കേരളത്തിലെ മഠങ്ങളിലും സെമിനാരികളിലും ചേരാനെത്തുന്നവരുടെ എണ്ണം സഭകൾ പുറത്തുവിടുമോ?

അമേരിക്കയിലെ കന്യാസ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് അടുത്തകാലത്തുണ്ടായത്​. 1965 -ൽ 1,80,000 കന്യാസ്ത്രീകളുണ്ടായിരുന്ന അമേരിക്കയിൽ 2019 ലാകട്ടെ വെറും 31,350 പേരാണ് വിവിധ സഭകളിലായി സന്യാസവൃത്തിലേർപ്പെട്ടിരിക്കുന്നത്. അറുപതിനു മുകളിലാണ് അവരുടെ ശരാശരി പ്രായം. ഇന്നിപ്പോൾ സകല കന്യാസ്ത്രീമഠങ്ങളും മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള സന്യസ്തർക്കായി റിക്രൂട്ട്മെന്റുകൾ നടത്തുന്നു. കേരളത്തിലെ മഠങ്ങളിലും സെമിനാരികളിലും ചേർന്ന് സന്യസ്തരും പുരോഹിതരുമൊക്കെ ആവാനെത്തുന്നവരുടെ എണ്ണത്തിൽ നല്ല കുറവുണ്ടായിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. ശരിയായ കണക്കുകൾ കേരളത്തിലെ വിവിധ കത്തോലിക്കാ സഭകൾ പുറത്തുവിടും എന്നു കരുതുന്നു.

ഫ്രാങ്കോ മെത്രാൻ നിയമത്തിന്റെ പഴകിയ വലക്കണ്ണികൾക്കിടയിലൂടെ കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ അഴികൾക്കുള്ളിലായത് കത്തോലിക്ക സഭയും അവരുടെ സ്ഥാപനങ്ങളുമാണ്. 1965 - മാണ്ടിൽ 1,80,000 കന്യാസ്ത്രീകളുണ്ടായിരുന്ന അമേരിക്കയിൽ 2019 - ലാകട്ടെ വെറും 31,350 പേരാണ് വിവിധ സഭകളിലായി സന്യാസവൃത്തിലേർപ്പെട്ടിരിക്കുന്നത്. ഒരു മഹാമാരിയിലൂടെ കടന്നുപോകുന്ന അല്ലെങ്കിൽ അതിനു ശേഷമുള്ള ലോകത്തിൽ വ്യവസ്ഥാപിത മതസങ്കല്പങ്ങളുടെ നിലനിൽപ്​ തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ്​.

കോട്ടയം സെഷൻസ് കോടതി വിധി പ്രകാരം ലൈംഗികാക്രമണക്കേസിൽ കുറ്റവിമുക്തനാക്കക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മണിക്കൂറുകൾക്കകം തൊട്ടടുത്ത ധ്യാനകേന്ദ്രത്തിലെ ചാപ്പലിൽ ആനന്ദചിത്തനായി കുർബാനയർപ്പിക്കുന്നതിന്റെ തത്സമയ സംപ്രേഷണം കാണാനിടയായി. ടിയാൻ നല്ല ആഹ്ലാദത്തിലാണ്. താഴെ നിൽക്കുന്ന ജനമാകട്ടെ സ്വർഗത്തിലേക്ക് കരങ്ങളുയർത്തി ദൈവത്തോട് കൃതജ്ഞത പ്രകാശിപ്പിക്കുന്നു. ബിഷപ്പാണെങ്കിൽ താൻ കടന്നുപോയ പീഡനവഴികളെക്കുറിച്ച് വാചാലനായി സഭയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നു പ്രഘോഷിച്ച് ദൈവത്തിന് സ്‌തോത്രം പറയുന്നു.

വിധിന്യായത്തിൽ ഉഭയസമ്മതപ്രകാരം ബിഷപ്പ് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ട് എന്ന് ന്യായാധിപൻ പറയാതെ പറയുന്നുണ്ട്. കത്തോലിക്കാ സഭാ വിശ്വാസപ്രകാരം ഒരു പുരോഹിതൻ അല്ലെങ്കിൽ മൂത്ത പുരോഹിതനായ മെത്രാൻ ബ്രഹ്‌മചര്യവ്രതമെടുത്തിരിക്കണമെന്നാണ് നിഷ്‌കർഷ. വിധിപ്പകർപ്പിന്റെ കോപ്പി ലഭിക്കാനുണ്ടായ കാലതാമസമായിരിക്കാം, വിശ്വാസികൾക്കോ മറ്റ് മെത്രാന്മാർക്കോ പൗരസ്ത്യ തിരുസംഘത്തിന്റെ മേലാളന്മാരായ വലിയ മെത്രാന്മാർക്കോ ഫ്രാങ്കോ മെത്രാൻ പരസ്യമായി കുർബാന ചെല്ലുന്നതിൽ യാതൊരു പരാതികളുമുണ്ടായില്ല. രൂപക്കൂടുകളും ശ്രീകോവിലുകളും വിട്ട് യാതൊരു ദൈവങ്ങളും ഭൂമിയിലേക്കിറങ്ങിവരില്ലെന്ന ആ ഒരൊറ്റ ഉറപ്പാണ് സകല മതവിശ്വാസങ്ങളുടെയും പിഴപ്പ്. എന്തുമാവാം, ചോദിക്കാനാരുമില്ല. ആയതിനാൽ, സകല അധികാരങ്ങളും സ്വയം ചാർത്തിയെടുത്ത പൗരോഹിത്യത്തിന്റെ സ്ഥിരം ധാർഷ്ട്യമായിരുന്നു ഫ്രാങ്കോ മെത്രാന്റെ മുഖത്ത്. ഒടുക്കം ചില വിശ്വാസികൾ മുന്നോട്ടുവന്ന് മെത്രാന്റെ കയ്യിലെ സ്ഥാനമോതിരം മുത്തി നാലാൾ കാൺകെ വിധേയത്വം പ്രഖ്യാപിച്ചു. മറ്റു ചില അനുയായികൾ കോടതിവളപ്പിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കുറേപ്പേർ രക്ഷകന്റെ ജനനം കണക്കെ മെത്രാന്റെ വിജയം പടക്കം പൊട്ടിച്ചാഘോഷിച്ചു.

തൊട്ടടുത്ത നിമിഷം ചാനലുകളിലെ കാഴ്ചകൾ കുറവിലങ്ങാട്ടേക്ക് തിരിഞ്ഞു. സിസ്റ്റർ അനുപമയുടെ പതറി വിറയ്ക്കുന്ന സ്വരം. ഇനിയെന്തെന്നറിയില്ല, എങ്കിലും അപ്പീലുപോകും. എന്തായാലും അവസാനശ്വാസം വരെയും പോരാടും. മുന്നോട്ടുള്ള വഴികൾ യാതനകൾ നിറഞ്ഞതായിരിക്കും എന്ന ചിന്തയിൽ നിന്നുണ്ടായ ആധി അവരുടെ മുഖത്തുനിന്ന്​ വായിച്ചെടുക്കാം. പണവും അധികാരവും ഉള്ളവരുടെ കൂടെയാണ് കഴിവുള്ള വക്കീലന്മാരും പ്രസ്ഥാനങ്ങളും വ്യവസ്ഥിതിയുമൊക്കെ എന്നവർ പറയുന്നുണ്ട്.

ചവിട്ടിമെതിക്കപ്പെട്ട ഈ സഹോദരികൾക്കൊപ്പം നിന്ന പൊതുജനമനഃസാക്ഷിക്കും മറിച്ചൊരഭിപ്രായമില്ല. എങ്കിലും ഒരുനാൾ നീതി നടപ്പാവും എന്ന ഇനിയുമണയാത്തൊരു ചെറുപ്രതീക്ഷയാണ് നമുക്കൊക്കെ. കാരണം, ഇനിയുമുണ്ട് ഇന്ത്യാമഹാരാജ്യത്ത് അപ്പീൽ കോടതികളും, അഡിഷണൽ സെഷൻസ് ജഡ്ജിന്റെ വിധിന്യായത്തിൽ അറിഞ്ഞോ അറിയാതെയോ കാണാതെ പോയ നിയമത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് നല്ല ധാരണയുള്ള ന്യായാധിപന്മാരും. പാർട്ടിഭേദമെന്യേ മതവർഗ്ഗിയ വോട്ടുബാങ്കുകളെ ഭയക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാർ ദൈവങ്ങളുടെ ഇടപെടലുകളേതുമില്ലാതെ സധൈര്യം മുന്നോട്ടുപോകുവാൻ അന്വേഷണ ഉദ്ദ്യോഗസ്ഥർക്കും പ്രോസിക്യൂഷനും സാധിക്കുമാറാകട്ടെ എന്നാത്മാർഥമായും ആഗ്രഹിക്കുന്നു.

മേല്പറഞ്ഞതുപോലെ സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള വിധിപ്രസ്താവങ്ങളും പ്രതിയാക്കപ്പെട്ടിരുന്ന മെത്രാന്റെ തുടർന്നുകണ്ട അമിതാവേശവുമെല്ലാം വ്യവസ്ഥിതികളുടെ ജീർണാവസ്ഥയെ സാധാരണക്കാരന് ബോധ്യപ്പെടുവാൻ പാകത്തിനുള്ള നേരടയാളങ്ങളാണ്. ഫ്രാങ്കോ മെത്രാൻ നിയമത്തിന്റെ പഴകിയ വലക്കണ്ണികൾക്കിടയിലൂടെ കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ അഴികൾക്കുള്ളിലായത് കത്തോലിക്കസഭയും അവരുടെ സ്ഥാപനങ്ങളുമാണെന്ന ദുരന്തസത്യം മനസ്സിലാക്കാൻ പാകത്തിനുള്ള ജനാധിപത്യബോധവും തുറന്ന മനസ്സും തിർപ്പുകൾ കൈക്കൊള്ളാൻ സ്ഥൈര്യവുമുള്ളൊരു നേതൃത്വവും കേരളകത്തോലിക്കാ സഭയ്ക്ക് അടുത്തെങ്ങുമുണ്ടാവില്ലെന്ന അപ്രിയസത്യം സാമാന്യബുദ്ധിയുള്ള സകലർക്കും മുൻപേ പിടികിട്ടിയതുമാണ്. ഒരു പക്ഷെ കുറവിലങ്ങാട്ടെ കന്യാസ്ത്രികൾ മഠത്തിന്റെ ചുവരുകൾക്കുള്ളിൽ നിന്നു തുടങ്ങിവച്ച ഈ നിശബ്ദവിപ്ലവം അതിന്റെ പരകോടിയിലെത്തിയത് ഈ വിധിപ്രസ്താവത്തോടെയാണെന്നത് പറയാതെ വയ്യ. കോട്ടയം സെഷൻസ് കോടതിയിൽ നിന്ന് കന്യാസ്ത്രീകൾക്ക് നീതികിട്ടിയില്ല എന്ന പൊതുവികാരം നിലനിൽക്കെ പ്രസ്തുത വിധിന്യായം അടിസ്ഥാനമാക്കി കാര്യങ്ങളെ അപഗ്രഥിക്കാനായാൽ താഴെപ്പറയുന്ന അസുഖകരങ്ങളായ ചില തിരിച്ചറിവുകളിലേയ്ക്ക് പൊതുസമൂഹത്തിന് എത്തിച്ചേരാം.

കന്യാസ്ത്രീ മഠങ്ങളിലെ അന്തേവാസികളായ സഹോദരിമാർ നിരവധി മാനസിക- ശാരീരിക പീഡനങ്ങൾക്ക് പദവി - പ്രായദേദമന്യേ എക്കാലവും വിധേയരാക്കപ്പെടാം. മഠങ്ങളിലെത്തപ്പെടുന്ന നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും ഇത്തരമൊരു സന്നിഗ്ധഘട്ടത്തിൽ യാതൊരു സംരക്ഷണവും ഈ സ്ഥാപനങ്ങളിൽ നിന്ന്​ ലഭിക്കുന്നതല്ല. സഭാധികാരികളെ പരാതിയുമായി സമീപിച്ചാൽ ഈ നിരാലംബരെ അവർ പിന്തിരിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല പരാതി കൊടുക്കാൻ പ്രേരിപ്പിക്കുകയോ നിയമസഹായങ്ങൾ നല്കുകയോ ചെയ്യില്ല. പൊതുജന സഹായത്താലും മറ്റും പീഡന പരാതിയുമായി കോടതിയിൽ എത്തിയാൽ പോലും വമ്പന്മാരായ പ്രതികൾക്കായി മേലധികാരികളുൾപ്പെടെയുള്ളവർ കള്ളസാക്ഷ്യം വരെ പറയാം. ഒറ്റപ്പെട്ടുപോകുന്ന അതിജീവിതകൾക്കൊപ്പമുള്ളവരെയും ബന്ധുക്കളെയും വരെ സമൂഹമാധ്യമങ്ങളിൽ ചാവേറുകളെയിറക്കി തേജോവധം ചെയ്യാൻ വേട്ടക്കാർക്കൊപ്പമുള്ള ഉപചാപകവൃന്ദം നേതൃത്വം നൽകും. ആക്രമിക്കപ്പെടുന്ന സഹോദരിമാർക്ക് മുന്നോട്ടുള്ള ജീവിതം സാധ്യമാവണമെങ്കിൽ പീഢകരോട് സമരസപ്പെട്ട് മഠങ്ങളുടെ നാലു ചുവരുകൾക്കുള്ളിൽ ശിഷ്ടകാലം കഴിയേണ്ടി വരും. കോടതികളിലെ കേസുവിസ്താരങ്ങളും വിധികളും തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പീഡനക്കുറ്റങ്ങൾക്ക് തെളിവു നൽകുക അത്രയെളുപ്പമല്ലന്ന, പഴുതുകൾ ക്രിമിനൽ വക്കീലന്മാർ മുതലാക്കുന്നു. പീഡകൻ അധികാരശ്രേണിയുടെ അമരത്തിരിക്കുന്നവനാണെങ്കിൽ, രാജ്യത്തെ എത്ര ഉന്നതനായ ക്രിമിനൽ വക്കിലിനെയും അയാളുൾപ്പെടുന്ന വ്യവസ്ഥിതിയ്ക്ക് അനായാസം വാടകയ്ക്കെടുക്കാനാവും. പൊതുജനസമരങ്ങൾക്കൊടുവിലുണ്ടായ മെത്രാന്റെ അറസ്റ്റും ചോദ്യം ചെയ്യലും കുറ്റം ചാർത്തലുമൊക്കെ ആയിരക്കണക്കായ സമാന കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ പോലും കേട്ടുകേൾവിയില്ലാത്തതാണ്. അതിജീവിച്ചവരിൽ 99 ശതമാനം പേരും അടുത്ത സുഹൃത്തുക്കളോട് പോലും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവയ്ക്കാനാവാതെ ശിഷ്ടകാലം മഠങ്ങളിൽ ജിവിച്ചുതീർക്കുകയാണ്.

ഇനി ചില കണക്കുകൾ പറയാം. അമേരിക്കയിലെ കെ.സി.ബി.സിയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോൺഫറൻസ് ഓഫ് കാത്തലിക്ക് ബിഷപ്പ്‌സിന്റെ കിഴിൽ പ്രവർത്തിക്കുന്ന നാഷണൽ റിലീജിയസ് റിട്ടയർമെൻറ്​ ഓഫീസ് എന്ന സ്ഥാപനം അമേരിക്കയിലെ വയോധികരായ കന്യാസ്ത്രീകളുടെയും പുരോഹിതരുടെയും സംരക്ഷണാർത്ഥം 1917 -ൽ രൂപം കൊണ്ടതാണ്. 2019-ൽ ഇവർ പുറത്തുവിട്ട കണക്കനസുരിച്ച്​ അമേരിക്കയിലെ കന്യാസ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് അടുത്തകാലത്തുണ്ടായത്​. 1965 -ൽ 1,80,000 കന്യാസ്ത്രീകളുണ്ടായിരുന്ന അമേരിക്കയിൽ 2019 ലാകട്ടെ വെറും 31,350 പേരാണ് വിവിധ സഭകളിലായി സന്യാസവൃത്തിലേർപ്പെട്ടിരിക്കുന്നത്. അറുപതിനു മുകളിലാണ് അവരുടെ ശരാശരി പ്രായം. ഇന്നിപ്പോൾ സകല കന്യാസ്ത്രീമഠങ്ങളും മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള സന്യസ്തർക്കായി റിക്രൂട്ട്മെന്റുകൾ നടത്തുന്നു. അമേരിക്കയിലെ കത്തോലിക്കാ പള്ളികളിലെ സ്ഥിതിയും മറിച്ചല്ല. ഭൂരിഭാഗം ഇടവകളിലെയും പുരോഹിതർ ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്ത്യ, മെക്‌സിക്കോ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ജനിച്ചു വളർന്ന് പൗരോഹിത്യം സ്വികരിച്ച് അമേരിക്കയിൽ വൈദികവൃത്തി ചെയ്യുന്നവരാണ്. യൂറോപ്യൻ രാജ്യങ്ങളിലെ സ്ഥിതിയും മറിച്ചല്ല.

പ്യു റിസർച്ച് സെന്റർ, ഗാലപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ അടുത്തിടെ നടത്തിയ സർവേകളിൽ അമേരിക്കയിൽ ഏതെങ്കിലും മതങ്ങളിൽ വിശ്വസിക്കുന്നവരുടെ എണ്ണത്തിൽ സാരമായ കുറവുണ്ടായിരിക്കുന്നു എന്ന് പറയുന്നു. പ്രത്യേകിച്ചും ഒരു മഹാമാരിയിലൂടെ കടന്നുപോകുന്ന അല്ലെങ്കിൽ അതിനു ശേഷമുള്ള ലോകത്തിൽ വ്യവസ്ഥാപിത മതസങ്കല്പങ്ങളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് തിരിച്ചറിവിന്റെ കാര്യത്തിൽ കുറഞ്ഞത് ഒരു നൂറുവർഷങ്ങളെങ്കിലും പിന്നിൽ സഞ്ചരിക്കുന്ന കേരള കത്തോലിക്ക സഭയൊക്കെ പീഡകരെ തള്ളിപ്പറയാതെ, മറിച്ച് അവരെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടുകളെടുക്കുന്നത്.

സഭയെ സംബന്ധിച്ച്​ കേരളത്തിലെ മഠങ്ങളിലും സെമിനാരികളിലും ചേർന്ന് സന്യസ്തരും പുരോഹിതരുമൊക്കെ ആവാനെത്തുന്നവരുടെ എണ്ണത്തിൽ നല്ല കുറവുണ്ടായിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. ശരിയായ കണക്കുകൾ കേരളത്തിലെ വിവിധ കത്തോലിക്കാ സഭകൾ പുറത്തുവിടും എന്നു കരുതുന്നു. ഈ കുറിപ്പ് വായിക്കുന്ന നിങ്ങളുടെ സുഹൃദ് വലയങ്ങളിലുള്ള എത്ര ക്രിസ്ത്യാനികളുടെ കൗമാരക്കാരായ മക്കൾ സെമിനാരിയിലൊ മഠത്തിലോ ചേർന്ന് പഠിക്കുന്നു എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. ഈ ലേഖകന്റെ പരിചയക്കാരിൽ ആരും ഇല്ല.

'മിഡ്‌നൈറ്റ് മാസ്സ്' പരമ്പരയിൽ നിന്ന്

കോട്ടയം അഡിഷണൽ സെഷൻസ് കോടതിയുടെ വിധിപ്രസ്താവത്തിലേക്ക് ഒരാവൃത്തികൂടി തിരിഞ്ഞു നോക്കുക, അപ്പോൾ വെളിവാകും ആർക്കാണ് വിടുതൽ കിട്ടിയതെന്നും ആരാണ് അഴിക്കുള്ളിലെന്നും. എല്ലാ വിപ്ലവങ്ങളും രക്തരൂക്ഷിതങ്ങളല്ല. കൊടിയും, പ്ലാക്കാർഡും, പ്രകടനവും, സമരവും, ലാത്തിചാർജ്ജുമൊന്നും ചിലപ്പോൾ ഉണ്ടായെന്നുവരില്ല. വിജയപരാജയങ്ങളെക്കുറിച്ചൊരു തീർപ്പിലെത്താൻ അത്ര പെ​ട്ടെന്നൊന്നും കഴിഞ്ഞെന്നും വരില്ല. എന്നാൽ, ഇത്തരത്തിലുള്ള ഓരോ ഇടപെടലുകളുമുണ്ടാക്കുന്ന സാമൂഹ്യമാറ്റങ്ങളെക്കുറിച്ചറിയാൻ ചരിത്രം ഒട്ടൊക്കെ നമ്മെ സഹായിക്കും.

വാൽക്കഷണം: കഴിഞ്ഞ സെപ്റ്റംബറിൽ നെറ്റ്ഫ്‌ലിക്‌സിൽ റിലീസ്​ ചെയ്​ത സൂപ്പർ നാച്ചുറൽ ഹൊറർ ജോണറിലുള്ള "മിഡ്‌നൈറ്റ് മാസ്​' (പാതിരാ കുർബാന) എന്ന പരമ്പരയിലെ ഓരോ എപ്പിസോഡുകളും, മൈക്ക് ഫ്‌ലനാഗൻ എന്ന പ്രശസ്ത ഹോളിവുഡ് സംവിധായകന് കത്തോലിക്കാ സഭയുമായുള്ള സ്വാനുഭവങ്ങളുടെ വെളിച്ചത്തിലുണ്ടായ അടയാളപ്പെടുത്തലുകളാണ്. പത്താം വയസ്സിൽ ഒരു അൾത്താരബാലനായി പള്ളിജീവിതം ആരംഭിച്ച മൈക്ക് ഫ്‌ളനാഗൻ പിന്നീട് യുക്തിചിന്തകളിലേയ്ക്ക് തിരിയുന്നു. ഒരിക്കൽ ന്യുയോർക്കിലെ ഗവർണേഴ്‌സ് ഐലൻറിലുള്ള ഔർ ലേഡി, സ്റ്റാർ ഓഫ് ദി സി (Our Lady, Star of the Sea on Governors Island, NY) എന്ന തന്റെ മുൻ ഇടവകപ്പള്ളി ഉപേക്ഷിപ്പെട്ട (abandoned) നിലയിൽ കാണാനിടയായ സാഹചര്യത്തിൽ അമേരിക്കൻ കത്തോലിക്കാപ്പള്ളികളുടെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിശ്വാസികളുടെ കൊഴിഞ്ഞുപോകലിന്റെ കാര്യകാരണങ്ങളിലേയ്ക്കുള്ള വിമർശനാത്മകമായൊരു തിരിഞ്ഞുനോട്ടമാണ് "മിഡ്‌നൈറ്റ് മാസ്​' എന്ന ഈ പരമ്പര.

പണമോഹവും അധികാരദുരയും സാധാരണക്കാരിൽ ഭയം ജനിപ്പിക്കുന്ന നിഗൂഢതകളിൽ പൊതിഞ്ഞവതരിപ്പിക്കുന്ന ദൈവ, സാത്താൻ ചിന്തകളും അമിതാന്ധവിശ്വാസങ്ങളുമൊക്കെ കൂടിക്കലർന്ന മതവിശ്വാസസംഹിതകളുടെ സാംഗത്യങ്ങളെ ഏഴ് എപ്പിസോഡുകൾ മാത്രമുള്ള ഈ ചെറു പരമ്പരയിലൂടെ അതിനിശിതമായി ചോദ്യം ചെയ്യുകയാണ് സംവിധായകൻ മൈക്ക് ഫ്‌ളനാഗൻ. അവിശ്വാസികൾക്കൊപ്പം വിശ്വാസികളും കണ്ണും കാതും തുറന്ന് കാണേണ്ടുന്ന പരമ്പരയാണ് ഈ "പാതിരാക്കുർബാന'!

Comments