ഫോട്ടോ : മുഹമ്മദ് ഫാസിൽ

ഒരു സെക്യുലർ മുസ്​ലിമിന്റെ റംസാൻ ചിന്തകൾ

വർഗീയത വളരുമ്പോൾ നമ്മൾ അയൽപക്കത്തുള്ള മറ്റ് മതക്കാരുടെ ജീവതത്തിലേക്കൊന്ന്​ എത്തിനോക്കിയാൽ മതി എന്നത് എത്ര ശരിയാണ്. അതുകൊണ്ടാവും എല്ലാ മതക്കാരും അയൽപക്കക്കാരുമായി ഒന്നും പങ്ക് വെക്കരുതെന്ന് ശഠിക്കുന്നത്.

ഫൂർ ഭായ്, നിങ്ങളുടെ വയറ്റിനകത്ത് അഗ്‌നിയാണ്’ എന്നാണ് ഒരു ആയുർവേദ ഡോക്ടർ അടുത്ത കാലത്ത് എന്നോടുപറഞ്ഞത്.
സംഭവം ശരിയാണ്. ൻറുപ്പൂപ്പാക്കൊരാനണ്ടാർന്നു എന്ന നോവലിലെ കുഞ്ഞുപ്പാത്തുമ്മയെ പോലെ എന്തുതിന്നാലും ദഹിക്കുന്ന ഒരു വയറായിരുന്നു എന്റേത്. അതുകൊണ്ടുതന്നെ ചെറുപ്പത്തിൽ നോമ്പുനോറ്റാൽ കിടന്നാണ് മുഴുവനാക്കുക. ഉമ്മയാവട്ടെ ആ നോമ്പ് മുറിപ്പിക്കാനുള്ള ശ്രമത്തിലുമാവും. പലപ്പോഴും അത്താഴത്തിന് വിളിക്കാതിരിക്കും. വൈകുന്നേരം നാല് മണിയാവുമ്പോഴേക്കും അത് മിക്കവാറും മുറിച്ചിരിക്കും. ആരെങ്കിലും കളിയാക്കിയാൽ കുട്ടികൾ അര നോമ്പ് എടുത്താൽ മതിയെന്ന് ആശ്വസിപ്പിക്കും.

ചില കുട്ടികൾ ക്ലാസിൽ വെച്ച് മാഷെന്താ നിസ്‌ക്കരിക്കാത്തത് എന്നുചോദിക്കും. ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയാണ് ഡൽഹി ജുമാ മസ്ജിദ്, ഞാൻ അവിടെ നിസ്‌ക്കരിച്ചതാ, അവിടെ നിസ്‌ക്കരിച്ചാൽ പിന്നെ ജീവിതത്തിൽ നിസ്‌ക്കരിക്കേണ്ട കാര്യമില്ല എന്നുപറയും

ഏഴ് സഹോദരീസഹോദരൻമാരുള്ള വീട്ടിൽ കുട്ടികൾ ധാരാളമുണ്ടായിരുന്നതിനാൽ അടുക്കള അടച്ചിടുന്ന പതിവ് ഒരിക്കലുമുണ്ടായിരുന്നില്ല. നാലു മണിക്കുശേഷം പത്തിരിയും കറികളും ഉണ്ടാക്കാൻ തുടങ്ങും. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ സൂപ്പർ ഷെഫിനെപ്പോലെ രുചി നോക്കാനായി നോമ്പെടുത്ത സ്ത്രീകൾക്കിടയിൽ ഞാനുണ്ടാവും. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പത്തോളം നോമ്പ് ഞാനെടുത്തിട്ടുണ്ട്. മാത്രമല്ല, മധുരമുള്ള പുകയില കൊണ്ട് നിർമിച്ച ചക്കരബീഡി വലിച്ച് സുജായിയായി നടന്നിട്ടുണ്ട്! അക്കാലത്ത് റെഡിമെയ്ഡ് വസ്ത്രങ്ങൾ ഇല്ലാത്തതിനാൽ പെരുന്നാളിന്റെ രണ്ടാഴ്ച മുമ്പുതന്നെ ചെറുവണ്ണൂരിൽ നിന്ന്​ കോഴിക്കോട് പോയി ഷർട്ടിനുള്ള തുണി വാങ്ങും. അന്ന് നോ​മ്പ്​ എടുക്കില്ല. ഒരു സിനിമ കാണും. നാട്ടിലെ തിയേറ്ററിൽ സിനിമ കാണാൻ പറ്റില്ല. കാരണം, കാണികൾ കുറവായതിനാൽ ആ മാസം മുഴുവൻ എ പടങ്ങളുടെ ആറാട്ടായിരിക്കും!

നാലു മണിക്കുശേഷം പത്തിരിയും കറികളും ഉണ്ടാക്കാൻ തുടങ്ങും. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ സൂപ്പർ ഷെഫിനെപ്പോലെ രുചി നോക്കാനായി നോമ്പെടുത്ത സ്ത്രീകൾക്കിടയിൽ ഞാനുണ്ടാവും.  / Photo: panoorrestaurant.com
നാലു മണിക്കുശേഷം പത്തിരിയും കറികളും ഉണ്ടാക്കാൻ തുടങ്ങും. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ സൂപ്പർ ഷെഫിനെപ്പോലെ രുചി നോക്കാനായി നോമ്പെടുത്ത സ്ത്രീകൾക്കിടയിൽ ഞാനുണ്ടാവും. / Photo: panoorrestaurant.com

പിന്നീടാണ് ഞാൻ ഒരു ഹിന്ദുവായ ആശയെ കെട്ടി ‘ഹിസ്​ലിം' ആയത്. ഞങ്ങൾ വാടകവീട്ടിൽ താമസിക്കുമ്പോൾ പല ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ വന്ന് ഭക്ഷണം കഴിക്കും. വീട്ടിൽ നോമ്പെടുത്ത അവരുടെ ഒരു രഹസ്യ നോമ്പുമുറിക്കൽ കേന്ദ്രമായി എന്റെ വീട് മാറി. പക്ഷേ പിന്നീട് അത് ശരിയായ ഒരു നടപടിയെല്ലന്ന് ഞാൻ തിരിച്ചറിഞ്ഞു. അതോടെ ആ കേന്ദ്രം ഞാൻ പൂട്ടി.
പത്തിരുപത് കൊല്ലത്തോളം ഞാൻ മലബാർ മുസ്​ലിംകളുടെ മക്കയായ തിരൂരങ്ങാടിയിലെ ചെമ്മാടും പരപ്പനങ്ങാടിയിലും പാരലൽ കോളേജ് അധ്യാപകനായി വർക്ക് ചെയ്തിട്ടുണ്ട്. ഞാൻ കുട്ടികൾക്ക് പ്രിയങ്കരനായ അധ്യാപകനായിരുന്നു എന്നതാണ് എന്റെ അനുഭവം. അതിൽ അസൂയ തോന്നിയതു കൊണ്ടാവണം, ഒരു അധ്യാപകൻ, ഇത് സ്ഥലം ചെമ്മാടാണ്, (മർഹൂം സയ്യിദ് അലവിത്തങ്ങളുടെ ജാറം ഒരു കിലോമീറ്റർ ദൂരത്താണ്) ഒന്ന് ശ്രദ്ധിച്ചാള് എന്നൊരു മുന്നറിയിപ്പ് നൽകിയത്. പിന്നീട് ഇതേ അധ്യാപകൻ തന്നെ മാധവിക്കുട്ടി മുസ്​ലിമായപ്പോൾ അവർ ഒരു ചീത്ത സ്ത്രീയല്ലേ എന്നുപറഞ്ഞ് ആശ്വസിക്കുന്നതുകേട്ടപ്പോൾ അസുഖം മനസ്സിലായി.

പക്ഷേ കോളേജിലെ ടൂറിനും ആർട്‌സ് ഫെസ്റ്റിവലിലും ആശയും മക്കളും സജീവമായി പങ്കെടുത്തു. എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും അവരോട് ആദരവോടെയാണ് പെരുമാറിയത്. എന്നാലും നോമ്പ് കാലത്ത് ഞാൻ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ അയോദ്ധ്യ ഹോട്ടലിൽ പോവുമ്പോൾ കുട്ടികൾ, ഒരു നോമ്പെങ്കിലുമെടുത്തു കൂടെ എന്ന് കളിയാക്കും. എന്റെ ശിഷ്യഗണങ്ങൾ എടുക്കുന്ന നോമ്പിന്റെ അൽപം പുണ്യം എനിക്ക് ലഭിക്കുമെന്ന് മറുപടി പറയും. ചില കുട്ടികൾ ക്ലാസിൽ വെച്ച് മാഷെന്താ നിസ്‌ക്കരിക്കാത്തത് എന്നുചോദിക്കും. ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയാണ് ഡൽഹി ജുമാ മസ്ജിദ്, ഞാൻ അവിടെ നിസ്‌ക്കരിച്ചതാ, അവിടെ നിസ്‌ക്കരിച്ചാൽ പിന്നെ ജീവിതത്തിൽ നിസ്‌ക്കരിക്കേണ്ട കാര്യമില്ല എന്നുപറയും. കുട്ടികൾ ആ തള്ള് കേട്ട് ചിരിക്കും. ഇത് സത്യമാണ്. ഡൽഹിയിൽ പാർട്ടി കോൺഗ്രസ്​ കാണാൻ ടൂർ പോയപ്പോയാണ് ആ ചരിത്രസംഭവം നടന്നത്.

ജമാ മസ്ജിദ്, ദൽഹി. / Photo: Ajmal MK
ജമാ മസ്ജിദ്, ദൽഹി. / Photo: Ajmal MK

ചെമ്മാട് ദാറുൽ ഹുദാ (മമ്പുറം മഖാം നേരിട്ട് നടത്തുന്ന സ്ഥാപനം)യിൽ നിന്ന്​വരുന്ന കുട്ടികൾക്ക് അൽപം ഫിലോസഫിയൊക്കെ അറിയാം. അതിനാൽ അവർ കോഴിയാണോ കോഴിമുട്ടയാണോ എന്നുചോദിച്ച് എന്നെ പിടിക്കാൻ നോക്കി. ഞാൻ നിരീശ്വരവാദം പറയാത്തതാണ് അവരുടെ പ്രശ്‌നം. ഞാൻ നിരീശ്വരവാദിയല്ല എന്നുപറഞ്ഞാൽ അവർക്ക് വിശ്വാസമാവില്ല. ഒരിക്കൽ ഞാൻ മറുപടിയായി ഇങ്ങനെ പറഞ്ഞു: ‘സ്‌ക്രൂ ആണോ സ്‌ക്രൂ ഡ്രൈവർ ആണോ ആദ്യമുണ്ടായത്. എന്തായാലും അത് ദൈവമുണ്ടാക്കിയതല്ലല്ലോ?'
പിന്നീടവർ അത് അല്ലാഹു നൽകിയ ചിന്താശക്തി കൊണ്ട് നിർമ്മിച്ചതാണെന്ന് ഉത്തരം പറഞ്ഞു.
അവസാനം ഞാൻ അവരോട് പറഞ്ഞു, ‘മക്കളേ, ഈ ചോദ്യം തന്നെ കാലഹരണപ്പെട്ടതാണ്. ക്രിസ്തുവിനും മുമ്പ് ജീവിച്ചിരുന്ന പ്ലാറ്റോ ഇതിന് ഉത്തരം പറഞ്ഞിട്ടുണ്ട്. ദൈവമാണ് കോഴിയെ ഉണ്ടാക്കിയതെന്ന് സങ്കൽപ്പിക്കുക. ആദ്യം ദൈവം കോഴിയെ മനസ്സിൽ കാണണ്ടേ. അതിനാൽ മറ്റ് പക്ഷികളിൽ നിന്ന്​വ്യത്യസ്തമായ കോഴിയെന്ന ആശയമാണ് ആദ്യം ഉണ്ടായത്'.

അതോടെ അത്തരം ചർച്ചകൾ അവസാനിച്ചു. പക്ഷേ അവരുടെ കളിയാക്കൽ തുടർന്നു. ഇന്നും ആയിരം തരിക്കഞ്ഞിയുടെ സ്വാദുണ്ട് അവരുടെ ആ സ്‌നേഹത്തിന്. ഞാൻ നരകത്തിൽ പോവുമോ എന്ന ഉത്കണ്ഠയായിരുന്നു ഇതിനെല്ലാം അടിസ്ഥാനമായി വർത്തിച്ചത് എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു. മുസ്​ലിംകളുടെ അസഹിഷ്ണതയെ കുറിച്ചുള്ള പല വാർത്തകളും ഞാൻ പുച്ഛിച്ചു തള്ളുന്നതിന്റെ കാരണം ഇതാണ്.

'നാരായം' സിനിമയിൽ നിന്ന്
'നാരായം' സിനിമയിൽ നിന്ന്

ഒരു സാവിത്രി അന്തർജനം അറബി പഠിപ്പിച്ച് വിവാദമായപ്പോൾ (ഈ സംഭവത്തെ ആസ്പദമാക്കി നിർമിച്ച സിനിമയാണ് നാരായം) ചെമ്മാടുള്ള തൃക്കുളം യു.പി സ്‌കൂളിൽ അറബി പഠിപ്പിച്ചത് ഒരു ദലിത് യുവാവായിരുന്നു! ഇപ്പോഴും ഒരു മുസ്​ലിമിനെ വിവാഹം കഴിച്ച ഒരു ഹിന്ദു വനിതാ ഡോക്ടർ മമ്പുറത്ത് പ്രാക്ടീസ് ചെയ്യുന്നുണ്ട്. വർഗീയത വളരുമ്പോൾ നമ്മൾ അയൽപക്കത്തുള്ള മറ്റ് മതക്കാരുടെ ജീവിതത്തിലേക്കൊന്ന്​ എത്തിനോക്കിയാൽ മതി എന്നത് എത്ര ശരിയാണ്. അതുകൊണ്ടാവും എല്ലാ മതക്കാരും അയൽപക്കക്കാരുമായി ഒന്നും പങ്ക് വെക്കരുതെന്ന് ശഠിക്കുന്നത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഗഫൂർ അറയ്ക്കൽ

കവി, എഴുത്തുകാരൻ. നിദ്ര നഷ്ടപ്പെട്ട സൂര്യൻ, അമീബ ഇരപിടിക്കുന്നതെങ്ങനെ എന്നിവ കവിതാ സമാഹാരങ്ങൾ. നക്ഷത്ര ജന്മം, ഹോർത്തൂസുകളുടെ ചോമി, മത്സ്യഗന്ധികളുടെ ദ്വീപ് എന്നിവ ബാലസാഹിത്യങ്ങൾ. ഒരു ഭൂതത്തിന്റെ ഭാവി ജീവിതം, അരപ്പിരി ലൂസായ കാറ്റാടിയന്ത്രം, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നിവ നോവലുകൾ. ലുക്കാ ചുപ്പി എന്ന സിനിമയുടെ തിരക്കഥാകൃത്താണ്.

Comments