയും (ഉടലിൽ ചിത്രമെഴുതുന്നവൾ ) അരുൺ പ്രസാദിന്റെയുമൊക്കെ കവിതകളിൽ വത്സന്റെ കവിതകളുടെ ഇലയനക്കം പലപ്പോഴും ആഹ്‌ളാദത്തോടെ തൊട്ടറിഞ്ഞിട്ടുണ്ട്. ഏകലവ്യനെപ്പോലെ എൻ. എസ്. മാധവനെയെങ്കിലും ഗുരുവാക്കി സി.പി. വത്സൻ സ്വയം വീണ്ടെടുത്തു കാണാൻ ആശിക്കുന്നു. ""ഇരമ്പിയാർത്തു പോയ ക്ഷുഭിതകാലം മറവി കൊണ്ട് മുദ്ര''വെക്കരുത്. ""അഭയാർത്ഥികളുടെ കണ്ണീർ കൊണ്ട് വീഞ്ഞുണ്ടാക്കി ആയിരങ്ങളെ ഊട്ടാൻ'' കാലത്തിന് ഇനിയും/എന്നും ബാല്യമുണ്ട്. നിശ്ശബ്ദത ചിലപ്പോൾ ഒറ്റക്കുത്തിന് പൊട്ടിക്കാവുന്ന ബലൂൺ കൂടിയാണ്.

സി.പി. വൽസൻ എഴുതിയ പരപ്പനാടൻ കുറിപ്പുകൾ എന്ന കവിത

ചിലന്തിവലക്കിടയിൽനിന്ന് ഒരു പ്രഭാതത്തെ ഞാൻ അടർത്തിയെടുത്തു കൂടുമറന്ന ഒരു കിളിക്കു ഞാൻ വഴി പറഞ്ഞു കൊടുത്തു. കൊടുങ്കാറ്റിൽ കടപുഴകിയ ഒരു മരം ഞാൻ നിവർത്തിക്കുഴിച്ചിട്ടും കാറ്റിന്റെ നെടുവീർപ്പ് അവസാനിക്കാതിരിക്കെ ആറ്റു കൈതയുടെ എല്ലാ കാലുകളും അക്ഷമമായി മണ്ണിൽ നിന്നുയർന്നിരിക്കെ കടലിലെ എല്ലാ കപ്പൽപ്പായും കാറ്റിനു തന്നെ കാതോർക്കെ ഗർഭം ധരിക്കാത്ത വാക്കുകൾ മാത്രം വിളയുന്ന ഭൂമിയിൽ വിയർപ്പുണങ്ങിപ്പിടിച്ച നിശ്ശബ്ദത മാത്രം. പച്ച നിറമുള്ള ഒരുഷ്ണക്കാറ്റും ചിരി മറന്ന ഒരു കിളിന്തുമോണയും മൂപ്പെത്താത്ത കുറേ വാരിയെല്ലുകളും വരൂ... വിരലുകൾ നിവർത്തി ഞാനിതു കാണിച്ചു തരാം. സ്വപ്നങ്ങളും, വിത്തുകളും പൊടിഞ്ഞു ചേർന്ന ഒരുനുള്ള കറുത്ത മണ്ണ്. 2 മഞ്ഞുകാലം കഴുകിത്തുടച്ച ഒരു കരിങ്കല്ലുണ്ടിവിടെ വക്കു പോയ പിഞ്ഞാണത്തുണ്ടിൽ ഒരു തുള്ളി വിഷമുണ്ടിവിടെ. മോഹങ്ങൾ തലകീഴായ്ത്തൂങ്ങുന്ന ഒരു പേരാലുണ്ടിവിടെ അങ്ങില്ലാ പ്പൊങ്ങു പോലലയുന്ന ഒരു ഇലയുണിവിടെ. പിന്നെ ഒരു പെരുവിരലും സുഷുപ്തിയും തൂങ്ങി മരിച്ച ശവങ്ങൾ ഉയിർത്തു വരുന്ന സ്വപ്നവും എല്ലാമുണ്ടിവിടെ. 3 തീയെരിഞ്ഞു പോയ ഒരു മഹാനഗരത്തിലെ പ്ലേഗടിച്ചു കൊഴിച്ച ഒരു ജനപഥത്തിലെ ശേഷിച്ച അവസാനത്തെ കുഞ്ഞ്... മരുഭൂമിയിലെ രസനാളിയിൽ ചിറകുള്ള വചനങ്ങൾ... മണൽ നിറച്ച നാഴികവട്ടിയിൽ സ്വപ്നങ്ങളുടെ തരികൾ... ഒരു ശബ്ദവുമുയരാത്തതെന്താണ് ? ഒരു പൊരുളും ഉരുവം കൊള്ളാത്തതെന്താണ്? കണ്ണുകളിൽ ഇത്രയേറെ മേഘങ്ങൾ പെയ്യാനിരിക്കേ, ഹൃദയം സദാ ക്ഷീരപഥങ്ങളിൽ ചുക്കാൻ പൊട്ടിയലയവേ, വിരൽത്തലപ്പുകൾ മരവിച്ചിരിക്കേ, നമുക്കിടയിലെ ശാദ്വല മുണങ്ങുന്നതും സ്വപ്നവും ഭാവനയും യൗവ്വനവും ഇഴപിരിഞ്ഞ് പോവുന്നതും, നമ്മളറിയാത്തതെന്താണ്?

* ആനന്ദ് **പോഞ്ഞിക്കര റാഫിയുടെ ‘കലിയുഗ’ത്തിൽ അങ്ങിനെ ഒരു വാദമുഖമുണ്ട്


ഡോ. എം. മുരളീധരൻ

എഴുത്തുകാരൻ, ചെയർമാൻ- പൊതുജനാരോഗ്യ ബോധവത്കരണ സമിതി, ഐ.എം.എ കേരള.

Comments