ഹലാൽ വിവാദം നല്ലതാണ്​, അത്​ മുസ്​ലിംകൾക്ക്​ പുതിയ സുഹൃത്തുക്കളെ സമ്മാനിക്കും

പോർക്ക് വിളമ്പുന്ന സ്ഥലത്ത് പോർക്ക് ഉണ്ടെന്ന്​ ബോർഡ് വെക്കുന്നതും ഹലാൽ ഭക്ഷണം ലഭ്യമാവുന്നിടത്ത് ഹലാൽ ബോർഡ് വെക്കുന്നതും, പൂർണമായും സസ്യാഹാരം മാത്രം വേണ്ടവർക്ക് വെജിറ്റേറിയൻ ബോർഡ് വെക്കുന്നതും തുടങ്ങി മധുരം കുറവും കൂടുതലും വേണ്ടിടത്ത് അങ്ങനെ ബോർഡ് വെക്കുന്നതുമെല്ലാം ഉപഭോക്താക്കൾക്ക് ഏറ്റവും ഗുണകരമായ കാര്യം തന്നെയാണ്. ടോയ്‌ലറ്റുകൾ സ്ത്രീകൾക്ക് / പുരുഷന്മാർക്ക് എന്ന് വേർതിരിച്ചു ബോർഡ് വെക്കുന്നതുപോലെയുള്ള കാര്യങ്ങളായി മാത്രമേ അവ കാണേണ്ടതുള്ളൂ- സമസ്ത കേരള സുന്നി യുവജന സംഘം ജനറൽ സെക്രട്ടറിയും മർകസ് നോളെജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സംസാരിക്കുന്നു.

അലി ഹെെദർ : സംഘ്പരിവാർ കേന്ദ്രങ്ങൾ ആരംഭിച്ച ഹലാൽ വിരുദ്ധ പ്രചാരണം തീവ്ര ക്രിസ്ത്യൻ ഗ്രൂപ്പുകളും ഏറ്റെടുത്തു കഴിഞ്ഞു. ആഴത്തിലുള്ള വർഗീയ ധ്രുവീകരണങ്ങൾക്ക് കാരണമായേക്കാവുന്ന തരത്തിലാണ് ഹലാൽ വിവാദം മുന്നോട്ടുപോകുന്നത്. ഇതിന്റെ മറവിൽ, മുസ്​ലിം ജീവിതവുമായി ബന്ധപ്പെട്ട സകലതിനെയും വിദ്വേഷ പ്രചാരണങ്ങളിലൂടെ പ്രശ്‌നവത്കരിക്കുന്ന പ്രവണതയാണിപ്പോൾ കണ്ടുവരുന്നത്. കേരളീയ മുസ്​ലിംകളുടെ ജീവിത രീതി, ഭക്ഷ്യ സംസ്‌കാരം തുടങ്ങിയവയെല്ലാം വിവാദങ്ങളിലകപ്പെടുന്ന സാഹചര്യങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഡോ. അബ്ദുൽ ഹകീം അസ്ഹരി :വിവാദങ്ങളെ ഭയപ്പെടേണ്ട ആവശ്യം ഇല്ല. മുസ്​ലിംകളെ സംബന്ധിച്ച്​ അവരെ പ്രതിക്കൂട്ടിൽ നിർത്തുന്നത് എന്നു തോന്നിപ്പിച്ചു തുടങ്ങിയ വിവാദങ്ങൾ പലതും പിന്നീട് ഒരു സമുദായം എന്ന നിലയിൽ അവർക്ക് ഗുണകരമായി മാറിയിട്ടുണ്ട്. വിവാദങ്ങൾ കൂടുതൽ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കുകയും പൊതുജനങ്ങൾക്ക് വിഷയങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരങ്ങൾ ഉണ്ടാകുന്നതും ഏതൊരു വിവാദത്തിന്റെയും നല്ല വശമാണ്. പലരും ഇസ്​ലാമിനെയും മുസ്​ലിംകളെയും അടുത്തറിയാൻ ശ്രമിക്കുന്നത് തന്നെ ഇത്തരം വിവാദങ്ങളിലൂടെയാണ്. അതിനുള്ള ഒരു വാതിൽ ഈ വിവാദങ്ങൾ തുറന്നിടുന്നുണ്ട്. അതുപയോഗപ്പെടുത്തുന്ന അനേകായിരം ആളുകളുണ്ട്. വിദ്വേഷ പ്രചാരണങ്ങളുടെ മുനയൊടിക്കാൻ ഈ ആളുകളുടെ അറിവ് മതി. വിദ്വേഷ പ്രചാരണങ്ങളിലൂടെ മുസ്​ലിംകളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ഓരോ വിവാദങ്ങളും ഫലത്തിൽ മുസ്​ലിംകൾക്ക് പുതിയ അനവധി സുഹൃത്തുക്കളെ നൽകുന്നുണ്ട് എന്നതാണ് വാസ്തവം. മുസ്​ലിംകളോട്, അവരുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോട്, ആചാരാനുഷ്ഠാനങ്ങളോട് അനുകമ്പയും ഐക്യദാർഢ്യവും പുലർത്തുന്ന ഈ സുഹൃത്തുളെ പ്രതീക്ഷാപൂർവം നോക്കി ക്കാണുന്ന ഒരാളാണ് ഞാൻ. അവരിലാണ് ഈ രാജ്യത്തിന്റെയും ഭാവിയുടെയും പ്രതീക്ഷ.

ഉദാഹരണത്തിന്, ഹലാൽ എന്ന ആശയത്തെ കുറിച്ച് പൊതുജനങ്ങൾക്ക് വളരെ പരിമിതമായ ധാരണ മാത്രമാണുള്ളത്. അതേ സമയം മുസ്​ലിം ജീവിതത്തെ മുഴുവനും ചൂഴ്​ന്നു നിൽക്കുന്ന ഒരു ആശയമാണ് ഹലാൽ എന്നത്. അത് കേവലം മാംസ്യാഹാരത്തിലോ അല്ലെങ്കിൽ ഭക്ഷണ കാര്യത്തിലോ മാത്രം പരിമിതമായ ഒന്നല്ല. ഒരു മുസ്​ലിമിന്റെ വസ്ത്രം, വേഷം, ആഭരണങ്ങൾ, വിവാഹം, സമ്പത്ത്, ഭവനം തുടങ്ങി ജീവിതത്തിന്റെ സകലമാന വിഷയങ്ങളിലും ഹലാൽ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. മുസ്​ലിംകളെ സംബന്ധിച്ച്​ ഹലാൽ എന്നത് ഒരു ‘എത്തിക്കൽ പൊസിഷൻ’ ആണ്. ധാർമികതയും നൈതികതയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു ജീവിത വീക്ഷണം ആണത്. വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നവർക്ക് പോലും ഹലാലിനെ കുറിച്ച് അടിസ്ഥാന ധാരണ ഇല്ല എന്ന്​ അവർ പങ്കെടുത്ത ചർച്ചകളിലൂടെ നാം കണ്ടു. പക്ഷേ, ഹലാലിനെ കുറിച്ച് പഠിക്കാനുള്ള, അറിയാനുള്ള അവസരമായി അതിനെ പലരും കണ്ടു. പല മാധ്യമപ്രവർത്തകരും സാമൂഹിക നിരീക്ഷകരും ഹലാലിനെ കുറിച്ചറിയാൻ എന്നെ വിളിക്കുകയുണ്ടായി. ആ സന്നദ്ധത വളരേ പ്രധാനപ്പെട്ടതാണ്.

മുസ്​ലിംകൾ അഭിമുഖീകരിക്കാൻ സാധ്യത ഇല്ലാത്ത ഒരുപാടാളുകൾ ഇത്തരം ചർച്ചകളുടെ ഭാഗമാകുമ്പോൾ, ഇസ്​ലാമിനെ അറിയാനുള്ള ഒരവസരം സൃഷ്ടിക്കപ്പെടുന്നുണ്ട്. അത്​ ഈ മതത്തെ, അതിന്റെ ആശയങ്ങളെ കൂടുതൽ ട്രാൻസ്പരൻറ്​ ആക്കുന്നുണ്ട്. മുസ്​ലിംകളുടെ കൂടെ നിൽക്കണം എന്ന ഉത്തരവാദിത്വം ഈ ആളുകൾ പലപ്പോഴും സ്വയം ഏറ്റെടുക്കുന്നുണ്ട്. ആ അർഥത്തിൽ ഓരോ വിവാദങ്ങളും ഇസ്​ലാമിനോടും മുസ്​ലിംകളോടുമുള്ള അസ്പൃശ്യതയുടെ, ഭീതിയുടെ അളവിൽ വലിയ കുറവ് വരുത്തുന്നുണ്ട് എന്നാണ് എന്റെ അനുഭവം.

മതപരമായ ചടങ്ങിനിടെ ഭക്ഷണത്തിൽ മന്ത്രിച്ചൂതുന്ന മുസ്​ലിം പുരോഹിതന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബി.ജെ.പി ഹലാൽ വിവാദം ശക്തിപ്പെടുത്തിയത്. പിന്നീട് ബി.ജെ.പി അതൊരു കാമ്പ യിനായി ഏറ്റെടുക്കുകയായിരുന്നു. കേരളത്തിലെ മുസ്​ലിംകളെ പരാമർശിച്ചു കൊണ്ടുള്ള ബി.ജെ.പി. നേതാക്കളുടെ പ്രസ്താവനകളിലൊക്കെ "താലിബാൻ', "ജിഹാദി' പ്രയോഗങ്ങൾ കാണാം. 2016 മുതലുള്ള കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ മുസ്​ലിംകളെ അപകടകാരികളാക്കി ചിത്രീകരിക്കാൻ ഇത്തരം വാക്കുകൾ നിരന്തരം പ്രയോഗിക്കുന്നുണ്ട്. ഇത്തരം രീതികളിലൂടെ സംഘപരിവാർ ലക്ഷ്യം വെക്കുന്നത് എന്തായിരിക്കാം?

താലിബാൻ എന്നത് അഫ്ഗാനിസ്ഥാനിലെ ഒരു രാഷ്ട്രീയ സംഘടനയുടെ പേരാണ്. അതിനെ ഒരിക്കലും മുസ്​ലിംകളുടെ ഒരു അടയാളമോ ഇസ്​ലാമിന്റെ ഒരു ദർശനമോ ആയി കാണാൻ കഴിയില്ല. ജിഹാദി എന്ന് പ്രയോഗിക്കുന്നത് പലപ്പോഴും ജിഹാദ് എന്നത് ഒരു തെറ്റായ കാര്യമാണ് എന്ന ധാരണയിൽ നിന്നാണ്, അങ്ങനെ വരുത്തി തീർത്താൽ ആ പ്രയോഗം കൊണ്ട് ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കാം എന്ന തെറ്റായ ധാരണയിൽ നിന്നാണ്. ഇസ്​ലാമിൽ ജിഹാദ് എന്നത് നന്മക്ക് വേണ്ടി നിലകൊള്ളലാണ്. നന്മക്കുവേണ്ടി ശക്തമായി നിലകൊള്ളുന്നതിനാണ്, അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾക്കുമാണ് ഇസ്​ലാമിൽ ജിഹാദ് എന്ന് പ്രയോഗിക്കുന്നത്. ആ പ്രയോഗം തെറ്റായി മനസ്സിലാക്കേണ്ടതില്ല. ഹലാൽ പോലെ ജിഹാദിനെ കുറിച്ചും ധാരണയില്ലാത്തവർക്ക് കാര്യങ്ങൾ മനസ്സിലാക്കികൊടുക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. മുസ്​ലിംകൾ അപകടകാരികളാണെന്ന്​ആരെങ്കിലും പറയുന്നുണ്ടെങ്കിൽ ഇസ്​ലാമിക കാഴ്ചപ്പാടുകൾ​ ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത കൈവരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഏതു തരം ആശയം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും മനുഷ്യർക്ക് സ്വാതന്ത്ര്യമുണ്ട്.

ഇസ്​ലാമിക ആശയങ്ങളിൽ പല കാര്യങ്ങളും, അവ ഒരു മതദർശനം എന്ന നിലക്കല്ല, മറിച്ച് മനുഷ്യനന്മക്ക് സ്വീകാര്യമായത് എന്ന നിലയിൽ, ധാരാളം സമൂഹങ്ങളും വ്യക്തികളും ഇപ്പോൾ പിന്തുടരുന്നുണ്ട്. ​വ്രതാനുഷ്ഠാനം തന്നെ ഉദാഹരണം. മുസ്​ലിംകളുടെ വ്രതത്തിൽ നിന്ന്​ അവ വ്യത്യാസപ്പെടുന്നത് മുസ്​ലിംകൾ വ്രതത്തെ ഒരു നിർബന്ധ ആരാധനയായി കണ്ട്, ആ ഉദ്ദേശ്യത്തോടെ ചെയ്യുന്നു എന്നും മറ്റുള്ളവർ വ്രതത്തിന്റെ ഭൗതികമായ ഗുണങ്ങൾ കാംഷിച്ചും ചെയ്യുന്നു എന്നുള്ളത് മാത്രമാണ്. മുസ്​ലിംകളുടെ ഭക്ഷ്യ രീതികളും പലിശ രഹിതമായ സാമ്പത്തിക വിനിമയ രീതികളും ഇപ്പോൾ ആധുനിക സമൂഹങ്ങളിൽ വലിയ തോതിൽ സ്വീകരിക്കപ്പെടുന്നുണ്ട്. പുറം നാടുകയിലേക്ക് യാത്ര ചെയ്യുന്ന ആളുകളെ സംബന്ധിച്ച്​ ഇതൊന്നും പുതുമയുള്ള കാര്യമല്ല. വിവാദങ്ങൾ ഉണ്ടാക്കുന്നവർക്കൊന്നും ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ ലക്ഷ്യം നേടാൻ കഴിയില്ല. എന്നു മാത്രമല്ല, ആ വിവാദങ്ങളുടെ ഗുണഭോക്താക്കളായി മുസ്​ലിം സമുദായം മാറുകയും ചെയ്യും.

ഊതിയും ഓതിയും മറ്റും ഭക്ഷണവും ജലവും നൽകുന്നത് ശ്രേഷ്ഠമായി കരുതുന്ന വിശ്വാസം, ഹലാൽ വിവാദത്തിനിടെ വിമർശിക്കപ്പെട്ടിരുന്നു. പല സാംസ്‌കാരിക പ്രവർത്തകരും ഹലാൽ വിവാദത്തിൽ ബി.ജെ.പിയെ എതിർത്തപ്പോഴും ഇത്തരം രീതികൾ അപരിഷ്‌കൃതമാണെന്നുകൂടി അഭിപ്രായപ്പെട്ടിരുന്നു.

ഓതിയും ഊതിയും മന്ത്രിച്ചും വെള്ളം കുടിക്കുന്നത്​ മിക്ക മതങ്ങളിലും കാണപ്പെടുന്ന സംഗതിയാണ്. ഇസ്​ലാം മത വിശ്വാസികൾക്കിടയിൽ അത് കൂടുതൽ വ്യക്തമായി തന്നെ കാണാം. പ്രവാചകചര്യയിലും പ്രവാചക അനുചരന്മാരുടെ ചര്യകളിലും ഇത്തരം കാര്യങ്ങൾ വളരെയധികം കാണാൻ കഴിയും. ഇസ്​ലാമിനു പുറത്തുള്ള മത -ഗോത്ര സമൂഹങ്ങളിലും സമാനമായ ആചാരങ്ങൾ കാണാൻ കഴിയും.

വിശ്വാസം കൊണ്ടോ കുടുംബ ബന്ധം കൊണ്ടോ സൗഹൃദം കൊണ്ടോ മറ്റോ പരസ്പരം ബന്ധിക്കപ്പെടുന്ന ആളുകൾക്കിടയിൽ അനുവർത്തിച്ചു വരുന്ന രീതികളാണ് ഇവയൊക്കെ. അതിനെ സഹിഷ്ണുതയോടെ മനസ്സിലാക്കാൻ കഴിയുക എന്നത് നമ്മളെ സംബന്ധിച്ച്​ പ്രധാനമാണ്. ഹലാൽ വിവാദത്തിൽ ബി.ജെ.പിയെ എതിർത്തപ്പോഴും ഇത്തരം രീതികൾ അപരിഷ്‌കൃതമാണെന്ന് പറയുന്നവർ യഥാർഥത്തിൽ എന്തിനെയാണ് എതിർക്കുന്നത്? മുസ്​ലിംകളുടെ വിശ്വാസാചാരങ്ങളോട് സഹിഷ്ണുതാപരമായ നിലപാട് സ്വീകരിച്ചുകൊണ്ടല്ലാതെ മുസ്​ലിംകൾക്കെതിരെയുള്ള ഒരു വിദ്വേഷ പ്രചാരണത്തെയും നിങ്ങൾക്ക് എതിർത്തു തോൽപ്പിക്കാൻ കഴിയില്ല. മറിച്ചാണെങ്കിൽ, നിങ്ങളുടെ നിലപാടും ആത്യന്തികമായി വിദ്വേഷ പ്രചാരണത്തിലേക്കായിരിക്കും കോൺട്രിബ്യൂട്ട് ചെയ്യുക. മുസ്​ലിംകളെ കുറിച്ച് മാത്രമല്ല, വിദ്വേഷ പ്രചാരണം നേരിടുന്ന ഏതൊരു സമൂഹത്തെയും കുറിച്ച് ഇത്തരമൊരു നിലപാടേ ചരിത്ര ബോധവും സാമൂഹിക കാഴ്ചപ്പാടും ഉള്ള ഏതൊരാൾക്കും എടുക്കാൻ കഴിയൂ.

മതത്തെ മുന്നിൽ നിർത്തി സാമ്പത്തികമായി മുസ്​ലിം വിഭാഗങ്ങളെ ഉപരോധിക്കുക എന്നതാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്ന ഒരു വായന ഹലാൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്നിരുന്നു. അങ്ങനെ ആണെങ്കിൽ മതപരമായ വിശദീകരണം കൊണ്ട് മാത്രം ഈ സാമ്പത്തിക ഉപരോധത്തെ മറികടക്കാൻ സാധിക്കുമോ?

അവർക്കെങ്ങനെ ഉദ്ദേശ്യങ്ങൾ ഉണ്ടാകാം. പക്ഷേ, വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഇതിലൊക്കെ മുസ്​ലിംകൾക്കുള്ളത്. ഇസ്​ലാമിക വിശ്വാസമനുസരിച്ച്​ ഒരാൾ സമ്പത്ത് ആർജ്ജിക്കുന്നതും നഷ്ടപ്പെടുത്തുന്നതും സൃഷ്ടാവായ അല്ലാഹുവിന്റെ തീരുമാനപ്രകാരം മാത്രമാണ്. ഒരാൾക്ക് നല്കപ്പെട്ടതിനെ തടയാനോ തടയപ്പെട്ടതിനെ നൽകാനോ അല്ലാഹുവിനല്ലാതെ സാധ്യമല്ല എന്ന ഉറച്ച വിശ്വാസമാണ് ഒരു വിശ്വാസിയുടെ കരുത്ത്. വിദ്വേഷ പ്രചാരണം ഒന്നുമില്ലാത്ത സാഹചര്യത്തിലും ഒരാൾക്ക് സമ്പത്ത് നഷ്ടപ്പെടാം. അപ്പോഴും അതിനുള്ള വിശ്വാസപരമായ കാരണങ്ങളിലേക്കാണ് മുസ്​ലിം നോക്കുക. സകാത്ത് കൃത്യമായി നല്കിയിട്ടില്ലേ എന്നായിരിക്കും അവന്റെ അപ്പോഴത്തെ ആശങ്ക. മതപരമായ വിശദീകരണങ്ങൾക്കൊണ്ടാണ് മുസ്​ലിം അവരുടെ സാമ്പത്തിക അവസ്ഥയെ ഏതു സാഹചര്യത്തിലും മനസ്സിലാക്കുന്നത് എന്നർത്ഥം. അതു മതിയാകാത്തവർക്കേ മറ്റുള്ള വിശദീകരണങ്ങൾ ആവശ്യമുള്ളൂ.

ഭക്ഷണത്തിൽ വർഗീയ വിഷം കലർത്തുന്ന സംഘപരിവാറിന്റെ നിലപാടിനെതിരെ ഡി.വെെ.എഫ്.ഐ. സംസ്ഥാനത്തൊട്ടാകെ ഫുഡ് സ്ട്രീറ്റ് എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നല്ലോ. പ്രാദേശികമായി യൂത്ത് കോൺഗ്രസും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഡി.വൈ.എഫ്.ഐ സമരത്തിൽ പന്നി ഇറച്ചി വിളമ്പിയതുമായി ബന്ധപ്പെട്ട് പലരൂപത്തിലുള്ള വിമർശനം ഉയർന്നിരുന്നു. ആ സമരരീതിയെ, യുവജന സംഘടനകളുടെ നിലപാടിനെ എങ്ങനെ വിലയിരുത്തുന്നു?

ആശയങ്ങളെ ആശയങ്ങൾ കൊണ്ട് തന്നെ നേരിടുകയാണ് വേണ്ടത്. അതിനു പകരം, മത്സരബുദ്ധിയോടെയുള്ള പ്രകടനങ്ങൾ, വിദ്വേഷ പ്രചാരണങ്ങൾ എന്നിവ പരിഹാരമല്ല. മാംസം വിളമ്പുന്ന ഹോട്ടലുകളിൽ സസ്യാഹാരികളായ മതവിശ്വാസികൾക്ക് കയറാൻ പറ്റാത്തത് പോലെ പോർക്ക് വിളമ്പുന്ന ഹോട്ടലുകളിൽ മുസ്​ലിംകൾക്ക്​ കയറാൻ സാധിക്കുകയില്ല. പന്നിയിറച്ചി മുസ്​ലിംകൾക്ക് നിഷിദ്ധമാണ് എന്നതിന് പുറമെ, അതുമായി സംസർഗ്ഗം സംഭവിച്ച വസ്തുവും അശുദ്ധമാവും എന്നാണ് ഇസ്​ലാമിക കാഴ്ചപ്പാട്. പന്നിയിറച്ചി വിളമ്പിയ പാത്രം ഏഴു പ്രാവശ്യം ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകിയാലേ ശുദ്ധിയാവുന്നുള്ളൂ. അതിലൊരു വട്ടം വെള്ളത്തിൽ ശുദ്ധമായ മണ്ണ് കലർത്തിയും കഴുകണം. പന്നിയോ നായയോ നികൃഷ്ട ജീവികളായതുകൊണ്ടല്ല, മറിച്ച് അവയുടെ മാംസം മനുഷ്യഭോജനത്തിന്​ ഗുണകരമല്ല എന്നത് കൊണ്ടാണിങ്ങനെ ചെയ്യുന്നത്. പൂച്ചക്ക് വെള്ളം മുടക്കിയതിന്റെ പേരിൽ സ്വർഗം നഷ്ടപ്പെടുകയും നായക്ക് ഭക്ഷണം നൽകിയതിന്റെ പേരിൽ സ്വർഗ്ഗം ലഭിക്കുകയും ചെയ്ത മനുഷ്യരുടെ കഥകൾ പറഞ്ഞാണ് മുസ്​ലിംകൾ കുട്ടികളെ സാമൂഹിക നീതിയെ കുറിച്ചുള്ള ബാലപാഠങ്ങൾ പഠിപ്പിക്കുന്നത്. മൃഗങ്ങളോടുള്ള ഇസ്​ലാമിന്റെ വീക്ഷണം അത്തരത്തിലുള്ളതാണ്. പിന്നെ, ഇത്തരം സമരങ്ങളുടെ കാര്യം. ഞാൻ നേരത്തെ പറഞ്ഞല്ലോ, വിദ്വേഷ പ്രചാരണം നേരിടുന്നവരോട് സൂക്ഷ്മാർഥത്തിൽ അനുകമ്പ പുലർത്തുന്ന നിലപാടുകളിലൂടെ അല്ലാതെ നിങ്ങൾക്ക് ഒരു വിദ്വേഷത്തെയും ഇല്ലായ്മ ചെയ്യാൻ കഴിയില്ല. മറിച്ചുള്ളതെല്ലാം ആത്യന്തികമായി വിദ്വേഷത്തെ ശക്തിപ്പെടുത്തുകയായിരിക്കും ഫലത്തിൽ ചെയ്യുക. അതാണ് ചരിത്രപരമായ നമ്മുടെ അനുഭവവും.

ഭക്ഷണത്തിൽ വർഗ്ഗീയ വിഷം കലർത്തുന്ന സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ,

ഡിവൈഎഫ്ഐ ഫുഡ്‌സ്ട്രീറ്റ്‌ സമരത്തിൽ നിന്നും / Photo : DYFI Kerala, fb Page

നാസി ജർമനിയിൽ ജൂതമത വിശ്വാസികളെ നികൃഷ്ടരാക്കി ചിത്രീകരിക്കാൻ അവരുടെ കോഷർ ആഹാര സംസ്‌കാരത്തെ കുറിച്ച് ഭരണകൂടം പൊതുസമൂഹത്തിൽ അവമതിപ്പു സൃഷ്ടിച്ചിരുന്നു. കോഷർ പ്രകാരം കശാപ്പു മൃഗത്തിന്റെ രക്തം അനുവദനീയമല്ലാത്തതിനാൽ അത് കളയുന്ന സമ്പ്രദായത്തെ സംബന്ധിച്ച് നാസികൾ നിർമിച്ച അപവാദ പ്രചാരണം, ജൂതർ മനുഷ്യരക്തം ഉൾപ്പടെ ശേഖരിച്ച് ആഭിചാര ക്രിയയ്ക്ക് ഉപയോഗിക്കാറുണ്ടെന്നായിരുന്നു. ഒരു ജനാധിപത്യ വ്യവസ്ഥയിൽ മുസ്​ലിംകൾക്കെതിരെയുള്ള ഇത്തരം അപരവത്കരണ തന്ത്രങ്ങളുടെ പരിണിത ഫലം എന്തായിരിക്കും?

മുസ്​ലിംകൾക്കെതിരെയുള്ള അപരവത്കരണ തന്ത്രങ്ങളെ മനുഷ്യ സമൂഹം അവരുടെ വൈജ്ഞാനികമായ ജാഗ്രത കൊണ്ട് പ്രതിരോധിക്കും എന്ന ശുഭാപ്തി വിശ്വാസക്കാരൻ ആണ് ഞാൻ. അതിനൊരുപക്ഷേ കൂടുതൽ സമയം എടുത്തേക്കാം. കാരണം ആത്യന്തികമായി ഈ അപരവൽക്കരണ ശ്രമങ്ങൾ മനുഷ്യൻ കൈവരിച്ച സാമൂഹികവും സാംസ്‌കാരികവുമായ നേട്ടങ്ങളെയാണ് വെല്ലു വിളിക്കുന്നത്. അതിന്​ ഇസ്​ലാമിനെ കരുവാക്കുന്നുവെന്നേയുള്ളൂ. ആ അർഥത്തിൽ ഇത്തരം വെല്ലുവിളികളെ നേരിടാൻ മനുഷ്യ സമൂഹത്തിനു കൂട്ടായ ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിർവഹിക്കുന്ന തലത്തിലേക്ക് നമ്മുടെ സമൂഹം മാറുക തന്നെ ചെയ്യും. വരാനിരിക്കുന്ന ആ മാറ്റത്തിനിടയിലുള്ള താൽക്കാലികമായ ഒരു പ്രതിസന്ധി ഘട്ടം എന്നേ ഞാനിക്കാലത്തെ മനസ്സിലാക്കുന്നുള്ളൂ.

കേരളം പോലെ മതനിരപേക്ഷാടിത്തറയുള്ള സംസ്ഥാനത്ത് ‘ഹലാൽ’ ബോർഡുകൾ വെച്ച് സംഘപരിവാറിന് അടിക്കാനുള്ള വടി കൊടുക്കുകയാണെന്നും ഈ വിഷയത്തിൽ അപക്വമതികളെ തിരുത്താൻ മുസ്​ലിം മതനേതൃത്വം തയ്യാറാകണമെന്നുമാണ് സി.പി.എം നേതാവും തലശേരി എം.എൽ.എയുമായ എ.എൻ. ഷംസീർ പറഞ്ഞത്. ഹലാൽ ബോർഡുകൾ വെച്ച് മുസ്​ലിംകൾ ഭക്ഷണത്തെ മതാത്മകമാക്കുകയാണെന്ന് ആരോപിച്ചവരും ഉണ്ട്. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ ഹലാൽ ബോർഡുകൾ വെക്കുന്നതിനെ, സ്റ്റിക്കർ പതിക്കുന്നതിനെ എങ്ങനെ കാണുന്നു? ഇതിൽ മതനേതൃത്വത്തിന് പ്രത്യേകമായി എന്തെങ്കിലും ചെയ്യാനുണ്ടോ?

വിദ്വേഷ പ്രചാരണങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നതിലെ ആശയ വ്യക്തതയില്ലാമയിൽ നിന്നാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ഉണ്ടാകുന്നത് എന്നാണ് എന്റെ തോന്നൽ. പോർക്ക് വിളമ്പുന്ന സ്ഥലത്ത് പോർക്ക് ഉണ്ടെന്ന്​ബോർഡ് വെക്കുന്നതും ഹലാൽ ഭക്ഷണം ലഭ്യമാവുന്നിടത്ത് ഹലാൽ ബോർഡ് വെക്കുന്നതും, പൂർണമായും സസ്യാഹാരം മാത്രം വേണ്ടവർക്ക് വെജിറ്റേറിയൻ ബോർഡ് വെക്കുന്നതും തുടങ്ങി മധുരം കുറവും കൂടുതലും വേണ്ടിടത്ത് അങ്ങനെ ബോർഡ് വെക്കുന്നതുമെല്ലാം ഉപഭോക്താക്കൾക്ക് ഏറ്റവും ഗുണകരമായ കാര്യം തന്നെയാണ്.

ടോയ്‌ലറ്റുകൾ സ്ത്രീകൾക്ക് / പുരുഷന്മാർക്ക് എന്ന് വേർതിരിച്ചു ബോർഡ് വെക്കുന്നതുപോലെയുള്ള കാര്യങ്ങളായി മാത്രമേ അവ കാണേണ്ടതുള്ളൂ. ഏറ്റവും രസകരം, ഹലാൽ ഭക്ഷണ കാര്യത്തിൽ കണിശത പുലർത്തുന്ന ഒരു മുസ്​ലിം അവർക്ക്​ അറിയാത്ത ഒരു പ്രദേശത്ത്​എത്തിപ്പെട്ടാൽ സമ്പൂർണ വെജിറ്റേറിയൻ ഹോട്ടൽ ആയിരിക്കും തിരഞ്ഞെടുക്കുക എന്നതാണ്. ഇന്ത്യൻ പാർലമെൻറ്​ ക്യാന്റീനിൽ പതിറ്റാണ്ടുകളായി ഹലാൽ ഭക്ഷണമാണ് വിളമ്പുന്നതെന്ന്​ പാർലമെൻറ്​ രേഖകൾ ഉദ്ധരിച്ച്​ പത്ര പ്രവർത്തകനും എം.പി. യുമായ ജോൺ ബ്രിട്ടാസ് എഴുതുകയുണ്ടായി. പതഞ്​ജലി അടക്കമുള്ള ആയുർവേദ ഉത്പന്നങ്ങൾ സ്വകാര്യ ഹലാൽ സർട്ടിഫിക്കേഷൻ സംരംഭങ്ങളിൽ നിന്നും സർട്ടിഫിക്കറ്റ്​വാങ്ങി തന്നെയാണ് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. സർട്ടിഫിക്കേഷൻ ഒന്നും ഇല്ലാതെ ഹലാൽ മാത്രം നോക്കി മാംസം വാങ്ങുന്ന ധാരാളം ഹിന്ദു - ക്രിസ്ത്യൻ സഹോദരന്മാരെ നമുക്കറിയാം. ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളെയും മതനിഷ്ഠകളെയും പരസ്പരം വകവെച്ചു കൊടുത്തും ആദരിച്ചുമുള്ള പാരമ്പര്യം നമുക്കിപ്പഴും കൈമോശം വന്നുവന്നിട്ടില്ല.

എ.എൻ. ഷംസീർ

മുസ്​ലിംകൾ അല്ലാത്ത ഒരാൾക്ക് ഏതെങ്കിലും തരത്തിൽ എതിർപ്പുണ്ടാകേണ്ട ഒന്നും തന്നെ ഹലാൽ എന്ന ഇസ്​ലാമിക സങ്കല്പത്തിൽ ഇല്ല. എന്താണ് ഹലാൽ ഭക്ഷണം? അറക്കുന്ന രീതി കൊണ്ട് മാത്രം ഒരു ഭക്ഷണവും ഹലാൽ ആകുന്നില്ല. ആ മൃഗത്തെ വാങ്ങിയ സമ്പത്ത് ശുദ്ധമായിരിക്കണം. ആ മൃഗത്തോട് കാരുണ്യത്തോടെ പെരുമാറണം. കേവലം മാംസത്തിനു വേണ്ടി മാത്രം മൃഗങ്ങളെ പോറ്റുന്ന രീതിയും ഇസ്​ലാമിന് അന്യമാണ്. ഇതെല്ലാം കഴിഞ്ഞാലും വിശപ്പുണ്ടെങ്കിലേ ഭക്ഷണം കഴിക്കാവൂ. അതും ആവശ്യത്തിനേ കഴിക്കാവൂ. അടുത്തുള്ളവർ പട്ടിണി കിടക്കുമ്പോൾ നമ്മൾ മാത്രം ഭക്ഷിക്കുന്നത് ശരിയല്ല. ഭക്ഷണം അനാവശ്യമായി കളയാൻ പാടില്ല. അതു പാചകം ചെയ്യുന്ന തൊഴിലാളിക്ക് മാന്യമായ വേതനം നൽകണം. എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ ചേർന്നാണ് ഒരു ഭക്ഷണം ഹലാലോ ഹറാമോ ആയിത്തീരുന്നത്. അതുകൊണ്ടാണ് ഹലാൽ എന്നത് ഒരു ‘എത്തിക്കൽ പൊസിഷൻ’ ആണ് എന്ന് നേരത്തെ പറഞ്ഞത്. ഒരാൾ കഴിക്കുന്ന ഭക്ഷണം ഇങ്ങനെയൊക്കെ ആകണം എന്നതിൽ ആർക്കാണ് വിയോജിപ്പ് ഉണ്ടാവുക? ഇതിനോടൊക്കെ വിയോജിപ്പുള്ള ഉള്ള ഒരാളുടെ ജീവിത വീക്ഷണം എന്തായിരിക്കും എന്നു നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

ഹലാൽ വിവാദവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിലും പുറത്തും പരസ്യമായ മത വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയുണ്ടായി. ഇപ്പോഴും അത് തുടരുന്നുണ്ട്. എന്നാൽ പൊലീസിന്റെയോ ഭരണകൂടത്തിന്റെയോ ഭാഗത്തുനിന്നും ഇത്തരം ​പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാകുന്നില്ലെന്ന വിമർശനമുണ്ട്​.

നിയമ നടപടി എന്നത് ഇത്തരം വിഷയങ്ങളിൽ ഒരു സാങ്കേതിക നടപടി മാത്രമാണ്. നമ്മുടെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ കേവലം ഒരു സാങ്കേതിക നടപടി കൊണ്ടു മാത്രം മറികടക്കാനാകും എന്നു വിശ്വസിക്കാൻ ഉത്തരവാദിത്വ ബോധമുള്ളവർക്ക് കഴിയില്ല. വിദ്വേഷ പ്രചാരകർ ആഗ്രഹിക്കുന്നതു പോലെയുള്ള പ്രതികരണങ്ങൾ ഉണ്ടാവാതിരിക്കുക എന്നതാണ് ഇക്കാര്യത്തിൽ നാം പാലിക്കേണ്ട മിനിമം ഉത്തരവാദിത്വം. വിദ്വേഷ പ്രചാരണങ്ങൾക്കു മേൽ താത്കാലിക വിജയമല്ല നമുക്കാവശ്യം. സുസ്ഥിരമായ വിജയമാണ്. അതിനു സാങ്കേതികമായ നിയമ നടപടികൾ മാത്രം മതിയാകില്ല. എന്നുമാത്രമല്ല, അതിനു സഹായകം ആകുമെങ്കിലേ ഇത്തരം സാങ്കേതികതകളെ നാം ആശ്രയിക്കാവൂ.

സവർണ ഹിന്ദു വിഭാഗങ്ങളുടെ ജാതിപ്പേരുപയോഗിച്ച് പണ്ടുമുതലേ ഭക്ഷ്യവസ്തുക്കൾ മാർക്കറ്റ് ചെയ്യുന്നുണ്ട്- ബ്രാഹ്‌മിൻസ്, നമ്പീശൻസ് എന്നൊക്കെയുള്ള രീതിയിൽ. ഹലാൽ സ്റ്റിക്കറിനെതിരെ നിൽക്കുന്നവർ ഭക്ഷണത്തിനകത്ത് സവർണതയെ ഉറപ്പിക്കുന്ന ഇത്തരം മാർക്കറ്റ് തന്ത്രത്തെ കാണാതിരിക്കുന്നത് എന്തുകൊണ്ടാവാം?

ഹലാൽ ഭക്ഷണത്തെ ഇതുപോലെ ജാതിപ്പേരുകൾ ഉപയോഗിച്ചുള്ള ഭക്ഷണ വസ്‌തുക്കളുമായി താരതമ്യം ചെയ്യുന്നത് തന്നെ ശരിയല്ല.
കാരണം, രണ്ടും രണ്ടു വ്യത്യസ്തമായ ലോകവീക്ഷണത്തിൽ നിന്നും വരുന്നതാണ്. ഹലാൽ ഭക്ഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള വംശീയമോ ജാതീയമോ ആയ മുൻവിധികളോ മാറ്റിനിർത്തലുകളോ ഇല്ല. കാരുണ്യവും നീതിയുമാണ് ഹലാലിന്റെ അടിസ്ഥാനം.

ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട് ഇപ്പോൾ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവന്നവർക്ക് അവർ ഉന്നയിക്കുന്ന ആക്ഷേപങ്ങളിലെ വൈരുദ്ധ്യത്തെ താമസിയാതെ അഭിമുഖീകരിക്കേണ്ടി വരും. ആ വൈരുധ്യങ്ങൾ അവർ ഉയർത്തിയ ഓരോ ആക്ഷേപത്തിന്റെയും മുനയൊടിക്കുകയും ചെയ്യും. സ്വയം വൈരുധ്യങ്ങൾ ഈ വിദ്വേഷ പ്രചാരകരെ സ്വയം പരാജയപ്പെടുത്തും എന്നു തന്നെയാണ് എന്റെ കണക്കു കൂട്ടൽ.

Comments