യോന വല്ലാക്ക്, ഒരു അഭിമുഖത്തിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട്. / Photo: Micha Kirshner via haaretz.com

‘ഹീബ്രു ഭാഷ ഒരു സെക്‌സ് മാനിയാകാ'ണെന്ന്​
​യോന വൊല്ലാക്ക് പറയുന്നു

യോനയെ പോലെയുള്ള ആയിരക്കണക്കിന് ജൂത പുരുഷന്മാർക്കും ജൂത സ്ത്രീകൾക്കും വേണ്ടി നിർമിക്കപ്പെട്ട രാഷ്ട്രത്തിൽ, ആ രാഷ്ട്രത്തിന്റെ ഭാഷയായ ഹീബ്രുവിൽ വളരെ സെൻഷ്വസും ഇറോട്ടിക്കും ആയ ഒരു പുതിയ കാവ്യഭാഷ കണ്ടെത്തി കൊണ്ടാണ് യോന തന്റെ കലയുടെ subversion സാധ്യമാക്കുന്നത്.

1944 ലാണ് യോന വൊല്ലാക്ക് (1944-1985) ജനിക്കുന്നത്.1944 ഇൽ ഇസ്രോയൽ എന്ന ജൂത രാഷ്ട്രം നിലവിൽ വന്നിട്ടില്ല. 1947 ലാണ് പലസ്​തീൻ വിഭജിച്ച് അറബ് വംശജർക്കും ജൂതവംശജർക്കും വേറെ വേറെ രാഷ്ട്രം എന്ന തീരുമാനം യുണൈറ്റഡ് നാഷൻസ് മൂന്നോട്ടു വെക്കുന്നത്. പിന്നീടുണ്ടായ ആഭ്യന്തര യുദ്ധത്തിനെ തുടർന്ന് 1948 ൽ ഇസ്രായേൽ നിലവിൽ വന്നു.

1948-ലെ അറബ്- ഇസ്രായേൽ യുദ്ധത്തിൽ, യോനയ്ക്ക് നാലു വയസ്സുള്ളപ്പോൾ, അച്ഛൻ കൊല്ലപ്പെട്ടു. കുടിയേറ്റക്കാരായി 1930 കളിൽ പലസ്​തീനിലെത്തിയ അച്ഛനമ്മമാരുടെ മകളായ യോന സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ വഴക്കാളിയായി മുദ്രകുത്തപ്പെട്ടു. അവർ സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു. യോന ഹൈസ്‌കൂളിൽ തന്നെ പഠിത്തം ഉപേക്ഷിച്ചു. യോനയുടെ പിൽക്കാല ജീവിതം കവിതയും മനോരോഗവും ഡ്രഗ്‌സും ലൈംഗികതയും queering -ഉം കലർന്ന ഒരു പെർഫോമൻസ് ടെക്​സ്​റ്റ്​ എന്ന രീതിയിൽ വായിച്ചെടുക്കാവുന്നതാണ്.

Sexuality യിൽ ആരാണ് സ്ത്രീ ആരാണ് പുരുഷൻ എന്നത് വളരെ വ്യവസ്ഥാപിതമായ കാഴ്ചപ്പാടാണ്. അതിനെ എങ്ങനെ മറിക്കടക്കാം എന്നതല്ല പലപ്പോഴും യോനയുടെ സംശയം. മറിച്ച് അതിനെ എങ്ങനെ പ്രശ്‌നവൽക്കരിക്കാം എന്നതാണ്.

യോനയെ പോലെയുള്ള ആയിരക്കണക്കിന് ജൂത പുരുഷന്മാർക്കും ജൂത സ്ത്രീകൾക്കും വേണ്ടി നിർമിക്കപ്പെട്ട രാഷ്ട്രത്തിൽ, ആ രാഷ്ട്രത്തിന്റെ ഭാഷയായ ഹീബ്രുവിൽ വളരെ sensuous ഉം erotic ഉം ആയ ഒരു പുതിയ കാവ്യഭാഷ കണ്ടെത്തി കൊണ്ടാണ് യോന തന്റെ കലയുടെ subversion സാധ്യമാക്കുന്നത്. ഒരു പുതിയ ഭാഷ ‘forge' ചെയ്യുന്നതുതന്നെ ഒരു പെർഫോമൻസാണ്. നമ്മൾ വിവർത്തനത്തിലാണ് അവരുടെ കവിത വായിക്കുന്നതെങ്കിലും യോനയുടെ ഭാഷയുടെ സങ്കീർണത ഊഹിക്കാവുന്നതെയുള്ളൂ. തന്റെ രാജ്യം ഉയർത്തിപ്പിടിക്കുന്ന വംശീയതയെ അവർ നേരിട്ട് കവിതയിൽ കൊണ്ടു വരുന്നില്ല. എന്നിരുന്നാലും യോനയുടെ ഭാഷ പൊതുവിൽ എല്ലാത്തരം അധികാരത്തെയും പ്രശ്‌നവൽക്കരിക്കുന്നു. അത് ഭാഷയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നു. അത് മതത്തെയും അതിന്റെ ആൺഭാഷ്യത്തെയും പൊളിച്ചെഴുതുന്നു. അത് സ്ത്രീയിലേക്കും പുരുഷനിലേക്കും പോവുന്ന അതേ വേഗതയിൽ അതിനെ കവിഞ്ഞും കലർന്നും പ്രത്യക്ഷപ്പെടുന്നു.

യോന വൊല്ലാക്ക്

Sexuality യിൽ ആരാണ് സ്ത്രീ ആരാണ് പുരുഷൻ എന്നത് വളരെ വ്യവസ്ഥാപിതമായ കാഴ്ചപ്പാടാണ്. അതിനെ എങ്ങനെ മറിക്കടക്കാം എന്നതല്ല പലപ്പോഴും യോനയുടെ സംശയം. മറിച്ച് അതിനെ എങ്ങനെ പ്രശ്‌നവൽക്കരിക്കാം എന്നതാണ്. യോന അത് പ്രശ്‌നവൽക്കരിക്കുന്നത് വിഭ്രമാത്മകമായിട്ടാണ്. ആ പ്രശ്‌നം നിലനില്ക്കുന്നത് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും കുടുംബത്തിന്റെയും മതത്തിന്റെയും ഏകാശിലാത്മകമായ ചിഹ്​ന വ്യവസ്ഥയിലാണ്. ജനാധിപത്യമില്ലാത്ത സ്ത്രീ പുരുഷബന്ധങ്ങളിലാണ്. അതിന്റെ വേരിൽ നിന്ന് തന്നെയാണ് ഫാസിസത്തിന്റെ തുടക്കം. അത് മനസ്സിലാക്കുന്ന ഒരാൾക്ക് മാത്രം എഴുതാൻ സാധിക്കുന്ന കവിതയാണ് യോനയുടേത്. യോനയുടെ കവിതയിൽ sado-masochist എന്നു വിളിക്കാവുന്ന തരം ബന്ധങ്ങളുടെ നീണ്ട നിര തന്നെ കാണാം. അവർ അതിനെ നാടകീയമാക്കി അവതരിപ്പിക്കുന്നു.

യോനയുടെ‘ഹീബ്രു' എന്ന കവിത നോക്കാം.
ഭാഷയുടെ മസ്‌കുലിൻ അംശങ്ങളെ കവി പ്രശ്‌നവൽക്കരിക്കുന്നു.
ഹീബ്രു ഭാഷയിൽ ‘ഞാൻ'/ ‘നീ' പുരുഷനാണോ സ്ത്രീയാണോ എന്ന് വ്യക്തമാണ് എന്നതാണ് യോന പറയുന്നത്. മിക്കവാറും അതൊരു പുരുഷൻ തന്നെ. അവിടെ വ്യാകരണ നിയമങ്ങൾ കവിയ്ക്ക് സ്വീകാര്യമാവുന്നില്ല. യോന മറ്റൊരു ഭാഷയുണ്ടാക്കുന്നു. ഹീബ്രു മാത്രമല്ല പുരുഷന്മാർ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി നിർമിച്ച ഏതുഭാഷയും സെക്‌സ് മാനിയാക് അല്ലാതെ വേറൊന്നുമാവാൻ വഴിയില്ല. പിന്തുടർന്നെഴുതുന്നവർ അതിനെ തിരിച്ചിട്ടേക്കാം. ഹിറ്റ്‌ലറുടെ ജർമൻ ഭാഷയല്ല പോൾ സെലാൻ എന്ന കവിയുടെ ജർമൻ ഭാഷ. അതിൽ തന്നെ സെലാന്റെയും യോനയുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. യോനയുടെ സ്വത്വം അവരുടെ രാഷ്ട്രത്തിനു വളരെ വേണ്ടപ്പെട്ട ഒന്നും സെലാന്റെത് അരികുവൽക്കരിക്കപ്പെട്ട ഒരാളുടേതുമാണ്. രണ്ടുപേരും ജൂതമതത്തിൽ പെട്ടവരും അവരുടെ രാഷ്ട്രീയാനുഭവം രണ്ടു തരത്തിലുമാണ്. അതേ സമയം യോനയുടെ മുൻതലമുറകളിൽ സെലാന്റെ അനുഭവം ഉൾച്ചേർന്നിട്ടുണ്ട്.

ആശയം ചുരുക്കിപ്പറയാൻ സാധിക്കുന്ന കവിതയല്ല യോനയുടേത്. അത് Sensory യും sensuous ഉം ആണ്. പലപ്പോഴും അരാഷ്ട്രീയതയാണ് അതിന്റെ രാഷ്ട്രീയം.

1945 ൽ സെലൻ പലസ്തീനിലേക്ക് കുടിയേറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പരാജയപ്പെടുകയും പിന്നീട് പാരീസിൽ അഭയം തേടുകയും ചെയ്തു. യോനയുടെ മാതാപിതാക്കളെ പോലെ പലസ്തീനിലെത്തുകയും ഇസ്രയേലി പൗരത്വം സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ സെലാന്റെ ഭാഷ മറ്റൊന്നാവുമായിരുന്നു. കുടിയേറ്റവും പലായനവുമൊക്കെയായി കൂടിച്ചേർന്നു കിടക്കുന്ന സങ്കീർണ അവസ്ഥകൾ അവർ ഭാഷയ്ക്കുള്ളിൽ പ്രവർത്തിപ്പിക്കുന്നു. ഫാസിസത്തിനെതിരെ എഴുതിയവരിൽ മുന്നണി പോരാളിയായി എണ്ണപ്പെടുന്ന പാബ്ലോ നെരൂദയുടെ ഭാഷ സുതാര്യവും വ്യക്തവുമാണ്. അദ്ദേഹം കമ്യൂണിസ്റ്റ്കാരുടെ, എല്ലാർക്കും മനസ്സിലാവുന്ന ഭാഷയുടെ, കവി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ പാർട്ടി പിൽക്കാലത്ത് ലോകത്തിന്റെ പലയിടങ്ങളിൽ ഫാസിസം സ്ഥാപിച്ച പാർട്ടി കൂടിയായി മാറിയിട്ടുണ്ട്. സോവിയറ്റ് ഉക്രയിനിൽ, ‘ഹോൾഡെമോർ' വംശഹത്യയിൽ, 1932-1933 കാലത്ത് കോടിക്കണക്കിന് ആളുകളാണ് പട്ടിണി കിടന്ന് മരിച്ചത്. ആ ചരിത്രം ചൈനയിൽ ഇന്നു നടക്കുന്ന ഉയ്​ഗൂർ വംശഹത്യ വരെ നീളുന്നതാണ്.

പാബ്ലോ നെരൂദ / Photo: santiagonostalgico, flickr

വലിയ ഒരു അധികാര വ്യവസ്ഥയെ നേരിട്ട് അറിയുകയും എഴുതുകയും ചെയ്ത നെരൂദ ശ്രീലങ്കയിൽ വെച്ച്​ ഒരു സ്ത്രീയെ റേപ്പ് ചെയ്തപ്പോൾ കാണിച്ച ദുരാധികാരം തന്നെയാണോ അദേഹം കവിതയിലൂടെ എതിരിട്ട അധികാരം എന്നു ചോദിച്ചാൽ അദ്ദേഹത്തിന്റെ കവിതയുടെ നിലനിൽപ്പ് ദുർബലമാവും. ഇത്രയും പറഞ്ഞത് ഭാഷ, അധികാരം, വിവിധ സ്വത്വങ്ങൾ, എത്ത്​നിസിറ്റി, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പല വശങ്ങളുടെ സങ്കീർണതയെ കുറിച്ച് സൂചിപ്പിക്കാനാണ്. ഒരു ദിശയിൽ സഞ്ചരിച്ചാൽ കിട്ടുന്ന ഉത്തരങ്ങൾ ഇല്ല ഇതിൽ പലതിനും. പലസ്തീനിൽ എഴുതപ്പെടുന്ന വളരെ പൊളിറ്റിക്കലായ കവിതയുടെ ഭാഷ ഇസ്രയേൽ എന്ന അധിനിവേശ രാഷ്ട്രത്തെ റദ്ദു ചെയ്യുന്നതാണ്.

ഹീബ്രു മാത്രമല്ല പുരുഷന്മാർ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി നിർമിച്ച ഏതുഭാഷയും സെക്‌സ് മാനിയാക് അല്ലാതെ വേറൊന്നുമാവാൻ വഴിയില്ല.

യോനയുടെ മാസ്റ്റർബേഷൻ', ‘വെൻ യു കം ടു സ്ലീപ് വിത്ത് മി കം ലൈക് മൈ ഫാദർ’, ‘സ്‌ട്രോബെറിസ്' തുടങ്ങിയ കവിതകൾ റോളുകൾ റിവേഴ്‌സ് ചെയ്യുക മാത്രമല്ല, ആരാണ് സ്ത്രീ, ആരാണ് പുരുഷൻ എന്ന ചോദ്യത്തെ സങ്കീർണമാക്കുന്നു. ‘ടെഫ്‌ലിൻ' (tefillin) എന്ന വളരെ ഒച്ചപ്പാടുണ്ടാക്കിയ കവിതയിൽ യോന ജൂത മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരു ചിന്ഹത്തെ sexualize ചെയ്ത് ഉപയോഗിക്കുന്നു. ജൂത മതത്തിനെയും ജൂത പുരുഷന്മാരെയും അവഹേളിച്ച, ഇസ്രയേൽ എന്ന രാഷ്ട്രത്തിനെ മുഴുവൻ അപമാനിച്ച ഒരു ‘porn' ആണ് ടെഫ്‌ലിൻ എന്ന കവിത എന്നാണ് അന്ന് പലരുമതിനെ വിശേഷിപ്പിച്ചത്. യോന ഒരു സ്ത്രീയല്ല, ഒരു മൃഗമാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളുണ്ടായി. ആശയം ചുരുക്കിപ്പറയാൻ സാധിക്കുന്ന കവിതയല്ല യോനയുടേത്. കാരണം അത് അനുഭവിക്കലിന്റെയാണ്. Sensory യും sensuous ഉം ആണ്. പലപ്പോഴും അരാഷ്ട്രീയതയാണ് അതിന്റെ രാഷ്ട്രീയം.

യോന വല്ലാക്ക്, ഒരു അഭിമുഖത്തിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട്. / Photo: Micha Kirshner via haaretz.com

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ ലോകമഹാ യുദ്ധങ്ങളും അറബ് - ഇസ്രായേൽ യുദ്ധങ്ങളും മറ്റും വയലൻസിനെ മനുഷ്യന് കവിതയിലും ജീവിതത്തിലും നിരന്തരം അഭിമുഖീകരിച്ചേ മതിയാവൂ എന്ന സാഹചര്യമൊരുക്കി. അതിന്റെ extreme ഉം excess ഉം ആയ പ്രതിഫലനം യോനയുടെ കവിതയിൽ കാണാം. ‘ജോനാഥൻ' എന്ന കവിതയിൽ അതുണ്ട്. ഇപ്പറഞ്ഞതു മാത്രമല്ല യോനയുടെ കവിതയുടെ ആന്തരിക ലോകം. അതിൽ ജൂത മതവുമായി ബന്ധപ്പെട്ട ഫോക്ലോറുകളും മിസ്റ്റിസിസവും മറ്റനേകം ഘടകങ്ങളും ഉണ്ട്.

ഇസ്രായേലിന്റെ പലസ്​തീൻ അധിനിവേശത്തിലൂന്നിയ ദേശരാഷ്ട്ര ചരിത്രത്തിന്റെ അടിസ്ഥാനം വംശീയതയാണ്. ജൂത മതത്തിൽ പെട്ടവരുടെ രക്തത്തിന്റെ മിത്തിൽ പടുത്തുയർത്തിയ, അറബ് വംശജരോടുള്ള വിദ്വേഷത്തിൽ അടിയുറച്ച രാഷ്ട്ര സങ്കൽപ്പമാണത്. അതേ തത്വം ഹിന്ദു രാഷ്ട്രമെന്ന നിലയിൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന സമകാലിക സാഹചര്യമാണല്ലോ ഇന്ത്യയിലിന്നുള്ളത്. 2021 ലെ ഇന്ത്യയുടെ 72ാമത്​ റിപ്പബ്ലിക്ക് ദിനത്തിന് നരേന്ദ്ര മോദിക്കും ഇന്ത്യൻ ജനതയ്ക്കും ആശംസകൾ നേർന്ന കൂട്ടത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇരുരാജ്യങ്ങൾക്കിടയിൽ വളർന്നു വരുന്ന സാഹോദര്യത്തെ കുറിച്ചും സൂചിപ്പിക്കുകയുണ്ടായി. ഇവരെയെല്ലാം ആവേശഭരിതരാക്കുന്ന ആദ്യ മാതൃക തീർച്ചയായും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഉയർന്നു വന്ന ജർമനിയിലെയും ഇറ്റലിയിലെയും ഫാസിസ്റ്റ് ഭരണകൂടങ്ങളാണ്. അത്തരം കാലത്ത് ഭാഷയും എഴുത്തും പല മനുഷ്യർ പല നാടുകളിൽ എങ്ങനെ ഉപയോഗിച്ചു എന്നത് പ്രധാനമാണ്. തിരിച്ചും മറിച്ചും ചാഞ്ഞുമെല്ലാം വായിച്ചാൽ ഇവ തമ്മിലുള്ള ബന്ധങ്ങൾ തെളിഞ്ഞു വരും. അപ്പോൾ മാത്രമാണ് ആരൊക്കെ എഴുതുന്ന ഭാഷയാണ് സെക്‌സ് മാനിയാക് അല്ലെങ്കിൽ sexist, casteist ഒക്കെയാവുന്നതെന്നും അതിനെതിരെ എന്തു ചെയ്യാം എന്നും കൂടി മനസ്സിലാക്കാൻ സാധിക്കൂ. ▮

അവലംബം:• Israeli Poetry: A Contemporary Anthology by Warren Bargad and Stanley F Chyet.• Queering the Popular Pitch by Sheila Whiteley and Jennifer Rycenga• Staging Sexuality, Reading Wallach's Poetry by Ruth Tsoffar


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments